നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താലി


യവ്വനകാലത്ത് ഒരുദിനം നിറഞ്ഞ മാറിന്റെ മദ്ധ്യത്തിലായി
ഇളംമഞ്ഞിന്റെ സ്പർശനതുല്ല്യമായൊരു കുളിരേകികൊണ്ട് ശരീരത്തിൽ ഒരവയവതുല്ല്യമായത് വിളക്കിചേർത്ത നിമിഷങ്ങൾ
ആദ്യ സ്പർശനമായാ വിരൽ തുമ്പുകൾ നെറ്റിമേൽ സിന്ദൂരവുമായെത്തിയപ്പോൾ കാലിലെ പെരുവിരലിൽ നിന്നും അരിച്ചു കയറിയൊരാ കുളിരിൽ സ്വപ്നങ്ങൾ ചിറകുകൾ മുളച്ചൊരു തുമ്പിയെ പോലെ പാറിപ്പറന്നപ്പോൾ
കൂമ്പിയടഞ്ഞു പോയ മിഴികൾ തുറന്ന്
തലയ്ക്ക് മുകളിൽ ചേർത്തുവച്ച കൈകളുമായി നിന്നയാളിന്റെ മിഴികളിൽ ആദ്യമായി കണ്ണുകളുടക്കിയ നിമിഷങ്ങൾ
"അവസാനം വരെ ഞാൻ കൂടെയുണ്ടാകും ആ കണ്ണുകൾ അന്നു നൽകിയൊരു വാഗ്ദാനമല്ലായിരുന്നോ.... അത്
നഷ്ടപ്പെടൽ എന്തൊക്കെയാണ് നഷ്ടപ്പെടുത്തുന്നത്
മുഖത്തെ ചിരി നഷ്ടപ്പെടുത്തുന്നൊരു കുഞ്ഞു ലോഹകഷണം
സങ്കടം എങ്കിലും ബാക്കി വയ്ക്കണമല്ലോ
ആ മുഖത്ത്.
അതുണ്ടാകും
സങ്കടം ഒരിക്കലും നഷ്ടപ്പെടലുകളുടെ കൂട്ടത്തിൽ പെടില്ലല്ലോ
എന്നാൽ സങ്കടവും എവിടെയോ പോയ് മറയുന്നതു കൊണ്ടായിരിക്കാം
ഒന്നു കരയാനായെങ്കിലും ആ ചെറിയ മഞ്ഞലോഹം തിരഞ്ഞ് പോകുന്നത്...
''മോളെ എന്റെ താലി കണ്ടോ
നീയല്ലേ അന്നത് എടുത്ത് സൂക്ഷിച്ചത്.."
എന്ന ചോദ്യവുമായി നഗ്നമായ മാറിടങ്ങളുമായി പൊതുവഴിയിലൂടെ നടന്നു നീങ്ങുന്ന വൃദ്ധയുടെ നഗ്നത കാണുന്ന കണ്ണുകളിലൊന്നും കാമം ജനിക്കാത്തതെന്തേ...
വൃദ്ധയെയും കുഞ്ഞിനെയും ലിംഗഭേദമെന്ന കാരണം കണ്ട് പ്രാപിക്കുന്ന വർഗ്ഗങ്ങളുടെ ഇടയിൽ ഉന്മാദമായതിലോ അതൊ സൂര്യൻ സാക്ഷിയായി ഉള്ളതിനാലാണോ ഈ സംരക്ഷണം
"അയ്യോ തെക്കേലെ പാറുവമ്മയല്ലേയത്.." വഴിയിൽ നിന്നൊരു സ്ത്രീ കൈയ്യിലിരുന്ന തോർത്തുമായി ഓടി വന്നാ മാറിടം മറച്ചു...
''മോളെ എന്റെ താലി എവിടെയാ...
നീയെന്റെ താലി കണ്ടോ..."
ആ സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കിയും പാറു അമ്മ ചോദ്യം ആവർത്തിച്ചു.
കണ്ടില്ലല്ലേ നോക്ക് ഇവിടെയത് കാണാനില്ല..." മാറിൽ മറച്ച തോർത്ത് വലിച്ചു മാറ്റി ഇരുകൈകൾ കൊണ്ടും ശുഷ്കിച്ചു തൂങ്ങിയാടുന്ന സ്തനങ്ങൾക്കിടയിൽ താലി അന്വേഷിച്ചവർ ചികഞ്ഞു.
"എവിടെ താലിയെവിടെ..... "എന്ന പിറുപിറുക്കലുമായി.
ജീവാമൃതം മധുരമായി നിറച്ച് വച്ച് പകർന്നു നൽകിയിരുന്ന മാറിടത്തിലെ ആ മാംസ കലശങ്ങളിൽ നിന്നത് ഏറ്റുവാങ്ങിയൊരാൾ അപ്പോഴൊരു രജിസ്റ്റാർ ഓഫീസിൽ നിന്നും പതിച്ചു കിട്ടിയ കടലാസ്സുകളുമായി വാഹനത്തിൽ അതുവഴി കടന്നു പോയി അന്ധമായി പോയ കണ്ണുകളുമായി.
"ഇനി എഴുന്നേറ്റോളു....
എന്നിട്ടാ താലി അഴിച്ച് മാറ്റികൊൾക... "
ആരാണ് അന്നങ്ങനെ പറഞ്ഞത്
എവിടെ നിന്നാണാ ശബ്ദം വന്നത് ആരൊക്കെയോ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ ചുണ്ടുകളിൽ പറ്റിയിരുന്ന
എള്ളും പൂവും അരിയും താഴേക്കൂർന്നു വീണു അവസാന ചുംബനത്തിന്റെ സാക്ഷികൾ.
താലി അഴിച്ചെടുക്കുന്ന ആളിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിൽക്കുന്ന എഴുപത് കഴിഞ്ഞ കുഴിഞ്ഞ കണ്ണുകളിലെ നിർവികാരതയിൽ സങ്കടവും നഷ്ടപ്പെട്ടിരുന്നു.
ആരാ താലി അഴിച്ചെടുക്കുന്നത്
"തെക്കേലെ ചന്ദ്രി ആണോ....
അതൊ മാരാത്തെ മാളുവമ്മയോ...."
നെഞ്ചിൽ നിന്ന് അടർന്ന് മാറിയ ചെറിയ ലോഹത്തിനൊപ്പം മുലക്കണ്ണുകളിലൊന്നു കൂടെ പറിഞ്ഞ് പോയ നീറ്റലാണല്ലോ
ചുറ്റിനും കൂടി നിൽക്കുന്ന ആൾക്കാർ
കണ്ണീരോടെ അച്ഛന്റെ ചുണ്ടുകളിലേക്ക് അരിയും പൂവും നീരും പകരുന്ന മകളെയും കാണുന്നുണ്ട്
നാവു നീട്ടി ചുണ്ടിൽ പറ്റിയിരിക്കുന്നാ അരിയും പൂവും അവസാന ചുംബനത്തിന്റെ ബാക്കിപത്രമായത് ഉള്ളിലേക്കിറക്കി തൊണ്ടയ്ക്കുള്ളിലൂടെ ഒരു നീറ്റലായതകത്തേയ്ക്ക് ഇറങ്ങുന്നതു നന്നായറിയുന്നുണ്ടായിരുന്നു.
"അതേയ് മനുഷ്യാ ഒരുമകൻ കൂടെ വേണ്ടേ നമുക്ക്..."
"വേണ്ടെടിയേ മകളോടുള്ള സ്നേഹം പങ്ക് വച്ച് പോകണ്ട അവസാന കാലത്ത് നിന്നെ നോക്കാനായി ഒരു മോളുണ്ടല്ലോ നമുക്ക്...."
"അപ്പൊ നിങ്ങളെ നോക്കാനോ..."
"എന്നെ നോക്കാൻ നീയുണ്ടല്ലോ.."
"അതു വേണ്ട... എനിക്കീ മടിയിൽ കിടന്ന് വേണം കണ്ണടയ്ക്കാൻ..."
ആ വാക്കുകൾ മാത്രം എന്തേയ് അങ്ങെനിക്ക് അനുവദിച്ച് തന്നില്ല.
മകനു തുല്യമായി മകളുടെ കൈപ്പിടിച്ച് വന്നവൻ അക്ഷരാർഥത്തിൽ മകന് തുല്യമായി തന്നെ മാറിയിരുന്നന്ന്.
വെള്ളമുണ്ടിന് മേൽ ചുവന്ന പട്ടുടുത്ത അവന്റെ തോളിലേറി എങ്ങോട്ടാണീ യാത്ര എന്നെ തനിച്ചാക്കി.
ഒരുമിച്ച് കൈകോർത്ത് പിടിച്ച് ആദ്യമായി പടികൾ കയറിയ വീട്ടിൽ നിന്നും ഇന്ന് ആ വിരലുകൾ വേർപെടുത്തിയൊരാൾ ഒറ്റയ്ക്ക് പടിയിറങ്ങി.
ഒരു പാട് നാളുകൾക്ക് ശേഷം ഒത്തുചേരാൻ അവസരം ലഭിച്ച രക്തബന്ധങ്ങളുടെ കലപില ശബ്ദങ്ങൾക്കും
ഓടിക്കളിക്കുന്ന പുതു തലമുറകൾക്ക് തമാശയ്ക്കും പൊട്ടിച്ചിരികൾക്കും ഒരു തടസ്സവുമുണ്ടായില്ല.
വീടിൻെറ ഒരു മുറിയിലെ മൂലയിലേക്കൊതുങ്ങിയ ഒരു ജീവനെ പലപ്പോഴും എല്ലാരും മറന്നു പോയപ്പോൾ
ആ ചുണ്ടുകൾ ഒരിറ്റ് നനവിനായ് ദാഹിക്കുമ്പോഴും
ഉദരത്തിലാ വിശപ്പിന്റെ നിലവിളി ഉയർന്നപ്പോഴുമെല്ലാം ആ മനസ്സ് കൊതിച്ചു പോയി
"എടിയേ എഴുന്നേൽക്ക് കുറച്ച് കഞ്ഞി കുടിക്ക്..."
പനിയായി കിടന്ന കാലത്ത് പാത്രത്തിൽ
ചൂട് കഞ്ഞിയും കൊട്ടൻ ചുക്കാദി തൈലത്തിന്റെ മണവുമായി അടുത്ത് വന്നിരുന്ന് പ്ലാവിലയിൽ കഞ്ഞി കോരി ചുണ്ടിലേക്ക് വച്ചു തന്നിരുന്നയാളിന്റ സാന്നിദ്ധ്യം നഷ്ടമാകാതിരുന്നെങ്കിലെന്ന്.
എന്താണ് നഷ്ടമായത് മാറിൽ നിന്നത് പറിച്ചെടുത്തപ്പോൾ
എന്തെല്ലാമാണത് കൊണ്ട് പോയത് വിശപ്പോ....
ദാഹമോ...
ചിരിയോ....
സങ്കടമോ....
സംരക്ഷണമോ...
ശബ്ദകോലാഹലങ്ങൾ വീടിനുള്ളിൽ കുറഞ്ഞ് കുറഞ്ഞ് വന്നു
മുറ്റത്തെ പച്ചോല പന്തലും തീയിൽ വെന്തുരുകി ചാരമായി.
കുറെ നേരമായി ആ വൃദ്ധ നയനങ്ങൾ വീടു മുഴുവൻ നഷ്ടമായതെന്തോ അന്വേഷിക്കുന്നുണ്ട്
"അമ്മ എന്താ ഈ തിരക്കുന്നത്..."
മകളുടെ ചോദ്യം കേട്ടിട്ടല്ല അവർ മറുപടി പറഞ്ഞത്
അവരത് ആവർത്തിച്ചു കൊണ്ടേയിരിക്കുവായിരുന്നു.
"താലി.. എന്റെ താലി... എവിടെ
ഇവിടെ എവിടെയോ വച്ചിട്ടുണ്ടല്ലോ ആരാ അത് എടുത്തത്.."
ഇതു കേട്ട മകൾ നിസ്സാരമായി പറഞ്ഞു
"ഓ അതോ അത് ചേട്ടൻ എടുത്ത് ചിന്നു മോൾക്ക് കമ്മൽ ഒരുക്കി...
അമ്മയ്ക്ക് ഇനി അതു വേണ്ടല്ലോ..."
പറഞ്ഞു നിർത്തിയപ്പോൾ
സ്വന്തം നെഞ്ചിലെ ലോഹമൊന്നു ചുട്ടുപഴുത്തു നെഞ്ചൊന്നു പൊള്ളിയത് മകൾ അറിഞ്ഞതേയില്ല...
വൃദ്ധ കർണ്ണങ്ങൾ അത് കേൾക്കാത്ത ഭാവത്തിൽ തിരച്ചിൽ തുടർന്നു കൊണ്ട് സ്വന്തം കിടപ്പറയിലെത്തിയപ്പോൾ
"അമ്മൂമ്മയുടെ സാധനങ്ങൾ വേറെ മുറിയിൽ വച്ചിട്ടുണ്ട് ഇന്ന് മുതൽ ഞാനാ ഈ മുറിയിൽ..."
കൊച്ചുമകളുടെ വാക്ക് കേട്ട് താലിയുടെ കൂടെ തന്റെ തുണിയും മറ്റും തിരക്കി അവസാനം അടുക്കളയോട് ചേർന്ന ചെറിയ മുറിയിലെത്തി നിന്നു.
"അമ്മ ഇനി അവിടെ കിടന്നോ ഒരാളല്ലേ ഉള്ളു ചെറിയ കയറ്റു കട്ടിൽ അവിടെ ഇട്ടിട്ടുണ്ട് അമ്മയ്ക്ക് അത് മതിയല്ലോ..."
അടുക്കളയിൽ നിന്നും മകൾ വിളിച്ചു പറഞ്ഞത്
പണ്ടെങ്ങോ പറഞ്ഞു പോയ പരിചിതമായ വാക്കുകളായാ തിരികെ കാതുകളിലേക്കെത്തി.
കയറ്റു കട്ടിലിലേക്കിരുന്ന് അവിടെ വാരിയിട്ടിരുന്ന തുണികൾക്കിടയിൽ പണ്ടെന്നോ ഉപേക്ഷിച്ചിരുന്ന പഴയൊരു ഇരുമ്പ് പെട്ടി കണ്ടു അതെടുത്ത് തുറന്നു.
വർഷങ്ങൾക്കു മുൻപെന്നോ വാരി വച്ച് ഉപേക്ഷിച്ച പഴകിയ കുറെ തുണികൾക്കു മുകളിൽ
ചിതലരിച്ച് തുടങ്ങിയൊരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം
മുഴുവൻ നാശമായെങ്കിലും സ്വന്തം അച്ഛന്റെയും അമ്മയുടേയും കണ്ണുകൾ ഇതു കാണുവാനായിരിക്കുമോ ചിതലുകൾ ബാക്കി വച്ചിരുന്നത്.
കുഴിഞ്ഞ വൃദ്ധ നയനങ്ങളിൽ നിന്ന് രണ്ട് തുള്ളി ഇറ്റ് വീണു ആ ചിത്രത്തിലേക്ക്.
"അമ്മേ മാപ്പ് കർമ്മഫലമായിരിക്കാം കാലം എന്നെയും ഇവിടെയെത്തിച്ചതല്ലേ...."
മനസ്സിലെ മാപ്പ് പറച്ചിലിന് അവർ ക്ഷമിച്ചു കാണും
ഇപ്പൊഴും മകളെ വെറുക്കാൻ ഈ മനസ്സിനും കഴിയുന്നില്ലല്ലോ...
നഗ്നമായ മാറിടങ്ങളുമായി റോഡിലൂടെ നടക്കുന്നവരുടെ മുഖത്ത് ചിരിയുമില്ല സങ്കടവുമില്ല
നഗ്നത മറച്ച് കൊടുക്കാൻ വ്യഗ്രത പൂണ്ട് ഓടി വന്ന് വസ്ത്രം മറയ്ക്കുന്നവരോടെല്ലാം അവർ വീണ്ടും വീണ്ടും ചോദിച്ചു
"മോളെ നീയെന്റെ താലി കണ്ടോ....
മോളെ നീയെന്റെ താലി കണ്ടോ..."
മറുപടി ഇല്ലാത്ത ആ നിശബ്ദതയുടെ പ്രതിഷേധമായവർ വീണ്ടും വസ്ത്രം പറിച്ചെറിഞ്ഞ് നെഞ്ചിൽ പരതുമ്പോൾ പെരുവിരലിൽ പറ്റിയ നീല മഷിയാൽ ആ നെഞ്ചിൽ രൂപപ്പെട്ടത് താലിയുടെ ചിത്രമായിരുന്നോ .
ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot