നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഷട്ടർ

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വണ്ടി ഓടിച്ച് പോകാൻ വളരെ രസമാണ്. മഴ ഇല്ലെങ്കിൽ പതിയെ കാറ്റേറ്റ് അങ്ങനെ പോകാം.പൊടി ശല്യങ്ങൾ, ട്രാഫിക്, ബ്ലോക്ക് തുടങ്ങിയവ ഇല്ല. പെട്ടെന്ന് മുൻപിൽ പ്രത്യക്ഷപ്പെടുന്ന ചെറുവണ്ടികൾ ഇല്ല, കാൽ നടയാത്രക്കാർ വളരെ കുറവ് അങ്ങനെയങ്ങനെ..
ചില പ്രശ്‌നങ്ങൾ ഇല്ലാതെയുമില്ല. ഇടയ്ക്ക് കൈ കാണിച്ച് നിർത്തിച്ച് ഊതിക്കുന്ന പോലീസുകാർ. ചിലപ്പോൾ അവർ അപ്രതീക്ഷിതമായി വണ്ടി നമ്പർ ചോദിക്കും. എത്ര നന്നായി അറിയാമെങ്കിലും അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ പെടും. ബുക്കും പേപ്പറും ഒന്നും സാധാരണ ചോദിക്കാറില്ല. മദ്യപിച്ചിട്ടില്ല എന്നറിയുമ്പോഴെ അവർ വിട്ടയയ്ക്കും.
മറ്റൊരു പ്രശ്‌നമാണ് വണ്ടിയ്ക്കുണ്ടാകുന്ന കേടുപാടുകൾ. പഞ്ചറാകുക, ഹെഡ് ലൈറ്റ് ഫ്യൂസ് ആകുക, ഗിയർ ഷിഫ്റ്റിംഗ് സ്പ്രിംഗ് പൊട്ടുക, ബ്രേക്, ആക്‌സിലറേറ്റർ, ക്ലച്ച് കേബിളുകൾ പൊട്ടുക എന്നിവയാണ് പ്രധാന കേടുപാടുകൾ.
ഒരു രാത്രി തിരികെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് പോകുന്ന വഴിയ്ക്ക് ഈപ്പറഞ്ഞ പോലെ ക്ലച്ച് കേബിൾ പൊട്ടിപ്പോയി. എതെങ്കിലും ഒരു ബ്രേക്ക് പോയാലോ ആക്‌സിലറേറ്റർ കേബിൾ പൊട്ടിയാലോ ഒക്കെ പരിഹാരമുണ്ട്. ഇതിന് ഒരു പരിഹാരവുമില്ല. എവിടെ വെച്ചാണോ പൊട്ടിയത് അവിടെ സൈഡാക്കുക. ബുള്ളറ്റ് ആയതു കൊണ്ട് ഒരടി പോലും തള്ളാനും സാധിക്കില്ല. പൊട്ടിയ സ്ഥലത്ത് തന്നെ പാർക്കിംഗ്.
അങ്ങനെ ഒരു ദിവസം ക്ലച്ച് കേബിൾ പൊട്ടിയിരിക്കുകയാണ്. സ്വാഭാവികമായ ടയർ മൂവ്‌മെന്റിൽ അൽപ ദൂരം പോയി. അവിടെ റോഡ് സൈഡിൽ വണ്ടി ഒതുക്കി എവിടെ പാർക്ക് ചെയ്യാനാവും എന്ന് ഞാൻ ചുറ്റും നോക്കി. പിന്നെ വണ്ടി സ്റ്റാന്റിലിട്ട് അവിടെ തുറന്നു കണ്ട ഒരു ചായക്കടയിൽ പോയി ഒരു ചായ കുടിച്ചു കൊണ്ട് കടക്കാരനോട് ചോദിച്ചു.
ചേട്ടാ.. വണ്ടിയുടെ ക്ലച്ച് കേബിൾ പൊട്ടിപ്പോയി. ഇവിടെ എവിടെയെങ്കിലും ഒന്ന് കയറ്റി വയ്ക്കാൻ സാധിക്കുമോ. സെയ്ഫായിട്ട്?
എവിടെയാ വണ്ടി വെച്ചേക്കണെ
ദോ അവിടെ. ഞാൻ വണ്ടി കാണിച്ചു കൊടുത്തു.
ഇവിടെ വരെ തള്ളിക്കൊണ്ടരാമെങ്കിൽ ഈ ഷട്ടറിന്റെ മുന്നിൽ വെച്ചോ..
അത്യധികം സന്തോഷത്തോടെ ഞാൻ വണ്ടി തള്ളി ചേട്ടൻ പറഞ്ഞ ഷട്ടറിന്റെ മുന്നിൽ കൊണ്ടു വെച്ചു.
പിന്നെ, ചായയുടെ കാശു കൊടുത്ത് വഴിയിൽ നിന്ന് വരുന്ന വണ്ടികൾക്ക് കൈ കാണിച്ചു തുടങ്ങി. ഒരുപാട് വണ്ടികൾ വന്നെങ്കിലും ആരും നിർത്തിയില്ല. കുറ്റം പറയാനാവില്ല. രാത്രി ഞാൻ ആണെങ്കിലും ആർക്കും ലിഫ്റ്റ് കൊടുക്കാറില്ല. ഒടുക്കം ഒരു റ്റാറ്റ എയ്‌സ് നിർത്തി. ഞാൻ ഓടി വണ്ടിയുടെ കാബിനടുത്തേക്ക് പോയി. കയറാൻ തുനിഞ്ഞതും വണ്ടിക്കാരൻ പറഞ്ഞു.
ചേട്ടാ, കാബിനിൽ സ്ഥലമില്ല. ബാക്കിൽ പറ്റുമെങ്കിൽ കയറിക്കോ...
ബാക്കിലെങ്കിൽ ബാക്കിൽ.. ഞാൻ തത്തിപ്പൊത്തി പുറകിൽ കയറി. ബാക്കിലെ കാരിയേജ് സ്‌പെയ്‌സിൽ എന്തോ നിറച്ചും ലോഡ് ഉള്ളതിൽ ചവിട്ടിക്കഴിഞ്ഞപ്പോഴാണ് നിർദോഷമായി പുറകിൽ കയറിക്കൊള്ളാൻ വണ്ടിക്കാരൻ പറഞ്ഞതിലെ ചതി എനിക്ക് മനസ്സിലായത്. ചാണകം കയറ്റിക്കൊണ്ട് പോകുന്ന ലോറി ആയിരുന്നു അത്. ഏതാണ്ട് പൂർണമായും മുങ്ങിയ വലത്തേ കാൽ ഞാൻ പൊക്കിയെടുക്കും മുൻപേ വണ്ടി വിട്ടു. അൽപ സമയത്തെ ശ്രമത്തിനു ശേഷം കാൽ പൊക്കിയെടുത്ത് ഇരുകാലുകളും കാബിനു പുറകിൽ പിടിപ്പിച്ചിട്ടുള്ള ഫ്രെയിമിൽ ചവിട്ടി അഡ്ജസ്റ്റ് ചെയ്തു നിന്ന് റിപ്പബ്ലിക് ദിനത്തിലെ ഫ്ലോട്ട് പോലെ ഞാൻ സ്‌റ്റോപ്പിലെത്തി.
ഒരു വിധത്തിൽ അൽപ നേരം ഉറങ്ങി എന്നു വരുത്തി അതിരാവിലെ കടകൾ തുറക്കുന്ന സമയത്തു തന്നെ ഞാൻ എഴുന്നേറ്റ് ബൈക്ക് ഇരിക്കുന്നതിനു സമീപത്തുള്ള കവലയിൽ എത്തി. ആദ്യം കണ്ട വർക്‌ഷോപ്പുകാരൻ തന്നെ ബുള്ളറ്റിന്റെ ക്ലച്ച് കേബിൾ കൈവശം ഇല്ല എന്നും ടൗണിൽ പോയാലേ കിട്ടൂ എന്നും പത്തു മണിയെങ്കിലുമാകാതെ കിട്ടില്ല എന്നും എന്നെ അറിയിച്ചു.
ഹതാശനായി ഞാൻ നിൽക്കുമ്പോൾ വർക്‌ഷോപ്പുകാരൻ ഒരു കവാസാക്കി ബൈക്കിന്റെ ക്ലച്ച് കേബിൾ വെച്ച് തൽക്കാലം ഓടിച്ചു പോകാനുള്ള വകുപ്പ് ഉണ്ടാക്കി തരാം എന്ന് സമ്മതിച്ചു.
കവാസാക്കി എങ്കിൽ കവാസാക്കി. എങ്ങനെയെങ്കിലും ഓടിത്തുടങ്ങിയാൽ ഏതെങ്കിലും വർക്‌ഷോപ്പിൽ കാണിക്കാമല്ലോ എന്ന ചിന്തയിൽ ഞാൻ ഒകെ പറഞ്ഞ് ഒരു ഓട്ടോയും വിളിച്ച് മെക്കാനിക്കിനെയും ക്ലച്ച് കേബിളിനെയും എന്നെയും വണ്ടി ഇരിക്കുന്നയിടത്തെത്തിച്ചു.
ബുള്ളറ്റിന്റെ ക്ലച്ച് കേബിൾ വണ്ടിയുടെ ബോഡിയിൽ പുറത്തായി കാണപ്പെടുന്ന ഇടയിൽ ഒരു ജോയിന്റുള്ള ഒരു കേബിൾ ആണ്. ക്ലച്ച് ലിവറിൽ നിന്ന് തുടങ്ങി സ്‌കളിനിടയിലൂടെ കടത്തി വണ്ടിയുടെ നടുക്ക് വരെയെങ്കിലും അതിന് നീളമുണ്ട്. മെക്കാനിക് വന്ന് കേബിൾ പൊട്ടിക്കിടക്കുന്ന ഭാഗത്തു നിന്നും പഴയ കേബിൾ വലിച്ചൂരിയെടുത്തു. പുതിയ കേബിൾ കണക്റ്റ് ചെയ്തു. സ്‌കള്ളിനിടയിലൂടെ കോർത്ത് നടുഭാഗത്ത് എത്തിക്കുന്നതിനിടെ പെട്ടെന്ന് ഒരു ചോദ്യം..
ചേട്ടാ... ഇതിന്റെ ബാക് ടയർ എവിടെ?
ങേ!
വണ്ടി സെന്റർ സ്റ്റാൻഡിൽ ബാക് ടയർ ഇല്ലാതെയാണ് നിൽക്കുന്നത്. ടയർ മാത്രമല്ല, മൊത്തം സെറ്റ് ഇല്ലാതെയാണ് വണ്ടി നിൽക്കുന്നത്.
ഒരു നിമിഷാർദ്ധത്തിൽ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. തളർന്ന് താഴെ ഇരുന്ന ഞാൻ തലേ ദിവസം കണ്ട ചായക്കടയിലേക്ക് നോക്കി. ഷട്ടർ ഇട്ട ചായക്കട തുറന്നിട്ട് വർഷങ്ങൾ ആയതു പോലെ പൊടി പിടിച്ച് പൂട്ടിയിട്ടിരിക്കുന്നു..
ആരോട് ചോദിക്കും? മെക്കാനിക് ആണെങ്കിൽ കേബിൾ ഒക്കെ ഫിറ്റ് ആക്കി കാശ് വാങ്ങാനായി നിൽക്കുകയാണ്.
ഞാൻ ഒന്ന് പതറി മെക്കാനിക്കിനോട് പറഞ്ഞു. ഇന്നലെ രാത്രി വണ്ടി ഇവിടെ വെക്കാൻ ഈ ചായക്കടയിലെ ചേട്ടനാ പറഞ്ഞത്.. ഇപ്പൊ അത് പൂട്ടിയിട്ടിരിക്കുന്നു... ഞാൻ ഇന്നലെ ഇവിടെ വരെ ഓടിച്ചു വന്ന ടയറാ... ഇപ്പൊ കാണാനില്ല.. ആരോ കൊണ്ടു പോയീന്നാ തോന്നണെ..
എന്റെ തോളിൽ ഒന്ന് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് മെക്കാനിക് പറഞ്ഞു.വാ നമുക്ക് ഇവിടെ എല്ലായിടത്തും നോക്കാം. പിന്നെ, ഈ ചായക്കടക്കാരനെ കണ്ടുപിടിക്കാം..
ഞങ്ങൾ അവിടെല്ലാം നോക്കിയെങ്കിലും ടയർ കണ്ടു കിട്ടിയില്ല. പക്ഷെ, ഞങ്ങൾ നിന്നിരുന്നതിന്റെ തൊട്ടടുത്തുള്ള അൽപം മാത്രം തുറന്ന ഒരു ഷട്ടറിനകത്തു നിന്നും ചുറ്റിക കൊണ്ട് അടിക്കുന്ന പോലത്തെ ഒരു ശബ്ദം കേട്ടു..
ഒരു ഞെട്ടലോടെ കുനിഞ്ഞ് ഷട്ടറിനകത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.
അവിടെയതാ ആകെ വിയർത്തു കുളിച്ച് ഷർട്ടിടാതെ കറുത്തു തടിച്ച ഒരു ചേട്ടൻ എന്റെ ബുള്ളറ്റിന്റെ ടയർ ഒരു വീപ്പയിലെ വെള്ളത്തിൽ മുക്കി കറക്കിക്കൊണ്ടിരിക്കുന്നു...
ആ ഷട്ടർ ഒരു പഞ്ചറുകടയായിരുന്നത്രേ! രാത്രി അവിടെ പഞ്ചറായ വണ്ടികൾ വെക്കാറുണ്ടായിരുന്നത്രേ! രാവിലെ തന്നെ വന്ന് ചേട്ടൻ പഞ്ചറൊട്ടിക്കാറുണ്ടത്രേ! എന്റെ വണ്ടിയുടെ ഫ്രണ്ട് ടയറിലെ പഞ്ചർ പുള്ളി ആൾറെഡി ഒട്ടിച്ച് തിരിച്ച് ഫിറ്റ് ചെയ്തത്രേ!
ബാക് ടയർ ദിപ്പ ശരിയാക്കിത്തരാത്രേ!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot