Showing posts with label KurukshethraBhoomika. Show all posts
Showing posts with label KurukshethraBhoomika. Show all posts

കുരുക്ഷേത്ര ഭൂമികയിൽ(പർവ്വം മൂന്ന്)......

കുരുക്ഷേത്ര ഭൂമികയിൽ(പർവ്വം മൂന്ന്)......
.............. ........
സുയോധനനും ഭീമസേനനും തമ്മിലുള്ള യുദ്ധം കുരുക്ഷേത്ര ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.ഗദകൾ തമ്മിലുള്ള കലഹം യുദ്ധഭൂമിയിൽ തീപൊരി ചിതറിച്ചു.വിണ്ണിൽ ഇടിനാദം മുഴങ്ങി..ഹലായുധൻ തൻ്റെ ശിഷ്യന്മാരുടെ യുദ്ധം കാണാൻ എത്തിയിട്ടുണ്ട്.
സുയോധനൻ്റെ ഗദ കൊണ്ടുള്ള ഓരോ പ്രഹരവും ഭീമന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭീമൻ്റെ പ്രതിരോധം പലപ്പോഴും നിഷ്ഫലമായി പോയി...ഭീമൻ്റെ പ്രഹരങ്ങളെ അതി വിദഗ്ഥമായി സുയോധനൻ പ്രതിരോധിച്ചു..തൻ്റെ ശിഷ്യൻ്റെ യുദ്ധ മികവ് കണ്ട ബലരാമൻ വിജയം സുയോധനന് തന്നെ എന്ന് ഉറപ്പിച്ചു.
അർജ്ജുനനെ കൃഷ്ണൻ അടുത്തേക്ക് വിളിച്ചു
"പാർത്ഥാ..സുയോധനനെ നേരായ മാർഗ്ഗത്തിലൂടെ ഭീമന് ജയിക്കാൻ പറ്റില്ല"
കൃഷ്ണൻ തൻ്റെ കൈയെടുത്ത് വലതുതുടയിൽ പതുക്കെ ഒന്നടിച്ചു. അതിൻ്റെ അർത്ഥം മനസ്സിലായ അർജ്ജുനൻ സ്വന്തം തുടയിൽ പതുക്കെ അടിക്കാൻ തുടങ്ങി.
സുയോധനൻ്റെ അടിയേറ്റ് തളർന്നിരിക്കുന്ന ഭീമന് അർജ്ജുനൻ്റെ ആ പ്രവർത്തിയുടെ സാരം മനസ്സിലായി.. ഭീമൻ കൃഷ്ണനെ നോക്കി.പാർത്ഥസാരഥി ഒന്ന് പുഞ്ചിരിച്ചു.
ക്ഷീണം മാറി യുദ്ധത്തിന് തയ്യാറായി വന്ന ഭീമന് കരുത്ത് കൂടിയത് പോലെ.ഭീമൻ്റെ ഓരോ പ്രഹരത്തിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്ന സുയോധനൻ്റെ തുട നോക്കി ഭീമൻ പ്രഹരിച്ചു..ഒരു ആർത്തനാദത്തോടെ സുയോധനൻ വീണു..ഭീമൻ പിന്നെയും പ്രഹരിച്ചു..
യുദ്ധനിയമങ്ങൾ കാറ്റിൽ പറന്നു..ഭീമസേനൻ യുദ്ധനിയമം തെറ്റിച്ചത് കണ്ട് ബലരാമൻ കോപിഷ്ടനായി ഭീമനെ ആക്രമിക്കാൻ ശ്രമിച്ചു.. ശ്രീകൃഷ്ണൻ ബലരാമനെ തടഞ്ഞു.
"കൃഷ്ണാ എന്താണിത്? ഇതാണോ പാണ്ഡവരുടെ യുദ്ധധർമ്മം? ഗദായുദ്ധത്തിൽ അരയ്ക്ക് താഴെ പ്രഹരിക്കരുത് എന്നല്ലെ..എന്നിട്ട് എന്താണ് കുന്തിപുത്രൻ ഈ ചെയ്തത്?"
"ജേഷ്ഠാ..ഇവിടെ ധർമ്മാധർമ്മങ്ങൾ നോക്കേണ്ട ആവശ്യമില്ല..ലക്ഷ്യമാണ് പ്രധാനം.പാണ്ഡവരുടെ വിജയമാണ് ലക്ഷ്യം. ലക്ഷ്യം ധർമ്മത്തെ സാധൂകരിച്ചോളും"
തുടയെല്ല് പൊട്ടി മരണാസനനായി കിടക്കുന്ന സുയോധനനെ നോക്കി ഭീമൻ അട്ടഹസിച്ചു.. ആ അട്ടഹാസം മൂന്ന് ലോകത്തിലും പ്രതിധ്വനിച്ചു..ഭീമൻ്റെ ശപദം നിറവേറിയിരിക്കുന്നു.
സുയോധനൻ്റെ പതനം കൗരവപടയെ ഉലച്ചു..അശ്വത്ഥാമാവും കൃപരും ശ്രുതകർമ്മാവും ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു..
തുട തകർന്നു കിടക്കുന്ന വേദനയ്ക്കിടയിലും സുയോധനൻ കൃഷ്ണനോട് പറഞ്ഞു..ക്ഷോഭം കൊണ്ട് സുയോധനൻ വിറയ്ക്കുന്നുണ്ട്.
"ഹേ...കൃഷ്ണാ..കംസാന്തകാ...ധർമ്മം സംരക്ഷിക്കാനാണല്ലോ അങ്ങ് പാണ്ഡവരെ സഹായിച്ചത്..എന്നിട്ടെവിടെയാണ് പാണ്ഡവർ ധർമ്മം പ്രവർത്തിച്ചത്? ഭീഷ്മപിതാമഹനെ ശിഖണ്ഡിയെ മുന്നിൽ നിർത്തി പാർത്ഥൻ ശരശയ്യയിൽ കിടത്തിയത് ധർമ്മമാണോ കൃഷ്ണാ?സ്ത്രീകളോട് യുദ്ധം ചെയ്യില്ല എന്ന പിതാമഹൻ്റെ പ്രതിജ്ഞ അറിവുള്ളതല്ലേ?ഞങ്ങളുടെയെല്ലാം ഗുരുവായ ദ്രോണാചാര്യരെ അദ്ദേഹത്തിന്റെ പുത്രനായ ഈ നില്ക്കുന്ന ദ്രോണി വധിക്കപ്പെട്ടെന്ന് കളവ് പറഞ്ഞ് ധർമ്മപുത്രർ വീഴ്ത്തിയത് ധർമ്മമാണോ?തളർന്നു വീണ ഗുരുവിനെ ധൃഷ്ടദ്യുമനൻ്റെ കൈയാൽ അല്ലേ വധിച്ചത്?വധിക്കപ്പെട്ടത് അശ്വത്ഥാമാവ് എന്ന കരിയാണെന്ന് പതുക്കെ പറഞ്ഞത് കൊണ്ട് അത് ധർമ്മമാകുമോ?വില്ലാളിവീരനായ കർണ്ണനെ തൻ്റെ രഥചക്രം മണ്ണിൽ പൂണ്ടപ്പോൾ അത് ഉയർത്തുന്ന സമയം നോക്കി യുദ്ധമര്യാദ പാലിക്കാതെ പാർത്ഥൻ വധിച്ചത് എന്ത് ധർമ്മ പരിപാലനമായിരുന്നു കൃഷ്ണാ..ഗദായുദ്ധത്തിൽ അരയ്ക്ക് താഴെ മർദ്ദിക്കരുതെന്ന നിയമം തെറ്റിച്ച് നമ്മേ വൃകോദരൻ വീഴ്ത്തിയത് ധർമ്മമാണോ കൃഷ്ണാ?"
"സുയോധനാ ഈ യുദ്ധം നീ വരുത്തി വച്ചതാണ്.പാണ്ഡവർക്ക് അവകാശപ്പെട്ട പകുതി രാജ്യം കൊടുത്തില്ലെന്ന് മാത്രമല്ല അവരെ വനവാസത്തിന് അയച്ചപ്പോൾ അരക്കില്ലത്തിൽ ഇട്ട് അഗ്നിക്കിരയാൻ മാതൂലനായ ശകുനിയുടെ വാക്ക് കേട്ട് നീ തയ്യാറായി.. നാം തന്നെ സന്ധിസംഭാഷണത്തിന് വന്നപ്പോൾ സുയോധനാ നീ നമ്മേ അപമാനിച്ച് വിട്ടതല്ലേ...സ്വന്തം സഹോദരിയായി കാണേണ്ട ദ്രൗപതിയെ രാജകൊട്ടാരത്തിൽ വച്ച് അപമാനിച്ചത് മറന്നോ സുയോധനാ.. സ്വന്തം തുടയിൽ അടിച്ച് മടിയിൽ ഇരിക്കാൻ പാഞ്ചാലിയെ ക്ഷണിച്ചിരുന്നില്ലേ ധാർത്തരാഷ്ട്രാ..അന്യൻ്റെ ഭാര്യയെ കാമിക്കുന്നത് ഭൂഷണമാണോ സുയോധനാ..അന്ന് ഭീമസേനൻ ഹസ്തിനപുരിയെ സാക്ഷിയാക്കി പ്രതിജ്ഞയെടുത്തത് മറന്നോ സുയോധനാ? ഈ യുദ്ധം ഒഴിവാക്കാൻ നാം ആവശ്യപ്പെട്ടതല്ലേ.നമ്മുടെ വാക്ക് കേട്ടിരുന്നെങ്കിൽ സുയോധനാ ഈയൊരു അവസ്ഥ വരുമായിരുന്നോ?"
കൃഷ്ണൻ ഒന്ന് നിർത്തി
"ഭീഷ്മപിതാമഹനും ഗുരു ദ്രോണരും കർണ്ണനും വധിക്കപ്പെട്ടത് നീ കാരണമാണ് സുയോധനാ.. നിൻ്റെ കൂടെയുള്ള സഹവാസം.. ദുഷ്പ്രഭ്വികളോടൊപ്പം ചേർന്നാൽ സത്ജനങ്ങൾക്കും നാശമാണ് ഫലം എന്ന് ഓർത്ത് കൊൾക്കാ"
സുയോധനൻ അപ്പോഴും അക്ഷോഭ്യനായിരുന്നു..വേദനകൊണ്ട് പുളയുമ്പോഴും ആ കണ്ണുകളിൽ ഭയത്തിന്റെ ഒരു ലാഞ്ചനപോലും ഉണ്ടായിരുന്നില്ല.
"എനിക്ക് മരണത്തെ ഭയമില്ല കൃഷ്ണാ..നേരായ വഴിയെ കൗരവരോട് പോരാടിയിരുന്നെങ്കിൽ പാണ്ഡവർക്ക് വിജയം അന്യമായേനെ...നിങ്ങളുടെ വിജയത്തെ മാലോകർ സംശയിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും..ഒന്നോർത്ത് കൊള്ളുക നാം നിങ്ങളെക്കാൾ മുന്നേ സ്വർഗസ്ഥനാവും..നാം സ്വർഗത്തിൽ ഉപവിഷ്ടനാകുന്നത് നിങ്ങൾക്ക് അത്ര സുഖകരമായിരിക്കില്ല"
സുയോധനൻ അശ്വത്ഥാമാവിനെ അരികിലേക്ക് വിളിച്ചു
"ദ്രോണി ശല്ല്യരും വധിക്കപ്പെട്ട് കഴിഞ്ഞു.കൗരവപടയുടെ നാശം പൂർണമാകുന്നു..ഇനിയുള്ള യുദ്ധം നയിക്കാൻ പ്രാപ്തൻ താങ്കളാണ്...താങ്കളുടെ ഇച്ഛയനുസരിച്ച് തീരുമാനം കൈകൊള്ളുക"
സുയോധനൻ്റെ കണ്ണുകൾ പതുക്കെ അടയുവാൻ തുടങ്ങി...ദേവലോകത്ത് നിന്ന് ദേവിദേവന്മാർ പുഷ്പവൃഷ്ടി നടത്തുന്നു...സുയോധനൻ്റെ ദേഹത്തിൽ നിന്ന് ദേഹി വിട്ടൊഴിഞ്ഞു.. സ്വർലോകത്തിൽ ധാർത്തരാഷ്ട്രനെ സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു..അപ്പോൾ അശ്വത്ഥാമാവിൻ്റെയുള്ളിൽ ഒരു വന്യമൃഗം പകയോടെ മുരളുന്നത് ആരും അറിഞ്ഞില്ല.
(അവസാനിച്ചു)
ബിജു പെരുംചെല്ലൂർ

കുരുക്ഷേത്ര ഭൂമിക....(പർവ്വം രണ്ട്)....


കുരുക്ഷേത്ര ഭൂമിക....(പർവ്വം രണ്ട്)....
..............................................
ഗംഗാ നദി തീരം......
സ്നാനം കഴിഞ്ഞു നഗ്നനായി വരുന്ന സുയോധനനെ കണ്ട കൃഷ്ണൻ പരിഹാസത്തോടെ സുയോധനനോട്
"അല്ലയോ സുയോധനാ ഈ നഗ്നമേനിയുമായി എങ്ങോട്ടെക്കാണ്..താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ?ഇത്തരം വൃത്തികേടുകൾ ഒരു രാജാധിപന് ഭൂഷണമോ?"
"ഞാൻ എൻ്റെ മാതാവിന്റെ അനുഗ്രഹം വാങ്ങുന്നതിനായി പോകുകയാണ്..മാതാവ് ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ നഗ്നനായി പോകുന്നത്"
"രാജമാതാ ഗാന്ധാരിക്ക് മകൻ വളർന്നതൊന്നും അറിയില്ലെന്നോ?കഷ്ടം..സ്വന്തം മാതാവിന്റെ മുന്നിലേക്ക് ഒരു ഒത്ത പുരുഷനായ മകൻ നഗ്നനായി പോകണമെന്ന് ഗാന്ധാരി പറഞ്ഞുവെന്നോ?ഇനി അങ്ങനെ പറഞ്ഞാലും ഹസ്തിനപുരിയുടെ യുവരാജാവ് ഇങ്ങനെ ചെല്ലുന്നത് പ്രജകളുടെ പരിഹാസത്തിന് പാത്രീകരിക്കാൻ മാത്രമേ ഉപകാരപ്പെടു"
ഗാന്ധാരി എന്തിനായിരുന്നു സുയോധനനോട് നഗ്നനായി വരാൻ ആവശ്യപ്പെട്ടതെന്ന് തൃകാലജ്ഞാനിയായ കൃഷ്ണന് നേരത്തെ മനസ്സിലായിരുന്നു.. അത് പാണ്ഡവർക്ക് എത്രമാത്രം ദോഷം ചെയ്യുമെന്നും. സുയോധനനെ ഈ പ്രവർത്തിയിൽ നിന്ന് പിന്തിരിപ്പിച്ചേ മതിയാകു എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് സുയോധനനെ കൃഷ്ണൻ പരിഹസിച്ചത്.
കൃഷ്ണൻ്റെ പരിഹാസവാക്കുകൾ കേട്ടതിനാൽ താൻ ചെയ്യുന്ന പ്രവർത്തി എത്രമാത്രം മോശമാണെന്ന ചിന്ത സുയോധനന് ഉണ്ടായി..ഒരു ഇല പറിച്ചെടുത്ത് തൻ്റെ നഗ്നത മറച്ച് നടന്ന് പോകുന്ന സുയോധനനെ നോക്കി കൃഷ്ണൻ പുഞ്ചിരിച്ചു..
ഗാന്ധാരിയുടെ അന്തപുരം...
"മാതേ"
"പുത്രാ സുയോധനാ ഇങ്ങ് അടുത്തു വരു"
സുയോധനൻ ഗാന്ധാരിയുടെ അടുത്തേക്ക് ചെന്നു..ശിവ ധ്യാനത്തിലൂടെയും തപോബലത്താലും ഗാന്ധാരിക്ക് തൻ്റെ മകനെ കാണാനുള്ള കാഴ്ച ശക്തി പ്രാപ്യമായിരുന്നു...സുയോധനൻ്റെ ശരീരം കണ്ട ഗാന്ധാരി നിരാശയോടെ
"പുത്രാ സുയോധനാ എന്താണിത്? ഇങ്ങനെയാണോ പുത്രാ നാം വരാൻ പറഞ്ഞത്..എന്തിനാണ് പുത്രാ നഗ്നത മറച്ചത്?"
"മാതേ അങ്ങ് എൻ്റെ മാതാവ് തന്നെയാണ്.. പക്ഷെ അങ്ങ് ഒരു സ്ത്രീ കൂടെയാണ്.. ഞാനൊരു പുരുഷനാണ് ഈ ഹസ്തിനപുരിയുടെ അരചനാണ്.ഞാനിങ്ങനെ നഗ്നനായി വരുന്നത് പ്രജകൾ കണ്ടാൽ അതീ ഹസ്തിനപുരിയുടെ യശസ്സിന് തന്നെ കളങ്കമാവില്ലേ മാതേ"
"പുത്രാ..ഞാൻ തപോബലം കൊണ്ട് നേടിയതെല്ലാം വിഫലമായി പോയല്ലോ..ഞാൻ എൻ്റെ നേത്രങ്ങൾ കൊണ്ട് കണ്ട നിൻ്റെ ശരീരഭാഗം മുഴുവനും ഇരുമ്പ് പോലെ ദൃഢമായി മാറിയിരിക്കുന്നു..എന്നാൽ മറച്ചു പിടിച്ച ഭാഗം പഴയത് പോലെ തന്നെയായിരിക്കും.പുത്രൻ്റെ ദേഹത്ത് അരയ്ക്കു താഴേ ഒഴിച്ച് മറ്റെവിടെ മർദ്ദിച്ചാലും അത് മുഴുവൻ നിഷ്ഫലമായി തീരുകയേയുള്ളു"
"മാതേ..ക്ഷമിക്കണം..ഞാനെൻ്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്...അങ്ങ് ഒന്നു കൂടി നോക്കൂ ഞാനിതാ പൂർണ നഗ്നനായിരിക്കുന്നു"
"സുയോധനാ എനിക്ക് ശിവഭഗവാൻ തന്ന ശക്തി ക്ഷയിച്ചിരിക്കുന്നു.ഇനി ഒരിക്കൽ കൂടി പുത്രനെ കാണാൻ എനിക്ക് സാധിക്കില്ല..വരുംവരായ്ക്കകൾ പുത്രൻ അനുഭവിച്ചു കൊള്ളുക"
"മാതേ എന്നെ അനുഗ്രഹിച്ചാലും..അങ്ങയുടെ പുത്രൻ ഈ യുദ്ധത്തിൽ ജയിച്ചു വരാൻ അനുഗ്രഹിച്ചാലും"
"യഥാ ധർമ്മഃ സ്തതോ ജയഃ"
**** **** ****
നദികരയിൽ അക്ഷമരായി കാത്തിരിക്കുകയാണ് കൃഷ്ണ-പാണ്ഡവാദികൾ.സുയോധനൻ ഇനിയും യുദ്ധഭൂമിയിൽ എത്തിയിട്ടില്ല..ഭീമൻ്റെ പരിഹാസം ഏറിവരികയാണ്.ധാർത്തരാഷ്ട്രൻ പേടിച്ചോടുന്നവനല്ലെന്ന് കൃഷ്ണന് വ്യക്തമായി അറിയാം. നദിയിലെ ഓളങ്ങൾ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ട കൃഷ്ണന് മനസ്സിലായി സുയോധനൻ നദിയുടെ അടിയിൽ ഉണ്ടെന്ന്..സുയോധനനെ പുറത്ത് കൊണ്ടു വന്നേ മതിയാകു.കൃഷ്ണൻ പാണ്ഡവർക്ക് സുയോധനനെ കാണിച്ചു കൊടുത്തു.
ഭീമൻ അട്ടഹസിച്ചു..
"ഏയ് ഭീരുവായ സുയോധനാ യുദ്ധഭൂമിയിലേക്ക് വരാതെ ഇങ്ങനെ ഒളിച്ചിരിക്കാൻ ലജ്ജയില്ലേ?ഇതാണോ ഹസ്തിനപുരിയുടെ സമ്പ്രദായം.ഒളിച്ചിരിക്കാതെ യുദ്ധത്തിന് തയ്യാറാവുക"
നദിയിൽ നിന്നും സുയോധനൻ കരയിലേക്ക് കയറി
"ഭീരു ഞാനല്ല വൃകോദരാ..ഞാൻ ജീവിച്ചിരുന്നാൽ പാണ്ഡവരെ ഉന്മൂലനം ചെയ്യുമെന്ന് ഏവർക്കും അറിയാവുന്നതാണ്.ആ ഭയം നിങ്ങളുടെ ഓരോരുത്തരുടെയും കണ്ണിൽ എനിക്ക് കാണാം. ഭീരുക്കൾ നിങ്ങളാണ്..യുദ്ധത്തിന് ഞാൻ തയ്യാറാണ്..നിങ്ങളിൽ ആർക്കാണ് എന്നെ എതിരിടാൻ തക്ക ശക്തിയുള്ളത്?"
"സുയോധനാ നിന്നെ എതിരിടാൻ ഞാൻ തന്നെ യോഗ്യൻ"
"ആ...ഭീമാ..നീ തന്നെയാണ് എനിക്ക് അനുയോജ്യൻ..പാണ്ഡവരിൽ ഏറ്റവും കരുത്തൻ"
ക്ഷോഭം കൊണ്ട് സുയോധനൻ വിറയ്ക്കുകയാണ്
ഭീമ-സുയോധന യുദ്ധം കാണാൻ ദേവലോകത്തെ മുഴുവൻ ദേവന്മാരും എത്തി കഴിഞ്ഞു.. ആര് വിജയിക്കും?
ബലരാമ ശിഷ്യന്മാരായ രണ്ടു പേരുടെ യുദ്ധം
"കൃഷ്ണാ ഈ യുദ്ധത്തിൽ ആര് വിജയിക്കും" യുധിഷ്ഠിരൻ്റെ ആശങ്ക
"ജേഷ്ഠാ കുന്തിപുത്രൻ കരുത്തനാണ്..കരുത്തിൽ ഭീമനെ തോല്പിക്കാൻ സുയോധനന് സാധിക്കില്ല..എന്നാൽ ബുദ്ധിയിലും കഴിവിലും സുയോധനനാണ് മുന്നിൽ.അതുകൊണ്ട് തന്നെ വിജയം പ്രവചിക്കാൻ നാം അശക്തനാണ്"
യുദ്ധം തുടങ്ങി കഴിഞ്ഞു.. രണ്ട് തുല്ല്യ ശക്തികൾ തമ്മിലുള്ള അതിഘോര യുദ്ധം
(അവസാനിക്കുന്നില്ല)
ബിജു പെരുംചെല്ലൂർ

കുരുക്ഷേത്ര ഭൂമിക (പർവ്വം ഒന്ന്)

Image may contain: 2 people, text

(ഇതൊരു കഥയല്ല വെറുമൊരു പഠനം.നമ്മൾ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കുരുക്ഷേത്ര യുദ്ധത്തിൽ നിന്നൊരു ഏട്..അതുകൊണ്ട് തന്നെ ഈ കഥയിൽ യാതൊരു പുതുമയും അവകാശപ്പെടുന്നില്ല..തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണം.)
കുരുക്ഷേത്ര ഭൂമിക.....(പർവ്വം ഒന്ന്)
................................................
കുരുക്ഷേത്ര യുദ്ധം പതിനേഴ് ദിനരാത്രങ്ങൾ പിന്നിട്ടിരിക്കുന്നു...യുദ്ധകൂടാരത്തിൽ ക്ഷീണിച്ചവശനാണെങ്കിലും സുയോധനന് ഒട്ടും ഉറങ്ങാൻ സാധിക്കുന്നില്ല.കണ്ണിൻ്റെ മുന്നിൽ കർണ്ണൻ്റെ ചേതനയറ്റ ശരീരം..തനിക്കാരായിരുന്നു കർണ്ണൻ?തൻ്റെ നേരനുജൻ ദുശ്ശാസനെക്കാൾ തൻ്റെ മറ്റ് സഹോദരന്മാരേക്കാൾ പ്രിയ സഹോദരി ദുശ്ശളേയ്ക്കാൾ താൻ സ്നേഹിച്ച വിശ്വസിച്ച ഒരു നല്ല സതീർത്ഥ്യനുമപ്പുറം തനിക്കൊരു കൂടപിറപ്പ് തന്നെയായിരുന്നില്ലേ രാധേയൻ?
യുദ്ധ ഭൂമിയിൽ ഭീഷ്മപിതാമഹൻ്റെ പതനത്തിന് ശേഷം തൻ്റെ കൗരവപടയേ നയിക്കാൻ ഏറ്റവും അനുയോജ്യനും സമർത്ഥനുമായ ഒരു പോരാളി തന്നെയായിരുന്നു കർണ്ണൻ..
"അല്ലയോ രാധേയാ നിൻ്റെ പതനം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..അർജ്ജുനൻ്റെ കൈയാൽ നീ വധിക്കപ്പെടുമെന്ന് ഞാനൊരിക്കലും കരുതിയില്ല."
സുയോധനൻ കർണ്ണൻ്റെ വിയോഗത്തിൽ പൊട്ടി കരഞ്ഞു..അതുവരെയും അക്ഷോഭ്യനായി നിന്നിരുന്ന സുയോധനൻ പൊട്ടികരയുന്നത് കണ്ട അശ്വത്ഥാമാവും ശ്രുതകർമ്മാവും ശല്ല്യരും ധാർത്തരാഷ്ട്രനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴറി..
അടുത്ത ദിവസത്തേ യുദ്ധസന്നാഹത്തിന് സൈന്യത്തെ തയ്യാറാക്കാൻ ശല്ല്യരെ ഏർപ്പാട് ചെയ്തു. ഇനിയുള്ള യുദ്ധം നയിക്കാൻ ശല്ല്യരെ സർവ്വസൈന്യാധിപനായി നിയമിച്ചതിന് ശേഷം ശരശയ്യയിൽ കിടക്കുന്ന ഭീഷ്മപിതാമഹൻ്റെ അടുത്തേക്ക് സുയോധനൻ പോയി.
*****
കർണ്ണൻ്റെ മരണത്തിൽ സന്തോഷിച്ചു നില്ക്കുന്ന പാണ്ഡവരുടെ അടുത്തേക്ക് കുന്തിദേവി വന്നു..മുഖത്ത് ഒട്ടും സന്തോഷമില്ല..കുന്തിദേവി യുദ്ധ ഭൂമിയിലേക്ക് പ്രവേശിച്ചു.കുന്തി നേരെ ചെന്നത് യുദ്ധഭൂമിയിൽ വച്ച് തൻ്റെ അർജ്ജുനൻ്റെ കൈയാൽ വധിക്കപ്പെട്ട കർണ്ണൻ്റെ അടുക്കലേക്കാണ്..കർണ്ണൻ്റെ ശിരസ്സെടുത്ത് തൻ്റെ മടിയിൽ വച്ച് കുന്തിദേവി ഇടനെഞ്ച് പൊട്ടി കരഞ്ഞു..തങ്ങളുടെ മാതാവ് ശത്രുപക്ഷത്തുള്ള ഒരാളുടെ അതും വെറുമൊരു സൂതപുത്രൻ്റെ മരണത്തിൽ ഇത്രമാത്രം കരയുന്നതെന്തെന്ന് പാണ്ഡവർക്ക് മനസ്സിലായില്ല.
"മാതേ അങ്ങ് കാണുന്നില്ലേ മാതയുടെ മക്കൾ കൗരവപടക്കെതിരെ പോരാടിയത്..മക്കൾ ഇങ്ങനെ വിജയിച്ചിരിക്കുമ്പോഴും എന്തിനാണ് മാതേ ഒരു ശത്രുവിൻ്റെ മരണത്തിൽ ഇത്ര ദുഃഖിക്കുന്നത്? വീരശൂര പരാക്രമിയായ,ഭീമൻ്റെ പുത്രനെ അങ്ങയുടെ പൗത്രനെ, ഘടോൽകചനെ വധിച്ചവനാണ് കർണ്ണൻ..അവന് വേണ്ടി എന്തിനാണ് മാതേ കരയുന്നത്?"
ധർമ്മപുത്രരുടെ ചോദ്യങ്ങൾ കുന്തിദേവിയുടെ ഉള്ളം പൊള്ളിച്ചു.എന്ത് മറുപടി താൻ കൊടുക്കും?
ധർമ്മപുത്രർ വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു
"നിർത്ത്...യുധിഷ്ഠിരാ...നിർത്ത്..നിനക്കറിയില്ല ഒരു മാതാവിന്റെ വേദന... കർണ്ണൻ.. സൂതപുത്രനല്ല..സൂര്യപുത്രൻ..എൻ്റെ...എൻ്റെ മകനാണ്.പാണ്ഡവരിൽ മൂത്തവൻ..സൂര്യഭഗവാനാൽ എനിക്ക് പിറന്ന മകൻ"
പാണ്ഡവർ ഞെട്ടിത്തരിച്ചു പോയി.എന്താണീ കേൾക്കുന്നത്!!കർണ്ണൻ തങ്ങളുടെ മൂത്ത സഹോദരനോ? ആ സഹോദരനെയാണോ അർജ്ജുനൻ വധിച്ചത്?..ഈ പാപം ഏത് ജന്മത്തിലാണ് ഞങ്ങളെ വിട്ടു പോകുക...
യുധിഷ്ഠിരൻ കോപം കൊണ്ട് വിറച്ചു.
"മാതേ..നിങ്ങളാണ് ഈ യുദ്ധത്തിന് ഹേതു..നിങ്ങൾ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ മാതേ?..സ്വന്തം സഹോദരനെ കൊന്ന പാപം ഞങ്ങൾ എവിടെ കൊണ്ടുപോയി ഒഴുക്കി കളയും..ഇത്ര വലിയ രഹസ്യം എന്തിനായിരുന്നു മാതാവേ അങ്ങ് മറച്ചു വെച്ചത്?...മാതേ ഞാനിതാ ശപിക്കുന്നു.. ഇനി മുതൽ ഒരു രഹസ്യവും സ്ത്രീജനങ്ങൾക്ക് സൂക്ഷിക്കാൻ കഴിയാതിരിക്കട്ടെ"
കൃഷ്ണൻ്റെ സമാധാന വാക്കുകൾ കേട്ട ധർമ്മപുത്രൻ ശാന്തനായി...
പാണ്ഡവർ കൂടാരത്തിലേക്ക് മടങ്ങി.
*****
"പിതാമഹാ എന്നെ അനുഗ്രഹിക്കണം...കർണ്ണൻ്റെ വിയോഗം അങ്ങ് അറിഞ്ഞു കാണുമല്ലോ...കർണ്ണൻ എനിക്കു കൂടപിറപ്പ് തന്നെയായിരുന്നു.കർണ്ണൻ്റെ വിയോഗം എന്നെ തളർത്തി കളഞ്ഞു"
"പുത്രാ..കർണ്ണൻ നിനക്ക് വെറുമൊരു സതീർത്ഥ്യൻ മാത്രമാണ് എന്നിട്ടും ഹസ്തിനപുരത്തിൻ്റെ അംഗരാജ്യത്തിൻ്റെ അധിപനായി കർണ്ണനെ നീ വാഴിച്ചു... പക്ഷെ പാണ്ഡവർക്ക് കർണ്ണൻ സ്വന്തം സഹോദരൻ തന്നെയായിരുന്നില്ലേ"
"പിതാമഹാ അങ്ങെന്താണീ പറയുന്നത്?കർണ്ണൻ പാണ്ഡവരുടെ സഹോദരനാണെന്നോ?"
"അതേ പുത്രാ..കർണ്ണൻ കുന്തിസുതനാണ്..സൂര്യഭഗവനനാൽ കുന്തിക്ക് പിറന്നവൻ..സൂര്യപുത്രൻ..പാണ്ഡവരിൽ മൂത്തവൻ..ജനിച്ചപ്പോൾ തന്നെ കവചകുണ്ഡലങ്ങൾ ലഭിച്ചവൻ..താൻ കുന്തിപുത്രനാണെന്നറിഞ്ഞ് കൊണ്ടു തന്നെയാണ് സുയോധനാ രാധേയൻ പാണ്ഡവർക്കെതിരെ ആയുധമെടുത്തത്..അത് നിന്നോടുള്ള സ്നേഹത്തെ കരുതി നിന്നിലുള്ള വിശ്വാസത്തെ കരുതി..അർജ്ജുനൻ്റെ കൈകളാൽ കൊല്ലപ്പെടുമ്പോഴും കർണ്ണനറിയാമായിരുന്നു പാർത്ഥൻ തൻ്റെ ഇളയസഹോദരനാണെന്ന്"
കർണ്ണൻ കുന്തിപുത്രനാണെന്നുള്ള അറിവ് സുയോധനനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്..ഒരർത്ഥത്തിൽ കുരുവംശത്തിൻ്റെ അധിപനായി വാഴേണ്ടവൻ.ഒരുപക്ഷെ ഹസ്തിനപുരത്തിൻ്റെ രാജാവായി രമിക്കേണ്ടവൻ തൻ്റെ തോഴനായി തൻ്റെ ആജ്ഞ അനുസരിച്ച് ഹസ്തിനപുരത്തിൻ്റെ ഒരു അംഗരാജ്യത്തിൻ്റെ അധിപനായി ആരോടും പരാതി പറയാതെ തൻ്റെ രാജധർമ്മം നിർവഹിച്ചവൻ..സത്യസന്ധൻ ധാനധർമ്മിഷ്ടൻ...അതുകൊണ്ടാണല്ലോ അർജ്ജുന പിതാവായ ദേവേന്ദ്രൻ വന്ന് കവചകുണ്ഡലങ്ങൾ ദാനമായി ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ രാധേയൻ അവ ദാനമായി നല്കിയത്...
ഭീഷ്മപിതാമഹൻ്റെ കാല് തൊട്ട് വന്ദിച്ച് സുയോധനൻ ഹസ്തിനപുരിയിലേക്ക് പുറപ്പെട്ടു.. മാതാവായ ഗാന്ധാരിയെ കണ്ട് അനുഗ്രഹം വാങ്ങണം..
*** *** ***
പതിനെട്ടാം ദിനം കുരുക്ഷേത്ര ഭൂമി.സുയോധനൻ ഇനിയും യുദ്ധഭൂമിയിലേക്ക് എത്തിയിട്ടില്ല...ഭീമസേനൻ ആർത്തട്ടഹസിച്ചു..
"ഹ...ഹ...ഹ...കൗരവപടയുടെ നായകൻ ദുര്യോധനൻ പേടിച്ചോടിയിരിക്കുന്നു..പാണ്ഡവരുടെ ശക്തി അവന് നന്നായി അറിയാം"
"ഇനി സുയോധനൻ യുദ്ധം ചെയ്യാതെ മറഞ്ഞിരിക്കുകയാണോ"ധർമ്മപുത്രരുടെ സംശയം
"ജേഷ്ഠാ...സുയോധനൻ ഒരു ഭീരുവല്ല..ഹസ്തിനപുരിയുടെ യുവരാജാവാണ്,പ്രജാക്ഷേമതല്പരനാണ്,ഇത്രയും വലിയ യുദ്ധം നടന്നിട്ടും ഹസ്തിനപുരിയിലെ ജനങ്ങൾക്ക് യാതൊരുവിധ പ്രയാസങ്ങളും അനുഭവപ്പെടാത്തത് സുയോധനൻ്റെ ഭരണ മികവാണ്..വെറുമൊരു സൂതപുത്രനായ കർണ്ണനെ അംഗരാജ്യത്തിലെ രാജാവായി വാഴിച്ചവനാണ്..അങ്ങനെയുള്ള സുയോധനനെ തോൽപിക്കാത്തിടത്തോളം കാലം നിങ്ങൾക്കീ യുദ്ധം ജയിക്കാനാവില്ല.സമയമാകുമ്പോൾ സുയോധനൻ യുദ്ധഭൂമിയിലേക്ക് വരിക തന്നെ ചെയ്യും..വരാതിരിക്കാൻ ധാർത്തരാഷ്ട്രന് പറ്റില്ല"
കൃഷ്ണൻ്റെ വാക്കുകൾ പാണ്ഡവർ സശ്രദ്ധം ശ്രവിച്ചു.
*** *** ***
ഹസ്തിനപുരി...
ഗാന്ധാരിയുടെ അന്തപുരം..
"മാതേ"
"പുത്രാ സുയോധനാ"
"മാതേ എന്നെ അനുഗ്രഹിക്കണം..അങ്ങയുടെ പുത്രൻ ഈ യുദ്ധത്തിൽ വിജയിച്ചു വരാൻ അനുഗ്രഹിക്കണം..എല്ലാവരും വീണു കഴിഞ്ഞു മാതേ..ഭീഷ്മപിതാമഹൻ,ഗുരു ദ്രോണാചാര്യർ,എൻ്റെ കർണ്ണൻ മാതയുടെ ദുശ്ശാസനൻ...എല്ലാവരും..ഇനിയീ മകൻ മാത്രമേ ഉള്ളു"
"പുത്രാ..എനിക്ക് നിൻ്റെ വിജയത്തിനായി അനുഗ്രഹിക്കാൻ സാധ്യമല്ല.. എന്നിരുന്നാലും പുത്രനെ ഈ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടുത്താൻ എനിക്ക് പറ്റും..മകൻ പോയി ഗംഗാനദിയിൽ സ്നാനം ചെയ്തു വരു..ഒരു കാര്യം പ്രത്യേകം ഓർക്കുക.. പുത്രൻ എന്നെ കാണാൻ വരുമ്പോൾ പരിപൂർണ്ണ നഗ്നനായി വേണം വരാൻ"
"മാതേ..അത്..ഞാൻ ഇന്ന് ഒരു കൊച്ചുകുട്ടിയല്ല ...ഒത്തപുരുഷനാണ്..ഞാൻ മാതാവിന്റെ മുന്നിൽ നഗ്നനായി എങ്ങനെയാണ് വരിക"
"പുത്രാ..നീ എനിക്കിന്നും ആ പിഞ്ചു പൈതലാണ്..അതുകൊണ്ട് തന്നെ എൻ്റെ മുന്നിൽ നഗ്നനാവാൻ നീ ലജ്ജിക്കേണ്ട പുത്രാ..പോയി കുളിച്ചു വരു..ഞാനപ്പോഴേക്കും ശിവഭഗവാനെ ധ്യാനിക്കട്ടെ"
സുയോധനൻ സ്നാനത്തിനായി ഗംഗാനദിയിലേക്ക് പോയി....
(അവസാനിക്കുന്നില്ല)
ബിജു പെരുംചെല്ലൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo