നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിഥ്യയുടെ താഴ് വാരങ്ങളിലൂടെ.....


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കഥാകൃത്തിന്റെ പ്രശ്നം വിഷയ ദാരിദ്ര്യമാണെന്ന് പ്രധാന വിമർശകയായ സ്വന്തം ഭാര്യ തന്നെ മനസ്സിലാക്കിയ സ്ഥിതിക്ക് അവളെ വച്ചുതന്നെ ഒരു കഥ എഴുതിയാലൊ എന്ന് കഥാകൃത്തും ചിന്തിച്ചു പോയി.
അവളെ പറ്റി എഴുതിയാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന അവളുടെ ഭീഷണി ശക്തമായി നില നിൽക്കുന്നതിനാൽ, 'ഭാര്യയുടെ അട്ടഹാസങ്ങൾ' എന്ന പേരിൽ എഴുതാനിരുന്ന തന്റെ വിലപ്പെട്ട ചില വെളിപ്പെടുത്തലുകൾ വെളിച്ചം കാണാതെ കിടക്കുകയാണ്.
മുഖപുസ്തകത്തിലെ ഗ്രൂപ്പുകളിൽ പുതുമുഖങ്ങളുടെയും യുവ എഴുത്തുകാരുടെയും തേരോട്ടം തന്റെ പ്രശസ്തിക്ക് മങ്ങലേൽപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആശയ ദാരിദ്ര്യമെന്ന വിപത്ത് കഥാകൃത്തിനെ പിടികൂടിയത്.
ഏകാന്തതയും പുഴയും പുഴയോരവും ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഒട്ടുമിക്ക കവികളും.
ആ വഴിക്ക് നേരത്തെ ചിന്തിക്കാതിരുന്നതാണ്, തന്റെ ആശയ ദാരിദ്ര്യമെന്ന മഹാദുരന്തത്തിലേക്ക് തന്നെ നയിച്ചതെന്ന് കഥാകൃത്തും ചിന്തിച്ചു കാണണം.
മുഖപുസ്തകത്തിലെ തന്റെ കൃതികൾക്ക് വായനക്കാരെ കിട്ടാതെ പോയത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു സംഗതിയാണ്. കഥകളിലെ ഗൗരവഭാവമാണോ അതിന് കാരണം?. അതോ വായനക്കാരന് ആസ്വാദനസുഖം കിട്ടാഞ്ഞിട്ടോ..?
നർമ്മവും രതിയും ആവശ്യാനുസരണം ചേർക്കാഞ്ഞിട്ടോ...? എന്താണാവോ?
നർമ്മം തനിക്ക് തീരെ വഴങ്ങാത്തതാണ്. രതിയാണെങ്കിൽ അപകടകരവും. രതിയെ പറ്റി എഴുതിയത് ഭാര്യ കണ്ടാൽ പിന്നെ തനിക്ക് ഈ മൊബൈൽ കൊണ്ട് നടക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടേക്കാം.
ഇന്ന് മുഖപുസ്തകത്തിൽ ഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ളത് രതിമ സാലകൾക്കാണ്.എന്തിനേറെ ഗ്രൂപ്പ് മുതലാളിമാരും നിരൂപകരും, കഥകളെ പറ്റി ചർവിത ചർവ്വണം നടത്തുന്നവരും രതിയുടെ പുറകെയാണ്.ഗ്രൂപ്പിലില്ലെങ്കിൽ പുറത്ത് നിന്ന് വലിച്ചുകൊണ്ടുവരാനും മുതലാളിമാർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു.
" അവളുടെ നിഴൽ കണ്ടാൽ
പോലും എന്നിൽ വിടർന്നു
ആയിരം ഇതളുള്ള പുരുഷ മോഹം " എന്ന് പണ്ടൊരു കവി പാടിയ പോലെയാണ് ഇന്നത്തെ ഗ്രൂപ്പുകളുടെയൊക്കെ അവസ്ഥ.
പുഴയോരത്തെ മണൽ പരപ്പിൽ കാറ്റും കൊണ്ടിരിക്കവെ നീർക്കുമിളകളുടെ ആയുസ്സിനെപ്പറ്റി എന്തെങ്കിലും എഴുതിയാലൊ എന്ന ചിന്ത, അങ്ങകലെ നിന്ന് വന്നു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരിൽ കണ്ണുടക്കി തട്ടിത്തെറിച്ചു.
ചെറുപ്പക്കാരുടെ കയ്യിൽ കാണുന്ന കൊള്ളിയും കോലും ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ജിജ്ഞാസയുളവാക്കുന്നത് തന്നെ.
അവർ ഒഴുക്കു കുറഞ്ഞ ഒരിടത്ത്, തീരത്ത് നിലയുറപ്പിച്ചു. അവരുടെ കൈയിലുണ്ടായിരുന്ന സാധന സാമഗ്രികൾ താഴെ ഇറക്കി വച്ചു.
ചെറുപ്പക്കാർ ചൂണ്ടയിടാനുള്ള പരിപാടിയാണെന്ന് കഥാകൃത്തിന് മനസ്സിലാകാൻ അൽപം താമസമെടുത്തു.
അപ്പോൾ അയാളുടെ ഉള്ളിലെ കഥാകൃത്ത് ഉണരുകയായിരുന്നു. അല്ല, പ്രകൃതിസ്നേഹി ഉണരുകയായിരുന്നു.
പുഴയുടെ സമ്പത്തായ മത്സ്യങ്ങളെ ചതിയിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ഈ ദുഷ്ടന്മാരുടെ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
കഥാകൃത്ത് ചലിച്ചു തുടങ്ങി.. അല്ല, അയാളുടെ കാലുകൾ ചലിച്ചു തുടങ്ങി.
ചെറുപ്പക്കാർ അവരുടെ നേർക്ക് നടന്നു വരുന്ന പ്രകൃതി സ്നേഹിയെ അടിമുടി വീക്ഷിച്ചു.
ചെറുപ്പക്കാരുടെ വീക്ഷിക്കൽ രൂക്ഷമായി തോന്നിയ കഥാകൃത്ത് തന്റെ ദൗർബല്യത്തെ ഓർത്തില്ല.
സ്വന്തം ഭാര്യയുടെ മുട്ടുകാൽ പ്രയോഗത്തിൽ പോലും പതറാറുള്ള കഥാകൃത്ത് ഒരു കൂട്ടം ചെറുപ്പക്കാരുടെ മുമ്പിൽ പറയാനുണ്ടായിരുന്നതും പറയേണ്ടതും അപ്പാടെ വിഴുങ്ങി, നിസ്സഹായനായി മണലിൽ ഇരുന്നു പോയി.
കഥാകൃത്തിന്റെ സാന്നിദ്ധ്യം അരോചകമായിത്തോന്നിയതിനാലാകണം ചെറുപ്പക്കാർ സാധന സാമഗ്രികളെടുത്ത് മറ്റൊരിടത്തേക്ക് നീങ്ങി.
നീങ്ങിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാർ പെട്ടെന്ന് നിന്നു.
അവർ ഒരു പൊന്തയിലേക്കാണ് ശ്രദ്ധിക്കുന്നത്. അവിടെ ഒരനക്കം. കഥാകൃത്ത് ശ്രദ്ധിച്ചു.
പൊന്തയിൽ നിന്ന് ആദ്യം പുറത്ത് വന്നത് ഒരു തവള.പിന്നാലെ ഒരു മൂർഖൻ പാമ്പും.,
തവള വളരെ പെട്ടെന്ന് തന്നെ മറികടന്ന് പോയി.
പിന്നാലെയുള്ള മൂർഖന്റെ ദിശ തന്റെ നേർക്കാണെന്നത് ഒരു ഉൾക്കിടിലത്തോടെയാണ് കഥാകൃത്ത് ഓർത്തത്. എണീക്കാനുള്ള ഒരു വൃഥാശമം. കഥാകൃത്ത് പരാജയപ്പെട്ടിരിക്കുന്നു. തന്റെ ദൗർബല്യം തന്നെ കീഴടക്കിയിരിക്കുന്നു.
ഭയത്തിനു മുന്നിൽ തന്റെ കാഴ്ച മങ്ങിയിരിക്കുന്നു.
എന്നാലും കണ്ടു, തന്റെ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ.
ബോധം കെടുകയാണോ എന്ന് തോന്നി.
എങ്ങിനെയോ അൽപം പിന്നിലേക്ക് ഞരങ്ങി.
ഹാവൂ..എന്നൊരു ആർപ്പുവിളി കേട്ട കഥാകൃത്ത് മുന്നിലേക്ക് നോക്കി. അവിടെ മൂർഖൻ പാമ്പില്ല.
പാമ്പതാ ആകാശത്തുകൂടെ പറക്കുന്നു.ചെറുപ്പക്കാരിലാരോ പാമ്പിന്റെ വാല് പിടിച്ച് ചുഴറ്റി എറിഞ്ഞിരിക്കുന്നു. കഥാകൃത്തിന്റെ ശ്വാസം നേരെ വീണു.
ശ്വാസം നേരെ വീണെങ്കിലും തന്റെ പതർച്ച മാറിയിട്ടില്ല.തല കറങ്ങുന്ന പോലെ.തനിക്ക് സ്ഥലകാലബോധം തന്നെ നഷ്ടപ്പെട്ടുവോ?
പതിനഞ്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ തന്നെ അത്ഭുതപ്പെടുത്തിയത് ഭാര്യയുടെ സമീപനമാണ് എന്നത് കഥാകൃത്ത് ആലോചിക്കാതിരുന്നില്ല.
പരാതിയും കുറ്റം പറച്ചിലും മാത്രം ശീലമാക്കിയ ഭാര്യയുടെ നിലയ്ക്കാത്ത കണ്ണുനീർ എന്തു കഥയാണ് പറയുന്നത് എന്ന് കഥാകൃത്തിന് മനസ്സിലായില്ല.
തന്റെ കഠിനമായ പനി പേടിപ്പനിയാണെന്നും ആശുപത്രി ബില്ലടയ്ക്കാൻ ഭാര്യയുടെ ആഭരണം തന്നെ നഷ്ടപ്പെടുത്തിയതായും അതിന്റെ പേരിലാണോ ഭാര്യ കണ്ണീരൊഴുക്കുന്നതെന്നും കഥാകൃത്ത് ചിന്തിച്ചു പോയി.
തളർന്നവശനായ തന്നെ ഭാര്യ താങ്ങിപ്പിടിച്ച് പ്രാഥമികാവശ്യങ്ങൾക്കായി കൊണ്ടു പോകുന്നതും കഞ്ഞി കോരിത്തരുന്നതും മരുന്ന് കുടിക്കാൻ നിർബന്ധിക്കുന്നതുമെല്ലാം ഭാര്യക്ക് തന്നോടുള്ള സ്നേഹത്തിന്റെ ഭാഗമായിരുന്നെന്ന് അപ്പോഴും കഥാകൃത്തിന് മനസ്സിലായിട്ടുണ്ടായിരുന്നില്ല.
ക്ഷീണം മാറി പുറത്തിറങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ വീട്ടിലേക്ക് കയറിപ്പോയിരുന്നത് ഭാര്യയുടെ സ്നേഹം താൻ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് കഥാകൃത്തിന് മനസ്സിലായിട്ടുണ്ടായിരുന്നില്ല.
പിന്നീട് തന്റെ ദിനചര്യകളിലുണ്ടായ മാറ്റം ജീവിതക്രമം ചിട്ടപ്പെടുത്തതിനെക്കുറിച്ച് ചിന്തിക്കാൻ കാരണമായി എന്നതാണ് കഥാകൃത്തിന്റെ ജീവിതത്തിലെ ആദ്യ പുരോഗതി.
ഭാര്യയുടെ വരുമാനം കൊണ്ട് മാത്രം മുന്നോട്ട് പോയിരുന്ന തന്റെ കുടുംബ ജീവിതത്തിലേക്ക് താനൊരു ദുരന്തമാവാതിരിക്കാൻ ഒരു വരുമാന മാർഗ്ഗം കണ്ടെത്തിയേ മതിയാകൂ.
ജീവിതം എന്നത് ത്യാഗവും സഹനവും വിറ്റിട്ട് സന്തോഷവും സമാധാനവും വാങ്ങുന്ന ഒരു പ്രക്രിയയാണെന്ന് കഥാകൃത്തിന് എളുപ്പത്തിൽ മനസ്സിലായി.
കഥയും കവിതയും എല്ലാം മിഥ്യയുടെ താഴ്‌വാരവും, കഥാകൃത്തും കവിയും ആ താഴ് വാരങ്ങളിലെ സങ്കൽപ കൊട്ടാരത്തിലെ രാജാവും റാണിയുമാകുന്ന വിഡ്ഢികളുമാണെന്ന് കഥാകൃത്ത് ചിന്തിച്ചു കൂട്ടി.
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാതെ അക്ഷരങ്ങളെ പ്രണയിച്ചാൽ തനിക്ക് പലതും നഷ്ടപ്പെടുമെന്ന് കഥാകൃത്ത് ചിന്തിച്ചു കാണണം.
ഒരു വരുമാനം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും താൻ പഴയ പോലെയായേക്കാമെന്നും ഭാര്യയുടെ സ്നേഹവും പരിഗണനയും നഷ്ടപ്പെട്ടേക്കാമെന്നും കഥാകൃത്ത് ദീർഘവീക്ഷണം നടത്തി.
വരുമാനം ആകുന്നതു വരെ ഭാര്യയെ സന്തോഷിപ്പിക്കാൻ അവളുടെ ജോലി ഭാരം ഒന്ന് കുറയ്ക്കാൻ തനിക്ക് കഴിയുമെന്ന് കഥാകൃത്ത് മനസ്സിലാക്കി.
അതിനായി വിറക് കൊത്തിക്കൊണ്ടിരിക്കുന്ന ഭാര്യയെ സമീപിച്ചു അവളിൽ നിന്ന് മഴു വാങ്ങി വിറക് കീറാനാരംഭിച്ചു.
ഒരു വിറക് കഷ്ണം കീറിക്കഴിഞ്ഞപ്പോഴേക്കും കഥാകൃത്ത് ആകെ തളർന്നു പോയിരുന്നു.തല കറങ്ങുന്ന പോലെ.പുറത്തെ തിണ്ണയിൽ ചുമരും ചാരി ഇരുന്നപ്പോഴാണ് ഭാര്യ പാനീയവുമായി വന്നത്.ആർത്തിയോടെ അത് വാങ്ങിക്കുടിച്ച കഥാകൃത്തിന്റെ വയറ്റിൽ ശക്തമായ രൂപത്തിൽ തന്നെ ഗ്യാസ് ഉരുണ്ടുകൂടി. അപ്പോൾ കുടിച്ചതും അതിനു മുമ്പ് കഴിച്ചതുമെല്ലാം ഒറ്റയടിക്ക് വായിലൂടെ പുറം തള്ളി.
അസ്വസ്ഥത ശക്തിപ്പെട്ട കഥാകൃത്തിനെ ഭാര്യ ഫാനിന്റെ ചുവട്ടിൽ കൊണ്ടുപോയി കിടത്തി.ദീർഘനേരത്തെ ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ നന്നായി വിശക്കുന്നുണ്ടായിരുന്നു. നന്നായി വിശന്നാൽ നന്നായി ഭക്ഷണം കഴിക്കും. വയറ് നിറഞ്ഞാൽ ക്ഷീണം കൂടുകയും ഉറക്കം വരികയും ചെയ്യും. അപ്പോൾ തന്നെ നന്നാവാൻ സമ്മതിക്കാത്തത് തന്റെ ശരീരം തന്നെയാണെന്ന് കഥാകൃത്ത് ഉറപ്പിക്കുന്നു.
ആയതിനാൽ ശരീരത്തെ മെരുക്കിയെടുക്കണം.അതിനുള്ള വഴി എന്താണെന്ന് ആലോചിച്ചു തൊടിയിലേക്കിറങ്ങി. അവിടെ കാട്ടു പൊന്തകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.ഒരു അരി വാളെടുത്ത് പൊന്തകളെല്ലാം അരിഞ്ഞെടുത്ത് തെങ്ങിൻ ചുവട്ടിൽ കൊണ്ടു പോയിട്ടു.ശരീരത്തിലെ പലേടത്തുമുള്ള വേദനകളെ വകവയ്ക്കാതെ ദിവസങ്ങളോളം മെനക്കെട്ട് പൊന്തകളെല്ലാം വെട്ടിമാറ്റിയ കഥാകൃത്ത് കൈക്കോട്ടെടുത്ത് പറമ്പ് കൊത്തി മറിക്കാൻ തുടങ്ങി.
ഇളക്കിമറിച്ച് ചുവന്ന മണ്ണാക്കിയെടുത്ത ഇടങ്ങളിൽ കോഴികളും പൂച്ചകളും ഉല്ലസിക്കുന്നത് കഥാകൃത്ത് കൗതുകത്തോടെ നോക്കി നിന്നു.
ഈ മിണ്ടാപ്രാണികളുടെ സന്തോഷം എന്തുകൊണ്ടും തനിക്ക് ആനന്ദകരമായ കാഴ്ച തന്നെ.
ഈ തൊടിയിൽ കൃഷി ചെയ്താൽ വീട്ടാവശ്യങ്ങൾക്കുള്ള വിഭവം ലഭിച്ചേക്കാം.പക്ഷെ തനിക്കൊരു വരുമാനം ഇപ്പോഴും അകലെയാണ് എന്നത് ഒരു പ്രയാസമായി നിൽക്കുകയാണ്.
ശരീരത്തിലെ ദുർമേദസ്സുകൾനീങ്ങിത്തുടങ്ങിയത് തന്റെ ചിന്തയേയും ആശയങ്ങളെയും കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് കഥാകൃത്ത് മനസ്സിലാക്കി.
വീട്ടുജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം പുസ്തകങ്ങൾ വായിക്കാമെന്ന് വച്ചാൽ പുതിയതായി ഒന്നും തന്നെയില്ല താനും.എല്ലാം വായിച്ചു കഴിഞ്ഞവ.ഇനി പുതിയൊരെണ്ണമെങ്കിലും വാങ്ങണമെങ്കിൽ കയ്യിൽ കാൽ കാശില്ല.
ഒരു മുറി നിറയെ താൻ വാങ്ങിച്ച ഗ്രന്ഥങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പക്ഷേ ഇപ്പോൾ തനിക്കതുകൊണ്ട് ഒരുപകാരവും ഇല്ല.
" ഈ പുസ്തകങ്ങൾ എല്ലാം വിറ്റാൽ ധാരാളം കാശ് കിട്ടില്ലെ" എന്ന ഭാര്യയുടെ ചോദ്യമാണ് തന്റെ ജീവനപ്പോലെ കാത്തു സൂക്ഷിക്കുന്ന പുസ്തകങ്ങളെ വിൽക്കാനുള്ള തീരുമാനത്തിൽ പാതി മനസ്സോടെ കഥാകൃത്ത് എത്തിയത്.
കിട്ടുന്ന പണം കൊണ്ട് പുതിയ പുസ്തകങ്ങൾ വാങ്ങാമെന്ന ആശ്വാസത്തിൽ കഥാകൃത്ത് എത്തിയെങ്കിലും പുസ്തകങ്ങൾ എങ്ങിനെ വിറ്റഴിക്കുമെന്ന ആശയക്കുഴപ്പം പരിഹരിച്ചത് ഭാര്യ തന്നെയായിരുന്നു.പ്രധാന പാതയോരത്തെ വീടിന്റെ വിശാലമായ മുറ്റത്തെ ഒരറ്റത്ത് ഒരു ഷെഡ് കെട്ടിപ്പൊക്കി അതിൽ ദിനപ്പത്രങ്ങളും മാസികകളും വാരികകളും തൂക്കിയിട്ട് മുൻഭാഗം അലങ്കരിച്ചു. അകത്ത് ഗ്രന്ഥങ്ങൾക്ക് പുറമെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും അൽപാൽപമായി കൊണ്ടു വന്നു വച്ചു. കുറെ ദിവസങ്ങൾക്ക് ശേഷമാണ് കടക്കു മുന്നിൽ കാര്യമായ ആളനക്കം കാണപ്പെടാൻ തുടങ്ങിയത്.സ്വന്തമായി ഒരു തൊഴിലുള്ളത് കൊണ്ടാണ് താൻ ജീവിതം ആസ്വദിക്കുന്നത് എന്ന് കഥാകൃത്ത് മനസ്സിലാക്കി.
കഴിഞ്ഞു പോയ കാലം മിഥ്യയുടെ താഴ്വാരം തന്നെയായിരുന്നു. ഒരു സഞ്ചിയും പിടിച്ച് താടിയും വളർത്തി കുളിക്കാതെയും അലയ്ക്കാതെയും നടന്നിരുന്നത് എത്ര അപഹാസ്യമായിരുന്നു.
പ്രകൃതി സ്നേഹി എന്ന് നാട്ടുകാർ വിളിച്ചിരുന്നത് കുളിക്കാതെയും അലയ്ക്കാതെയും നടന്നത് കൊണ്ടായിരുന്നുവല്ലൊ. തൊട്ടടുത്ത് തന്നെ ഒരു പുഴയുണ്ടായിട്ടും താൻ കുളിക്കാതിരുന്നിരുന്നത് പുഴ മലിനമാകുമെന്ന് കരുതിയിട്ടാണ്.അതായത് പുഴ മലിനമാകാൻ മാത്രം അഴുക്ക് തന്റെ ശരീരത്തിലും വസ്ത്രത്തിലും ഉണ്ടായിരുന്നുവെന്ന്.
അപഹാസ്യമായ ആ കാലഘട്ടത്തെക്കുറിച്ചെഴുതിയാൽ ഒരു പുസ്തകം തന്നെ എഴുതാം. അതെ.... തന്റെ സ്വന്തം കഥ. ആത്മകഥ.
ജീവിച്ചിരിക്കുമ്പോൾ എഴുതേണ്ട കഥ.
കഥ തേടി ഒരു കഥാകൃത്തും അലയേണ്ടതില്ല. മറ്റുള്ളവന്റെ ജീവിതത്തിലേക്ക് ചൂഴ്ന്ന് നോക്കേണ്ടതില്ല. തന്നിലേക്ക് തന്നെ നോക്കാം. കഴിഞ്ഞു പോയ തന്റെ ജീവിതത്തിലേക്ക്... അതെ.... മിഥ്യയുടെ താഴ്വാരങ്ങളിലേക്ക്.....
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot