Showing posts with label SanthoshGangadharan. Show all posts
Showing posts with label SanthoshGangadharan. Show all posts

ജലകണ്ഠേശ്വരി (കഥ)

ജലകണ്ഠേശ്വരി

സന്തോഷ് ഗംഗാധരൻ

 

 

മദ്രാസിലേയ്ക്കുള്ള തീവണ്ടി യാത്ര എപ്പോഴും ആസ്വാദ്യകരം തന്നെ. എത്രയോ പ്രാവശ്യം ഈ യാത്ര നടത്തിയിരിക്കുന്നു. പക്ഷേ, ഒരിക്കലും ഒരു വിരസത അനുഭവപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.

 

         അതുവരെ കാണാത്ത പലരേയും കണ്ടു. വർത്തമാനം പറഞ്ഞു. ഇനിയൊരിക്കലും കാണുകയില്ല എന്നറിഞ്ഞിട്ടും ഇറങ്ങേണ്ട സ്റ്റേഷനുകളിൽ എത്തുമ്പോൾ 'പിന്നെ കാണാം' എന്ന് മനസ്സിൽ തട്ടിത്തന്നെ പറഞ്ഞ് അകന്നു.

 

കഴിയുന്നതും ജനലിനരികെയുള്ള സീറ്റ് കിട്ടത്തക്ക വിധമാണ് ടിക്കറ്റ് റിസർവ്വ് ചെയ്യാറ്. ജനലിനടുത്തെ ഒറ്റ സീറ്റാണെങ്കിൽ യാത്ര ബഹുകേമം. ആരേയും അലോഹ്യപ്പെടുത്താതെ ഇരുന്ന് വായിക്കാനും പറ്റും. അഥവാ മുകളിലെ ബെർത്താണെങ്കിലും കയറാനും ഇറങ്ങാനും സൗകര്യം.

 

അന്നത്തെ യാത്രയിൽ സൈഡ് സീറ്റ് കിട്ടിയതിൽ സന്തോഷമായി. ആലുവയിൽ നിന്നും കയറിയപ്പോൾ തന്റെ സീറ്റിൽ മുഖത്ത് രൗദ്രഭാവം നിറച്ച ഒരു മദ്ധ്യവയസ്കനായിരുന്നു ഇരുന്നിരുന്നത്. തന്റേതെന്ന് പറഞ്ഞപ്പോൾ അയാൾ മനസ്സില്ലാമനസ്സോടെ അതിന് മുന്നിലെ സീറ്റിലേയ്ക്ക് മാറിയിരുന്നു. ഈ യാത്രയിൽ മുഴുവൻ ഇയാളെ സഹിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ അല്പം കുണ്ഠിതം തോന്നായ്കയില്ല. എന്ത് ചെയ്യാനാ? ഊർത്തിപ്പിടിച്ച മുഖഭാവം കണ്ടിട്ട് ഇയാൾക്ക് സംസാരിക്കാൻ വലിയ താല്പര്യം കാണാൻ വഴിയില്ല. പുസ്തകത്തിൽ മുഴുകുക തന്നെ. രാജീവൻ തോൾസഞ്ചിയിൽ നിന്നും മോഹനചന്ദ്രന്റെ കലിക വെളിയിലെടുത്തു. വർത്തമാനം പറയാൻ ആളില്ലെങ്കിൽ പിന്നെ പുസ്തകവായന തന്നെ ശരണം.

 

രസിച്ച് വായിച്ച് പോകാവുന്ന ശൈലിയിലാണ് മോഹനചന്ദ്രൻ കഥ പറയുന്നത്. നിഗൂഢത നിറഞ്ഞ നോവൽ. അയാൾ അതിന്റെ പകുതിയോളം വായിച്ച് കഴിഞ്ഞിരുന്നു. കലികയെന്ന പ്രഹേളികയെ കൂടുതൽ അറിയാനുള്ള ആകാംക്ഷ മനസ്സിലുണ്ടായിട്ടും മുഖത്ത് കാറ്റടിക്കുന്നതിനാൽ കണ്ണുകൾ അടഞ്ഞ് പോകുന്നു. "ചായ ചായ കാപ്പി" എന്നുള്ള വിളികൾ കേട്ടപ്പോഴാണ് രാജീവൻ ഉണർന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്. തൃശ്ശൂർ എത്തിയിരിക്കുന്നു.

 

"ഇത് പതിനഴല്ലെ?" ഒരു മൃദുലനാദം.

 

പുറത്ത് നോക്കിയിരുന്ന തല തിരിച്ച് രാജീവൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ഒരു പെൺകുട്ടി. വെറുതെ പെൺകുട്ടിയെന്ന് പറഞ്ഞാൽ പോര. നല്ല ഐശ്വര്യമുള്ള മുഖം.

 

"അല്ല. ഇത് ഇരുപത്തിനാല്. ഇതാണ് പതിനേഴ്." രാജീവൻ മുന്നിലിരുന്നുറങ്ങുന്ന ആളെ ചൂണ്ടിക്കാണിച്ച് പറഞ്ഞു. മനസ്സിൽ സന്തോഷം. അയാൾ മധുരമായ പ്രതികാരത്തിന്റെ സ്വാദ് നുണഞ്ഞു.

 

"ഹലോ, സർ. ഈ സീറ്റ് ഈ കുട്ടിയുടേതാണ്. ഒന്നെഴുന്നേൽക്കാമോ?" അയാൾ മുമ്പിലിരിക്കുന്ന ആളെ തോണ്ടി വിളിച്ച് ഉരിയാടി.

 

ആ രൗദ്രഭാവക്കാരൻ ഉണർന്ന് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി. "നിങ്ങളുടെയാണോ ഇത്?"

 

അതെയെന്നവൾ തലയാട്ടി. അതോടെ അയാൾ അവിടെ നിന്ന് എഴുന്നേറ്റ് മുമ്പിലേയ്ക്ക് നടന്നുപോയി. ആ സുന്ദരിക്കുട്ടി രാജീവനഭിമുഖമായി ഇരുപ്പുറപ്പിച്ചു. അവൾ രാജീവനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പുറത്തേയ്ക്ക് നോക്കിയിരുപ്പായി. സംസാരിയ്ക്കാൻ പ്രത്യേകിച്ച് വിഷയമൊന്നും കിട്ടാത്തതിനാൽ രാജീവൻ പുസ്തകവായന തുടർന്നു. വണ്ടി സ്റ്റേഷൻ വിട്ടു.

 

അയാൾ ഇടയ്ക്ക് ഒളികണ്ണിട്ട് ആ പെൺകുട്ടിയെ നോക്കി. ജനൽപ്പടിയിൽ കൈകൾ മടക്കിവച്ച് അതിന് മീതെ തല വച്ചുറങ്ങുന്നു. ഉറങ്ങാൻ വേണ്ടി തീവണ്ടിയിൽ കയറിയ ജന്മമോ! വാചകമടിക്കാനുള്ള സാദ്ധ്യത തീരെയില്ല. അയാൾ കലികയിൽ ശ്രദ്ധ പിടിച്ച് നിർത്താൻ ശ്രമിച്ചു.

 

താമസിയാതെ ട്രെയിൻ പാലക്കാടെത്തി. രാത്രിയൂണിന് നിർത്തുന്ന സ്ഥലമാണ്. താലിമീൽസ് ബോഗിയിൽ കയറ്റുന്നതിന്റെ തിരക്കായിരുന്നു റെയിൽവേ കേറ്ററിംഗ് തൊഴിലാളികൾക്ക്. കൂട്ടത്തിൽ കുറേ പേർ വേറെ പല ഭക്ഷണപദാർത്ഥങ്ങളും വിളിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുണ്ട്. രാജീവൻ എഴുന്നേറ്റു. മുന്നിലിരിക്കുന്ന പെൺകുട്ടിയും ഉണർന്നിട്ടുണ്ട്.

 

അവൾ രാജീവനെ നോക്കി "പോവാണോ?" എന്ന് ചോദിച്ചു.

 

"നിങ്ങൾ കഴിച്ചോളു. ഞാൻ വെളിയിൽ നിന്നും വാങ്ങിക്കഴിച്ചോളാം." അയാൾ മറുപടി പറഞ്ഞു.

 

"അതല്ല. എനിയ്ക്ക് കൂടി എന്തെങ്കിലും വാങ്ങാമോ?"

 

എന്നിട്ടാണ് ഇത്ര ബലം പിടിച്ചിരുന്നിരുന്നത്. കൊള്ളാം. "എന്താ വേണ്ടത്?"

 

"എന്തായാലും മതി. നിങ്ങൾ വാങ്ങുന്നത് ഒരെണ്ണം കൂടുതൽ വാങ്ങിയാൽ മതിയല്ലോ."

 

"ഞാൻ സാധാരണ ഇവിടെനിന്നും ഏത്തപ്പഴത്തിനുള്ളിൽ ചെറുപയറും ശർക്കരയും വച്ച് പുഴുങ്ങിയ ഏത്തയ്ക്കാ റോസ്റ്റാണ് കഴിക്കാറ്. ഒന്ന് കഴിച്ചാൽ വയറ് നിറയും. അത് മതിയോ?"

 

അവൾ മതിയെന്ന് തലയാട്ടി.

 

അവിടന്നങ്ങോട്ട് രാജീവനും കോകിലയും, അതായിരുന്നു അവളുടെ പേര്, വലിയ കൂട്ടുകാരായി മാറി. കോകിലയുടെ അച്ഛൻ തൃശ്ശൂർക്കാരനും അമ്മ മദ്രാസുകാരിയും. അവൾ വെല്ലൂർ ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷൻ സെന്ററിലാണ് ജോലി ചെയ്യുന്നത്. അവിടെ തന്നെ നേഴ്സുമാരുടെ ക്വാർട്ടേഴ്സിൽ താമസം. കൂടെ വേറൊരു മലയാളിയും കൂടിയുണ്ട്. പേര് റോസ്.

 

രാജീവൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് മദ്രാസിലെ എഗ്മൂറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന കാര്യമൊക്കെ വിശദീകരിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അയാൾ.

 

കോകില - സാധാരണ കേൾക്കാത്ത ഒരു പേര്. അല്ല, കേട്ടിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ ഒരു സിനിമയിൽ ശോഭയുടെ കഥാപാത്രത്തിന്റെ പേര് കോകില എന്നായിരുന്നു. ആ കഥയുടെ അവസാനം എന്തായിരുന്നെന്നൊന്നും അയാൾക്ക് ഓർമ്മ വന്നില്ല.

 

അവൾ ഘാട്പാടിയിൽ ഇറങ്ങും. അവിടെ നിന്നും ധാരാളം ബസുകൾ വെല്ലൂർക്കുണ്ട്. വെളിച്ചമാവാൻ കാത്ത് നിൽക്കണമെന്ന് മാത്രം. ഘാട്പാടി ജംഗ്ഷനായതിനാൽ എപ്പോഴും നല്ല തിരക്കായിരിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും ഭയപ്പെടേണ്ട കാര്യമില്ല. അല്ലെങ്കിലും തമിൾനാട്ടിൽ സ്ത്രീകൾക്ക് പേടിക്കാതെ സഞ്ചരിക്കാം. വളരെ അപൂർവ്വമായേ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളു.

 

ഘാട്പാടിയിൽ ഇറങ്ങുന്നതിന് മുമ്പ് കോകില ഒരു കാര്യം കൂടി രാജീവനോട് പറഞ്ഞു. സ്റ്റേഷനിൽ നിന്നും ആറ് കിലോമീറ്ററേ വെല്ലൂരാസ്പത്രിയിലേയ്ക്കുള്ളു. അവിടെ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ പരമശിവന്റെ ഒരു അമ്പലമുണ്ട്. വളരെ പ്രസിദ്ധമാണ്. ജലകണ്ഠേശ്വരക്ഷേത്രം.

 

വിജയനഗരസാമ്രാജ്യത്തിന്റെ കാലം മുതൽക്കുള്ള ഈ ക്ഷേത്രം വെല്ലൂർ കോട്ടയ്ക്കുള്ളിലാണ്. അതിനകത്ത് ഈ അമ്പലം കൂടാതെ സെയിന്റ് ജോൺസ് പള്ളി, ടിപു മഹൽ, ഹൈദർ മഹൽ, കാണ്ടി മഹൽ, ബാദുഷ മഹൽ, ബീഗം മഹൽ ഇങ്ങനെ പലതും കാണാനുണ്ട്.

 

നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടെ ഒരു ചിതൽപുറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. മഴ പെയ്ത് അതിന് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. പിന്നെപ്പോഴോ ആ ചിതൽപ്പുറ്റിൽ ഒരു ശിവലിംഗം കാണായി. സ്വയംഭൂവാണോ ആരെങ്കിലും കൊണ്ടുവച്ചതോ, ആർക്കും നിശ്ചയമില്ല. അല്ലെങ്കിലും ഒരു ബിംബത്തിന്റെ ഉല്പത്തിയറിഞ്ഞിട്ടെന്ത് കാര്യം! മനുഷ്യന് ആശ്വസിക്കാൻ അത്യാവശ്യം ഏതെങ്കിലും ഒരു വിശ്വാസം.

 

ജലത്തിന് നടുവിൽ കണ്ട ശിവലിംഗമായതിനാൽ അത് ജലകണ്ഠേശ്വർ എന്നറിയപ്പെട്ടു. അവിടെ തന്നെ അഖിലാണ്ടേശ്വരിയുടെ ഒരു പ്രതിഷ്ഠയുമുണ്ട്. പക്ഷേ, കോകില പറഞ്ഞുവന്നത് ആ അമ്പലത്തിലെ കിണറിന്റെ കാര്യമാണ്. അതിലേയ്ക്ക് ഒരു നാണയം എറിഞ്ഞ് എന്ത് ആഗ്രഹിക്കുന്നുവോ അത് സാധിച്ചുകിട്ടും.

 

കോകിലയുടെ വിശദീകരണം കേൾക്കാൻ നല്ല രസമായിരുന്നു. അവൾ സംസാരിക്കുമ്പോൾ രാജീവന് ആ അമ്പലവും വിഗ്രഹവുമെല്ലാം കൺമുന്നിൽ തെളിഞ്ഞ് വന്നു. ഇതിന് മുന്നെ കാണാത്ത കിണറും അതിന്റെ അടിത്തട്ടിൽ കിടക്കുന്ന നാണയങ്ങളും എത്ര വ്യക്തമായി കാണാൻ കഴിയുന്നു. കഥയാണെങ്കിലും പറഞ്ഞ് ഫലിപ്പിക്കാൻ കഴിവുള്ള പെൺകുട്ടി. രാജീവന് അവളെ വളരെയധികം ഇഷ്ടപ്പെട്ടു. കൂടുതൽ അടുത്തറിയണമെന്ന് ആഗ്രഹമായി.

 

ഫോൺ നമ്പരും അഡ്രസ്സും എങ്ങനെ ചോദിക്കുമെന്ന് ആലോചിക്കുമ്പോഴേയ്ക്കും വണ്ടി ഘാട്പാടിയിൽ എത്തി. കോകില പെട്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. രാജീവനും അവളുടെ കൂടെ പുറത്തിറങ്ങി നിന്നു. ജംഗ്ഷനായതിനാൽ പത്ത് മിനിറ്റ് കഴിഞ്ഞേ പോകുകയുള്ളു. അതിലെ വന്ന ഒരു കാപ്പിക്കാരനെ പിടിച്ച് നിർത്തി രണ്ടുപേരും ഓരോ കാപ്പി വാങ്ങി മൊത്തിക്കൊണ്ടിരുന്നു.

 

പറയാൻ വാക്കുകളില്ലാതെ കാപ്പി ഗ്ലാസ്സിനകത്തേയ്ക്കും സ്റ്റേഷനിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന കവാടത്തിലേയ്ക്കും മാറി മാറി നോക്കി സെക്കന്റുകൾ ടിക്ക് ടിക്ക് അടിച്ച് പോയിക്കൊണ്ടിരുന്നു. ഒടുവിൽ രണ്ടും കല്പിച്ച് രാജീവൻ അഡ്രസ്സ് ചോദിക്കാൻ തന്നെ തീരുമാനിച്ചു. "അതേയ് കോകില. തന്റെ ..." ബാക്കിയുള്ളത് തീവണ്ടിയുടെ കൂവലിൽ മുങ്ങിപ്പോയി. രാജീവന് തന്നെ കേൾക്കാൻ സാധിച്ചില്ല.

 

അയാൾ തിരിച്ച് ബോഗിയിലേയ്ക്ക് കയറി. അവളെ നോക്കി കൈ വീശി. അപ്പോൾ അവൾ അപ്രതീക്ഷിതമായി ഒരു കടലാസ് കക്ഷണം അയാളുടെ കൈയിൽ പിടിപ്പിച്ചു. അത്ഭുതത്തോടെ കൈയിലെ കടലാസ് മുറുക്കി പിടിച്ച് അവളെ നോക്കുമ്പോൾ അവളും കൈ വീശുകയായിരുന്നു.

 

ട്രെയിൻ ദൂരെയെത്തുന്നതുവരെ കോകില കൈ വീശിക്കൊണ്ട് നിൽക്കുന്നത് രാജീവൻ കണ്ടു. അയാൾ കൈ തുറക്കാൻ ധൈര്യപ്പെട്ടില്ല. കാറ്റത്ത് ആ കടലാസ് പറന്നു പോയാലോ? അയാൾ തന്റെ സീറ്റിൽ തിരിച്ച് വന്നിരുന്നു. സീറ്റിൽ വച്ചിരുന്ന കലികയെടുത്ത് മടിയിൽ വച്ചു. കലികയും കോകിലയും. ഒരു നിഗൂഢസുന്ദരിയും തുറന്ന മനസ്സുള്ള ഒരു പെൺകൊടിയും. ഒന്ന് മിഥ്യ, ഒന്ന് യാഥാർത്ഥ്യം!

 

അയാൾ മിടിക്കുന്ന ഹൃദയത്തോടെ മുഷ്ടി തുറന്ന് അവൾ കൊടുത്ത കടലാസ് നോക്കി. ഒന്നും എഴുതാത്ത ഒരു തുണ്ട് കടലാസ്. അയാൾക്ക് നിരാശയും അരിശവും ഒപ്പം വന്നു. പക്ഷേ, ഒരേയൊരു നിമിഷത്തേയ്ക്ക് മാത്രം. അയാൾ അത് തിരിച്ച് നോക്കി. ഒരു ഫോൺ നമ്പർ എഴുതിയിട്ടുണ്ട്. പിന്നെ ഒരു വീട്ട് നമ്പറും. അവൾ താമസിക്കുന്ന വീട്ടിലെ ഫോൺ ആയിരിക്കണം. അയാൾ ശ്രദ്ധാപൂർവ്വം ആ കടലാസ് തന്റെ പേഴ്സിൽ ഭദ്രമായി തിരുകി വച്ചു.

 

അയാൾ കോകില ഇരുന്നിരുന്ന സീറ്റിലേയ്ക്ക് നോക്കി. ഉടനെ തന്നെ നോട്ടം പിൻവലിക്കുകയും ചെയ്തു. ആ രൗദ്രഭാവക്കാരൻ എവിടെന്നോ വീണ്ടും അവിടെ വന്നിരുപ്പുറപ്പിച്ചിരിക്കുന്നു. അയാളെ സഹിക്കാനുള്ള ശേഷിയില്ലെന്ന് തോന്നിയതിനാൽ രാജീവൻ കണ്ണുകൾ അടച്ച് ഉറങ്ങാൻ തെയ്യാറായി. പാലക്കാട് മുതൽ ഘാട്പാടി വരെ ഉറങ്ങിയിട്ടേയില്ല. കോകിലയുമായുള്ള നർമ്മ സല്ലാപത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് അയാൾ മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിയിറങ്ങി.

 

മദ്രാസ് സെൻട്രലിൽ എത്തിയപ്പോഴാണ് പിന്നെ രാജീവൻ എഴുന്നേറ്റത്. നേരെ താമസസ്ഥലത്തേയ്ക്ക് പോയി. താമസവും എഗ്മൂർ തന്നെ ആയതുകൊണ്ട് ഓഫീസിലേയ്ക്ക് നടക്കാവുന്നതേയുള്ളു. അയാൾ വീട്ടിലെത്തിയപ്പോഴേയ്ക്കും കൂടെ താമസിക്കുന്ന ഹരിയും രമേശും കുഞ്ചുവും ജോലിയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പാചകക്കാരൻ രാജു അവിടെയുണ്ട്.

 

പിന്നെയുള്ള അഞ്ച് ദിവസങ്ങൾ ജോലിത്തിരക്ക് തന്നെയായിരുന്നു. അല്ലെങ്കിലും ചെറിയൊരു ലീവിന് പോയാൽ പോലും തിരിച്ചെത്തിയാൽ പിടിപ്പത് പണിയായിരിക്കും. അതൊരു പ്രകൃതിനിയമം ആയിരിക്കണം. അതിനെ പറ്റിയും മർഫിയ്ക്ക് എന്തെങ്കിലും പറയാൻ ഉണ്ടാകും.

 

വെള്ളിയാഴ്ച ആയപ്പോഴേയ്ക്കും കൂടെയുള്ളവർ വാരാന്ത്യത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി.

 

ഹരി പുതിയ ഒരു ബിസിനസ് തുടങ്ങാനായി അയാളുടെ ഒരു കൂട്ടുകാരനെ കാണാൻ നെയ്വേലിയ്ക്ക് പോകുന്നു. കുഞ്ചു രണ്ട് ദിവസം ആർക്കോണത്തുള്ള അയാളുടെ അമ്മാവന്റെ വീട്ടിലായിരിക്കും. അയാൾക്കല്ലെങ്കിലും അമ്മാവന്റെ മോളുമായി ഒരു ലൈനുള്ളതാണ്. ആ ലൈൻ ഷോർട്ടാകാതെ സൂക്ഷിക്കേണ്ടത് അയാളുടെ മാത്രം ആവശ്യം. രമേശിന് ഒരാഴ്ചയിലെ കഠിനാദ്ധ്വാനത്തിന്റെ ക്ഷീണം തീർക്കാൻ രണ്ട് ദിവസം മുഴുവൻ ഉറങ്ങണം.

 

അപ്പോൾപിന്നെ രാജീവൻ ഒറ്റയ്ക്കായി. എന്ത് ചെയ്യണം രണ്ട് ദിവസം എന്നാലോചിച്ചപ്പോഴാണ് മനസ്സിന്റെ അകയറകളിലെവിടേയോ മറന്ന് കിടന്നിരുന്ന കോകിലത്തിന്റെ നേർത്ത കൂവൽ അയാൾ കേട്ടത്. താനെന്തൊരു ദുഷ്ടൻ! ആ സുന്ദരിക്കുട്ടിയെ കുറിച്ച് ഒരു തവണ പോലും ചിന്തിക്കുകയുണ്ടായില്ല. ജോലിത്തിരക്കെന്ന് ഒരു ഒഴികഴിവ് പറയാമെന്ന് മാത്രം.

 

എന്താണ് കോകിലയെ പറ്റി ഓർക്കാഞ്ഞത്? അപ്പോൾ അയാളുടെ മനസ്സിൽ കലികയും തെളിഞ്ഞു. ഈ ദിവസങ്ങളിൽ മോഹനചന്ദ്രനെ വായിക്കാനെ സാധിച്ചില്ല. തീവണ്ടിയിൽ നിന്നിറങ്ങിയ ശേഷം കലികയുമില്ല കോകിലയുമില്ല. എന്നാൽ പിന്നെ വെല്ലൂർ വരെ ഒരു ബസ് യാത്ര നടത്തിയാലോ? യാത്രയിൽ കലിക വായിക്കുകയും ചെയ്യാം, യാത്രാന്ത്യത്തിൽ കോകിലയെ കാണുകയും ചെയ്യാം.

 

രാജീവൻ ഉടനെ തന്നെ രണ്ട് ഒറ്റരൂപ തുട്ടുകളുമായി വീട്ടിൽ നിന്നിറങ്ങി. മെയിൻ റോഡിലെ പലചരക്ക് കടയിൽ ഒരു ഫോണുണ്ട്. പേഴ്സിൽ നിന്ന് കോകില തന്ന കടലാസെടുത്ത് ഫോൺ നമ്പർ ഹൃദിസ്ഥമാക്കി. പിന്നെ കടയിൽ ചെന്ന് ആ നമ്പറിലേയ്ക്ക് വിളിച്ചു. അപ്പുറത്ത് കേട്ട സ്ത്രീശബ്ദം കോകിലയുടേതായിരുന്നില്ല. അത് റോസായിരിക്കുമെന്ന് അയാൾ തീരുമാനിച്ചു. കോകില പുറത്തെവിടെയോ ആണ്. രാജീവൻ വിളിക്കുമെന്നും ശനിയാഴ്ച പതിനൊന്ന് മണിയ്ക്ക് ജലകണ്ഠേശ്വർ ക്ഷേത്രത്തിന്റെ മുന്നിൽ കാണാമെന്നും പറഞ്ഞേല്പിച്ചിട്ടാണ് അവൾ പുറത്തേയ്ക്ക് പോയത്. പിറ്റേന്ന് പറഞ്ഞപോലെ തന്നെ കോകിലയെ കാണാമെന്ന് രാജീവൻ ആ ശബ്ദത്തിന്റെ ഉടമയ്ക്ക് ഉറപ്പ് കൊടുത്തു.

 

തിരിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോൾ രാജീവന്റെ ചുണ്ടത്ത് ഇതിന് മുമ്പൊരിക്കലും മുളയ്ക്കാത്ത ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചിരുന്നു. അയാൾ മറന്നെങ്കിലും അവൾക്ക് നിശ്ചയമായിരുന്നു അയാൾ വിളിക്കുമെന്ന്. അവൾ തന്നെ കാത്തിരിക്കുന്നു എന്നുള്ള അറിവ് അയാളുടെ ചിന്താമണ്ഡലത്തിൽ നക്ഷത്രങ്ങൾ തെളിയിച്ചു. അതിനിടയിൽ കാണുന്ന പ്രകാശപൂരിതമായ വൃത്തത്തിൽ കോകിലയുടെ അഴകാർന്ന മുഖം!

 

അന്ന് വൈകുന്നേരം കൂട്ടുകാരുടെ കൂടെയുള്ള ആഹാരം കഴിക്കലും വർത്തമാനം പറച്ചിലുമെല്ലാം യാന്ത്രികമായി കഴിച്ചുകൂട്ടി. അയാളുടെ മനസ്സ് വെല്ലൂരിലെത്തിക്കഴിഞ്ഞിരുന്നു.

 

പിറ്റേന്ന് പതിനൊന്ന് മണിയ്ക്ക് മുന്നേ രാജീവൻ വെല്ലൂർ കോട്ടയുടെ വാതിൽക്കൽ എത്തിയിരുന്നു. നൂറ്റിനാല്പതോളം കിലോമീറ്റർ മൂന്നര മണിക്കൂർ കൊണ്ട് ബസ് പിന്നിട്ടു. പറഞ്ഞ സമയം തെറ്റാതിരിക്കാൻ അയാൾ ഏഴ് മണിയുടെ ബസിൽ തന്നെ യാത്ര തിരിച്ചിരുന്നു. ബസിലിരുന്ന് വായിക്കാൻ കലിക എടുക്കണമെന്ന് വിചാരിച്ചിരുന്നതാണെങ്കിലും അതയാൾ മറന്നു. കലികയ്ക്ക് അവസാനം എന്ത് പറ്റിയെന്നറിയാനുള്ള ആകാംക്ഷ കോകിലയെ കാണാനുള്ള ഉത്സാഹമാക്കി മാറ്റി.

 

വെല്ലൂരെത്തി ഒരു റസ്റ്റോറന്റിൽ കയറി മുഖമൊക്കെ കഴുകി ഉന്മേഷവാനാകാനും ആഹാരം കഴിക്കാനും സാധിച്ചു. ഇനി എത്ര നേരം വേണമെങ്കിലും കോകിലയുടെ കൂടെ ചുറ്റാൻ അയാൾ തെയ്യാറായിരുന്നു.

 

കോകിലയെ കാണുമ്പോൾ എന്തെല്ലാം പറയണമെന്ന് മനസ്സിൽ ആലോചിച്ചെടുക്കുകയായിരുന്നു രാജീവൻ. എന്തിന് വേണ്ടിയുള്ള കാത്ത് നില്പായാലും അക്ഷമനാവാതിരിക്കാൻ മനസ്സിനെ എന്തെങ്കിലും കർത്തവ്യങ്ങളിൽ വ്യാപൃതമാക്കുന്നത് അയാളുടെ പതിവായിരുന്നു.

 

"എന്താണ് കോട്ടയുടെ മുമ്പിൽ നിന്ന് സ്വപ്നം കാണുകയാണോ? വെല്ലൂർ രാജകുമാരി മുന്നിലെത്തിയതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു."

 

ആ പരിചിത ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കേട്ട് ആസ്വദിച്ച ആ സ്വരമാധുരി. കോകില!

 

"കാത്ത് നിന്നപ്പോൾ തീവണ്ടിയിൽ നടന്നത് സ്വപ്നമായിരുന്നോ എന്ന് സംശയമായിപ്പോയി. ക്ഷമിക്കു രാജകുമാരി!" അയാളും അവളുടെ അതേ സ്വരരാഗത്തിൽ മറുപടി പറഞ്ഞു.

 

"നമുക്ക് അകത്തേയ്ക്ക് പോകാം. ജലകണ്ഠേശ്വരനെ കാണേണ്ടേ?" അതു പറഞ്ഞ് അവൾ അയാളുടെ കൈ പിടിച്ച് വലിച്ച് അകത്തേയ്ക്ക് നടന്നു.

 

പിന്നെയുള്ള രണ്ട് മണിക്കൂറുകൾ കടന്ന് പോയത് രാജീവൻ അറിഞ്ഞതേയില്ല. കോകില ഒരു ഇരുത്തം വന്ന ഗൈഡിനെ പോലെ അയാളെ ആ കോട്ടയ്ക്കകം മുഴുവൻ ചുറ്റിക്കാണിച്ചു.

 

അമ്പലത്തിന്റെ ഗോപുരത്തിന്റെ കൊത്തുപണി തന്നെ കണ്ടാൽ മതിവരാത്ത വിധം മനോഹരമാണ്. നൂറ് അടിയോളം പൊക്കത്തിൽ പടുത്തുയർത്തിയ ഗോപുരം കടക്കുന്നതോടെ ഒരു നിർമ്മാണചാതുര്യത്തിന്റെ മികവിലേയ്ക്കാണ് നമ്മൾ നടന്ന് കയറുന്നത്. അത് കൂടാതെ തൂണുകളും ശില്പങ്ങളും. ക്ഷേത്രം ഒരു കുളത്തിന് നടുവിലാണ് പണിതിരിക്കുന്നത്. ഭംഗിയായി കെട്ടിപ്പടുത്ത കുളം. രാജീവന് പറവൂരെ മൂകാംബികക്ഷേത്രമാണ് അത് കണ്ടപ്പോൾ ഓർമ്മ വന്നത്.

 

നിരവധി കൽത്തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്ന മണ്ഡപം. ആ തൂണുകളിൽ പലവിധത്തിലുള്ള വ്യാളീമുഖങ്ങളും കുതിരകളും സർപ്പങ്ങളും കൂടാതെ മറ്റനേകം ജീവികളേയും കൊത്തിയെടുത്തിട്ടുണ്ട്. അന്നത്തെ കല്ലാശാരികളുടെ കരവിരുത് വ്യക്തമാക്കുന്ന ശില്പങ്ങൾ.

 

നന്ദിയുടെ ബിംബത്തിന് പുറകിൽ കാണുന്ന മൺവിളക്കിൽ കൈ വച്ചാൽ അത് വട്ടത്തിൽ കറങ്ങുന്നതായി അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. ആ സമയത്ത് എന്താഗ്രഹിച്ചാലും അത് നടന്നു കിട്ടുമെന്ന് അവിടത്തുകാരുടെ വിശ്വാസം. പക്ഷേ, വിളക്ക് കറങ്ങിയാൽ മാത്രമേ ദൈവം പ്രസാദിച്ചതായി കണക്കാക്കാൻ സാധിക്കു.

 

"എന്താണ് രാജീവാ, എന്തെങ്കിലും സാധിക്കാനുണ്ടോ? വേണമെങ്കിൽ വിളക്കിൽ തൊട്ടോളു." കോകില ഒരു പുഞ്ചിരിയോടെ രാജീവനെ നോക്കി.

 

അയാൾ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.  തന്റെ കാര്യസിദ്ധികൾക്കായി ദൈവത്തിനെ ഉപദ്രവിക്കുന്നതിൽ രാജീവന് പണ്ടേ താല്പര്യമില്ല.

 

അവർ മുന്നോട്ട് നീങ്ങി. കോകില തീവണ്ടി യാത്രയ്ക്കിടയിൽ വിവരിച്ച കിണറ് കാണാനായിരുന്നു രാജീവന് ഔത്സുക്യം. അയാൾ അതിനെ പറ്റി അവളോട് ചോദിച്ചു. കുറച്ചു കൂടി ക്ഷമിക്കാൻ അവൾ ആംഗ്യം കാട്ടി.

 

പിന്നീട് ആ പുണ്യപുരാതന തീർത്ഥക്കിണറിന്റെ അരികിലേയ്ക്ക് അവൾ അയാളെ കൂട്ടിക്കൊണ്ട് പോയി. ആ ഗംഗാ ഗൗരി തീർത്ഥക്കിണറ്റിലെ വെള്ളമാണ് ജലകണ്ഠേശ്വരന്റെ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

 

രാജീവൻ ആ കിണറിനകത്തേയ്ക്ക് എത്തി നോക്കി. വളരെയധികം താഴ്ചയുണ്ട് കിണറിന്. പക്ഷേ, സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. അതിന്റെ അഗാധതയിൽ കിടക്കുന്ന നാണയത്തുട്ടുകൾ അയാൾക്ക് കാണാമായിരുന്നു. എത്ര പേരുടെ ആശകളും ആകാംക്ഷകളുമാണ് അവിടെ കിടക്കുന്നത്. അവരുടെയെല്ലാം ഉറച്ച വിശ്വാസം അവരുടെ ജീവിതങ്ങൾ തളിരിടാനും അതിൽ പൂവണിയാനും അവരെ പ്രാപ്തരാക്കിയിട്ടുണ്ടാകണം. അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള അഭിവൃദ്ധി ജലകണ്ഠേശ്വരന്റെ തീർത്ഥക്കിണറ്റിൽ നിന്നും ഉയിർത്തെഴുന്നേറ്റതാണെന്ന് അവർ വിശ്വസിച്ചിരുന്നിരിക്കണം. അവർ ഇവിടെ വീണ്ടും വരാൻ അത് പ്രേരകഹേതുവായിരുന്നിരിക്കണം.

 

രാജീവൻ തല പൊക്കിയപ്പോൾ അയാളെ തന്നെ കൗതുകത്തോടെ നോക്കി നിൽക്കുന്ന കോകിലയെയാണ് കണ്ടത്. അവളുടെ ഇളം പുഞ്ചിരി അവൾ തന്റെ മനസ്സിനെ വായിച്ചെടുത്തെന്ന് അയാളെ അറിയിച്ചു.

 

'ഇനിയെന്താ ഭാവം' എന്ന് ചോദിക്കുന്ന മട്ടിൽ അവൾ പുരികമുയർത്തി.

 

അയാൾ പോക്കറ്റിൽ നിന്നും ഒരു ഒറ്റരൂപ തുട്ടെടുത്തു. വലത് കൈപടത്തിൽ അത് വച്ചിട്ട് അയാൾ കൈ കോകിലയുടെ നേരെ നീട്ടി. അവൾ വലത് കരം രാജീവന്റെ കൈയിൽ കമഴ്ത്തിപ്പിടിച്ചു. അവർ ഒരുമിച്ച് കൈകൾ തീർത്ഥക്കിണറ്റിലേയ്ക്ക് നീട്ടി.

 

രണ്ട് പേരും ഒന്നും ഉരിയാടിയില്ലെങ്കിലും അവരുടെ ഹൃദയങ്ങൾ ഒരേ ഭാഷയിൽ സംസാരിക്കുന്നത് അവരുടെ കണ്ണുകളിൽ തെളിഞ്ഞു. ഒരേ സമയം കൈകൾ തുറന്നപ്പോൾ ആ നാണയം കിണറ്റിലേയ്ക്ക് വീണു. ജലനിരപ്പിൽ ചെറിയ ഓളങ്ങൾ സൃഷ്ടിച്ച് അത് അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോകുന്നത് അവർ നോക്കി നിന്നു.

 

നാണയം താഴെ തട്ടിൽ ചെന്ന് ഇരിപ്പിടം ഉറപ്പിച്ചപ്പോൾ അവർ അന്യോന്യം നോക്കി. "ഇനി പോകാമല്ലേ?" കോകില ചോദിച്ചു.

 

അവർ പുറത്തേയ്ക്ക് നടന്നു. അമ്പലത്തിൽ നല്ല തിരക്ക്. ആളുകളുടെയിടയിലൂടെ തിക്കിത്തെരക്കി നടക്കുന്നതിനിടയിൽ എപ്പോഴോ രാജീവന്റെ കൺവെട്ടത്ത് നിന്ന് കോകില അപ്രത്യക്ഷയായി. അയാൾ അവളെ തെരഞ്ഞ് അവിടെയെല്ലാം നടന്നു. പക്ഷേ, അവളുടെ ലാഞ്ഛനപോലും ലഭിച്ചില്ല. ആ തിരക്കിനിടയിൽ ഒരാളെ കണ്ടുപിടിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.

 

അയാൾ ഇനിയെന്ത് വേണമെന്ന് ചിന്തിച്ച് നിന്നു. അവർ രാവിലെ കണ്ടുമുട്ടിയ സ്ഥലത്തേയ്ക്ക് അയാൾ നടന്നു. കുറച്ച് നേരം അവിടെ കാത്ത് നിൽക്കാൻ അയാൾ തീരുമാനിച്ചു. അമ്പലത്തിനകത്ത് അയാളെ കാണാതാകുമ്പോൾ അവൾ അയാളെ അന്വേഷിച്ച് അവിടെ വരാതിരിക്കില്ലെന്ന് അയാൾ അനുമാനിച്ചു.

 

അര മണിക്കൂറോളം അവിടെ നിന്നിട്ടും അവളെ കണ്ടില്ല. അതിനടുത്ത് കണ്ട ഫോൺ ബൂത്തിൽ കയറി രാജീവൻ കോകിലയുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. ഇനിയിപ്പോൾ അവളുടെ വീട്ടിലേയ്ക്ക് ചെന്ന് അവിടെ കാത്ത് നിൽക്കാമെന്ന് കരുതി അയാൾ അടുത്ത് കണ്ട ഒരു ഓട്ടോയിൽ കയറി. നേഴ്സുമാരുടെ വീടെന്ന് പറഞ്ഞപ്പോൾ ഓട്ടോക്കാരൻ തല കുലുക്കി.

 

ആശുപത്രി വളപ്പിനകത്ത് കയറി കുറച്ചൊന്ന് ചുറ്റേണ്ടി വന്നു കോകിലയുടെ വീടിന് മുമ്പിലെത്താൻ. ഓട്ടോക്കാരൻ കാശ് വാങ്ങി സ്ഥലം കാലിയാക്കി.

 

രാജീവൻ ആ വീട്ടുവളപ്പിലേയ്ക്ക് കയറി. വീടിന്റെ മുമ്പിലുള്ള കാളിംഗ് ബെല്ലടിച്ചു. പക്ഷേ, ആരും വാതിൽ തുറക്കാൻ വന്നില്ല. അയാൾ വീടിന് പുറത്തിറങ്ങി ഗേറ്റിനരികെ നിന്നു. കോകിലയോ റോസോ വരാതിരിക്കില്ല. അവരെ കാത്ത് നിൽക്കാം. അവളോട് യാത്ര ചോദിക്കാതെ തിരിച്ച് പോകുന്നതെങ്ങനെയാ?

 

എത്ര നേരം അവിടെയങ്ങനെ നിന്നുവെന്ന് രാജീവന് ഓർമ്മയില്ല. അയാളുടെ മനസ്സ് കോകിലയ്ക്ക് വേണ്ടി കേഴുകയായിരുന്നു. അവൾക്കെന്ത് പറ്റിയാവോ?

 

"നിങ്ങൾ രാജീവനാണോ?" ആ ചോദ്യം കേട്ട് അയാൾ തല നിവർത്തി നോക്കി. മുന്നിൽ ഒരു പെൺകുട്ടി. ആ കുട്ടി അവിടെയെത്തിയതൊന്നും അയാൾ കണ്ടിരുന്നില്ല. ശബ്ദം കേട്ടിട്ട് അത് റോസായിരിക്കുമെന്ന് അയാൾ അനുമാനിച്ചു.

 

അതെയന്നർത്ഥത്തിൽ അയാൾ തലയാട്ടി.

 

"അപ്പോൾ രാജീവനൊന്നും അറിഞ്ഞില്ലേ?"

 

"എന്തറിഞ്ഞില്ലേയെന്ന്?" അയാളുടെ ഹൃദയം ധൃതഗതിയിൽ മിടിക്കാൻ തുടങ്ങി. കോകിലയ്ക്കെന്തോ സംഭവിച്ചുവെന്ന് അയാൾ ശങ്കിച്ചു. 'എന്റെ കോകില!' അയാളുടെ മനസ്സ് മന്ത്രിച്ചു.

 

"കോകില ... അവൾ പോയി." റോസ് ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

 

"വെറുതെ അനാവശ്യം പറയാതെ." അയാൾക്ക് ദേഷ്യം വന്നു. "എന്ത് പറ്റീന്ന് പറയ്." അയാൾ റോസിന്റെ രണ്ട് തോളത്തും പിടിച്ച് ശക്തമായി കുലുക്കി.

 

"നിങ്ങളെ കാണാനായി രാവിലെ ഇവിടെ നിന്ന് പോയതാണ്. ഫോർട്ടിനടുത്ത് വച്ച് ഒരു ആക്സിഡന്റ്. പാഞ്ഞ് വന്നൊരു കാറാണ് ഇടിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു."

 

അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ കൂടെയുണ്ടായിരുന്നതല്ലെ കോകില! അത്ര പെട്ടെന്ന് ഇല്ലാതാവുകയോ? അസംഭവ്യം.

 

"എപ്പോഴായിരുന്നു സംഭവിച്ചത്?" അയാൾ ഒരുവിധം വാക്കുകൾ തപ്പിയെടുത്ത് ചോദിച്ചു.

 

"നാലഞ്ച് മണിക്കൂറുകൾക്ക് മുമ്പാണ് ആക്സിഡന്റ് നടന്നത്. എന്റെ പാവം കോകില. നിങ്ങളെ കാണാനുള്ള ഉത്സാഹത്തിലായിരുന്നു അവൾ. തീർത്ഥക്കിണറ്റിൽ ഒരുമിച്ച് നാണയം ഇടുന്ന കാര്യവും പറഞ്ഞിരുന്നു, ഇവിടെ നിന്ന് ഇറങ്ങുമ്പോൾ."

 

രാജീവൻ അറിയാതെ കൈയിലെ വാച്ചിൽ സമയം നോക്കി.

 

അയാൾ സ്തബ്ധനായി റോഡിൽ ഇരുന്നു. എന്തോ പറയാൻ വന്നത് അയാളുടെ തൊണ്ടയിൽ കുടുങ്ങി നിന്നു.

 

xxx

പുസ്തകത്താളിലെ പെൺകുട്ടി (ചെറുകഥ)

പുസ്തകത്താളിലെ പെൺകുട്ടി

 

സന്തോഷ് ഗംഗാധരൻ

 

മദ്രാസിലെ മൂർ മാർക്കറ്റിൽ അച്ഛനേയും അമ്മയേയും ഒഴിച്ച് ബാക്കിയെല്ലാം വാങ്ങാൻ കിട്ടുമെന്നാണ് പറയാറ്. ഇടയ്ക്കിടെ വരാറുള്ളതാണ്. ഇന്നിപ്പോൾ പുസ്തകങ്ങൾ വാങ്ങാൻ കച്ചകെട്ടി ഇറങ്ങിയതാണ്.

 

         ഞാൻ സെക്കന്റ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ എത്തി. അടുക്കും ചിട്ടയും ഒന്നുമില്ലാതെയാണ് പുസ്തകങ്ങൾ കൂട്ടി വച്ചിരിക്കുന്നത്. നമുക്ക് വേണ്ടത് തപ്പിയെടുക്കുകയെ നിവൃത്തിയുള്ളു. കടയുടെ മുന്നിൽ തന്നെ പുതിയതായി വന്ന പഴയ നോവലുകളാണ്. ഇംഗ്ലീഷ് നോവലുകൾ ധാരാളം ഉണ്ട്. ഇവരിതെല്ലാം എങ്ങനെ സംഘടിപ്പിക്കുന്നു എന്നോർക്കുമ്പോൾ അത്ഭുതം തോന്നും. ചിലപ്പോൾ വായിച്ച് കഴിഞ്ഞ് ഉടമസ്ഥർ തന്നെ ഇവിടെ കൊണ്ട് കൊടുക്കുന്നതാവാം. അല്ലെങ്കിൽ പിന്നെ ആക്രിക്കാരുടെ കരവിരുതാവും.

 

         മിക്ക പുസ്തകങ്ങളിലും അതിന്റെ പഴയ ഉടമസ്ഥരുടെ പേരോ ഒപ്പോ കാണും. അതൊന്നും നോക്കാൻ മിനക്കെടാറില്ല. ആരുപയോഗിച്ചതായിരുന്നെങ്കിലെന്താ, നമുക്ക് വേണ്ട കഥകൾ തെരഞ്ഞെടുക്കണമെന്നല്ലേയുള്ളു. ആർതർ ഹെയ്ലിയുടേയും ഹാരോൾഡ് റോബിൻസിന്റേയും ജെയിംസ് ഹാഡ്ലി ചേസിന്റേയും ഒക്കെ നോവലുകൾ കിട്ടി. അവരുടെ മിക്കവാറും നോവലുകളെല്ലാം വായിച്ചിട്ടുള്ളതാണ്. എങ്കിലും  വായിക്കാത്ത പത്ത് പുസ്തകങ്ങൾ. ഇവരെല്ലാം ധാരാളം നോവലുകൾ എഴുതിയിട്ടുള്ളത് എന്റെ ഭാഗ്യം. ഇനി ഒരു മാസത്തേയ്ക്ക് വായിക്കാൻ ധാരാളമായി.

 

പുസ്തകങ്ങൾ കൈയിൽ കിട്ടിയാൽ പിന്നെ ഹോസ്റ്റൽ മുറിയിലെത്താൻ ധൃതിയാണ്. വായന തുടങ്ങാനുള്ള ഔത്സുക്യം. മൂർ മാർക്കറ്റിൽ നിന്നും നേരെ അടയാറിലേയ്ക്കുള്ള ബസ് പിടിച്ചു.

 

ഐഐടിയിൽ എംടെക്കിന്റെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഈ നോവൽ വാങ്ങി കൂട്ടുന്ന ഞാൻ. പഠിക്കുവാൻ ധാരാളം ഉണ്ടെങ്കിലും നോവൽ വായന മുടക്കാറില്ല. മലയാളം പുസ്തകങ്ങളേക്കാൾ ഇംഗ്ലീഷ് നോവലുകൾ വായിക്കാനായിരുന്നു എനിയ്ക്കിഷ്ടം. എന്നിരുന്നാലും കൊച്ചിലെ മലയാളത്തിലെ ഡിറ്റക്ടീവ് നോവലുകൾ വായിച്ചതിന്റെ ആവേശം മനസ്സിന്റെ കോണുകളിലെവിടേയൊ തങ്ങി നിൽക്കുന്നിണ്ടിപ്പോഴും. മിക്കവാറും മൂർ മാർക്കറ്റിൽ നിന്നും പഴയ പുസ്തകങ്ങളാണ് വാങ്ങാറുള്ളതെങ്കിലും ചിലപ്പോൾ മൗണ്ട് റോഡിലെ ഹിഗ്ഗിൻബോതംസിൽ നിന്നും പുതിയതും വാങ്ങാറുണ്ട്. പക്ഷേ, അത് അപൂർവ്വമായി മാത്രം. ഒരു പുതിയ പുസ്തകത്തിന്റെ വിലയ്ക്ക് മൂന്നും നാലും പുസ്തകങ്ങൾ മൂർ മാർക്കറ്റിൽ നിന്നും കിട്ടും.

 

ഹോസ്റ്റലിൽ തിരിച്ചെത്തി ഞാൻ നേരെ എന്റെ മുറിയിലേയ്ക്കാണ് പോയത്. ഇന്നിനി കൂട്ടുകാരുടെ കൂടെ വാചകം അടിച്ചിരിക്കാനുള്ള മൂഡില്ല. കൈയിൽ കിട്ടിയ പുതിയ പുസ്തകങ്ങളുടെ ഭംഗിയും മണവും ആസ്വദിക്കണം. പുത്തൻ പുസ്തകത്തിന്റെ മണം പഴകിയ ഈ പുസ്തകങ്ങൾക്കില്ലെങ്കിലും അവ ഓരോന്നും അതിന്റെ ഉടമസ്ഥന്റെ മണവും പേറിയാണിരിക്കുന്നത്. പുസ്തകം തുറന്നു കഴിയുമ്പോഴാണ് അത് നമുക്ക് അറിയാൻ കഴിയുന്നത്. അതിന്റെ ഉള്ളിലെ താളുകളിൽ അവരുടെ ഓർമ്മകളും അതിനോടനുബന്ധിച്ച ഒരു പ്രത്യേക  മണവും തങ്ങി നിറഞ്ഞ് നിൽക്കുന്നുണ്ടാവും. അവയ്ക്ക് അവരുടേതായ കഥകളും പറയാനുണ്ടാവും. വായനക്കാരന് അതും കൂടി കേൾക്കാനുള്ള ഒരു മനസ്സുണ്ടാവണമെന്ന് മാത്രം.

 

ഞാൻ മുറിയിലെത്തി. പുസ്തകസഞ്ചി മേശപ്പുറത്ത് വച്ചു. അതിൽ നിന്നും ആർതർ ഹെയ്ലിയുടെ ആദ്യത്തെ നോവൽ "ഫ്ലൈറ്റ് ഇൻടു ഡേഞ്ചർ" പുറത്തെടുത്തു വച്ചു. കുറേ നാളായി ഈ പുസ്തകം തപ്പി നടക്കുന്നു. ഞാൻ ജനിക്കുന്നതിന് മുമ്പ് അയാൾ എഴുതിയതാണ്. സിനിമ ഒരു 'ഹിറ്റ്' ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു ഫ്ലൈറ്റിലെ പൈലറ്റുൾപ്പടെ പല യാത്രക്കാർക്കും ഭക്ഷ്യവിഷബാധയേൽക്കുന്നതാണ്  കഥ. സംഭ്രമജനകമായ വിധത്തിൽ അത് ആവിഷ്ക്കരിച്ചുവെന്നതാണ് ആ കഥയുടേയും സിനിമയുടേയും വിജയ രഹസ്യം.

 

ജോൺ കാസിലും ആർതർ ഹേയ്ലിയും ചേർന്നെഴുതിയ ആ പുസ്തകത്തിന്റെ പുറം ചട്ട വായിച്ചതിന് ശേഷം ഞാനതിന്റെ മുൻവശം തുറന്നു. രണ്ടാമത്തെ പേജിൽ ഉടമസ്ഥന്റെ പേര് എഴുതിയിട്ടുണ്ട്. അമ്പിളി സി., 6th std., പത്മശേഷാദ്രി, ടി. നഗർ. ആറാം ക്ലാസ്സിൽ പഠിക്കുന്ന അല്ലെങ്കിൽ പഠിച്ചിരുന്ന ഒരു മിടുക്കി കുട്ടിയുടേതായിരുന്നു അത്. ഇത്ര ചെറുപ്പത്തിലെ ഇംഗ്ലീഷ് നോവൽ വായിച്ചു തുടങ്ങിയ കുട്ടി. അമ്പിളി ആകുമ്പോൾ പെൺകുട്ടിയാവാനാണ് സാദ്ധ്യത. ചിലപ്പോൾ ആൺകുട്ടിയായിക്കൂടെന്നില്ല. ജഗതിയെ വിളിക്കുന്നത് അമ്പിളി എന്നാണല്ലോ. ആരെങ്കിലുമാവട്ടെ. ഇനിയിതിന്റെ ഉടമസ്ഥാവകാശം എന്റേത് മാത്രം.

 

ഞാൻ മെസ്സ് ഹാളിൽ പോയി, വേഗം അത്താഴം കഴിച്ച് മടങ്ങിയെത്തി. അവിടെ കണ്ട കൂട്ടുകാരോടൊക്കെ പഠിക്കാനുണ്ടെന്ന് പറഞ്ഞ് തടിതപ്പി. അവരുടെ കൂട്ടത്തിൽ പെട്ട് പോയാൽ പിന്നെ ഊരാൻ പാടാണ്.

 

പിറ്റേന്നേയ്ക്കുള്ളതെല്ലാം പഠിച്ച് കഴിഞ്ഞ് ഞാൻ എന്റെ ആർതർ ഹേയ്ലിയുമായി കട്ടിലിൽ കിടന്നു. വായിക്കുന്നതിനിടയിലും ഇടയ്ക്ക് 'ഈ അമ്പിളിയെന്തിനാ ഇത്രയും രസമുള്ള കഥാപുസ്തകം സൂക്ഷിച്ച് വയ്ക്കാതെ ആക്രിയ്ക്ക് കൊടുത്തത്' എന്ന് ആലോചിക്കാതിരുന്നില്ല.

 

വായിച്ച് വായിച്ച് എപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാകണം.

 

"ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?" ചെവിട്ടിനുള്ളിൽ ആരോ പറയുന്നത് കേട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നത്. ആരുമില്ല. എന്റെ നെഞ്ചത്ത് പുസ്തകം കമഴ്ത്തി വച്ചിട്ടുണ്ട്. ഞാൻ എഴുന്നേറ്റ് പുസ്തകം മേശപ്പുറത്ത് വച്ചിട്ട് ലൈറ്റ് അണച്ച് വീണ്ടും വന്ന് കിടന്നു. ഉടനെ തന്നെ ഉറങ്ങുകയും ചെയ്തു.

 

കാലത്ത് ക്ലാസ്സിൽ പോകുന്നതിന് മുമ്പ് 'ഫ്ലൈറ്റ് ഇൻടു ഡേഞ്ചർ' ഒന്ന് തൊട്ട് നോക്കി. അന്നുച്ചയ്ക്ക് ക്ലാസ്സുകളൊന്നുമില്ലാത്തതുകൊണ്ട് ലഞ്ചിന് വന്നാൽ പിന്നെ പുസ്തകം വായിക്കാം. ഹോസ്റ്റലിൽ നിന്നും കൂട്ടുകാരുടെ കൂടെ നടന്ന് ക്ലാസ്സ് മുറിയിലേയ്ക്ക് പോയി.

 

രണ്ടാമത്തെ പീരിയഡ് തെർമോഡയനമിക്സ്. സാധാരണ രസമുള്ള വിഷയം തന്നെ. പക്ഷേ, അന്നെന്തോ എന്റെ മനസ്സ് സാറ് പറയുന്നതിൽ ഉറയ്ക്കുന്നില്ലെന്ന് തോന്നി. ഇന്നലെ ആരോ എന്നോട് എന്തോ കാര്യമായിട്ട് സംസാരിച്ചിരുന്നതായി ഒരു തോന്നൽ. ആരാണെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല.

 

ഒരു പെൺകുട്ടിയുടെ ശബ്ദം ചെവിട്ടിൽ മുഴങ്ങുന്ന പോലെ. പെട്ടെന്ന് ആ ചോദ്യം ഓർമ്മയിലെത്തി. "ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?"

 

സ്വപ്നം കണ്ടതാവാനാണ് വഴി. ഫ്ലൈറ്റിനെ പറ്റി വായിച്ചതോണ്ടാവും പ്ലെയിനിന്റെ ചോദ്യം തലയിൽ കയറി വന്നത്. എന്നാലും ഇംഗ്ലീഷ് നോവൽ വായിക്കുമ്പോൾ മലയാളത്തിൽ ഒരു ചോദ്യം മനസ്സിലുദിക്കുന്നത് അസ്വാഭാവികം. ചെറിയ ഒരു പെൺകുട്ടിയുടെ ശബ്ദമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്നത്.

 

"സ്വപ്നം കാണാതെ ക്ലാസ്സിൽ ശ്രദ്ധിക്കടേ." അടുത്തിരുന്ന അജയ് പക്കിന് തോണ്ടി. അതോടെ ഞാൻ ആ പെൺകുട്ടിയെ മറന്നു.

 

പിന്നെ കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞ് നടക്കുന്നതിനിടയിൽ മനസ്സ് ശാന്തമായി.

 

ഉച്ചഭക്ഷണത്തിന് മെസ്സ് ഹാളിൽ എത്തിയപ്പോൾ ആകെ ബഹളമയം. മിക്കവാറും എല്ലാവരുടേയും ലഞ്ച് സമയം ഒന്നിച്ചായതുകൊണ്ടാണാ ശബ്ദകോലാഹലം. ഊണ് കഴിഞ്ഞ് റീഡിംഗ് റൂമിൽ കുറേ നേരം വാചകമടിച്ചിരുന്നതിന് ശേഷം മുറിയിൽ തിരിച്ചെത്തി.

 

ഞാൻ വായിച്ചിരുന്ന നോവൽ മേശപ്പുറത്ത് തന്നെ വച്ചിട്ടാണ് പോയത്. അതിന്റെ രണ്ടാമത്തെ പേജിലേയ്ക്ക് തുറന്നിരിക്കുന്നു. ഞാൻ അത് അടച്ച് വച്ച് പോയതായിട്ടായിരുന്നു എന്റെ ഓർമ്മ. ഞാൻ അമ്പിളിയുടെ പേരും അഡ്രസ്സും ഒന്ന് കൂടി വായിച്ചു. അമ്പിളി – നല്ല പേര്. ഭംഗിയുള്ള മിടുക്കി കുട്ടി ആയിരിക്കണം. അവളുടെ ചേട്ടന്റെ ഭാഗ്യം അങ്ങനെയുള്ളൊരു അനിയത്തിക്കുട്ടിയെ കിട്ടിയത്.

 

ഞാനെന്തിനാണ് ഈ അമ്പിളിയെ പറ്റി ആലോചിക്കുന്നത്. വട്ട് തന്നെ. ഷൂസൂരി വച്ച് ലുങ്കിയെടുത്തുടുത്ത് ഞാൻ പുസ്തകവുമായി കിടക്കയിൽ കിടന്നു. ഉച്ചയ്ക്കുറങ്ങുന്ന പതിവില്ലാത്തതുകൊണ്ട് വൈകുന്നേരമായപ്പോഴേയ്ക്കും ആ പുസ്തകത്തിന്റെ മുക്കാൽ ഭാഗവും വായിച്ച് തീർത്തിരുന്നു. അപ്പോഴാണ് വേളാച്ചേരിയിൽ പോയി ചായ കുടിക്കാനുള്ള ക്ഷണവുമായി സർദാർജി എത്തിയത്.

 

"ഒരു ചായ കുടിച്ചുണ്ടോ?" എന്നുള്ള സർദാറിന്റെ ചോദ്യം നിരസിക്കാൻ തോന്നില്ല. ഹോസ്റ്റലിൽ നിന്നിറങ്ങി ഇടത്തോട്ട് നടന്നാൽ വേളാച്ചേരി ഗ്രാമമാണ്. അടുത്തടുത്ത വീടുകൾ. മിക്ക വീടുകളിലും പശുവിനെ വളർത്തുന്നുണ്ട്. അതിൽ ആദ്യത്തെ വീട്ടുകാരൻ ഒരു ചായക്കടയും നടത്തുന്നുണ്ട്. അവിടെ നിന്നും കിട്ടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. വെള്ളം ചേർക്കാതെ എപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന പാലിൽ എടുക്കുന്ന ചായയുടെ ഗുണമാകണം.

 

ചായക്കടക്കാരൻ മുരുകന്റെ മകൾ വീടിന്റെ ഉമ്മറത്തിരുന്ന് പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് ടെക്സ്റ്റ് പുസ്തകമാണ് ഉറക്കെ വായിച്ച് പഠിക്കുന്നത്. ഞാനറിയാതെ ആ കുട്ടിയെ ശ്രദ്ധിച്ചു. "കുളന്തൈ ഏത് ക്ലാസ്സിലെ പഠിക്കിറാൾ?" എനിയ്ക്കറിയാവുന്ന തമിഴിൽ ഞാൻ മുരുകനോട് ചോദിച്ചു. ഇതിന് മുമ്പ് ആ കുട്ടിയെ അവിടെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെയൊരു സംശയം എനിയ്ക്ക് തോന്നിയിട്ടില്ലായിരുന്നു.

 

"ആറില് താൻ സാർ. പഠിക്കറുതുക്ക് രൊമ്പ ഇന്ററസ്റ്റ്." മുരുകന്റെ വാക്കുകളിൽ തന്റെ മകളെ കുറിച്ചുള്ള അഭിമാനം നിഴലിച്ചു.

 

ആറാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി. എന്റെ മനസ്സിൽ അമ്പിളിയാണ് ഓടിയെത്തിയത്. "ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?" ആ ചോദ്യം എന്റെ ചെവിട്ടിൽ വീണ്ടും മുഴങ്ങി. പിന്നെ അവിടെയിരിക്കാൻ എനിയ്ക്ക് താല്പര്യമില്ലാതെയായി. മുറിയിൽ തിരിച്ചെത്തി നോവൽ വായിച്ച് തീർക്കാൻ ധൃതിയായി.

 

അവിടെ നിന്നും അപ്പോൾ തന്നെ തിരിച്ചെങ്കിലും സർദാർജിയുടെ വാ തോരാതെയുള്ള വാചകമടിയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല. പത്ത് കൊല്ലമായിട്ട് മാത്തമാറ്റിക്സിൽ പിഎച്ച്ഡി ചെയ്യുന്ന അയാളുടെ പ്രൊഫസറുടെ വീരകഥകളായിരുന്നു വിഷയം. അദ്ദേഹത്തിന്റെ പ്രൊബേബിലിറ്റി തിയറി ഉപയോഗിച്ചാൽ നെഗറ്റീവ് പ്രൊബേബിലിറ്റിയാണ് കിട്ടുന്നതെന്നിരിക്കെ താനെങ്ങനെ തന്റെ പിഎച്ച്ഡി മുഴുമിപ്പിക്കും എന്നായിരുന്നു സർദാർജിയുടെ സങ്കടം. ഇദ്ദേഹത്തിന്റ കൂടെ കൂടിയാൽ ചിരിക്കാനുള്ള വക ധാരാളം കിട്ടും.

 

പിന്നെ അത്താഴവും കഴിഞ്ഞിട്ടേ മുറിയിൽ തിരിച്ചെത്തിയുള്ളു. പിറ്റേന്ന് ക്ലാസ്സിലിത്താതുകൊണ്ട് ഞാൻ നേരെ ആർതർ ഹേയ്ലിയുടെ കൂടെ ഫ്ലൈറ്റിൽ കയറാൻ തീരുമാനിച്ചു.     

 

രസകരമായ കഥ. പണ്ടെങ്ങോ വിമാനം പറത്തിയിട്ടുള്ള നായകൻ ഗ്രൗണ്ട് കൺട്രോളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒടുവിൽ വിമാനം താഴെയിറക്കുന്നു. വളരെ ഉദ്വേഗജനകമായ രംഗങ്ങളിൽ കൂടിയാണ് കഥാകൃത്ത് നമ്മളെ കൊണ്ടുപോകുന്നത്. നല്ലൊരു പുസ്തകം വായിച്ചതിന്റെ കൃതാർത്ഥത!

 

പുസ്തകം വായിച്ച് തീർത്തിട്ട് ഞാൻ രണ്ടാമത്തെ പേജിൽ തിരിച്ചെത്തി. ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന അമ്പിളി. മുരുകന്റെ മകളേയും അമ്പിളിയേയും പറ്റി ചിന്തിക്കുന്നതിനിടയിൽ എപ്പോഴോ ഞാൻ പാതി മയക്കത്തിലേയ്ക്ക് വഴുതി വീണിട്ടുണ്ടാകണം.

 

"ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?" ആ പെൺകുട്ടിയുടെ ശബ്ദം. കുറച്ച് നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ആ കുട്ടി തുടർന്നു. "വിമാനത്തിൽ കയറണമെന്ന് എനിയ്ക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കയറി ഒരു സാഹസിക യാത്ര ചെയ്യണമെന്നും ഉണ്ടായിരുന്നു മനസ്സിൽ. പ്ലെയിനിൽ കയറാനുള്ള എന്റെ ആഗ്രഹം ചേച്ചി സാധിച്ച് തന്നു. മദ്രാസിൽ നിന്ന് ബോംബെയ്ക്ക് സിനിമ ഷൂട്ടിംഗിന് പോകുമ്പോൾ എന്നെ കൂടെ കൊണ്ടുപോയി. നല്ല രസമായിരുന്നു. ഞാൻ വായിച്ച ഇംഗ്ലീഷ് നോവലിലെ പോലെ സംഭവിച്ചാൽ ഭയങ്കര ത്രില്ലായിരിക്കുമെന്ന് തോന്നി."

 

ആ പെൺകുട്ടി സംസാരം നിർത്തി. ഞാനെന്താണ് പറയുന്നതെന്ന് കേൾക്കാൻ കാക്കുന്ന പോലെ. "എന്നിട്ട് അങ്ങനെ യാത്ര ത്രില്ലാക്കിയോ?" കളിയാക്കുന്ന രീതിയിലായിരുന്നു എന്റെ ശബ്ദമെന്ന് തോന്നുന്നു.

 

"പോകുമ്പോൾ ഒന്നും സംഭവിച്ചില്ല. പക്ഷേ, ബോംബെയിൽ നിന്ന് തിരിച്ച് മദ്രാസിലേയ്ക്ക് വരുമ്പോൾ." ആ കുട്ടിയുടെ ശബ്ദം തേങ്ങലായോ എന്നെനിയ്ക്ക് സംശയമായി. നേരത്തെ കളിയാക്കിയതിൽ ഒരു കുറ്റ ബോധം മനസ്സിൽ അലയടിച്ചു.

 

"ആദ്യം ഞങ്ങൾ കയറിയിരുന്ന വിമാനം യന്ത്രത്തകരാറെന്ന് പറഞ്ഞ് മാറ്റി. കുറെ കഴിഞ്ഞ് ഞങ്ങളെ മറ്റൊരു പ്ലെയിനിൽ കയറ്റിയിരുത്തി."

 

ആ കുട്ടിയുടെ വിറയാർന്ന ശബ്ദം എന്റെ ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങി. നോവൽ വായിച്ചപ്പോൾ അനുഭവപ്പെട്ട ഉദ്വേഗം മനസ്സിൽ വീണ്ടും അലയടിക്കാൻ തുടങ്ങി. കുട്ടികൾ ഇങ്ങനെയൊക്കെ അഗ്രഹിച്ചാൽ ...! ആ വിമാനത്തിന് ഒന്നും സംഭവിച്ചിട്ടുണ്ടാകല്ലെ എന്ന് എന്റെ മനസ്സ് ആശിച്ചു. ഈ പാവം പെൺകുട്ടി. അനിയത്തിക്കുട്ടി.

 

"വിമാനം മാറ്റിയതുകൊണ്ടൊന്നും കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കും." ആ പെൺകുട്ടിയുടെ ശബ്ദം വീണ്ടും എന്റെ കാതിൽ മുഴങ്ങി. "അത് ഞാൻ പറഞ്ഞതല്ലാട്ടോ, ചേട്ടാ. എന്റെ സീറ്റിന്റെ അപ്പുറത്തെ സീറ്റിലിരുന്നിരുന്ന ഒരാളാണ് അത് പറഞ്ഞത്. എന്നിട്ട് എന്റെ നേരെ നോക്കി എന്നെ കളിയാക്കുന്ന പോലെ ചിരിച്ചു. അത് കേട്ടപ്പോൾ എനിയ്ക്ക് ശരിയ്ക്കും പേടിയായി. ആർതർ ഹെയ്ലിയൊന്നും ആവണ്ടാന്ന് ഞാൻ മനസ്സിൽ പലവട്ടം പറഞ്ഞു. പക്ഷേ, എന്ത് കാര്യം!"

 

"എന്നിട്ട് ... എന്നിട്ട് ..." ഞാൻ പുലമ്പിക്കൊണ്ടിരുന്നു.

 

ഭയവിഹ്വലനായി കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റപ്പോൾ എന്റെ ദേഹമാസകലം വിയർത്ത് കുളിച്ചിരുന്നു. ടേബിൾ ഫാൻ കറങ്ങുന്നുണ്ട്. തുറന്നിട്ട ജാലകത്തിൽ കൂടി ഒക്ടോബർ മാസത്തിലെ ചെറിയൊരു തണുപ്പുമായി കാറ്റ് വീശുന്നുമുണ്ട്. എന്നിട്ടും ഞാൻ വിയർക്കുകയായിരുന്നു. എന്തൊക്കെയായിരുന്നു ഞാൻ സ്വപ്നത്തിൽ കണ്ടത്!

 

സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം. അത്രയ്ക്ക് യാഥാർത്ഥ്യമായി തോന്നുന്നു. ഞാനെഴുന്നേറ്റ് മേശപ്പുറത്ത് വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു. എന്റെ കണ്ണുകൾ അവിടെ വച്ചിരുന്ന പുസ്തകത്തിൽ ഉടക്കിനിന്നു. അടച്ചാണ് വച്ചിരുന്നതെന്ന് എനിയ്ക്ക് തീർച്ചയായിരുന്നു. അതാ വീണ്ടും അമ്പിളി എന്നെഴുതിയ താളിലേയ്ക്ക് പുസ്തകം തുറന്നിരിക്കുന്നു.

 

         ഞാൻ കണ്ട, അല്ല അനുഭവിച്ചറിഞ്ഞ സ്വപ്നത്തിലെ പെൺകുട്ടി. ആ കുട്ടിയ്ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക? എന്തെങ്കിലും ആകട്ടെ. ഞാൻ അതാലോചിച്ചിരുന്നാൽ പിന്നെ ഉറങ്ങാൻ ബുദ്ധിമുട്ടാകും. ഇനി ഉറങ്ങണമെങ്കിൽ മറ്റൊരു പുസ്തകമെടുക്കുന്നതാകും ഉചിതം.

 

         ഇന്നലെ മൂർ മാർക്കറ്റിൽ നിന്നും കൊണ്ടുവന്ന സഞ്ചിയിൽ കൈയിട്ട് ഞാൻ ഒരു പുസ്തകം വലിച്ചെടുത്ത് കിടക്കയിലേയ്ക്ക് മറിഞ്ഞു. കൈയിലുള്ള പുസ്തകത്തിന്റെ പുറം ചട്ട നോക്കി. ജെയിംസ് ഹാഡ്ലി ചേസിന്റെ 'ടൈഗർ ബൈ ദി ടെയിൽ'. എന്റെ അപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ ശീർഷകം!

 

പിറ്റേന്ന് ഞായറാഴ്ച. ഒഴിവ് ദിവസം. എല്ലാം സാവധാനം ചെയ്യാമെന്ന് വിചാരിച്ചാൽ ബ്രേക്ക് ഫാസ്റ്റ് കിട്ടുകയില്ല. അത് തീരുന്നതിന് മുമ്പേ മെസ്സ് ഹാളിൽ എത്തി. മുരളി, ബാല, തമ്പി എല്ലാവരും മുറ പോലെ എത്തിയിട്ടുണ്ട്. ഇവരോടൊക്കെ വർത്തമാനം പറഞ്ഞിരുന്നാൽ ലോകത്തെ എല്ലാ സങ്കടങ്ങളും മറക്കും. അത്ര രസികന്മാരാണെല്ലാവരും. നാട് വിട്ട് വന്നാൽ പിന്നെ എന്റെ ലോകം ഇവരെ ചുറ്റിപ്പറ്റി കറങ്ങുന്നു.

 

ആഹാരം കഴിച്ച് കഴിഞ്ഞ് പതിവ് പോലെ റീഡിംഗ് റൂമിലെത്തി. പത്രം വായനയും മാസിക വായനയുമൊക്കെ അവിടെയാണ്. ഇംഗ്ലീഷ് പത്രം ദിനേശ് നട്ടാറിന്റെ കൈയിൽ തന്നെ. അതിലെ ക്രോസ് വേർഡ് ചെയ്ത് തീർത്തിട്ടെ അയാൾ പത്രം താഴെ വയ്ക്കുകയുള്ളു. മലയാളം പത്രം ആർക്കും വേണ്ടാതെ അനാഥനായി കിടപ്പുണ്ട്. ഞാനതെടുത്തു. 12 ഒക്റ്റോബർ 1980 – ഇന്നത്തെ പത്രം തന്നെ.

 

മുൻപേജിലെ ഉദ്വേഗജനകമെന്ന് പത്രക്കാർക്ക് മാത്രം തോന്നുന്ന വാർത്തകളൊക്കെ ഓടിച്ച് നോക്കിയിട്ട് ഞാൻ താള് മറിച്ചു. മൂന്നാം പേജിലെ വാർത്ത കണ്ട് ഞാൻ സ്തബ്ധനായി. എന്റെ മേലാസകലം ഒരു മിന്നൽപ്പിണർ പായുന്നത് പോലെ. കാൽവിരൽത്തുമ്പിൽ നിന്നും ഒരു തരിപ്പ് മുകളിലേയ്ക്ക് പാഞ്ഞ് കയറി. തലയ്ക്കകത്തെ വിങ്ങൽ ചിന്തകളെ മരവിപ്പിക്കുന്നു.

 

"മലയാളത്തിന്റെ പ്രിയനായിക റാണിചന്ദ്ര നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം തികയുന്നു."

 

അതിനടിയിൽ ചെറിയ അക്ഷരത്തിൽ, "അമ്മയും മൂന്ന് ചെറിയ സഹോദരിമാരുമാണ് നടിയോടൊപ്പം അന്ന് ബോംബെയിൽ നടന്ന വിമാനാപകടത്തിൽ മരണമടഞ്ഞത്." അവരുടെ പേരുകളും അവിടെ ചേർത്തിട്ടുണ്ടായിരുന്നു.

 

"ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?" എന്റെ കാതുകളിൽ ആ ശബ്ദം മുഴങ്ങി!

 

xxx

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo