Slider

** മൂവാണ്ടൻ മാവ് വീണ്ടും ചിരിച്ചു**

0
(ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്തൊരു കഥയാണിത്..എന്റെ കഥകളിൽ ഞാൻ മനസ്സിൽ താലോലിക്കുന്ന ഒരെണ്ണമാണിത്..ഇപ്പോൾ, ഈ സമയത്ത് ഒന്നുകൂടെ ഇടണമെന്ന് തോന്നി. വായിച്ചവരോട് ക്ഷമിക്കാൻ പറയുന്നില്ല, ഒന്നുകൂടെ വായിക്കൂ...എഴുത്തിന്റെ മികവ് കൊണ്ടല്ല, പറയാൻ ശ്രമിച്ച പ്രമേയത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം )
-------------
** മൂവാണ്ടൻ മാവ് വീണ്ടും ചിരിച്ചു**
ഒരു ദീർഘനിശ്വാസത്തിന്റെ മാത്രം അകലത്തിലായിരുന്നു എൻറെ തറവാടും മാധവിയമ്മയുടെ വീടും. എൻറെ വല്യഉമ്മയും അവരും വലിയ ലോഹ്യക്കാരായിരുന്നു. വെറ്റില മുറുക്കി കഥകൾ പറഞ്ഞിരിക്കുമ്പോൾ ഞാനും അരികിൽ ചേരും.
"അമ്മമ്മേ......” എന്ന് ഞാൻ വിളിക്കുമ്പോൾ ചിരിച്ചുകൊണ്ട് മുണ്ടിന്റെ കോന്തലയിൽ നിന്ന് അരിമുറുക്കെടുത്തു എനിക്ക് തരും. പക്ഷെ അന്നെനിക്കറിയില്ലായിരുന്നു കോരേട്ടനോട് വഴക്കിട്ട് കടമായി എനിക്ക് മാത്രമായി വാങ്ങികൊണ്ടു വന്നതാണ് അതെന്ന്. രാവിലെ ഊറ്റിവെച്ച ചോറിനെ ഉച്ചക്കേക്കും രാത്രിയിലേക്കും നീട്ടി വിശപ്പിന്റെ വാതിൽപ്പടികളെ സാക്ഷയിട്ടൊതുക്കാൻ അവർ ശ്രമിക്കുകയായിരുന്നെന്നും ആ കുഞ്ഞുനാളിൽ എനിക്കറിയില്ലായിരുന്നു. എങ്കിലും അവരെ പട്ടിണിക്കിടാൻ ഞങ്ങളുടെ വല്യഉപ്പ സമ്മതിച്ചിരുന്നില്ല. വല്യഉപ്പ വല്യഉമ്മാനോട് പറയും:
“നബീസു.....നീ നിക്കരിച്ചാലും ഓതിയാലും മാത്രം പോരാ...അങ്ങട്ടേലും ഇങ്ങട്ടേലും നോക്കണം. അയലക്കക്കാര് പട്ടിണി കെടക്കുമ്പം ഏമ്പക്കം ഇട്ട് തിന്നുന്നോര്‌ ൻറെ കൂട്ടത്തിൽ കൂടണ്ടന്നാ ഞാളെ ഹബീബായ നബി പറഞ്ഞെ”
പകരം കഴിഞ്ഞ കന്നി മാസം മുതൽ കൂട്ടിവെച്ച ചില്ലിത്തുട്ടുകൾ കൊണ്ട് ഓണത്തിന് പായസമുണ്ടാക്കി മക്കളെഴുന്നേൽക്കുന്നതിനു മുമ്പ് ഞങ്ങൾക്ക് കൊണ്ട് വന്നു തരും അമ്മമ്മ.
അടുക്കള സാധനങ്ങളിൽ അമ്മമ്മ അധികവും മറന്നുപോകുന്ന ഒന്നുണ്ട്-തീപ്പെട്ടി. അപ്പോൾ വൈകുന്നേരങ്ങളിൽ ഒരു വിളി കേൾക്കാം:
" “ കദീജാ.....കൊറച്ചു തീ ഇങ് താ മോളെ"
തീപ്പെട്ടിക്കൊള്ളി ഇല്ലെങ്കിൽ ഉമ്മ തീക്കനൽ കോരി ചിരട്ടയിലോ ചകിരിത്തൊണ്ടിലോ ആക്കി ഇരു വീടിന്റെയും അതിരിലുള്ള മൂവാണ്ടൻ മാവിന്റെയടുത്തു വെക്കും. അമ്മമ്മ അതെടുത്തുപോകും. ചിരട്ടയിൽ ഈ കനലും പിടിച്ചു ഇരുവരും എത്ര തവണ നടന്നിട്ടുണ്ടെന്നറിയില്ല, എന്നാൽ ആ കനൽ ഒരിക്കലും അവരെ പൊള്ളിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?
**********
ഒഴിഞ്ഞ പാടത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഓടിക്കിതച്ചൊരു വിളിയെത്തി:
" അമ്മമ്മക്ക് സൊകയില്ല...ബേഗം ബാ ..ഡാക്ട്രടെത്തു പോകാനാ..."
ആണായിട്ട് അയലത്തെ പുരുഷുവേട്ടൻ മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. അമ്മമ്മക്ക് ബോധം മറഞ്ഞുകൊണ്ടിരിക്കുന്നു
”എടാ, നീ ഏതായാലും രവിയുടെ വണ്ടി പിടിച്ചു വാ, ബാലൻ ഡോക്ടറുടെ അടുത്തൊന്നു പോയേക്കാം. മാധവൻ വരുന്നത് വരെ കാത്തിരിക്കുന്നത് ശരിയല്ല “
കാർ പകുതിദൂരം പിന്നിട്ടപ്പോൾ എൻറെ മടിയിൽ തല വെച്ച് കിടന്നിരുന്ന അമ്മമ്മ ഒന്ന് പുളഞ്ഞു. തൊണ്ടക്കുഴിയിൽ നിന്ന് ഭീതിജനകമായ ഒരു മുരൾച്ച പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നു. മുഖത്തെ പേശികളിലൂടെ ഒരു നീല മിന്നൽപിണർ പാഞ്ഞു. കൈയിലെ ഞരമ്പുകൾ ആരെയോ മാന്തിപ്പറിക്കാനായി ത്രസിച്ചു....പിന്നെ എല്ലാം നിശ്ചലമായി. ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് ഞാൻ കണ്ടതൊരു മരണമാണെന്ന് അറിഞ്ഞത്.
അന്ന് ഞങ്ങളുടെ വീട്ടിൽ ആർക്കും വിശന്നില്ല. അപ്പുറത്തെ പറമ്പിലെ ചിതയിൽ നിന്നുയരുന്ന ചിന്തകളാൽ സമൃദ്ധമായിരുന്നു അന്നത്തെ ഭക്ഷണം.
രണ്ടു വർഷം കഴിഞ്ഞു വല്യഉമ്മ മരിച്ചതിനു ശേഷം ഞങ്ങൾ സ്വന്തമായെടുത്ത വീട്ടിലേക്ക് താമസം മാറി. മാധവിയമ്മയുടെ വീട്ടിൽ ഇപ്പോൾ അവരുടെ മൂത്ത മകളും കുട്ടികളുമാണ്. ഞങ്ങളുടെ തറവാട്ടിലും പുതിയ തലമുറയാണ്.
***********
ഒരു മാസം മുമ്പ് വീണ്ടും "തീ" ഇരുവീട്ടിലും എത്തി:
- മാധവിയമ്മയുടെ ചെറുമകൻ അജീഷ് എൻറെ തറവാട്ടിലെ ഇളം തലമുറക്കാരിയായ മൈമൂനയെ രാത്രി ജനാലയിലൂടെ നോക്കി-
“അവൻ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, ഇനി വിടാൻ പറ്റില്ല" ....നാട്ടിലെ ഒരു വിഭാഗം സംഘടിച്ചു.
”അനീഷ് ആണാണ്.....വേണമെങ്കിൽ പകൽ പോകും...വിടില്ല ഞങ്ങൾ......" മറ്റേ വിഭാഗവും സംഘടിച്ചു. ഞാൻ അവിടെ എത്തുമ്പോഴേക്കും എൻറെ തറവാടും മാധവിയമ്മയുടെ വീടും ഭാഗികമായി അഗ്നിക്കിരയായിക്കഴിഞ്ഞിരുന്നു.
എന്നോട് ആരും ഒന്നും സംസാരിച്ചില്ല. തളർന്ന മനസ്സുമായി ഞാൻ എൻറെ പ്രിയപ്പെട്ട മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു.
നാവിൻ തുമ്പത്ത് അരിമുറുക്കിന്റെ കിരുകിരുപ്പ് പതഞ്ഞു പൊന്തിയപ്പോൾ മൂവാണ്ടൻ മാവ് എനിക്ക് വേണ്ടി രണ്ടു കണ്ണീരിലകൾ പൊഴിച്ചു.
***************
അടച്ചിട്ട മുറിയിലിരിക്കുന്ന മൈമൂനയെ ഞാനും പുരുഷുവേട്ടനും വിളിച്ചു :
"”നീ കണ്ടോ മോളെ അവനെ ?
”ഇല്ല ഇക്കാ...അത് അജീഷല്ല....അവൻ അങ്ങിനെ പെരുമാറില്ല...ഞാൻ മുഖം വ്യക്തമായി കണ്ടിട്ടില്ല "
"എന്ത്......പിന്നെ ഈ ഉണ്ടായതൊക്കെ? .. "
”ഞാൻ പറയുന്നത് ആരെങ്കിലും കേൾക്കേണ്ടേ? നൗഫലിക്കാനെ എല്ലാവരും പറഞ്ഞു ചൂടാക്കി.....പെങ്ങളെ പിടിക്കാൻ വന്നിട്ട് മിണ്ടാതിരിക്കുന്ന നീ ആണാണോ എന്നൊക്കെ എന്നെ തല്ലാനും വന്നു".അവൾ കരയാൻ തുടങ്ങി
അജീഷിനെ ഞങ്ങൾ കണ്ടു:
”ഇക്കാ.....ഞാനത് ചെയ്യോ...?..എനിക്ക് മൈമൂന പെങ്ങളെപ്പോലെയല്ലേ?”അവന്റെ തൊണ്ടയിടറി
”പിന്നെ നീയെന്താ ഞങ്ങളോട് ഇത് പറയാതിരുന്നത് ? ഈ അക്രമം തടയാതിരുന്നത് ?”
“ഞാൻ ആവുന്നത് ശ്രമിച്ചു....അവർ എന്നെ മുറിയിൽ പൂട്ടിയിട്ടു പറഞ്ഞു : നീ അനങ്ങരുത്.... ഇടപെടാൻ നോക്കിയാൽ......" അവന്റെ വാക്കുകൾ മുറിഞ്ഞു
*************
ഇന്ന് ഞങ്ങൾ വീണ്ടും മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വന്നു നിന്നു. സന്തോഷത്തിന്റെ ദിവസമാണ് ഇന്ന്. . നന്മ നഷ്ടപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ് കിട്ടിയതിന്റെ സന്തോഷം.
കലങ്ങിയ കണ്ണുമായ് നൗഫൽ കൊണ്ടുവന്ന ചിരട്ടക്കനൽ വിറയാർന്ന കൈകളാൽ അജീഷ് എടുത്തു വീട്ടിലേക്ക് കൊണ്ടുപോയി.
വർഷങ്ങൾക്ക് ശേഷം മൂവാണ്ടൻ മാവ് ആ വിളി വീണ്ടും കേട്ടു:
“കദീജാ...കൊറച്ചു തീ ഇങ് താ മോളെ...."
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo