നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

::ചെമ്പൻക്കുന്നിലെ യക്ഷി:: ( ഭാഗം 7)


(തുടർച്ച - ഭാഗം 7)
ഇടിമിന്നലിനോടൊപ്പം ആർദ്ര മോളുടെ ശബ്ദം അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്ന പോലെ തോന്നി. മായ അറിയാതെ വിളിച്ചു.
'' മോളെ.... "
ആ രൂപം അടുത്തടുത്ത് വരുന്നു. ഇപ്പോ രണ്ട് തലയില്ല. അടുക്കും തോറും വ്യക്തത വന്നു കൊണ്ടേയിരുന്നു.
"എന്താ മായേ ഇത് കുട എടുത്തായിരുന്നെങ്കിൽ ഇങ്ങനെ ഓടി വീഴണമായിരുന്നോ? " മോളെയും എടുത്ത് കൊണ്ട് ആ ഇരുത്തല ജീവി മുന്നിൽ വന്നു നിന്നു ചോദിച്ചു. പ്രകാശന്റെ ചോദ്യത്തിന് മായയ്ക്ക് ഉള്ളിൽ ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചു വന്നു.
''നിങ്ങളായിരുന്നോ ഞാൻ പേടിച്ചു പോയി. കുട, ഒന്നു പോയേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ. കുട എടുത്താലും ഓടി വീഴാൻ തന്നെയാ എന്റെ യോഗം. നിങ്ങളിപ്പോ വന്നില്ലാരുന്നെങ്കിൽ എന്റെയീ മോള് ഇപ്പോഴും കാറ്റും മഴയും ഇടിയും സഹിച്ച് ആ ചായിപ്പിൽ ഇരിക്കേണ്ടി വന്നേനേ. അതോർക്കുമ്പോ മഴയും കുടയുമൊന്നും മായയ്ക്ക് ഒന്നുമല്ല."
പ്രകാശൻ പിന്നെ ഒന്നും മിണ്ടിയില്ല. പല തവണ വണ്ടി വാങ്ങുന്ന കാര്യവും മോൾ ഒറ്റയ്ക്കാണെന്നും അവൾ അവനോട് പറഞ്ഞിട്ടുള്ളതാണ്.
" ആഹ്, വിധി അല്ലാതെയെന്ത്. നിങ്ങൾ മോളെയിങ്ങ് താ എന്നിട്ട് അങ്ങോട്ട് ചെല്ല് അവിടെ ആ അമ്മാവന്റെ കൊച്ചു മോള് ആ ചളിക്കുഴിയിൽ വീണു. അവിടെ വിളയിലെ രഘു ചേട്ടന്റെ മോൻ ശ്രീക്കുട്ടൻ മാത്രമേയുള്ളൂ."
മോളെയെടുക്കാനായി മായാ പിടിക്കും തോറും ആർദ്ര മോൾ അച്ഛന്റെ നെഞ്ചിലേക്ക് അമർന്നു കൊണ്ടേയിരുന്നു.
"അമ്മ എടുക്കേണ്ട അമ്മ നനഞ്ഞിരിക്കുവാ, എനിക്ക് തണുക്കും"
ആർദ്ര വാശിയോടെ പ്രകാശന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.
"ആർദ്രേ വാ ഇങ്ങോട്ട് എന്നെ ദേഷ്യം പിടിപ്പിക്കല്ലേ."
"വേണ്ട നീ വിട്ടേര് അവളു വരില്ല വെറുതേ കരയിക്കേണ്ട. "
"ചേട്ടനപ്പോ അങ്ങോട്ട് പോകുന്നില്ലേ? "
"നീ വാ നിങ്ങളെ വീട്ടിലാക്കിയിട്ട് ഞാൻ വന്നു നോക്കാം. ഇറമ്പത്ത് മുറുക്കാൻ കടയിലും ചായകടയിലുമായി കുറേ ആണുങ്ങളിരിപ്പുണ്ട്. അവരെ അങ്ങോട്ട് പറഞ്ഞു വിടാം. ഞാനിപ്പോ നിന്നെയും മോളെയും കൂടി തനിച്ച് വിട്ടാൽ വീട്ടിലെത്തുന്നതിന് മുമ്പ് മഴ വീഴും. കുടയും ബ്യാഗും കവറും മോളും എല്ലാം കൂടി നീ കഷ്ടപ്പെടും. വാ നടക്ക് വെള്ളത്തിലിങ്ങനെ നിൽക്കേണ്ട."
മായ തിരിഞ്ഞൊന്ന് നോക്കി. ഒന്നും കാണാൻ വയ്യ കൂറ്റാക്കൂരിരുട്ട്. ഇറമ്പത്ത് എത്തിയപ്പോൾ പ്രകാശന്റെ അച്ഛനും അവിടെയുണ്ടായിരുന്നു. പ്രകാശൻ നേരെ കടയിലേക്ക് കയറി. അച്ഛനും മകനും തമ്മിൽ മിണ്ടാറില്ല. ഇറമ്പത്ത് നനഞ്ഞ് കുളിച്ച് നിൽക്കുന്ന മായയുടെ അടുത്തേക്ക് അച്ഛൻ ദാമു നടന്നു.
" എന്താ കുട്ടിയിത് മുഴുവൻ നനഞ്ഞല്ലോ"
" വരുമ്പോ വയലിൽ വച്ച് ചെരുപ്പ് പൊട്ടി, ഞാൻ വെള്ളത്തിലൊന്നു വീണു. അച്ഛന്റെ കടയിൽ ഇടയ്ക്ക് ഒരമ്മാവനും കൊച്ചു മോളും വരാറില്ലേ?''
"ആഹ്, അച്ചുതൻ, അവനെ കാത്തിരിക്കുവാ ഞാൻ. ചായപ്പൊടി വാങ്ങാൻ അക്കരെപ്പോയതാ ആ മോളും കൂടെയുണ്ട്."
" ആ മോൾ അവിടുത്തെ ചളിക്കുഴിയിൽ വീണു. അമ്മാവനവിടെ നിന്ന് ഭയങ്കര കരച്ചിലാ അത് പറയാനാ പ്രകാശേട്ടൻ അങ്ങോട്ട് പോയത് "
"എന്റീശ്വരാ ഞാനെന്തായീ കേൾക്കുന്നേ, ഡാ രാഘവോ ഒന്നു വേഗം വാടാ ആ കുഞ്ഞ് പോയെടാ.''
ദാമു രാഘവനെയും വിളിച്ചു കൊണ്ട് വയലിലേക്കിറങ്ങി.
" യക്ഷിക്കാവ് ഭാഗമാണത് ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു. എന്റെ പരദേവതകളെ നീ തന്നെ തുണ."
രാഘവൻ പറഞ്ഞതു കേട്ട് കൂടെ നിന്നവരും പിറകേ പാഞ്ഞു.
''ഹോ അതൊക്കെ പഴങ്കഥകളല്ലേ ഇന്നത്തെക്കാലത്ത് ആര് വിശ്വസിക്കും ഈ യക്ഷിയെയും പ്രേതത്തെയും ഒക്കെ."
ഒറ്റക്കാലൻ ലോട്ടറി ബാപ്പു വടിയും കുത്തി പ്രകാശന്റെ കൂടെ നടന്നു. ബാപ്പുവും മുറുക്കാൻ കടയിലെ കാളിയപ്പനുമൊഴികെ എല്ലാവരും യക്ഷിക്കാവിനടുത്തേക്ക് പോയി കഴിഞ്ഞിരുന്നു. ബാപ്പുവിന്റെ സംസാരത്തിന് മറുപടിയെന്നവണ്ണം കാളിയപ്പൻ തുടർന്നു.
" ബാപ്പു നീ വരുത്തനാ നിനക്ക് അറിയില്ല ചെമ്പൻക്കുന്നിലെ യക്ഷിയെപ്പറ്റി. തമാശക്കളിയല്ല ചെമ്പൻക്കുന്ന്. രണ്ടീസം മുന്നേ യക്ഷിത്തറയിൽ വിളക്ക് കത്തിയിരിക്കുന്നത് ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ. അതും നട്ടുച്ചയ്ക്ക്. പണ്ടേ യക്ഷിയമ്മയ്ക്ക് കുട്ടികളോടാണിഷ്ടം. അന്നും ഈ നാട്ടിന് നഷ്ടമായതെല്ലാം കുഞ്ഞുങ്ങളെ ആയിരുന്നല്ലോ. വീണ്ടും കഥകൾ ആവർത്തിക്കുവാണോ ഈശ്വരന്മാരേ."
കാളിയപ്പൻ നെഞ്ചത്ത് കൈവച്ചു ആകാശത്തേക്ക് നോക്കി. ഒരു തുള്ളി വെള്ളം കാളിയപ്പന്റെ മുഖത്ത് വീണു.
" മഴ ചാറി തുടങ്ങി. നിങ്ങൾ വിട്ടോളി കുഞ്ഞുങ്ങളെ കുഞ്ഞിനെ നനയിക്കേണ്ട "
ആർദ്ര മോൾക്ക് റെയിൻ കോട്ടിന്റെ തൊപ്പി തലയിൽ വെച്ചു കൊടുത്ത് ബൈക്കിലിരുത്തിയിട്ട് പ്രകാശൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിറകേ മായയും കയറി. ഒരു നിശബ്ദത അവരിൽ തളം കെട്ടി നിന്നിരുന്നു. മഴയുടെ താളവും ഊർജ്ജവും കൂടിക്കൂടി വന്നു. മഴത്തുള്ളികൾ വലുതായപ്പോലെ. വീട്ടെത്തി ഇറങ്ങിയപ്പോ മായ ചോദിച്ചു.
" ഈ ചെമ്പൻക്കുന്നിലെ യക്ഷിയമ്മക്കാവും രക്തദാഹിയായ യക്ഷിയും ഇതിലൊക്കെ എന്തെല്ലും സത്യമുണ്ടോ?''
പ്രകാശൻ ഒന്നിരുത്തി മൂളി.
" ഉം, നീ ചെന്ന് കൊച്ചിന് വല്ലതും കഴിയ്ക്കാൻ കൊടുക്ക്. പിന്നെ കതക് നല്ലവണ്ണം അടച്ചോ. ഞാൻ വന്ന് വിളിച്ചാൽ മാത്രം തുറന്നാൽ മതി. കാലം മോശമാണ്. "
മായ അകത്ത് കയറി കതകടച്ചു. വല്ലാത്തൊരു ഭയം. പന്ത്രണ്ട് വർഷമായി ഈ വീട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട്. ഇന്നാദ്യമായി ചുമലുകൾ പോലും മായയെ ഭയപ്പെടുത്തി. നനഞ്ഞ സാരി മാറ്റി നൈറ്റിയിലേക്ക് കയറിയപ്പോൾ എന്തോ പകുതി ക്ഷീണം മാറിയപ്പോലെ.
മോളെയും കുളിപ്പിച്ച് അവളും കുളിച്ചിറങ്ങി. ബാത്ത് റൂമിനകത്ത് നിൽക്കുമ്പോൾ പുറത്ത് എന്തൊക്കെയോ അനങ്ങുന്നത് പോലെ. വീട്ടിനുള്ളിൽ മറ്റാരോ ഉണ്ടെന്നൊരു തോന്നൽ. ആർദ്ര ഇതെന്നും അറിയാതെ അവളുടെ ലോകത്ത് പാട്ടും ഡാൻസുമായി ആടിത്തിമർത്തു.
പുറത്ത് മഴ അതിന്റെ താണ്ഡവനൃത്തം തുടങ്ങി. ചായയിടാൻ അടുക്കളയിലേക്ക് കയറി ആർദ്ര മോൾക്ക് കഴിക്കാൻ ഒരു ബന്നും എടുത്ത് കൊടുത്തു. അവൾ തന്നെ ഫ്രിഡ്ജിൽ നിന്ന് ജാമെടുത്ത് ബന്നും ജാമും കൂടി കഴിക്കാൻ തുടങ്ങി.
മായ ചിന്തകളിലേക്ക് കാടുകയറുകയായിരുന്നു. കല്യാണം കഴിഞ്ഞ് വന്ന കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് യക്ഷിക്കാവിനെപ്പറ്റി. ഒരിക്കൽ പോലും പേടിത്തോന്നിയിട്ടില്ല. പ്രകാശിനോട് പോലും ചോദിച്ചിട്ടുമില്ല എന്നാൽ പിന്നെ പ്രകാശനായിട്ട് അതൊന്നും പറഞ്ഞിട്ടുമില്ല. ചിന്തകളുടെ വള്ളികളിൽ തൂങ്ങിയാടി നിൽക്കുമ്പോഴാണ് പുറത്ത് കോളിംഗ് ബെൽ ശബ്ദിച്ചത്.
ഒരു ഞെട്ടലോടെ മായ ചിന്തകളിൽ നിന്നും ഉണർന്നു. അപ്പോഴെക്കും ആർദ്ര കതക് തുറക്കനായി പോയിരുന്നു.
"മോളെ തുറക്കല്ലേ അമ്മ ആരാണെന്ന് നോക്കട്ടെ."
വിളക്കു മുറിയുടെ ജനൽപ്പാളിയിൽ ചെറിയൊരു വിടവുണ്ട് അതിലൂടെ നോക്കിയാൽ പുറത്തു നിൽക്കുന്നത് ആരാണെന്ന് കാണാം. ആളെക്കണ്ട് മായ ഒന്നു ഞെട്ടി.
മായയുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾ ഒരുപാട് ആയി കല്യാണം കഴിഞ്ഞിട്ട്. പ്രകാശേട്ടന്റെ അച്ഛൻ ഒരിക്കൽ പോലും ഈ വീട്ടിൽ കയറിയിട്ടില്ല. ഇപ്പോ ദേ കൺമുന്നിൽ നിൽക്കുന്ന സത്യത്തെ വിശ്വസിക്കാനേ കഴിയുന്നില്ല.
"മോളെ കതക് തുറന്ന് കൊടുക്ക്."
"ആരാ അമ്മേ."
"നീ ചെല്ല്, നിനക്ക് ഇഷ്ടപ്പെട്ടയാളാ."
ആർദ്ര കസേര നീക്കി വാതിലിന്റെ അരികിലേക്ക് ഇട്ടു. കതകിന്റെ കൊളുതെടുത്തു.
"അയ്യോ അമ്മേ, അപ്പൂപ്പൻ. അപ്പൂപ്പാ.. "
ആർദ്ര കസേരയിൽ നിന്നു കൊണ്ട് തന്നെ ദാമുവിന്റെ തോളിലേക്ക് ചാടി. ആർദ്രയേ എടുത്ത് കസേര തള്ളി ഉള്ളിലേക്ക് നീക്കി കൊണ്ട് ദാമു വീട്ടിലേക്ക് കയറി.
"മൂന്ന് ബെല്ലടിച്ചിട്ടും തുറക്കാതിരുന്നപ്പോൾ ഞാൻ പോകാമെന്ന് കരുതിയതാ."
"എന്തായാലും അച്ഛൻ വന്നല്ലോ എനിക്ക് സന്തോഷമായി. "
''ഉം. നീയൊരു തോർത്ത് എടുത്തേ, തല മുഴുവൻ നനഞ്ഞു. അവൻ അവിടെ നിൽപ്പുണ്ട്, പ്രകാശൻ. നീയും മോളും ഒറ്റയ്ക്കായിരിക്കും എന്നോർത്ത ഞാനിങ്ങ് പോരുന്നേ."
"തോർത്ത് ഇന്നാ അച്ഛാ. അവിടെ എന്തായി?"
ആർദ്രമോൾ ദാമുവിന്റെ മടിയിൽ നിന്നും ചാടിയിറങ്ങി ബാക്കി ബന്നെടുക്കാനായി അടുക്കളയിലേക്ക് പോയി.
തോർത്ത് വാങ്ങി തല തുടച്ചു കൊണ്ട് ദാമു പറഞ്ഞു തുടങ്ങി.
"അവിടെ എന്താവാൻ, ആ കുട്ടി ചളിയിലൊന്നും വീണതല്ല. നീ ഇങ്ങോട്ട് പോന്നതിന്റെ പിറകിന് ആ ചെക്കന് കൊച്ചിന്റെ മറ്റേ ചെരുപ്പും കിട്ടി. യക്ഷിക്കാവിന് ഉള്ളിലേക്ക് പോകുന്ന ആ കൈതക്കാട്ടിൽ നിന്ന്."
"ഈശ്വരൻമാരെ അപ്പോ എന്താവും നടന്നത്. "
" ആ ആർക്കാറിയാം, യക്ഷി കൊണ്ട് പോയിന്നാ എല്ലാരും പറയുന്നേ. പണ്ടും കൺമുന്നിന് അല്ലേ കുഞ്ഞുങ്ങളെ കാണാതായിട്ടുള്ളത്. അച്ചുതന്റെ ബോധം അപ്പോഴേ പോയി. നിന്നവരിൽ ഒന്ന് രണ്ടുപേർ അവനെയും കൊണ്ട് ഹോസ്പ്പിറ്റലിൽ പോയിട്ടുണ്ട്. ആ ചെറുക്കനും പ്രകാശനും വേറെ കുറേപേരും കൂടി യക്ഷിക്കാവ് അരിച്ച് പെറുക്കുവാ. കുഞ്ഞും നീയും ഒറ്റയ്ക്കാണെന്ന് ഓർത്ത് ഞാനിങ്ങോട്ട് പോരുന്നു. കാലം ശരിയല്ലേ."
അടുക്കളയിൽ പോയ ആർദ്രയെ കാണാഞ്ഞിട്ട് മായ നീട്ടി വിളിച്ചു.
"മോളെ.. ആർദ്രേ എന്തെടുക്കുവാ നീ ഇവിടെ വാ."
ഒരു കൈയിൽ ജാമും മറ്റേ കൈയിൽ ബന്നുമായി ആർദ്ര രംഗപ്രവേശം ചെയ്തു.
"അപ്പൂപ്പന് ബന്ന് വേണോ?"
" വേണ്ട എന്റെ കുട്ട്യേ, നീയ് കഴിച്ചോ."
"ഞാനെങ്കിൽ ചായ എടുക്കാം. അച്ഛനിവിടെ ഇരിക്ക്."
"ചക്കര ശേഷം കുറച്ചോളൂട്ടോ."
"ഉം, ശരി. "
ചായയുമായി എത്തിയ മായ ചെമ്പൻക്കുന്നിലെ യക്ഷിയെ പറ്റി അറിയാൻ തന്നെ തീരുമാനിച്ചു.
"അച്ഛാ, ഈ യക്ഷിയുണ്ടെന്ന് പറയുന്നതൊക്കെ സത്യമാണോ?"
കൈയിലിരുന്ന ആവി പറക്കുന്ന ചായ ഊതിയാറ്റി ഒരു ദീർഘനിശ്വാസം എടുത്തു ദാമു.
"അതിപ്പോ ഒരു പഴയ കഥയാ, ഏതാണ്ട് പത്ത് മുപ്പത്തഞ്ച് കൊല്ലം പഴക്കമുള്ള കഥ."
മായ കഥ കേൾക്കാൻ ആർദ്രയെ പിടിച്ച് മടിയിൽ ഇരുത്തിയിട്ട് ദാമുവിന്റെ അടുത്തുള്ള കസേരയിൽ സ്ഥാനമുറപ്പിച്ചു.
" അന്ന്, ഇന്നത്തെ യക്ഷിക്കാവിനോട് ചേർന്ന് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു മനയുണ്ടായിരുന്നു. ഒരു ആഢ്യബ്രഹ്മണകുലം. അവിടുത്തെ സാവിത്രിദേവി അന്തർജനം, ശങ്കരൻ തിരുമേനിയുടെയും ലളിതാദേവി അന്തർജനത്തിന്റെയും ഏകയും ഇളയതുമായ പുത്രി. ഞങ്ങളൊക്കെ ഏതാണ്ട് സമപ്രായക്കാർ ആയിരുന്നു. സൗന്ദര്യത്തിന്റെ ദേവിഭാവമായിരുന്ന സാവിത്രിദേവി. "
(തുടരും)

Sumitha Yadhu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot