Showing posts with label DilshadMangalasshery. Show all posts
Showing posts with label DilshadMangalasshery. Show all posts

ഒരു സ്നേഹ സമ്മാനം

Gift, Made, Package, Loop, Packet Loop, Christmas
കുവൈറ്റിൽ ഹൗസ് ഡ്രൈവറായി വന്നിട്ട് ഏകദേശം ഒരു വർഷമാകാൻ പോകുന്നു. വലിയ ഒരു കുവൈറ്റി ഫാമിലിയിലെ ഒരേയൊരു ഡ്രൈവറാണ് ഞാൻ. അത്കൊണ്ട് തന്നെ ഈ ഫാമിലിയിലെ എല്ലാ ഓട്ടവും ഞാൻ തന്നെയാണ് ഓടേണ്ടത്. പിന്നെ ആകെയുള്ള ആശ്വാസം ബാക്കിയുള്ള ഡ്രൈവരന്മാരോട് സംസാരിക്കുന്നതുപോലെ(ഗിർഗിർ) അധികമായ സംസാരങ്ങളും ഒന്നും തന്നെ ഇല്ല.
ഈ ഫാമിലിയിലെ ബോസിന്റെ ഏഴുമക്കളിൽ മൂത്ത മകന്റെ പെട്ടന്നുള്ള മരണശേഷം അദ്ദേഹത്തിന്റെ മക്കളെ സ്കൂളിൽ കൊണ്ടുപോകുന്നതായിരുന്നു എന്റെ പ്രധാന ജോലി. പിതാവ് മരണപ്പെട്ടത്തിനാൽ അദ്ദേഹത്തിന്റെ അഞ്ചു മക്കളോടും ബാബായിക്കും(ബോസ്സ്) മാമായിക്കും(മാഡം) ഒരു പ്രത്യേക വത്സല്യമായിരുന്നു......
ഈ മരണപ്പെട്ട മകന്റെ അഞ്ചു കുട്ടികളിൽ മൂത്ത പതിനഞ്ചു വയസ്സ് പ്രായം വരുന്ന ഫഹദ് എന്ന പയ്യൻ സ്കൂൾ കഴിഞ്ഞു വന്നാൽ കൂട്ടുകാരുമായി കറങ്ങാൻ സ്ഥിരമായി പോകാറുണ്ട്.... എല്ലായിപ്പോഴും രാത്രി വളരെ വൈകിയാണ് തിരിച്ചു വരാറുള്ളത്......
ബാക്കിയുള്ള ഓട്ടമെല്ലാം കഴിഞ്ഞു ഉറങ്ങാൻ കിടന്ന് ഉറക്കം പകുതിയാകുമ്പോളായിരിക്കും ഈ കക്ഷിയുടെ ഫോൺ കോൾ വരിക .. ഉറക്കം മുറിഞ്ഞ അസ്വസ്ഥതയിൽ മനസ്സിൽ നൂറ് തെറി വിളിച്ചുകൊണ്ടാണ് ഞാൻ പലപ്പോഴും ഇവനെ കൊണ്ടുവരാൻ പോകുന്നത്... ഉറക്കചുവയോടെ വണ്ടിയിൽ ഇരിക്കുന്ന എനിക്ക് സലാം പറഞ്ഞു ഒരു കള്ളച്ചിരിയോടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരിക്കുമ്പോൾ ഞാൻ അവനോട് ഒരുപാട് ദേഷ്യത്തിൽ സംസാരിക്കും അപ്പോഴെല്ലാം ചിരിച്ചുകൊണ്ട് ഇനി ആവർത്തിക്കില്ല എന്ന മറുപടിയിൽ ഒതുക്കും പിറ്റേ ദിവസവും ഇത് തന്നെയാണ് അവസ്ഥ.
ഞാൻ ഒരിക്കൽപോലും സ്നേഹപൂർവം അവനോട് സംസാരിച്ചിട്ടില്ല എപ്പോഴും ദേഷ്യത്തിലാണ് സംസാരിച്ചിട്ടുള്ളത് കാരണം മറ്റൊന്നുമല്ല എല്ലാ ഓട്ടവും കഴിഞ്ഞു ആകെ ഉറങ്ങാൻ കിട്ടുന്നത് കുറച്ചു സമയമാണ് അത് അവൻ കൊണ്ടുപോകും. എത്ര വൈകി കിടന്നാലും രാവിലെ സ്കൂൾ ഉണ്ടായത് കൊണ്ടും അവരുടെ കാറുകൾ കഴുകണ്ടതു കൊണ്ടും അതിരാവിലെ ഉണരണം. ആ ദേഷ്യമെല്ലാം ഞാൻ തീർക്കുന്നത് അവനിലാണ്.
അങ്ങനെ സ്കൂൾ അടവിന് ഈ ഫഹദിന്റെ ഫാമിലി തുർക്കിയിലേക്ക് ടൂർ പോയി. അവൻ പോയ ആശ്വാസത്തിൽ ഉറക്കങ്ങൾ ഇല്ലാത്ത രാത്രികൾക്ക് വിട പറഞ്ഞു കൊണ്ട് വളരെ സന്തോഷത്തോടെ രാത്രികൾ ഇങ്ങനെ ഉറങ്ങിത്തീർത്തുകൊണ്ടിരുന്നു....
തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ഇശാ നമസ്കാരം കഴിഞ്ഞു പിറ്റേ ദിവസത്തെ വലിയ പെരുന്നാളിന്റെ വരവ് അറിയിച്ചുകൊണ്ട് തക്ബീർ വിളികൾ ഉയർന്നു.....
എന്റെ മനസ്സിലും സന്തോഷത്തിന്റെ അലകൾ അടിച്ചു. നാട്ടിൽ പ്രളയത്തിന്റെ കഷ്ടപ്പാടുകൾ കണ്ടും കേട്ടും അറിഞ്ഞതിനാൽ പുതുവസ്ത്രങ്ങൾ ഒന്നും എടുത്തിരുന്നില്ല. സന്തോഷം തോന്നിയത് മറ്റൊന്നും കൊണ്ടല്ല മാസത്തിൽ കിട്ടുന്ന രണ്ട് ലീവാണ് പിന്നെയുള്ളത് പെരുന്നാളിന് കിട്ടുന്ന ലീവാണ്. ഈ പ്രവാസത്തിന്റെ കുടുസുമുറിയിൽ നിന്നും സ്വസ്തമായി കൂട്ടുകാരുമായി വൈകുംവരെ തമാശകളും നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കാനും വായിക്കു രുചിയായി ഇഷ്ട ഭക്ഷണം കഴിക്കാനുമുള്ള ഒരു അവസരമാണ് ഈ ലീവുകൾ അതിനാൽ എല്ലാ ലീവുകളും പ്രവാസികൾക്കും മനസ്സിന് വല്ലാത്ത സന്തോഷം നൽകും.
പെരുനാൾ നമസ്കാരം കഴിഞ്ഞു കൂട്ടുകാരുമൊത്ത് കുവൈറ്റ് സിറ്റിയിൽ പോയി മട്ടൻ ബിരിയാണി കഴിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് കിടന്ന എനിക്ക് ഫഹദിന്റെ ഉമ്മയുടെ കോൾ വന്നു. നാളെ ഞങ്ങൾ തുർക്കിയിൽ നിന്നും തിരിച്ചു വരും അതിനാൽ ഒരു മണിക്ക് നീ എയർപോർട്ടിൽ വരണം.
അടുത്ത ദിവസം രാവിലെ തക്ബീർ വിളികൾകൊണ്ട് മുഖരിതമായ പള്ളിയിൽ നിന്നും പെരുനാൾ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങി കൂട്ടുകാരെ ചേർത്ത് പിടിച്ചു "ഈദ് മുബാറക്ക്" പറഞ്ഞു ഒട്ടും സന്തോഷമില്ലാതെ വീട്ടിലേക്ക് വന്നു. പെരുനാൾ ദിവസത്തെ ലീവ് ഫഹദും കൂട്ടരും കൊണ്ടുപോയ വിഷമത്തിൽ അസ്വസ്ഥമായ മനസ്സുമായി അവരെ ഏയർപോർട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നിട്ട് അടുത്ത ഓട്ടത്തിന് തയ്യാറായി നിന്നു.......
ഒരു ചെറു ചിരിയോടെ കാറിനാടുത്തേക്ക് വന്ന ഫഹദ് കെട്ടി പിടിച്ചു ഈദ് മുബാറക്ക് പറഞ്ഞിട്ട്, നിനക്കൊരു സമ്മാനം എന്ന്‌ പറഞ്ഞു കയ്യിലിരുന്ന ഒരു സ്‌പ്രയുടെ ബോട്ടിൽ എനിക്ക് തന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അവനെ വാരി പുണർന്നു ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു...... എന്റെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പോയി... എനിക്ക് ഒന്നും പറയാൻ കഴിയാതെ അവനെ തന്നെ നോക്കി ഞാൻ അങ്ങനെ നിന്നു....
അവന്റെ ഉമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞത് അവർ തിരിച്ചു വരാനുള്ള പർച്ചേഴ്സിന് ഇറങ്ങിയപ്പോൾ എനിക്കായി അവൻ വാങ്ങിച്ചതാണ്. പണ്ടെങ്ങോ അവൻ എന്നോടൊപ്പം യാത്ര ചെയ്യുന്ന സമയത്ത് അവന്റെ വസ്ത്രത്തിൽ നിന്നും വന്ന വാസന എനിക്ക് ഇഷ്ടപെടുകയും ഈ സ്പ്രേ എവിടുന്ന് വാങ്ങി എന്ന് ചോദിക്കുകയും ചെയ്തു അത് ഞാൻ മറന്നിട്ട് നാളുകളായി. പക്ഷെ അത് മറക്കാതെ എനിക്കായി വാങ്ങി കൊണ്ടുവന്ന അവന്റെ ആ സ്നേഹം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.
അവൻ എനിക്ക് തന്ന ആ സ്നേഹ സമ്മാനത്തിന്റെ വില എനിക്ക് അറിയില്ല. അറിയുകയും വേണ്ട, അല്ലെങ്കിലും സ്നേഹത്തോടെ ഒരാൾ തരുന്ന ഒരു മൊട്ടുസൂചിയാണെങ്കിലും അതിന്റെ വില നിർണ്ണയിക്കാൻ പറ്റാത്തത്ര വലുതായിരിക്കും........ വില മതിക്കാനാകാത്ത ആ സ്നേഹ സമ്മാനം എന്നും എന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ കെടാ വിളിക്കായി അങ്ങനെ കത്തിനിൽക്കും........
✒സ്നേഹത്തോടെ......
ദിൽഷാദ് മംഗലശ്ശേരി

നിധി

Image may contain: 1 person


****
നീണ്ട പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തുമ്പോൾ കയ്യിൽ സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല.. ഇവിടെ വന്ന് ഇനി എന്തു ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയൊരു ആശയം തോന്നിയത് .. പിന്നെ ഒന്നും ചിന്തിച്ചില്ല .. ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും സ്വർണ്ണം വാങ്ങി ബാങ്കിൽ പണയപ്പെടുത്തിയും.. കുറച്ച് കൂട്ടുകാരുടെ സഹായവും കൂടി ആയപ്പോൾ ..കിട്ടിയ പണവും ബാക്കി സി,സി യും ഇട്ടു ഒരു ഇന്നോവ വാങ്ങി.
പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ ഓട്ടവുമായി ഇങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുപോകുന്നു.
എങ്കിലും ചില മാസങ്ങളിൽ സി,സി അടവും വീട്ടുചിലവും മക്കളുടെ ഫീസും ഒക്കെയായി വലിയ ബുദ്ധിമുട്ട് വരാറുണ്ട്.
ഒരു ദിവസം രാവിലെ പതിവുപോലെ വണ്ടിയുമായി ജംങ്ഷനിൽ നിൽക്കുമ്പോൾ ഉറ്റ ചങ്ങാതി പവിത്രന്റെ ഫോൺ വരുന്നു.
" ഹലോ അളിയാ.. ഞാനാടാ പവി. നിനക്ക് നാളെ ഓട്ടം വല്ലതും ഉണ്ടോ ?
"ഇല്ലളിയാ നീ കാര്യം പറ"
"ടാ ഞാൻ നാളെ രാവിലെ അഞ്ച് മണിയാകുമ്പോൾ തിരുവനന്തപുരം ഏർപോർട്ടിൽ എത്തും .ഞാൻ വീട്ടിൽ വിളിച്ച് പറയുന്നുണ്ട് . നീ അമ്മയേയും ചാരുനെയും മനുവിനെയും കൂട്ടി വരണം . നീയും ഒന്ന്‌ വിളിച്ച് പറയ് അവരോട് ..."
"മം .ഞാൻ വിളിക്കാംടാ .ഏതാ ഫ്‌ളൈറ്റ്?"
" എയർ ഇന്ത്യാക്കാടാ ടിക്കറ്റ് എടുത്തത് "
"ടാ എയർ ഇന്ത്യായെ കുറിച്ച് നിനക്ക് അറിയത്തില്ലിയോ അത് എന്നും ലേറ്റ് അല്ലേ ടാ ..പിന്നെ എന്തിനാ അതിനുതന്നെ നീ എടുത്ത്?"
"അളിയാ ഞാൻ ഒരു ഇന്ത്യക്കാരനല്ലേ അതുകൊണ്ടാ"
"പിന്നെ ..എന്നും ലേറ്റായി വരുന്ന ഫ്‌ളൈറ്റിന് ടിക്കറ്റെടുത്തല്ലേ ദേശ സ്നേഹം കാണിക്കുന്നത്. നീ ഒന്നും എത്ര വന്നാലും പഠിക്കില്ല"
"എങ്കിൽ ശെരിയടാ"
" അളിയാ ടാ ..പിന്നെ മറ്റേ നിധി കൊണ്ടു വരണേ"
"ഏ നിധിയോ?"
"ടാ പൊട്ടാ നീ പറയാറില്ലേ.. ഭൂമിക്കടയിലെങ്ങാണ്ട് കുഴിച്ചിട്ട മറ്റേ സാധനമുണ്ടെന്ന് അത്"
"ഓ.. മറ്റവൻ ..അത് ഞാൻ മറക്കുമോടാ.. ഇക്കാര്യം നീയും മറക്കല്ലേ ..അപ്പോൾ നാളെ കാണാം.. ഓകെ ടാ"
പവിയുടെ വീട്ടിൽ വിളിച്ച് നാളെ പോകേണ്ട ടൈം പറഞ്ഞു. അങ്ങനെ ചെറിയ രണ്ട് ഓട്ടമെല്ലാം കഴിഞ്ഞ് രാത്രി ഒൻപത് മണിയോട് കൂടി വീട്ടിൽ വന്നു.കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് കിടക്കാൻ നേരം ഭാര്യയോട് പറഞ്ഞു.
" ടീ ഒരു മൂന്ന് മണിക്ക് അലാറം വെക്കണേ ..നാളെ നമ്മുടെ പവി വരുന്നുണ്ട് അവനെ വിളിക്കാൻ ഏർപോർട്ടിൽ പോകണം"
"മം മം .. ആരെങ്കിലും വെളുപ്പിനെ ഓട്ടം വിളിച്ചാൽ നിങ്ങൾക്ക് പിന്നെ ഉറക്കം കാണില്ലല്ലോ ഞാൻ അലാറം വെച്ചേക്കാം.. നിങ്ങൾ കിടന്ന് കുറച്ച് നേരം ഉറങ്ങാൻ നോക്ക്"
ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. അതങ്ങിനെയാണ് ആരെങ്കിലും വെളുപ്പിന് ഓട്ടം വിളിച്ചാൽ രാത്രി കിടന്നാൽ തീരെ ഉറക്കം വരില്ലാ .എങ്ങനൊക്കെയോ മൂന്ന് മണിയായി ഞാൻ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി വണ്ടിയുമെടുത്ത് പവിയുടെ വീട്ടിൽ ചെന്ന് അമ്മയേയും അവന്റെ ഭാര്യയേയും അനിയനേയും കൂട്ടി എയർപോർട്ടിലേക്ക് തിരിച്ചു. ആ സമയം ആയതിനാൽ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. ഒരു മണിക്കൂർ കൊണ്ട് എയർപോർട്ടിൽ എത്തി. വണ്ടി പാർക്ക് ചെയ്തിട്ടു ഞാൻ മനുവിനോട് പറഞ്ഞു.
"നാലുമണി ആയതെയുള്ളൂ നിങ്ങൾ പോയി അവനെ കൂട്ടികൊണ്ട് വാ ഞാൻ ഇത്തിരി നേരം ഒന്നു ഉറങ്ങട്ടെ ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല"
അവർ പവിയെ കൂട്ടാൻപോയി .ഞാൻ വണ്ടിയുടെ സീറ്റ് അല്പം പുറകോട്ട് നീക്കി ഉറങ്ങാൻ കിടന്നു .നല്ല ക്ഷീണം ഉണ്ടായിരുന്നത്കൊണ്ട് കിടന്ന ഉടനെ ഞാൻ ഉറങ്ങി.
തുടരെ തുടരെ ഫോൺ ബെല്ലടിക്കുന്നു. എടുത്തു നോക്കിയപ്പോൾ പവി.
"ഹലോ ആ എന്താ അളിയാ "
"നിസ്സാറെ നീ വേഗം വണ്ടിയെടുത്ത് പുറത്തുവാ"
"പുറത്തോ നിനക്കെന്താ വട്ടായോ? പുറത്ത് എവിടെയാ ?"
"നീ വേഗം ഗേറ്റിനടുത്തേക്ക് വാ.. ഞാൻ അവിടുണ്ട് ..ബാക്കിയൊക്കെ നേരിൽ കാണുമ്പോൾ പറയാം"
ഞാൻ വേഗം വണ്ടിയെടുത്തു പവി പറഞ്ഞ ഗേറ്റിനടുത്തേക്ക് ചെന്നു. വലിയ രണ്ട് ബാഗും കയ്യിൽ ഒരു കിറ്റുമായി പരിഭ്രമിച്ചു നിൽക്കുന്നു പവി . അവന്റെ അടുത്ത് ഞാൻ വണ്ടി നിർത്തി. ആവലിയ രണ്ട് ബാഗും ബാക്കിലെ ഡോർ തുറന്നു സീറ്റിൽ വെച്ചിട്ട് വളരെ വെപ്രാളത്തോടെ ഡോർ അടച്ചിട്ട് മുന്നിലെ ഡോർ തുറന്ന് സീറ്റിൽ ഇരുന്നിട്ട് എന്നോട് പറഞ്ഞു.
"അളിയാ എല്ലാം ഞാൻ പറയാം വേഗം വണ്ടി നീ ഇവിടുന്ന് എടുക്ക് എന്നിട്ട് ആളൊന്നും ഇല്ലാത്ത ഒരിടം നോക്കി ഒതുക്ക്"
ഞാൻ വേഗം വണ്ടി അവിടെ നിന്നും അധികം ആളുകൾ ഇല്ലാത്ത ഭാഗത്തേക്ക് ഓടിച്ചു പോയി. ആരും ഇല്ലെന്ന് തോന്നിയ ഒരു സ്ഥലത്ത് വണ്ടി നിർത്തി.
"ടാ പവി എന്താടാ നിനക്ക് പറ്റിയേ? എന്താ ഇതെല്ലാം? നീ ആകെ ടെൻഷനിലാണെല്ലോ? എന്താ ടാ നിനക്ക് പറ്റിയത്?"
അവൻ ഒന്നും പറയാതെ ഡോർ തുറന്ന് പുറത്തിറങ്ങി. ഇറങ്ങി ബാക്കിലെ ഡോർ തുറന്ന് അകത്തുകയറി ആ വലിയ രണ്ട് ബാഗും തുറന്ന് എന്നെ കാണിച്ചു. എന്റെ കണ്ണ് തള്ളിപ്പോയി...! ഒന്നിൽ നിറയെ സ്വർണ്ണാഭരങ്ങളും രാണ്ടാമത്തെതിൽ നിറയെ രണ്ടായിരത്തിന്റെ നോട്ട് കെട്ടുകളും.
"ടാ നിനക്ക് ഇതെവിടുന്നാ കിട്ടിയെ .. എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യാ..."
"അതൊക്കെ പറയാം നീ ഞാൻ പറയുന്നിടത്തേക്ക് വണ്ടിയെടുക്ക് ,നാളെ നേരം വെളുക്കുമ്പോൾ നമ്മൾ കോടീശ്വരന്മാരാണ് ഹ ഹ ഹ"
"പവി എനിക്കെന്തോ പേടിയാകുന്നു "
"നീ പേടിക്കാതെ വണ്ടിയെടുക്കളിയാ ദാ ഇത് കണ്ടോ ഇതടിച്ചു കഴിഞ്ഞാൽ നിന്റെ പേടിയൊക്കെ പമ്പകടക്കും, നീ ഏതെങ്കിലും കടയിൽ നിർത്തി രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവും വാങ്ങ് . ഇതടിച്ചിട്ടു മതി ഇനിയുള്ള യാത്ര"
കയ്യിലിരുന്ന കിറ്റിൽ നിന്നും ഒരു ബോട്ടിൽ വിസ്‌കി എടുത്തിട്ടു അവൻ പറഞ്ഞു. ഞാൻ വണ്ടി മുന്നോട്ടെടുത്തു ഒരു കടയിൽ നിർത്തി ഗ്ലാസ്സും വെള്ളവും വാങ്ങി. കുറച്ചുംകൂടി ഒഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തി കാറിൽ ഇരുന്ന് തന്നെ നന്നായി മദ്യപിച്ചു. എന്നിട്ടു വീണ്ടു യാത്ര തുടർന്നു.
ഞാൻ വണ്ടി അവൻ പറഞ്ഞ വഴിയിലൂടെ ഓടിച്ചു. കുറച്ചദികം ദൂരം പിന്നിട്ടപ്പോൾ വിജനമായ ഒരു കാട്ടുപ്രദേശത്ത് കൂടിയായി യാത്ര. റോഡിനു ഇടതുവശത്തായി അഗാധമായ കൊക്ക പേടിപ്പെടുത്തുന്ന ഇരുട്ടും. ഞാൻ സൈഡിലേക്ക് നോക്കി പവി നല്ല ഉറക്കത്തിലാണ്. റോഡിലാണെങ്കിൽ ഒറ്റവാഹനവും ഇല്ല. ആ വഴി കണ്ടിട്ട് ഒറ്റ മനുഷ്യനും അതുവഴി വരില്ലെന്ന് തോന്നി.
എന്റെ കടങ്ങളും ഉള്ളിൽകിടക്കുന്ന മദ്യത്തിന്റെ ലഹരിയും കൂടിയായപ്പോൾ മനസ്സിൽ ദുശ്ചിന്തകൾ കടന്ന് വന്നു. ഇവനെ കൊന്നിട്ട് ഈ പണവും ആഭരണങ്ങളും എടുത്താൽ ആരും അറിയാൻ പോകുന്നില്ല. ഇത്രെയും പണം ഒറ്റക്ക് കിട്ടിയാൽ നാളത്തെ പ്രഭാതം എന്റേത് മാത്രമായിരിക്കും. മനസ്സിൽ ദുഷ്ചിന്തകൾ അധികമായപ്പോൾ ഞാൻ വണ്ടി നിർത്തി . വണ്ടി നിർത്തിയത് അറിഞ്ഞു പവി ഉണർന്നു ചോദിച്ചു.
എന്ത് പറ്റി ടാ .എന്തിനാ വണ്ടി നിർത്തിയത്?"
"അളിയാ... അത്... എനിക്കിത്തിരി മൂത്രമൊഴികണം അതാ"
"മ് എനിക്കും ഒഴിക്കണം"
വണ്ടി ഓഫ് ചെയ്ത് ഞാനും പവിയും വെളിയിൽ ഇറങ്ങി.മൂത്രം ഒഴിക്കാനായി കൊക്കയുടെ സൈഡിൽ ഇറങ്ങി നിന്നിട്ട് പവി പറഞ്ഞു.
" അളിയാ ആ വണ്ടിയുടെ ലൈറ്റൊന്നു ഓണാക്കെടാ ഒന്നും കാണാൻ വയ്യ"
ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ലൈറ്റ് ഓണാക്കിയപ്പോൾ കൊക്കയുടെ സൈഡിൽ നിന്ന് മൂത്രം ഒഴിക്കുന്ന പവിയെ കണ്ടു. മനസ്സിലെ ദുശ്ചിന്ത ശക്തമായി പിന്നെ ഒന്നും നോക്കിയില്ല വണ്ടി കുറച്ചു റിവേഴ്‌സ് എടുത്തിട്ട് സ്പീഡിൽ ഫ്രണ്ടിലോട്ടു വന്ന് പവിയെ ഇടിച്ച് തെറിപ്പിച്ചു. പവിയുടെ ഉച്ചത്തിലുള്ള കരച്ചിൽ ആ ഇരുട്ടിൽ ലയിച്ച് ഇല്ലാതായി.
ഞാൻ അവിടെ നിന്നും വണ്ടി തിരിച്ചു, മുന്നിൽ കണ്ട വഴിയെ ഓടിക്കാൻ തുടങ്ങി. കുറെ ദൂരം പിന്നിട്ടപ്പോൾ കടകളും മറ്റും കാണാൻ തുടങ്ങി ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടു. അതിന്റെ സൈഡിൽ റോഡിന്റെ ഒരു വശത്തായി വണ്ടി നിർത്തി പുറകിലേക്ക് നോക്കി ആ രണ്ട് ബാഗും അവിടെയുണ്ട്. 'കൊടുക്കാനുള്ളവന്റെയെല്ലാം മുഖത്തേക്ക് ഈ പൈസ വലിച്ചെറിയണം കടങ്ങളെല്ലാം തീർത്തിട്ടു ഒരു രാജാവിനെപ്പോലെ ജീവിക്കണം.. ചെയ്തത് തെറ്റാണ് പക്ഷേ എനിക്ക് ജീവിക്കണം പണമുണ്ടെങ്കിൽ ഇതെല്ലാം മറക്കും...
മനസ്സിൽ നൂറായിരം ചിന്തകൾ വന്നു. അപ്പോൾ പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് അഭിമുഖമായി കൊണ്ട് നിർത്തി. എന്റെ മനസ്സിൽ പേടിയുടെ പെരുമ്പറ കോട്ടൻ തുടങ്ങി.. പിടിക്കപ്പെട്ടാൽ, ഞാൻ കണ്ണടച്ചു സീറ്റിലേക്ക് ചാഞ്ഞു അപ്പോളും എന്റെ കണ്ണിലേക് ആ ജീപ്പിന്റെ ഹെഡ് ലൈറ്റിൽ നിന്നുമുള്ള പ്രകാശം അടിച്ചുകേറിക്കൊണ്ടിരുന്നു. എന്റെ വണ്ടിയുടെ അരികിലേക്ക് പോലീസിന്റെ ബൂട്ടിന്റെ സൗണ്ട് അടുത്തു വരുന്നത് കേൾക്കാമായിരുന്നു. ഞാൻ കണ്ണ് ഇറുകെ അടച്ചു. അപ്പോൾ എന്റെ ഡോറിൽ ഒരു പൊലീസുകാരൻ ശക്തിയായി ഇടിച്ചു. ഡോറിലുള്ള ഇടിയുടെ ശക്തി കൂടിയപ്പോൾ ഞാൻ കൈകൊണ്ടു ആ പ്രകാശം മറച്ചിട്ട് ഡോർ തുറന്നു നോക്കിയപ്പോൾ പവി! എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ഞാൻ വേഗം പുറകിലെ സീറ്റിലേക്ക് നോക്കി അവിടെ ബാഗുകൾ കാണാനില്ല.
ഞാൻ പുറത്തിറങ്ങി പവിയെ നോക്കി പറഞ്ഞു .
"ടാ ... നീയോ എ.. എന്റെ നിധി"
ചിരിച്ചുകൊണ്ട് കയ്യിലിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കിറ്റ് ഉയർത്തി കാട്ടി അവൻ പറഞ്ഞു .
"ടാ നിധിയെല്ലാം കൊണ്ടുവന്നിട്ടുണ്ട് ,വൈകുന്നേരം ഇതിൽ നിന്ന് രണ്ട് പെഗ്ഗ് അടിച്ചുകൊണ്ട് പോയിക്കിടന്നു ഉറങ്ങിയാൽ നിന്റെ എല്ലാ പ്രശ്നങ്ങളും മാറും അളിയാ"
അപ്പോൾ പാട്ടിന് കോറസ് പാടുംപോലെ പവിയുടെ ബാക്കിൽ നിന്നും അമ്മയുടെയും ചാരുന്റെയും മനുവിന്റെയും ചിരി.
പവി പറഞ്ഞു
"അളിയാ ഫ്‌ളൈറ്റ് നാല് മണിക്കൂർ ലേറ്റായിരുന്നു ഞാൻ വന്നപ്പോൾ അളിയൻ നല്ല ഉറക്കം അപ്പോൾ ഇവനാണ് പറഞ്ഞത് ഞാൻ വരാൻ വൈകിയതോന്നും നീ അറിഞ്ഞിട്ടില്ല.. ഉറക്കത്തിൽ ശല്യപ്പെടുത്തേണ്ടെന്നോർത്ത് ഇവൻ വിളിച്ച് പറഞ്ഞതുമില്ലെന്ന് ...ടാ വാ പൊളിച്ച് നിൽക്കാതെ ഡിക്കി തുറക്ക് ഈ സാധനങ്ങളൊക്കെ വെയ്ക്കട്ടെ"
പെട്ടന്ന് സ്ഥലകാലബോധം വന്ന ഞാൻ മനസ്സിൽ കേരളാപോലീസിനോട് ക്ഷമ ചോദിച്ചു കൊണ്ട് പെട്ടിയെല്ലാം എടുത്ത് വണ്ടിയിൽ വെച്ച് അവരേയും കയറ്റി വണ്ടി ഓടിച്ചുപോയി.......
മറ്റുള്ളവരെ ചതിച്ചും, വഞ്ചിച്ചും, കൊന്നും, ശരീരം വിയർക്കാതെ ഉണ്ടാക്കുന്ന സമ്പത്തൊന്നും ഒരിക്കലും നിലനിൽക്കില്ല ..അത് വന്ന വഴിതന്നെ പോകും. നമ്മുടെ അധ്വാനത്തിലൂടെ ഉണ്ടാക്കുന്ന ഒരു രൂപ ആണെങ്കിലും അതിനു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും രുചിയുണ്ടാകും തീർച്ച.....
✒സ്നേഹത്തോടെ
ദിൽഷാദ് മംഗലശ്ശേരി

സ്ത്രീധനം

Image may contain: 1 person
നാളത്തെ ദിവസത്തെ പ്രത്യേകത ഓർത്തപ്പോൾ ഉറക്കം വന്നില്ല സമീറക്ക്, നാളെ തന്റെ നിക്കാഹാണ്. കല്ല്യാണങ്ങൾ വീട്ടിൽ നിന്ന് പറിച്ച് ആഡിറ്റോറിയങ്ങളിലേക്ക് മാറ്റിയപ്പോഴുള്ള കല്ല്യാണ വീട്ടിലെ നിശ്ശബ്ദതകിടയിൽ രാവേറെ കഴിഞ്ഞിട്ടും
ഉറങ്ങാതെ മറ്റൊരു മനുഷ്യൻ വീടിന്റെ കോലായിലെ ചാരു കസേരയിൽ നെഞ്ചിലെ നരവീണ രോമങ്ങൾ തടവി ഇരിക്കുന്നുണ്ടായിരുന്നു സമീറയുടെ വാപ്പ സലാം.
ബ്രോക്കർ മീരാൻ കൊണ്ടുവന്നതാണ് സമീറക്ക് ഈ ആലോചന. വലിയ കുടുംബക്കാരാണ്. മാളിയേക്കൽ തറവാട്ടിലെ സൈദ് ഹാജിയുടെ രണ്ട്‌ മക്കളിൽ മൂത്തവനായ ഫിറോസ് ആണ് വരൻ.
"ഫിറോസിന് ദുബായിൽ സൂപ്പർ മാർക്കറ്റാണ്, പിന്നെ ഇട്ട് മൂടാനുള്ള സ്വത്തും , ആ വീടും പുരയിടവും അവന്റ പേരിലാ, സമീറയെ അവന് ഇഷ്ടപ്പെട്ടത് തന്നെ നമ്മുടെ ഭാഗ്യം ,നമ്മുക്ക് സ്വപ്നത്തിൽപോലും കിട്ടില്ല ഇങ്ങനെ ഒരു ബന്ധം."മീരാൻ ഇങ്ങനെ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല,
അങ്ങട് സമ്മതം മൂളി. പുറത്ത് തിരക്കിയപ്പോൾ നല്ല ആൾക്കാരാണ് അവരുടെ വാപ്പ ഹജ്ജിനൊക്കെ പോയ നല്ല മനുഷ്യൻ, ഫിറോസിനെ കാണാനും സുന്ദരൻ എങ്കിലും ഒരു സംശയം മീരാനോട് ചോദിച്ചു.
" അതേ ... പെണ്ണിനെയൊക്കെ അവർക്ക് ഇഷ്ട്ടപ്പെട്ടു ..ഇനി സ്ത്രീധനവും മറ്റുള്ള കാര്യങ്ങളുമൊക്കെ എങ്ങനാ? "
" സലാമിക്കാ അവര് അങ്ങാനൊന്നും ചോദിച്ചില്ല. എന്നും പറഞ്ഞ് നമ്മുടെ മോളെ വെറും കയ്യോടെ പറഞ്ഞ് അയക്കാൻ പറ്റുമോ? അവരുടെ നിലയും വിലയും അനുസരിച്ച് കൊടുക്കണം. ചെറുക്കന് നൂറ്‌ പവനും കാറുമൊക്കെ വന്നതാ , അവന് പെണ്ണിനെ പിടിക്കാത്തത് കൊണ്ടാണ്.വന്ന് കയറിയ സൗഭാഗ്യത്തെ നിങ്ങൾ തട്ടി കളയല്ലേ"
"മീരാൻ പറയുന്നതെല്ലാം ശെരിയാണ്, സമീറക്ക് എന്തെങ്കിലും കൊടുക്കണമെങ്കിൽ ഈ വീടും പറമ്പും വിൽക്കണം.ഇത്ര നാളും ഗൾഫിൽ നിന്ന് ആക സമ്പാദ്യമാണ് അത്. ഇവൾക്ക് താഴെ വേറൊരെണ്ണവും വലുതായി നിൽക്കുന്നില്ലേ ഞാൻ എന്ത് ചെയ്യും ഒരു എത്തും പിടിയും കിട്ടുന്നില്ല, മീരാൻ പറ നമ്മൾ എന്തോ കൊടുക്കേണ്ടി വരും?"
" അത് ഇക്കാ അവർക്ക് ഒരു അറുപത് പവനും ,അഞ്ച് ലക്ഷം രൂപ പോക്കറ്റ് മണിയും, ഒരു പത്ത് ലക്ഷം രൂപ സ്ത്രീധനവും കൊടുക്കേണ്ടി വരും."
മീരാന്റെ സമ്മർദവും മോളുടെ നല്ല ഭാവിയും ഓർത്ത് സമ്മതിച്ചു എന്നേയുള്ളു. നാളെ പന്ത്രണ്ട് മണിക്ക് നിക്കാഹിന് മുന്നേ പറഞ്ഞ പൈസ കൊടുക്കണം. വീട് പണയപ്പെടുത്തിയും പറമ്പ് വിറ്റു കിട്ടിയ പൈസയും പിന്നെ എന്റെ സമ്പാദ്യവും കൊണ്ട് സ്വർണ്ണവും മറ്റുകാര്യങ്ങളും നടന്നു ഇനി സ്ത്രീധനത്തിന്റെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും കൂടി വേണം.
അടുത്തുള്ള പള്ളിയിൽ നിന്നും കേട്ട സുബഹി ബാങ്കാണ്(പ്രഭാത നമസ്ക്കാരം ആയന്നുള്ള അറിയിപ്പ്) സലാമിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. "അസ്സലാത്തു ഹൈറും മിനൻ നൗഉം"(ഉറക്കത്തെക്കാൾ ശ്രേഷ്ടമാണ് നസ്‌ക്കാരം) "സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായി, കെട്ടിക്കാൻ പ്രായമായ പെണ്കുട്ടികളുള്ള വാപ്പമാരുടെ നെഞ്ചിൽ തീയാണ് ആ തീയും വെച്ചുകൊണ്ട് എങ്ങനാ ഉറങ്ങുന്നത്" ഇങ്ങനെ ആരോടെന്നില്ലാതെ പിറു പിറുത്തു കൊണ്ട് സലാം അകത്ത് പോയി ഷർട്ടും ഇട്ട്കൊണ്ട് പള്ളിയിലേക്ക് പോയി.
രാവിലെ ആഡിറ്റോറിയത്തിൽ ക്ഷണ പ്രകാരം വരുന്ന ആളുകളെ സ്വീകരിക്കാൻ നിൽക്കുമ്പോൾ ബാക്കിയുള്ള സ്ത്രീധന തുകയെ കുറിച്ച് ഓർത്ത് സലാം അസ്വസ്ഥനായിരുന്നു. അത് കണ്ടിട്ട് ഭാര്യ മുംതാസ് പറഞ്ഞു
" നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിച്ചു നാട്ടുകാരെ കൂടി അറിയിക്കാതെ , ഇങ്ങനെ ഒരു കാര്യം ആരോടും നിക്കാഹ് കഴിയുന്നവരെ പറയേണ്ട കേട്ടൊന്ന്?"
"ടീ എന്നാലും നമ്മൾ അവരോട് വിളിച്ച് പറഞ്ഞില്ലെങ്കിൽ വഞ്ചന ആകില്ലേ? എനിക്ക് എന്തോപോലെ ഞാൻ ഫിറോസിന്റെ വാപ്പയെ വിളിച്ച് ഒന്ന് സംസാരിക്കാൻ പോകുവാണ്"
സലാം ഫോൺ എടുത്ത് സൈദ് ഹാജിയെ വിളിക്കാനായി ഹാളിന്റെ അടുത്ത റൂമിലേക്ക് പോയപ്പോൾ കൂട്ടുകാരികൾക്ക് നടുവിൽ ആഭരണങ്ങൾ എല്ലാം ധരിച്ചു ചുവന്ന സാരിയിൽ സുന്ദരിയും സന്തോഷവതിയുമായിരിക്കുന്നസമീറയെ കണ്ടപ്പോൾ എന്തോ സലാമിന് അയാളെ ഫോൺ വിളിക്കാൻ തോന്നിയില്ല.
പതിനൊന്ന് മണിയോട് കൂടി സലാമിന്റെയും മുംതാസിന്റെയും ബന്ധുക്കളും പിന്നെ ക്ഷണിക്കപ്പെട്ടവരെയും കൊണ്ട് ഹാൾ നിറഞ്ഞു.പതിനൊന്നരക്ക് വരനും കൂട്ടരും എത്തി.നിക്കാഹിനായി തയ്യാറാക്കിയ സദസ്സിൽ ഇരുപ്പുറപ്പിച്ചു. ഈ സമയം മീരാൻ സലാമിന്റെ അടുത്ത് വന്ന് പറഞ്ഞു.
"എല്ലാം ഒക്കെ അല്ലേ? "
"അത് .. മീരാനെ സ്ത്രീധന തുകയിൽ അഞ്ച് ലക്ഷമേ ഇപ്പോൾ ഉള്ളു ബാക്കിക്ക് നീ ഒരു രണ്ട് മാസത്തെ സാവകാശം വാങ്ങി തരണം"
മീരാന്റെ സംസാരം ഉച്ചത്തിലായി
"നിങ്ങൾ എന്ത് വർത്തമാനമാണ് ഈ പറയുന്നത് ഇതൊക്കെ ഇപ്പോളാണോ പറയുന്നത്, എനിക്ക് ഒന്നും അറിയില്ല ദേ അങ്ങോട്ട്‌ ചോദിക്ക്" എന്ന് പറഞ്ഞ് സൈദ് ഹാജിയെ ചൂണ്ടിക്കാട്ടി.ഇത്‌ കേട്ട സൈദ് ഹാജി പൊട്ടിതെറിച്ചു.
"ധർമ്മ കല്യാണത്തിന് എന്റെ മോനെ കിട്ടില്ല ,വാക്കിനു നെറിയില്ലാത്ത വർഗ്ഗം ഫു........
എന്ത് കാണാൻ ഇരിക്കുവാട എണീറ്റ് വാ" എന്നും പറഞ്ഞ് ഫിറോസിനെയും പിടിച്ചുകൊണ്ട് സൈദ് ഹാജി പുറത്തേക്ക് പോയി.തന്റെ മകളുടെ ഭാവി തകർക്കല്ലെന്നു സലാം കെഞ്ചി പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ സൈദ് ഹാജിയും കൂട്ടരും മടങ്ങി. കല്ല്യാണം മുടങ്ങിയതറിഞ്ഞു തല കുനിച്ചിരിക്കുന്ന തന്റെ മകളെ കണ്ട സലാം പരിസരബോധം മറന്ന് മുംതാസിന്റ് ചുമലിലേക്ക് വീണ് പൊട്ടി കരഞ്ഞു.ഇത്‌ കണ്ട്കൊണ്ട് സലാമിന്റെ അരികിൽ വന്ന് ചുമലിൽ പിടിച്ചുകൊണ്ട് സഹോദരി ആമിന പറഞ്ഞു...
"ഇക്കാക്കാ നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾക്ക് സമ്മതമാണെങ്കിൽ എന്റെ മോൻ നിയാസ് സമീറയുടെ കഴുത്തിൽ താലി കെട്ടും"
അങ്ങനെ പറഞ്ഞ് ഉറപ്പിച്ച സമയത്തു തന്നെ സലാമിന്റെ സഹോദരിയുടെ മകൻ നിയാസ് സമീറയുടെ കഴുത്തിൽ താലി കെട്ടി.
പാതി ചാരിയ മണിയറ വാതിൽ തുറന്ന് കയ്യിൽ പാൽ ഗ്ലാസ്സുമായി സമീറ നിയാസിന്റെ അരികിലേക്ക് ചെന്നു.അടുത്തുള്ള മേശപ്പുറത്ത് പാൽഗ്ലാസ്സ് വെച്ചിട്ട് നിയസിന് അരികിലായി ചെന്ന് തല കുനിച്ച് ഇരുന്നു.
"സമീറാ എന്നെ നിനക്ക് ഇഷ്ടമായില്ലെന്ന് അറിയാം, എന്ന് നീ എന്നെ ഇഷ്ടപെടുന്നോ അന്നേ നിന്റെ ഈ വിരൽ തുമ്പിൽ പോലും ഞാൻ തൊടുകയുള്ളൂ , കറുത്തവനാണെങ്കിലും നിന്നെ സ്നേഹിക്കാനുള്ള ഒരു മനസ്സും ജോലി ചെയ്ത് സംരക്ഷിക്കാനുള്ള ആരോഗ്യവും ഉണ്ട്, "
തല കുനിച്ചിരുന്ന സമീറ നിയാസിന്റെ മാറിലേക്ക് മുഖം ചേർത്ത് കരഞ്ഞു.സമീറയെ തന്നിലേക്ക് ചേർത്ത് പിടിച്ച് നെറുകയിൽ മുത്തം നൽകി നിയാസ്, അപ്പോൾ സമീറയുടെ മനസ്സിൽ നിയാസിന്റെ സ്ഥാനം ഫിറോസിനെക്കാൾ ഒരുപാട് ഒരുപാട് ഉയരത്തിലായിരുന്നു......
ആ സമയം തൊട്ടടുത്ത മുറിയിൽ സലാം ഉറങ്ങുകയായിരുന്നു കൂർക്കം വലിച്ച്.............
"സ്ത്രീയാണ് ധനം " അത് മനസ്സിലാക്കാതെ വിലപേശി കണക്ക് പറഞ്ഞു കാശും വാങ്ങി പാവങ്ങൾ വീടും സ്ഥലവും പണയപ്പെടുത്തി വാങ്ങിത്തരുന്ന കാറിൽ കറങ്ങി നടക്കുകയും ചെയ്തിട്ടു ആദർശം പറയുന്ന നട്ടലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വെച്ച് മൂക്കിന് താഴെ രോമവും വളർത്തി ആണാണ് എന്നും പറഞ്ഞ് നടക്കുന്ന എല്ലാ കൊന്തന്മാർക്കും സമർപ്പിക്കുന്നു.ഉള്ളവൻ കൊടുക്കട്ടെ. എല്ലാവരും സമ്പാദിക്കുന്നത് അവരവരുടെ മക്കൾക്കാണ് അവർ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടിയാണ്.
വില പേശലിനോട് യോജിപ്പില്ല.
✒ സ്നേഹത്തോടെ
ദിൽഷാദ് മംഗലശ്ശേരി

എന്റെ പ്രണയിനിക്ക് ഒരു കത്ത്

Image may contain: 1 person

ഹാലോ പൊലീസ്റ്റേഷൻ ആണോ?"
"അതേല്ലോ ആരാണ് സംസാരിക്കുന്നത്?"
"സർ എന്റെ പേര് രാജീവ് എന്നാണ് എന്റെ വീടിന്റെ അടുത്തുള്ള വീട്ടിൽ ഒരാൾ മരിച്ച് കിടക്കുന്നു"
"ഓക്കെ നിങ്ങൾ വേഗം അഡ്രസ്സ് പറയു"
അയാൾ അഡ്രസ്സ് പറഞ്ഞു കൊടുക്കുന്നു പോലീസുകാരൻ വേഗം എസ്, ഐ യുടെ റൂമിൽ ചെന്നിട്ട്
"സാർ ഇവിടെ അടുത്ത് ഒരു വീട്ടിൽ ഒരു ബോഡി കണ്ടെന്നും പറഞ്ഞ് ഒരാൾ വിളിച്ചു അഡ്രസ്സ് വാങ്ങിയിട്ടുണ്ട് സാർ"
"മ് ഓക്കെ ജീപ്പ് എടുക്ക് നമ്മുക്ക് അവിടെ പോകാം"
എസ് ഐ യും മൂന്ന് പോലീസുകാരും കൂടി ബോഡി കണ്ടെന്ന് പറഞ്ഞ വീട്ടിൽ എത്തി. പഴയ ഇടിഞ്ഞു വീഴാറായ ഒരു വീട് അതിന്റെ മുറ്റത്ത് കുറച്ചുപേർ നിൽക്കുന്നു
അവരോടായി എസ് ഐ ചോദിച്ചു
"ബോഡി ആദ്യം കണ്ടത് ആരാണ്?"
അതിൽ ഒരാൾ പറഞ്ഞു
"ഞാനാണ് സാർ ആദ്യം കണ്ടത് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതും ഞാനാണ്"
"എവിടെയാണ് ബോഡി കിടക്കുന്നത്?"
"അകത്തെ മുറിയിലാണ് സാർ"
അകത്തോട്ടു കയറുന്നതിനിടയിൽ എസ് ഐ അയാളോട് ചോദിച്ചു
"ഇവിടെ വേറേ ആരും ഇല്ലേ? ആരേയും കാണുന്നില്ലല്ലോ?"
"ഇവിടെ ഈ മരിച്ച പയ്യനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു ഇടക്ക് ഇവന്റെ ഒരു സഹോദരി വരുമായിരുന്നു . ഇവന്റെ അമ്മയുടെ മരണശേഷം അവരെ ഈ വഴിക്ക് കാണാറില്ല. ഇവന് മാനസികമായി ഇത്തിരി പ്രശ്നമുണ്ട് അത്കൊണ്ട് ചെങ്ങലയിൽ ഇട്ടിരുന്നതാണ് "
"അപ്പോൾ ഇവന്റെ കാര്യങ്ങൾ ആരായിരുന്നു നോക്കുന്നത്?"
"വീട്ടിൽ നിന്നായിരുന്നു ഭക്ഷണമെല്ലാം കൊടുത്തിരുന്നത് രണ്ട് ആഴ്ചയായി അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു ഇന്നാണ് ഡിസ്ചാർജ് ആയത്.
ഇന്ന് ഭക്ഷണമായി വന്നപ്പോളാണ് മരിച്ച് കിടക്കുന്നത് കണ്ടത്"
അകത്തെ മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നു, മൂക്ക് പൊത്തി പിടിച്ച് എസ് ഐ യും പോലീസുകാരും അകത്തേക്ക് കയറി
മുറിയുടെ നടുക്കായി കിടക്കുന്ന കട്ടിലിന്റെ കാലിൽ ചെങ്ങലയിൽ ബന്ധിപ്പിച്ച നിലയിൽ മുപ്പത്തി നാല്‌ വയസ്സ് തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതശരീരം. അങ്ങിങ്ങായി ഭക്ഷണ അവശിഷ്ടങ്ങളും മലമൂത്ര അവശിഷ്ടങ്ങളും കിടക്കുന്നു .
മൃദശരീരത്തിന്റെ കാലിൽ ചെങ്ങല ഇട്ട ഭാഗം വൃണമായി പൊട്ടി ഒലിച്ചു പുഴുക്കൾ അരിക്കുന്നു . കട്ടിലിനു അരികിലായി ഒരു ചെറിയ മേശ കിടക്കുന്നു. അതിന് മുകളിൽ വാരി വലിച്ച് ഇട്ടിരിക്കുന്ന മുഷിഞ്ഞ കുറേ പുസ്തകങ്ങൾ .
എസ് ഐ തന്റെ കയ്യിലിരിക്കുന്ന സ്റ്റിക് കൊണ്ട്‌ ആ പുസ്തകങ്ങൾ ഒന്ന്‌ മാറ്റി നോക്കി പുസ്തകങ്ങൾക്കിടയിൽ മുഷിഞ്ഞ ഒരു ഡയറി അയാൾ അത് കയ്യിൽ എടുത്ത് മറിച്ച് നോക്കി നല്ല വൃത്തിയുള്ള മനോഹരമായ കൈപ്പടയിൽ അതിൽ ഒരു കത്ത് എഴുതിയിരിക്കുന്നു.
" എന്റെ ജീവന്റെ ജീവനായ റാണിക്ക് വിശാൽ എഴുതുന്ന കത്ത്. നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി ആയിരുന്നു. എന്റെ സ്നേഹം നീ തിരിച്ചറിയാതെപോയി , നിന്നെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നവരെയും നിന്റെ ശരീരം മോഹിച്ചു അടുത്ത് കൂടിയവരെയും എല്ലാം നീ വിശ്വസിച്ചു. നിന്റെ ചുരിദാറിന്റെ കഴുത്തിന്റെ ഇറക്കം കൂടിയപ്പോൾ ഇങ്ങനുള്ള ഡ്രസ്സ് ധരികരുതെന്ന് പറഞ്ഞതും നിന്റെ എഫ്ബി പുരുഷ കേസരികൾ രാത്രിയിൽ മെസ്സേജ് അയച്ച് നീ ഇട്ടിരിക്കുന്ന ഡ്രസ്സ് ചോദിച്ചതിനെ എതിർത്തപ്പോഴും നീ കരുതിയത് നിന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നാണ്.
എനിക്ക് നിന്റെ ശരീരത്തിൽ എന്തും ചെയ്യാൻ അധികാരം ഉണ്ടായിട്ടും നിന്റെ അനുവാദം ഇല്ലാതെ നിന്റെ ശരീരത്തിൽ തൊടാതിരുന്നതിനെ എന്റെ പോരായ്മയായി നീ കണ്ടു. നമ്മുടെ പ്രണയം കാരണം തകർന്നത് എന്റെ കുടുംബമാണ് എന്റെ അമ്മയുടെ പ്രതീക്ഷകളാണ് . നിന്നെ കുറിച്ച് ഓർക്കുമ്പോൾ സമതല തെറ്റുന്ന എന്റെ മനസ്സ്‌ പുറത്തേക്ക് ഓടിപോകുന്ന എന്നെ പിടിക്കാൻ വയസ്സായ അമ്മക്ക് പലപ്പോഴും കഴിയുമായിരുന്നില്ല. അത്കൊണ്ട് ഞാൻ പറഞ്ഞു അമ്മയെകൊണ്ട് ഒരു കൊല്സ്സ് ഇടീപ്പിച്ചു. മരണ വെപ്രാളത്തിൽ ഒരിറ്റ് വെള്ളത്തിനുവേണ്ടി പിടഞ്ഞ എന്റെ അമ്മക്ക് ഒരിറക്ക് വെള്ളം പോലും കൊടുക്കാൻ പറ്റാത്ത ഹതഭാഗ്യനായ മകനാണ് ഞാൻ. എല്ലാം നീ കാരണമാണ്.
സ്നേഹം എന്ന മുഖംമൂടി അണിഞ്ഞ് എന്നിൽ നീ ആടിയ വേഷം കാരണം നഷ്ടമായത് ഒരു കുടുംമ്പത്തിന്റെ പ്രതീക്ഷകളാണ്. സഹപ്രവർത്തകനുമായി നിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞു ഉള്ള ജോലി കളഞ്ഞ് നാട്ടിൽ വന്ന എന്നോട് "നീ എന്നെ മറക്കണം നിനക്ക് എന്നെക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടും " എന്ന് പറഞ്ഞ് അവന്റെ കൈ പിടിച്ച് നീ നടന്ന്‌ പോയപ്പോൾ തകർന്നു പോയത് എന്റെ ഹൃദയമായിരുന്നു
ഇനി നീ ആരെയും ചതികരുത്. ഞാൻ ഒന്ന് മനസ്സറിഞ്ഞ് ശപിച്ചാൽ നീ വെണ്ണീറായിപ്പോകും പക്ഷേ നിന്നെ ഒന്നു ശപിക്കാൻപോലും എനിക്കാവില്ല. ഇത്‌ നീ വായിക്കുമോ എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷേ ഇത് നിന്റെ കയ്യിൽ കിട്ടുമ്പോൾ ഞാൻ ഈ ലോകത്ത് കാണില്ല. നിന്നെ സ്നേഹിച്ചത്പോലെ ഈ ലോകത്ത് മാറ്റൊന്നിനേയും ഞാൻ സ്നേഹിച്ചിട്ടില്ല.
എന്നെങ്കിലും എന്റെ സ്നേഹം നീ മനസിലാക്കും അന്ന് നിന്നെ കണ്ണിൽ നിന്നും വീഴുന്ന കണ്ണു നീർ എന്റെ സ്നേഹത്തിന്റെ പ്രതീകമായിരിക്കും. I love you soooooooooooooo much Rani സ്നേഹത്തോടെ വിശാൽ..."
വായിച്ച് കഴിഞ്ഞപ്പോൾ ഒരു തുള്ളി കണ്ണുനീർ ആ ഡയറിൽ വീണു . ഡയറി മടക്കി ബോഡി പോസ്റ്റുമോർട്ടം ചെയ്യാനുള്ള നിർദേശം നൽകി വിങ്ങുന്ന മനസ്സുമായി അദ്ദേഹം ജീപ്പിന് അടുത്തേക്ക് പോയി.
"നമ്മളെ സ്നേഹിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുത് . നമ്മൾ കാരണം ആരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും നശിച്ചുപോകുകയും അരുത്. നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചും മനസ്സറിഞ്ഞ് സ്നേഹിക്കുക"
സ്നേഹത്തോടെ....
ദിൽഷാദ് മംഗലശ്ശേരി

ഒരു ഗൾഫ്കാരൻ...


ചെറിയ പ്രായത്തിൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കി നിന്നിട്ടുണ്ട് ഗൾഫുകാരേ . വാപ്പച്ചിയെ വിളിക്കാൻ എയർ പോർട്ടിൽ പോയി ആകാംഷയോടെ വെളിയിൽ കാത്ത് നിൽക്കുമ്പോൾ പള പള മിന്നുന്ന ഷർട്ടും ബെൽ ബോട്ടം പാറ്റും ഇട്ട്‌ വലിയ രണ്ട്‌ കാർട്ടൂൻ ബോക്സും കയ്യിൽ ഒരു പെട്ടിയുമായി റോളി ഉരുട്ടി വരുന്ന വാപ്പച്ചിയെ ഉറ്റവരെ കാത്ത് നിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന്‌ കൈ പൊക്കി കാണിക്കുമ്പോൾ മനസ്സിൽ കുറിച്ചിട്ടതാണ് വലുതാകുമ്പോൾ ഗൾഫ് എന്ന ആ സ്വപ്ന ഭൂമിയിൽ ഒന്നു പോകണമെന്ന്.
പഠിക്കാൻ പോയപ്പോളും മനസ്സ് നിറയെ ഗൾഫ് എന്ന മായാലോകമായിരുന്നു.എങ്ങനെയൊക്കെയോ പത്താം തരം പാസ്സായി അപ്പോൾ വീട്ടുകാരുടെ നിർബന്ധം ഇനിയും പഠിക്കാൻ പോകണമെന്ന് അങ്ങനെ പ്രീ ഡിഗ്രിക്ക് പ്രസിദ്ധമായ ഒരു കോളേജിൽ ചേർന്നു എങ്ങനെയോ രണ്ട് വർഷം കഴിച്ചുകൂട്ടി. പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ പാസ്സ്പോർട്ടും എടുത്ത് ഗൾഫിലേക്ക് പോകാൻ കാത്ത് ഇരുപ്പായി.
ഇരുപത്തി രണ്ട് വയസ്സ് ആയപ്പോൾ ആണ് എന്റെ മനസ്സിൽ ഞാൻ താലോലിച്ചു കൊണ്ട് നടന്ന ആ സ്വപ്നം സാഫല്യമായത്.പള പള മിന്നുന്ന ഷർട്ടും ബെൽബോട്ടം പാന്റും മൂക്കിൽ അരിച്ചിറങ്ങുന്ന സെന്റും വലിയ പെട്ടിയുമായി ഞാൻ ഇറങ്ങി വരുമ്പോൾ അസൂയയോടെ എന്നെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി എന്റെ ബന്ധുക്കളെ കെട്ടിപ്പിടിക്കുന്നതും സ്വപ്നം കണ്ട് ഞാൻ ഇവിടുന്ന് വിമാനം കയറി കുവൈറ്റ് എന്ന സ്വപ്ന ഭൂമിയിൽ ഇറങ്ങി.
എയർ പോർട്ടിനു വെളിയിൽ ഇറങ്ങിയ എന്നെ കാത്ത്‌ മാമ ഉണ്ടായിരുന്നു. മാമായുടെ കാറിൽ പോകുമ്പോൾ രാത്രിയിൽ വർണ്ണ വിളക്കുകളുടെ പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന കുവൈറ്റ് എന്ന മഹാ നഗരം എന്റെ മനസ്സിലെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
റൂമിൽ എത്തിയപ്പോൾ ഞാൻ മുന്നേ കണ്ട കുവൈറ്റിന്റെ പ്രകാശത്തിന് കുറച്ച് മങ്ങൽ ഏറ്റോ എന്നൊരു സംശയം തോന്നി. പതിയെ പതിയെ സംശയം അല്ല അതാണ് യാഥാർഥ്യം എന്ന് മനസ്സിലായി.
വാപ്പച്ചി കൊണ്ട് വന്നിരുന്ന മിഠായികൾക്കും, കളിപ്പാട്ടങ്ങൾക്കും വർണ്ണ കുപ്പായങ്ങൾക്കും ഒരുപാട് വേദനയുടെ സഹനത്തിന്റെയും കഷ്ടപാടിന്റെയും കഥകൾ പറയാൻ ഉണ്ടായിരുന്നു എന്ന് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്.
ഒരു ഭർത്താവിലേക്കും അതിൽ നിന്നും ഒരു പിതാവിലേക്കും ജീവിതം എന്നെ കൊണ്ട് എത്തിച്ചപ്പോൾ ഞാൻ അറിയുകയായിരുന്നു എന്റെ പിതാവ് ഉൾപ്പെടെയുള്ള പ്രവാസികളുടെ വേദന. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ സ്കൈപ്പിലൂടെയും imo ൽ കൂടിയും കാണേണ്ടി വരുന്ന അച്ചന്മാർ, മാതാപിതാക്കൾ മരണം അടയുമ്പോൾ അവസാനമായി അവരെ ഒരു നോക്ക് കാണാൻ കഴിയാത്ത ഹത ഭാഗ്യരായ മക്കൾ, നാട്ടിലെ എല്ലാ സന്തോഷങ്ങളും നിഷേധിക്കപ്പെട്ടവർ,സ്വന്തം ശരീരം നോക്കാതെ ഉറ്റവരുടെ സന്തോഷത്തിനുവേണ്ടി ഈ മണലാരുണ്യത്തിൽ കിടന്ന്‌ കഷ്ടപ്പെടുന്ന ആരോടും ഒരു പരാതിയില്ലാതെ സ്വയം എരിഞ്ഞു തീരുന്ന പ്രവാസി.
നാട്ടിൽ വന്നാൽ കൊണ്ടുകൊടുത്ത സാധനങ്ങളുടെ കുറ്റം പറയുന്ന ബന്ധുക്കൾ. കുടുസ്സു മുറിയിലെ ചുവരുകൾക്കുള്ളിൽ വർഷങ്ങൾ കഴിഞ്ഞിട്ട് നാട്ടിൽ വന്ന് ആരോടെങ്കിലും കുറച്ച് നേരം സംസാരിച്ചാൽ അയാൾ ബഡായിക്കാരൻ എന്നെ പോസ്റ്റാക്കി എന്നുള്ള കമെന്റ് കേൾക്കാം. ആത്മാർത്ഥമായി നെഞ്ചിൽ കൈവെച്ചു ആർക്കെങ്കിലും പറയാൻ കഴിയുമോ ഏതെങ്കിലും ഒരു ഗൾഫുകാരന്റെ വിയർപ്പിന്റെ പൈസയിൽ നിന്നും ഒരു ഇറ്റ്‌ വെള്ളമെങ്കിലും കുടിച്ചട്ടില്ലെന്ന്‌.
സർക്കാർ ഓഫീസുകളിലെ കസേരകളിൽ ഒരു ജോലിയും ചെയ്യാതെ ഇരുന്ന് ഉറങ്ങുന്ന ജോലിക്കാർ( എല്ലാവരും അല്ല) അവർ വിരമിക്കുമ്പോൾ പെൻഷൻ എന്ന ആനുകൂല്യവും.
എന്നാൽ ഒരു ആനുകൂല്യവും ഇല്ലാതെ വർഷങ്ങളോളം മരുഭൂമിയിൽ കിടന്ന് ചോര നീരാക്കുന്ന പ്രവാസികൾ. അവരെ വാഴ്ത്തിയില്ലെങ്കിലും നിന്ദിക്കാതെ ഇരുന്നുകൂടെ.
കൊടും ചൂടും തണുപ്പും പൊടിക്കാറ്റും മറ്റുള്ള പ്രയാസങ്ങളും അറിഞ്ഞിട്ടും ഉറ്റവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ സ്വന്തം ശരീരം പോലും മറന്നു വിമാനം കയറുന്ന എന്റെ പ്രവാസി സഹോദരീ സഹോദരന്മാർക്ക് ആയുസും ആരോഗ്യവും സർവശക്തനായ ദൈവം തമ്പുരാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്...
സ്നേഹത്തോടെ.........
ദിൽഷാദ് മംഗലശ്ശേരി

ദൈവ നാമത്തിൽ...

ദൈവ നാമത്തിൽ...
വലിയ അക്ക ശമ്പളം കിട്ടുന്ന ജോലി നഷ്ടപ്പെട്ടത് നിനച്ചിരിക്കാതെയായിരുന്നു. എങ്കിലും ആ മരുഭൂമിയിൽ പിടിച്ചു നിൽക്കാൻ ഞാൻ ആവുന്നതും നോക്കി. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോളാണ് നാട്ടിലേക്കുള്ള വിമാനം കയറിയത്. മടക്കയാത്രയിൽ എന്റെ ചിന്ത മുഴുവൻ നാട്ടിൽ എന്ത് ചെയ്യും ? ഇവിടെ കിട്ടിയ ശമ്പളമൊന്നും നാട്ടിൽ കിട്ടില്ലല്ലോ അതിനാൽ ചിലവുകൾ എങ്ങനെ കൊണ്ടുപോകും ? മക്കളുടെ പഠനചിലവ് എങ്ങനെ ? അങ്ങനെ നൂറായിരം ചിന്തകളായിരുന്നു. കിട്ടിയ പൈസയെല്ലാം നാട്ടിലെ ഓരോ ആവശ്യങ്ങൾക്ക് എടുത്തതിനാൽ വലിയ സമ്പാദ്യമൊന്നും ഇല്ലായിരുന്നു.
നാട്ടിൽ വന്ന്‌ ഇവിടുത്തെ ജോലികളോട് ഒരിക്കലും പൊരുത്തപ്പടില്ലെന്നു കരുതിയ ഞാൻ എല്ലാത്തിനോടും പെട്ടന്ന് പൊരുത്തപ്പെട്ടു. അതിന്റെ ക്രെഡിറ്റ് മുഴുവൻ എന്റെ വാപ്പക്കും ഉമ്മക്കും അനിയൻമാർക്കും ഭാര്യക്കും ആയിരുന്നു. അവളോട്‌ ഞാൻ ചോദിച്ചു
"ടീ നമ്മൾ എങ്ങനെ ജീവിക്കും?"
അവൾ പറഞ്ഞു
"ഉള്ളത്കൊണ്ട് നമ്മുക്ക് ജീവിക്കാം, ഇത്രനാളും ഞങ്ങൾക്ക് വേണ്ടി ആ മരുഭൂമിയിൽ കിടന്ന് കഷ്ടപെട്ടതല്ലേ പടച്ചോൻ ഒരു വഴി കാണിച്ചുതരാതെ ഇരിക്കില്ല ഇക്ക വിഷമിക്കാതെ"
വീട്ടുകാർ തന്ന ഈ ഒരു സപോർട്ടും എന്ത് ജോലിയും ചെയ്യാമെന്ന ഒരു മനസുംകൂടി ആയപ്പോൾ ജീവിതം കുഴപ്പമില്ലാതെ കഴിഞ്ഞുപോയി.
ഒരു കടയിൽ സെയിൽസ് ബോയിയായി ജോലികിട്ടി. ജോലിക്ക് പോകാൻ ഒരു ടുവീലർ ആവശ്യമായിരുന്നു. സമ്പന്നകാലത്ത് ബുള്ളറ്റിൽ മാത്രം പോയിരുന്ന ഞാൻ ഒരു ടുവീലർ ഇല്ലാതെ നന്നേ വലഞ്ഞു . ഞാൻ ബുള്ളറ്റിൽ ചെത്തി നടക്കുന്ന സമയത്ത് വണ്ടിപോലും ഓടിക്കാൻ അറിയാത്ത പലരും ഇന്ന് ബുള്ളറ്റിൽ മാത്രമേ നടക്കു, അവരിൽ പലരെയും ഒരു മുഷിപ്പുംകൂടാതെ വണ്ടി പഠിപ്പിച്ച കാലം മനസ്സിൽ ഓർത്തുകൊണ്ട് ഒന്നിൽകൂടുതൽ വാഹനമുള്ള പലരോടും വണ്ടി ചോദിച്ച് മനസ്സ് മടുത്തിരിക്കുന്ന സമയം അനിയൻ വന്ന് പറഞ്ഞു
" ഇക്കാ ബുള്ളറ്റൊന്നും അല്ലാ അവൾക്കൊരു വണ്ടിയുണ്ട് തത്ക്കാലം ഇക്കാ അതെടുത്തോ"
എനിക്ക് ബുള്ളറ്റിനോടുള്ള ഭ്രാന്ത് അവനറിയാം ,അങ്ങനെ അനിയൻ തന്ന അവന്റെ ഭാര്യയുടെ വണ്ടിയിലായി പിന്നെ യാത്ര. തുച്ഛമായ ശമ്പളമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. വരവും ചിലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ഞാൻ നന്നേ പാടുപെട്ടു എങ്കിലും എന്റെ ജീവിതം ഗൾഫിലേക്കാൾ വളരെ സന്തോഷത്തിലായിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോൾ ഞാൻ കൊണ്ടുവരുന്ന പലഹാര പൊതിക്കായി കാത്തിരിക്കുന്ന മക്കൾ താമസിച്ച് വന്നാൽ ബേജാറോടെ കാത്തിരിക്കുന്ന ഉമ്മയും ഭാര്യയും മഴ നനഞ്ഞ് വന്നാൽ ശകാരിക്കുന്ന വാപ്പയും എന്താവശ്യത്തിനും കൂടെ നിൽക്കുന്ന സഹോദരങ്ങളും അങ്ങനെ എല്ലാംകൊണ്ടും ജീവിതം ഞാൻ ആസ്വദിക്കുകയായിരുന്നു.
ഒരു ദിവസം ജോലികഴിഞ്ഞ് വന്ന എന്നോട് അനിയൻ വന്ന് പറഞ്ഞു
"ഇക്കാ പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് നാളെ മുതൽ അവളുടെ വണ്ടി ഇല്ല
ഇക്ക വേറേ വണ്ടി നോക്കിക്കോ "
എന്ത് പറയണമെന്ന് അറിയാതെ മിഴിച്ചുനിൽക്കുന്ന എന്റെ കയ്യിൽ നിന്നും പലഹാര പൊതി വാങ്ങി മക്കൾ അകത്തേക്ക് പോയി. റൂമിൽ കയറി ഡ്രെസ്സ് മാറി കുളിക്കാൻ കയറി ഷവർ തുറന്നു ശരീരത്തിലേക്ക് തണുത്ത വെള്ളം വീണെങ്കിലും ചങ്കിൽ കത്തുന്ന തീ അണക്കാൻ ആ തണുത്ത വെള്ളത്തിന്‌ കഴിഞ്ഞില്ല. കുളികഴിഞ്ഞ് റൂമിൽ വന്ന എന്നെ ഭക്ഷണം കഴിക്കാൻ അവൾ വന്ന് വിളിച്ചു.
" ഇക്കാ വാ വല്ലതും കഴിക്കാം"
"എനിക്കെന്തോ വിഷപ്പ് ഇല്ലെടീ നിങ്ങൾ കഴിച്ചോ"
"ഇക്കായെകാത്തു അവരെല്ലാം ഇരിക്കുന്നു ഇങ്ങോട്ടു വന്നേ ഇക്കാ"
വിഷപ്പ് ഇല്ലാഞ്ഞിട്ടും തീൻ മേശക്കരികിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ചെന്നു വരുത്തിതീർത്തു കൈ കഴുകി റൂമിൽ വന്നു. കുറച്ച് കഴിഞ്ഞ് റൂമിൽ വന്ന അവൾ ചോദിച്ചു
" എന്തുപറ്റി ഇക്കാ ഇന്ന് വല്ലാതിരിക്കുന്നല്ലോ ഒന്നും കഴിച്ചതുമില്ലല്ലോ വല്ലതും വയ്യായോ?"
"ഒന്നുമില്ലെടി നിനക്ക് വെറുതെ തോന്നുന്നതാ"
"മും.... അതൊന്നുമല്ല എന്തോ ഉണ്ട് എന്ത്പറ്റി ഇക്കാ എന്നോട് പറ"
അങ്ങനെ അവളോട്‌ ഞാൻ കാര്യം പറഞ്ഞു. അവൾ എന്നോട് പറഞ്ഞു
"ഇക്കായെ വെറുതെ പറ്റിക്കാൻ അവൻ പറഞ്ഞതാകും"
"അല്ലെടി അവൻ കാര്യമായിട്ട്‌ പറഞ്ഞതാ"
"ഇക്ക വിഷമിക്കാതെ അതല്ലെങ്കിൽ വേറൊന്ന് പടച്ചോൻ എന്തെങ്കിലും ഒരു വഴി കാണിക്കാതിരികില്ല"
അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം രാവിലെ കടയിൽ പോകാൻ വണ്ടിയില്ലാതെ നിൽക്കുന്ന എന്നോട് അനിയൻ വന്ന് പറഞ്ഞു
"ഇക്കാ അങ്ങോട്ട്‌ ഞാൻ കൊണ്ട് വിടാം തിരിച്ച് എങ്ങനെയെങ്കിലും വന്നാൽ മതി"
അവന്റെ വണ്ടിയുടെ പുറകിൽ ഒന്നും മിണ്ടാതെയിരുന്നു യാത്ര ചെയ്യുമ്പോൾ എന്റെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു ബുള്ളറ്റ് ഞങ്ങളെ ഓവർടേക് ചെയ്‌ത് പോയി. ഒന്നും പറയാതെ അവൻ വണ്ടി ഓടിച്ചു ഒരു ബുള്ളറ്റ് ഷോറൂമിന്റെ മുന്നിൽ നിർത്തി ഇവിടെ നിൽക്കാൻ എന്നോട് പറഞ്ഞിട്ട് അകത്തേക്ക്പോയി . കുറച്ച് കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചുവന്ന ബുള്ളറ്റിൽ പുറത്തേക്ക് വന്ന അവൻ എന്റെ അരികിൽ വന്ന് ചാവി ഊരി കയ്യിൽ തന്നിട്ട് പറഞ്ഞു.
" ഇക്ക എന്നോട് ക്ഷെമിക്കണം കുറച്ചു നേരത്തേക്കാണെങ്കിലും എന്റെ ഇക്കാന്റെ മനസ്സ് വേദനിപ്പിച്ചതിന്"
പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ ചുമലിലേക്ക് വീണ ഞാൻ കാണുകയായിരുന്നു അനുഭവിച്ച് അറിയുകയായിരുന്നു അനിയന്റെ ഉള്ള് നിറഞ്ഞുള്ള സ്നേഹം . അവനേയും പുറകിൽ കയറ്റി ആ തിരക്കുള്ള റോഡിലൂടെ പോകുമ്പോൾ എല്ലാവരോടും വിളിച്ച് പറയണമെന്ന് തോന്നി എന്റെ കൂടപിറപ്പിനെ പറ്റി. അന്ന് ഞാൻ യുദ്ധം ജയിച്ച യോദ്ധാവിനെപ്പോലെയാണ് വീട്ടിൽ വന്നത്.
വർഷങ്ങൾ പലത് കഴിഞ്ഞുപോയി ഇന്നെനിക്ക് കൊട്ടാര സദൃശ്യമായ വീടുണ്ട്, നാല് സ്ഥാപനങ്ങളുണ്ട് ആഡംപര വാഹനങ്ങളുണ്ട്, എനിക്ക് നന്ദി പറയാനുള്ളത് ഒരിക്കൽ കാലിടറി വീഴുമായിരുന്ന എന്നെ കൈപിടിച്ച് ഉയർത്തിയ എന്റെ
കൂടപ്പിറപ്പുകളോട്, പ്രചോദനമായും വഴികാട്ടിയായും കൂടെ നിന്ന വാപ്പയോട് , തളർന്നുപോയ എന്നെ ആ മടിയിൽ കിടത്തി നെറുകയിൽ തലോടി സാന്ത്വനിപ്പിച്ചു കൂടെ നിന്ന ഉമ്മയോട് ,അന്നും ഇന്നും എന്റെ ശക്തിയായി പിന്നിൽ നിൽക്കുന്ന എന്റെ ഭാര്യയോട്, ഏത് ജോലിയും ആത്മാർത്ഥതയോടെ ചെയ്യാൻ ആരോഗ്യവും ആയുസും തന്ന പടച്ച തമ്പുരാനോട് .... നന്ദി നന്ദി ...ഒരായിരം നന്ദി.....
സ്നേഹത്തോടെ
ദിൽഷാദ്‌ മംഗലശ്ശേരി

ഞാൻ ഒരു പാവം പ്രവാസി.....


ഞാൻ ഒരു പാവം പ്രവാസി.....
നാല്പത് വർഷത്തെ പ്രവാസജീവിതം സമ്മാനിച്ച ഒരുപിടി രോഗങ്ങളുമായി നാട്ടിലേക്ക് പോകുവാൻ അവസാനവട്ട ചെക്കിങ്ങും കഴിഞ്ഞ് വിമാനത്തിൽ കയറാൻ കാത്തിരിക്കുകയാണ്. പിന്നെ ഈ പോക്കിന് ഒരു പ്രത്യേകത ഉണ്ട് ഫൈനൽ എക്സിസ്റ്റിലാണ് പോകുന്നത്. എന്നെ എയർ പോർട്ടിൽ വിളിക്കാൻ വരാൻ മത്സരിക്കുന്ന ഭാര്യയും മക്കളും എന്തോ ഈ പ്രാവശ്യം തിരക്കാണ്
എന്ന് പറഞ്ഞ് ഒഴിഞ്ഞു. തിരക്കായിരിക്കും മക്കൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടമാണ്.
എന്റെ പേര് സലിം. ഞാൻ കുവൈറ്റിൽ നാല്പത് വർഷമായി പാലവക ജോലികൾ ചെയ്ത് കഴിഞ്ഞു വന്ന് . എന്റെ നല്ലകാലം ഞാൻ ഈ മരുഭൂമിയിൽ കഴിച്ചുകൂട്ടി അതിൽ എനിക്ക് നിരാശയില്ല കാരണം ഒന്നുമില്ലാതിരുന്ന എനിക്ക് വലിയ വീടും സമ്പാദ്യങ്ങളും എല്ലാം തന്നത് ഈ മണ്ണാണ്. എനിക്ക് രണ്ടു മക്കളാണ് മോൻ മുനീർ പ്ലസ് 2 ന് പഠിക്കുന്നു മോൾ മുംതാസ് വിവാഹം കഴിഞ്ഞു ഒരു കുഞ്ഞുണ്ട് .പിന്നെ എന്റെ സ്വന്തം ഭാര്യ ഹാജിറ ഇതാണ് എന്റെ കുടുംബം.
പുലർച്ചെ ഞാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ചെക്കിങ് കഴിഞ്ഞ് ഇറങ്ങിയ എന്നെ കാത്ത് സുഹൃത്ത് സലാം ഉണ്ടായിരുന്നു. അവന്റെ കാറിൽ വീട്ടിലേക്ക് തിരിച്ചു.കാറിൽ ഇരിക്കുമ്പോൾ സലാം ചോദിച്ചു " നീ എന്താ വല്ലാതെപോലെ ഇരിക്കുന്നത് , നീ പറഞ്ഞോ വീട്ടിൽ നിന്റെ അസുഖത്തെ പറ്റി?
ഇല്ലെടാ എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നത്.
എന്നായാലും അവർ അറിയണ്ടതല്ലേടാ, ഇപ്പോൾ തന്നെ സ്റ്റേജ് 4th ആയി , നാളെ നമ്മുക്ക് രാവിലെ തന്നെ rcc ൽ പോകാം.
മണിക്കൂറുകൾക്ക് ശേഷം സലാമിന്റെ കാർ വീട്ടിലെ പോർച്ചിൽ എത്തി. കാറിൽ നിന്നും ഇറങ്ങി കോളിങ് ബെൽ അമർത്തി ഭാര്യ വന്ന് കതക് തുറന്നു. സലാം നാളെ വരാമെന്ന് പറഞ്ഞു പോയി, വീട്ടിനുള്ളിൽ കടന്ന എനിക്കു എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപെട്ടു.
ചായയുമായി വന്ന ഹാജിറയുടെ മുഖം കടന്തൽ കുത്തിയതുപോലെ വീർത്തിരുന്നു
"നിങ്ങൾ ഇനി പോകുന്നില്ലെന്ന് തീരുമാനിച്ചു അല്ലേ? ടീ എനിക്ക് വയസ്സായില്ലേ പോരാത്തതിനു രോഗവും കുറച്ച് നാൾ ഒന്നു വിശ്രമികട്ടെ ഡി..
വൈകിട്ടു സ്കൂൾ കഴിഞ്ഞു വന്ന മോനും പെട്ടി പൊട്ടിക്കാൻ വന്ന മകൾക്കും വലിയ സന്തോഷമൊന്നും കണ്ടില്ല.രാത്രിയിൽ അത്താഴം കഴിഞ്ഞു കിടന്നപ്പോൾ ഞാൻ അവളോട്‌ പറഞ്ഞുടീ എനിക്ക് കാൻസർ ആണ് 4 th സ്റ്റേജ് ആയി നാളെ ഹോസ്പിറ്റലിൽ പോകണം കരഞ്ഞുകൊണ്ട് എന്നെ വാരി പുണരുമെന്ന് കരുതിയ അവൾ പറഞ്ഞു " ദേ മനുഷ്യാ ഉള്ളതൊന്നും വിറ്റിപെറുക്കാനൊന്നും എന്നെ കിട്ടില്ല, ഉള്ളപ്പോൾ പെങ്ങന്മാർക്കെല്ലാം ഒരുപാട് കൊടുത്തതല്ലേ അവരോട് ചോദിക്ക്,"എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു സലാമിന്റെ കൂടെ rcc ൽ പോയി. ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ അവിടുത്തെ രീതികളെല്ലാം കഴിഞ്ഞ് ഡോക്ടറെ കണ്ട് . ഞാൻ കൊണ്ടുപോയ റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു എല്ലിനെയാണ് ബാധിച്ചിരിക്കുന്നത് റേഡിയേഷൻ ചെയ്യണമെന്ന്. അവിടുന്ന് അടുത്ത ചെല്ലേണ്ട ദിവസത്തിനു അപ്പോയ്മെന്റ് എടുത്തിട്ട് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.

രണ്ട് മാസങ്ങൾക്ക് ശേഷം തുടരെയുള്ള റേഡിയഷനും രോഗത്തിന്റെ കഠിനമായ വേദനയും വീട്ടുകാരുടെ അവഗണനയും മൂലം ഞാൻ ഒരു എല്ലും തോലുമായി. വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു . വേദനകൊണ്ട് പിളയുന്ന എന്നെ ആരും തിരിഞ്ഞു നോക്കാതായി ഉപ്പായെ ജീവനായിരുന്നു മോളും മോനും ഉപ്പനെ വേണ്ടാതായി, ലീവിന് വരുമ്പോൾ സുലൈമാനിയും കുടിച്ച് വൈകുവോളം സൊറപറഞ്ഞിരുന്ന കൂട്ടുകാർ വരാതെയായി .
എന്നെനിക്കു തീരെ സുഖമില്ല ഒരു ചടങ്ങന്ന രീതിയിൽ ഭാര്യ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്നെ icu ൽ കിടത്തി എന്റെ വേദനക്ക് അവർ എന്തോ പൈൻ കില്ലെർ കുത്തിവച്ചു ഞാൻ സുഖമായി ഉറങ്ങി.
അടുത്ത ദിവസം രാവിലെ എനിക്കെന്തോ ബുദ്ധിമുട്ടുപോലെ തോണ്ടക്കുഴിയിൽ മരണം വന്നു നില്കുന്നത്പോലെ ഡോക്ടർ വന്നു നോക്കിയിട്ട് പറഞ്ഞു അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാൻ പുറത്ത് നിന്ന എന്റെ സഹോദരിയും ഭാര്യയും കൂടി വന്നു എന്റെ അടുത്തിരുന്ന് സഹോദരി എനിക്കു കലിമ ചൊല്ലി തന്ന്. പെട്ടന്ന് എന്റെ ശരീരത്തിൽ അസ്ഥികൾ നുറുങ്ങുന്ന വേദന കണ്ണുകൾ രണ്ടും മുകളിലൊട്ടുപോയി എന്റെ ശരീരത്തിൽ നിന്നും ആത്മാവ് മുകളിലൊട്ടുപോയി.എന്റെ ഭാര്യ വാവിട്ട് കരയുന്നു .കുറച്ച് കഴിഞ്ഞ് എന്നെ ആംബുലൻസിൽ വീട്ടിൽ കൊണ്ട് വന്നു. എന്നെ കുളിപ്പിച്ച് താടിയും കാലും കെട്ടി മൂക്കിൽ പഞ്ഞിയും തിരുകി കട്ടിലിൽ കൊണ്ട് കിടത്തി. എന്നെ കാണുവാൻ ആളുകളെല്ലാം വരാൻ തുടങ്ങി. എല്ലാരും എന്റെ കണ്ടിട്ടു വിഷമത്തോടെ പോകുന്നു. കുറച്ച് കഴിഞ്ഞ് അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്റെ മോളും മോനും വന്ന് എന്റെ ശരീരത്തിൽ വീണ് എനിക്ക് വെറുപ്പാണ് തോന്നിയത് ഞാൻ ഇവരെ പിടിച്ച് എറിയാൻ നോക്കുന്നു പക്ഷെ എനിക്ക് കഴിയുന്നില്ല ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു " ഈ കാണിക്കുന്നതെല്ലാം കള്ളമാണ്‌ " ആരും കേൾക്കുന്നില്ല . എന്നെ കുറിച്ച് എല്ലാവർക്കും നല്ലത്‌ മാത്രമേ പറയാൻ ഉള്ളു , ഈ കപടമായ ലോകത്ത് നിന്നും എന്റെ ശരീരത്തെ കൊണ്ടുപോകു ഞാൻ ഉറക്കെ നിലവിളിച്ചു.
11 മണിയോട് കൂടി എന്റെ ശരീരം വെള്ളതുണിയിൽ പൊതിഞ്ഞ് മയ്യത്ത് കട്ടിലിൽ വെച്ച് ഒരുപാട് ആൾക്കാരുടെ അകമ്പടിയോടെ പള്ളിയിലേക്ക് കൊണ്ടുപോയി അപ്പോളും ഞാൻ കേൾക്കുന്നുണ്ട് വീട്ടിൽ നിന്നുള്ള കള്ള നിലവിളികൾ . പള്ളിയിൽ കൊണ്ടുവന്ന് എന്റെ ശരീരം എനിക്കായി ഒരുക്കിയ വീട്ടിൽ വെച്ച് മണ്ണിട്ട് മൂടി എല്ലാരും യാത്രയായി.
എനിക്ക് കൂട്ടിന് 40 വർഷം ഉണ്ടാക്കിയ സമ്പാദ്യമോ മക്കളോ ഭാര്യയോ കൂട്ടുകാരോ ആരും ഇല്ല. ഈ ജീവിതത്തിൽ എനിക്ക് കൂട്ട് ഞാൻ ചെയ്ത സത്കർമ്മങ്ങളും മാത്രം..............
സ്നേഹത്തോടെ
ദിൽഷാദ്‌ മംഗലശ്ശേരി..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo