Slider

ഇന്റർവ്യൂ

0
ഇന്റർവ്യൂ ചെയ്യാൻ വന്ന ആൾ ആദ്യ ചോദ്യം എന്നോട് ചോദിച്ചു:
"ശ്രീ പറങ്ങോടൻ...താങ്കളുടെ കഥകളിൽ മനസ്സിൽ മായാതെ നിൽക്കുന്നത് ദാമ്പത്യ ജീവിതത്തിന്റെ മനോഹാരിത വിളിച്ചു പറയുന്ന "ഒരില, ഒരു പൂവ് ' എന്ന കഥയാണ്...എങ്ങിനെയാണ് ഇത്രയും വശ്യമായ ആ കഥ എഴുതിയത്.. "
"അത് പറയാം..." ഞാൻ കസേര ഒന്നുകൂടി അയാളുടെ അടുത്തേക്ക് നീക്കി.."ഇവിടെ ഭാര്യയുടെ ബഹളങ്ങൾക്കിടയിൽ നല്ല എഴുത്തുകളൊന്നും വരില്ല. അവൾ പിണങ്ങി അവളുടെ വീട്ടിൽ ഒരാഴ്ച പോയപ്പോഴാണ് ആ കഥ എനിക്കെഴുതാൻ പറ്റിയത്"
"യു ആർ ഗ്രേറ്റ് ! ...താങ്കളുടെ മറ്റൊരു ഹിറ്റ് കഥയായിരുന്നു "അർധരാത്രിയിൽ വിരിഞ്ഞ ആമ്പൽപ്പൂവ്". പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുന്ന ധർമ്മനിഷ്ഠയുള്ള യുവാവിന്റെ കഥ. വല്ല അനുഭവവും?
"അങ്ങിനെ ചോദിച്ചാൽ ....സ്വകാര്യം പറയാം...ഞാൻ ഇടക്ക് ഓട്ടോ ഓടിക്കാറുണ്ട്..അങ്ങിനെയുള്ള ഒരു ദിവസം നടന്ന സംഭവമാണ്...വീട് മാറി എന്നുമാത്രം "
"വീടെങ്ങനെ മാറിപ്പോയി?"
"ശെടാ...ഞാൻ അവളെ ആദ്യം എന്റെ വീട്ടിൽ കൊണ്ട് വന്നു..പുലരാൻ കാലത്ത് അവളുടെ വീട്ടിൽ തിരിച്ചു വിട്ടു. അന്നും എന്റെ ഭാര്യ അവളുടെ വീട്ടിൽ ആയിരുന്നു, പ്ളീസ് നോട്ട് ദാറ്റ്."
“ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ തന്നെ കയറിട്ടു കുടുക്കി..ല്ലേ ? പറങ്ങോടൻ വെറും പറങ്ങോടനല്ല, പത്തര മാറ്റാണ് !”
“താങ്കളുടെ സോഷ്യൽ മീഡിയയിലെ നിലപാടുകൾ വളരെ പ്രശംസനീയമാണ്..താങ്കളെഴുതിയ "സ്നേഹതീരം' ഇന്നും വായനക്കാരുടെ മനസ്സിൽ ഒരു കുളിരായി അവശേഷിക്കുന്നു - വിവിധ വിശ്വാസങ്ങൾ, ആദർശങ്ങൾ ഒക്കെ പുലർത്തുന്നവർ സ്നേഹം കൊണ്ട് പരസ്പരം കണ്ണുനീർ തുടക്കണം - എന്ന ആ എഴുത്തിലെ വാചകം ആ സമയത്ത് വൈറൽ ആയിരുന്നല്ലോ?
"സത്യത്തിൽ പത്തു മിനിറ്റ് കൊണ്ടെഴുതിയ ഒരു പോസ്റ്റാണത്. "ഒരു രാജ്യം, ഒരേ ഒരു അജണ്ട" എന്ന ക്യാമ്പയ്‌നിൽ ഒരു പ്രഭാഷണം നടത്താൻ എന്നെ ക്ഷണിച്ചിരുന്നു..അത് കഴിഞ്ഞു വരുന്ന വഴിയിൽ കാറിലിരുന്ന് എഴുതിയതാണത്. അന്ന് പോലീസ് വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.”
“ഫേസ് ബുക്ക് സൗഹൃദങ്ങളുടെ തനി നിറം വിളിച്ചു പറയുന്ന നിരവധി എഴുത്തുകൾ താങ്കൾ നടത്തിയിട്ടുണ്ട്...പ്രത്യേകിച്ച് ടീനേജ് പെൺകുട്ടികളുടെ കാണാമറയത്തുള്ള പ്രണയവും ദുരന്തവും.. സമൂഹത്തിനു വലിയൊരു ഉപകാരമാണ് പറങ്ങോടൻ സാർ ചെയ്യുന്നത്”
"ആശാനേ, നിങ്ങൾ ഒരു മണ്ടനാണല്ലോ...അതെഴുതാൻ ഒരു സാഹചര്യം ഉണ്ടായിരുന്നു..."
"പറയൂ..." ഇന്റർവ്യൂർ വെള്ളമൂറുന്ന ചുണ്ടുകൾ തുടച്ചു ഒന്നുകൂടെ അടുത്തിരുന്നു.
"എനിക്ക് ഒരു കോളേജ് വിദ്യാര്ഥിനിയുമായി ഫേസ്ബുക് സൗഹൃദം ഉണ്ടായിരുന്നു..എന്റെ എഴുത്തുകൾ വായിച്ചു വന്നതാണ്...പിന്നെ അവളെക്കൊണ്ട് ഞാൻ എന്നെ പ്രണയിപ്പിച്ചു. ടെക്‌നിക് പറയില്ല..അവൾ കാപ്പി കുടിക്കാനും കുളിക്കാനും പോകുമ്പോൾ പോലും എന്നോട് പറയും.., "
"എന്നിട്ട് അവളെ കണ്ടോ?" അഭിമുഖക്കാരന്റെ ഒലിച്ചുവരുന്ന തുപ്പൽ എന്റെ കയ്യിൽ വീണു.
"എടോ ...മന്ദബുദ്ധീ... കൊൽക്കത്തയിലുള്ള അവളെ പോയി കാണാൻ എനിക്കെന്താ പ്രാന്താ? നാട്ടിൽ വേറൊന്നു ഒത്തുവന്നപ്പോൾ ഞാനവളെ അങ്ങട്ട് ഒഴിവാക്കി "
"ഇനി ഒന്നും ചോദിക്കാനില്ല..പറങ്ങോടൻ എന്ന ഈ അതുല്യ പ്രതിഭക്കാണ് നമ്മുടെ മാസികയുടെ ഈ വർഷത്തെ "ധന്യം' അവാർഡ് എന്ന സന്തോഷ വാർത്തകൂടി അറിയിച്ചുകൊണ്ട് ഞാൻ വിട വാങ്ങുന്നു...നന്ദി, നമസ്കാരം.."
അവാർഡുകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചു പിറ്റേന്ന് ഞാനൊരു പോസ്റ്റിട്ടു.
(ഹാരിസ്)
നടുക്കഷ്ണം: പറങ്ങോടൻ ഒരു സാങ്കൽപ്പിക കഥാപാത്രമല്ല, അയാൾ ചിലപ്പോൾ ഞാനാവാം അല്ലെങ്കിൽ നിങ്ങളിൽ ആരെങ്കിലും..

Haris
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo