നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഗ്നിപോലെ ,അസ്ത്രംപോലെ

അഗ്നിപോലെ ,അസ്ത്രംപോലെ
********************************
[വര്‍ഷം 2992.ഭീതി എന്തെന്നറിയാത്ത യന്ത്രമനുഷ്യര്‍ ലോകം കീഴടക്കി.മതങ്ങളുടെ പ്രസക്തി നഷ്ടമായി.അവശേഷിച്ച മനുഷ്യര്‍ക്കിടയില്‍ ദുര്‍മന്ത്രവാദം വ്യാപിച്ചു.]
*********************************************************
ഓടിട്ട ,വെളുത്ത കുമ്മായം പൂശിയ ഒരു ചെറിയ പള്ളിയായിരുന്നു അത്.പള്ളിയുടെ അരികിലെ വിശാലമായി നീണ്ടുകിടക്കുന്ന കറുത്തപാറകള്‍ ഉച്ചനേരത്തെ വെയിലില്‍ ചുട്ടുപഴുത്തു.പള്ളിക്കരികിലെ വരണ്ടുകിടക്കുന്ന വിജനമായ കുന്നുകള്‍ മുഴുവന്‍ ആ കറുത്തപാറകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു.നീണ്ടപാറ എന്ന ആ ഗ്രാമത്തിന്റെ പേര് തന്നെ ആ പാറക്കുന്നുകള്‍ മൂലം ലഭിച്ചതാണ് .
കുന്നുകള്‍ക്കിടയിലൂടെ പൊടിമൂടികിടന്ന ഒരു ചെമ്മണ്‍പാത പാത ഒരു ചോദ്യചിഹ്നത്തിന്റെ ആകൃതിയില്‍ പള്ളിയിലേക്ക് നീണ്ടുകിടന്നു.മേഘരഹിതമായ ചാരനിറം പൂണ്ട ആകാശത്തിന് കീഴില്‍ ,ഒരു കാറ്റ് പോലും വീശാത്ത പൊള്ളുന്ന ഉച്ചവെയിലില്‍ ,ആ ചെമ്മണ്‍പാതയുടെ അങ്ങേയറ്റത്ത്‌ എല്ല് ദേവസ്യയുടെ ശവം വഹിച്ചു കൊണ്ടുള്ള യാത്രയുടെ മുന്‍പിലെ കുരിശടയാളം പതിച്ച കറുത്തകൊടി പ്രത്യക്ഷപെട്ടു.
നഗരത്തില്‍നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന നീണ്ടപാറയുടെ അറ്റത്തെ ആ പള്ളിയില്‍ മാസത്തിലൊരിക്കല്‍ മാത്രമേ വൈദികര്‍ വന്നു കുര്‍ബാന ചൊല്ലാറുള്ളു .തരിശായിക്കിടക്കുന്ന ആ കുന്നുകള്‍ക്കിടയില്‍ വിരലില്‍ എണ്ണാവുന്നത്ര വീട്ടുകാരെ താമസമുള്ളു.ഒപ്പീസ് ചൊല്ലി ദേവസ്യയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാന്‍ വന്ന വൈദികന്‍ എങ്ങിനെയെങ്കിലും ആ ചടങ്ങ് ഒന്ന് തീര്‍ത്തിട്ട് പോയാല്‍ മതി എന്ന മട്ടിലായിരുന്നു.
എല്ല് ദേവസ്യയുടെ ഭാര്യ റോസ,മകന്‍ മെല്‍വിന്‍ ,പിന്നെ ഏതാനും ചില അയല്‍ക്കാരും മാത്രമേ അടക്കിനു വന്നുള്ളൂ.മെല്‍വിന്റെ മുഖം നിര്‍വികാരമായിരുന്നു.ബാക്കിയുള്ളവരുടെ മുഖത്ത് ഭീതിയും.
പള്ളിയുടെ പുറകിലായിരുന്നു സെമിത്തേരി.അതിന്റെ കല്ല്‌ കെട്ടിയ മതില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.കാടും പടലവും വളര്‍ന്നു കയറിയ സെമിത്തേരിയില്‍ കള്ളിമുള്‍ച്ചെടികള്‍ വളര്‍ന്നുനിന്നിരുന്നു.കുഴിമാടങ്ങള്‍ പലതും തകര്‍ന്നതാണ്.സെമിത്തേരിയുടെ നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന തടിക്കുരിശില്‍ പച്ച നിറമുള്ള പൂപ്പല്‍ പടര്‍ന്നു കയറി നിറംമങ്ങിയിരിക്കുന്നു.അതിന്റെ മുന്‍പിലെ വിളക്കുകാലില്‍ ഒരു കറുത്ത മെഴുകുതിരിയുടെ ബാക്കി ഉരുകിയിരിക്കുന്നുണ്ടായിരുന്നു.
തകര്‍ന്നുകിടക്കുന്ന സെമിത്തേരി മതിലിനു വെളിയില്‍ ഇലകള്‍ കൊഴിഞ്ഞു ഉണങ്ങിനില്‍ക്കുന്ന ഒറ്റമരത്തിന്റെ ശിഖരങ്ങളില്‍ ഇരുന്നു കാക്കകള്‍ കലപിലകൂട്ടി.
പള്ളിയിലെ ചടങ്ങിനുശേഷം ശവം അവസാനപ്രാര്‍ത്ഥനകള്‍ക്കായി ശവക്കോട്ടയിലേക്ക് എടുക്കപ്പെട്ടു.പൊടുന്നനെ പൊടിപറത്തിക്കൊണ്ട് ഒരു സിലിണ്ടര്‍ ആകൃതിയില്‍ ഉള്ള സ്റ്റീല്‍വാഹനം സെമിത്തേരിയുടെ മുന്‍പില്‍ പറന്നിറങ്ങി.അതില്‍ നിന്ന് ഒരു യന്ത്രമനുഷ്യന്‍ പുറത്തിറങ്ങി.
നീലനിറമുള്ള കണ്ണുകള്‍.വെളുത്തമുടി.ഒരിക്കലും നശിക്കാത്ത സ്റ്റീല്‍ ചര്‍മ്മം.
റോബോട്ടിന്റെ വരവ് കണ്ട് വൈദികന്‍ ഒന്ന് വിക്കി.ശവത്തിനു ചുറ്റും നിന്നവരുടെ മുഖത്ത് ഭയത്തിന്റെ നിഴലുകള്‍ വീണു.
“നിങ്ങള്‍ പേടിക്കണ്ട.നിങ്ങളുടെ ആചാരങ്ങള്‍ നടക്കട്ടെ.ദേവസി മനുഷ്യന്റെയും യന്ത്രങ്ങളുടെയും ശത്രുവായിരുന്നു.യന്ത്രങ്ങള്‍ നീതിയുള്ളവരാണ്.” ഇടിമുഴങ്ങുന്ന സ്വരത്തില്‍ യന്ത്രം പറഞ്ഞു.
പറയുന്നതിനിടയില്‍ അതിന്റെ മുടി കാറ്റില്‍ പറന്നു.കോടിക്കണക്കിന് നാനോ ആന്റിനകള്‍ ഒളിഞ്ഞിരിക്കുന്ന ആ വെളുത്ത മുടിച്ചുരുളുകള്‍ക്ക് സമീപം നില്‍ക്കുന്ന മനുഷ്യരുടെ ചിന്തകള്‍ റെക്കോഡ് ചെയ്യാന്‍ ശക്തിയുണ്ട് എന്നാണ് മനുഷ്യര്‍ക്കിടയില്‍ പറയപ്പെടുന്നത്.അതില്‍ എത്ര സത്യമുണ്ടെന്ന് ആര്‍ക്കും അറിയില്ല.
“ഇനി അന്ത്യചുംബനം നല്‍കാനുള്ളവര്‍ക്ക് നല്‍കാം.”വൈദികന്‍ പറഞ്ഞു.
ആരും മുന്‍പോട്ടു വന്നില്ല.
റോസ മകനെ നോക്കി.
“എനിക്ക് കഴിയില്ല .”മെല്‍വിന്‍ പിറുപിറുത്തു.
“ആ യന്ത്രത്തിന് സംശയം തോന്നും.തോന്നിയാല്‍ നാമെല്ലാം മരിക്കും.”റോസി പറഞ്ഞു.
മെല്‍വിന്‍ മനസ്സില്ലാമനസ്സോടെ അപ്പന്റെ ശവത്തിനരികിലേക്ക് നടന്നു.അറപ്പും വെറുപ്പും തോന്നിയെങ്കിലും അവനു ആശ്വാസമുണ്ടായിരുന്നു.പീഡനങ്ങള്‍ക്ക് ഒരു അറുതിയായല്ലോ.ഉറക്കത്തിലാണ് ദേവസി മരിച്ചത്.
എല്ല് ദേവസി.
കുഴിമാടങ്ങളിലെ മണ്ണ് കൊണ്ടും ശവങ്ങളുടെ നഖങ്ങളും ,എല്ലും കൊണ്ട് ദുര്‍മന്ത്രവാദം ചെയ്തു ശക്തനായ ക്രൂരന്‍.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സാത്താന്‍ ആരാധരായിരുന്നു അയാളുടെ പൂര്‍വികര്‍.
എങ്കിലും ദുര്‍മന്ത്രവാദത്തിനു യന്ത്രങ്ങളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.യന്ത്രങ്ങള്‍ക്ക് ദുര്‍മന്ത്രവാദത്തിനെയും.ആണവയുദ്ധങ്ങള്‍ക്കൊണ്ടും ,യന്ത്രങ്ങളും മനുഷ്യരുമായ യുദ്ധങ്ങള്‍ മൂലവും ലോകം മരുഭൂമിക്ക് സമമായി.നഗരങ്ങളില്‍ നിന്ന് പച്ചപ്പ്‌ പിന്‍വാങ്ങി.നഗരങ്ങളില്‍നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലെ ചില തുരുത്തുകളില്‍ പച്ചപ്പ്‌ അവശേഷിച്ചു.അത്തരം ഒരു സ്ഥലമായിരുന്നു നീണ്ടപാറ.
എന്നാല്‍ അവശേഷിച്ചവരില്‍ തിന്മ മൂത്ത മനുഷ്യര്‍ തങ്ങളുടെ ലാഭത്തിനു വേണ്ടി,തങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കുവാന്‍ നീണ്ടപാറയില്‍ വന്നു.ദേവസിയുടെ കഠിനമായ ദുര്‍മന്ത്രവാദം നീണ്ടപാറയെ ഉണക്കി.കുറച്ചുപേര്‍ രക്ഷപെട്ടു.ബാക്കിയുള്ളവര്‍ അയാളെ ഭയന്ന് കഴിഞ്ഞു.അയാളെ ഇല്ലാതാക്കുവാന്‍ യന്ത്രങ്ങള്‍ ശ്രമിച്ചു.എന്നാല്‍ അദൃശ്യനാകാനും രൂപം മാറാനും ശക്തിയുള്ള അയാളെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ദേവസി ഭാര്യ റോസിയെ ക്രൂരമായി പീഡിപ്പിച്ചു.മെല്‍വിനെയും.തന്നെപോലെ ദുര്‍മന്ത്രവാദം പഠിക്കാന്‍ വിസമ്മതിച്ചത് കൊണ്ടാണ് അയാള്‍ അവരെ ക്രൂരമായി പീഡിപ്പിച്ചത്.മെല്‍വിന് ഒരു മൂത്ത സഹോദരന്‍ ഉണ്ടായിരുന്നു.കൂടുതല്‍ പൈശാചികശക്തി ലഭിക്കാന്‍ അയാള്‍ അവനെ ബലികൊടുത്തു.പിന്നെ അവന്റെ ശരീരത്തിലെ മാംസം വറുത്തു ഭാര്യയേയും ഇളയസഹോദരനെയും തീറ്റിച്ചു.
യന്ത്രമനുഷ്യന്റെ നോട്ടം തന്റെ പുറകില്‍ ഉണ്ടെന്നു മെല്‍വിന് തോന്നി.അവന്‍ ചുണ്ടുകള്‍ ദേവസിയുടെ നെറ്റിയില്‍ മുട്ടിച്ചു.ഐസുകട്ട പോലെ തണുത്ത നെറ്റിയില്‍ നിന്ന് ഒരു വെളുത്ത മിന്നല്‍പോലെ തണുപ്പ് അവന്റെ ദേഹത്ത് പടര്‍ന്നു.അവന്‍ ദേവസിയുടെ ശബ്ദം കേട്ടു.
“ആറാം നാള്‍ രാത്രി ,നീയും അമ്മയും ഓര്‍മ്മിച്ചോ..”
അവന്‍ ദേവസിയുടെ മുഖത്ത് നോക്കി.ആ കണ്ണുകളും ചുണ്ടുകളും അടഞ്ഞാണിരിക്കുന്നത്.തലയുയര്‍ത്തി നോക്കിയപ്പോള്‍ കറുത്ത റോസാപ്പൂക്കള്‍ കൊണ്ടലങ്കരിച്ച ശവമഞ്ചത്തിന്റെ തലക്കല്‍ ഒരു രൂപം നില്‍ക്കുന്നത് കണ്ടു.
കറുത്ത ളോഹയണിഞ്ഞ ആ രൂപത്തിന് മാംസ അഴുകിയ മുഖമായിരുന്നു.ശിരസ്സില്‍ ചെറിയ കറുത്ത കൊമ്പുകള്‍.അത് മെല്‍വിനെനോക്കി ചിരിച്ചു.കിറിയുടെ അറ്റത്തുനിന്ന് കറുത്തചോര അഴുകിയ താടിയിലേക്ക് ഒഴുകിയിറങ്ങി.പിന്നെ ആ രൂപം മറഞ്ഞു.
അവന്‍ ആന്തലോടെ പുറകോട്ടുമാറി റോസിയുടെ അരികില്‍ചെന്നുനിന്നു.അവര്‍ മകനെ ചേര്‍ത്ത് പിടിച്ചു.അവന്റെ നെഞ്ചിടിക്കുന്നത് റോസി അറിഞ്ഞു.
ശവസംസ്ക്കാരം കഴിഞ്ഞു തിരികെനടക്കുമ്പോള്‍ മെല്‍വിന്‍ പറഞ്ഞു.
“ഞാന്‍,ഞാന്‍ ..”അവന്‍ പറയാന്‍ തുടങ്ങി.
റോസി കൈയുയര്‍ത്തി അവനെ തടഞ്ഞു.
“ഞാനും കണ്ടു ആ രൂപത്തിനെ.നമ്മുടെ ഭയം രൂപം പ്രാപിച്ചതാണ് നാം കണ്ടത്.”
റോസി മകന്റെ പേടികൊണ്ട് മരവിച്ച കൈവിരലുകളില്‍ തലോടി.
“ഭയം അഗ്നിപോലെയാണ്.അത് പെട്ടെന്ന് പടര്‍ന്നുപിടിക്കും.നമ്മുടെ ഭയം നമ്മുക്കിടയില്‍ തല്ലിക്കെടുത്തണം.വിജനമായ ഈ കുന്നുകളില്‍ അവശേഷിക്കുന്ന മറ്റ് മനുഷ്യരെ നാം ആ തീയില്‍ നിന്ന് രക്ഷിക്കണം.”
അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മെല്‍വിന്‍ ചോദിച്ചു.
“അപ്പന്‍ തിരികെ വരുമോ ?”
റോസി ഒന്നും മിണ്ടിയില്ല.
ഒരിക്കല്‍ മദ്യപിച്ചു ഉന്മത്തനായി ഭാര്യയെ അയാള്‍ മകന്റെ മുന്‍പില്‍ വച്ച് കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു.ഭൂമി വന്നു മൂടട്ടെ എന്ന് റോസി ചിന്തിച്ച നിമിഷങ്ങള്‍.
“നീ ഒരിക്കലെങ്കിലും മരിക്കും ദുഷ്ടാ..ഒരിക്കലും തീരാത്ത നരകത്തിലെ പുഴുക്കള്‍ കാലമുള്ളിടത്തോളം കാലം നിന്നെ നശിപ്പിക്കും.”അവള്‍ ശപിച്ചു.
അവളുടെ ശരീരത്തില്‍ നിന്ന് എഴുന്നേറ്റ് അയാള്‍ തമാശ കേട്ടത് പോലെ ചിരിച്ചു.
“ഞാന്‍ മരിക്കുമെടി കൂത്തിച്ചി.എല്ല് ദേവസി മരിക്കും.പക്ഷെ ആറാം നാള്‍ രാത്രി ഞാന്‍ വരും.”
അടക്കിന്റെ പിറ്റേന്ന് പുലര്‍ച്ചെ ദേവസിയുടെ കുഴിമാടത്തില്‍ ഒരു ചെടി മുളച്ചു.രാത്രിയായപ്പോള്‍ അതില്‍ ഒരു കറുത്ത ഇല പ്രത്യക്ഷപെട്ടു.
അതിനു പിറ്റേന്ന് മറ്റൊരു കറുത്ത ഇല കൂടി ഉണ്ടായി.
ആറാം നാള്‍ ആറിലകളും കൂര്‍ത്ത മുള്ളുകളും നിറഞ്ഞ കറുത്ത ചെടി ദേവസിയുടെ കുഴിമാടത്തില്‍ ഉയര്‍ന്നുനിന്നു.
രാത്രി വന്നു.ആറാംനാള്‍ രാത്രി.ഭൂമിയിലേക്ക് രാത്രിയുടെ കറുത്തപക്ഷികള്‍ ഇറങ്ങിവന്നു.പതിവില്‍ക്കൂടുതല്‍ തണുപ്പ് അന്തരീക്ഷത്തില്‍ പടര്‍ന്നു.റോസി വീടിന്റെ ജനലുകളും വാതിലുകളും നന്നായി അടച്ചു ഭദ്രമാക്കി. പിന്നെ ദേവസിയുടെ മന്ത്രവാദ ഗ്രന്ഥങ്ങള്‍ ഒരു മാറാപ്പില്‍ കെട്ടി.
“അമ്മേ,നമ്മുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ..?” മെല്‍വിന്‍ ചോദിച്ചു.
റോസി മെല്‍വിനെ ചേര്‍ത്ത് പിടിച്ചു.
മകന്‍ വല്ലാതെ ഭയന്നിരിക്കുന്നു.അമ്മക്ക് മനസ്സിലായി.
“ഭയം കടല്‍ പോലെയാണ് മെല്‍വിന്‍.ഭയന്നാല്‍ നാം ആഴിയുടെ നടുവില്‍പ്പെട്ട നാവികരെപോലെയാണ്.എങ്ങോട്ട് പോയാലും വെള്ളം.നാം എവിടെച്ചെന്നാലും ആഴി നമ്മെ മൂടും.അതില്‍നിന്ന് നമ്മുക്ക് രക്ഷയില്ല.”
“അപ്പോള്‍ നാം എന്ത് ചെയ്യും.?”അവന്‍ ചോദിച്ചു.
അതിനുള്ള മറുപടിയെന്നോണം ഒരു മഴയ്യുടെ ഇരമ്പല്‍ കേട്ടു.പിന്നെ കൊടുങ്കാറ്റിന്റെ ഹുങ്കാരവും.പുറത്തു മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദം.എല്ലായിടത്തും ഇരുട്ടാണ്‌.ആരോ നടന്നു വരുന്ന ശബ്ദം അവര്‍ കേട്ടു.
“അപ്പന്റെ പ്രേതം ..അപ്പന്‍ തിരിച്ചു വരികയാണ്.”
അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു.
ആ ശബ്ദം അടുത്ത് വന്നു.അടഞ്ഞ ജനാലഗ്ലാസിലൂടെ പുറത്തെ കൊടുംകാറ്റില്‍ ആടിയുലയുന്ന മരങ്ങള്‍ കാണാമായിരുന്നു.
ആരോ പുറത്തെ ഭിത്തിയില്‍ ഇടിക്കുന്നു.പിന്നെ വീടിനു ചുറ്റും ഓടിനടക്കുന്നു.
മെല്‍വിന്‍ ജനാലഗ്ലാസിലേക്ക് നോക്കി.ഒരു മിന്നായം പോലെ ദേവസിയുടെ മുഖം ജനാലയില്‍ പ്രത്യക്ഷപെട്ടു.പിന്നെ അത് മറഞ്ഞു.വാതിലില്‍ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടുതുടങ്ങി.
അവന്‍ നിലവിളിച്ചു.
“അമ്മ കൂടെയുണ്ട്.നീ പേടിക്കണ്ട.”റോസി പറഞ്ഞു.അവനെ മൂടിപ്പുതച്ചു കിടത്തിയിട്ട് അവര്‍ വാതില്‍ക്കലേക്ക് ഉറച്ച കാലടികളോടെ നടന്നു.പിന്നെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.അവരുടെ കയ്യില്‍ തുരുമ്പ് പിടിച്ച ഒരു വാക്കത്തിയും കുരിശുമുണ്ടായിരുന്നു.
മഴയുടെയും ഇടി വെട്ടുന്നതിന്റെയും ശബ്ദം കൂടി.മെല്‍വിന്‍ ഭയന്ന് പുതപ്പില്‍ മുഖമൊളിപ്പിച്ചു.
മരിച്ചാല്‍ മതിയായിരുന്നു.ഭയത്തെക്കാള്‍ നല്ലത് മരണമാണ്.പക്ഷെ ഭയം കടല്‍ പോലെയാണ്.അമ്മ പറഞ്ഞത് അവന്‍ ഓര്‍ത്തു.മരിച്ചാലും അത് നമ്മെ വിഴുങ്ങും.കടലില്‍പ്പെട്ടു പോയ നാവികരാണ് താനും അമ്മയും.
അനന്തമായ കടലില്‍ കൈകാലിട്ടടിച്ച്‌ നീന്തുന്ന ഒരു സ്വപ്നത്തിലേക്ക് മെല്‍വിന്‍ വഴുതിവീണു.പക്ഷെ അവനെ രക്ഷിക്കാന്‍ അമ്മ വരുന്നുണ്ട്.
“മോനേ..”അമ്മ വിളിക്കുന്നു.
വീണ്ടും അമ്മയുടെ ശബ്ദം.അവന്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ന്നു.
പുറത്തെ കാറ്റിന്റെ ശബ്ദം കുറഞ്ഞിരിക്കുന്നു.എല്ലാം ശാന്തമായിരിക്കുന്നു..അവന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
ജനാലക്കരികില്‍ അമ്മയുടെ മുഖം.അവന്‍ ഓടിച്ചെന്നു.
“നീ മുന്‍പ് ചോദിച്ചില്ലേ ,കടലില്‍പ്പെട്ടു പോയ നാവികര്‍ എന്ത് ചെയ്യുമെന്ന്.?”റോസി തളര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.
അവന്‍ തലയാട്ടി.
“അവര്‍ കപ്പലില്‍ കയറി രക്ഷപെടും.ഭയം കടലെങ്കില്‍ അറിവ് കപ്പലാണ്.” അവര്‍ പറഞ്ഞു.പിന്നെ മുറിയിലെ മൂലയില്‍ മാറാപ്പില്‍ കെട്ടിവച്ച ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിച്ചു.
“അറിവ് നമ്മുക്ക് ശക്തി പകരുന്നു.അത് ഭയത്തെ ഇല്ലാതാക്കുന്നു.ആ പുസ്തകങ്ങള്‍നിന്നുള്ള അറിവ് നിന്റെ അപ്പന്റെ ,എന്റെ ഭര്‍ത്താവിന്റെ ,ആ കൊലപാതകിയുടെ പ്രേതത്തെ നശിപ്പിക്കാന്‍ എന്നെ സഹായിച്ചു.ഇനിയൊരിക്കലും അത് നിന്നെ ഭയപ്പെടുത്തില്ല.പക്ഷെ എന്റെ സമയം കഴിഞ്ഞു മെല്‍വിന്‍.യന്ത്രങ്ങള്‍ എന്നെ ശിക്ഷിച്ചു.എന്നെ കൊന്ന യന്ത്രങ്ങളോട് നീ പ്രതികാരം ചെയൂ.ഇനി നിനക്കേ അത് കഴിയു.നിന്റെ നിയോഗം അതാണ്‌.”
അമ്മ മരിച്ചിരിക്കുന്നു.മഴവെള്ളം ഒലിച്ചിറങ്ങുന്ന ഈ ജനാലഗ്ലാസിന്റെ മറുഭാഗത്ത്‌ ,മറ്റൊരു ലോകത്ത് നിന്ന് അമ്മ തന്നോട് സംസാരിക്കുന്നു.
“അമ്മയെ എന്തിനു യന്ത്രങ്ങള്‍ കൊന്നു?”അവന്‍ ചോദിച്ചു.
“ദേവസി ഉറക്കത്തില്‍ മരിച്ചതല്ല.ഉറക്കത്തില്‍ അയാളുടെ ശക്തി നഷ്ടപ്പെടും എന്ന് അറിഞ്ഞത് കൊണ്ട് ഞാന്‍ അയാളുടെ കഴുത്ത് ഞെരിച്ചു കൊന്നതാണ്.അത് യന്ത്രങ്ങള്‍ അറിഞ്ഞിരിക്കുന്നു.”
അപ്പന്റെ ശവസംസ്ക്കാരത്തിനു വന്ന നീലക്കണ്ണുകള്‍ ഉള്ള യന്ത്രത്തിന്റെ കാറ്റില്‍ പറക്കുന്ന വെളുത്ത മുടി അവന്റെ മനസ്സില്‍ തെളിഞ്ഞു.
ജനാലയില്‍നിന്ന് അമ്മയുടെ മുഖം നിഴല്‍ മായുന്നത്പോലെ മാഞ്ഞു.അവന്‍ ഓടിച്ചെന്നു വാതില്‍ത്തുറന്നു.രക്തത്തില്‍ കുതിര്‍ന്ന റോസിയുടെ ശവം മഴ നനഞ്ഞു മുറ്റത്തു കിടക്കുന്നത് അവന്‍ കണ്ടു.അവന്‍ ഓടിച്ചെന്നു അമ്മയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ചു.
പിറ്റേന്ന് അവര്‍ റോസിയെ അടക്കം ചെയ്തു.ദേവസിയുടെ കുഴിമാടത്തില്‍ ഒരു കറുത്ത ചെടി വാടിക്കരിഞ്ഞു നില്‍ക്കുന്നത് അവന്‍ കണ്ടു.അതിന്റെ ചുവട്ടില്‍ രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.
അവശേഷിച്ച മനുഷ്യര്‍ മെല്‍വിന്റെ ചുറ്റിനുംകൂടി.
“ഞാന്‍ ഒരു യാത്ര പോവുകയാണ്.”അവന്‍ അവരോടു പറഞ്ഞു.
“നീ എങ്ങോട്ട് പോവുകയാണ് ?” അവര്‍ ചോദിച്ചു.
“ഭയത്തില്‍ നിന്നുള്ള മോചനം.ഭയം ഒരു അസ്ത്രമാണെങ്കില്‍ അറിവ് ഒരു പടച്ചട്ടയാണ്.ഞാന്‍ ആ പടച്ചട്ട നിര്‍മ്മിക്കാന്‍ പോവുന്നു.”അവന്‍ തോളിലെ മാറാപ്പ് ചൂണ്ടിക്കാട്ടി പറഞ്ഞു.
“അറിവ് ഇരുതലയുള്ള ആയുധമാണ്.നീ അത് സൂക്ഷിക്കണം.നമ്മുടെ അറിവില്‍ നിന്ന് നാം യന്ത്രങ്ങളെ സൃഷിച്ച് ഒടുവില്‍ അവര്‍ നമ്മെ അടിമകളാക്കിയത് പോലെ. മന്ത്രഗ്രന്ഥങ്ങളില്‍ നിന്നുള്ള അറിവ് ദേവസി തിന്മക്ക് ഉപയോഗിച്ചത് പോലെ.”കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്ന മനുഷ്യന്‍ പറഞ്ഞു.
“അറിവ് പോലെ ഭയവും ഇരുതലയുള്ള ആയുധമാണ്.യന്ത്രങ്ങളുടെ ശക്തി ഭയമില്ലായ്മയാണ്.അവരില്‍ ഭയം ജനിപ്പിക്കാനുള്ള അറിവ് നമ്മുക്കില്ല.അറിവുണ്ടെങ്കില്‍ ഭയവുമുണ്ട്.അങ്ങിനെയുള്ള അറിവ് കൊണ്ട് തന്നെ അമ്മ ,അപ്പനെ എന്നെന്നെക്കുമായ് നശിപ്പിച്ചു.അപ്പന്റെ ശരീരവും ആത്മാവും.അത് പോലെ ഞാനും യന്ത്രങ്ങളെ നശിപ്പിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു."
അവന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“ഞങ്ങള്‍ നിന്റെ ഒപ്പമുണ്ട്.ഇനി ഞങ്ങള്‍ ഭയക്കില്ല.” അവരില്‍ ഒരാള്‍ പറഞ്ഞു.
“ഇനി ഞങ്ങള്‍ ഭയക്കില്ല.”എല്ലാവരും അത് ഏറ്റുപറഞ്ഞു.
മെല്‍വിന്‍ റോസിയുടെ കുഴിമാടത്തില്‍ നിന്ന് ഒരു പിടി മണ്ണ് വാരി തന്റെ മാറാപ്പില്‍ നിക്ഷേപിച്ചു.പിന്നെ തിരിഞ്ഞുനോക്കാതെ അറിവിന്റെ മാറാപ്പും തോളിലെറ്റി തന്റെ യാത്രയിലേക്കുള്ള ആദ്യചുവട് വച്ചു.
ഭയത്തിനെതിരെ അവശേഷിച്ച മനുഷ്യരുടെ പടയൊരുക്കം അവിടെ ആരംഭിച്ചു.
(അവസാനിച്ചു)

Anish

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot