"എന്റെ ചെറുക്കനെ ഇതാ തല്ലിക്കൊല്ലാന്‍ പോകുന്നെ,നിനക്ക് അവനെ ഇനിയും കാണണമെന്നുണ്ടെങ്കില്‍ എത്രയും വേഗം വന്ന് അവനെ കൊണ്ട് പൊയ്ക്കോ",ഇത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യേണ്ട താമസം,രതിയമ്മ ഓട്ടോയും പിടിച്ചു വീട്ടിലെത്തി.....
ഡോക്ടര്‍മാര്‍ കുറിപ്പ് എഴുതുന്നത് പോലെ,ഓരോന്നു വീതം മൂന്നു നേരം എന്ന കണക്കില്‍,എല്ലാ ദിവസവും ഞാനും അനിയനും തമ്മില്‍ അടി കൂടാറുണ്ടായിരുന്നുവെങ്കിലും,അന്നു വൈകുന്നേരം നടന്നത് ഒരു മഹാഭാരത യുദ്ധം തന്നെയായിരുന്നു.വീട്ടുകാരുടെ കണ്ണില്‍ അവന്‍ എപ്പോഴും നല്ലവനായ ഭീമസേനനും,ഞാന്‍ ദുഷ്ട്ടനും ക്രൂരനുമായ ദുര്യോധനനും...
😏

വൈകുന്നേരം ഓഫീസ് കഴിഞ്ഞു വരുന്ന അമ്മ കാണുന്ന കാഴ്ച എന്തെന്നാല്‍,ദ്വന്ദ്വ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീമനെയും ദുര്യോധനനെയുമാണ്.
നിരാലംബനായി നിലത്തു വീണു കിടക്കുന്ന ഭീമന്റെ നെഞ്ചില്‍ കാലും കയറ്റി വച്ച്,ഗദയ്ക്ക് പകരം കയ്യില്‍ ക്രിക്കറ്റ് ബാറ്റുമേന്തി,ഭവാന്റെ കാല്‍പ്പാദങ്ങളിലൊന്ന് തല്ലിയൊടിക്കാനുള്ള ഉദ്യമത്തിലായിരുന്നു ഈ പാവം ദുര്യോധനന്‍....
ഏതൊരു മാതാശ്രീയ്ക്കും തന്റെ പുത്രന്മാര്‍ ഈ വിധം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് കാണാന്‍ സാധിക്കില്ലയോ,അപ്രകാരം തന്നെ നമ്മുടെ മാതാവും അത്യധികം ഹൃദയ വ്യഥയോടെ ഇപ്രകാരം മൊഴിഞ്ഞു....
അല്ലയോ പുത്രാ ദുര്യോധനാ,നിന്റെ ബാലിഷ്ട്ടമായ ഈ കരങ്ങള്‍ കൊണ്ട്,അഞ്ചു വയസ്സിനു ഇളയതായ പാവം ഭീമസേനനെ നീ ഇപ്രകാരം പ്രഹരിക്കുകയാണെങ്കില്‍,അവന്‍ തല്‍ക്ഷണം മൃതിയടയുകയും,തദ്വാരാ,നിയമപാലകര്‍ വന്നു നിന്നെ കയ്യാമം ചെയുകയും,നീ നിന്റെ ശിഷ്ട്ട കാലം ബന്ധനസ്ഥനായി തടവറയ്ക്കുള്ളില്‍ കഴിയേണ്ടാതയും വരുന്നു...
ചുരുക്കി പറഞ്ഞാല്‍,എടാ മഹാ പാപീ,കാലമാടാ,എന്റെ കൊച്ചിനെ നീ അടിച്ചു കൊല്ലാതെടാ,അവനെ കൊന്നിട്ടു നീ ഇവിടെ സുഖിച്ചു കഴിയാമെന്നു ഒരിക്കലും കരുതണ്ടാ,പോലീസ് വന്നു നിന്നെ പിടിച്ചോണ്ട് പോയി ജയിലില്‍ അടയ്ക്കും.നിന്റെ ജീവിതകാലം മുഴുവന്‍ നെ അവിടെ കിടന്നു നരകയാതന അനുഭവിക്കും,നീ വേണേല്‍ ആരെ വേണോ കൊന്നിട്ടൂ ജയിലില്‍ പൊക്കോ,എന്റെ ചെറുക്കനെ വെറുതെ വിട്....
😀

മാതാശ്രീയുടെ ഇത്തരത്തിലുള്ള ജല്പനങ്ങളെ പുചിച്ചു മാത്രം ശീലിച്ച ഞാന്‍,നിഷ്കരുണം തികഞ്ഞ അവജ്ഞയോടെ അവയെ തള്ളികളഞ്ഞു.
നോമിന്റെ ഉന്നം അപ്പോഴും അവന്റെ പിഞ്ചു പാദങ്ങളിലായിരുന്നു.ഇടതു കാല്‍ ഓടിക്കണോ അതോ വലതു കാല്‍ തല്ലി ഓടിക്കണോ എന്നൊരു കണ്ഫ്യുഷനില്‍ ആയിരുന്നു ഈ പാവം ഞാന്‍.
അതിലൊരെണ്ണം തല്ലിയോടിക്കാതെ നോമിന്റെ കലി അടങ്ങുകില്ല മാതാശ്രീ,...അടങ്ങുകില്ല..ഈ വിധമുള്ള നമ്മുടെ അലര്‍ച്ച കാരണമാണ് ഭവതി ദൂത് മുഖേനേ വലിയമ്മയെ കാര്യം ധരിപ്പിക്കുന്നതും,അവര്‍ അപ്പൊ തന്നെ പുഷ്പക വിമാനം ചാര്‍ട്ട് ചെയ്തിങ്ങു പോന്നതും...
എന്തുകൊണ്ട് വല്യമ്മയെ വിളിച്ചു എന്നായിരിക്കും വായനക്കാരായ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.സംഭവം വളരെ സിമ്പിള്‍...കുടുംബത്തില്‍ ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് വല്യമ്മയെയും വല്യച്ചനെയും മാത്രമായിരുന്നു.
പ്രസവിച്ചു എന്നൊരു കര്‍മ്മം മാത്രമേ അമ്മ ഭീമന്റെ കാര്യത്തില്‍ ചെയ്തിരുന്നുള്ളൂ.കുഞ്ഞിലേ മുതല്‍ക്കു തന്നെ ദിവസ്സേനെ ലിറ്റര്‍ കണക്കിന് ആട്ടിന്‍ പാലും പശുവിന്‍ പാലും,ശുദ്ധമായ തൈരും ഒക്കെ കുത്തി നിറച്ചാണ് വല്യമ്മ അവനെ വളര്‍ത്തിയത്..തത്ഫലമായി അവനു എന്തെങ്കിലും ആപത്തു സംഭവിക്കാന്‍ പോകുമ്പോള്‍ അമ്മ ആരെയാ വിളിക്കേണ്ടത്,സ്വാഭാവികമായും വല്യമ്മയെതന്നെ,ശേരിയല്ലേ...
അങ്ങനെ പുഷ്പക വിമാനത്തില്‍ പറന്നെത്തിയ വല്യമ്മ അവനെയും കൊണ്ടു തിരിച്ചു പറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അംഗ വസ്ത്രങ്ങള്‍ ഒക്കെ പായ്ക്ക് ചെയ്തു.ഗുരുകുല വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ വേണ്ട പേന,ബുക്ക്,പെന്‍സില്‍ തുടങ്ങി കയ്യില്‍ കിട്ടിയതൊക്കെ പെറുക്കികൂട്ടി..
തിരക്കിനിടയില്‍ നോമിന്റെ വളരെ അത്യാവശ്യം വേണ്ട ഒന്ന് രണ്ടു അംഗ വസ്ത്രങ്ങള്‍ കൂടി അവര്‍ വരിക്കെട്ടിയത്തിനു ഇടയില്‍ പെട്ട് പോയി.തദ്വാരാ തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസം നോം,ഗുരുസമക്ഷം പഠനത്തിനായി പോകുമ്പോള്‍ അവ ധരിക്കാതെയായിരുന്നു പോയിരുന്നത് എന്നുള്ളത് വ്യാസന സമേതം ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ...
അവനെയും കൂട്ടി പടിയിറങ്ങാന്‍ നേരം മാതാശ്രീ വക ഒരു ഉഗ്ര ശാപം ഞങ്ങളുടെ മേല്‍ പതിക്കുകയുണ്ടായി.ഇന്നുമുതല്‍ നിങ്ങള്‍ തമ്മില്‍ മുഖാമുഖം നോക്കുകയോ സംസാരിക്കുകയോ ചെയ്യരുത്.
മാതാവിന്റെ ശാപം ഉഗ്രമായിരിക്കും എന്നറിയാവുന്നത് കൊണ്ടു തന്നെ തുടര്‍ന്നുള്ള ഒരു വര്ഷം ഭീമനും ദുര്യോധനനും തമ്മില്‍ യാതൊരു ഇടപെടലുകളും നോക്കാലോ വാക്കാലോ ഉണ്ടായിട്ടില്ല..
ഒരു ദിവസത്തെ സംഭവ പരമ്പരകളുടെ അവസാനമാകുകയാണ്.
പുഷ്പകവിമാനം ഡ്രൈവര്‍ കിക്കര്‍ അടിച്ചു സ്റ്റാര്‍ട്ട് ആക്കി.ക്ലച്ചു പിടിച്ചു വണ്ടി ഫസ്റ്റ് ഗിയറില്‍ ഇട്ടതും നമ്മുടെ അനുജന്‍ അതില്‍ നിന്നും താഴേക്ക് ചാടി ഇറങ്ങിയതും ഒരുമിച്ചായിരുന്നു..
നിറകണ്ണുകളോടെ,അവര്‍ പോകുന്ന ദിക്കിലേക്ക് നോക്കി നിന്ന എന്റെ അടുക്കലേയ്ക്ക് ഒരു ചെറിയ മാന്‍പേടയെപ്പോലെ അവന്‍ ഓടിയടുത്തു.ശേഷം വാരി പുണരാനായി കൈ നീട്ടിയ എന്നെ കുനിച്ചു നിറുത്തി മുതുകത്ത് ഒരൊന്നൊന്നര ഇടിയങ്ങ് ഇടിച്ചു.
രണ്ടു മിന്നല് വെട്ടിയതും,അധികം പ്രകാശിക്കാത്തതുമായ ഏതാനം മിന്നാമിനുങ്ങുകളെയും മാത്രം നോക്കി ഭൂമിദേവിയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കാന്‍ മാത്രമേ എനിക്കപ്പോള്‍ സാധിക്കുമായിരുന്നുള്ളൂ.....
Vivek VR
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക