നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉണ്ണിക്കുട്ടന്റെ പേടികൾ (കഥ )


“അതേയ്, ഇന്നലെയുറക്കത്തിൽ ഉണ്ണി വയറിനു മേലൊരു ചവിട്ടു. എനിക്കു നല്ലോണം നൊന്തു .ശരിക്കും ഭയന്നു . കാലത്തു വയറ്റി അനക്കം വന്നപ്പോഴാ ആശ്വാസായേ . ചെക്കനെ മാറ്റികിടത്താറായി .വയറ്റി കെടക്കണേനു വല്ലോം പറ്റിയാല്ലോ.. ?"
അനിയത്തിക്കുട്ടി വയറ്റിൽ കിടക്കുമ്പോൾ , അമ്മ ഒരു ദിവസം രാവിലെ അച്ഛനോട് പറയുന്നത് ഉണ്ണി കേട്ടു. അന്ന് അമ്മയുടെ വയറ്റിൽ അനിയത്തിയാണെന്നു ഉണ്ണിക്കറിയില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും അച്ഛമ്മക്കും അറിയുമോ എന്തോ ?
ഉണ്ണി ഉറങ്ങുകയാണെന്നു കരുതി അമ്മ അവന്റെ മുടിയിൽ തലോടി .
ഇറുക്കിയടച്ച കണ്ണുകൾക്കിടയിലൂടെ നോക്കുമ്പോൾ അച്ഛൻ അമ്മയുടെ വീർത്ത വയറിൽ തലോടുന്നു .
അമ്മക്കെന്തിനാ ഉണ്ണിയെ ഭയം ? ഉണ്ണിയെ പേടിപ്പിക്കുന്നത് അമ്മയല്ലേ ? അച്ഛന്റെ ഉത്തരം കേൾക്കാൻ ഉണ്ണി ഭീതിയോടെ കണ്ണിറുക്കിയടച്ചു കിടന്നു
"ഉം.. ശരിയാ.. ഉറക്കത്തിൽ ചെക്കനൊരു ബോധോല്യ . ഇന്ന് മുതൽ അമ്മേടെടുത്തു കിടത്താം .വല്യ കുട്ടിയായില്ലേ. മാറി കിടന്നു പഠിക്കട്ടെ ."
ഹോ.. ഇത്രേയുള്ളൂ .ഉണ്ണീടെ പേടി മാറി. അച്ഛമ്മയെ അവനു വല്യയിഷ്ടമാണ്. അച്ഛമ്മക്കും സന്ധ്യക്ക് വീട്ടിൽ കത്തിച്ചു വെക്കുന്ന ചന്ദനത്തിരിക്കും മുറ്റത്ത് വിരിയുന്ന മുല്ലപ്പൂവിന്റെ നറുമണമാണ്.
അമ്മയുടെ വയർ വീർത്തു വീർത്തു വന്നപ്പോൾ, രാത്രി ഉണ്ണിക്കത്താഴം കൊടുക്കുന്ന ജോലി അച്ഛമ്മക്കായി .അമ്മയാണെങ്കിൽ അടുക്കളയിലിട്ടിരിക്കുന്ന ചെറിയ മേശപ്പുറത്തിരുത്തി ഉണ്ണിക്ക് ചോറ് കൊടുക്കും.
“വേഗം കഴിക്കുണ്ണി . ഇത് കഴിഞ്ഞ് നൂറു കൂട്ടം പണിയുണ്ടേ “ ഉണ്ണി ചോറ് കഴിക്കുമ്പോൾ അമ്മ നൂറാവർത്തി പറഞ്ഞു കൊണ്ടിരിക്കും. കഴിക്കാൻ മടിച്ചാൽ ചെവിക്കു കിഴുക്കും. ഉണ്ണിക്ക് ചെവിക്കു കിഴുക്കുന്നതു പേടിയാണ്. കാതു കുറെ ദിവസം ചോന്നു കിടക്കും .തൊടുമ്പോൾ വേദനിക്കും . ഉണ്ണീടെ കണക്കു സാറും ചെവിക്കു പിടിക്കും.
ഇന്നാളൊരു ദിവസം ഒന്ന് ,രണ്ടു ,മൂന്ന് തെറ്റിച്ചു പറഞ്ഞപ്പോൾ സാർ ചെവിക്കു പിടിച്ചു കിഴുക്കി .ചോന്ന ചെവി കണ്ടപ്പോൾ അമ്മക്ക് വല്ലാതെ ദേഷ്യമായി “-ന്റെ കുട്ടീടെ കാതു പൊന്നാക്കീലോ . വടിയെടുത്തു രണ്ടു കൊടുത്താൽ പോരെ സാറുമാർക്കു?”
സാറിന്റെ വടിയും ഉണ്ണിക്കു പേടിയാണ്. കൈയിൽ നല്ലോണം നീർത്തി പിടിച്ചാൽ ഉണ്ണിയേക്കാൾ എത്ര വലുത്!
അച്ഛമ്മ വരാന്തയിലിരുത്തിയേ ഉണ്ണിയെ ഊട്ടൂ.പാവയ്ക്കാ തോരനും സാമ്പാറും കൂട്ടി ചോറ് കൊടുത്ത ദിവസം ഉണ്ണി കഴിക്കാൻ മടിച്ചു. ശോ, എന്തൊരു കയ്പാ !
ഉണ്ണീടെ വീടിനു നല്ല നീളമുള്ള മുറ്റമുണ്ട്. മഞ്ഞ ഛായമടിച്ച ഗേറ്റിനിരുവശത്തും മതിലിനോട് ചേർന്ന് വലിയ പൊക്കത്തിൽ മരങ്ങളും .
ഉണ്ണിയുണ്ണാൻ മടിക്കുമ്പോൾ അച്ഛമ്മ പറയും
–“ഉണ്ണീട്ടാ, നോക്കിയേ ഭൂതോറങ്ങി വരും മരത്തേന്നു... മാമുണ്ണാത്ത ഉണ്ണികളെ പിടിച്ചോണ്ട് പോവും . മരത്തിപാർപ്പിക്കും. പിന്നെ അച്ഛനേം അമ്മേനേം കാണാ പറ്റില്യ "
ഉണ്ണി നോക്കുമ്പോൾ ഇരുട്ടത്തു മരങ്ങൾ മാനം മുട്ടെ തോന്നിക്കും. ഇലകൾ കാറ്റിലി ളകിയാടും. ചിലപ്പോൾ വല്ലാത്ത ശബ്ദമുണ്ടാക്കും . അത് കാണുമ്പോൾ ഉണ്ണിക്കു ഇച്ചീച്ചി മുള്ളാൻ തോന്നും.അവൻ കാല് രണ്ടും കൂട്ടിപ്പിടിച്ചു കണ്ണും പൂട്ടി, ചോദിക്കും “അച്ഛമ്മേനേം ?”
പൊളിച്ച വായിലേക്ക് അച്ഛമ്മ ഉരുളയുരുട്ടി വെക്കും.. കണ്ണും പൂട്ടി തന്നെ ഉണ്ണിയുരുള വിഴുങ്ങും.
“ഹാ! ന്റെ ഉണ്ണിട്ടനെത്ര നല്ല കുട്ടി ...”
“പിന്നെ ?” ഉരുള വിഴുങ്ങി ചോദിക്കുമ്പോൾ എച്ചിലാവാത്ത കൈ കൊണ്ട് അച്ഛമ്മയവനെ ചേർത്ത് പിടിക്കും . നെറുകയിലുമ്മ വെക്കും. അച്ഛമ്മ അങ്ങിനെയാണ്. പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കും .ഉണ്ണീടേ എന്തോരം ചോദ്യങ്ങൾക്കിനിയും ഉത്തരം കിട്ടാനുണ്ട്.
രണ്ടുരുള്ള ചോറുണ്ടാലച്ഛമ്മക്ക് ഉണ്ണി നല്ലകുട്ടിയായി.അമ്മ നല്ലകുട്ടീന്നു പറയാൻ പരീക്ഷക്ക് നൂറിൽ നൂറും മേടിക്കണം. ഓണപ്പരീക്ഷക്കു രണ്ടു മാർക്കു കുറഞ്ഞതിന് അമ്മ ചെവിക്കു കിഴുക്കിയത് ഉണ്ണി ഓർത്തു. മുഴുവൻ മാർക്ക് മേടിച്ചാലും അച്ഛമ്മയെ പോലെ ഉമ്മയൊട്ടു തരികേമില്ല .അത് കൊണ്ടുണ്ണിക്ക് പരീക്ഷ പേടിയാണ്.
അമ്മേടെ കിഴുക്ക് കൊണ്ട് കരയുമ്പോൾ അച്ഛമ്മ പറയും -
“ന്റെ ഉണ്ണിങ്ങു പോരേ . നെന്റെമ്മക്ക് ശേട്ടാ ഭഗവതി കൂടിയേക്കണ് "
ശേട്ടാ ഭഗവതി കൂടിയ അമ്മയെ ഉണ്ണിക്കു ഭയമാണ് . ഉണ്ണി അച്ഛമ്മയുടെ അടുത്തേക്കോടും. ശേട്ടാ ഭഗവതീം മരത്തീന്നു വരുന്ന ഭൂതത്തെ പോലെയാവും. വലിയ കൊമ്പും നീണ്ട ചുവന്ന നാക്കും ഉണ്ടക്കണ്ണുകളുമായി.
രാത്രി കിടക്കുമ്പോൾ അച്ഛമ്മയോട് ചോദിക്കണം.
അന്ന് രാത്രി അച്ഛമ്മ ഉണ്ണിക്കു സിൻഡ്രല്ല രാജകുമാരിയുടെ കഥ പറഞ്ഞു കൊടുത്തു. രാജകുമാരിയുടെ ചെരുപ്പ് പോയപ്പോൾ ഉണ്ണിക്കു സങ്കടായി. എന്നാലും കഥക്കൊടുവിൽ രാജകുമാരൻ അതുമായി ചെന്നപ്പോൾ ഉണ്ണി അച്ഛമ്മയെ കെട്ടിപിടിച്ചുമ്മ കൊടുത്തു. പിന്നെയുറങ്ങി.
പിറ്റേന്ന് സ്കൂളിൽ ചെന്ന് അശ്വതിയോടും രവികുട്ടനോടും വലിയ ഗമയിൽ രാജകുമാരിയുടെ കഥ പറയാൻ തുടങ്ങിയപ്പോൾ ഉണ്ണി കുമാരിയുടെ പേര് മറന്നു.
രാത്രിയൊന്നുകൂടെ അച്ഛമ്മയോടു കഥ പറയാൻ പറയണം. ഉണ്ണി തീരുമാനിച്ചു.
“പറഞ്ഞത് തന്നെ പറയാനൊരു രസോല്യ ഉണ്ണിയേ .അച്ഛമ്മ കുട്ടിക്ക് പുതിയ കഥ പറഞ്ഞു തരാം “
അച്ഛമ്മ അവനെ ചേർത്ത് പിടിച്ചു പുതിയ കഥ തുടങ്ങി .അഞ്ചു കണ്ണൻ പാച്ചന്റെ കഥ . വലിയ ചാക്കുമായി വീടുകളിൽ കേറിയിറങ്ങി നടക്കുന്ന കൊമ്പൻ മീശക്കാരൻ. വീടിന്റെ ഉമ്മറത്ത് കളിക്കുന്ന കൊച്ചു കുട്ടികളെ, ആളില്ലാത്ത നേരത്തു ചാക്കിലാക്കി കൊണ്ടുപോവുന്ന അഞ്ചു കണ്ണൻ.
സ്കൂളിൽ പോവുന്ന നേരത്തു വലിയ ചാക്കുമായി റോഡിൽ നടക്കുന്ന മന്ത് കാലൻ താടിക്കാരനെ ഉണ്ണിയോർത്തു. അയാളുടെ ചാക്കിനുള്ളിലെത്ര കുട്ടികളുണ്ടാവും ? ഇനി അയാളെ കണ്ടാൽ വഴി മാറി നടക്കണം. ഉണ്ണി പേടിയോടെ അച്ഛമ്മയെ കെട്ടിപിടിച്ചുറങ്ങി.
പിറ്റേന്ന് അച്ഛമ്മ മല മോളിലോട്ടു കല്ലുരുട്ടി കയറ്റുന്ന പ്രാന്തന്റെ കഥ പറഞ്ഞു . മോളിലെത്തുന്ന കല്ല് താഴേക്കുരുട്ടി കളഞ്ഞു കൈ കൊട്ടി ചിരിക്കുന്ന നാറാണത്ത് പ്രാന്തൻ .പ്രാന്തനെ ഉണ്ണിക്കിഷ്ടമായി.
“ന്നാലും എന്തിനാ പ്രാന്തൻ വെറുതെ കല്ലുരുട്ടി മോളി കേറ്റുന്നേ ?” അശ്വതി ചോദിച്ചപ്പോൾ ഉണ്ണിക്കുത്തരം മുട്ടി.രാത്രി അച്ഛമ്മയോട് ചോദിച്ചപ്പോൾ അച്ഛമ്മ അവനു വേറെ കഥ പറഞ്ഞു കൊടുത്തു.
അച്ഛമ്മക്കും അറിയില്ലാരിയ്ക്കും
ഉണ്ണി പുതിയ കഥ കേൾക്കാൻ കണ്ണുമിഴിച്ചു മച്ചിലേക്കും നോക്കി അച്ഛമ്മയോട് ചേർന്ന് കിടന്നു.
വെള്ള സാരിയുടുത്തു രാത്രി കാലത്തു വഴിയിൽ മനുഷ്യരെ കാത്ത് നിൽക്കുന്ന സുന്ദരി.മുറുക്കാനുള്ള ചുണ്ണാമ്പു ചോദിച്ച് ആളുകളെ വശീകരിക്കുന്ന പാലമരത്തിലെ യക്ഷി. അവളെ കണ്ടു മയങ്ങുന്നവരെ മരത്തിൽ കൊണ്ട് പോയി ചോരയൂറ്റി കുടിക്കും പോലും. ഹോ.. കേട്ടിട്ട് ഉണ്ണിക്ക് പേടിയായി.
അന്ന് രാത്രി ഉണ്ണി കിടക്കയിൽ ഇച്ചീച്ചി മുള്ളി.
“ ഹേ എന്താ കുട്ട്യേ ഈ കാണിച്ചേ?” അച്ഛമ്മ ചോദിച്ചപ്പോളൊന്നും മിണ്ടാതെ ഉണ്ണി കണ്ണടച്ചു.
കാലത്തെണീറ്റപ്പോൾ ഉണ്ണിക്കു പനിച്ചു.
“കുട്ടിക്ക് പേടി കിട്ടീതാവും .. “ മൂടി പുതച്ചു കിടക്കുന്ന ഉണ്ണിയെ കണ്ടു വീട്ടിൽ പണിക്കു വരുന്ന ജാനു അച്ഛമ്മയോടു പറഞ്ഞു .
“അമ്പല പറമ്പിലെ ഉത്സവത്തിന് വന്ന കൊമ്പനുണ്ട് . കേശുനോട് പറഞ്ഞു ആന വാൽ മേടിക്കാം .പിന്നെ ആനേടെ അടീലൂടെ നടത്താം . കുട്ടീടെ പേടി മാറും “- അച്ഛമ്മ ഉണ്ണീടെ നെറുകയിൽ തലോടി. ജാനുവിന്റെ കെട്ടിയവൻ കേശു ആന പാപ്പാനാണ്.
കേശൂനെ ഉണ്ണിക്കു പേടിയാണ്. ചില നേരം ജാനു അടുക്കള പുറത്തിരുന്നു പണി ചെയ്യുമ്പോൾ, അയാൾ മുറ്റത്തു നിന്ന് ഉറക്കെ എന്തൊക്കെയോ പറയും. അച്ഛമ്മ ഉണ്ണീടെ രണ്ടു ചെവീം പൊത്തും “ കുട്ട്യോള് കേൾക്കേണ്ട. വായെടുത്താ ചീത്തയെ പറയൂ.. ശവി”
രണ്ടീസം കഴിഞ്ഞു പനി കുറഞ്ഞപ്പോൾ അച്ഛൻ ഉണ്ണിയെ വിളിച്ചു –“വാ ഉണ്ണിയേ, അമ്പലത്തിൽ പോയി വരാം”
ആനേടെ അടീല് നടന്ന് പേടിമാറിവരുമ്പോൾ കള്ളിയങ്കാട്ടു നീലിയുടെയും രക്ത രക്ഷസിന്റെയും കഥ പറഞ്ഞു തരാമെന്നു ചുവന്ന ഷർട്ടിന്റെ ബട്ടനിട്ടു കൊടുത്തു അച്ഛമ്മ ഉണ്ണിയോട് പറഞ്ഞു. അവൻ തലകുലുക്കി സമ്മതിച്ചു
അച്ഛമ്മ രക്ത രക്ഷസിന്റെ കഥപറഞ്ഞാലും, മന്ത് കാലനെ കണ്ടാലും അമ്മക്ക് ശേട്ടാ ഭഗവതി കൂടിയാലും കണക്കു മാഷ് ചൂരൽ നീട്ടിയാലും ഇനി പേടിക്കേണ്ടല്ലോ എന്നോർത്ത് ഉണ്ണി അച്ഛന്റെ കൈ പിടിച്ചുസന്തോഷത്തോടെ നടന്നു. ആനേടെ അടിലൂടെ നടക്കാൻ.
പീപ്പിയും ബലൂണും വിൽക്കുന്ന കച്ചോടക്കാർ അമ്പലമുറ്റത്തു നിരന്നിട്ടുണ്ട്. മുയലിനെ പോലെ വീർപ്പിച്ച വലിയ നീല ബലൂൺ ഉണ്ണിക്കിഷ്ടായി. തലയുയർത്തി അത് നോക്കി നിന്നപ്പോൾ അച്ഛൻ അവന്റെ കൈപിടിച്ച് വലിച്ചു.
"ആനേടെ അടീലൂർന്നിട്ടു വരാം ഉണ്ണി .എന്നിട്ടു മേടിക്കാം .. "
ഉണ്ണി അച്ഛന്റെ കൈയേ പിടിച്ചു മുന്നോട്ടു നടന്നു.
“ഇതാരാ വന്നേക്കണേ ? ജാനുവെല്ലാം പറഞ്ഞേക്കണ് .ഉണ്ണിട്ടന്റെ പേടി ഇപ്പം മാറ്റി തരാം” അവനെ കണ്ടതും കേശു പൊന്തി നിൽക്കുന്ന പല്ലുകൾ പുറത്തു കാട്ടി വെളുക്കെ ചിരിച്ചു .
ഉണ്ണിയിത്രയടുത്ത് ആനയെ കാണുന്നതിതാദ്യം . എന്തൊരു നീട്ടാ ആനേടെ തുമ്പി കൈക്കു . എന്തൊരു വലിയ ചെവി ആനേടേ. എന്തൊരു വലുപ്പം ആനക്ക്. ഉണ്ണിക്കാനയെ നോക്കാൻ പേടിയായി.അവൻ അച്ഛനോട് ചേർന്ന് നിന്നു
കഴിഞ്ഞ ഉത്സവത്തിന് ദൂരെന്നു കൊണ്ട് വന്ന ആന രണ്ടാം പാപ്പാനെ തുമ്പി കൈയിൽ പൊക്കിയെടുത്തെറിഞ്ഞത് ഉണ്ണിയോർത്തു. അയാള് ചത്തൂന്നു ജാനു അച്ഛമ്മയോടു പറയുന്നത് കിണറ്റുകരയിൽ പല്ലു തേച്ചു കൊണ്ട് നിൽക്കുമ്പോൾ ഉണ്ണി കേട്ടതാണ് .
“ആനച്ചോറു കൊലച്ചോറാണേ” ജാനൂന്റെ വർത്താനം കേട്ട് അച്ഛമ്മ നെടുവീർപ്പിട്ടു .
ഉണ്ണി അച്ഛന്റെ കൈയിൽ മുറുക്കെ പിടിച്ചു പിറകോട്ടു മാറി.ആന തുമ്പി കൈ നീട്ടിയാലോ?
“ഉണ്ണിക്കുട്ടൻ ങ്ങട് വന്നോളൂ” കേശു ആനയുടെ തുമ്പിയിൽ തടവി
“ ഉംഹും ..നിക്ക് പോണ്ട .. “ ഉണ്ണി നിറഞ്ഞ കണ്ണുകളുമായി തലയുയർത്തി അച്ഛനെ നോക്കി. അച്ഛനെ പിറകോട്ടു വലിച്ചു.
“പേടി മാറേണ്ടേ ഉണ്ണിയെ?” അച്ഛനവനെ മുന്നിലേക്ക് മാറ്റി നിർത്തി.
“ വേണ്ട, നിക്ക് വീട്ടി പോണം .നിക്ക് പേടിയാ.“ അത് പറയുമ്പം നിക്കർ നനഞ്ഞ പോലെ ഉണ്ണിക്കു തോന്നി. അവനൊരു കൈകൊണ്ടു നിക്കറിൽ പൊത്തിപ്പിടിച്ചു
“അയ്യേ .. ആങ്കുട്ട്യോളിങ്ങനെ പേടിക്കേ ? വാ ഉണ്ണിയെ .നല്ല ധൈര്യത്തിആങ്കുട്ടിയായി വീട്ടി പൂവാം “
കേശു അവന്റെയടുത്തേക്ക് നടന്നു .
ഉണ്ണി വലിയ വായിൽ കരഞ്ഞു തുടങ്ങി –“ നിക്ക് പോണം. നിക്ക് ആങ്കുട്ടിയാവണ്ട “
“കീറി പൊളിക്കണ്ട. വീട്ടി പൂവാം” അച്ഛനവനെ പൊക്കിയെടുത്തു
ഉണ്ണിക്കാശ്വാസമായി. “അടുത്ത തവണയാവട്ടെ കേശു.” അച്ഛൻ പോക്കറ്റിൽ നിന്നും നോട്ടെടുത്തു കേശുനു കൊടുത്തു. “കുട്ടിക്ക് പനി മാറിയേയുള്ളു. പേടിച്ചിനീം പനിക്കണ്ട.” കേശു കാശ് പോക്കറ്റിലിട്ട് തല ചൊറിഞ്ഞു നിന്നു.
അച്ഛൻ അവനെയുടുത്തു വീട്ടിലേക്കു നടന്നു.ബലൂണ്കാരന്റെ അടുത്തെത്തിയപ്പോൾ കമ്പിലുയർത്തി കെട്ടിയ നീല മുയലിനെ ഒന്ന് കൈയെത്തിച്ചാൽ ഉണ്ണിക്കു തൊടാമെന്നായി. ബലൂൺ വേണമെന്ന് പറഞ്ഞാൽ അച്ഛൻ വഴക്കു പറഞ്ഞല്ലോ. പിന്നെ താഴെ നിർത്തിയാലോ? ഉണ്ണിക്ക് പേടിയായി. അച്ഛന്റെ തോളിൽ തല വെച്ചു ഉണ്ണി കിടന്നു.
ചാക്കുകെട്ടുമായി നടക്കുന്ന താടിക്കാരൻ മന്തകാലനെ ഉണ്ണി അമ്പലപ്പറമ്പിലെ ഇരുട്ടിലും തിരിച്ചറിഞ്ഞു. ആനേടെ അടീലൂടെ നടന്നില്ലാച്ചാലും ഉണ്ണിക്കു ഭയം തോന്നിയില്ല . ഉണ്ണി കുഞ്ഞിക്കണ്ണുകൾ തുറന്നയാളെ നോക്കി .
വീടിന്റെ ഉമ്മറത്ത് കേറുമ്പോൾ ഗേറ്റിനടുത്തുള്ള മരങ്ങൾ കാറ്റിലിളകിയാടുന്നു . വലിയ ഭൂതങ്ങളെ പോലെ .ഇലകൾ കാറ്റിലുലഞ്ഞ് വല്ലാത്ത ശബ്ദമുണ്ടാക്കുന്നു . …എന്നിട്ടും ഉണ്ണി ഭയക്കാതെ കണ്ണ് മിഴിച്ചു നോക്കി .
ഉണ്ണി അച്ഛന്റെ തോളിലല്ലേ?
(ശുഭം )Sanee Marie John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot