*************************
" ഞാനൊന്ന് കണ്ടോട്ടെ ആ ശരീരം ?"
കാഷായ വേഷവും ,രുദ്രാക്ഷമാലയും അണിഞ്ഞ് നിലക്കുന്ന എന്നെ ,എന്റെ ശബ്ദം ശ്രവിച്ച ചിലർ ഉറ്റുനോക്കി.
" കണ്ടോളൂ സ്വാമീ "
ആൾകൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ അകത്തേക്കു കടന്നു .
ആൾകൂട്ടത്തിൽ ആർക്കും എന്നെ മനസിലായില്ല എന്നു വ്യക്തം.
നീട്ടിവളർത്തിയ താടിയും ,മുടിയും ,
പിന്നെ ഈ വേഷവും കണ്ടാൽ എന്നെ എനിക്കു തന്നെ തിരിച്ചറിയാൻ പറ്റില്ല.
മുറ്റത്തു നിന്നും വരാന്തയിലേക്ക് കയറി അകത്തേക്ക് കടക്കാൻ ഒരുങ്ങവെ ആരോ ഒരാൾ എന്റെ കൈ പിടിച്ചു .
ഞാൻ തിരിഞ്ഞു നോക്കി.
" സ... ക്കീ ...ർ...?"
കൈ പിടിച്ചയാൾ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു.
ഞാൻ അയാളെയുംനോക്കി നിന്നു.
" ഞാൻ ജബ്ബാർ.
റസിയത്താടെ താഴെയുള്ള ആങ്ങള ."
ജബ്ബാർ കൈകൂപ്പി എന്റെ നേരെ.
" ഇന്നോ നാളെയോ എന്ന നിലയിൽ കെടക്കാൻ തുടങ്ങീട്ട് കൊറെ ദെവസമായി. "
ജബ്ബാർ എന്നോടൊപ്പം അകത്തെക്ക് വന്നു.
" ഇത്താത്ത ഓർമ്മ വരുമ്പോ സക്കീർക്കാനെ മാത്രമേ ചോദിക്കാറുള്ളൂ."
അകത്ത് ,
കുറച്ചു പെണ്ണുങ്ങൾ ചുറ്റും കൂടിയിരിക്കുന്നു .
കുറച്ചു പ്രായം ചെന്ന സ്ത്രീ അവർക്കരികിലിരുന്ന് ഖുർആൻ ഓതുന്നു.
"എനിക്കറിയാവുന്നിടത്തൊക്കെ ഞാൻ തിരക്കി വന്നിരുന്നു.
മരിക്കണേന്റെ മുന്ന ഇങ്ങളെ ഒന്ന് കാണണംന്ന മോഹം നടക്കാണ്ട് പോകോ ഇന്റെത്താത്താക്ന്ന് വിചാരിച്ചിരിക്കുമ്പോഴാ ഇങ്ങള് മുന്നില് ."
ഞാൻ ജബ്ബാറിനെ നോക്കി .
പിന്നെ മെല്ലെപറഞ്ഞു
"ഇവരോടൊന്ന് പുറത്തു നില്കാൻ പറയുമോ? "
" എല്ലാരും ഒന്നുപൊറത്ത് പോകുമോ ?"
ജബ്ബാർ എല്ലാരോടുമായ് പറഞ്ഞു.
കൂടി നിന്ന പെണ്ണുങ്ങൾ എന്തൊക്കെയോ കുശുകുശുത്ത് പുറത്തേക്ക് മാറി .
ഞാൻ റസിയയുടെ കട്ടിലിനരികിലേക്ക് ചെന്നു.
" റസിയാ"
കണ്ണടച്ച് ശാന്തമായി ഉറങ്ങുന്ന സുന്ദരിയായ റസിയ.
അറുപത്തഞ്ച് വയസിലും യുവതി .!
"ഡാ സക്കീറേ നീ പറഞ്ഞ് തന്ന
സൂറത്തിലെ* ,ആയത്ത് **ഞാൻ കാണാണ്ട് ഓതാൻ പഠിച്ചിക്ക്ണ്. "
ഡിഗ്രി ഫസ്റ്റ് ഇയറിന്റെ എക്സാം
കഴിഞ്ഞ ആദ്യ ദിവസം തന്നെ
റസിയ വീട്ടിലേക്കു വന്നപ്പോൾ പറഞ്ഞു.
അയൽവാസികൾ .
കുഞ്ഞുനാൾ തൊട്ടേ ഒന്നിച്ചു കളിച്ചു പഠിച്ചു വളർന്നവർ
സ്കൂളിൽ അഞ്ചാം ക്ലാസ് എത്തിയപ്പോൾ മുതൽ ,ക്ലാസ്കഴിഞ്ഞു വന്നാൽ
മഹ്രിബ് ***നമസ്കാരത്തിനു ശേഷം
ഒൻപത് മണി വരെ പള്ളിയിലെ ദർസിൽ ****പോയി പഠിക്കണം സക്കറിന് .
ഖുർആൻ ഹാഫിള് *****ആകാൻ പഠിക്കുകയാണ് .
ആബിദ് മുസ്ലിയാരുടെ പേരമകൻ സക്കീർ എന്ന എനിക്കാണ് വല്ലിപ്പാടെ
പാരമ്പര്യം പിൻതുടരാൻ വിധി.
പ്രോത്സാഹനം നല്കാൻ ബാല്യകാല സഖിയായി റസിയയും.
ഞാൻ പഠിക്കുന്ന അദ്ധ്യായങ്ങൾ അവളെ ഞാൻ പഠിപ്പിക്കണം.
അതാണ് നിബന്ധന.!
അവളു പറഞ്ഞാൽ ഞാനെന്തും അനുസരിക്കും എന്ന് ഉമ്മാക്കും അറിയാവുന്നതിനാൽ മടിയനായ എന്നെ പളളിദർസിൽ എത്തിച്ചത് റസിയയുടെ വാക്കുകൾ .
പള്ളിദർസിൽ നിന്നും പഠനം കഴിഞ്ഞ്
കോളേജ് കാമ്പസിന്റെ മായിക വലയത്തിൽ വിദ്ധ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ,നാടകത്തിന്റേയും ലോകത്ത് ഒഴുകി നടന്ന സുന്ദര സുരഭില നാളുകൾ.
വെളുത്ത മുണ്ടും ഷർട്ടിൽ നിന്നും കാഷായ വേഷത്തിന്റെ മറക്കുടക്കുള്ളിലേക്ക് ,മതങ്ങളും ,മതാശയങ്ങളും വലിച്ചെറിഞ്ഞ് ഡിഗ്രി എക്സാം പോലും എഴുതാതെ ഹരിദ്വാറിലേക്കൊരു യാത്ര.
പിന്നെ ആസാമിലേക്ക്, കൊൽക്കത്തയുടെ ഗലികളിൽ ,
കർണ്ണാകയുടെ വനാന്തരങ്ങളിലൂടെ കേരളത്തിന്റെ ആദിവാസി സമൂഹത്തിലേക്ക്.
ഇടക്കെപ്പോഴെങ്കിലും നാട്ടിലെക്കൊരു സന്ദർശനം' .
കഞ്ചാവിന്റെ ലഹരി തലയിൽ മാറാല കെട്ടി പൂതലിച്ച ചിന്തയിൽ ഒരുൾവിളി വന്നാൽ ഉമ്മയുടെ അരികിലേക്കൊന്ന് ഓടി വരും.
ആ മടിയിൽ കിടന്ന് ഉമ്മയുടെ കണ്ണുനീർ എന്റെ മുഖത്തേക്ക് ഇറ്റി വീഴുമ്പോഴും "ഇനി ഉമ്മാടെ പൊന്നുമോൻ ഒരിടത്തും പോകില്ലട്ടാ " എന്നാശ്വസിപ്പിച്ച് ഉമ്മയുടെ മടിയിൽ മയങ്ങികിടന്ന നാളുകളിലൊന്നിലാണ് റസിയ അതു പറഞ്ഞത്.
"നീ പറഞ്ഞു തന്ന ഖുർആനിലെ ആയത്ത് ഞാൻ കാണാതെ പഠിച്ചു ട്ടാ."
നിത്യയൗവനം നിലനിർത്താൻ
ഞാൻ ഒരിക്കൽ പറഞ്ഞു കൊടുത്തതാണത് .അങ്ങനെ ആ സൂക്തങ്ങൾ മനനം ചെയ്താൽ
നിത്യയൗവനമുണ്ടാകുകയും ,മരണം പോലും മാറിനില്കും ചെയ്യും.!
അജ്മീറിലെ ദർഗയിൽ വിശന്ന് തളർന്നുറങ്ങിയ ഒരു പകലിന്റെ അവസാന യാമത്തിൽ ഒരു സൂഫി പഠിപ്പിച്ച വിശുദ്ധ വാക്യങ്ങൾ
യാത്രയുടെ ഏതോ വഴിയിൽ റസിയക്ക് അയച്ചകത്തിൽ കുറിച്ചിരുന്നു.
അതവൾ ഓർത്തുവെച്ചു പഠിച്ചു.
ഒരിക്കൽ സന്ധ്യക്ക് വീടിനോട് ചേർന്ന കുളത്തിൽ കുളിച്ച് ഈറനോടെ കുളക്കടവിലേക്കു കയറിയ റസിയയുടെ ശരീരത്തിലേക്ക് ഒരു പ്രകാശം പോലെ എന്തോ ഒന്ന് തഴുകി പോയി.
സുഗന്ധങ്ങൾ ചുറ്റും പരന്നു.
റസിയ മോഹാലസ്യപ്പെട്ടു വീണു.
ഉണർന്നപ്പോൾ ചുറ്റും വീട്ടിലെ എല്ലാവരും കൂടി നില്കുന്നു.
പലരും പലതും ചോദിക്കുന്നു.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായ് റസിയക്കും അറിയില്ലായിരുന്നു.
മെല്ലെ ,മെല്ലെ ,എല്ലാവരും അത് മറന്നു.
നാളുകൾ കഴിയവെ റസിയ അറിയുകയായിരുന്നു .തന്റെ ശരീരത്തിലേക്ക് ,ആരോ പ്രവേശിക്കുന്നുണ്ടെന്ന്.!
രാത്രിയുടെ പാതി യാമം മുതൽ സുബഹി [പ്രഭാതം) വരെ അവൾ ആ ശക്തിയുടെ സാന്നിദ്ധ്യമറിയുന്നു.!
ശരീരം കെട്ടിപ്പുണരുന്നു.
തന്റെ സ്വകാര്യ ഭാഗങ്ങളിൽ സുഖകരമായ , അനിർവ്വചനീയമായ ഒരാശ്ലേഷത്തിന്റെ പിടിയിൽ ഞെരിഞ്ഞമരുന്നു.!
ഞെട്ടി ഉണരാൻ കഴിയാത്ത ,തട്ടി മാറ്റാൻ കഴിയാത്ത സുഖകരമായ മായിക സുഖത്തിൽ അലിഞ്ഞലിഞ്ഞ് അനുഭവിക്കുകയായിരുന്നു റസിയ.!
ആയിടക്ക് പല വിവാഹാലോചനകൾ റസിയക്കു വന്നെങ്കിലും ഒന്നും ശരിയായില്ല .വരുന്നവരെ അവൾക്കു ഇഷ്ടപ്പെടുന്നില്ല.
ഒടുവിൽ അവളുടെ ഉമ്മയോട് അവൾ പറഞ്ഞു
" ഉമ്മാ ....ഇക്ക്... സക്കീർക്കാനെ മതി."
".അള്ളാ... എന്താ റബ്ബേഞാനീ കേക്കണത്.?"
" ഇന്റെ ഒപ്പം കളിച്ച് വളർന്നോനല്ലേ
പിന്നെന്തേ എനിക് കെട്ടിയാല് .?"
"അയ്ന് റസിയാ ഓന് ഈ നാട്ടിലിണ്ടാ?
എപ്പനോക്കിയാലും സഫറ് പോണ അവനെയാണോ ഇഷ്ടായത്."?
"ഉമ്മാ അവൻ സഫറ് പോയാലെന്താ
ഓൻ വെറുതെ പോണതല്ല .
നാടകനടൻ ,സംവിധായകൻ ,സാഹിത്യകാരൻ , അതിനപ്പുറം പിന്നെന്ത് വേണം?"
ഇതൊക്കെണ്ടങ്കി അനക്ക് തിന്നാൻ തരാൻ വരുമാനം കിട്ടോ?
" ഉമ്മാ സക്കീന്റെ തറവാട്ടിലെ തെടീ ലെ ഓലേം മടലും വിറ്റാ കിട്ടും രണ്ടു മാസം മുക്കു മുട്ടേതിന്നാനുള്ള കാശ്.
പിന്നെ പാരമ്പര്യ സ്വത്തിന് അവനും പെങ്ങളും മാത്രം .
ഇക്കവന്റെ പണം വേണ്ട അവനെ മതി.
"എടീ റസിയാ അവന് അത്രക്ക് ഇഷ്ടമാണോ നിന്നെ.. ?"
"അത്ക്കറില ഉമ്മാ ഞാൻ ചോയ്ച്ചിട്ടും ല്ല ."
റസിയ തന്റെ നിഷ്ളങ്കത പറഞ്ഞു.
പിന്നീട് ഒരു കുറി നാട്ടിൽ എത്തിയപ്പോഴാണ് റസിയ മനസു തുറന്നത്.
ബാല്യകാലം മുതൽകുള്ള കൂട്ടുകാരി
എന്റെ സകല കാര്യങ്ങളും ,യാത്രാപഥങ്ങളും അറിയുന്നവൾ.
" എടീ പൊട്ടി .ഞാൻ നിന്നെ കെട്ടിയാൽ നീയും ഞാനും ഉള്ള ആ സൗഹൃദം പോയില്ലേ .!
പിന്നെ .....ഞാനീ നാടും നഗരവും തെണ്ടി മറ്റൊരു ജനതയുടെ മോചനത്തിനായി അലയുമ്പോൾ
നീ പിന്നീട് നിരാശപ്പെടും'
എനിക്കെന്റെ റസിയയെ ഇങ്ങനെ കണ്ടാ മതി. നല്ല സുഹൃത്തായിട്ട്. "
ഞാൻ ചിരിച്ചുകൊണ്ടു് അവളുടെ മണ്ടക് ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു
" ഹാവൂ.... ഇപ്പഴാ എനിക്കും സമാധാനമായത് - നാളെ ഞാനൊരുത്തന്റെ ഭാര്യ ആയാൽ ചോദിക്കാതെ പോയ ,മനസറിയാതെ പോയ ഒരു കുറ്റബോധം എന്നെ പിൻതുടരരുതല്ലോ അതാ ആദ്യം എന്റെ ഉമ്മാടും ' പിന്നെ നിന്നോടും പറഞ്ഞത് " .
അവളത് പറയുമ്പോൾ ആ കണ്ണുകൾ പ്രകാശിച്ചിരുന്നു.
പിന്നെ അവൾ പറഞ്ഞു
തന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന സുഖകരമായ ആനന്ദത്തെ കുറിച്ച്
ഒരു ഉന്മാദ ഭാവത്തിലാണവളത് പറഞ്ഞത്.
"എങ്കിൽ നമുക്കൊരു സൈക്യാട്രിസ്റ്റിനെ കാണാം.ഇത്തരം തോന്നലുകൾക്കൊരു കൗൺസിലിങ്ങ് നല്ലത്. "
ഞാൻ പറഞ്ഞു.
എനിക്കഭിമുഖമായ് നിന്ന്
എന്റെ കണ്ണിൽ നോക്കി ,രണ്ടു കൈകൾ കൊണ്ടു എന്റെ മുഖം കോരിയെടുക്കും പോലെ പിടിച്ച്
റസിയ പറഞ്ഞു
" എന്റെ സാഹിത്യകാരാ..... നീ പല ജീവിത കഥയെഴുതി നാടകവും ,കഥയുമാക്കുമ്പോൾ
ഞാൻ എന്റെ ജീവിതം തന്നെ നാടക മാക്കും. എങ്ങനെയെന്നല്ലേ?
ഈ ജീവിതത്തിൽ എന്റെ ശരീരവും മനസും പങ്കുവെക്കാൻ നല്കുന്നുണ്ടെങ്കിൽ അതെന്റെ കളിക്കൂട്ടുകാരനായ നിനക്കു മാത്രമേ നല്കൂ '
നിന്റെയും എന്റെയും സ്നേഹം നിഷ്ക്കളങ്കവും പരിശുദ്ധവുമായ സൗഹൃദമാണ് .അത് ഞാൻ തിരിച്ചറിഞ്ഞു.
ആ സൗഹൃദത്തെ പങ്കിലമാക്കില്ല,
പ്രണയത്തിന്റെ പരിശുദ്ധമായ പട്ടുറുമാൽ കൊണ്ട് കൊണ്ടു പോലുംഞാൻ ."
അവൾ കുപ്പിവളകൾ കിലുങ്ങുന്ന പോലെ ചിരിച്ചു. എന്നിട്ടവളെന്റെ നെറ്റിയിൽ ഒരു ചുംബനം തന്നു.
"ഇതെന്റെ കളിക്കൂട്ടുകാരന് കളിക്കുട്ടുകാരിയോടുള്ള സൗഹൃദത്തിന്റെ സമ്മാനം '"
"നിനക്കു വട്ടാടി."
അവളെ തള്ളിമാറ്റി ഞാൻ പറഞ്ഞു.
" അതേടാ എനിക്ക് വട്ടാണ് "
എന്റെ ജുബ്ബയുടെ ഒരു ഭാഗം പിടിച്ചു വലിച്ച് എന്നെ അവളിലേക്കടുപ്പിച്ച്
അവൾ പറഞ്ഞു.
"ഈ ചുംബനം കടമായാണ് നിനക്കു തന്നത്. തിരിച്ചു തന്നേക്കണം ഞാൻ മരിച്ചു കിടക്കുമ്പോൾ ഈ നെറ്റിയിൽ തന്നെ. ഒപ്പം പലിശയായി രണ്ടിറ്റു കണ്ണു നീരും."
അത് പറയുമ്പോൾന്നവളുടെ കണ്ണുകൾ സജ്ജലങ്ങളാകുകയും ,ശബ്ദം ഇടറുകയും ചെയ്തിരുന്നു.!
വർഷങ്ങൾ എത്ര കഴിഞ്ഞു .
പിന്നീട് ഒരിക്കൽ പോലും അവളിൽ നിന്ന് ഇത്തരം വാക്കുകൾ വന്നില്ല.
ഒരു വിവാഹത്തിനു പോലും അവൾ സമ്മതിച്ചില്ല.
റസിയ പി. ജി കഴിഞ്ഞ് എം എഡ് എടുത്തു.
അവരുടെ തന്നെ കുടുംബ വക സ്കൂളിൽ ടീച്ചറായി .
അവളുടെ ശംബളം സ്വന്തമാവശ്യങ്ങൾക്ക് എടുക്കാതെ പാവങ്ങൾക്ക് ദാനം നല്കി.
പലപ്പോഴും ഞങ്ങളുടെ സംഘടനക്കും അതിലൊരു പങ്ക് ലഭിക്കുമായിരുന്നു.'
ആയിടക്കാണ് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞത്.
ആദിവാസി ഭൂമിയുമായ് ബന്ധപ്പെട്ട ഒരു സമരം പ്രക്ഷുബ്ധമായി.
പോലീസ് വെടി വെപ്പിൽ നാല് ആദിവാസികൾ കൊല്ലപ്പെട്ടു. !
അതിനു പ്രതികാരമായി. ആദിവാസി ക്ഷേമ മന്ത്രി സഞ്ചരിച്ച വാഹനം ബോംബിട്ടു തകർത്തു.
മന്ത്രിയും ,നാലു പോലീസുകാരും കൊല്ലപ്പെട്ടു' .
ആദിവാസി മേഖല പോലീസിന്റെ വിളയാട്ട കേന്ദ്രമായി.
അനവധി പെൺകുട്ടികളെ പോലീസുകാർ പ്രതികളെ തിരയുന്ന പേരുപറഞ്ഞ് ബലാത്സംഘം ചെയ്തു.
കൊലപാതകത്തിലോ ,മറ്റിതര സംഘർഷത്തിലോ ഞാനോ എന്റെ സംഘടനയോ ഉൾപ്പെട്ടി ട്ടില്ലായെങ്കിലും ,ഞങ്ങളുടെ സംഘടനയുടെ തലയിൽ എല്ലാ കുറ്റങ്ങളും വന്നു.
ഞങ്ങൾ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.
വിചാരണത്തടവുകാരായ് നീണ്ട 13 വർഷം .
കുറ്റം ചെയ്യാത്ത കുറ്റവാളിയായ് , വിധി പറയാതെ കോടതി കയറിയിറങ്ങി തീർത്ത 13 വർഷം .
ഒടുവിൽ, തെളിവുകളേതുമില്ലാത്തതിനാൽ കേസു തള്ളി.!
പക്ഷേ ..... നഷ്ടപ്പെട്ട 13 വർഷം
അതിനിടയിൽ ,മരണപ്പെട്ടത് ഉമ്മയും ബാപ്പയും .
ഒന്ന് കാണാൻ പോലും അനുവദിക്കാത്ത നിയമവും. !
എല്ലാം നഷ്ടപ്പെട്ടു.
പിന്നീട് ഹരിദ്വാറിലും, ഋഷികേശിലും ,കേദാർനാഥിലും
അലഞ്ഞത് വർഷങ്ങൾ .
കുറേ എഴുതി .നാടകവും ,കഥയും നോവലും എല്ലാം. .
സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് "തിരികെ നല്കേണ്ട കടം" എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും.
അപ്പോഴും റസിയക്ക് വല്ലപ്പോഴും എഴുതുമായിരുന്നു.
പക്ഷേ ഞാൻ ഒരിക്കലും എവിടെയും തങ്ങാത്തതിനാൽ കൃത്യമായ ഒരു മേൽവിലാസം എനിക്കില്ലായിരുന്നു.
" സക്കീർക്കാ .... ഇത്താത്ത കണ്ണു തുറന്നു. "
ജബ്ബാറിന്റെ ആഹ്ളാദസ്വരം ചിന്തയിൽ നിന്നുണർത്തി,
"ഞാൻ റസിയയുടെ കണ്ണിൽ നോക്കി ജബ്ബാറിനോട് പറഞ്ഞു;
" അറിയാം ...
അവളുണരും .....
പക്ഷേ.....
അവളുറങ്ങാൻ പോകയാണ് ഒരിക്കലും ഉണരാത്ത ഉറക്കം."
അതു പറയുമ്പോൾ ഞാൻ കരഞ്ഞോ?
" ജബ്ബാർ അവന്റെ മുഖത്തു ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു.
ഞാൻ റസിയയുടെ അരികിൽ ഉള്ള കസേരയിൽ ഇരുന്നു.
എന്നിട്ട് ആ ചുണ്ടിൽ സംസം എന്ന വിശുദ്ധ വെള്ളം തൊട്ടു കൊടുത്തു.
ഞാൻ വിശുദ്ധ ഖുർആനിലെ പ്രശസ്തമായ ചില സൂക്തങ്ങൾ അവളുടെ രണ്ടു ചെവികളിലും ഓതികേൾപ്പിച്ചു.
നിത്യയൗവനം നിലനിർത്തിയ ,മരണം മാറി നിന്ന ആ ശരീരത്തെ മരണം പുല്കാൻ അനുവദിക്കുന്ന സൂക്തങ്ങൾ ഞാൻ അവളെ ഓതികേൾപ്പിച്ചു കൊണ്ടേയിരുന്നു'
റസിയയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായ് ഒഴുകാൻ തുടങ്ങി !
ഞാനാ കണ്ണുനീർ തുടച്ചു .ചുണ്ടിൽ ജലം പകർന്നു കൊണ്ടിരുന്നു.
ഞാനും ജബ്ബാറും നോക്കിയിരിക്കേ ആ നെഞ്ച് ഒന്ന് ഉയർന്നു .
ആ മുറി സുഗന്ധപൂരിതമായി
റസിയയുടെ നെറ്റിത്തടം വല്ലാതെ വിയർത്തു.
പെട്ടെന്ന് ഒരു പ്രകാശം റസിയയിൽ നിന്ന് ഉയർന്ന് അവളെ ഒന്ന് വലയം ചെയ്ത് അപ്രത്യക്ഷമായ്.!
റസിയയുടെ ചലനം നിലച്ചു.!!
എന്നെ നോക്കി നിശ്ച്ചലമായ കണ്ണുകൾ ഞാൻ എന്റെ വലതു കൈപ്പത്തിയാലെ തഴുകി അടച്ചു.
ആ നെറ്റിയിൽ ഞാനൊരു ചുംബനം നല്കി!
ആ കടം അങ്ങനെ വീട്ടുമ്പോൾ എന്റെ കണ്ണുനീർ ആ നെറ്റിത്തടത്തിൽ വീണത് തുടക്കാതെ ഞാനിറങ്ങി നടന്നു
ഈ വലിയ ഭൂമിയിൽ ഇപ്പോഴാ ഞാൻ തനിച്ചായത്.!
എന്റെ കളി കൂട്ടുകാരിയെ ഇരുൾ മൂടിയ ഖബറിലേക്ക് ഇറക്കിവെച്ച്
പിൻതിരിഞ്ഞു നടക്കാൻ എനിക്കാവില്ല.
ഈ വിശാലമായ ലോകത്തിന്റെ വെളിച്ചത്തിൽ അവളങ്ങനെ കിടക്കുമ്പോൾ ഞാൻ അകന്നു പോകുന്നതു തന്നെയാണ് നല്ലത്.
ഇനി വേരുകളില്ലാത്ത മരമാണ് ഞാൻ.
ഒഴുകുന്ന നദിയിലെ കടലാസുവഞ്ചി .
നൂലില്ലാത്ത പട്ടം!
റസിയാ .... നീയില്ലാത്ത ഈ ലോകത്ത് ,
നീ പകർന്ന സൗഹൃദത്തിന്റെ പവിത്രമായ ഓർമ്മകളുമായ് ഞാൻ അലയാം..
ആറടി മണ്ണിലോ ,പേരറിയാത്ത ഒരു ശവമായ് ഏതെങ്കിലും ഒരു ചിതയിലോ .....
വഴികൾ ഇരുട്ട് വീഴുന്ന പോലെ.
എന്നെ നനച്ചു കൊണ്ട് അപ്പോഴവിടെ ഒരു മഴ പെയ്യാൻ തുടങ്ങുകയായിരുന്നു.!!
*************************
*സൂറത്ത് =അദ്ധ്യായം .
**ആയത്ത് =വാക്യങ്ങൾ
***മഹ് രീബ് =സന്ധ്യ
****ദർസ് =പള്ളികളിലെ പഠനാലയം.
*****ഹാഫിള് =മന:പാഠം
***************************
Copyright reserved.@
അസീസ് അറക്കൽ
ചാവക്കാട് .
************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക