Showing posts with label HamzaNawab. Show all posts
Showing posts with label HamzaNawab. Show all posts

"ദുബായിലെ ദംബിരിയാണി"

"ദുബായിലെ ദംബിരിയാണി"
ആ റൂമിൽ മൂന്നു ഡബിൾ കോട്ട് കട്ടിലുകളിലായി ആറു പേരുണ്ടായിരുന്നു....
അഞ്ചു പേരും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പോയപ്പോഴാണ് ഉണ്ണികൃഷ്ണൻ ചിക്കൻ ബിരിയാണിയുടെ ഫിനിഷിംഗ് സ്റ്റേജ് ഏറ്റെടുത്തത്..
പ്രാരംഭത്തിലെ പച്ചക്കറി ചിക്കൻ മുറിക്കൽ അരി കഴുകൽ തുടങ്ങിയ ചടങ്ങുകൾ ചെയ്തത് എല്ലാവരും ഒരുമിച്ചായിരുന്നു...
ദംബിരിയാണിയിൽ അതിവിദഗ്ദനാണ് ഉണ്ണി.
അഞ്ചു പേരും തൊപ്പിയും തലയിൽ വെച്ച് റൂമുവിടുമ്പോൾ പറഞ്ഞിരുന്നു "ഉണ്ണീ ബിരിയാണി കലക്കണം ട്ടാ"
ഒരു ചെറൂപുഞ്ചിരിയോടെ തലയാട്ടിയ ഉണ്ണിക്കറിയാം ഇവൻമാർക്ക് തന്നിലുള്ള പ്രതീക്ഷ...
കൂട്ടത്തിലെ ഏറ്റവും ഇളയവൻ ഫുആദ് പറയും
"ഉണ്ണിയേട്ടനെ കാണുന്നതുവരെ എനിക്കൊരു തോന്നലുണ്ടായിരുന്നു ബിരിയാണിയിൽ ഞങ്ങൾ തലശ്ശേരിക്കാർ മുസ്ലിംങ്ങളാണ് കേമന്മാർ എന്ന് പക്ഷെ മലപ്പുറത്തെ ഹിന്ദുവായ ഉണ്ണിയേട്ടൻ എന്റെ അഹങ്കാരം തീർത്തുകളഞ്ഞു...
കോഴിക്കോട്ടേരൻ ഷമീർ നാട്ടീൽ പോയി വന്നാൽ പറയും "നാട്ടിൽ കല്യാണങ്ങളോട് കല്യാണാ പക്ഷെ ഉണ്ണീടെ
ബിരിയാണിക്ക് ഒന്നും ഒക്കുല്ല"...
മലപ്പുറത്തുകാരൻ ഹിഷാമിന്റെ അഭിപ്രായത്തിൽ നാട്ടിലെ ടോപ്പ് ബിരിയാണിക്കാരനായ ബാപ്പാനക്കാളും കേമനാണ് ഉണ്ണി എന്നാണ്..
ഉണ്ണിയേട്ടന്റെ ബിരിയാണി ന്റെ ബാപ്പ കഴിച്ചാൽ "ജി ബല്ലാത്ത പഹയഹനാ ടാ ചെങ്ങായി" നു പറഞ്ഞു നാട്ടിലെ കല്ല്യാണ ബിരിയാണി പണിക്ക് ഒപ്പംകൂട്ടും.. ഹിഷാമിന്റെ ഭാഷ്യം.
ഉണ്ണി റേഡിയോ എഫ്എം ഓൺ ചെയ്തു എന്നിട്ട് ബിരിയാണി ചെമ്പ് 'ഗ്യാസ്സ്റ്റൗവിൽ' നിന്ന് ഇറക്കി താഴെ വെച്ചു ദം പൊട്ടിച്ചു..
റൂം നിറയെ ബിരിയാണി മണം നിറഞ്ഞു.. ചൂട് ആവിയും പുകയും മുഖത്തേക്കടിച്ച് ഉണ്ണിക്കണ്ണിറുക്കിപ്പിടിച്ച് ക്ഷമയോടെ
ചട്ടുകമെടുത്ത് ബിരിയാണി ഇളക്കുമ്പോൾ റേഡിയോയിൽ മാറി വന്ന ഗാനം "എന്നമ്മെ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു ആമടിയിൽ വീണുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ മനമുരുക്മൊരു താരാട്ട്"....
ഉണ്ണിയുടെ മനസ്സ് അങ്ങ് നാളികേരത്തിന്റെ നാട്ടിലെ കൊച്ചു കുടിലിന്റെ സ്ഥാനത്ത് താൻ പുതുതായി പണികഴിപ്പിച്ച കൊച്ചു വീട്ടിലെ കൊച്ചു കട്ടിലിൽ കൊച്ചു കാലും നീട്ടിയിരിക്കുന്ന ദീനക്കാരിയായ അമ്മയുടെ കൊച്ചു മുഖം കണ്ണിൽ നിറഞ്ഞു.. ചുക്കിച്ചുളിഞ്ഞ മുഖത്ത്കൊച്ചു കറുത്ത മണികൾ എടുത്തുകാണിക്കും..
തന്റെ ഭാര്യയും രണ്ടുവയസ്സ്കാരി മോളും മാത്രമാണ് അമ്മയുടെ ആകെ ആശ്രയവും സന്തോഷവും..
കള്ളു കുടിച്ച് കരൾ പോയി അച്ഛൻ മരിക്കുമ്പോർ ഉണ്ണിക്ക് പത്ത് വയസ്സായിരുന്നു..
വേറെ ഒരു വിവാഹത്തിനു മുതിരാതെ അയൽ വീടുകളിൽ പണിക്ക് പോയാണ് തന്നെ വളർത്തിയത്.. അച്ഛന്റെ കൂടെ ജീവിച്ച കാലമത്രയും അടിയും ഇടിയും ചവിട്ടും തെറി വിളിയും... എന്നിട്ടും അച്ഛൻ മരിച്ച നാൾ അമ്മ ബോധംകെട്ടു മണിക്കൂറുകളോളം....
മരിച്ച് നാൽപതു ദിവസം തികയും വരെയും ദിവസവും അമ്മബോധം കെടും ദിനേന കുറച്ചു നേരമെങ്കിലും...
രാത്രി തന്നെ കെട്ടിപ്പിടിച്ച് നെറുകിൽ മുഖമമർത്തി കിടക്കും കൊച്ചു ഓലക്കൂരയിൽ..... പല രാത്രികളിലും അമ്മ തന്റെ മുഖത്ത് കവിൾവെച്ച് കിടക്കുമ്പോൾ ചുടുകണ്ണുനീർ തന്റെ മുഖത്തേക്ക് ആവിയായി പെയ്തിറങ്ങാറുണ്ട്..
ഓർമ്മകളിൽ അറിയാതെ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിതുമ്പി കൈകൾ വിറച്ചു....
എന്നിട്ടും മുഴുവൻ ശക്തിയുമെടുത്ത് ബിരിയാണി നിലത്തേക്കിറക്കി വെക്കുകയായിരുന്നു...
പൊട്ടൊന്നാന്ന് വാതിൽ തുറന്ന് പുറത്തു പോയ അഞ്ചു പേരും ഒരുമിച്ച് മുറിയിൽ ഇടിച്ച് കയറിയത്...
അപ്പോഴേക്കും എഫ് എം റേഡിയോയിൽ പാട്ട് വീണ്ടും....
"പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ..."
ഉണ്ണി തോർത്തെടുത്ത് മുഖം തുടച്ചു..
റിസ്വാനാണ് പറഞ്ഞത്
"ഉണ്ണിയേട്ടൻ പാട്ടുകേട്ട് ഭാര്യയെ യോർത്ത് കരയുന്നു.. എന്നെ കണ്ടതും മുഖം തുടച്ചു.."
ഉണ്ണി നാണത്തോടെ മുഖം തിരിച്ചു കട്ടിലിൽ കമഴ്ന്ന് തണയിണയിൽ മുഖമമർത്തി... അഞ്ചു പേരും ഉണ്ണിക്കൊപ്പമുണ്ടായിരുന്നു..
പിന്നെ അവിടെ ചിരിയുടെ പൊടിപൂരമായിരുന്നു..
പ്രവാസികൾക്ക് വെള്ളിയാഴ്ച മാത്രം ലഭിക്കുന്ന പ്രതിഭാസം..
തൊട്ടടുത്ത് ചൂടുള്ള ബിരിയാണി ചെമ്പിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു....
- ഹംസ നവാബ്

-വിയോഗം-


-വിയോഗം-
ഏറ്റവും അടുത്ത സുഹൃത്ത് സ്വന്തം ഭാര്യയായിരുന്നു കണ്ടതിൽ വെച്ചേറ്റവും മാന്യയായിരുന്ന സ്ത്രീയും സ്വന്തം ഭാര്യയായിരുന്നു എന്നൊക്കെ അദ്ദേഹം പറയുമ്പോൾ മദ്ധ്യവയസിലേക്ക് നീങ്ങുന്ന എന്നാൽ യുവത്ത്വം എപ്പോഴും നിഴലിക്കുന്ന അയാളുടെ നിഷ്കളങ്കളങ്കതയുടെ പര്യായ മുഖത്ത് വല്ലാത്തൊരു നഷ്ടബോധത്തിന്റെ വേദനയാണ് കാണാൻ കഴിഞ്ഞത്... ജീവിതത്തിലുടനീളം ഒരാൾക്ക് ആണായാലും പെണ്ണായാലും മാന്യത പുലർത്താൻ കഴിയുക എന്നുളളത് തന്നെ അപൂർവും ആളുകൾക്കെകഴിയൂ..
ഇങ്ങനെയുള്ള ഒരാളുടെ ഭർത്താവാകാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമല്ലെ..!!
ഇനിയൊരു വിവാഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നവരോടൊക്കെ അയാൾ പറയും
"ഇല്ല ഇനി ഈ ജീവിതത്തിൽ അങ്ങിനെ ഒരു തീരുമാനം ഇല്ല,
നല്ല ഒരു സഹധർമിണിയോടു കൂടി ജീവിച്ച് ധന്യനായ തന്റെ ജീവിതത്തിൽ ഇനിയൊരു പരീക്ഷണത്തിന് താനില്ല" എന്ന്.
ഭാര്യയെ പറ്റി പറയാൻ തുടങ്ങുമ്പോൾ തന്നെ വാക്കുകളിലുള്ള ഗദ്ഗദം അറിയാൻ കഴിയുമായിരുന്നു..
സ്ത്രീകൾക്ക് പൊതുവെ ആരാധന തോന്നാറുളളത് സിനിമാ താരങ്ങളും, ഗായകരും, എഴുത്തുകാരും, സ്പോട്സ്മാൻമാരും ഒക്കെ അടങ്ങിയ സംഘങ്ങളോടാണങ്കിൽ
ഇവിടെ തന്റെ പത്നിക്ക് ബഹുമാനവും ഇഷ്ടവും ഒക്കെ ഉണ്ടായിരുന്നതാകട്ടെ പ്രഗൽഭരായ ഡോക്ടർമാർ....!
പ്രത്യേകിച്ചും എറ്റവും ഇഷ്ടം തോന്നിയിരുന്ന വ്യക്തി എപ്പോഴും കാണാൻ കൊതിച്ചിരുന്ന വ്യക്തി പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദൻ ഡോക്ടർ ഗംഗാധരൻ തന്നെ...
വായിക്കുന്നതാകട്ടെ മുഴുവൻ ആരോഗ്യ മാസികകളും ഡോക്ടർമാരുടെ ലേഖനങ്ങളും..
അവൾ പറയാറുള്ളത് 'ഡോക്ടർ ഗംഗാധരൻ സാർ എത്ര പേരുടെ രോഗമാണ് ഭേദമാക്കി സാധാരണ ജീവിതത്തിലേക്കെത്തിച്ചത്... എനിക്ക് ഡോക്ടറെ നേരിട്ട് കാണണമെന്നാഗ്രഹമുണ്ട്,
എന്നിട്ട് അദ്ദേഹത്തിന്റെ പാദങ്ങളിൽ ഒന്നു തൊടണം... സതീശേട്ടാ സാധിക്കുമോ'?
"ഒരിക്കൽ നമുക്ക് നേരിട്ട് കാണാം പരിചയപ്പെടാം, അയാളുടെ മീഡിയ കമ്പനിയിൽ ചില ഈവൻറുകളിൽ ക്ഷണിക്കപ്പെട്ട അതിഥിയായി അദ്ദേഹം വരാറുണ്ട്...
"ഇനി വരൂമ്പോൾ നിന്നെ തീർച്ചയായും കൊണ്ടു പോകും..
അതല്ലങ്കിൽ വേറെ ഏതെങ്കിലും പ്രോഗ്രാമിൽ നേരിട്ട് കണ്ടുമുട്ടുമ്പോൾ നീയുമുണ്ടാകും അപ്പോൾ പരിചയപ്പെടാം" എന്നൊക്കെ പറഞ്ഞ് തൽകാലം വാക്ക് കൊടുത്തതായിരുന്നു അയാൾ....
'വളരെ യാദൃച്ഛികമായി ഉണ്ടായ വയറ് വേദനയാണ് ഡീറ്റേയ്ൽഡ് ചെക്കപ്പിലൂടെ ആമാശയ ക്യാൻസറാണ് അവരെ പിടികൂടിയതെന്ന ദുരന്തം അറിഞ്ഞത്..
ഇതിന്റെ ലക്ഷണങ്ങളും സ്വഭാവങ്ങളും ഒക്കെ അവർ മാസികകളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ടങ്കിലും സ്വന്തം ജീവിതത്തിൽ തിരിച്ചറിയാൻ വളരെ വൈകിയിരുന്നു,...
"ഒരു മൂന്നു മാസം മുമ്പായിരുന്നങ്കിൽ ഒരു പക്ഷെ പ്രതിവിധി ഉണ്ടായേനേ.". എന്ന് രോഗം കണ്ടെത്തിയ ഡോക്ടർ പറഞ്ഞത് അവൾ നേരിട്ട് കേട്ടില്ലങ്കിലും സത്യം അതവൾക്കും അറിയാമായിരുന്നു...
അവസാനം സാക്ഷാൽ ഗംഗാധരൻ ഡോക്റ്ററുടെ അടുത്തെത്തി.. ഡോക്റ്ററോടുള്ള ഇഷ്ടവും ആരാധനയും അവൾ നേരിട്ട് ഡോക്ടറോട് തന്നെ തുറന്നു പറഞ്ഞു,
ചെറുപുഞ്ചിരിയോടെ അദ്ദേഹമത് കേട്ടു..
ഡോക്ടറുടെ സ്റ്റെതസ്കോപ്പ് നെഞ്ചിലൂടെയും വയറിലൂടെയും നീങ്ങുമ്പോൾ വേദന കൊണ്ട് പുളയുന്ന ശരീരത്തിന്റെ മോണിറ്ററായ മുഖത്ത് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഭാവഭേതങ്ങൾ വേദനയിലൂടെയാണങ്കിലും തനിക്കറിയാമായിരുന്നു...
എത് വേദനയിലും പുഞ്ചിരിക്കാനുള്ള അവളുടെ കഴിവിൽ ഭർത്താവെന്ന നിലയിൽ അഭിമാനവും
പലപ്പോഴും അസൂയയും തോന്നിയിട്ടുണ്ട് പല ഘട്ടങ്ങളിലും..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദിവസം അതൊരു ശനിയാഴ്ചയായിരുന്നു,
അന്നവൾ പറഞ്ഞു
'സതീശേട്ടാ മോനെ കാണാൻ തോന്നുന്നു ഒന്ന് വരാൻ പറഞ്ഞാലോ'
ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന അവന് ഫൈനൽ ഇയർ എക്സാം അടുത്തിരുന്നു.
അതിനിടയിൽ ഒരു യാത്രാ വേണ്ടാ ഇനി എക്സാം കഴിഞ്ഞ് അവൻ നമ്മോടെപ്പം ഉണ്ടാവും.. നീ പേടിക്കേണ്ടതില്ല നിന്റെ കൂടെ ഞാനില്ലേ എന്ന് പറഞ്ഞപ്പോൾ നിസംഗതയോടെ കേട്ട് തല കുലുക്കി മിഴികളിൽ നിന്നും ധാരധാരയായി ഊർന്നിറങ്ങിയ മിഴിനീർ അയാൾ തുടക്കുമ്പോൾ മനോധൈര്യം ചോർന്നു പോകുന്നുതായി അയാൾക്ക് തോന്നി....
അന്ന് വൈകുന്നേരം നാലു മണിക്ക് നഴ്സ് മാർ ഒത്തിരി പേർ എകദേശം പത്തിൽ കൂടുതൽ പേർ ഒരുമിച്ച് റൂമിൽ കയറി വന്നപ്പോൾ അയാൾ റൂമിന് വെളിയിലിറങ്ങി പുറത്ത് വാതിലിനടുത്തു നിന്നു..
വാതിൽ പതിയെ തുറന്ന് ഒരു നഴ്സ് വിളിച്ച് പറഞ്ഞു.. "സാറിനെ മാഡം വിളിക്കുന്നു" എന്ന്
ഡോർ തള്ളി അകത്ത് കടന്നപ്പോൾ കണ്ടത് ചുണ്ടിൽ സ്പുരിക്കുന്ന പുഞ്ചിരിയോടെ തേജസ്സോടെ കിടക്കുന്ന ഭാര്യയെയാണ്...
ഒരു നഴ്സാ പറഞ്ഞത്..
"സാർ ഒരു പാട്ട് പാടി മാഡത്തിനു കേൾക്കണമെന്ന്"
ഞാനവളെ നോക്കിയപ്പോൾ അവൾ തെല്ല് നാണത്തോടെ ..
സതീശേട്ടാ "നെറ്റിയിൽ പൂവുള്ള സ്വർണ ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ....."
അതൊന്നു പാടാമോ...!!
ഒരു നിമിഷം ചുറ്റും നോക്കിയപ്പോൾ മന്ദഹാസത്തോടെ നിൽക്കുന്ന നഴ്സുമാർ,
അയാൾക്ക് ഇത്തിരി നാണം തോന്നി ഭാര്യയോടായി പറഞ്ഞു
"ഇല്ല പാടാൻ കഴിയില്ല ഇപ്പോൾ.. വരികൾ വരുന്നില്ല.. മൂഡ് ശരിയല്ല പിന്നെ പാടാം..
നഴ്സ്മാരുടെ നിർബന്ധവും ചെവികൊള്ളാതെ അയാൾ തറപ്പിച്ചു പറഞ്ഞു.."ഇല്ല... ഇപ്പോ പാടിയാ ശരിയാകില്ല പിന്നെ നോക്കാം..."
അവൾ തലയാട്ടി.. "എന്നാ പിന്നേയാ വട്ടേ...."
എന്നിട്ടും മിഴിച്ച് നിന്ന് തന്നിൽ നിന്നും പാട്ടുകേൾക്കാനാഗ്രഹിച്ച നഴ്സുമാരുടെ ഇടയിൽ നിന്നും തൽകാലം അയാൾ തലയൂരിപുറത്തിറങ്ങി നേരെ നടന്നത് ആശുപത്രി കേന്റീൻലേക്കായിരുന്നു'
ആളൊഴിഞ്ഞ കേന്റീനിൽ നിന്നും കട്ടൻ ചായ കുടിച്ച് അന്നത്തെ പത്രം വായിച്ചുതുടങ്ങുമ്പോഴായിരുന്നു നഴ്സ് ഓടി വന്ന് റൂമിലേക്ക് വിളിച്ചത്..
അതൊരു കാഴ്ചയായിരുന്നു..
അവളുടെ അവസാനത്തെ ദൃഷ്ടി തന്നിലേക്ക് വലുതായി വന്ന് പിന്നെ ചെറുതായി ചെറുതായി മെല്ലെ അടഞ്ഞു പോകുമ്പോൾ എന്നേക്കുമായുള്ള ശൂന്യതയുടെ അടിവരയിട്ട നിമിഷങ്ങൾ സ്വപ്നമാകട്ടേ എന്നു കരുതിയിരുന്നു...?
ഒരിക്കലും തന്നെ വിട്ടു പ്രിയ പത്നി പോകില്ലയെന്നു എപ്പോഴും പറഞ്ഞ് പറഞ്ഞ് ധൈര്യം കൊടുത്ത് മെനഞ്ഞെടുത്ത മനസ്സ് ഇപ്പോ ഗത്യന്തരമില്ലാതായതായി അയാളറിഞ്ഞു...
- ഹംസ നവാബ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo