നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈയാംപാറ്റയുടെ മണം ❤️


——————————————————
ആകാശവും ഭൂമിയും ഒരു പോലെ ചൂടു പിടിച്ചൊരു ഉച്ച സമയം .
തുറന്നിട്ട ഒറ്റപ്പാളി ജനലിലൂടെ വെയിൽ ഇരച്ചു കയറി മണ്ണ് തേച്ചു മിനുക്കിയ തറയിലൊരു ദീർഘചതുരം സൃഷ്ടിച്ചിരുന്നു .കാൽമുട്ടിന് കീഴെ വെയിലേറ്റു ചൂടാകാൻ തുടങ്ങിയപ്പോൾ അയാൾ മെല്ലെ ഒന്നനങ്ങി ,ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു .വീർത്തു വേദനിച്ച അയാളുടെ കൺപോളകൾ കൃഷ്ണമണികളിൽ പ്രഹരമേല്പിച്ചു കൊണ്ട് വീണ്ടും അടഞ്ഞു .
സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള ഈ നിമിഷമേതെന്ന് അയാൾ സ്വയം പരതി .. ഓർമ്മകളും ചിന്തകളും ശൂന്യമായ പോലെ...ഗാഢമായ തന്റെ ഉറക്കത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അയാൾക്കോർക്കാനായില്ല ....പായക്കരികിലായി , തറയിൽ ചിതറിക്കിടക്കുന്ന ഈയാംപാറ്റകളുടെ ചിറകുകളിലേക്ക് ഒരു നിമിഷം അയാളുടെ നോട്ടം പതിഞ്ഞു .
പായയും തലയിണയും ഒന്നിച്ചു ചുരുട്ടി ചുവരിനോട്‌ ചേർത്ത് വെച്ചു പ്രയാസത്തോടെ അയാൾ എണീറ്റു .
ഒറ്റ മുറി വീടായിരുന്നു അത് . കുമ്മായം അടർന്നു വീണ ഭിത്തികൾ മുറിവേറ്റ തന്റെ ഭൂതകാല ജീവിതത്തെ അയാളെ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു ..പണ്ടെന്നോ തൂക്കിയിട്ടിരുന്ന ഘടികാരം ബാക്കിയാക്കിയ വൃത്തം മാത്രം ആ ചുവരിൽ ഇന്നുമൊരു ശേഷിപ്പായിട്ടുണ്ട് . അയാളോളം പൊക്കമുള്ള തടി കൊണ്ടുള്ള അലമാര മാത്രമായിരുന്നു ആ വീട്ടിലെ ഏക ആർഭാടം ..ചിലരെല്ലാം കുറച്ചു നാളുകൾ ഉപയോഗിച്ച ശേഷം നൽകിയിരുന്ന കീറിയതും , കുടുക്കുകൾ വിട്ടതുമായ ഷർട്ടുകളും , മുണ്ടുകളും അയാളാ അലമാരയിൽ കുത്തി നിറച്ചിരുന്നു .
നേർത്ത തോർത്ത് മുണ്ട് അരയിൽ ചുറ്റി അയാൾ മുറ്റത്തേക്കിറങ്ങി ..തലേന്ന് പെയ്ത മഴ ബാക്കിയാക്കിയ നനവ് മുറ്റത്തു ദൃശ്യമായിരുന്നു .
തല വഴി തണുത്ത കിണർ വെള്ളം കോരിയൊഴിച്ചപ്പോൾ അയാൾക്ക് ഉന്മേഷം അനുഭവപ്പെട്ടു . രണ്ട് ദിവസമായി വെള്ളം കാണാത്ത ശരീരത്തിൽ ചകിരി നാരുകൾ ഉരഞ്ഞപ്പോൾ അയാൾക്ക് വേദനിച്ചു .
കുളിയേകിയ അല്പായുസ്സുള്ള ഉന്മേഷത്തെ കൂട്ട് പിടിച്ചു ,വസ്ത്രം മാറി വീട് പൂട്ടി അയാളിറങ്ങി .
റബ്ബർ തോട്ടത്തിനടുത്തായിരുന്നു അയാളുടെ വീട് .മുപ്പതാണ്ടുകൾക്ക് മുൻപ് തെക്കു ദേശത്തു നിന്നും ജോലിയന്വേഷിച്ചു പുറപ്പെട്ടതായിരുന്നു അയാൾ .അലച്ചിലിനൊടുവിൽ ചുരം കയറി വടക്കു ദേശത്തെ ഈ മണ്ണിൽ കാലുറപ്പിച്ചപ്പോൾ ആദ്യമായി ജോലി നൽകിയത് വറീത് മാപ്ല ആയിരുന്നു .. രണ്ടരയേക്കറോളം പോന്ന സ്ഥലത്തു വറീത് മാപ്ല റബ്ബർ തൈകൾ നട്ട സമയമായിരുന്നു അത് ..രാത്രി കാലങ്ങളിൽ തൈകൾ നശിപ്പിക്കാനിറങ്ങുന്ന മൃഗങ്ങളിൽ നിന്നും തോട്ടത്തിന് കാവലായി ഒരാളെ വേണ്ടിയിരുന്നു ..കാവൽ ജോലി ഏൽപ്പിക്കുന്നതോടൊപ്പം തോട്ടത്തോട് ചേർന്നുള്ള ഒറ്റമുറി വീടും അയാൾക്ക് നൽകി .. മരിക്കും മുൻപേ അയാളുടെ പേരിലേക്ക് ആ വീടും പുരയിടവും എഴുതി നൽകാനുള്ള സന്മനസ്സും വറീത് മാപ്ല കാണിച്ചു .
റബ്ബർ മരങ്ങളേകിയ തണലിന്റെ കുട ചൂടി അയാൾ നിരത്തിലേക്കിറങ്ങി ..
മിതഭാഷിയായിരുന്ന അയാൾ ഭൂമിയിലേക്ക് ഉറ്റു നോക്കിയായിരുന്നു നടക്കാറ് ..തന്റെ ആത്മസംഘർഷങ്ങളെല്ലാം നോട്ടങ്ങളിലൂടെ ഭൂമിയിലേക്ക് അയാൾ എറിഞ്ഞു കൊടുക്കുമായിരുന്നു ..
ഭൂമിയുടെ കണ്ണീർ വാഹകരായ പുഴകളെയും അയാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു .പുഴയിലിറങ്ങി ഇടക്കെല്ലാം ഏങ്ങിയേങ്ങി അയാൾ കരയാറുണ്ട് ,തന്റെ ഓരോഹരി ഭൂമിയുടെ കണ്ണീരിലേക് നൽകാനെന്നവണ്ണം .....
വിശാലമായ വരാന്തയുടെ അറ്റത്തെ ചാരുകസേരയിലിരുന്നു പത്ര പാരായണത്തിലായിരുന്നു ആമിനുമ്മ .മുരൾച്ചയോടെ ഗേറ്റ് തള്ളിത്തുറന്നു അകത്തേക്ക് കയറിയ അയാളെ കണ്ട മാത്രയിൽ , പത്രം കസേരയിലേക്കിട്ട് ,വായിലുള്ള മുറുക്കാൻ നീട്ടിത്തുപ്പി , അയാൾക്ക് നേരെ ആമിനുമ്മ ചെന്നു ..
"ന്തേയ് ബാലാ ...
രണ്ടീസായല്ലോ അന്നെ ഈ വഴിക്ക് കണ്ടിട്ട് ?
തീറ്റെം കുടീം ഒന്നുല്ലേയ്‌നോ രണ്ടീസം ? അതോ മൊയ്തീന്റെ പൊരേൽ പോയി തിന്നോ രണ്ടീസവും ?"
"ആ .. തന്നെ .. അവിടന്നാ രണ്ടീസം കഴിച്ചേ .."
പട്ടിണി വിഴുങ്ങിയ വയർ പല ശബ്ദങ്ങളിൽ ആ പറഞ്ഞ കളവിനോടുള്ള പ്രതിഷേധം അറിയിച്ചു .വില കുറഞ്ഞ കളവിന്റെ ഭാരം അയാളുടെ മുതുകിനെ വീണ്ടും ഭൂമിക്ക് നേരെ താഴ്ത്തി ..
"വേം വടക്കിനിയിലേക്ക് ചെല്ല് .. ചോറും കറീം ലീല എടുത്തു തന്നോളും .."
അയാൾ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു ..
" നാളെ മക്കളൊക്കെ വരണുണ്ട് ..ഒരു കല്യാണത്തിനുള്ള ആളുകൾ തന്നേണ്ടാവും .. ഇന്ന് വൈന്നേരം പോയി പീടികയിന്ന് സാധനങ്ങൾ കൊണ്ടോരണം ... "
"ആ ,പിന്നെ പോത്തെറച്ചിയും ആട്ടെറച്ചിയും നാളെ രാവിലെ പോയിട്ടും വാങ്ങണം ...
ഈ കാര്യം മറക്കരുത് ട്ടോ ബാലാ ...."
തെല്ലുച്ചത്തിൽ അയാളോടായി ആമിനുമ്മ വിളിച്ചു പറഞ്ഞു .. ശേഷം നെഞ്ചിൽ കൈ വെച്ചു അർദ്ധാത്മഗതമെന്ന പോലെ പറഞ്ഞു ,
"പാവാണ് ..
അതിനെ കാത്തോളണേ ന്റെ ബദ്‌രീങ്ങളെ ..."
രണ്ട് പ്ളേറ്റ് ചോറ് കഴിച്ചു വയറിന്റെ പ്രതിഷേധത്തെ അയാൾ തച്ചമർത്തി ..വാരിയെല്ലുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന ഹൃദയത്തിനെന്ത്‌ നൽകി ആശ്വസിപ്പിക്കണമെന്ന് അയാൾക്കജ്ഞാതമായിരുന്നു ....
വേദനയിറ്റ് വീഴുന്ന മനസ്സും , ചിന്തകൾ ചൂളം വിളിക്കുന്ന ശിരസ്സുമായി അയാൾ വീണ്ടും പായയിലേക്ക് ശരണം തേടി ..രണ്ട് ദിവസമായിട്ടും ശമനം കിട്ടാത്ത തന്റെ വിഹ്വലതകളെ അയാളിപ്പോൾ ഭയപ്പെടാൻ തുടങ്ങിരുന്നു ..
ഏതോ അഗാധ ഗർത്തത്തിലേക്ക് സത്തത്തെ തള്ളിയിടാനുള്ള അനൈഛികമായ വെപ്രാളത്തെ അയാൾ അറിഞ്ഞു .ജീവിതത്തിലെ കയ്‌പ്പേറിയ നിമിഷങ്ങളോടെല്ലാം ഒരു പരിധി വരെ പൊരുതിയിരുന്നു അയാളെന്നും ..എന്നാൽ ഇന്നാ ശക്തി അയാളിൽ നിന്നും ചോർന്നിട്ടുണ്ട് .മനസ്സിന്റെ കോണിൽ നല്ല നിമിഷങ്ങളെ അയാൾ പരതി ..അവയെ ഒന്നു കൂടെ താലോലിക്കാൻ കൊതിച്ചു ..പക്ഷെ , നിരാശയായിരുന്നു ഫലം .
തന്റെ മകൾ വിധവയായിരിക്കുന്നു ..
വിധവ..
വിധവ...
പലയാവർത്തി ആ പദം അയാളുരുവിട്ടു ..കരഞ്ഞു ചീർത്ത മിഴികൾ വീണ്ടും നനയാനാരംഭിച്ചു ...
മരുമകന്റെ ചേതനയറ്റ ശരീരം അഗ്നിയേറ്റു വാങ്ങുന്നത് കണ്ടു ,വന്നു കിടന്നതായിരുന്നു രണ്ട് ദിവസങ്ങൾക്ക് മുന്പത്തെയാ കിടത്തം ..രാപ്പകൽ മാറുന്നതറിയാതെ ,ബോധ -അബോധാവസ്ഥയുടെ നേർത്ത ചരടിൽ കൂടെയുള്ള രണ്ട് ദിവസങ്ങൾ ..
മകളുടെ ആർത്തനാദം വീണ്ടും അയാളുടെ കർണ്ണപുടങ്ങളിൽ അലയടിച്ചു .വെപ്രാളത്തോടെ ഇരു ചെവികളും പൊത്തിപിടിച്ചു ..
മകളുടെ ചിരി മാഞ്ഞ ചുണ്ടുകളും ,ചെഞ്ചോപ്പ് പുരളാത്ത സീമന്തരേഖയും അയാളുടെ വേദനകൾക്ക് മേൽ വീണ്ടും ആഞ്ഞു പതിച്ചു ..
അച്ഛനെന്ന നിലയിൽ തീർത്തും പരാജയമായിരുന്നിട്ടും , പുഞ്ചിരിയിലൂടെ തനിക്ക് സ്നേഹം ഏകിയ പൊന്നു മോൾ ..അഞ്ചു വയസ്സ് വരെ മാത്രം ലഭിച്ച താലോലിക്കാനുള്ള ഭാഗ്യം , ആയുഷ്ക്കാലം മുഴുവൻ ഓർക്കാനുള്ള സ്നേഹമായായിരുന്നു പരിണമിച്ചത് ..
വർഷങ്ങൾക്ക് മുൻപത്തെയാ ബാലനെ കടലിന്നഗാധതയിൽ മുത്തും പവിഴവും തേടുന്ന ഉദ്വേഗത്തോടെ അയാൾ മനസ്സിലാകെ പരതി .
ഇളം പ്രായത്തിലേ ഭാരമെടുത്തു ,നെയ്തുണ്ടാക്കിയ ഉരുക്കു ശരീരമുള്ള ,കറുത്ത ,സുമുഖനായിരുന്നു അയാൾ .രാത്രിയിലെ വറീത് മാപ്ലയുടെ തോട്ടം കാവൽ ജോലിക്ക് പുറമെ കരിങ്കൽ ക്വാറിയിലെ പണിക്കും ,കെട്ടിടം വാർക്കുന്ന പണികൾക്കുമെല്ലാം അയാൾ ആവേശത്തോടെ പോയിരുന്നു .സന്ധ്യ മയങ്ങും മുൻപേ കുടുംബത്തിലേക്കെത്തിച്ചേരാൻ ആവേശം പൂണ്ടിരുന്ന കുടുംബനാഥനായിരുന്നു അയാൾ .
എല്ലാം തകർന്നത് മോളുടെ കുഞ്ഞിളം വിരലുകളും തൂക്കി പിടിച്ചു അവൾ വീട് വിട്ടിറങ്ങിയപ്പോയായിരുന്നു .അതിനു നിമിത്തമായി വർത്തിച്ചത് അയാളുടെ പ്രവർത്തികളും .
ആരോഗ്യവും സൗന്ദര്യവും അഹങ്കാരത്തിലേക്ക് വഴി മാറിയ ആ നാളുകൾ ..
ജോലി തേടി അന്യദേശക്കാർ ചുരം കയറിയെത്തിയപ്പോൾ ,നന്മ മുറ്റിയ മനസ്സിനെ ദുർബലമാക്കി അയാളും അവരിലേക്ക് ചെന്നെത്തുകയായിരുന്നു ...മദ്യത്തിന്റെ ലഹരി മദോന്മത്തനാക്കിയ നാളുകൾ ...ലഹരിക്കടിമപ്പെട്ട് , സ്ത്രീകളെ കൈയും കലാശവും കാണിച്ചു വശത്താക്കുന്ന സ്ത്രീലമ്പടനിലേക്കും അയാൾ മാറി ....ലഹരി സർപ്പത്തെപ്പോൽ ഫണം വിരിച്ചു നിന്നപ്പോൾ അയാൾ കുടുംബത്തെ മറന്നു .. അർദ്ധരാത്രിയിലും മദ്യസേവക്കായി സമയം നീക്കി വെച്ചപ്പോൾ ,അടച്ചുറപ്പില്ലാത്ത വാതിലിൽ കേട്ട തട്ടലുകൾ അവളെ ഭയചകിതയാക്കിയിരുന്നു ..
ചെമ്പകത്തിന്റെ നിറവും മണവുമായിരുന്നവൾക്ക് ...
സ്ത്രീകളോടുള്ള കൈ ക്രിയകൾ അധികരിച്ചു ,തനി വഷളനായി അയാൾ പരിണമിച്ചപ്പോൾ ,ജീവിതത്തിൽ നിന്നും അടർന്നു വീണത് ചെമ്പകത്തിന്റെ മാർദ്ദവം കൂടെ ആയിരുന്നു ....
അവളും മകളും ഉപേക്ഷിച്ചു പോയതിൽ പിന്നെയാണ് അയാൾക്ക് വീണ്ടുവിചാരമുണ്ടായത് ..എന്നാൽ താണു കേണപേക്ഷിച്ചിട്ടും അവൾ തിരികെ വന്നില്ല ....അവളിലെ സ്ത്രീ അത്രയധികം അധിക്ഷേപിക്കപ്പെട്ട് കഴിഞ്ഞിരുന്നു ..
അത്രയും നാൾ അയാൾ ചൊരിഞ്ഞ സ്നേഹപ്രകടനങ്ങളെല്ലാം ,അയാളുടെ വഷളത്തരങ്ങൾക്ക് മുൻപിൽ അവൾക്ക് അറപ്പേകി ..അയാൾക്കു നേരെ അവൾ എന്നെന്നേക്കുമായി വാതിലുകളും , മനസ്സും കൊട്ടിയടച്ചു ..
അവളെ നഷ്ടമായെന്നുറപ്പായതോടെ അയാൾ തകർന്നു . ജീവിതത്തെ വെറുത്തു ....
പിന്നീടൊരിക്കലും അന്യ സ്ത്രീകളെ തേടി അയാൾ പോയില്ല ...
ലഹരിയിലും കൂട്ടുകെട്ടിലും അഭയം തേടി സ്വയം നശിച്ചില്ല ...
മറിച്ചു , ഇന്നലെകളിൽ മാത്രമങ്ങനെ ജീവിച്ചു .. നാളെകൾ അന്യമായി തീർന്നു . സ്വയം പണിത ലോകത്തു ഭ്രാന്തനായി അയാൾ അലഞ്ഞു ... ഇന്നും അലയുന്നു ...
സ്വബോധത്തിന്റെ നേർത്ത ഇഴകൾ ഊക്കോടെ പൊട്ടി വീഴുന്ന അവസരങ്ങളിൽ അയാൾ ഉറക്കെ പാട്ടു പാടും , ഉറക്കെയുറക്കെ ചിരിക്കും ....തെറ്റുകൾ ഏറ്റു പറഞ്ഞു പുലമ്പിക്കൊണ്ടിരിക്കും ....തലയടിച്ചു കരയും... നാക്ക് കടിച്ചു പറിച്ചു സ്വയം വേദനിപ്പിക്കും ......കുമ്മായം അടർന്നു വീണ ഭിത്തിയിലേക്ക് കാതുകൾ ചേർത്ത് വെക്കും , തന്റെ ഇന്നലെകളിലെ കുടുംബജീവിതത്തിലെ സംഭാഷണ ശകലങ്ങൾ ഈ ഭിത്തിക്കുള്ളിലെ മൺകട്ടകൾ ശേഖരിച്ചു വെച്ചിട്ടുണ്ടെങ്കിൽ അതൊന്നു കൂടെ കേൾക്കാനായി മാത്രം ...
ബോധത്തിന്റെ നേർത്ത തെന്നൽ വീണ്ടും മനസ്സിനെ ശ്ലേഷിക്കുമ്പോൾ ,ചെറിയ വല്ല ജോലികളും ചെയ്ത് അന്നന്നേക്കുള്ള അന്നവും തേടി അയാൾ ഇറങ്ങും .. അയാൾ കേൾക്കെ തന്നെ പലരും അയാളെ വിളിച്ചു തുടങ്ങി
"ഭ്രാന്തൻ ബാലൻ "
മറ്റൊരാളുടെ ജീവിതത്തിലേക്ക് ചെമ്പക സുഗന്ധം വിതറാൻ അവൾ പോയേക്കുമോ എന്ന അയാളുടെ ഭീതി അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ആ അമ്മയും മകളും പിന്നീട് ജീവിച്ചിരുന്നത് .. അന്തസ്സോടെ ,മാന്യമായ ജോലികൾ ചെയ്ത് മകളെ അവൾ ഒറ്റക്ക് വളർത്തി .അനുയോജ്യനായ ഒരു ഭർത്താവിനെയും അവൾ മകൾക്കായി തേടികൊടുത്തു .എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഓടിയൊളിച്ചു അയാളും ..
വല്ലപ്പോഴും മകൾ അയാളെ കാണാൻ വരുമായിരുന്നു .സദാ നിറഞ്ഞ പുഞ്ചിരി അലങ്കരിച്ച മകളുടെ മുഖം അയാളുടെ ജീവിതത്തെ മുന്നോട്ടേക്ക് തള്ളി വലിക്കാനുള്ള ഇന്ധനം തന്നെ ആയിരുന്നു ..ആ നറു പുഞ്ചിരിയോർമ്മകളിൽ ചിരിച്ചും , ആനന്ദിച്ചും ,ദിവസങ്ങളും മാസങ്ങളും തള്ളി നീക്കാൻ അയാൾക്കൊട്ടും പ്രയാസം ഇല്ലായിരുന്നു ..
മകളുടെ വിവാഹ ദിനം ,
തീർത്തും അന്യനെ പോലെ , ആരാലും മതിക്കപ്പെടാതെ അയാൾ മാറി നിന്നിരുന്നു ...പരാജിതനായ ആ അച്ഛനെ നോക്കി ,വെറുപ്പിന്റെ കറുത്ത വടുക്കൾ ലവലേശം ഇല്ലാത്ത വിടർന്ന ചിരി മകൾ സമ്മാനിച്ചിരുന്നു .അയാളുടെ ചെളി പുരണ്ട പാദങ്ങളിൽ തൊട്ടനുഗ്രഹം വാങ്ങിയിരുന്നു ...
തന്റെ ജീവൻ നിലനിന്നതിനു ഹേതുവായ ആ വിടർന്ന ചിരിയാണ് രണ്ട് നാളുകൾക്കു മുന്നേ എന്നെന്നേക്കുമായി അഗ്നിനാളങ്ങളോടൊപ്പം എരിഞ്ഞടങ്ങിയത് ...
തനിക്കായി നല്കാൻ മഴവിൽ വർണ്ണങ്ങൾ ചാലിച്ച ആ ചിരി ഇനിയാ മുഖത്തുണ്ടാകാൻ പോണില്ലെന്ന ചിന്ത അയാളുടെ ദുഃഖഭാരത്തെ ഇരട്ടിപ്പിച്ചു ...
വേദന സിരകളിൽ നീറിപ്പിടിച്ചു കൊണ്ടേയിരുന്നു ...
ഒന്നാളിക്കത്തിയിരുന്നെങ്കിൽ ശമിച്ചേനെ ...
പക്ഷെ ..
അയാൾ പായയിൽ നിന്നും ചാടിയെണീറ്റ് എന്തൊക്കെയോ പുലമ്പാൻ തുടങ്ങി .സ്വബോധത്തിന്റെ നേർത്ത കണികകളെ മസ്തിഷ്‌കം നിഷ്ക്കരുണം തള്ളി മാറ്റിയിരുന്നു .പല്ലുകൾ കൊണ്ട് നാക്കും ,കീഴ്ച്ചുണ്ടും മാറി മാറി അയാൾ ആഞ്ഞു കടിച്ചു ..നരച്ചു ,ചെമ്പിച്ച മുടിയിഴകളിലൂടെ ഇരു കൈ വിരലുകളും വേഗത്തിൽ പായിച്ചു ...മുറിയിലങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടന്നു ...
ന്റെ മോൾ ... ന്റെ മോളുടെ ചിരി ....
ന്റെ മോൾ വിധവയായി ... വിധവ ....
ഇടതടവില്ലാതെ ,അവ്യക്തമായി അയാൾ പറഞ്ഞു കൊണ്ടിരുന്നു ...
അയാളുടെ ഹൃദയതാളം ദ്രുതഗതിയിലായി ..നെഞ്ചിൻ കൂട് ക്രമാതീതമായി ഉയർന്നും താഴ്ന്നും തുടങ്ങി ..
പരവേശം കീഴടക്കിയ മനസ്സിനോട് കിട പിടിക്കത്തക്ക തരത്തിൽ , ശരീരത്തിലേക്ക് തലച്ചോർ ആന്തരഗ്രന്ഥി സ്രവങ്ങളെ മലവെള്ളപ്പാച്ചിൽ പോലെ ഒഴുക്കി വിട്ടു കൊണ്ടിരുന്നു ...
നടത്തത്തിന്റെ വേഗത അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ , ഇരു കരങ്ങളും കൊണ്ടയാൾ ഷർട്ട് വലിച്ചൂരി ..ചിന്നിച്ചിതറിയ കുടുക്കുകൾ നിശബ്ദം തറ പൂകി ..അയാൾ ഉറക്കെയുറക്കെ കരഞ്ഞു ..കണ്ണുകൾ ചുമന്നു തടിച്ചു ..
നടത്തത്തിനും പുലമ്പലിനും ഇടക്കെപ്പോഴോ തറയിലെ ഈയാംപാറ്റകളുടെ ചിറകുകളിലേക്ക് അയാളുടെ നനഞ്ഞ മിഴികൾ പതിഞ്ഞു ..ഇന്നലെ പെയ്ത മഴയിൽ പൊടിഞ്ഞു , അല്പായുസ്സും കൈപ്പിടിയിൽ വെച്ചു ,മഴയോടൊപ്പം ആവേശത്തോടെ നർത്തനമാടാൻ മണ്ണിന്നടിയിൽ നിന്നും വന്ന ഈയാംപാറ്റകൾ ...
അയാളുടെ മുഖത്തെ പേശികൾ ഒന്നയഞ്ഞു ..
നൂലറ്റ പട്ടം തിരികെ കിട്ടിയ കുട്ടിയ പോലെ ,ദിശയറിയാതെ തുഴഞ്ഞ വഞ്ചിയെ ഏറെ പ്രയത്നങ്ങൾക്കൊടുവിൽ തീരത്തണച്ച വഞ്ചിക്കാരനെ പോലെ അയാൾ ആശ്വസിച്ചു ..
ഈയാംപാറ്റകൾ അയാളെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു ..
ആർത്തട്ടഹസിച്ചു , തന്റെ ഉടുമുണ്ടിൽ കൈകളമർത്തി ദ്രുത വേഗതയിൽ അയാളത് വലിച്ചൂരി ..
ഉത്തരത്തിലെ കഴുക്കോലുകളിലേക്ക് അവസാന പ്രതീക്ഷയെന്നോണം അയാൾ കണ്ണുകൾ ഉയർത്തി , മനോഹരമായി ചിരിക്കാൻ തുടങ്ങി ... അന്നാദ്യമായി ഈയാംപാറ്റകൾക്ക് മരണത്തിന്റെ ഗന്ധമുണ്ടെന്ന് അയാൾക്ക് തോന്നി ..വർദ്ധിച്ച ആവേശത്തോടെ അയാൾ ഉടുമുണ്ട് ഉത്തരത്തിലേക്ക് ആഞ്ഞെറിഞ്ഞു ...
: ഫർസാന അലി :

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot