നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുണ്യം


ഞായറാഴ്ചയിലെ പതിവ് തെണ്ടലെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചത് വയറിൽ നിന്ന് ഒരു വിളി വന്നപ്പോഴാണ്. വയറിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, സമയം രണ്ട് കഴിഞ്ഞു. അച്ഛനും അമ്മയും കഴിച്ച് ഉച്ചമയക്കത്തിലാവും. വാതിൽ തുറക്കാൻ വിളിച്ചാൽ അമ്മയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കണം. ബൈക്ക് എടുത്തതിൽപ്പിന്നെ എപ്പോഴും അതിന്റെ മുകളിൽ ആണ് യാത്ര. അടുത്തുള്ള കടയിലേക്ക് പോവാൻ പോലും ബൈക്ക് എടുക്കും. എത്ര ഓടിച്ചാലും ബൈക്ക് യാത്ര മടുക്കുന്നില്ല. പാലക്കാട് നിന്ന് കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കുമെല്ലാം ബൈക്കിൽ ആണ് പോവുക. ഇന്ന് രാവിലെ എണീച്ച് ബൈക്ക് കഴുകി, കുളിയെല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ ബൈക്കിൽ കയറിയിരുന്നു, എന്തോ വണ്ടി എടുക്കാൻ തോന്നിയില്ല. നടക്കാം എന്ന് വിചാരിച്ചു. വീടിന് മുന്നിൽ ഒരു പാലമുണ്ട്, മുൻപൊക്കെ രാത്രി പോലീസുകാർ വന്ന് ചീത്ത പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയക്കുന്നത് വരെ ആ പാലത്തിന്റെ മുകളിൽ ഇരിക്കുമായിരുന്നു. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് വീണ്ടും അതിന്റെ മുകളിൽ ഇരുന്നത്. അവിടെയിരുന്ന് ചുറ്റും ഒന്ന് നോക്കി. എന്റെ വീട്, വീടിന് മുന്നിലെ നെൽപ്പാടം, കുറച്ച് ദൂരെ ചിരട്ടിമല. പാലത്തിന്റെ അടിയിൽ ഇപ്പോൾ വെള്ളമില്ല. മറുവശത്ത് നിരന്ന് കിടക്കുന്ന നെൽപ്പാടം, പാടത്തിന്റെ കരയിൽ വീടുകൾ. ഗ്രാമങ്ങൾക്ക് മാത്രം സ്വന്തമായ കാഴ്ചകൾ. എത്ര നാൾ ഇത് ഇങ്ങനെ നിൽക്കുമോ ആവോ?
വീടിന്റെ പടികടന്ന് അകത്തേക്ക് നടന്നു, ഒരു കോടങ്കി സ്ത്രീ എതിരെ വന്നു. കയ്യിൽ ഒരു കുട്ടിയുണ്ട്, തലയിൽ ഒരു കൊട്ടയും. പ്ലാസ്റ്റിക്ക് പാത്രങ്ങൾ വിൽക്കുന്ന ആളുകളാണ്.
ആ സ്ത്രീയുടെ കയ്യിൽ ഇരിക്കുന്ന കുട്ടിയെ ഞാൻ ഒന്ന് സൂക്ഷിച്ച് നോക്കി. ഇപ്പൊ ഫേസ്‌ബുക്കും വാട്സ്ആപ്പും തുറന്നാൽ അന്യസംസ്ഥാന തൊഴിലാളികൾ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത വേണമെന്നുമുള്ള മെസ്സേജുകൾ ഒരുപാട് കാണാം. കുട്ടിയുടെയും ആ സ്ത്രീയുടെയും മുഖങ്ങൾ താരതമ്യം ചെയ്തു. ഡി.എൻ.എ ടെസ്റ്റിന് പോലും എതിർക്കാൻ പറ്റാത്ത അത്രയും സാമ്യമുണ്ട് രണ്ടാളുടെയും മുഖത്തിന്. ഒരു സംശയവും വേണ്ട, ഇത് അവരുടെ കുട്ടിത്തന്നെ.
എന്നെ നോക്കി ഒന്ന് മന്ദഹസിച്ച് അവർ കടന്ന് പോയി. അച്ചനും അമ്മയും കോലായിൽ തന്നെയുണ്ട്. കുറച്ച് പാത്രങ്ങൾ എന്തൊക്കെയോ വാങ്ങിയിട്ടുണ്ട്.
'അമ്മാ, ഇവിടെ പാത്രങ്ങൾ ഇല്ലാഞ്ഞിട്ടാ പിന്നേം വാങ്ങിയത്?'
'പൊട്ടിയതും പൊളിഞ്ഞതുമൊക്കെ കൊടുത്തു, അതിന്റെ പൈസയ്ക്ക് പാത്രം തരാം എന്ന് പറഞ്ഞു, ചെറിയതൊന്നും നമുക്ക് വേണ്ടല്ലോ, അപ്പൊ കുറച്ച് പൈസ കൂട്ടി വാങ്ങി'
'ഉം, ഇവര്ടെ അടുത്തുന്നൊന്നും വാങ്ങണ്ട, ടി.വി ലൊക്കെ കണ്ടില്ലേ, പകൽ സാധനങ്ങൾ വിൽക്കാൻ വരും രാത്രി കക്കാൻ വരും'
'ഓ, ഇവിടെ കക്കാൻ കോടികൾ ഉണ്ടല്ലോ'
'ഇവരെ ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല'
'ആ, നിന്റെ അമ്മ പഴയ പാത്രങ്ങൾ മാത്രല്ല, രണ്ടാൾക്കും ചോറും കുറേ തുണികളും ഒക്കെ കൊടുത്തിട്ടുണ്ട്. നീ നോക്കിക്കോ, അവര് ഇനി സ്ഥിരമായി ഇവിടെ വരും'
'ഈ അമ്മയ്ക്ക് എത്ര പറഞ്ഞാലും മനസിലാവില്ല, ഇനി എന്തെങ്കിലും പറ്റട്ടെ...'
'ഇപ്പൊ ഞാൻ ചെയ്തതായി കുറ്റം. ഇവിടെ സ്ഥലം മുടക്കി കിടന്നിരുന്ന തുണികളാ ഞാൻ കൊടുത്തത്. അമ്പിളി ഇടാത്ത ചുരിദാറുകളും എന്റെ പഴേ രണ്ട് മൂന്ന് സാരികളും കൊടുത്തു. അതൊക്കെ ഇവിടെ വച്ചിട്ട് എന്താ കാര്യം? കഴിഞ്ഞ തവണ നെല്ല് പുഴുങ്ങുമ്പോൾ കുറേ എണ്ണം കത്തിച്ച് കളഞ്ഞതാ. നശിപ്പിച്ച് കളഞ്ഞാലും ആർക്കെങ്കിലും കൊടുക്കുന്നത് നിന്റെ അച്ചന് ഇഷ്ടല്ല'
'ഇതൊന്നും ശീലമാക്കരുത് എന്നാ ഞാൻ പറഞ്ഞത്'
'നീയാ കുട്ടിയെ കണ്ടില്ലേ? നമ്മുടെ അഭീടെ അത്രയല്ലേ ഉള്ളൂ. കുട്ട്യോൾടെ പാകാവാത്ത തുണിയൊക്കെ അതിന് കൊടുത്തു. ഇനീപ്പോ ഇവിടെ ഒരു ചെറിയ കുട്ടി ഉണ്ടാവണമെങ്കിൽ ആദ്യം നീയൊരു പെണ്ണ് കെട്ടണം. അത് വരെ ഇതൊക്കെ എടുത്ത് വെക്കണോ? ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ആയിക്കോട്ടെ'
'എന്തായാലും ആ സ്ത്രീക്ക് കോളടിച്ചു. അവര് ഇനീം ഇവിടെ വന്നോളും'
'വന്നോട്ടെ, അപ്പൊ എന്താ ഉള്ളതെന്ന് വച്ചാൽ ഞാൻ കൊടുക്കും. ഒന്നും നശിപ്പിച്ച് കളയാൻ എനിക്ക് വയ്യ. ഒന്നൂല്ല്യെങ്കിലും അവറ്റകളുടെ മുഖത്തെ സന്തോഷം കാണാലോ'
സംഗതി ഗൃഹനാഥൻ അച്ഛനാണെങ്കിലും അമ്മയുടെ തീരുമാനം അന്തിമമാണ്. വെറുതെ തർക്കിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല.
'ആ, അതെന്തെങ്കിലുമാകട്ടെ എനിക്ക് ചോറ് തരും'
'നിനക്കിനി ഉണ്ടോ ആവോ, ചോറൊക്കെ നിന്റെ അമ്മ അവർക്ക് കൊടുത്തു'
ബാക്കി സാധനങ്ങൾ കൊടുത്തതൊക്കെ ഞാൻ ക്ഷമിക്കും, പക്ഷേ എന്റെ ചോറ്...
വിശന്നിട്ട് കണ്ണ് കാണാൻ വയ്യ
'അതൊന്നും എനിക്കറിയണ്ട, എനിക്കിപ്പോ ചോറ് വേണം'
'കിടന്ന് കാറണ്ട, നിനക്കുള്ളത് മാറ്റിവച്ചിട്ടാ അവർക്ക് കൊടുത്തത്'
അമ്മ അത് പറഞ്ഞപ്പോൾ ഒരു ചമ്മിയ ചിരി ചിരിച്ച് കൈ കഴുകാൻ പോയി.
വീട്ടിൽ എപ്പോഴും ഒരാൾക്കുള്ള ചോറ് ഉണ്ടാവും. എപ്പോഴെങ്കിലും ആരെങ്കിലും വന്നാലോ എന്ന് കരുതി ചോറ്റുപാത്രം ഒഴിച്ചിടാറില്ല. ഉച്ചയ്ക്ക് കഴിച്ച് ബാക്കിയുള്ള ചോറ് കഴിക്കാൻ ആരുമില്ലെങ്കിൽ വീട്ടിലെ ആട്, കോഴി, നായ, പശു, ഇവരെല്ലാം ചേർന്ന് അത് വീതിച്ചെടുക്കും.
രാത്രിയിലെ ബാക്കി ചോറ് അച്ഛന് രാവിലെ വെള്ളച്ചോറ് കഴിക്കാനുള്ളതാണ്. ഓർമ്മവച്ച കാലം മുതൽ അച്ഛൻ വെള്ളച്ചോറ് കഴിക്കുന്നുണ്ട്, അമ്മ മുൻപ് കഴിച്ചിരുന്നു, ഇപ്പോൾ ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് കഴിക്കുന്നില്ല.
ഉച്ചസമയത്ത് ആരെങ്കിലും കയറിവന്നാൽ ധൈര്യത്തോടെ ചോദിക്കാം ചോറ് കഴിക്കുകയല്ലേ എന്ന്.
കൈ നോക്കുന്ന കാക്കാത്തിമാർ, പുള്ളുവൻ പാട്ട് പാടാൻ വരുന്നവർ, വട്ടിയും മുറവും കുത്താൻ വരുന്ന അമ്മൂമ്മ, ഡയറക്ട് മാർക്കറ്റിങ്ങിന് വരുന്ന ആളുകൾ, ഇവരെല്ലാം ഈ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗ്രാമപ്രദേശം ആയത്കൊണ്ട് അടുത്തെങ്ങും ഹോട്ടൽ ഇല്ല. അത്കൊണ്ട് തന്നെ ഉച്ചസമയത്ത് വരുന്നവർ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നറിയാം. ഒരാൾക്ക് ചോറ് വിളമ്പിക്കൊടുത്ത് അവർ അത് കഴിക്കുന്നത് കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദമാണ്.
എന്റെ കയ്യിന് എന്തോ രാശിക്കുറവ് ഉണ്ടെന്നാണ് എന്റെ ഒരു തോന്നൽ, അത്കൊണ്ട് ഞാൻ ആർക്കും ഒന്നും കൊടുക്കില്ല, വേറെ ആരെയെങ്കിലും കൊണ്ട് കൊടുപ്പിക്കും. ഭിക്ഷ ചോദിച്ചോ സംഭാവന ചോദിച്ചോ ആരെങ്കിലും വരികയാണെങ്കിൽ ഞാൻ പൈസ എടുത്ത് അമ്മയുടെ കയ്യിൽ ആണ് കൊടുക്കുക. കൊടുക്കലിലൂടെ കിട്ടുന്ന പുണ്യം എന്റെ അമ്മയ്ക്കിരിക്കട്ടെ എന്ന് കരുതും.
കഴിക്കാനിരുന്നു, വീട്ടിൽ മിക്കവാറും പച്ചക്കറി ആയിരിക്കും. തൊടിയിൽ നിന്ന് കിട്ടുന്ന വിഭവങ്ങളാണ് ഞങ്ങളുടെ പ്രധാന ഭക്ഷണം. കൊയ്ത്ത് കഴിഞ്ഞ പാടത്ത് കുറച്ച് പച്ചക്കറി നട്ടിട്ടുണ്ട്. കിണർ പാടത്താണ്, നനയ്ക്കാനും എളുപ്പമുണ്ട്.
ഇന്ന് വെണ്ടയ്ക്ക സാമ്പാർ ആണ്, വാഴക്കായകൊണ്ട് ഉപ്പേരി. അച്ചാറും തൈരും കൊണ്ടാട്ടവും എന്നും മേശപ്പുറത്തുണ്ടാവും.
അമ്മ നന്നായി പാചകം ചെയ്യും, പക്ഷേ അമ്മ ഉണ്ടാക്കുന്ന എല്ലാ സാധനത്തിലും ഞാൻ എന്തെങ്കിലും ഒരു കുറ്റം കണ്ടുപിടിക്കും. വേറെ ഒന്നിനുമല്ല, അമ്മ ഉണ്ടാക്കുന്ന കറിയെക്കാളും രുചി അമ്മ പറയുന്ന ചീത്തയ്ക്കാണ്. ഇപ്പൊ അമ്മയുടെ മറുപടി അമ്മയുടെ കൈയ്യിന് രുചി പോരെങ്കിൽ വേഗം പെണ്ണ് കെട്ടാൻ ആണ്. അത്കൊണ്ട് ഇപ്പൊ ഒരു മയത്തിൽ ആണ് അഭിപ്രായം പറയാറ്.
'അമ്മാ, സാമ്പാറിൽ കായം കൂടിയോ? എന്തോപോലെ ഉണ്ട്'
'നീ വേണമെങ്കിൽ കഴിച്ചാൽ മതി. ഞങ്ങൾക്കാർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. അവര് രണ്ടാളും ഇത് തന്നെയാ കഴിച്ച് എന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ'
'ആ, അത് വെറുതെ കിട്ടിയ ചോറല്ലേ എന്ന് കരുതിയാവും'
'നിനക്ക് ഇതിനൊക്കെ രുചി തോന്നും, അതിന് ആദ്യം വിശപ്പുണ്ടാവണം. നീ നാട് മുഴുവൻ തെണ്ടി കണ്ണിൽ കണ്ടതൊക്കെ തിന്നിട്ട് വന്നാൽ ഇത്രയൊക്കെ രുചിയേ കാണൂ. വിശപ്പുണ്ടെങ്കിൽ നിനക്ക് ഈ കറിയൊന്നും വേണ്ട, രണ്ട് ഉള്ളിപ്പോളയും കൂട്ടി ഈ ചോറുണ്ണും'
'ഞാൻ ഒന്നും കഴിച്ചിട്ടില്ല.ഇതിന് എന്തോ കുഴപ്പമുണ്ട്'
'ഇതെങ്കിലും എന്നും കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചോ നീയ്. നിന്റെ അച്ഛൻ സമ്പാദിച്ച് വച്ചത് പൊന്നും പണവുമൊന്നുമല്ല, ഈ കാണുന്ന മണ്ണാണ്. അത്കൊണ്ട് നീയൊന്നും ഇതുവരെ വിശപ്പിന്റെ വില അറിഞ്ഞിട്ടില്ല. ഞങ്ങളൊക്കെ കുട്ടിക്കാലത്ത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്'
ശരിയാണ്. അച്ഛന്റെ കുട്ടിക്കാലത്ത് അച്ഛമ്മ പണിക്ക് പോയി കൂലിയായി കിട്ടുന്ന നെല്ല് അന്ന് തന്നെ പുഴുങ്ങി, കുത്തി, കഞ്ഞിയാക്കിയാണ് കുടിച്ചിരുന്നത്. അതാണ് ആ ദിവസത്തെ ആകെയുള്ള അരി ഭക്ഷണം. അച്ഛൻ രാവിലെ നായന്മാരുടെ പശുക്കളെ മേക്കാൻ പോകും. അപ്പോ തൊടിയിൽ കയറി തേക്കിന്റെ ഇല പൊട്ടിച്ച് കടയിൽ കൊണ്ട് കൊടുക്കും, അന്ന് അതിലായിരുന്നു സാധനങ്ങൾ പൊതിഞ്ഞിരുന്നത്. ഇല കൊടുക്കുമ്പോൾ രണ്ട് അച്ച് ശർക്കര കിട്ടും, അത് ഏതെങ്കിലും തൊടിയിൽ നിന്ന് കിട്ടുന്ന തേങ്ങയും കൂട്ടി കഴിക്കും. ഉച്ചയ്ക്ക് ചിലപ്പോൾ ചാമകൊണ്ടുള്ള കഞ്ഞി ഉണ്ടാകും.
ചിലപ്പോൾ പട്ടിണി ആവും
ചെറുപ്പത്തിലേ വിശപ്പിന്റെ വില അറിഞ്ഞത്കൊണ്ട് അച്ഛൻ ആദ്യം നോക്കിയത് ഞങ്ങളുടെ വയർ വിശക്കാതിരിക്കാനാണ്. കടബാധ്യത വന്നപ്പോൾ വീടിന്റെ ആധാരമാണ് പണയം വെച്ചത്, അന്നും കൃഷിയിടം തൊട്ടിട്ടില്ല.
'ഇന്നിപ്പോ ആർക്കും വിശപ്പിന്റെ വിലയറിയില്ല. ഉപ്പും കഞ്ഞിവെള്ളവും ആണെങ്കിലും നിനക്കൊക്കെ എന്നും പാത്രത്തിൽ കിട്ടിയിട്ടുണ്ട്. വിശന്ന വയറുമായി ആരും ഈ വീട്ടിൽ നിന്ന് പോവില്ല. അത് കക്കാൻ വന്നവരോ , ഇനിയിപ്പോ കൊല്ലാൻ വന്നവരോ ആയിക്കോട്ടെ'
'അമ്മ, എം.പി നാരായണപിള്ളയുടെ കള്ളൻ എന്ന കഥ വായിച്ചിട്ടുണ്ടോ? അതിലും കള്ളന് ചോറ് കൊടുക്കുന്ന വീട്ടുകാരൻ ഉണ്ട്'
'ഞാൻ ഒരു കള്ളനും വായിച്ചിട്ടില്ല. ചിലതൊന്നും പുസ്തകം വായിച്ച് കിട്ടുന്നതല്ല. വായിച്ച് അറിവ് നേടി എന്ന് പറയുന്ന ആളുകളാണല്ലോ ഒരുത്തനെ തല്ലിക്കൊന്നത്'
'അത് കള്ളനാണെന്ന് പറഞ്ഞിട്ടല്ലേ, എന്തായാലും അവരെയൊക്കെ പോലീസ് പിടിച്ചല്ലോ'
'വിശന്നിട്ടല്ലേ ഡാ അവൻ കട്ടത്? എത്രയാ വിശന്നിരിക്കാ. കക്കുന്നതിന് മുൻപ് എല്ലാവരുടേം മുന്നിൽ കൈ നീട്ടിയിട്ടുണ്ടാകും, അന്ന് അവനെ ആട്ടിയോടിച്ച ആളുകളായിരിക്കും ഇന്ന് അവന് നീതിക്ക് വേണ്ടി സമരം ചെയ്യുന്നത്. എങ്ങനെ തോന്നിയാവോ ആ ദുഷ്ടന്മാർക്ക് ഒരാളെ തല്ലിക്കൊല്ലാൻ? അവനൊക്കെ അന്നംകിട്ടാതെ മരിക്കും.
പാവം കുട്ടി, അവൻ എന്റെ അടുത്ത് വന്നിരുന്നെങ്കിൽ എന്നും ഞാൻ ഒരുപിടി ചോറ് കൊടുക്കുമായിരുന്നു'
അമ്മ ആകെ സെന്റിമെന്റൽ ആണ്, കണ്ണൊക്കെ നിറഞ്ഞു, മൂക്ക് പിഴിയാൻ തുടങ്ങി. അന്ന് മരണവാർത്ത വന്നപ്പോൾ രണ്ട് മൂന്ന് ദിവസം നല്ല സങ്കടത്തിലായിരുന്നു. ആരോടും അധികം മിണ്ടിയതും കൂടിയില്ല. ഇപ്പൊ വീണ്ടും അതൊക്കെ ഓർത്ത് സങ്കടപ്പെടാൻ തുടങ്ങി.
'അതും ഒരമ്മ പെറ്റ ജീവനല്ലേ, വിശന്നിട്ട്, പാവം.... കൊല്ലാതിരുന്നൂടായിരുന്നില്ലേ അവന്മാർക്ക്, ഈ ഉമ്മറത്ത് ഒരു പായ ഇട്ട് കൊടുത്ത് ഞാൻ നോക്കുമായിരുന്നു....'
'അമ്മാ, അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല, എല്ലാം കഴിഞ്ഞു. ഇനി അത് ഓർത്തിട്ട് സങ്കടപ്പെട്ടിട്ട് കാര്യമില്ല.
ദേ എന്റെ ചോറ് കഴിഞ്ഞു ട്ടോ. ഒരു വറ്റ് പോലും ബാക്കിയില്ല, താഴത്തും പോയിട്ടില്ല. ഓക്കേ?
ദാ പാത്രം കഴുകി വെച്ചോ, ഞാൻ ഇത്തിരി കിടക്കട്ടെ'
'ഓ, പിന്നേ... കഴിച്ച പാത്രം പോലും മോറിവെക്കാൻ വയ്യെങ്കിൽ വേഗം ഒരു പെണ്ണ് കെട്ടിക്കോ. എനിക്കൊന്നും വയ്യ നിന്റെ കാര്യങ്ങൾ നോക്കാൻ'
#രജീഷ് കണ്ണമംഗലം
'വിശക്കുന്ന വയറിന് ഒരുപിടി ഭക്ഷണം നൽകുന്നതിനേക്കാൾ പുണ്യം ഈ ലോകത്ത് വേറെ ഒന്നുമില്ല'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot