നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Man from Louisiana - Part 1


ന്യൂ ഓർലാൻസ് - ല്യൂസിയാന - യുണൈറ്റഡ് സ്റ്റേറ്റ്സ്. 2018 ജനുവരി 26
അമേരിക്കൻ സംസ്ഥാനമായ ല്യൂസിയാനയുടെ തെക്കു കിഴക്കൻ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ന്യൂ ഓർലാൻസ്. പ്രസിദ്ധമായ മിസ്സിസ്സിപ്പി നദിയുടെ ഇരു കരകളിലുമായി പരന്നു കിടക്കുന്ന ഒരു മനോഹര നഗരം.
മറ്റു അമേരിക്കൻ സിറ്റികൾ പോലെയല്ല. ന്യൂ ഓർലാൻസിന് തനതായ ഒരു സംസ്കാരമുണ്ട്. സംഗീതം , പാചകം പോലുള്ള മേഖലകളിൽ സ്വന്തമായ നിലപാടുകളുണ്ടവർക്ക്. മാർട്ടിഗ്രാ പോലുള്ള സാംസ്കാരിക പരിപാടികൾ ലോക പ്രശസ്തമാണ്.
സിറ്റിയിൽ നിന്നും ഏതാണ്ട് 120 മൈൽ ഉള്ളിലേക്ക് കയറിയാണ് ഡ്രെക്സ് അവെന്യു എന്നറിയപ്പെടുന്ന ഒരു ചെറിയ റെസിഡെൻഷ്യൽ ഏരിയ. പേരു കേട്ടാൽ ഒരു വൻ പാർപ്പിട സമുച്ചയം പോലെ തോന്നുമെങ്കിലും ആകെ അവിടെ ജനവാസമുള്ളത് പത്തോ പന്ത്രണ്ടോ വീടുകളിൽ മാത്രം. ആകെ അവിടെയുള്ള ഒരു പൊതു സ്ഥാപനം എന്നു പറയാനുള്ളത് ഒരു പെട്രോൾ പമ്പാണ്. അതിനോടു ചേർന്നു തന്നെ ഒരു ഗാരേജും ചെറിയൊരു സൂപ്പർ മാർക്കറ്റുമുണ്ടായിരുന്നു.
സ്ഥലത്തിനുള്ള വിലക്കുറവു കൊണ്ട് മാത്രമാണ് അവിടുള്ളവർ ആ ടൗൺ വിട്ടു പോകാത്തത്. കാരണം ടൗണിന്റെ ഒത്ത നടുക്കു തന്നെ ഒരു വലിയ ശ്മശാനമുണ്ട്. രണ്ടു നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു പടു കൂറ്റൻ സെമിത്തേരി. ആ നാട്ടുകാർ പറയുന്നത് , ഗവണ്മെന്റിന് അവിടെയുള്ള മനുഷ്യരേക്കാളും താൽപര്യം ആ പുരാതന ശവക്കല്ലറകളോടാണെന്നാണ്. കാരണമുണ്ട്. ന്യൂ ഓർലാൻസ് സന്ദർശ്ശിക്കാനെത്തുന്ന സഞ്ചാരികൾ ഒരിക്കലും വിട്ടു പോകാതെ കണ്ടിരിക്കേണ്ട ഒരു ടൂറിസ്റ്റ് പ്ലേസാണ് ആ ശ്മശാനം. വൂഡൂ സെമിത്തേരി എന്നറിയപ്പെടുന്ന ആ കല്ലറകൾ വളരെ വിചിത്രമാണ്. മിക്കതും ഭൂമിക്കു മുകളിലാണ്. നമുക്ക് കല്ലറകൾക്കുള്ളിൽ കയറി നടക്കാനാകും. വാതിലുകളും ജനലുകളുമൊക്കെയുള്ള കുഴിമാടങ്ങൾ!
അവിടെ ഇപ്പോഴും ആത്മാക്കൾ വിഹരിക്കുന്നുണ്ടത്രേ. ആറു മണി കഴിഞ്ഞാൽ ആരും തന്നെ ആ വഴി നടക്കാറില്ല.
ടൗണിന് ശാപമാണ് ആ കല്ലറകൾ എന്നെല്ലാവർക്കുമറിയാം. പക്ഷേ അതൊരു പുരാതന സംസ്കാരത്തിന്റെ ഭാഗമായി ഇപ്പോഴും പരിരക്ഷിക്കപ്പെടുന്നു.
പൊതുവേ ആ നാട്ടുകാർ സന്തുഷ്ടരല്ല. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു എപ്പോഴും. കാരണം ഒരു പക്ഷേ സാമ്പർത്തികമായിരിക്കണം. ഒരു ജോലിക്കായി മൈലുകളോളം സഞ്ചരിക്കണം. ഉന്നത വിദ്യാഭ്യാസം വേണമെങ്കിൽ ടൗൺ തന്നെ ഉപേക്ഷിക്കണം. പെട്ടെന്നൊരു അസുഖമോ മറ്റോ വന്നാൽ ആംബുലൻസിനു കാത്തു നിൽക്കാനാവില്ല. സ്വയം ഡ്രൈവ് ചെയ്ത് അടുത്ത സിറ്റിയിലെ ഹോസ്പിറ്റലിലെത്തിക്കണം. വികസിത രാജ്യമായ അമേരിക്കയിൽ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ടെന്ന് ചെന്നു കണ്ടെങ്കിലേ വിശ്വസിക്കാനാകൂ.
സ്ഥല വിവരണം വല്ലാതെ നീണ്ടു പോകുന്നല്ലേ ? കഥ തുടങ്ങട്ടെ
***** ***** ***** ***** ***** *****
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. തണുത്ത് വിറങ്ങലിച്ച ഒരു ജനുവരി ദിവസം. തലേന്നു രാത്രി മുഴുവൻ മഴയായിരുന്നു. റോഡുകൾ വിജനമായ്ക് കിടന്നു. ആകെ ഒരു കുതിർന്ന ദിവസം. ഒപ്പം മൂർച്ചയുള്ള ഒരു തരം കാറ്റും.
സ്റ്റെല്ല ലെവിൻ. അവളെയാകട്ടെ നമ്മൾ ആദ്യം പരിചയപ്പെടുന്നത്.
രാവിലെ തന്നെ ഉണർന്ന് വീട്ടു ജോലികളെല്ലാം തീർത്ത് സ്റ്റെല്ല കോളേജിലേക്കു പോകാൻ തയ്യാറായി. യൂണിഫോമിട്ടു നിന്നാണ് അവൾ ബ്രെയ്ക് ഫാസ്റ്റ് കഴിച്ചത്. ഒപ്പം അന്നു ക്ലാസ്സിലേക്കു വേണ്ടി റെഫർ ചെയ്യേണ്ട ഒരു ടെക്സ്റ്റ് ബുക്ക് മേശപ്പുറത്ത് തുറന്നു വെച്ച് വായിക്കുന്നുണ്ടായിരുന്നു. പതിനഞ്ചു മിനിട്ടാണ് അവൾ തനിക്കനുവദിച്ചിരിക്കുന്ന ബ്രെയ്ക്ക് ഫാസ്റ്റ് ടൈം. അതു കഴിഞ്ഞതും ബുക്ക് അടച്ചു വെച്ച് വായിച്ചതെല്ലാം ഒരു നിമിഷം മനസ്സിൽ ഉരുവിട്ടു. തുടർന്ന് പാത്രങ്ങൾ കഴുകാനായി സിങ്കിലേക്കിട്ട് തിടുക്കത്തിൽ അവൾ സ്വീകരണ മുറിയിലേക്കെത്തി.
അമ്മ മാർഗ്ഗരറ്റ് ലെവിൻ അവിടെ തന്റെ വീൽ ചെയറിൽ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിപ്പുണ്ടായിരുന്നു.
"അമ്മ ഇന്നലെ രാത്രിയും ഉറങ്ങീല്ല. അല്ലേ ?" സ്റ്റെല്ലയുടെ സ്വരത്തിൽ അൽപ്പം നീരസമുണ്ടായിരുന്നു. "എത്ര പറഞ്ഞിട്ടും പ്രയോജനമില്ല!"
"നല്ല മഴയായിരുന്നു മോളേ..." അമ്മയുടെ പതിഞ്ഞ സ്വരം. " ചെലപ്പോ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ടീ വിയിൽ കണ്ടിരുന്നു. "
"പിന്നേ! അതൊക്കെ അങ്ങ് സിറ്റിയിലല്ലേ ? ഇവിടെയൊന്നും ഒരിക്കലും വെള്ളം പൊങ്ങൂല്ല. അമ്മ പോയി കിടന്നുറങ്ങാൻ നോക്കിക്കേ. ഞാൻ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. അതും കുടിച്ച് ഗുളികയെല്ലാം കഴിച്ച് നല്ല കുട്ടിയായി കിടന്നുറങ്ങ്. കേട്ടോ ?" അവൾ സ്നേഹത്തോടെ അവരുടെ നരച്ച മുടിയിഴകൾ തലോടി. " അതിരിക്കട്ടെ പപ്പാ എന്ത്യേ ?"
ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. സ്റ്റെല്ലയുടെ മുഖം വാടി.
"ഓഹോ! രാവിലെ തന്നെ ബെയ്സ്മെന്റിലേക്കിറങ്ങിയോ ? എനിക്കൊന്നു കാണണമാരുന്നു. " അവൾ താഴെ ബെയ്സ്മെന്റിലേക്കിറങ്ങുന്ന സ്റ്റെപ്പുകളിലേക്കു നോക്കി. അങ്ങോട്ടേക്കിറങ്ങാനുള്ള വാതിൽ പൂട്ടിയിരിക്കുന്നു. ഇംഗ്ലീഷിലും സ്പാനിഷ് ഭാഷയിലും ആ വാതിലിൽ " അന്യർക്ക് പ്രവേശനമില്ല!" എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു.
അൽപ്പ സമയം ആലോചിച്ചു നിന്നതിഞ്ഞ് ശേഷം അവൾ നടന്ന് ചെന്ന് ആ വാതിലിൽ മുട്ടി.
"പപ്പാ! അവിടെയുണ്ടോ ?" ഉറക്കെ വിളിച്ചു ചോദിച്ച ശേഷം അവൾ കാതോർത്തു. മറുപടിയില്ല.
അവൾ പതിയെ കുനിഞ്ഞ് തന്റെ ചെവി ആ വാതിലിൽ ചേർത്തു വെച്ചു. പതിയെ പതിയെ അവളുടെ മുഖത്ത് വെറുപ്പ് വന്നു നിറഞ്ഞു. അകത്തു നിന്നും കേട്ട മന്ത്രോച്ചാരണങ്ങളാണ് അവളെ അസ്വസ്ഥയാക്കിയത്.
ഓർമ്മ വെച്ച കാലം മുതലേ അവളെ അലട്ടുന്ന ഒരു പ്രശ്നമാണത്.
അവൾക്കെന്നല്ല, ഈ ലോകത്ത് ആർക്കും അറിയില്ല അവളുടെ പപ്പാ ആ ബെയ്സ്മെന്റിൽ എന്താണീ ചെയ്യുന്നതെന്ന്. ഒരിക്കൽ പോലും ആ വാതിൽപടിക്കപ്പുറത്തേക്ക് കടക്കാൻ അവൾക്ക് ധൈര്യമുണ്ടായിട്ടില്ല.
അവളുടെ പപ്പ, വാൾട്ടർ ലെവിൻ ഒരു വല്ലാത്ത മനുഷ്യനാണ്. ആരോടും അടുപ്പമില്ലാതെ ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു വിചിത്ര മനുഷ്യൻ. കറുത്ത് കരുവാളിച്ചിരിക്കുന്ന ആ മുഖം കണ്ടാൽ തന്നെ പേടിയാകും. ദീർഘകാലത്തെ പട്ടാള ജീവിതം അയാളെ ഒരു തരം മരവിച്ച അവസ്ഥയിലെത്തിച്ചിരുന്നു.
നാട്ടുകാർ ആരും അയാളുമായി ഇടപെടാറില്ല. പോരാത്തതിന് അയാളുടെ ഈ ‘ബെയ്സ്മെന്റ് ബിസിനസ്’ എന്താണെന്നറിയാത്തത് എല്ലാവർക്കും ഒരു അസ്വസ്ഥതയുണ്ടാക്കി. ദുർ മന്ത്രവാദമാണെന്ന് ചിലർ. മയക്കുമരുന്നുണ്ടാക്കുകയാണെന്ന് മറ്റു ചിലർ.
രണ്ടു വർഷം മുൻപ് ഒരിക്കൽ ഒരു സംഘം ഡി ഇ ഏ ഏജന്റുമാർ വീട്ടിലെത്തിയിരുന്നതാണ്. രാത്രി കാലങ്ങളിൽ ആ വീട്ടിൽ എന്തൊക്കെയോ വിചിത്ര ഇടപാടുകൾ നടക്കുന്നതായി നാട്ടുകാരിൽ ചിലർ പോലീസിൽ പരാതിപ്പെട്ടിരുന്നത്രേ. ബെയ്സ്മെന്റിൽ നിന്നും പുക ഉയരുന്നതാണ് സംശയം ഉണ്ടാകാൻ കാരണം. ക്രിസ്റ്റൽ മെത്ത് (മെതേയ്ൻ ഫെഡമീൻ) എന്നൊരുതരം മയക്കുമരുന്ന് ഉണ്ടാക്കുന്ന ഒരു ലാബ് അയാൾ നടത്തുന്നുണ്ടെന്നായിരുന്നു പോലീസിനു കിട്ടിയ രഹസ്യ വിവരം.
എന്നാൽ രണ്ടു കാറുകളിലായി ആഘോഷമായി വന്ന ഡീ ഈ ഏ സംഘം നിരാശരായി മടങ്ങേണ്ടി വന്നു. ബെയ്സ്മെന്റിൽ തന്റെ ആരാധനാ കേന്ദ്രമാണെന്നും മതപരമായ കാരണങ്ങളാൽ ‘അവിശ്വാസികളായ’ അന്യരെ പ്രവേശിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് അയാൾ മുൻപേ തയ്യാറാക്കിയിരുന്ന കോർട്ട് ഓർഡർ അവർക്ക് മുൻപിൽ നിവർത്തി. റെയ്ഡ് ചെയ്യാൻ പോയിട്ട് ആ മുറിയിൽ ഒന്നു കാൽ ചവിട്ടാൻ പോലുമാകാതെ ആ ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
എന്തായാലും, അയാളെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഇല്ല. ആരുടെയും ഒരു സഹായവും അയാൾ ഇന്നു വരെ ചോദിച്ചിട്ടില്ല.
കഠിനാദ്ധ്വാനിയായിരുന്നു അയാൾ. രാവിലെ 9 മണിയോടു കൂടി വീടു വിട്ടിറങ്ങുന്ന അയാൾ തന്റെ ട്രക്കിൽ അടുത്തുള്ള ടൗണുകളിൽ ഒരു മൈന്റനൻസ് ഹാൻഡിമാൻ ആയി ജോലി ചെയ്യും. പ്ലംബിങ്ങ്, ഇലക്ട്രോണിക്സ്, പിന്നെ അത്യാവശ്യം വാഹന റിപ്പയർ ഒക്കെയായി അന്നന്നത്തേക്കു വേണ്ട വരുമാനം അയാൾ സംഘടിപ്പിക്കും. നല്ലൊരു തുക സമ്പാദ്യമായി മാറ്റി വെച്ചിട്ടുമുണ്ട്. വളരെ മിതമായി മാത്രം മദ്യപിക്കുന്ന അയാൾ കൃത്യം 8 മണിക്കു തന്നെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് 9:15 ന് ഉറങ്ങാനായി പോകും. പട്ടാള ചിട്ടയിലാണ് കാര്യങ്ങൾ.
അമ്മ - മാർഗരറ്റ് (ആന്റി മാഗി) വീൽ ചെയറിലാണ് സ്റ്റെല്ലക്ക് ഓർമ്മ വെച്ച കാലം മുതൽ. അസ്ഥികൾ ക്ഷയിച്ചു പോകുന്ന എന്തോ അസുഖമാണെന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ വർഷങ്ങളായി യാതൊരു ചികിൽസയും അവർക്കില്ല. ഉറങ്ങാനായി ഒരു ഗുളിക മാത്രം. ആരോടും സംസാരം ഇല്ല. സ്റ്റെല്ല മാത്രം എന്തെങ്കിലും ചോദിച്ചാൽ ചിലപ്പൊ മറുപടി പറയും. വിഷാദ ഭാവമാണ് സദാ സമയവും. വാൾട്ടർ അവരെ തീരെ ശ്രദ്ധിക്കാറേയില്ല.
അവർ രണ്ടു പേരും തമ്മിൽ എന്തോ വലിയ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് സ്റ്റെല്ലക്കറിയാം. ഒരു പക്ഷേ പപ്പായുടെ ജീവിതത്തിലെ ദുരൂഹതകളുമായി അതിനെന്തെങ്കിലും ബന്ധം കാണുമെന്നും അവൾക്കു തോന്നിയിട്ടുണ്ട്. എന്നാൽ, ആ വിഷയങ്ങളൊന്നും സംസാരിക്കാൻ അവർ രണ്ടു പേരും തയ്യാറല്ല.
സ്റ്റെല്ലക്ക് പപ്പയോട് സംസാരിക്കാനേ ഭയമാണ്. എന്തെങ്കിലും പറഞ്ഞാൽ അത് ഒരു വാഗ്വാദത്തിലേ അവസാനിക്കൂ. അമ്മയാണെങ്കിൽ ഒന്നും മിണ്ടാറുമില്ല.
അന്ന്
വാതിലിൽ ചെവിയോർത്തു നിന്ന സ്റ്റെല്ല പെട്ടെന്നു നിവർന്നു നിന്നു. അകത്തു നിന്നും മന്ത്രോച്ചാരണങ്ങൾ നിലച്ചിരിക്കുന്നു.
“പപ്പാ!” അവൾ വീണ്ടും വിളിച്ചു.
“വരുന്നു...” അകത്തു നിന്നും അയാളുടെ പരുക്കൻ സ്വരം കേട്ടു.തുടർന്ന് എന്തൊക്കെയോ സാധന സാമഗ്രികൾ അടുക്കി പെറുക്കി വെക്കുന്ന ശബ്ദം. സ്റ്റെല്ല ആകെ വിഷണ്ണയായി അവിടെ തന്നെ നിന്നു.
രണ്ടു മിനിറ്റിനുള്ളിൽ ആ വാതിൽ തുറക്കപ്പെട്ടു.
“യെസ്! പറയൂ...” അയാളുടെ മുഖം ക്രൂദ്ധമായിരുന്നെന്നു തോന്നി അവൾക്ക്. ഒരുപക്ഷേ താൻ എന്തെങ്കിലും ശല്യമുണ്ടാക്കി കാണുമോ ?
“അം..എനിക്കൊരു ഹെല്പ് വേണം.” അവൾ ഒന്നു പരുങ്ങി. “കുറച്ചു കാശു വേണം.”
“എന്തിന് ?” അയാൾ അവളെ പുറകോട്ട് തള്ളിക്കൊണ്ട് വാതിലിനു വെളിയിലേക്കിറങ്ങി. “നീയിവിടെ ഒളിച്ചു നിന്ന് കേൾക്കുകയായിരുന്നോ ? എന്തിനാ വാതിലിനോട് ഇത്രേം ചേർന്ന് നിന്നത് ?” അയാളുടെ ചോദ്യം തീഷ്ണമായിരുന്നു.
“എന്ത് കേൾക്കാൻ ?” അവൾക്കു ദേഷ്യം വന്നു. “ഞാനെന്തിനാ ഒളിച്ചു കേൾക്കുന്നേ ? അതിനകത്തെന്തുണ്ടായിട്ടാ ?”
“എനിക്കറിയാം നിന്റെയൊക്കെ സ്വഭാവം. ക ള്ളത്തരമാണു കയ്യിൽ നിറയെ.” അയാൾ ആ വാതിൽ ഒരു വലിയ താഴിട്ടു പൂട്ടി. “എന്തിനാ നിനക്കു കാശ് ?”
“ഒരു 70$ മതി. ഇന്നലെ എന്റെ ഒരു ഫ്രണ്ടിന്റെ കയ്യീന്നു വാങ്ങിയതാ. തിരിച്ചു കൊടുക്കണം.”
“കോളേജി പഠിക്കാൻ പോകുന്ന പിള്ളേർക്കെന്തിനാ കാശ് ?”
“അത്... എനിക്ക് ഒരു പേഴ്സണൽ ആവശ്യത്തിന് വാങ്ങിയതാ. എല്ലാം പപ്പയോട് പറയാൻ പറ്റുമോ ? എനിക്ക് ചില പേഴ്സണൽ ഐറ്റംസ് ഒക്കെ വാങ്ങേണ്ടി വരും. ഞാനൊരു പെൺകുട്ടിയല്ലേ ? “
”നീ നിന്റെ പിരീഡ്സിനെപ്പറ്റിയാണ് പറയുന്നതെങ്കിൽ, എനിക്ക് നന്നായി അറിയാം നിന്റെ ഡേറ്റ്സ് എല്ലാം. നീ എന്റെ മോളാണ്. നിനക്കു പോലുമറിയാത്ത നിന്റെ പല കാര്യങ്ങളും എനിക്കറിയാം. ഞാൻ ഒന്നും ശ്രദ്ധിക്കാറില്ല എന്നു നിനക്കു തോന്നുന്നുണ്ടെങ്കിൽ, അതൊരു തെറ്റിദ്ധാരണയാണ്. സോ, കള്ളം പറയരുത്. എന്തിനാണ് നിനക്ക് കാശ് ?“
അവൾ കൈത്തലം നെറ്റിയിലമർത്തി അല്പ്പ നേരം നിന്നു. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു വരുന്നുണ്ടായിരുന്നു.
”നീയും നിന്റെ ഫ്രണ്ടും കൂടി ക്ലാസ്സു കട്ട് ചെയ്ത് കറങ്ങാൻ പോയി. അല്ലേ ? അതിനല്ലേ നീ അവൾടെ കയ്യീന്നു കാശു വാങ്ങിയത് ? സത്യം പറ.“
”വാട്ട് ദ ഹെൽ !! പപ്പ എന്താ ഈ പറയുന്നേ ? ചുമ്മാ ഓരോന്ന് ചിന്തിച്ചുണ്ടാക്കുന്നതെന്തിനാ ? “ അവളുടെ നിയന്ത്രണം വിട്ടു പോയിരുന്നു.
”യങ്ങ് ലേഡി! എന്റെ വീടാണിത്. ഇവിടെ ഇത്തരം ഭാഷകൾ ഞാൻ അനുവദിക്കില്ല. “ അയാൾ മുരണ്ടു. ”നീ അത്ര വലിയ പെണ്ണൊന്നുമായിട്ടില്ല. 17 വയസ്സല്ലേ ഉള്ളൂ നിനക്ക് ? ഞാൻ പറയുന്നതനുസരിച്ച് അടങ്ങിയൊതുങ്ങി കഴിഞ്ഞാ മതി എന്റെ മോൾ. അല്ലെങ്കിൽ… അറിയാല്ലോ.“ അയാൾ പല്ലിറുമ്മുന്ന ശബ്ദം കേട്ടു.
പോക്കറ്റിൽ നിന്ന് പേഴ്സ് വലിച്ചെടുത്ത അയാൾ ഒരു 100$ നോട്ടെടുത്ത് അവൾക്കു നീട്ടി.
സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
”എന്റെ മോളു സങ്കടപ്പെടാൻ പറഞ്ഞതല്ല പപ്പ.“ കണ്ണീരു കണ്ടപ്പോൾ അയാൾ പെട്ടെന്നു തന്നെ ശാന്തനായി. “എനിക്ക് നിന്നിൽ എന്തോരം പ്രതീക്ഷയുണ്ടെന്നറിയാമോ ? എനിക്കാകെ ഉള്ള ഒരെണ്ണമാ നീ. ഇതാ, കാശ് വാങ്ങ്.”
അവൾ ആ നോട്ടിൽ തൊട്ടതും അയാൾക്ക് പെട്ടെന്നെന്തോ ഓർമ്മ വന്നു.
“നീ പാർട്ട് ടൈം ആയിട്ട് ജോലി ചെയ്യുന്നില്ലായിരുന്നോ ? ഏതോ കോഫീ ഷോപ്പിൽ. അവരു സാലറിയൊന്നും തരാറില്ലേ ?”
അവളുടെ തല താഴ്ന്നു.
“ആ ജോലി പോയി പപ്പാ. അവർ രണ്ടു ദിവസം മുൻപ് എന്നെ പിരിച്ചു വിട്ടു. ”
“അതെന്തുപറ്റി ?”
“അത്...അവർക്ക് രാത്രി വൈകി നില്ക്കുന്ന ആരെയെങ്കിലും വേണം.9.30 വരെയെങ്കിലും നിന്നാലേ പറ്റൂ. എനിക്കതു പറ്റില്ലല്ലോ.8 മണി വരെ ജോലി കഴിഞ്ഞ് അര മണിക്കൂർ യാത്രയുണ്ട് ഇങ്ങോട്ട്. പിന്നെ കുളിച്ച് ഭക്ഷണം കഴിച്ചു കഴിയുമ്പോഴെക്കും ഉറങ്ങാറാകും. പിന്നെ ഹോംവർക്ക് ചെയ്യാൻ പോലും സമയം തികയില്ല. രാവിലെ എഴുന്നേറ്റാണ് ഞാൻ പഠിക്കാറ്. അതു പറഞ്ഞപ്പോ സൂപ്പർവൈസർ സമ്മതിച്ചില്ല. കണ്ടിന്യൂ ചെയ്യണ്ട എന്നു പറഞ്ഞു. ഞാൻ വേറേ നോക്കുന്നുണ്ട്.”
“ഈ സൂപ്പർവൈസർ...” വാൾട്ടറുടെ മുഖം വീണ്ടും ക്രൂദ്ധമായി . “അവനെന്തിനാണ് നിന്നെ രാത്രി വൈകി അവിടെ നിർത്തിയിട്ട് ? എന്താ അവന്റെ ഉദ്ദേശം ? ചെറുപ്പം പെൺകുട്ടികളെ ഒറ്റക്കു കിട്ടിയാൽ എന്തു ചെയ്യാനാ അവന്റെ പ്ലാൻ ?”
“വാട്ട്!!” സ്റ്റെല്ലയുടെ മുഖം വക്രിച്ചു. “പപ്പക്കെന്താ പറ്റിയത് ? ചുമ്മാ എഴുതാപ്പുറം വായിക്കരുത് . അദ്ദേഹം ഒരു ഡീസന്റ് മനുഷ്യനാണ്. പപ്പയേക്കാൾ പ്രായമുണ്ട്. എല്ലാരേം സംശയം ! എന്തൊരു കഷ്ടമാണിത് ! അവരുടെ വർക്കിങ്ങ് ടൈം 9.30 വരെയാണ്. ഷോപ്പ് ക്ലോസ് ചെയ്യുന്ന വരെ ജോലി ചെയ്യാൻ ഒരാളെയാണ്‌ അവർ നോക്കുന്നത്. അത്രേയുള്ളൂ. “ അവൾ തലയിൽ കൈ വെച്ചു.
”നിനക്കെന്തറിയാം മോളേ!“ വാൾട്ടറിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു " വയസ്സന്മാർക്കാ കിളുന്തു പെൺകുട്ടികളെ കാണുമ്പോൾ ഇളക്കം കൂടുതൽ. ഒരു പോറൽ പോലും വീഴിക്കാതെയാ നിന്നെ ഞാൻ വളർത്തിക്കൊണ്ടു വന്നെ. ഇനിയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.ഞാനെന്തായാലും അയാളെ ഒന്നു പോയി കാണുന്നുണ്ട്. ഒരു മാൻ റ്റു മാൻ സംസാരം ആവശ്യമാണ്.“
”ദൈവമേ!!“ അവൾ സഹിക്കവയ്യാതെ തിരിഞ്ഞു നടന്നു. ”ഒന്നും പറയാൻ നിവൃത്തിയില്ല ഈ വീട്ടിൽ! എല്ലാരേം സംശയം! എല്ലാരും ശത്രുക്കൾ! പപ്പ അടുത്തു തന്നെ മെന്റലാകും. ഉറപ്പാ എനിക്ക്. നോക്കിക്കോ. 18 വയസ്സു തികയുന്ന ആ നിമിഷം ഞാൻ ഈ വീട്ടീന്നിറങ്ങിയിരിക്കും! മടുത്തു ഞാൻ!“ പുറത്തേക്കിറങ്ങിയ അവൾ ദേഷ്യത്തോടെ വാതിൽ ശക്തിയായി വലിച്ചടച്ചു.
വെറും 5000$ മാത്രം വിലയുള്ള തന്റെ പഴഞ്ചൻ കാറും ഓടിച്ച് കോളേജിലേക്കു തിരിച്ചപ്പോൾ സ്റ്റെല്ലയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു.
ഇത് ആദ്യമായിട്ടല്ല, എപ്പൊ വാൾട്ടറുമായി സംസാരിച്ചാലും അത് ഇങ്ങനെയൊക്കെയേ അവസാനിക്കൂ. ഈയിടെയായി, അവളുടെ ശരീര വളർച്ച അയാളെ വല്ലാതെ ഭയപ്പെടുത്തുന്ന പോലെ തോന്നിയിരുന്നു അവൾക്ക്. സദാ സമയവും പപ്പ തന്നെ എവിടെയൊക്കെയോ ഇരുന്നു വീക്ഷിക്കുന്ന പോലെ ഒരു തോന്നൽ.
കോളേജിലെത്തിയ അവൾ തന്റെ കൂട്ടുകാരി മെറിനെ പ്രതീക്ഷിച്ച് കാന്റീനിലേക്കു നടന്നു. സ്ഥിരം പതിവാണത്. ആരാണോ അദ്യം വരുന്നത് അയാൾ കാന്റീനിൽ വെയ്റ്റ് ചെയ്യും.
“ഇന്നെന്താ പ്രശ്നം ?” മെറിൻ അവളെ കണ്ടതും എണീറ്റു വന്നു. “പപ്പയോ മമ്മയോ ? ആരാ ഉടക്കിയെ ?”
സ്റ്റെല്ല മറുപടിയൊന്നും പറഞ്ഞില്ല. പകരം, ബാഗിൽ നിന്ന് നേരത്തെ പപ്പ കൊടുത്ത ആ 100$ എടുത്ത് മെറിനു നീട്ടി.
“എന്താ സ്റ്റെല്ലാ പ്രശ്നം ?” മെറിൻ അവളെ ചുറ്റിപ്പിടിച്ചു കൊണ്ട് ക്ലാസ്സിലേക്കു നടന്നു.
“ഒരു കാര്യം ചോദിക്കട്ടെ ?” സ്റ്റെല്ല ശാന്തയായിരുന്നു. “നിന്റെ പപ്പയും നീയുമായിട്ട് വല്യ കൂട്ടല്ലേ ? ഭയങ്കര ഫ്രണ്ട്ലി ആണല്ലോ.”
“അതേ. അതിന് ?”
“നിന്റെ എല്ലാ കാര്യങ്ങളും പപ്പ അന്വേഷിക്കാറുണ്ടോ ?”
“അത്യാവശ്യം. നീ കാര്യം പറ പെൺകുട്ടി.”
“നിന്റെ പിരീഡ്സിന്റെ ഡേറ്റ്സ് ഒക്കെ പപ്പക്കറിയുമോ ?”
“വാട്ട്!!” മെറിൻ അമ്പരന്നു പോയി. “അതെങ്ങനെ പപ്പക്കറിയും ? അമ്മക്ക് ചെലപ്പോ...പക്ഷേ പപ്പ... ഛേ! നീയെന്താ ഈ ചോദിച്ചെ. ” അവളാകെ അസ്വസ്ഥയായി.
“നിനക്കറിയണോ, എന്റെ പപ്പ അതിന്റെയെല്ലാം കണക്കെടുത്താ നടക്കുന്നത്.” സ്റ്റെല്ലയുടെ മുഖത്ത ഒരു വല്ലാത്ത് നിസ്സഹായ ഭാവമായിരുന്നു. “ഇങ്ങനെ ഉള്ള ഒരു ട്വിസ്റ്റഡ് മനുഷ്യന്റെ കൂടെയാ ഞാൻ ജീവിക്കുന്നെ. കാൻ യൂ ബിലീവ് ഇറ്റ് ? മരിച്ചാലോന്നു വരെ തോന്നിപ്പോകുന്നു. മിണ്ടാൻ നിവൃത്തിയില്ല. എന്തു പറഞ്ഞാലും സംശയമാണ് അങ്ങേർക്ക്. എന്റെ ജീവിതം എന്തായിത്തീരുമെന്നോർത്തിട്ട് ഒരു സമാധാനവുമില്ല മെറിൻ. എന്നെ എന്തോ പ്രത്യേക ഉദ്ദേശത്തിനു വളർത്തുന്ന പോലെയാ. അവസാനം എന്തോ ബലി കൊടുക്കാനോ മറ്റോ ആണെന്നു തോന്നും ചിലപ്പോ.” അവൾ വിങ്ങിപ്പൊട്ടി.
“സ്റ്റെല്ല!” പുറകിൽ നിന്നും ആ വിളി കേട്ട് അവർ രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു.
പ്രൊഫ. സ്റ്റീവ് ലർക്കിൻ !
അവരുടെ ഫിസിക്സ് പ്രൊഫസ്സറാണ്.
“എന്നൊട് ക്ഷമിക്കണം.” അയാൾ അവളോട് അടുത്തു നിന്നു. “ എല്ലാം ഞാൻ കേട്ടു. അറിയാതെ പറ്റിയതാ. സോറി.”
“നോ പ്രോബ്ലം മിസ്റ്റർ ലർക്കിൻ.” സ്റ്റെല്ലയുടെ ചുണ്ടുകൾ വിറച്ചു. “ഞാൻ താങ്കളെ കണ്ടിരുന്നില്ല.”
“സ്റ്റെല്ലക്ക് വേണമെങ്കിൽ ഞാൻ ഇന്ന് വൈകിട്ട് ഫ്രീയാണു കേട്ടോ. നമുക്ക് സംസാരിക്കാം. ഡൊമസ്റ്റിക്ക് ഇഷ്യൂസ് ഒക്കെ ഇങ്ങനെ മനസ്സിൽ കൊണ്ടു നടന്നാൽ അത് പഠനത്തെ ബാധിക്കും. വൈകിട്ട് നാലു മണിക്കു ശേഷം എന്റെ കാബിനിലേക്കു വരൂ. അല്ലെങ്കി വേണ്ട, നമുക്ക് കോസ്റ്റയിൽ വെച്ചു കാണാം. അവിടെയാകുമ്പോ പ്രൈവസി കിട്ടും.” (പ്രശസ്തമായ ഒരു അമേരിക്കൻ കോഫീ ഷോപ്പ് ശ്രംഘലയാണ് കോസ്റ്റ കഫെ.)
“അം...” സ്റ്റെല്ല എന്താണു പറയേണ്ടതെന്നറിയാതെ കുഴങ്ങി.
“അവൾ വരും മി. ലർക്കിൻ.” മെറിൻ ഇടക്കു കയറി. “ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിക്കോളാം.” നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു മെറിന്റെ മുഖത്ത്.
അദ്ദേഹം അവരെ കടന്നു മുൻപോട്ടു പോയതും മെറിൻ സ്റ്റെല്ലയെ വട്ടം പിടിച്ചു.
“വാട്ട് എ ലക്കി ഗേൾ!! അങ്ങേരെയൊക്കെ ഒന്ന് അടുത്തു കിട്ടുക എന്നു വെച്ചാൽ!! ഹോ!! നീയൊരു ഭാഗ്യവതി തന്നെ മോളേ!”
ആ കോളേജിലെ മിക്ക പെൺകുട്ടികളുടേയും സ്വപ്ന കാമുകനാണ് പ്രൊഫ. സ്റ്റീവ് ലർക്കിൻ.
46 വയസ്സാണ്, ഡൈവോഴ്സ്ഡ് ആണ്, പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് ... എല്ലാമറിയാം. പക്ഷേ ആ പേഴ്സണാലിറ്റി... പെൺകുട്ടികൾ മരിക്കും അദ്ദേഹത്തിനു വേണ്ടി. പക്ഷേ ഇന്നു വരെയും ഒരു വാക്കിലോ നോട്ടത്തിലോ പോലും ഒരു ദുഷ്പേരു കേൾപ്പിച്ചിട്ടില്ല അദ്ദേഹം.
സ്റ്റെല്ലയും വ്യത്യസ്ഥയായിരുന്നില്ല. അവൾക്കും പ്രൊഫസ്സറെ ഇഷ്ടമായിരുന്നു. പേടിയും ബഹുമാനവുമൊക്കെ കലർന്ന ഒരു തരം വല്ലാത്ത ഇഷ്ടം.
“ഞാനെന്താ പറയുക അദ്ദേഹത്തോട് ? പേടിച്ചിട്ട് എനിക്ക് ഒരു വാക്കു പോലും വെളിയിൽ വരുമെന്നു തോന്നുന്നില്ല.” സ്റ്റെല്ല ആകെ ചിന്താകുഴപ്പത്തിലായിരുന്നു.
“നീ ഒന്നും പറയണ്ട...അദ്ദേഹം പറഞ്ഞോളും. നീയിങ്ങനെ താടിക്കു കയ്യും കൊടുത്ത് ആ കണ്ണുകളിലേക്കു തന്നെയിങ്ങനെ സൂക്ഷിച്ച് നോക്കി... ലയിച്ചങ്ങനെ ഇരുന്നാ മതി.” മെറിൻ ആ പോസ് കാണിച്ചു കൊടുത്തു.
“പോ പിശാചേ!” സ്റ്റെല്ല അവളുടെ കവിളിൽ ചെറുതായി ഒരടി കൊടുത്തു. “എന്റെ പപ്പേടെ പ്രായമുണ്ട്. ഇങ്ങനൊന്നും ചിന്തിക്കാൻ കൂടി പാടില്ല. അദ്ദേഹം ഇതൊന്നും മനസ്സിൽ പോലും കരുതുന്നുണ്ടാകില്ല.”
“എന്തായാലും അങ്ങേർക്ക് നിന്നോട് എന്തോ സോഫ്റ്റ് കോർണ്ണറുണ്ട്. ഞാൻ മുൻപും ശ്രദ്ധിച്ചിട്ടുണ്ട്. “മെറിൻ കുസൃതിച്ചിരിയോടെ സ്റ്റെല്ലയെ അടിമുടി നോക്കി. “അതിനു കാരണവുമുണ്ടെന്നു വെച്ചോ.”
അന്നത്തെ ദിവസം ഒരിക്കലും അവസാനിക്കാതെ നീണ്ടു പോകുന്നതായി തോന്നി സ്റ്റെല്ലക്ക്. വൈകിട്ടത്തെ കാര്യമോർത്തിട്ട് അവൾക്ക് ഒരു സമാധാനവും കിട്ടിയില്ല.
പല പ്രാവശ്യം അവൾ ആ കൂടിക്കാഴ്ച്ച മനസ്സിൽ റിഹേഴ്സ് ചെയ്തു നോക്കി. അദ്ദേഹത്തിന്റെ ചോദ്യങ്ങളും തന്റെ മറുപടികളുമെല്ലാം അവൾ പല തവണ മനസ്സിൽ ഉരുവിട്ടു. ഒരു സ്വപ്ന ലോകത്തിലായിരുന്നു അവൾ അന്നു മുഴുവനും.
അങ്ങനെ 4:00 മണിയായി.
പട പട മിടിക്കുന്ന ഹൃദയത്തോടെ അവൾ കോസ്റ്റ കഫെ ലക്ഷ്യമാക്കി തന്റെ കാർ ഓടിച്ചു. കഷ്ടി ഒരു ഫർലോങ്ങ് എത്തിയപ്പോഴേക്കും, പ്രൊഫസ്സറുടെ മേഴ്സിഡസ് ബെൻസ് അവളുടെ കാറിനെ മറികടന്നു പോയി.
അവളുടെ വീട്ടിലേക്കുള്ള വഴിയിൽ തന്നെയാണ് കോസ്റ്റ. വർഷങ്ങളായി അതിലേ സഞ്ചരിക്കുന്നു. എങ്കിലും അവൾ ഇന്നു വരെ അതിനുള്ളിൽ പോയിട്ടില്ല. അതേ കെട്ടിടത്തിന്റെ മറ്റേ അറ്റത്തുള്ള ഒരു ചെറുകിട കോഫീ ഷോപ്പിലായിരുന്നു അവൾ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്നത്. അവിടെ സാധാരണക്കാരാണ് അധികവും വരാറ്. പക്ഷേ കോസ്റ്റ ഒരല്പ്പം ചിലവു കൂടുതലാണ്. സാദാ ജോലിക്കാർക്ക് താങ്ങാനായെന്നു വരില്ല.
ഉള്ളിൽ കൗണ്ടറിനടുത്ത് പ്രൊഫസ്സർ അവളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അദ്ദേഹം ഏറ്റവും പുറകിലായി ഒരു പ്രൈവറ്റ് ബൂത്തിലേക്കു നടന്നു. ആകെ ഇരുട്ടാണവിടെ. സ്റ്റെല്ലക്ക് എന്തോ ഒരു ഭയം തോന്നി. അവൾ സംശയത്തോടെയാണ് അദ്ദേഹത്തെ പിന്തുടർന്നത്.
കമിതാക്കൾക്കു വേണ്ടി പ്രത്യേകം രൂപകല്പ്പന ചെയ്തതാണ് ആ ബൂത്ത്. പുറത്തു നിന്നും ആരുടെയും കണ്ണെത്തില്ല അവിടേക്ക്. കറുത്ത ഗ്ലാസ്സ് കൊണ്ടുള്ള പാർട്ടീഷനുകൾക്കപ്പുറമാണ് സീറ്റുകൾ. വളരെ സ്വകാര്യമായി രണ്ടു പേർക്ക് സന്ധിക്കാൻ പറ്റിയ ഇടം.
അയാൾക്ക് എതിർവശത്തായി ഇരിക്കുമ്പോൾ സ്റ്റെല്ലയുടെ കാൽ മുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
“പറയൂ കുട്ടി. എന്താ കഴിക്കുന്നത് ?”
“എനിക്കൊന്നും വേണ്ട മി. ലർക്കിൻ. എനിക്കിവിടെയൊക്കെ എന്താ ഓർഡർ ചെയ്യണ്ടതെന്നു പോലും അറിയില്ല.”
“ഹ ഹ ഹ ...” അയാൾ കയ്യെത്തിച്ച് അവളുടെ കവിളിൽ തലോടി. “കപ്പൂച്ചിനോ പറയാം. അതാവുമ്പോ എല്ലാർക്കും ഇഷ്ടമാകും.” അയാൾ ഒരു വെയ്റ്ററെ നോക്കി കൈ വീശി.
കോഫീ ഓർഡർ ചെയ്തതിനു ശേഷം, അദ്ദേഹം പതിയെ എഴുന്നേറ്റ് അവൾ ഇരുന്ന സൈഡിൽ സോഫയിൽ വന്നിരുന്നു. “ ഇങ്ങനെ അടുത്തിരുന്നില്ലെങ്കിൽ, ഉറക്കെ സംസാരിക്കേണ്ടി വരും. ആരെങ്കിലുമൊക്കെ കേൾക്കും.” അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു.
സ്റ്റെല്ലക്ക് എന്തോ ഒരു പന്തികേടു പോലെ തോന്നിത്തുടങ്ങിയിരുന്നു. മനസ്സിൽ ബഹുമാനത്തിന്റെ അങ്ങേയറ്റത്തു പ്രതിഷ്ഠിച്ചിരുന്ന ഒരാളാണ്... എന്തോ പ്രശ്നമുണ്ട്.
“മി. ലർക്കിൻ... നമുക്ക് വേറൊരു ദിവസം കണ്ടാലോ ?” അവൾക്ക് പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
“എന്തുപറ്റി ? ഞാൻ എന്റെ എല്ലാ എൻഗേജ്മെന്റുകളും മാറ്റിവെച്ച് സ്റ്റെല്ലക്കു വേണ്ടി വന്നിരിക്കുകയാണ്.“
അവൾക്ക് തുടർന്നെന്താണു പറയേണ്ടതെന്നറിയില്ലായിരുന്നു.
”എനിക്കറിയാം സ്റ്റെല്ല… പേടിയാണ് തനിക്ക്. യു സീ, തന്റെ പപ്പ, തന്നെ ഒരു വല്ലാത്ത മാനസീകാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. ഇന്നു ഞാൻ കേട്ടതു മാത്രമല്ല, തന്റെ പപ്പായെപ്പറ്റി നാട്ടുകാർക്കിടയിൽ പല കഥകളുമുണ്ട്. താനനുഭവിക്കുന്ന സംഘർഷം എനിക്കു മനസ്സിലാകും. ഐ ഫീൽ സോറി ഫോർ യൂ. “ അയാൾ വീണ്ടും അവളുടെ കവിളിൽ തൊട്ടു. സ്റ്റെല്ല കണ്ണുകൾ ഇറുക്കിയടച്ചു.
“ആ, കോഫി വന്നല്ലോ. ഇനി അതു കുടിച്ചിട്ട് നമുക്ക് സംസാരിക്കാം.” തൊട്ടു പുറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ട അയാൾ കൈ വലിച്ചു.
എന്നാൽ തിരിഞ്ഞു നോക്കിയ പ്രൊഫസ്സർ അമ്പരന്നു. “ആരാ നിങ്ങൾ ? ഞാൻ കരുതി വെയ്റ്ററായിരിക്കുമെന്ന്. ഇതൊരു പ്രൈവറ്റ് മീറ്റിങ്ങ് ആണ്. വേറെ എവിടെയെങ്കിലും ചെന്നിരിക്കൂ പ്ലീസ്.”
ആ മനുഷ്യൻ അവിടെത്തന്നെ നിന്നതേയുള്ളൂ.
“നിങ്ങളോടല്ലേ പറഞ്ഞത് ?” പ്രൊഫസറുടെ ശബ്ദമുയർന്നു. “തനിക്ക് സാമാന്യ മര്യാദയില്ലേ ?”
അതിനു മറുപടിയെന്നോണം ആ മനുഷ്യൻ ഒന്നു മുരടനക്കി.
ആ നിമിഷം! ആ ശബ്ദം കേട്ട ക്ഷണത്തിൽ!
ഒരു പ്രേതത്തെ കണ്ടാലെന്ന വണ്ണം സ്റ്റെല്ല നടുങ്ങി വിറച്ചു പോയി.
“പ..പ്പ...” അവളുടെ ചുണ്ടുകൾ ചലിച്ചെങ്കിലും ശബ്ദം വെളിയിൽ വന്നില്ല.
(തുടരും...)

Alex John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot