Slider

ഒരു ഗൾഫ്കാരൻ...

0

ചെറിയ പ്രായത്തിൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കി നിന്നിട്ടുണ്ട് ഗൾഫുകാരേ . വാപ്പച്ചിയെ വിളിക്കാൻ എയർ പോർട്ടിൽ പോയി ആകാംഷയോടെ വെളിയിൽ കാത്ത് നിൽക്കുമ്പോൾ പള പള മിന്നുന്ന ഷർട്ടും ബെൽ ബോട്ടം പാറ്റും ഇട്ട്‌ വലിയ രണ്ട്‌ കാർട്ടൂൻ ബോക്സും കയ്യിൽ ഒരു പെട്ടിയുമായി റോളി ഉരുട്ടി വരുന്ന വാപ്പച്ചിയെ ഉറ്റവരെ കാത്ത് നിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന്‌ കൈ പൊക്കി കാണിക്കുമ്പോൾ മനസ്സിൽ കുറിച്ചിട്ടതാണ് വലുതാകുമ്പോൾ ഗൾഫ് എന്ന ആ സ്വപ്ന ഭൂമിയിൽ ഒന്നു പോകണമെന്ന്.
പഠിക്കാൻ പോയപ്പോളും മനസ്സ് നിറയെ ഗൾഫ് എന്ന മായാലോകമായിരുന്നു.എങ്ങനെയൊക്കെയോ പത്താം തരം പാസ്സായി അപ്പോൾ വീട്ടുകാരുടെ നിർബന്ധം ഇനിയും പഠിക്കാൻ പോകണമെന്ന് അങ്ങനെ പ്രീ ഡിഗ്രിക്ക് പ്രസിദ്ധമായ ഒരു കോളേജിൽ ചേർന്നു എങ്ങനെയോ രണ്ട് വർഷം കഴിച്ചുകൂട്ടി. പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ പാസ്സ്പോർട്ടും എടുത്ത് ഗൾഫിലേക്ക് പോകാൻ കാത്ത് ഇരുപ്പായി.
ഇരുപത്തി രണ്ട് വയസ്സ് ആയപ്പോൾ ആണ് എന്റെ മനസ്സിൽ ഞാൻ താലോലിച്ചു കൊണ്ട് നടന്ന ആ സ്വപ്നം സാഫല്യമായത്.പള പള മിന്നുന്ന ഷർട്ടും ബെൽബോട്ടം പാന്റും മൂക്കിൽ അരിച്ചിറങ്ങുന്ന സെന്റും വലിയ പെട്ടിയുമായി ഞാൻ ഇറങ്ങി വരുമ്പോൾ അസൂയയോടെ എന്നെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി എന്റെ ബന്ധുക്കളെ കെട്ടിപ്പിടിക്കുന്നതും സ്വപ്നം കണ്ട് ഞാൻ ഇവിടുന്ന് വിമാനം കയറി കുവൈറ്റ് എന്ന സ്വപ്ന ഭൂമിയിൽ ഇറങ്ങി.
എയർ പോർട്ടിനു വെളിയിൽ ഇറങ്ങിയ എന്നെ കാത്ത്‌ മാമ ഉണ്ടായിരുന്നു. മാമായുടെ കാറിൽ പോകുമ്പോൾ രാത്രിയിൽ വർണ്ണ വിളക്കുകളുടെ പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന കുവൈറ്റ് എന്ന മഹാ നഗരം എന്റെ മനസ്സിലെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
റൂമിൽ എത്തിയപ്പോൾ ഞാൻ മുന്നേ കണ്ട കുവൈറ്റിന്റെ പ്രകാശത്തിന് കുറച്ച് മങ്ങൽ ഏറ്റോ എന്നൊരു സംശയം തോന്നി. പതിയെ പതിയെ സംശയം അല്ല അതാണ് യാഥാർഥ്യം എന്ന് മനസ്സിലായി.
വാപ്പച്ചി കൊണ്ട് വന്നിരുന്ന മിഠായികൾക്കും, കളിപ്പാട്ടങ്ങൾക്കും വർണ്ണ കുപ്പായങ്ങൾക്കും ഒരുപാട് വേദനയുടെ സഹനത്തിന്റെയും കഷ്ടപാടിന്റെയും കഥകൾ പറയാൻ ഉണ്ടായിരുന്നു എന്ന് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്.
ഒരു ഭർത്താവിലേക്കും അതിൽ നിന്നും ഒരു പിതാവിലേക്കും ജീവിതം എന്നെ കൊണ്ട് എത്തിച്ചപ്പോൾ ഞാൻ അറിയുകയായിരുന്നു എന്റെ പിതാവ് ഉൾപ്പെടെയുള്ള പ്രവാസികളുടെ വേദന. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ സ്കൈപ്പിലൂടെയും imo ൽ കൂടിയും കാണേണ്ടി വരുന്ന അച്ചന്മാർ, മാതാപിതാക്കൾ മരണം അടയുമ്പോൾ അവസാനമായി അവരെ ഒരു നോക്ക് കാണാൻ കഴിയാത്ത ഹത ഭാഗ്യരായ മക്കൾ, നാട്ടിലെ എല്ലാ സന്തോഷങ്ങളും നിഷേധിക്കപ്പെട്ടവർ,സ്വന്തം ശരീരം നോക്കാതെ ഉറ്റവരുടെ സന്തോഷത്തിനുവേണ്ടി ഈ മണലാരുണ്യത്തിൽ കിടന്ന്‌ കഷ്ടപ്പെടുന്ന ആരോടും ഒരു പരാതിയില്ലാതെ സ്വയം എരിഞ്ഞു തീരുന്ന പ്രവാസി.
നാട്ടിൽ വന്നാൽ കൊണ്ടുകൊടുത്ത സാധനങ്ങളുടെ കുറ്റം പറയുന്ന ബന്ധുക്കൾ. കുടുസ്സു മുറിയിലെ ചുവരുകൾക്കുള്ളിൽ വർഷങ്ങൾ കഴിഞ്ഞിട്ട് നാട്ടിൽ വന്ന് ആരോടെങ്കിലും കുറച്ച് നേരം സംസാരിച്ചാൽ അയാൾ ബഡായിക്കാരൻ എന്നെ പോസ്റ്റാക്കി എന്നുള്ള കമെന്റ് കേൾക്കാം. ആത്മാർത്ഥമായി നെഞ്ചിൽ കൈവെച്ചു ആർക്കെങ്കിലും പറയാൻ കഴിയുമോ ഏതെങ്കിലും ഒരു ഗൾഫുകാരന്റെ വിയർപ്പിന്റെ പൈസയിൽ നിന്നും ഒരു ഇറ്റ്‌ വെള്ളമെങ്കിലും കുടിച്ചട്ടില്ലെന്ന്‌.
സർക്കാർ ഓഫീസുകളിലെ കസേരകളിൽ ഒരു ജോലിയും ചെയ്യാതെ ഇരുന്ന് ഉറങ്ങുന്ന ജോലിക്കാർ( എല്ലാവരും അല്ല) അവർ വിരമിക്കുമ്പോൾ പെൻഷൻ എന്ന ആനുകൂല്യവും.
എന്നാൽ ഒരു ആനുകൂല്യവും ഇല്ലാതെ വർഷങ്ങളോളം മരുഭൂമിയിൽ കിടന്ന് ചോര നീരാക്കുന്ന പ്രവാസികൾ. അവരെ വാഴ്ത്തിയില്ലെങ്കിലും നിന്ദിക്കാതെ ഇരുന്നുകൂടെ.
കൊടും ചൂടും തണുപ്പും പൊടിക്കാറ്റും മറ്റുള്ള പ്രയാസങ്ങളും അറിഞ്ഞിട്ടും ഉറ്റവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ സ്വന്തം ശരീരം പോലും മറന്നു വിമാനം കയറുന്ന എന്റെ പ്രവാസി സഹോദരീ സഹോദരന്മാർക്ക് ആയുസും ആരോഗ്യവും സർവശക്തനായ ദൈവം തമ്പുരാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്...
സ്നേഹത്തോടെ.........
ദിൽഷാദ് മംഗലശ്ശേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo