Slider

രക്തപവിഴം-ഭാഗം 6

0

“ശരിക്കും ഇവിടെ ഉദേശിക്കുന്നത് വീട് എന്നല്ലേ ..ആ രണ്ടു ആളുകളെ ശ്രദ്ധിച്ചോ അവരുടെ കൈയ്യിലെ ആയുധം കുന്തമാണ് അങ്ങനെയെങ്കില്‍ രണ്ടു പടയാളികളായി അവരെ കാണാം ..വീടിന് കാവല്‍ നില്‍ക്കുന്ന പടയാളികള്‍ അല്ല അവര്‍ ..മറിച്ച് കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന പടയാളികളാണ് അതുകൊണ്ട് അത് വീടുമല്ല രാജകൊട്ടരമാണ്..പിന്നെ ഒരേപോലെയിരിക്കുന്ന ഈ മൃഗങ്ങള്‍ സിംഹമാണ് ..കൊട്ടാരത്തിന് അകത്തുള്ള സിംഹങ്ങളെ എവിടെയാണ് കാണുക ?..രാജാവിന്റെ സിംഹാസനം ..സിംഹാസനത്തിന്‍റെ മധ്യത്തിലെ വാള്‍ ഒന്നുകില്‍ രാജാവിനെ ആയിരിക്കണം സൂചിപ്പിക്കുന്നത് ..അല്ലെങ്കില്‍ അവിടെ ആയിരിക്കണം നമ്മള്‍ തേടുന്ന രക്തപവിഴവും കാരണം അതാണ് നമ്മുടെ അവസാനത്തെ ക്ലൂ ..അപ്പോ എങ്ങനെയാ പുറപ്പെടുകയല്ലേ അമ്മാവാ ? “ ചാര്‍ളി പോളിനോട് ചോദിച്ചു
പോളും സമന്യയും മുഖത്തോടുമുഖം നോക്കി
“അപ്പോ സമന്യ പറഞ്ഞുതന്ന എല്ലവിവരങ്ങള്‍ക്കും വളരെ നന്ദി ..ഞങ്ങള്‍ ഇറങ്ങുകയാണ് “മേശപ്പുറത്തിരുന്ന മാപ് മടക്കി സമന്യയെ നോക്കികൊണ്ട്‌ പോള്‍ പറഞ്ഞു
“പോകട്ടെ ..”ചാര്‍ളിയും അവളോട്‌ യാത്രപറഞ്ഞു .
“ഉറപ്പാണോ നിങ്ങള്‍ക്ക് രക്തപവിഴം എടുക്കാന്‍ സാധിക്കുമോ ? “ അവള്‍ പോളിനെ നോക്കി ചോദിച്ചു .ചാര്‍ളി പോളിനെ നോക്കി
“എനിയ്ക്ക് തോന്നുന്നത് നിങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ..ഒരു പക്ഷേ നിങ്ങള്‍ക്ക് അത് കണ്ടെത്താനാവും പക്ഷെ അതില്‍ സ്പര്‍ശിക്കാനാവില്ല “ അവള്‍ ചിരിച്ചുകൊണ്ട് ചാര്‍ളിയോട് പറഞ്ഞു.എന്തോ ആലോചിച്ചശേഷം ചാര്‍ളി പോളിനെ നോക്കികൊണ്ട്‌ പറഞ്ഞു
“യെസ് അമ്മാവാ ..കന്യകമാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അതില്‍ സ്പര്‍ശിക്കാന്‍ ആവില്ലല്ലോ ..അതല്ലാതെ ആര് സ്പര്‍ശിച്ചാലും കരിനാഗത്തിന്‍റെ വിഷം കൊണ്ട് മരിക്കുമെന്നല്ലേ “
“അതെ ..കന്യകയല്ലാതെ വേറെയാരും സ്പര്‍ശിച്ചാല്‍ വിഷം തീണ്ടി മരിയ്ക്കും ..അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു കന്യകയെ ആവശ്യമാണ് “ സമന്യ ചാര്‍ളിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“മം ..അമ്മാവാ നമ്മുടെ വണ്ടിയ്ക്ക് അകത്ത് ഒരാള്‍ക്ക് കൂടെ കയറാനുള്ള സ്ഥലമുണ്ടാകില്ലേ ? “ ചാര്‍ളിയുടെ ചോദ്യത്തിന് പോള്‍ ഉണ്ടെന്ന് തലയാട്ടി
“പോരുന്നോ ഞങ്ങളുടെ കൂടെ “ ഒരു സിനിമ ഡയലോഗ് പോലെ ചാര്‍ളി അവളോട്‌ ചോദിച്ചു
--------------------------------
പോളിന്‍റെ വീട്
രക്തപവിഴം തേടിയുള്ള അവരുടെ അടുത്ത ഘട്ടത്തിന്‍റെ തയ്യാറെടുപ്പായിരുന്നു പോളിന്‍റെ വീട്ടില്‍ നടന്നുകൊണ്ടിരുന്നത്
മേശപ്പുറത്തായി രക്തപവിഴത്തിന്റെ മാപിനോപ്പം മറ്റൊരു മാപും നിവര്‍ത്തി വെച്ചുകൊണ്ട് ചാര്‍ളി അതിലേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. സമന്യയും പോളും അവന്‍റെ വശങ്ങളിലായി നിന്നുകൊണ്ട് ചാര്‍ളി നോക്കുന്നതുപോലെ മാപിലെയ്ക്ക് നോക്കിനിന്നു
“നമ്മുക്ക് തുടങ്ങേണ്ടത് ദ്വാരകയില്‍ നിന്നാണ് പക്ഷേ പ്രശ്നം എന്തെന്ന് വെച്ചാല്‍ ആറില്‍ കൂടുതല്‍ തവണദ്വാരക സമുദ്രത്താല്‍ നശിക്കപ്പെട്ടിട്ടുണ്ട് ഇന്ന് കാണുന്ന ദ്വാരകയാണെങ്കില്‍ ഏഴാമത്തെ പട്ടണമാണ് ..മാപില്‍ പറയുന്ന ദ്വാരക എന്നത് കൃഷ്ണഭഗവാന്‍ പണികഴിപ്പിച്ച ദ്വാരകയെ കുറിച്ചാണ് ..മഹാഭാരതം കഥാപ്രകാരം കൃഷ്ണഭഗവാന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം കടലില്‍ മുങ്ങിപോയെന്നാണ് പറയുന്നത് “
“അതെ ..അതിന്‍റെ അവശിഷ്ടങ്ങളാണ് പിന്നീട് രണ്ടായിരത്തിയോന്നില്‍ കണ്ടെത്തിയത്..ഇപ്പോഴും അതിന്‍റെ റീസെര്‍ച്ച്‌ നടക്കുന്നുണ്ട് അവിടെ “ സമന്യ ചാര്‍ളിയോട് പറഞ്ഞു
“പുരാതന ദ്വാരക ഇപ്പോ വെള്ളത്തിന്‌ അടിയിലാണ് ..നമ്മുക്ക് തുടങ്ങേടത് അവിടെ നിന്നാണ് “
“അങ്ങനെയെങ്കില്‍ കടലിനടിയില്‍ പടിഞ്ഞാറ് മാറി അഞ്ച് പകലുകള്‍ നാല് രാത്രി ദൂരം കണ്ടെത്തുക എന്നത് അസാധ്യമാണ് ചാര്‍ളി “ പോള്‍ ചാര്‍ളിയോട് പറഞ്ഞു
“അതെ അമ്മാവാ ..കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചതിനെക്കാള്‍ കോംപ്ലിക്കേറ്റഡാണ്..അറബിക്കടലിലുള്ള ഉള്‍ക്കടല്‍ ആണ് ഘാംബട്ട് ഉള്‍ക്കടല്‍ ..സമന്യ പറഞ്ഞ പ്രകാരം ഇവിടെ ആയിരിക്കണം പുരാതന ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ..ഇതിന്‍റെ ഒരു കിലോമീറ്റര്‍ ഡയമീറ്റര്‍ ദൂരത്തിലായിരിക്കണം പുരാതന ദ്വാരക നിലന്നിരുന്നത് “ മാപിലെ അറബിക്കടല്‍ എന്ന് എഴുതിയിരിക്കന്ന ഭാഗത്തായി പെന്‍സില്‍ കൊണ്ട് മാര്‍ക്ക്‌ ചെയ്ത ശേഷം പോളിനോടും സമന്യയോടുമായി ചാര്‍ളി പറഞ്ഞു .ചാര്‍ളി ആ മാര്‍ക്കില്‍ കൈവിരല്‍ വെച്ചുകൊണ്ട് തുടര്‍ന്നു
“ഈ ചുറ്റളവില്‍ നിന്ന് പടിഞ്ഞാറു ഭാഗത്തേയ്ക്കായി നമ്മള്‍ നീങ്ങണം അതും അഞ്ച് പകലുകളും നാല് രാത്രികളും “
“പക്ഷേ ചാര്‍ളി ഈ കടലിനടിയിലെ അഞ്ച് പകലുകളും നാല് രാത്രികളും എങ്ങനെ അളക്കാനാവും നമ്മുക്ക് “പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അത് ഈസിയാണ് അഞ്ച് പകലുകളും നാല് രാത്രിയും എന്ന് പറയുന്നത് നാല് ദിവസവും ഒരു പകലുമാണ് ..ഒരു ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒരു പകലില്‍ പന്ത്രണ്ട് മണിക്കൂറുകള്‍ ..ഇരുപത്തിനാല് ഇന്റ്റ്യൂ നാല് പ്ലസ്‌ പന്ത്രണ്ട് മണിക്കൂര്‍ ഈക്വൽ നൂറ്റിയെട്ട് മണിക്കൂര്‍..ഒരു ശരാശരി മനുഷ്യന് നടക്കാനാവുന്ന നടത്തത്തിന്റെ വേഗത ഫൈവ് കിലോമീറ്റര്‍ പെര്‍ അവര്‍ ..സൊ ഡിസ്റ്റൻസ് ഈക്വൽ സ്പീഡ് ഇന്റ്റ്യൂ ടൈം ..നൂറ്റിയെട്ട് ഇന്റ്റ്യൂ അഞ്ച് അഞ്ഞൂറ്റിനാല്പത് കിലോമീറ്റര്‍ ..ഒന്നൂടെ ക്ലിയര്‍ ആയി പറഞ്ഞാല്‍ ദ്വാരകയില്‍ നിന്ന് അഞ്ഞൂറ്റിനാല്പത് കിലോമീറ്റര്‍ ദൂരം പടിഞ്ഞാറ് നീങ്ങണം ..അതായത് ഇവിടെ നിന്ന് മുന്നൂറ്‌ നോട്ടിക്കല്‍ മൈല്‍ ദൂരം “ മാപില്‍ മറ്റൊരിടത്തായി പെന്‍സില്‍ കൊണ്ട് മാര്‍ക്ക്‌ ചെയ്ത ശേഷം ചാര്‍ളി പറഞ്ഞു
“പക്ഷേ ചാര്‍ളി പകലുകളുടെയും രാത്രികളുടെയും കണക്ക് ശരിയെന്ന് തോന്നുന്നില്ല ..ക്രിസ്തു വര്‍ഷത്തിലാണ് ഇരുപത്തിനാല് മണിക്കൂര്‍ ക്ലോക്ക് കണ്ടെത്തുന്നത് ..അതുപോലെതന്നെ നവീനശിലയുഗത്തിലെ പ്രധാന കണ്ടുപിടുത്തമായ ചക്രം ..ചക്രം കൊണ്ടുള്ള വാഹങ്ങള്‍ അന്ന് ഉണ്ടായിരുന്നു ..ചക്രം ദൂരം എന്ന തടസ്സത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ് ..അഞ്ച് പകലുകളും നാല് രാത്രികള്‍ എന്നതും എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നമ്മുക്ക് അറിയില്ല ..ചക്രം കൊണ്ടുള്ള വാഹങ്ങള്‍ ആണെങ്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ എന്നുള്ളത് മറ്റെണ്ടാതായി വരും ... അതുപോലെ ഒരാളുടെ നടത്തത്തിന്റെ വേഗത അഞ്ച് കിലോമീറ്റര്‍ പെര്‍ അവര്‍ എന്ന് പറയുന്നതിലും വ്യതിയാനം ഉണ്ടാവാം ..നടത്തത്തിന്റെ വേഗത നടക്കുന്നയാളുടെ ഉയരം ,ഭാരം ,നടക്കുന്ന പ്രതലം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് “
“അതെ ..ഞാന്‍ അതിലേയ്ക്ക് വരുകയായിരുന്നു സമന്യ..ദ്വാരകയില്‍ നിന്ന് പടിഞ്ഞാറ് മാറി മുന്നൂറ് നോട്ടിക്കല്‍ മൈല്‍ എന്നത് കൃത്യമായ ഒരു കോർഡിനേറ്റ് അല്ല ..ഈ കാണുന്ന സ്ഥലത്ത് നിന്ന് “ മാപിലെ മാര്‍ക്കില്‍ കൈവിരല്‍ വെച്ചുകൊണ്ട് ചാര്‍ളി തുടര്‍ന്നു
“ഈ കാണുന്ന സ്ഥലത്ത് നിന്ന് പത്തുകിലോമീറ്റര്‍ ഡയമീറ്റര്‍ ദൂരം അളവില്‍ നമ്മുക്ക് തിരയാം ..സമന്യ പറഞ്ഞ ദൂരത്തിന്റെ എല്ലാ വ്യതിയാനങ്ങളും ഈ പത്തുകിലോമീറ്റര്‍ ദൂരത്തില്‍പ്പെടും ..അതായത് ഈ പോയിന്റിന്‍റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ നമ്മുക്ക് തിരയണം ..തകര്‍ന്ന രാജകൊട്ടരവും രാജാവിന്റെ സിംഹാസനവും നമ്മുക്ക് കണ്ടെത്തണം “ പോളും സമന്യയും മാപിലേയ്ക്ക് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല
“പക്ഷേ അത് അത്രേ ഈസി ആയിരിക്കില്ല ചാര്‍ളി ..കോസ്റ്റ് ഗാര്‍ഡ്സിന്‍റെ കണ്ണുവെട്ടിച്ച്‌ അത്രയും ആഴത്തില്‍ തിരയുക എന്നത് അല്പം റിസ്ക് ആണ് ..എന്തെങ്കിലും സംശയം അവര്‍ക്ക് തോന്നിയാല്‍ ,പ്രത്യേകിച്ച് ചാര്‍ളിയുടെ ക്രിമിനല്‍ പശ്ചാത്തലം...മാത്രമല്ല നല്ല അടിയൊഴുക്കുള്ളതാണ് അറബിക്കടലിന്റെ ഭാഗമായ ഘാംബട്ട് ഉള്‍ക്കടല്‍ “ പോള്‍ ചാര്‍ളിയെ ഓര്‍മ്മിപ്പിക്കും പോലെ പറഞ്ഞു
“ശരിയാണ് അമ്മാവാ അല്പം റിസ്ക്‌ തന്നെയാണ്..ജോര്‍ദ്ദനെ സാലിയേറിയില്‍ നിന്ന് നമ്മുക്ക് രക്ഷിക്കണ്ടേ ? അതിന് ഇതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ല അമ്മാവാ “ ചാര്‍ളി തുടര്‍ന്നു
“സമന്യയ്ക്ക് നീന്താന്‍ അറിയുമോ ? “ ചാര്‍ളി സമന്യയോട് ചോദിച്ചു .അവള്‍ അറിയുമെന്ന് തലയാട്ടി
--------------------------------
ഘാംബട്ട് ഉള്‍ക്കടല്‍ ,അറബിക്കടല്‍
പിറ്റേന്ന് തന്നെ അവര്‍ രക്തപവിഴം തേടിയുള്ള അവരുടെ യാത്ര ആരംഭിച്ചിരുന്നു.ചാര്‍ളിയുടെ ഒരു പഴയ ചങ്ങാതി വഴി ഒരു ബോട്ട് സങ്കടിപ്പിച്ചു കൊണ്ട് മാപിലെ സ്ഥലം ലക്ഷ്യമാക്കി അവര്‍ പുറപ്പെട്ടു
“അമ്മാവാ കോർഡിനേറ്റ് 22.23°W 68.97 °W ആന്‍ഡ്‌ 300 നോട്സ് സെറ്റ് ചെയ്യ്‌തോള്ളൂ “ ബോട്ട് ഓടിച്ചുകൊണ്ടിരുന്ന പോളിനോടായി ചാര്‍ളി പറഞ്ഞു
“സമന്യ ഭയം തോന്നുന്നുണ്ടോ ? “ബോട്ടില്‍ നിന്ന് വെള്ളത്തിലേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്ന സമന്യയോട് ചാര്‍ളി ചോദിച്ചു
“ഇല്ല ചാര്‍ളി ..ഒരു പക്ഷേ പറഞ്ഞാല്‍ ചാര്‍ളി വിശ്വസിക്കില്ല ഒരു ആര്‍ക്കിയോളജിസ്റ്റ് ആവാനുള്ള എന്‍റെ ഇൻസ്പിറേഷൻ എന്തായിരുന്നു എന്നറിയാമോ ? “സമന്യ ചാര്‍ളിയോട് ചോദിച്ചു.ചാര്‍ളി അവളുടെ മുഖത്തേക്ക് നോക്കി നിന്നു
“ഇന്‍ഡ്യാനാ ജോണ്‍സ് “
“ഹാരിസണ്‍ ഫോര്‍ഡിന്റെ ഇന്‍ഡ്യാനാ ജോണ്‍സ് ? “ചാര്‍ളി ചിരിച്ചുകൊണ്ട് ചോദിച്ചു
“അതെ കുട്ടിക്കാലത്ത് ആ ചിത്രം കാണുമ്പോഴോക്കെ വലുതാകുമ്പോള്‍ ഇന്‍ഡിയെ പോലെ ആകണമെന്നായിരുന്നു ആഗ്രഹം “
“ഇപ്പോ ആ ആഗ്രഹം സാധിച്ചില്ലേ ? “
“മം ..അല്ല അങ്കിള്‍ പറയുന്നതുകേട്ടു ചാര്‍ളിയുടെ ക്രിമിനല്‍ പശ്ചാത്തലം എന്നൊക്കെ ? “ സമന്യ ചോദ്യം മുഴുവനാക്കാതെ ചോദിച്ചു
“ഓ അതോ ഞാന്‍ കുറച്ചുനാള്‍ ജയിലില്‍ ആയിരുന്നു ..അപ്പനായി വരുത്തിവെച്ച കടബാധ്യതകള്‍ തീര്‍ക്കാനായി വീടിന്‍റെ ആധാരം ബാങ്കില്‍ വെക്കേണ്ടി വന്നിരുന്നു..കിട്ടുന്ന വരുമാനം ബാങ്കിന്‍റെ തവണകള്‍ അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്കുകാര്‍ ജപ്തി നോട്ടിസുമായി ഒരിക്കല്‍ വീട്ടില്‍ വന്നു..എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കുന്നതില്‍ മിടുക്കനായിരുന്നു അപ്പന്‍ ..വീട് തിരിച്ചുപിടിക്കാന്‍ അപ്പന്‍റെ പണി ചെയ്യാന്‍ തീരുമാനിച്ചു ..പട്ട്യാല രാജാവിന്‍റെ നഷ്ടപ്പെട്ട നെക്ലസ് കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന തുക പാരിതോഷികം നല്‍കുന്നുണ്ടെന്ന് എന്‍റെ അനിയന്‍ ജോര്‍ദ്ദന്‍റെ ഒരു ചങ്ങാതി വഴി അറിഞ്ഞു..ജോര്‍ദ്ദന്‍ വഴി നഷ്ടപ്പെട്ട പോയ നെക്ലേസിന്‍റെ രൂപ രേഖ ലഭിച്ചു..ഞാന്‍ അതിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കാന്‍ തീരുമാനിച്ചു ..പക്ഷേ അപ്പന്‍റെ അത്ര കഴിവ് മക്കള്‍ക്ക് കിട്ടിയിലെന്ന് വേണം പറയാന്‍ ..ടെസ്റ്റിംങ്ങില്‍ നെക്ലേസ് ഒറിജിനല്‍ അല്ലെന്ന് തെളിഞ്ഞു ..സര്‍ക്കാരിനെ ചീറ്റ് ചെയ്തെന്ന് പറഞ്ഞുകൊണ്ട് അവര്‍ എനിയ്ക്ക് എതിരെ വഞ്ചനകുറ്റത്തിന് കേസെടുത്തു ..എനിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നു “ ചാര്‍ളി പറഞ്ഞു അവസാനിപ്പിച്ചു
“ചാര്‍ളി ഈട്ടിഎ(ETA)..രണ്ട് മിനിറ്റ് ..ഗെറ്റ് റെഡി “ പോള്‍ ചാര്‍ളിയോട് പറഞ്ഞു
“സമന്യ രണ്ട് മിനിറ്റിനുള്ളില്‍ നമ്മള്‍ സ്ഥലത്തെത്തും ..ഈ സ്യൂട്ട് ധരിച്ചോള്ളൂ ഇതിലെ വയര്‍ലെസ്സ് മൈക്കിലൂടെ വെള്ളത്തിന്‍റെ അടിയില്‍ നമ്മുക്ക് പരസ്പരം സംസാരിക്കാന്‍ കഴിയും..അതുപോലെ ഈ ഓക്സിജന്‍ സിലിണ്ടര്‍ വഴി ഓക്സിജനും ലഭിക്കും “ സ്യൂട്ട് സമന്യയ്ക്ക് നല്‍കിക്കൊണ്ട് ചാര്‍ളി പറഞ്ഞു .അവള്‍ ചാര്‍ളിയെ ഒരു നിമിഷം നോക്കി നിന്നു
“ഹേയ് പേടിക്കേണ്ട ..ഞാനില്ലേ ? “ അവളുടെ കൈകള്‍ പിടിച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു
“സ്ഥലമെത്തി ചാര്‍ളി “ബോട്ടിന്‍റെ എഞ്ചിന്‍ നിറുത്തിയ ശേഷം പോള്‍ ചാര്‍ളിയോട് പറഞ്ഞു
“അമ്മാവാ ..ഞങ്ങള്‍ റെഡിയാണ് ..ഈ വയര്‍ലെസ്സ് കൈയ്യില്‍ വെച്ചേയ്ക്ക് കോസ്റ്റ് ഗാര്‍ഡിന്‍റെ സാനിധ്യം ഉണ്ടായാല്‍ ഒന്ന് അറിയിച്ചേയ്ക്ക് “പോളിന്‍റെ കൈയ്യിലേയ്ക്ക് ഒരു വയര്‍ലെസ്സ്ടോക്കി നല്‍കികൊണ്ട് ചാര്‍ളി പറഞ്ഞു
“സമന്യ റെഡിയല്ലേ ? “ അവള്‍ റെഡിയെന്ന് തലയാട്ടി
“ത്രീ ..ടു ..വണ്‍ “ ചാര്‍ളി അത്രയും വെള്ളത്തിലേയ്ക്ക് എടുത്തുചാടി അതിന് പിന്നിലായി സമന്യയും കടലിന്‍റെ ആഴത്തിലേയ്ക്ക് ഊളയിട്ടു
(തുടരും )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo