നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"മാനസപുത്രി"


ഇന്ന് നീതുന്റെ വിവാഹമാണ്. അതിനു വേണ്ടി മാത്രമാണ് 'അവൾക്ക് അമ്മയായ ' എന്റെ ഈ വരവ്. അവളുടെ ജീവിതത്തിന് വഴിത്തിരിവാണ് അവളുടെ വിവാഹം. അവൾക്കിഷ്ടമുള്ളയാളെ അവൾ തന്നെ കണ്ടെത്തിയപ്പോൾ അത് ഒരു തെറ്റായ തീരുമാനമാണെന്ന് ഒരിക്കൽ പോലും എനിക്കോ 'അവളുടെ അച്ഛനോ ' തോന്നിയില്ല. ഒരിക്കൽ ഞാനും രാഹുലും ഒരുമിച്ചെടുത്ത തീരുമാനമാണ് ഇന്ന് വധുവിന്റെ വേഷത്തിൽ ഞങ്ങൾക്കു മുന്നിൽ നിൽക്കാൻ പോകുന്നവൾ. നീതു വളർന്നത് ഞങ്ങളുടെ കൺമുന്നിലല്ല മനസ്സിലായിരുന്നു. ഇടയ്ക്കിടെ ഫാദറിൽ നിന്ന് കിട്ടിയിരുന്ന എഴുത്തുകൾ അവളെ ഞങ്ങൾക്കു മുന്നിൽ വളർത്തി. എല്ലാ മാസവും അവൾക്കു വേണ്ടതെല്ലാം ഫാദർ വഴി ഞങ്ങൾ അവൾക്കു നൽകി. ഹൈസ്ക്കൂൾ പ0നം പൂർത്തിയാക്കിയ കാലം വരെ അവളുടെ രക്ഷിതാക്കളെക്കുറിച്ച് ഒന്നും അവളാരോടും ചോദിച്ചില്ല. അവളുടെ ഉള്ളിൽ അവൾ ഒതുക്കി നീറ്റുന്ന തീ അറിഞ്ഞു കൊണ്ടു, ഞങ്ങളുടെ ആവശ്യപ്രകാരം തന്നെ ഫാദർ ഞങ്ങളെക്കുറിച്ചെല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു.അങ്ങനെഅവൾക്ക് ഞങ്ങൾ ഒരു അദൃശ്യ സാന്നിധ്യമായി മാറി.
രാവിലെ ആറു മണിയ്ക്ക് എയർപ്പോർട്ടിൽ എത്തിയതാണ് ഞാൻ.രാഹുലിന്റെ ഫ്ലയിറ്റ് ഒൻപത് മണിയ്ക്കാണ്. മൂന്നു മണിക്കൂർ കാത്തിരിപ്പുണ്ട്. ഈ വരവ് നാട്ടിൽ ആരും അറിഞ്ഞിട്ടില്ല. കമ്പിനിയുടെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നു എന്നാണ് കുട്ടികളുടെ അച്ഛനോടും കുട്ടികളോടും പറഞ്ഞത്.ആ നുണ ചെയ്തു തീർക്കേണ്ട ഒരു വലിയ നന്മയ്ക്കു വേണ്ടി ആയതു കൊണ്ടു തന്നെ തെല്ലും കുറ്റബോധം തോന്നിയില്ല. കസേരയിൽ ചാരി ഇരുന്ന് ചെറുതായൊന്നു മയങ്ങി. ഉപബോധമനസ്സ് നാൽപതുവർഷങ്ങൾ പിന്നിലേക്കാണ് സഞ്ചരിച്ചത് . . ഞാനും രാഹുലും ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം. അച്ഛന്റ ട്രാൻസ്ഫർ വാങ്ങി സ്വന്തം നാട്ടിലേയ്ക്ക് എത്തിയത് ഭാഗം വെച്ചു കിട്ടിയ തറവാട്ടുവീട്ടിൽ താമസിക്കാനാണ്. പുതിയ സ്കൂളിൽ ചേർന്നപ്പോൾ ആദ്യമൊക്കെ ഞാൻ പഴയ കൂട്ടുകാരെ ഓർത്ത് വല്ലാതെ സങ്കടപ്പെട്ടു.പതിയെ എല്ലാം മാറി. പുതിയ ചുറ്റുപാടും സൗഹൃദങ്ങളുമായി ഞാൻ വളരെ വേഗം ഇണങ്ങി. അവിടെ എന്റെ സഹപാഠിയായിരുന്നു രാഹുൽ.ആൺ പെൺ സൗഹൃദങ്ങൾക്ക് അതിർവരമ്പുകൾ സൃഷ്ടിച്ചിരുന്ന ഇടുങ്ങിയ ചിന്താഗതിയുള്ള അധ്യാപകരുടെയും ചുറ്റുപാടുകളുടെയും നടുവിൽ എനിക്കും രാഹുലിനുമിടയിൽ സൗഹൃദത്തിന്റെ ഒരു കണിക രൂപപ്പെട്ടത് പെട്ടെന്നായിരുന്നു.എന്നിട്ടും മറ്റുള്ളവരുടെ മുന്നിൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ഒരു പുഞ്ചിരിയിലൊ രണ്ടോ മൂന്നോ വാചകങ്ങളിലോ ആസൗഹൃദത്തെ ഞങ്ങൾ മറച്ചു.സ്കൂൾ കാലം കഴിഞ്ഞ് പ്രീഡിഗ്രിയ്ക്ക് ചേർന്നപ്പോൾ കൂട്ടിൽ നിന്ന് തുറന്നു വിട്ട കിളികളായി ഞങ്ങൾ എല്ലാവരും. രാഹുൽ കലാലയ രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായി. അവൻ കോളേജ് ചെയർമാനും ഞാൻ ആർട്സ് ക്ലബ് സെക്രട്ടറിയുമായി.ആയിടയ്ക്കാണ് പാവപ്പെട്ടവർക്കും അശരണർക്കും അനാഥ കുഞ്ഞുങ്ങൾക്കുo താങ്ങാവാനായിസ്റ്റുഡൻസ് എല്ലാം കൂടി ചേർന്ന് ഒരു ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചത്. അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും എല്ലാ വിധ പിന്തുണയും ഞങ്ങൾക്ക് ലഭിച്ചു. പല കാരുണ്യ പ്രവർത്തനങ്ങളും ഞങ്ങളിലൂടെ നടത്തപ്പെട്ടു. അങ്ങനെയാണ് കോളേജിൽ നിന്ന് വളരെ ദൂരെയല്ലാത്ത ഒരു ശരണാലയത്തിൽ വർക്കിന്റെ ഭാഗമായി ഞങ്ങൾ എത്തിയത്. അന്ന് അവിടെ കണ്ട ചില അനാഥബാല്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. എന്നെങ്കിലുമൊരിക്കൽ ഒരു സ്ഥിരവരുമാനമുള്ള ജോലി നേടികഴിഞ്ഞ് തീരെ പ്രായം കുറഞ്ഞ ഒരു പെണ്കുഞ്ഞിനെ സ്പോൺസർ ചെയ്ത് അവളുടെ സ്കൂൾ തലം മുതൽ വിവാഹം വരെയുള്ള എല്ലാ ചിലവു ക ളും വഹിക്കണം എന്നൊരാഗ്രഹം എന്റെയുള്ളിൽ വളർന്നു. രാഹുൽ വളരെ ഉൽസാഹത്തോടെ എല്ലാവരെയും പരിചരിക്കുന്നതു ഞാൻ കണ്ടു. അതുപോലെ ഒരു പാട് പുണ്യ പ്രവർത്തനങ്ങളിൽ ഞങ്ങൾ ഭാഗഭാക്കായി.
നീണ്ട അഞ്ചു വർഷങ്ങൾ, ആ കലാലയ ജീവിതം ഞങ്ങളിലെ സൗഹൃദ ത്തെ പാറപോലെ ഉറപ്പുള്ളതാക്കി മാറ്റി. ഫെയർവെൽ ദിനത്തിൽ അവൻ എന്നോട് പ്രത്യേകമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. പല യുവാക്കളെയും പോലെ സൗഹൃദത്തെ പ്രണയമാക്കി വളർത്തി അതിലേയ്ക്ക് എന്നെ ക്ഷണിയ്ക്കാനാണെന്ന് ഞാൻ ഉറപ്പിച്ചു.തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോൾ ഞാൻ അവന്റെ അടുത്തേയ്ക്ക് ചെന്നു .ആദ്യമായി പ്രണയം പറയാൻ തുടങ്ങുന്ന കാമുകനെ ഭാവങ്ങളൊന്നും ഞാനവനിൽ കണ്ടില്ല. എന്റെ ധാരണകളെയൊക്കെ തിരുത്തും വിധമായിരുന്നു അവൻ സംസാരിച്ചത്. ഞാൻ കരുതിയ പോലെ പ്രണയത്തിന്റെ ലോകത്തേയ്ക്കല്ല മറിച്ച് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേയ്ക്ക് നടന്നു നീങ്ങാൻ കൊതിയ്ക്കുന്ന ഒരു കുഞ്ഞിന്റെ ലോകത്തേയ്ക്കാരുന്നു അവന്റ ക്ഷണം. ഒരു നിമിഷം അവനെ തെറ്റിദ്ധരിച്ചതിൽ എനിക്ക് ലജ്ജ തോന്നി.ഒപ്പം സൗഹൃദത്തെ രൂപ ഭേദം വരുത്താൻ തയ്യാറാവാത്ത എന്റെ സുഹൃത്തിനെക്കുറിച്ചോർത്ത് അഭിമാനവും.പ0ന മെല്ലാം കഴിഞ്ഞ് ഒരു ജോലി നേടി കഴിഞ്ഞ് ഒരു പെൺകുഞ്ഞിനെ സ്പോൺസർ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.അങ്ങനെ എന്റെയുള്ളിൽ ഞാൻ കാത്തു വെച്ച ആഗ്രഹം ഞാൻ എന്നതിൽ നിന്ന് ഞങ്ങൾഎന്നതിലേക്ക് പരിണമിച്ചു.ഇത് ഒരിക്കലും പുറം ലോകത്തെ അറിയിച്ച് ഒരു പ്രഹസനമാക്കരുതെന്ന് ഞങ്ങൾ പരസ്പര ധാരണയുണ്ടാക്കി.
പെട്ടെന്നു തന്നെ വിദേശത്തു ജോലിയ്ക്ക് അ വസരം അവനെത്തേടിയെത്തി.രണ്ടു വർഷത്തിനുള്ളിൽ തന്നെ എന്റെ വിവാഹവും കഴിഞ്ഞു.വിദേശത്തു നിന്നും അവൻ ആദ്യമായി നാട്ടിലെത്തിയത് എന്റെ വിവാഹത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പം വിദേശത്തേയ്ക്ക് ഞാനും പോയി. അവിടെ അദ്ദേഹം എനിയ്ക്കു ഒരു ജോലി തരപ്പെടുത്തി തന്നു. പിന്നീട് ഞാൻ നാട്ടിലെത്തുന്നത് ഒരു അമ്മയാവാനുള്ള തയ്യാറെടുപ്പോടെയായിരുന്നു. രാഹുലിന്റെ വിവാഹവും ഏതാണ്ട് ആ സമയത്തു തന്നെ ആയിരുന്നു. അവൻ തിരികെ പോകുന്നതിനു മുൻപ് ഞാനും അവനും കൂടി ഒരു യാത്ര പോയി. അന്നത്തെ ആ ശരണലായത്തിലേയ്ക്ക്. വെറും ആറു മാസം മാത്രം പ്രായമുളള ഒരു പെൺകുഞ്ഞിന്റെ നിഷ്കളങ്കമായ മുഖമാണ് അവിടെ ഞങ്ങളെ വരവേറ്റത്.ഞങ്ങൾ പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഞങ്ങളുടെ കണ്ണുകൾ ചുണ്ടുകൾക്കു വേണ്ടി സംസാരിച്ചു. അവിടുത്തെ അധികാരിയായ ഫാദറിനെ ഞങ്ങൾ നേരിട്ട് കണ്ടു. ഭാര്യാഭർത്താക്കന്മാരല്ലാത്ത ഞങ്ങളെപരിപൂർണ്ണമനസ്സോടെ നല്ല സുഹൃത്തുക്കളായി തന്നെ അദ്ദേഹം അംഗീകരിച്ചു. അത് ഞങ്ങളു ടെ ആത്മവിശ്വാസത്തെ വളർത്തി. ആ കുഞ്ഞിന്റെ സ്പോൺസർഷിപ്പ് അന്നു മുതൽ ഞങ്ങൾ ഏറ്റെടുത്തു. അങ്ങനെ കാണാതെ കണ്ടും പറയാതെ പറഞ്ഞും ഞങ്ങളിലൂടെ അവൾ വളർന്നു. എന്റെയും രാഹുലിന്റെയും കുടുംബ ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് അവൾ ഒരിക്കലും ഒരു മങ്ങലായില്ല.
ഫാദറിൽ നിന്നും കഥകൾ എല്ലാം അറിഞ്ഞ ശേഷം അവൾ ആദ്യമായി ഞങ്ങൾക്ക് ഓരോ ഇ മെയിൽ അയച്ചു.അതിൽ അവൾ ആദ്യം ആവശ്യപ്പെട്ടത് 'ഒരിക്കലും തെറ്റിദ്ധരിയ്ക്കാതെ പൂർണ്ണമായ അർത്ഥത്തിൽ നിങ്ങളുടെ സൗഹൃദത്തെ ഉൾക്കൊണ്ടു തന്നെ നിങ്ങളെ ഞാൻ 'അച്ഛാ' എന്നും 'അമ്മേ' എന്നും വിളിച്ചോട്ടെ?' എന്നായിരുന്നു.അത് അവളുടെ അവകാശമാണെന്ന് ഞങ്ങൾക്ക് തോന്നി. അന്നു മുതൽ അവൾക്ക് മാത്രം ഞങ്ങൾ അച്ഛനും അമ്മയും ആയി. മുറയ്ക്ക് അവൾ അയക്കുന്ന മെയിലുകൾ ഞങ്ങൾക്കിടയിലെ അകലം കുറച്ചു. എന്തിനും ഏതിനും എന്റെയും അവളുടെ അച്ഛന്റെയും അഭിപ്രായമാരാഞ്ഞു.ഉപരിപOനത്തിലും ജോലിയിലും എല്ലാം അവൾ അവളുടെ കടമകൾ ഭംഗിയായി നിറവേറ്റി. ഇന്നിപ്പോൾ അവൾ കണ്ടെത്തിയിരിക്കുന്ന പങ്കാളിയിലും അവൾക്ക് പിഴയ്ക്കില്ലെന്ന പൂർണ വിശ്വാസമുണ്ട് ഞങ്ങൾക്ക്.
ഒരിക്കൽ ഒരു മെയിലിൽ അവൾ വിനുവിനെ കുറിച്ച് സൂചിപ്പിച്ചു.ശരണാലയത്തിൽ അവൾക്കൊപ്പം വളർന്ന അവൻ പഠിയ്ക്കാൻ സമർത്ഥനാ യി രുന്നു. മെറിറ്റിൽ സ്കോളർഷിപ്പോടെയാണ് അവൻ ഉപരിപOനം പൂർത്തിയാക്കിയത്. ഇന്ന് ഒരു അമേരിക്കൻ കമ്പിനിയുടെ തലപ്പത്താണവൻ. അമേരിക്കൻ പൗരത്വം സ്വീകരിച്ച വിനുവിനെ ഞങ്ങൾ ഫെയ്സ് ബുക്കിലൂടെയാണ് കണ്ടത്. ഞങ്ങൾക്കും ഇഷ്ടമായി.അവളുടെ അച്ഛൻ വിനുവിനെ വിളിച്ച് സംസാരിച്ചു. ഒടുവിൽ ഞങ്ങളുടെയും ഫാദറിന്റയും ആശീർവാദത്തോടെ അവരുടെ വിവാഹ ദിനം കുറിച്ചു.
ഇന്നാണ് ഞങ്ങളുടെ മകളെ ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ നേരിൽ കാണാൻ പോകുന്നത്.പോകുമ്പോൾ ഞാനും രാഹുലും ഒരുമിച്ച് തന്നെ പോകണമെന്നത് ഞങ്ങളുടെ ആഗ്രഹവും തീരുമാനവുമായിരുന്നു.
സമയം ഒൻപതായി. രാഹുലിന്റെ ഫ്ലയിറ്റ് എത്തി. അവനെ കാണാൻ എനിക്കും ഏറെ ആകാംക്ഷയുണ്ടായിരുന്നു. ദൂരെ നിന്നു തന്നെ എനിയ്ക്കവനെ കാണാമായിരുന്നു. പഴയ പ്രസരിപ്പിന് ഒട്ടും കുറവില്ല. മുടി നരച്ചു തുടങ്ങിയിരിക്കുന്നു,കണ്ണട വെച്ചു. കഷണ്ടി അൽപം കയറി യോ.... ഏതായാലും നിമിഷങ്ങൾക്കുള്ളിൽ തന്നെ മനസ്സുകൊണ്ട് ഞങ്ങൾ ഊർജ്ജസ്വലരായ ആ പഴയ സുഹൃത്തുക്കളായി മാറി. നേരെ ശരണാലയത്തിലേയ്ക്കാണ് ഞങ്ങൾ പോയത്. അവിടെ നീതുവും വിനുവും ഫാദറും ഞങ്ങളെ കാത്തു നിന്നിരുന്നു. ഞങ്ങളെ കണ്ട മാത്രയിൽ അവളുടെ മുഖത്തു മിന്നി മറഞ്ഞ ശൈശവം ഞങ്ങളിലെ മാതാപിതാക്കളെയുണർത്തി. ഞങ്ങളുടെ മകൾ ഒരു മാലാഘയാണെന്ന് ഞങ്ങൾക്ക് തോന്നി. അവർ ഞങ്ങളുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. നീതു അധികമൊന്നും സംസാരിച്ചില്ല, ഞങ്ങളും. ചുണ്ടുകളുടെ ചലനം കണ്ണുകളെ നനയിക്കുമെന്നറിയാവുന്നതതു കൊണ്ടാവാം.
ശരണാലയത്തിനോടു ചേർന്നുള്ള പള്ളിയിൽ ഫാദറിന്റെ കാർമികത്വത്തിൽ അവിടെയുള്ള അന്തേവാസികളെ സാക്ഷിനിർത്തി ഞങ്ങളാകുന്ന അച്ഛനമ്മമാരുടെ അനുഗ്രഹാശിസ്സുകളോടെ വിനു അവൾക്ക് മിന്നുചാർത്തി.ഹൃദയത്തിൽ വല്ലാത്ത ഒരു ആശ്വാസം തോന്നി. ഒരു വലിയ കടമ നിറവേറ്റിയതിന്റെ നിർവൃതിയിലായിരുന്നു രാഹുലും.ചടങ്ങുകൾ തീർത്ത് മോളുടെ വിവാഹത്തിന്റെ ഒരില ചോറുമുണ്ട് അന്നു വൈകിട്ടത്തെ ഫ്ലയിറ്റിനു തന്നെ ഞങ്ങൾ തിരിച്ചു പോകാൻ ഒരുങ്ങി.ഞങ്ങളെ എയർ പോർട്ടിൽ യാത്രയാക്കാൻ അവരുമെത്തി.ചെയ്തു തീർക്കാൻ മറന്ന ഒരു ചടങ്ങു പോലെ രാഹുൽ നീതുവിന്റെ കൈവിനുവിന്റ കയ്യിൽ വെച്ചു. ഞാൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അകത്തേക്ക് കയറുന്നതിനു മുൻപ് നിറകണ്ണുകളുമായി നിൽക്കുന്ന അവളോട് പറയാതെ ഞങ്ങൾ പറഞ്ഞു, 'മോളേ നിന്നിലേയ്ക്ക് ഇനിയൊരു മടങ്ങിവരവുണ്ടാവില്ല , ഞങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിന്നോടൊപ്പം എന്നുമുണ്ടാകും.'
എയർപോർട്ടിന് അകത്തേയ്ക്കു നടക്കുമ്പോൾ അപ്രതീക്ഷിതമായി എന്റെ കൈകൾ അവന്റെ കൈകളിൽ കോർത്ത് രാഹുൽ പറഞ്ഞു, നമ്മുടെ കുടുംബത്തിന് വേണ്ടി ഒരു പാടൊരുപാട്ചെയ്തു തീർക്കാനുണ്ട് നമുക്ക്.ഒരിക്കൽ എല്ലാം ചെയ്തു തീർത്തെന്നുപൂർണ ബോധ്യമാവുമ്പോഴും മറ്റൊരു കടമ നമുക്ക് ബാക്കിയാണ്., അന്ന് നാം ഫാദറിന് കൊടുത്ത വാക്ക്,ആ ശരണാലയത്തിനും കുറെ ജീവിതങ്ങൾക്കും വേണ്ടി നമ്മിലെ ആരോഗ്യമുള്ള വാർധക്യം ഉഴിഞ്ഞുവെക്കുമെന്ന വാക്ക് ...... അതിനു വേണ്ടി നമുക്ക് ഇനിയുമൊരു തിരിച്ചുവരവ് ഉണ്ടാകണം..........

ശരണ്യാ ലക്ഷ്മി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot