
സമയം എത്രയായെന്ന് ഒരു പിടുത്തവുമില്ല. സൂര്യന്റെ നിഴലുനോക്കി പറയുകയാണെങ്കിൽ ഒരു ഒമ്പത്, ഒമ്പതര ആയിക്കാണും എന്ന് മനസ്സിൽ കണക്കുക്കൂട്ടിക്കൊണ്ട് നടക്കുമ്പോൾ പുറകിൽ സെന്റ്ജൂഡ് ബസ്സിന്റെ ഹോണടി ശബ്ദം...
ഞാനും, സിനാജും, സിനാജിന്റെ അനിയൻ സനോജും കടന്നുപോന്ന കവലയിൽ ആളെ കേറ്റാൻ നിർത്തിയ സെന്റ്ജൂഡ് ബസ് കണ്ടപ്പോൾ ചങ്കിടിപ്പ് കൂടി. പത്തുമണിക്ക് ശേഷമുള്ള ട്രിപ്പാണ്. ഇന്ന് ബസ്സമരമാണെന്ന് ആരൊക്കെയോ പറഞ്ഞതുകേട്ട് മനസ്സില്ലാമനസ്സോടെ സ്കൂളിലേയ്ക്ക് വച്ചുപിടിപ്പിച്ചതാണ് ഞങ്ങൾ. അതും ഒരുപാടു താമസിച്ച്. ബസ് കണ്ടപ്പോൾ ബോധ്യമായി ക്ലാസിപ്പോൾ തുടങ്ങിയിട്ട് കുറെ നേരമായിക്കാണുമെന്ന്. ചുമ്മാതല്ല വഴിയിലെങ്ങും ഒറ്റ പിള്ളാരുപോലുമില്ല. ഞങ്ങൾ വിചാരിച്ചത് ബസ്സമരമായാതുകൊണ്ട് ആരും സ്കൂളിൽ പോകാത്തതായിരിക്കാം അതാണ് ആരെയും വഴിയിൽ കാണാത്തതെന്ന്...
സിനാജ് എന്നേക്കാൾ സീനിയറും സനോജ് എന്റെയൊപ്പം ഒരേ ക്ലാസ്സിൽ പഠിക്കുകയും. സനോജ് പേടിച്ചിട്ട് ഞങ്ങളെക്കാൾ കുറച്ചുമുന്നേ വച്ചുപിടിപ്പിക്കുകയാണ്. താമസിച്ചു ചെന്നാൽ ജോൺസാറിൽ നിന്നും നല്ലപെട ചന്തിക്കു കിട്ടുമെന്ന കാര്യം ഓർത്തപ്പോൾതന്നെ മുട്ടിടിക്കാൻ തുടങ്ങി. ക്ലാസ്സിൽ കയറാതെ ഇരുന്നാൽ അടി കിട്ടത്തുമില്ല പക്ഷേ അതിനുള്ള ധൈര്യം എനിക്കില്ലതാനും. അപ്പോൾ സനോജ് വിളിച്ചു പറഞ്ഞു
"എടാ ഞാൻ വേഗം പോകുവാണ് നിങ്ങൾ പെട്ടെന്ന് നടന്നു വായോ"
എന്നും പറഞ്ഞവൻ ഓടിപ്പോയി. അപ്പോൾ സിനാജ് പറഞ്ഞു എടാ നമുക്കിന്ന് ക്ലാസ്സിൽ കേറണ്ട അവനിട്ട് ഇന്നടികിട്ടും വെറുതെപോയി നമുക്കും അടി മേടിക്കണ്ട. അടിയെ പേടിച്ച് ഞാനും അവൻ പറഞ്ഞത് അംഗീകരിച്ചു. പക്ഷെ ഞങ്ങൾ അപ്പോളേക്കിനും സ്ക്കൂളിന്റെ അടുത്തുള്ള ഒരു ടീച്ചറുടെ വീടിനടുത്തെത്തിയിരുന്നു. ആ വീട്ടിൽ ആരുമില്ല. ടീച്ചർ കോട്ടയത്താണ് പഠിപ്പിക്കുന്നത്. ടീച്ചറുടെ മക്കളും കോട്ടയത്തു തന്നെയാണ് പഠിക്കുന്നതും. ഞങ്ങൾ ആ വീടിന്റെ സൈഡിൽ ഒതുങ്ങിയിരുന്നു കുറെയേറെ നേരം...
അരമുക്കാൾ മണിക്കൂറവിടെ ചിലവഴിച്ചിട്ട് ഞങ്ങൾ വന്നവഴിയിൽ നിന്നും മാറി ചെറിയൊരു വഴിയിൽക്കൂടി തിരിച്ചു നടന്ന് ഒരു കണ്ടത്തിന്റെ (വയൽ) നടുക്കിലൂടെ നടന്നു നടന്ന് മുത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയുടെ അടുത്തെത്തി, പള്ളി കോമ്പൗണ്ടിലെ പൈപ്പിൽ നിന്നും ദാഹം തീരുവോളം വെള്ളം കുടിച്ചു പള്ളിയുടെ മോണ്ടളത്തിൽ വിശ്രമിച്ചു. അവിടുന്നൊരു പത്തുമിനിറ്റ് നടന്നാൽ വീട്ടിലെത്താം പക്ഷേ ക്ലാസ്സിൽ കേറാതെ വീട്ടിൽ ചെന്നാൽ കിട്ടുന്ന അടിയെ പേടിച്ച് ഞങ്ങൾ പള്ളിക്കു ചുറ്റും കറങ്ങി നടന്നു...
റോഡിൽക്കൂടി ആളുകൾ പോകുന്നത് കാണുമ്പോൾ അവരെ കാണാതെ ഒളിച്ചുമാറി നിന്നുമൊക്കെ ഞങ്ങൾ സമയം തള്ളി നീക്കി. കണ്ടാൽ വീട്ടിൽ ചെന്നു പറയുമെന്നത് ഉറപ്പാണ്. അങ്ങനെ ഏകദേശം ഉച്ച, ഉച്ചര, ഉച്ചേമുക്കാലൊക്കെ ആയപ്പോൾ വിശപ്പിന്റെ വിളി തുടങ്ങി. ഇടദിവസമായതുകൊണ്ട് പള്ളി പരിസരത്തെങ്ങും ഒരാളുപോലുമില്ലാതിരുന്നത് ഞങ്ങളുടെ കള്ളത്തരത്തിന് അനുകൂലമായ അവസ്ഥ സൃഷ്ടിച്ചു...
പള്ളിയുടെ ജനലിൽക്കൂടി നോക്കിയപ്പോൾ സമയം ഒരുമണിയോടടുക്കുന്നു. പിന്നൊന്നും നോക്കിയില്ല പൈപ്പിൽ ചുവട്ടിൽപോയി കൈകഴുകി വന്നതിനുശേഷം നേരെ ചോറ്റും പാത്രമെടുത്ത് തുറന്നു പള്ളിമോണ്ടളത്തിലിരുന്ന് ചോറുകഴിക്കാൻ ഞങ്ങൾ ആരംഭിച്ചു. കഴിച്ചതിനു ശേഷം പത്രമൊക്കെകഴുകി ബാഗിൽ വച്ചിട്ട് മോണ്ടളത്തിലേയ്ക്ക് മെല്ലെ കിടന്നു. കഴിച്ചതിന്റെ ക്ഷീണം കിടന്നങ്ങു തീർക്കാമെന്നു വിചാരിച്ചു. കിടന്നപ്പാടെ വെളിയിൽ നല്ല കാറ്റുണ്ടായിരുന്നതിനാൽ ഞങ്ങളുറങ്ങിപ്പോയി. എത്ര നേരമുറങ്ങിയെന്നറിയില്ല സിനാജ് എന്നെ വിളിച്ചപ്പോളാണ് ഞാനുണർന്നത്. ഉണർന്നു നോക്കുമ്പോൾ അവൻ വയറിൽ പിടിച്ചു തിരുമ്മികൊണ്ട് മുഖം ചുക്കി ചുളുക്കിപ്പിടിച്ച് നിൽക്കുന്നു. എന്താടാ എന്നു ചോദിച്ചപ്പോൾ
"എനിക്കിപ്പോൾ തന്നെ ലണ്ടനു പോകണം വയറ്റിൽ വേദനയെടുത്തിട്ട് മേലടയെന്ന് അവൻ പറഞ്ഞു "
ഞാൻ മനസ്സിൽ പറഞ്ഞു അവനു തൂറാൻമുട്ടിയ സമയമേതായാലും കൊള്ളാം. രാവിലെ ഇതൊന്നും കഴിയാതെയാണോ സ്കൂളിലേയ്ക്ക് കെട്ടിയെടുത്തത്. ഞാൻ പറഞ്ഞു
"എടാ നീ സമയം കളയാതെ പള്ളിയുടെ കക്കൂസിൽ പോയി കാര്യം സാധിയ്ക്ക് "
മുസ്ലീമായ അവന് ക്രിസ്ത്യൻ പള്ളിയുടെ കക്കൂസിൽ പോകണ്ട അടുത്തുള്ള മാമിയുടെ (അപ്പന്റെ പെങ്ങൾ) വീട്ടിൽപോയി കാര്യം സാധിച്ചാൽ മതിയെന്ന്. പിടിച്ചൊരു എടക്കുത്തു കൊടുക്കാൻ തോന്നി. ഞാൻ ഓടിപ്പോയി ജനലിൽക്കൂടി സമയം നോക്കി. മണി മൂന്നര. ഞാൻ പറഞ്ഞു
"എടാ നീയൊരു അരമണിക്കൂറ് പിടിച്ചു നിൽക്കു അതു കഴിഞ്ഞ് മാമിയുടെ വീട്ടിൽ പോകാം"
കാരണം, അരമണിക്കൂറ് കഴിഞ്ഞാൽ സ്ക്കൂൾവിടും പിന്നെയിവിടുന്ന് നടന്നു ചെല്ലുമ്പോൾ അഞ്ചുമിനിറ്റാകും അപ്പോൾ ഏറെക്കുറെ കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചതുപോലെ നടക്കുകയും ചെയ്യും. ക്ലാസ്സിൽ കേറാത്ത കാര്യം ആരുമറിയത്തുമില്ല. പക്ഷെ അവന്റെ കാര്യം ശ്രീനിവാസൻ ഒരു മറവത്തൂർ കനവിൽ പറഞ്ഞതുപോലെ
'കുണ്ടിക്കുള്ളിൽ ഗുണ്ടിരിക്ക് മാമ'
എന്ന അവസ്ഥയിലായിരുന്നു. എന്റെ അപേക്ഷകളെല്ലാം അവൻ തള്ളിക്കളഞ്ഞു.
"ഒരര മണിക്കൂറ് പ്ലീസ് ഡാ".
അപ്പോളേക്കിനും അവന്റെ കൈയ്യിലേയും കാലിലേയുമൊക്കെ ചെമ്പൻ രോമങ്ങൾ എണീറ്റ് നിന്ന് ജനഗണമന പാടാൻ തുടങ്ങി. ഇനി അവനെ പിടിച്ചാൽ കിട്ടില്ലെന്ന് എനിക്കുറപ്പായി. ആകെ മൊത്തം ടോട്ടൽ നാറ്റക്കേസാകുമെന്നു കണ്ടതും അവൻ ബാഗുമെടുത്ത് 'പടച്ചോനേ കാത്തോളി' എന്നും പറഞ്ഞൊരോട്ടമായിരുന്നു സൂർത്തുക്കളെ മാമിയുടെ വീട്ടിലേയ്ക്ക്. കൂടെ മനസ്സില്ലാ മനസ്സോടെ എനിക്കും ഓടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു...
അങ്ങനെ അവൻ കാര്യം സാധിച്ചു വിജയീശ്രീലാളിതനായി വന്നപ്പോൾ മാമി ഞങ്ങൾക്കു രണ്ടുപേർക്കും ഓരോ സുലൈമാനി ഇട്ടുതന്നു. എനിക്കപ്പോൾ അവനോടു പറയണമെന്നുണ്ടായിരുന്നു നീ 'സുലൈമാനല്ല പഹയാ ഹനുമാനാണെന്ന് '. കാരണം ഹനുമാൻ മരുത്വാമലയുമായി പോയതുപോലല്ലേ പഹയൻ ഓടിയത്...
സുലൈമാനി കുടിച്ചു കഴിഞ്ഞപ്പോൾ ക്ലോക്കിൽ നാലുമണി മുഴങ്ങി. ഇനിയൊരു അഞ്ച് മിനിറ്റ് നടന്നാൽ വീടെത്തി. വീട്ടിലെത്തിയതും ചേട്ടൻ ചോദിച്ചു ഇന്നേന്താടാ നേരത്തെ ഞാൻ ചേട്ടന് മുഖം കൊടുക്കാതെ പറഞ്ഞു ഒരു പീരിയഡ് നേരത്തെവിട്ടെന്ന്. ചേട്ടനത് വിശ്വസിച്ചു. അങ്ങനെയത് ഓക്കേയായി. ഡ്രസ്സുമാറി വന്നപ്പോളേക്കിനും അമ്മ കട്ടൻകാപ്പി കൊണ്ടെ തന്നു. കുടിക്കാതിരിക്കാൻ പറ്റില്ലല്ലോ. പിന്നതും കുടിച്ചതിനുശേഷം നേരെ കളിക്കളത്തിലേയ്ക്ക്...
ചേട്ടൻ ട്യൂഷൻ പഠിപ്പിക്കാൻ ബന്ധുവീട്ടിൽ ചെന്നപ്പോൾ അവിടാരും സ്ക്കൂൾവിട്ടു വന്നിട്ടില്ല. നാലരയായപ്പോളാണ് അവരും മറ്റു കുട്ടികളും സ്കൂൾവിട്ടു വന്നത്. ചേട്ടൻ ട്യൂഷൻ പഠിപ്പിക്കുന്ന വീട്ടിലെ അവനോട് ചോദിച്ചു
"എന്താടാ ഇത്ര ലേറ്റായത് നീയിത്ര നേരം എവിടെ കറങ്ങി നടക്കുവായിരുന്നെന്ന് "
അവൻ പറഞ്ഞു ഞാനെങ്ങും കറങ്ങി നടന്നില്ല സ്ക്കൂൾ വിട്ടതും നേരെ വീട്ടിലോട്ടു പോന്നു. ഇച്ചിരി ഉഴപ്പനായ അവന്റെ വാക്കിന് വില കൽപ്പിക്കാതെ ചേട്ടൻ പറഞ്ഞു
"ഇന്ന് ഒരു പീരിയഡ് നേരത്തെ വിട്ടതല്ലേടാ എന്നിട്ട് നീ മാത്രമെന്താണ് താമസിച്ചത് "
അപ്പോൾ അവന്റെ പെങ്ങളും ഒരേ സ്കൂളിലാണ് പഠിക്കുന്നത് അവൻ അവളെക്കൊണ്ട് ചോദിപ്പിച്ചു
"എടീ ഇന്ന് ഒരു പീരിയഡ് എല്ലാരെയും നേരത്തെ വിട്ടോ?
അവൾ പറഞ്ഞു
" ഇല്ലല്ലോ"
"പിന്നെ മനോജാക്കെ എങ്ങനെ നേരത്തെ വന്നു?
ചേട്ടൻ ചോദിച്ചു
"അവരെയും ഇന്ന് നേരത്തെ വിട്ടില്ലല്ലോ"
അവൾ പറഞ്ഞു
അപ്പോൾ ചേട്ടന് വിശ്വാസമായി. പക്ഷേ ഞാൻ നുണ പറയുമെന്ന് ചേട്ടൻ വിശ്വസിച്ചില്ല...
ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ വന്ന ചേട്ടൻ എന്നെ കുടുംബകോടതിയിൽ ഹാജരാക്കി. അമ്മയും ചേട്ടനും കൂടിയുള്ള വാദപ്രതിവാദങ്ങളിൽ എനിക്ക് പിടിച്ചു നിൽക്കാനാവാതെ സത്യങ്ങൾ തുറന്നു പറയേണ്ടിവന്നു. ശിക്ഷയും വിധിച്ചു. ഈർക്കിലി ചൂലിൽ നിന്നും മൂന്നാല് ഈർക്കിലികൾ എടുത്ത് അമ്മ മുട്ടിന് താഴോട്ട് അറഞ്ചം പുറഞ്ചം അടിച്ച് ശിക്ഷ പാസ്സാക്കി. എന്നിട്ടൊരു താക്കീതും തന്നു. ഇനി അവനുമായിട്ടൊരു കൂട്ടുകെട്ടും വേണ്ട...
സനോജ് വീട്ടിൽ വന്നപ്പോൾ സിനാജിന്റെ വീട്ടിലും ഈ കാര്യങ്ങളൊക്കെ അറിഞ്ഞ് എന്നേക്കൂടി ചീത്തയാക്കിയതിന് അവനും ഉമ്മയുടെ അടുത്ത് നിന്നും കിട്ടി നല്ല 'മധുരപലഹാരങ്ങൾ'. വെള്ളംകോരാൻ കിണറ്റുംകരയിലെത്തുമ്പോൾ അമ്മയും ഉമ്മായും തമ്മിൽ ഹൃദയങ്ങൾ കൈമാറുമ്പോൾ എല്ലാം പരസ്പരം മനസ്സിലാക്കുമല്ലോ...
പിറ്റേന്ന് സ്ക്കൂളിൽ ചെന്ന് ഇന്റർവെല്ലിന്റെ സമയത്ത് ഗ്രൗൻഡിൽ വെട്ടിയിട്ട് തൊലികളഞ്ഞ ആഞ്ഞിലിമരത്തിന്റെ തടിയിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു വീട്ടിൽ നിന്റെകൂടെ കൂട്ടുകൂടണ്ട എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അവനൊന്നു ചിരിച്ചു. ബെല്ലടിച്ചപ്പോൾ ഞങ്ങൾ രണ്ടും പരസ്പരം കൈകോർത്തു ചിരിച്ചുകൊണ്ട് അവനവന്റെ ക്ലാസ്സ് മുറിയിലേയ്ക്ക് നടന്നു. ക്ലാസ്സിൽ കേറുന്നതിന് മുന്നേ ഞാനവനെ നോക്കി കളിയാക്കി ചോദിച്ചു
"എടാ ഇന്ന് ലണ്ടനിൽ പോയിട്ടാണോ വന്നത് "
അവനതു കേട്ടതും പൊട്ടിച്ചിരിച്ചു.
ആ സുഹൃത്ത് ബന്ധം ഇപ്പോഴും തുടരുന്നു.
നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു വലിയപാഠം എന്താണെന്നുവച്ചാല്
"കക്കാൻ മാത്രം പഠിച്ചാൽപോര നിക്കാനും പഠിക്കണം"
ഇല്ലെങ്കിൽ ഇതുപോലെ എട്ടിന്റെ പണികിട്ടും.
ചില സാഹചര്യങ്ങളിൽ നമ്മൾ നുണപറയാൻ നിർബ്ബന്ധിതരാകും. അത് ചിലരെ രക്ഷപ്പെടുത്താൻ വേണ്ടിയാകും. ഏതൊരു കള്ളത്തരവും പൊളിയാതിരിക്കണമെങ്കിൽ അതിന് വ്യക്തമായ പ്ലാനിങ്ങ് ഉണ്ടായിരിക്കണം. പിള്ളേരായ ഞങ്ങളുടെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് 'കോംപ്ലാൻ' മാത്രമായിരുന്നു....
.............................✒ മനു ............................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക