നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും ഒരു മാമ്പഴക്കാലം....


"കുറ്റിപ്പുറം.... രണ്ട് ഫുള്ളും ഓരാഫും "
കണ്ടക്ടർ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി... ഉറങ്ങുന്ന അവരുടെ മുഖത്തേക്ക് പാളി നോക്കിയ ശേഷം ടിക്കറ്റ് തന്നു .... പൈസയുടെ ബാലൻസ് പോക്കറ്റിലിട്ട് മാധവനുണ്ണി പുറത്തേക്ക് കണ്ണോടിച്ചു... എർണാകുളം എത്താറാവുന്നു, തന്റെ ജീവിതം തകർന്നടിഞ്ഞ അതേ കൊച്ചി....! രാവിലെ തുടങ്ങിയ യാത്രയുടെ മുഷിപ്പ് അയാളിൽ നിറഞ്ഞു ....കൊച്ചിയുടെ കടൽക്കാറ്റിന്റെ ഊഷ്മളത ഉറക്കത്തെ വീണ്ടും തഴുകി ....
അച്ചുവിന്റെ ദയനീയ മുഖം അയാളിൽ നിറയാൻ തുടങ്ങി... ഗാഢമായ നിദ്രയിൽ സ്വപ്ന വേഗങ്ങൾക്ക് ചിറക് മുളച്ചു...... അത് അഞ്ച് വർഷം പുറകിലേക്ക് ശരവേഗത്തിൽ പറന്ന് ഡോ. വാര്യരുടെ റൂമിൽ കിതച്ചു നിന്നു.....
"ഓപ്പറേഷൻ ...,അത് റിസ്ക്കാണ്.....!"
ഡോക്ടറുടെ മുന്നിൽ പകച്ചു നിൽക്കാനേ മാധവനുണ്ണിയ്ക്ക് കഴിഞ്ഞുള്ളൂ.
" കണ്ടെത്താൻ അൽപ്പം വൈകി ... പ്രത്യക്ഷത്തിൽ കുട്ടിയ്ക്ക് തകരാറ് ഒന്നും ഇല്ലന്നേയുള്ളൂ... ട്യൂമർ ഈസ് ഗ്രോയിങ്ങ് ...
നമുക്ക് മെഡിസിൻ തുടങ്ങാം.. അവൻ ഇതിന്റെ സീരിയസ്സ്നസ്സ് അറിയേണ്ട... ആസ് യൂഷൽ അവൻ പോട്ടെ ... പിന്നെ വെക്കേഷൻ തുടങ്ങുകയല്ലേ ...? നിങ്ങൾ അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ മതി."
മാധവനുണ്ണി സർവ്വവും നഷ്ടപ്പെട്ടവനെപ്പോലെ പുറത്തിറങ്ങി.....
പുറത്ത് കാത്തിരിക്കുന്ന രേവതിയോട് എന്ത് പറയും ....?
പുറത്ത് പക്ഷെ രേവതിയെ കണ്ടില്ല.. അയാൾക്ക് ആകെ തളരുന്ന പോലെ തോന്നി... വിസിറ്റേഴസ് ലോഞ്ചിലെ കസേരയിൽ ഇരുന്നു.എസിയുടെ തണുപ്പിലും അയാൾ വിയർക്കാൻ തുടങ്ങി..
തന്റെ മകൻ... അച്ചു... ഓരാഴ്ച മുമ്പേ വരെ അവനെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞു വന്ന അവന് ഒരു ക്ഷീണം പോലെ ....മൂക്കിൽ നിന്നും കുറേശ്ശെ രക്തം വരുന്നു... ഇതിനും മുമ്പും വന്നിരുന്നു അത്രെ....!
പക്ഷെ അവൻ പറഞ്ഞില്ല ... ഇതിപ്പോൾ ഒന്നു രണ്ടു പ്രാവശ്യം വന്നു. രാത്രി മാധവനുണ്ണി സുഹൃത്ത് സണ്ണി ഡോക്ടറുടെ അടുത്ത് ചെന്നു.
"ഇതിന്റെ കാരണങ്ങൾ പലതാണ്,.... ഞാൻ ചെറിയ മെഡിസിൻ തരാം തുടർന്നും ഉണ്ടങ്കിൽ ഒരു സെ‌പഷ്യലിസ്റ്റിനെ കാണുന്നതാണ് ബെറ്റർ" ..... സണ്ണിയുടെ മരുന്നിന്റെ ബലത്താലും രേവതിയുടെ വാശിയുടെ ശക്തി കൊണ്ടും അച്ചു ബാക്കിയുള്ള പരീക്ഷ മുഴുവനും എഴുതി ....
പത്താം ക്ലാസ് എല്ലാത്തിന്റേയും തുടക്കമാണ് എന്ന് രേവതി എപ്പോഴും പറയുന്നത് അയാളോർത്തു.... പാവം തന്റെ അച്ചു .......!
സെന്റോഫ് കഴിഞ്ഞ് അതീവ ക്ഷീണിതനായാണ് അച്ചു വന്നത്.... പരീക്ഷ കഴിഞ്ഞതിനാൽ അയാൾ ഓഫീസ് വിട്ട് വരുമ്പോൾ അവന് കുറേ ചോക്ലേറ്റ് ഒക്കെ വാങ്ങിയിരുന്നു.... അത് കഴിക്കുന്നതിനടിയാലാണ് മാധവനുണ്ണി വീണ്ടും രക്തം വരുന്നത് ശ്രദ്ധിച്ചത്
ഡോ. വാര്യർ ... ഈ പട്ടണത്തിലെ പ്രസിദ്ധനായ ന്യൂറോളജിസ്റ്റാണ്.... പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹത്തെ വന്നു കണ്ടു...!
സ്കാനിങ്ങിന്റെ റിസൽട്ടിലേക്ക് നോക്കി മാധവനുണ്ണി നെടുവീർപ്പിട്ടു ....
അയാൾ ചുറ്റും കണ്ണോടിച്ചു... രേവതിയു അച്ചുവും എവിടെ ....?
അയാൾ ഫാർമസിയിൽ ചെന്ന് മരുന്ന് വാങ്ങിച്ചു
"ഉണ്ണിയേട്ടാ മലേഷ്യക്ക് ടിക്കറ്റുണ്ട്. നമ്മുടെ ട്രീസയുടെ ട്രാവൽ ഏജൻസി തൊട്ടപ്പുറത്താ.... ഡോക്ടർ എന്താ പറഞ്ഞേ ....? കുഴപ്പമൊന്നുമില്ലല്ലോ അല്ലേ ... നമുക്കീ വെക്കേഷൻ അടിച്ചു പൊളിക്കണം"
അയാൾ അവളെ ദയനീയമായി ഒന്നു നോക്കി ... ഇവളോട് എന്താ പറയേണ്ടത് തൽക്കാലം ഇപ്പോൾ ഒന്നും അറിയിക്കേണ്ട എന്നുറപ്പിച്ചു
അവളുടെ ലോകം പണ്ടേ മറ്റൊന്നാണ് ... തനി നാട്ടിൻ പുറത്തുകാരനായ തന്റെ നേരെ വിപരീതം
നഗരത്തിന്റെ ചടുലതയാണ് അവൾക്കിഷ്ടം... വെക്കേഷനുകൾ അവൾ ആദ്യമേ പ്ലാൻ ചെയ്യും.. കലഹത്തിന് താൽപര്യമില്ലാത്തതിനാൽ ഒന്നും പറയാറില്ല.
വീട്ടിലെത്തിയത് അയാളറിഞ്ഞില്ല. കാറിലിരുന്ന് രേവതി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. അവൾ ശരിക്കും ഒരു വെക്കേഷൻ മൂഡിലേക്ക് മാറിയിരുന്നു ..
"ഉണ്ണിയേട്ടാ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടേ" ....?
രേവതി അയാളുടെ അടുത്ത് ചെയർ നീക്കിയിട്ടിരുന്നു..
അയാൾ പെട്ടന്ന് എന്തോ മനസ്സിലുറപ്പിച്ച പോലെ മകനെ അടുത്ത് വിളിച്ചു ....
"രേവതി..., ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം ... എല്ലാ തവണയും നിന്റെ ഇഷ്ടത്തിനാണ് അവധിക്കാലം ചെലവഴിക്കാറ്. ഇത്തവണ അച്ചു തീരുമാനിക്കട്ടെ .... അവന് ഇഷ്ടമുള്ള സ്ഥലത്ത് നമുക്ക് പോകാം.... മോനേ നീ പറയൂ എവിടെയാ പോകേണ്ടത് എവിടെയാണേലും അച്ഛൻ കൊണ്ടു പോകും"...തികിട്ട വന്ന ഗദ്ഗദം അയാൾ കടിച്ചമർത്തി....
"എനിക്ക് ".... അവൻ അമ്മയെ ഒന്നു നോക്കി ..... "എനിക്ക് തറവാട്ടിൽ പോയാമതി.. മുത്തശ്ശന്റേറെയും മുത്തശ്ശിയുടേയും അടുത്ത് ...."
രേവതി തീരെ പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നു അത് ....
"ആ ഓണം കേറാ മൂലയിൽ അത്രയും ദിവസമോ ... ഒരു നല്ല ഷോപ്പിങ്ങ് മാളുണ്ടോ അവിടെ , മൊബൈൽ റേഞ്ച് പോലും കുറവാ... ഞാനെങ്ങുമില്ല.... നീയെന്തു ചെയ്യാനാ അവിടെ ചെന്നിട്ട് " ... അവർ അവനെ രൂക്ഷമായി നോക്കി....
"രേവതി നീയെന്തൊക്കെ പറഞ്ഞാലും ഇത്തവണ അവന്റെ ചോയ്സ് ആണ് മുഖ്യം... നീയും വന്നേ പറ്റൂ... ഇനി നീ ഒന്നും പറയേണ്ട പോകാൻ ഒരുങ്ങിക്കോളൂ ... ഞാൻ ലീവിന് അപേക്ഷിച്ചിട്ടുണ്ട്.... ആട്ടെ അച്ചു നീ അവിടെ ചെന്നിട്ട് എന്താ ചെയ്യാൻ പോണേ.... "
"എല്ലാ അവധിക്കാലവും ഞാൻ കൊതിച്ചിരുന്നു അവിടെ പോകാൻ .... കുളത്തിൽ നീന്തൽ പഠിക്കാൻ ... നാട്ടു മാവിൽ അള്ളി പിടിച്ച് കയറാൻ ....അമ്പലത്തിലെ ഉത്സവം കാണാൻ ... അതിലേറെ മുത്തശ്ശിയുടെ കൂടെ പറ്റിച്ചേർന്ന് കിടക്കാൻ ... പക്ഷെ.....!"
മാധവനുണ്ണിയുടെ കണ്ണുകൾ ഈറനണിഞ്ഞു... ഇത്രയും കാലം അവനു നിഷേധിച്ച സൗഭാഗ്യങ്ങൾ.....
അപ്രതീക്ഷിതമായ തങ്ങളുടെ വരവ് ആ രണ്ട് വൃദ്ധമനസ്സിലും കുളിർമഴ പെയ്യിച്ചു ... രേവതി പതുക്കെ ആ അന്തരീക്ഷവുമായി അഡ്ജസ്റ്റ് ചെയ്തു ... അച്ചു ശരിക്കും ആഘോഷിക്കുകയായിരുന്നു...
മാങ്ങയും ചക്കയും അവൻ ആർത്തിയോടെ കഴിക്കുന്നത് മാധവനുണ്ണി നിറമിഴിയോടെ നോക്കി നിന്നു... എന്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ഇതെല്ലാം തട്ടിക്കളഞ്ഞത് ... തെക്കേപറമ്പിൽ ഒരു ഇരട്ട മാവുണ്ട് .. പുതുതായി പൂത്തത്... ! അതിൽ നിറയെ മാങ്ങയും ... അച്ചു ഏതു സമയത്തും അതിന്റെ മുകളിലാണ് ....അതിൽ തെക്കോട്ടുള്ള മാവ് അൽപ്പം ചെരിഞ്ഞതാണ്.... പലരും മുറിച്ചു കളയാൻ പറഞ്ഞെങ്കിലും ചെയ്യാഞ്ഞത് നന്നായെന്ന് അച്ഛൻ പറയുന്നത് മാധവനുണ്ണി ശ്രദ്ധിച്ചു ...
ഒരു ചെറിയ മാവ് നിലം പതിക്കാൻ ഒരുങ്ങുന്നു .... അതിനെ വെട്ടിമാറ്റാതെ സംരക്ഷിക്കുന്ന തന്റെ അച്ഛൻ.....!
രണ്ട് തേങ്ങ ഇരച്ചു കെട്ടി മാധവനുണ്ണി അച്ചുവിനെ നീന്തൽ പഠിപ്പിക്കാൻ തുടങ്ങി... ഒന്നു രണ്ടു ദിവസത്തെ ബുദ്ധിമുട്ടിനു ശേഷം അവൻ അൽപ്പം നീന്താൻ തുടങ്ങി...
അന്ന് വൈകുന്നേരം അവന് പനിയും ക്ഷീണവും തുടങ്ങി....മൂക്കിൽ നിന്നും രക്തം വന്നു കൊണ്ടേയിരിക്കുന്നു .....
പെട്ടന്ന് തൊട്ടടുത്ത ഹോസ്പ്പിറ്റലിൽ എത്തിച്ചു.... അവർ ഡോ.വാര്യരുമായി ബന്ധപ്പെട്ടു.
മാധവനുണ്ണിയ്ക്ക് കാര്യങ്ങൾ മുഴുവൻ അച്ഛനോടും അമ്മയോടും രേവതിയോടും പറയേണ്ടി വന്നു....
രേവതി ആകെ തളർന്നു പോയി ... അവൾ തല തല്ലി കരഞ്ഞുകൊണ്ടേയിരുന്നു....
അച്ചുവിന്റെ നില കൂടുതൽ വഷളായി അവനെ കൊച്ചിയിൽ ഡോ.വാര്യരുടെ അടുത്ത് എത്തിച്ചു....
" Mr.മാധവനുണ്ണീ.... നോ ഹോപ്പ്.... ഏതു നിമിഷവും എന്തും സംഭവിക്കാം.... " ഐസിയുവിൽ തന്റെ പ്രിയപുത്രന്റെ മുടിച്ചുരുളുകളിൽ വിരലോടിച്ചു കരയാനേ അയാൾക്ക് കഴിഞ്ഞുള്ളൂ...
അന്നൊരു തിങ്കളാഴ്ച അച്ചു ഈ തിരക്കുപിടിച്ചു ലോകത്തിൽ നിന്നും അവധിയാഘോഷിക്കാൻ പുറപ്പെട്ടു.... ഒരിക്കലും മടങ്ങി വരാത്ത യാത്ര....!
തെക്കോട്ടു ചരിഞ്ഞ ആ ഇരട്ട മാവിൻ ചിതയിൽ മാമ്പഴക്കാലത്തിന്റെ നൊമ്പരമായി തന്റെ അച്ചു....
"ഉണ്ണിയേട്ടാ നമുക്ക് വല്ലതും കഴിക്കേണ്ടേ .."
അയാൾ ഞെട്ടിയുണർന്നു... എർണാകുളം സ്റ്റാന്റ് .... ഒരു ചായ കുടിക്കാനുള്ള സമയമുണ്ട്... പുറത്തിറങ്ങി മൂന്നു ചായയും ബിസ്ക്കറ്റും വാങ്ങി ....
ചായ കുടിക്കുന്നതിനിടയിൽ അയാൾ അനന്തുവിനെ ശ്രദ്ധിച്ചു.......
എല്ലാത്തിനും ഒരടുക്കും ചിട്ടയും ... പുറത്തേ കാഴ്ചകളിൽ അത്ഭുതം കൂറുന്ന കൊച്ചു കുട്ടി... അച്ചുവിന് പക്ഷെ കുറച്ച് വാശിയുണ്ടായിരുന്നു...
അച്ചുവിന്റെ വേർപാടിനു ശേഷം രേവതി ആകെ മാറിയിരുന്നു... എപ്പോഴും ഒരേ ചിന്ത.... കഴിഞ്ഞ അഞ്ചു വർഷമായി പുറത്തെവിടെയെങ്കിലും പോയിട്ട്...
താൻ ഇടയ്ക്ക് വല്ലപ്പോഴും ചെന്നതല്ലാതെ അവൾ അതിനു ശേഷം തറവാട്ടിലേക്ക് പോയതേയില്ല....
കുറ്റിപ്പുറം ഇറങ്ങി കുറച്ച് ഡ്രസും പലഹാരങ്ങളും വാങ്ങി ഓട്ടോയിൽ തറവാട്ടിലെത്തി... വിളിച്ചു പറഞ്ഞതിനാൽ അച്ഛനും അമ്മയും കാത്ത് നിൽക്കുന്നുണ്ട്
അനന്തുവിനെ കണ്ടതും അവർ സംശയത്തോടെ തന്നെ നോക്കുന്നത് മാധവനുണ്ണി ശ്രദ്ധിച്ചു
സമൃദ്ധമായ ഉച്ചഭക്ഷണം ... സഹായത്തിന് അമ്മ ആരേയോ വിളിച്ചു കാണും... അനന്തു ഭക്ഷണം കഴിക്കുന്നത് അവർ കൗതുകത്തോടെ നോക്കി നിന്നു...
ഭക്ഷണത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് കൈകൂപ്പി പ്രാർത്ഥന ....ശേഷം വളരെ ഒതുക്കത്തോടെയുള്ള ചലനങ്ങൾ ...ഒട്ടും ബാക്കി വെക്കാതെ മുഴുവനും കഴിച്ച ശേഷം ഇല കളഞ്ഞ് കൈ കഴുകി അവൻ രേവതിയുടെ പുറകിൽ മറഞ്ഞു നിന്നു... അവർ അകത്തേക്ക് പോയ ശേഷം അച്ഛൻ മാധവനുണ്ണിയുടെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു
"ആരാ ആ കുട്ടി ..... നല്ല അച്ചടക്കത്തോടെ വളർന്നതിന്റെ എല്ലാ ലക്ഷണങ്ങളും.... "
"ഞാൻ പറഞ്ഞില്ലേ അച്ഛാ നിങ്ങൾക്കൊരു സർപ്രൈസ് .... അവനാണത്. പേര് അനന്തു .... ബാല സേവ ശിശുഭവനിൽ വളരുന്ന കുട്ടിയാ... നമ്മൾ അഹങ്കാരികളുടെ ഭാഷയിൽ പറഞ്ഞാൽ അനാഥൻ....!"
"കഴിഞ്ഞ വർഷം അവധിക്കാലം തുടങ്ങുന്ന സമയത്തെ ഒരു പത്രവാർത്ത രേവതിയാണ് തന്നെ കാണിച്ചു തന്നത് .... അവൻ പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളിൽ എല്ലാരും അവധിക്ക് വീട്ടിൽ പോകുന്നത് വിഷമത്തോടെ നോക്കി നിൽക്കുന്ന ഒരു പാവം മൂന്നാം ക്ലാസുകാരൻ..... ആ വാർത്ത ഞങ്ങളിൽ ഒരു പാട് നൊമ്പരമുണർത്തി ... അന്ന് കുറച്ചു ദിവസം അവനെ ഞങ്ങൾ കൂടെ കൊണ്ടുപോയിരുന്നു... അന്ന് അവന് വാക്ക് കൊടുത്തതാ ഈ വർഷം നാട്ടിൻ പുറത്തെ അവധിക്കാലം.... " അയാൾ ഒന്നു നിർത്തി .... തുളുമ്പുന്ന മിഴികൾ തുടച്ചു ....
"അച്ചുവിന് നഷ്ടപ്പെട്ട മധുരമുള്ള മാമ്പഴക്കാലം....."
"നന്നായി മോനേ " അച്ഛന്റെ കണ്ണുകൾ ഈറനണിയുന്നത് അയാൾ കണ്ടു
തെക്കുഭാഗത്തുള്ള ഇരട്ട മാവിലെ ശേഷിക്കുന്ന വടക്കേ മാവ് കാറ്റിൽ ഇളകുന്നത് മാധവനുണ്ണി കണ്ടു..... അതിൽ നിറയേ മാമ്പഴം കുഞ്ഞുകൈകളെ കാത്തു നിൽക്കുന്നപോലെ അയാൾക്ക് തോന്നി
...........................
ശ്രീധർ .......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot