നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉറുമ്പുകൾ

ആ.. ഓ. , ഞാൻ കാലുകൾ മിന്നലേറ്റതുപോലെ വലിച്ചു. എന്തൊരു വേദന. എന്ത് പണ്ടാരമാണോ കടിച്ചത്.. ? കാലിലേക്ക് നോക്കി. നോക്കിയതും ഒറ്റ ചാട്ടമാരുന്നു . കാരണം ഉറുമ്പിൻ കൂട്ടിലാണ് ഞാൻ നിൽക്കുന്നത്. എന്റമ്മോ. ഒരു പത്ത് നൂറ് ഉറുമ്പുകൾ എന്റെ കാലുവഴി കേറുന്നു.
പിന്നെ ഞാനവിടെ ഒരു ഭാരതനാട്യം തന്നെ നടത്തിയാണ് ഉറുമ്പിനെ ഓടിച്ചത്.
എന്നിട്ടും പോകാതെ ഒരുവൻ വാല്ലേൽ കുത്തി നിന്ന് എന്നെ വെല്ലുവിളിക്കുന്നു. ഞാനാരാ മോള്.., നിന്നെ ഇപ്പോ കാണിച്ചുതരാം എന്ന് പറഞ്ഞു കാലുയർത്തിയതും അവനെന്നെ തടഞ്ഞു.
"നിന്നേ.. , ഒരു നിമിഷം.. ! എനിക്ക് കുറച്ചുകാര്യം പറയാനുണ്ട്. "
എന്നോടോ.. ?
അതേ നിന്നോടുതന്നെ... !
എന്നാൽ പറയ് .. ! ഞാൻ ഉയർത്തിയ കാല് പുറകോട്ടെടുത്തു.
ഉറുമ്പ് ഒന്ന് ഞെളിഞ്ഞു തല ഉയത്തിപ്പിടിച്ച് ഒരു ചോദ്യം..
നീ ഇപ്പോൾ എന്റെ കുടുംബത്തിലെ എത്രപേരെയാ കൊന്നത്.. ? ഞങ്ങൾ നിന്നോട് എന്ത് തെറ്റ് ചെയ്തു.. ?
ഞാൻ അന്തം വിട്ടുപോയി.. ഒരു ഉറുമ്പു ചോദിക്കുന്നു . അതും മനുഷ്യനായ എന്നോട്.. !
ഉറുമ്പേ നീ എന്തിനാ എന്റെ വീട്ടിൽ വന്നത്.. ?
"ഇന്നലെ നിങ്ങൾ മീൻ വറുത്തില്ലേ.. പിന്നെ ജിലേബി മേടിച്ചില്ലേ.. അതിന്റെയൊക്കെ മണം പിടിച്ചു വന്നതാ.. ഹേ.. "
അതുകൊള്ളാം അപ്പോ നിന്റെ കൂട്ടുകാരായിരുന്നല്ലേ എന്റെ ജിലേബി മുഴുവൻ അരിച്ചരിച്ചു തിന്നത്. എന്നിട്ടാണോ നീ എന്നെ വെല്ലുവിളിക്കുന്നെ.. ?
പിന്നെ ഞങ്ങൾക്ക് ജീവിക്കണ്ടേ സ്ത്രീയേ.. ?
അതിന് നിനക്ക് ഞാൻ ചോറും കറിയും ഒക്കെ തരാറുണ്ടാല്ലോ.. !
"ഓ.. അതിനെപ്പറ്റിയൊന്നും പറയണ്ട., നിങ്ങളുടെ പട്ടി കഴിച്ചതിന്റെ ബാക്കിയല്ലേ.. ഞങ്ങൾക്ക് തെങ്ങും ചുവട്ടിൽ തരാറ്. അതും വളിച്ചതും , പുളിച്ചതും.."
ഉറുമ്പിനെ നോക്കി ഞാൻ കണ്ണുരുട്ടി. കൊള്ളാല്ലോടാ നീ...വേഗം പൊക്കോ.. ഇല്ലേൽ ജിലേബിടെ ദേഷ്യം നിന്നോട് കാണിക്കും ഞാൻ...
ഉറുമ്പു തിരിഞ്ഞു നിന്ന് എന്തോ കൈകൊണ്ട് കാണിച്ചു. അപ്പോളതാ ആയിരകണക്കിന് ഉറുമ്പുകൾ ആ ഉറുമ്പിന്റെ പിന്നിൽ അണിനിരന്നു. എന്നെ ആക്രമിക്കാൻ തയ്യാറായി തന്നെ..
എന്നെ ചോദ്യം ചെയ്ത ഉറുമ്പാണ് അവരുടെ നേതാവ്. കാരണം നല്ല തടിച്ചുരുണ്ടു കറുപ്പ് നിറമാണ് അവന്. അതായത് കട്ടുറുമ്പ്... !
എന്നാലും ഉറുമ്പിന്റെ മുൻപിൽ തോൽക്കാൻ മടിച്ച് നേരത്തെ ഉറുമ്പ് കടിച്ച ഭാഗം ചൊറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു..
"അതേ.. ഉറുമ്പിൻ കൂട്ടങ്ങളെ.. ഇനി ഒരിക്കലെങ്കിലും അനുവാദമില്ലാതെ എന്റെ വീട്ടിലോ പരിസരത്തോ വന്നാൽ നിന്നെയൊക്കെ ഞാൻ' തീ' യിട്ട് ചുടും പറഞ്ഞേക്കാം.. "
വന്നാലും വേണ്ടിയില്ല കടിയും സഹിക്കണം.. ഞാൻ ദേഷ്യപെട്ട് അവരോട് അടുത്തു..
അപ്പോൾ നേതാവ്..,
" നിങ്ങൾ മനുഷ്യർ ഞങ്ങളുടെ കൂട്ടത്തിലെ എത്രപേരെയാ ദിനം പ്രതി ഒരു ദയയും ഇല്ലാതെ കൊല്ലുന്നത്. ഞങ്ങൾക്കും കുടുംബമുണ്ട് , കുട്ടികളുണ്ട് , ഞങ്ങൾ കൊണ്ട് ചെല്ലുന്ന അരിമണികൾ നോക്കി കാത്തിരിക്കുന്നവർ ഏറെയാണ്. നിങ്ങൾ ഞങ്ങളെ കണ്ട് പഠിക്ക്. ഞങ്ങൾ എത്രയോ അച്ചടക്കവും , ഒത്തൊരുമയും ഉള്ളവരാണ്. ഒരേ ചാലിലൂടെ ഞങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും സഞ്ചരിക്കുന്നു. ഒരു വഴക്കുമില്ലാതെ.. എല്ലാവരും തമ്മിൽ മിണ്ടിയും , ഉമ്മ കൊടുത്തും ഐക്യത്തോടെ ജീവിക്കുന്നവർ.. അതിൽ തടസ്സം സൃഷ്‌ടിക്കുന്നത്‌ നിങ്ങളാണ്.. "
"മനുഷ്യർ.., വല്യ ബുദ്ധിശാലികൾ ആണല്ലോ. എന്നിട്ടും നിങ്ങൾക്ക് പരസ്പരം കണ്ടുകൂടാ , ഐക്യവും സ്നേഹവും ഇല്ല. ജീവികളെ കെണിവെച്ച് കൊല്ലുന്നവർ. അതായത് 'കൊലപാതകികൾ. ഇല്ലാ മനുഷ്യരും കൊലപാതകികൾ ആണ്. ഇപ്പോൾ നീ തന്നെ ഞങ്ങളുടെ ഒരു കൂട്ടത്തെ കൊന്ന് ചവിട്ടിയരച്ചില്ലേ... ?"
മനുഷ്യരാണുപോലും മനുഷ്യർ.. !
ഉറുമ്പുകൾ കൂട്ടത്തോടെ എന്നെ പുച്ഛിച്ചു..
ശരിയാണ് എത്ര സൂഷ്മതയോടെയാണ് അവയുടെ ജീവിതം. ചിലപ്പോൾ നമ്മുക്ക് വല്യ കഷ്‌ടപ്പാട് ഉണ്ടാക്കുകയും നമ്മൾ നിഷ്കരുണം കൊല്ലുകയും ചെയ്യുന്ന ഈ ചെറു ജീവിയും ഭൂമിയുടെ അവകാശി യാണ്. അതും അതിന്റെ ധർമ്മം ചെയ്യുന്നു..
എന്റെ മസിലുപിടിച്ചുള്ള നിൽപ്പ് കണ്ട് നേതാവ് കൽപിച്ചു..
എടാ... , നമ്മുടെ വല്യ തറവാട്ടുകാരെ ഉടൻ വിളിക്കിൻ...!!!
അതാരപ്പാ... ഈ വല്യ തറവാട്ടുകാർ. ആലോചിച്ചു തീരുന്നതിന് മുൻപേ അവരെത്തി വല്യ ചുവന്ന പട വരിവരിയായി. പൈപ്പ് വഴിയും , അഴയിൽ കൂടിയും..
നേതാവ് എന്നെനോക്കി പൊട്ടി ചിരിച്ചു. വല്യ പട എന്റെ നേരെ പാഞ്ഞടുത്തു...
'നീറി'നോട് കളിയ്ക്കണ്ട അതാ ബുദ്ധി.. ചുമന്നകൂട്ടമായി എത്തിയ നീറിനെ നിരാശപ്പെടുത്തി ഞാൻ ജീവനും കൊണ്ടോടി... !!!
അപ്പോ നേതാവിന്റെ ചിരി പിന്നിൽനിന്നും ഉയർന്നു കേട്ടു.... !!!!
************************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot