നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"നിന്റെ മാത്രം മാലാഖ ..."


ജോര്‍ജ്ജ് മുറിയിലേക്ക് കയറുമ്പോൾ മകൾ മരിയയ്‌ക്കൊപ്പം ആനി കട്ടിലിൽ കിടന്നുറങ്ങി കഴിഞ്ഞിരുന്നു.അവൻ വാച്ചിലേക്ക് നോക്കി,സമയം ഒന്നേകാൽ കടയിലെ കണക്കുകൾ നോക്കുന്നതിനിടയിൽ സമയം പോയതറിഞ്ഞില്ല. മുറിയിൽ സീറോ ബൾബിന്റെ നീല പ്രകാശം നിറഞ്ഞു നിൽക്കുന്നു.മേശമേൽ ആനിയുടെ ലാപ്പ് തുറന്നു തന്നെയിരിക്കുന്നു.ആനി നല്ല ഉറക്കം, മരിയ കരഞ്ഞതു കൊണ്ട് ലാപ് ഓഫ് ചെയ്യാൻ മറന്നതാകും.അയാൾ മേശയ്ക്കരികിലേക്കു നടന്നു,അയാളുടെ മനസ്സിൽ പെട്ടെന്ന് ചെകുത്താന്റെ കരസ്പര്ശമേറ്റു. അത്യാവശ്യം സോഷ്യൽ മീഡിയകളിൽ സജീവമായ എഴുതാൻ കഴിവുള്ള അവളുടെ ലാപ്പിൽ എന്തായിരിക്കും എന്ന ചിന്തകൾ അയാളെ വേട്ടയാടി. പതിയെ അയാള്‍ ലാപ്പ് കയ്യിലെടുത്തു.അതിൽ ഒരു ബ്ലോഗ് പേജ് ഓപ്പണായി വന്നു.
"നിന്റെ മാത്രം മാലാഖ .."
അതായിരുന്നു ആ ബ്ലോഗിന്റെ തലക്കെട്ട്‌.അയാൾ അതിലെ ഓരോ വരികളിലൂടെയും കണ്ണോടിച്ചു.
2015 ഒക്ടോബർ 4
----------------------------
ആ തീയതി മുതലാണ് എഴുത്തുകള്‍ തുടങ്ങിയിരിക്കുന്നത്. ഒരു ഡയറിക്കുറിപ്പു പോലെ ആനി തന്‍റെ ജീവിതം പകര്‍ത്തിയിരുന്നു.
ജീവിതത്തിലെ സുപ്രധാനമായൊരു കാര്യത്തിന്റെ ആദ്യ ചവിട്ടുപടിയെന്നോണം ഇന്നെന്റെ പെണ്ണു കാണലായിരുന്നു.ഇരുനിറമുള്ള ഒത്ത പൊക്കവും അതിനനുസരിച്ചു വണ്ണവുമുള്ളൊരു കട്ടി മീശക്കാരൻ. ജീവിതത്തിലാദ്യമായി എന്നെ ഒരാള്‍ പെണ്ണു കാണാൻ വന്നിരിക്കുന്നു.എനിക്കദ്ദേഹത്തെ ഒരുപാടിഷ്ടമായി, അദ്ദേഹത്തിന് എന്നെയും.പേര് 'ജോർജ് ഇടിക്കുള'. കണ്ടാൽ ഒരു മുരടനെ പോലെ തോന്നുമെങ്കിലും ആദ്യ സംസാരത്തിൽ തന്നെ അദ്ദേഹമെന്റെ മനസ്സ് കവർന്നിരുന്നു.അപ്പച്ചന് കൊടുത്ത വാക്കും പാലിക്കാൻ കഴിഞ്ഞിരിക്കുന്നു.
എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അമ്മച്ചിയുടെ അകന്ന ബന്ധുവായ തോമസ് എന്നയാളുമായി അമ്മച്ചി അടുക്കുന്നതും എന്നെയും അപ്പച്ചനെയും ഉപേക്ഷിച്ചു അയാൾക്കൊപ്പം പോകുന്നതും.
അവ്യക്തമായൊരു ഓർമ മാത്രമാണെനിക്കമ്മച്ചി. പിന്നെന്റെ അപ്പനും അമ്മയും ഒക്കെ അപ്പച്ചനായിരുന്നു.വിവാഹം പോലും കഴിക്കാതെ എനിക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച അപ്പച്ചന് എന്റെ ഓരോ വളർച്ചയും സന്തോഷവും അതിലേറെ ഉത്കണ്ഠയും നിറഞ്ഞതായിരുന്നു. കോളേജിൽ ചേർക്കാൻ നേരം,
"ആനി കൊച്ചെ അപ്പച്ചന്റെ സ്വപ്നമാ നീ... തകർത്തേക്കല്ലേ... "
എന്നു മാത്രം എന്നോട് പറഞ്ഞു.എന്റെ ഇട്ടിച്ചനെ പോലെ ഒരപ്പച്ചനെ ഭൂമിയിൽ ആർക്കും കിട്ടില്ല. . ഉദിച്ചുയർന്നു ഏഴാം സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുകയാണ് എനിക്ക് ചുറ്റും പ്രകാശം തീർത്തു കൊണ്ട് എന്റെ ഇട്ടിച്ചന്‍.ശരിയും തെറ്റും തിരിച്ചറിഞ്ഞതും ,ജീവിതത്തെ സധൈര്യം നേരിടാനുള്ള കരുത്തു പകർന്നതും അപ്പച്ചന്റെ സ്നേഹ ശാസനകാളായിരുന്നു.അപ്പച്ചന്റെ
സ്വപ്നം തകർക്കല്ലേയെന്ന പിൻവിളി എന്നിൽ ചിരിയുണർത്തിയെങ്കിലും
" ശ്രമിക്കാം.. എന്നെ പ്രേമിച്ചാൽ ഞാനും പ്രേമിക്കുമേ ഇട്ടിച്ചാ..."
എന്ന മറുപടിയാണ് തിരികെ നൽകിയത്.പക്ഷെ മനസ്സു കൊണ്ട് പ്രതിജ്ഞയെടുത്തിരുന്നു അപ്പച്ചൻ പറയുന്നയാളെ മാത്രമേ ആനി കെട്ടുകയുള്ളൂ എന്ന്.കാണാൻ തരക്കേടില്ലാത്തതു കൊണ്ട് എല്ലാ പെണ്‍കുട്ടികളെ പോലെയും ഒരുപാടു പ്രണയാഭ്യർഥനകൾ വന്നെങ്കിലും ആർക്കുമെന്റെ മനസ്സിനെ തകർക്കാൻ കഴിഞ്ഞില്ല.
2015 ഒക്ടോബർ 16
-------------------------------
ഇന്നെന്റെ മനസ്സമ്മതമായിരുന്നു.ആദ്യമായി ഒരു പുരുഷനെ ഇഷ്ടമാണെന്നു എല്ലാവരുടെയും അനുഗ്രഹത്തോടെയും സന്തോഷത്തോടെയും പറഞ്ഞ ദിവസം.മിന്നുകെട്ടിന്റെ ദിവസവും തീരുമാനിച്ചിരിക്കുന്നു.നവംബർ 19 നാണ്.അദ്ദേഹം എന്റെ കസിന്റെ കയ്യിൽ ഒരു ഫോൺ കൊടുത്തു വിട്ടിരിക്കുന്നു.പക്ഷെ ഇതുവരെ ഇങ്ങോട്ട് വിളിച്ചിട്ടില്ല.ആദ്യമായാണ് സ്വന്തമായൊരു മൊബൈൽ ഫോൺ കയ്യിൽ കിട്ടുന്നത്. അദ്ദേഹത്തിന്റെ വിളിക്ക് വേണ്ടി മനസ്സ് തുടി കൊട്ടുകയാണ് പക്ഷെ പുള്ളിക്കാരൻ വിളിക്കുന്നില്ല.
തനി മുരടനായിരുക്കുമോ..??
നാളെ കൂടെ നോക്കാം... ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ അങ്ങോട്ട് വിളിച്ചേക്കാം ...
2015 ഒക്ടോബർ 17
------------------------------
എന്റെ മാതാവേ...ഇന്നെനിക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. ഇന്നദ്ദേഹം എന്നെ വിളിച്ചിരിക്കിന്നു. അപ്പച്ചനോടല്ലാതെ ഇത്രയും നേരം ഒരു പുരുഷനോട് ആദ്യമായാണ് സംസാരിക്കുന്നത്.മറുതലയ്ക്കൽ ആ ഗാഭീര്യമുള്ള സ്വരം മുഴങ്ങിയപ്പോൾ ഇവിടെ നെഞ്ചിൽ ഇടിവെട്ടും മിന്നലും,വയറ്റിൽ മഞ്ഞു വീണൊരു തണുപ്പും .മുരടനൊന്നുമല്ല നല്ല ഒന്നാന്തരം നസ്രാണി ചെറുക്കൻ തന്നെ. ഇന്നൊരുപാട് നേരം സംസാരിച്ചില്ല എങ്കിലും അദ്ധേഹത്തിന്റെ ശബ്ദം എന്റെ കര്‍ണ്ണപുടങ്ങളെ സംഗീത സാന്ദ്രമാക്കിയിരിക്കുന്നു.ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു. പ്രണയിക്കാൻ പഠിച്ചിരിക്കുന്നു.
2015 ഒക്ടോബർ 25
------------------------------
ഇന്നദ്ദേഹവുമായി ഒരുപാട് നേരം സംസാരിച്ചു. എന്റെ സ്വപ്നങ്ങളെ കുറിച്ചും ആദ്ദേഹത്തിന്റെ സ്വപ്നങ്ങളെ കുറിച്ചും വാതോരാതെ സംസാരിച്ചു. അദ്ദേഹത്തിന് സംസാരിക്കാൻ ഒരുപാട് ഇഷ്ടമാണത്രെ. ഭൂമിയിലെ ഏതു കാര്യത്തെക്കുറിച്ചുമുള്ള അദ്ധേഹത്തിനുള്ള അറിവെന്നെ അത്ഭുതപ്പെടുത്തി. ഞാനാ ശബ്ദത്തിൽ ലയിച്ചു പോയി.ഇപ്പോഴെന്റെ ദിനങ്ങൾ അദ്ദേഹത്തിനു വേണ്ടി മാത്രമാണ്. ഞാനുറങ്ങുന്നതും ഉണരുന്നതും അദ്ദേഹത്തിനു വേണ്ടിയായിരുന്നു.ഇഷ്ടാനിഷ്ടങ്ങൾ പോലും ഒരേ പോലെ,ഭാഗ്യവതിയാണ് ഞാൻ.. എനിക്കൊരു രണ്ടാം സൂര്യനെക്കൂടി കിട്ടിയിരിക്കുന്നു ....
മറുവശത്തെ ഇരുട്ടിനു പോലും ഭൂമിയെ വിട്ടു കൊടുക്കാതെ ജ്വലിച്ചു നില്‍ക്കുന്ന എന്റെ രണ്ടാം സൂര്യന്‍.....!!!
2015 ഒക്ടോബർ 28
------------------------------
ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടൊരു ദിവസമാണ്, മറക്കാനാവാത്തതും. ജീവിതത്തിലാദ്യമായി പ്രണയാതുരമായെനിക്കൊരു ചുംബനം കിട്ടിയിരിക്കുന്നു.ഫോണിൽ കൂടിയാണെങ്കിലും ആ ചുംബനത്തിന്റെ തരംഗമെന്റെ രോമ കൂപങ്ങളെയെല്ലാം ഉണർത്തിയിരിക്കുന്നു.
അതെ,ആണിന്റെ സ്നേഹപൂര്‍ണ്ണമായൊരു ചുംബനം പോലും പെണ്ണിനെ ഉണർത്താൻ കഴിവുള്ളതാണ് .....
2015 ഒക്ടോബർ 30
-------------------------------
ഇന്നെന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ഞാനൊരിക്കലും പറഞ്ഞിരുന്നില്ല എങ്കിൽപ്പോലും എന്റെ പുസ്തകങ്ങകൊടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹം എങ്ങനെയോ തിരിച്ചറിഞ്ഞു എനിക്കു വേണ്ടി പ്രേമലേഖനം,എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്,ഇനി ഞാനുറങ്ങട്ടെ ,ഒരുസങ്കീർത്തനം പോലെ,ലോല ,എന്റെകഥ ,രണ്ടാമൂഴം എന്നിങ്ങനെ പല എഴുത്തുകാരുടെയും നോവലുകൾ എനിക്ക് സമ്മാനമായി അയച്ചു തന്നു.സന്തോഷവും കരച്ചിലും ഒരുമിച്ചു വന്ന നിമിഷങ്ങൾ ...ഉള്ളിൽ ഒരായിരം ചെറിപ്പൂക്കൾ പൂത്തുലഞ്ഞു,എന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തണിയുന്നവൻ എനിക്കയച്ച വിശുദ്ധ സമ്മാനങ്ങൾ നെഞ്ചോടമർത്തി ഞാൻ നിന്നു. എനിക്കുമേൽ പ്രണയത്തിന്റെ പനിനീർ ദളങ്ങൾ മഴപോലെ പെയ്തിറങ്ങി ....
2015 നവംബര്‍ 2
--------------------------
ഇന്നു വിളിച്ചപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു,
"ആനീ... ഞാൻ സമ്മാനമായി നല്‍കിയതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമേതായിരുന്നു..?"
" ഒരു സങ്കീർത്തനംപോലെ "
എനിക്ക് മറുപടി പറയാൻ അധികം താമസിക്കേണ്ടി വന്നില്ല.
"എങ്കിൽ അതിൽ ആനിക്ക് ഇഷ്ടപ്പെട്ട വരികൾ പറയൂ.."
"ലോകത്തിനു പാപ പുണ്യങ്ങളുടെ വഴി കാണിച്ചു കൊടുക്കാൻ പോന്ന ഒരാൾ ഒരു പൊട്ടി പെണ്ണിനോട് ചോദിക്കുന്നു താൻ ഏതു വഴിക്കു പോകണമെന്ന്..!
അതിന്റെ യുക്തിയും പൊരുളും ഒന്നും അപ്പോൾ അന്ന ചിന്തിച്ചില്ല .അവൾ ചോദിച്ചു ..
ആ അടഞ്ഞു കിടക്കുന്ന മൂന്നാമത്തെ വഴി തുറക്കാൻ വല്ല വഴിയുമുണ്ടോയെന്നു നോക്കിക്കൂടെ..??
അഗാധമായ ഹൃദയ ഭാവത്തോടു കൂടി ദസ്തയോവ്സ്കി അന്നയുടെ കണ്ണുകളിലേക്കു നോക്കി. അന്നേരം ഒരു കടല്‍ പോലെ അവളുടെ ഹൃദയവും ഇളകി മറിഞ്ഞു.തന്റെ ഹൃദയത്തിലും ഒരു കടലുണ്ടെന്നു അന്നാദ്യമായാണ് അവളറിയുന്നത്..
എനിക്കേറ്റവും ഇഷ്ടമുള്ള വരികൾ ഇതാണ്. നിങ്ങളോടു സംസാരിക്കുന്ന ഓരോ നിമിഷങ്ങളും എന്റെ അവസ്ഥ അന്നയുടെ പോലെയാണ്. പ്രണയത്തിരമാലകൾ ഉള്ളിൽ ആഞ്ഞടിക്കുന്നു ഞാൻ അതിൽ ഒഴുകി നടക്കുന്ന മരക്കഷണം പോലെയാണ്.."
മറുതലയ്ക്കൽ അദ്ദേത്തിന്റെ മൗനവും പിന്നീട് നേർത്ത ശബ്ദത്തിൽ ആനി തന്നെ ദൈവം എനിക്കു വേണ്ടി പടച്ചതാടോ എന്ന മൊഴിയും എന്നെ സന്തോഷത്തിന്റെ കൊടുമുടി കയറ്റി.
ജോർജ് പിന്നിലേക്കു തിരിഞ്ഞു നോക്കി.മരിയയെ കെട്ടി പിടിച്ചു കൊച്ചു കുഞ്ഞിനെ പോലെ ആനി
ഉറങ്ങുന്നു. അയാളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു വന്നു ....
2015 നവംബര്‍ 3
-------------------------
ഇനി കുറച്ചു നാളത്തേയ്ക്കു ഒന്നും കുറിയ്ക്കാൻ എനിക്ക് സമയമില്ല. ഇനിയുള്ള പകലുകളും രാത്രികളും ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്യുന്ന ചിലന്തികളാണ്.
2015 നവംബർ 17
---------------------------
ഇനി രണ്ടു ദിവസങ്ങൾ മാത്രം അപ്പച്ചനെന്ന തണല്‍ മരത്തിന്റെ ചില്ലയിൽ നിന്നും മറ്റൊരു മരത്തിന്റെ ചില്ലയിലേക്കു കൂടുകൂട്ടി പറന്നു പോകാന്‍.ഉള്ളിൽ ആകെ ഒരു പിടച്ചിൽ, അപ്പച്ചനെ ഒറ്റയ്ക്കാക്കി പോകാനുള്ള വിഷമം താങ്ങാവുന്നതിലും അപ്പുറം. പക്ഷെ പെണ്ണായി പിറന്നാൽ ഒരു നാള്‍ പോയെ പറ്റൂ. വീട്ടിൽ ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊട്ടിച്ചിരികളും ബഹളങ്ങളും നിറഞ്ഞു നിൽക്കുന്നു. ഉള്ളിൽ വേദനയ്ക്കൊപ്പം സന്തോഷം അലയടിക്കുന്നു. പുതിയ പദവികളേക്കുള്ള യാത്രയ്ക്ക് മനസ്സിനെ ഒരുക്കിക്കഴിഞ്ഞു.എങ്കിലും ചിറകറ്റു വീണ പക്ഷി കുഞ്ഞിനെ പോലെ ഉള്ളകം പിടയുന്നു....
2015 നവംബർ 21
---------------------------
ഞാൻ പുതിയ പദവികൾ അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപാട് പ്രതീക്ഷകളും അതിലേറെ കൗതുകത്തോടെയും ഞാൻ , ഭാര്യ , മരുമകൾ , ആന്റി , ചേട്ടത്തിയമ്മ തുടങ്ങിയ മഹത്തായ പദവികൾ ആസ്വദിച്ചു തുടങ്ങി.ജോർജ് ഇച്ചായന്റെ വീട്ടുകാർ എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു.പള്ളിയിൽ വെച്ച് അദ്ദേഹമെന്റെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ മനസ്സിൽ ഞാനൊരു പ്രതിജ്ഞ എടുത്തിരുന്നു
" വേറൊരാളുടെ സ്നേഹത്തിനു മുന്നിൽ തോറ്റു കൊടുത്തു എന്നെയും അപ്പച്ചനെയും ഉപേക്ഷിച്ചു പോയ അമ്മച്ചിയെ പോലെയാവില്ല ഞാനൊരിക്കലും. എന്റെ കഴുത്തിൽ മിന്നു ചാർത്തിയവനാണ് മരണം വരെയും എന്റെ ഇണ.അവനെക്കാൾ വലുതായി ആരുമെന്റെ മനസ്സിനെ കീഴടക്കാൻ ഞാനനുവദിക്കില്ല. കല്ലറയിൽ അന്തിയുറങ്ങും വരെ ഈ മിന്നിന്റെ പവിത്രത ഞാൻ സൂക്ഷിക്കും..."
ആദ്യ രാത്രിയിൽ ഞാനാദ്യമായി പുരുഷന്റെ സ്പര്‍ശന ചൂടറിഞ്ഞു. ചുംബനങ്ങൾ കൊണ്ടെന്റെ ദേഹത്തദ്ദേഹം ഉടയാട തുന്നി, അന്നെന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടു ഇങ്ങനെ പറഞ്ഞു.
" ആനി നമ്മുടെ ജീവിതം ഇന്നു മുതൽ തുടങ്ങുകയാണ്. എന്റെ അമ്മച്ചിയേയും സഹോദരങ്ങളെയും ഈ വീടിനെയും എന്നെപ്പോലെ നീയും സ്നേഹിക്കണം. ഒരിക്കലും സിനിമയിൽ കാണുന്നത് പോലെയാകില്ല ജീവിതം.ഇവിടെ കയ്പ്പും മധുരവുമുണ്ടാവും .ഏതു കയ്പ്പിനെയും മധുരമാക്കാൻ നീ കൂടെ ഉണ്ടാവണം ജീവിതാന്ദ്യം വരെയും..."
അദ്ദേഹമിത് പറയുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയായിരുന്നു. എന്റെ രണ്ടാം സൂര്യന്റെ വലിയ പ്രതീക്ഷ ....
2015 ഡിസംബർ 27
-----------------------------
അപ്പച്ചനൊപ്പമല്ലാത്ത എന്റെ ആദ്യത്തെ ക്രിസ്തുമസ്സായിരുന്നു ഈ കഴിഞ്ഞത്. പക്ഷെ എന്റെ മനസ്സറിഞ്ഞെന്നോണം എന്റെ ഇച്ചായൻ വൈകിട്ടെന്നെ വീട്ടിലേക്കു കൊണ്ടു പോയി. അപ്പച്ചന്റെ കണ്ണുകളിൽ പൂത്തിരി തെളിഞ്ഞിരുന്നു. ഇച്ചായനേം ഇട്ടിച്ചനേം ചേർത്തു പിടിച്ചു കൊണ്ട് ഞാനുറക്കെ പറഞ്ഞു രണ്ടു സൂര്യന്മാർക്കിടയിൽ സ്നേഹ വെളിച്ചം കൊണ്ട് ഞാൻ മരിച്ചു പോകും ...
അതെ...,ഭാഗ്യവതിയാണു ഞാൻ ... ഈ സൗഭാഗ്യങ്ങൾ എന്നും ദൈവം നില നിർത്തട്ടെ .....
2016 ജനുവരി 29
--------------------------
ലോകം കീഴടക്കിയ സന്തോഷമാണെനിക്ക്.ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം.ഞാനൊരു അമ്മയാവാൻ പോകുന്നു. എന്നെക്കാളും സന്തോഷം അപ്പച്ചനും ഇച്ചായനും വീട്ടുകാർക്കുമാണ്. ഒരു പെണ്ണിനു ഭർത്താവിന്റെ സ്നേഹത്തിന്റെ അളവ് ആസ്വദിക്കാൻ കഴിയുന്നത് അവൾ ഗര്‍ഭവതിയാകുംബോഴാണ് ,ഞാനതറിയുന്നു. നിലയ്ക്കാത്ത സ്നേഹ പ്രവാഹങ്ങൾക്ക് നടുവിൽ ഞാൻ രാജകുമാരിയെ പോലെയാണിപ്പോൾ....
2016 ഫെബ്രുവരി 15
-------------------------------
ജീവന്റെ തുടിപ്പ് ഉദരത്തിൽ വളരുമ്പോൾ എന്റെ ശരീരാവസ്ഥകളും മാറി വരുന്നതായി തോന്നുന്നു. ആഹാരത്തോടു വെറുപ്പും ഓർക്കാനവുമൊക്കെ. വീട്ടിലേക്ക്‌ പുതിയ അതിഥി വരുന്ന വരവറിയിച്ചു ഇട്ടിച്ചായൻ ഇടയ്ക്കിടയ്ക്ക് വന്നു കൊണ്ടേയിരിക്കും. അമ്മയില്ലായ്മ ഞാൻ അറിയരുതെന്ന് ഇട്ടിച്ചായന് നിര്‍ബന്ധമായിരുന്നു.എന്റെ ചില ആഹാരങ്ങളോടുള്ള കൊതി ഇച്ചായൻ പാതിരാത്രി പോലും സാധിച്ചു തന്നു.കഴിച്ചത് അതുപോലെ പുറത്തേക്കു ചർദ്ധിച്ചു കളഞ്ഞിട്ടു ഇച്ചായന്റെ രോമാവൃതമായ മാറിൽ തല ചായ്ചു കിടക്കുമ്പോൾ മറ്റെങ്ങുമില്ലാത്ത സുരക്ഷയെനിക്കവിടെ ലഭിക്കുന്നു.
പുതിയ അതിഥിയെ സ്വീകരിക്കാൻ മനസ്സൊരുങ്ങി കഴിഞ്ഞിരിക്കുന്നു ....
2016 ജൂലായ് 6
------------------------
ഗർഭകാല അസ്വസ്ഥതകൾ എന്നെ വളരെയധികം തളർത്തിയിരുന്നു.ശരീരം ചീര്‍ക്കുകയും, കണ്ണുകൾക്കു താഴെ കറുപ്പുനിറം ബാധിക്കുകയും , വലിപ്പം വച്ച വയറിനു മുകളിൽ ഭൂമാതാവിന്റെ തലോടൽ എന്നറിയപ്പെടുന്ന വരകൾ വീണിരിക്കുകയും ചെയ്തിരിക്കുന്നു. ഇനി എണ്ണാവുന്ന ദിനങ്ങൾ മാത്രം ഞങ്ങളുടെ പുതിയ അഥിതി വന്നെത്തുവാൻ. മനസ്സു നിറയെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് . ഇച്ചായന്‌ പെണ്‍ കുഞ്ഞുങ്ങളോട് വല്ലാത്തൊരിഷ്ടമാണ്.വയറ്റിൽ കിടന്നു കുഞ്ഞനങ്ങുമ്പോൾ ചെവിയോർത്തു പിടിച്ചു പറയും 'മോളാണ്... " പപ്പായി" എന്നെന്നെ വിളിക്കുന്നെന്നു' അതു പറയുമ്പോൾ ആ കണ്ണുകളിൽ രണ്ടു നക്ഷത്രങ്ങൾ തിളങ്ങും പോലെ തോന്നുന്നു ....
2016 നവംബർ 19
----------------------------
ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. വിലപ്പെട്ടൊരു സമ്മാനം ഞാനദ്ദേഹത്തിനു നൽകിയിരിക്കുന്നു. ഈ വിവാഹ വാർഷികത്തിൽ ഒരു മകളെ ,"മരിയ ജോർജ് " എന്ന മാലാഖയെ ഞാന്‍ അദ്ധേഹത്തിന് സമ്മാനിച്ചു.ജീവിതത്തിൽ എനിക്കിപ്പോൾ ഒരു ദിവസം പോലും തികയാതെ വരുന്നു. അവളുടെ കുഞ്ഞു മുഖത്തു തന്നെ നോക്കിയിരിക്കുവാൻ എനിക്കെപ്പോഴും തോന്നുന്നു. ഇട്ടിച്ചനും അവളെ തറയിൽ പോലും വയ്ക്കുന്നില്ല. പിന്നെ അവളുടെ പപ്പായുടെ കാര്യം പറയേണ്ടതില്ലല്ലോ..??
ജീവിത സൗഭാഗ്യങ്ങളിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.എന്റെ സ്വപ്‌നങ്ങൾക്ക് ചിറകു മുളപ്പിച്ചു എന്നെ പറക്കാൻ അനുവദിച്ച എന്റെ ഇച്ചായനോട് സ്നേഹവും പ്രണയവും അതിനേക്കാൾ വലിയെന്തു വികാരമുണ്ട് അതൊക്കെയാണെനിക്ക് .....
2017 മാർച്ച് 10
-----------------------
എന്റെ ദൈവമേ....!!!!
എനിക്കെന്തു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്..?? ഇത്രയും നാൾ എല്ലാം കൊണ്ടും തികഞ്ഞവൾ എന്ന് ചെറിയൊരു അഹങ്കാരം മനസ്സിലുണ്ടായിരുന്നു. പക്ഷെ ഒന്നുമല്ല... ഞാൻ ഒന്നുമല്ല... കിടപ്പറയിൽ ഞാനെന്റെ ഇച്ചായനെ ചതിക്കുന്നത് പോലെ.
മകളുടെ ജനനത്തോടെ സെക്സിൽ എനിക്കുള്ള താല്പര്യം കുറഞ്ഞിരിക്കുന്നു. അല്ല പൂർണമായും ഇല്ലാതായിരിക്കുന്നു....അദ്ദേത്തിനു മുന്നിൽ ഞാൻ ശവശരീരം പോലെ കിടന്നു കൊടുക്കുകയാണ്.
എന്റെ ഇച്ചായന് മുന്‍പില്‍ കിടക്കറയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചു തുടങ്ങിയിരിക്കുന്നു.എന്റെ കുറവുകൾ മറച്ചു വയ്ക്കാൻ ഉന്മാദത്തിന്റെ സീൽക്കാരങ്ങളും പുറപ്പെടിവിക്കുന്നു.ശാരീരികബന്ധം എനിക്കിപ്പോൾ വേദനയാണ് മരവിപ്പാണ്. അദ്ധേഹത്തിന്റെ ആവശ്യത്തിന് മാത്രം കിടന്നു കൊടുക്കുന്ന യാതൊരു വികാരവുമില്ലാത്ത യന്ത്രപ്പാവയാണ് ഞാനിന്നു. അദ്ദേഹവും പതിയെ എന്നിൽ നിന്നും അകലുന്നത് പോലെ ....
പ്രസവശേഷം എന്നിലെ സ്ത്രീത്വം നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി .തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാവുകയും ,വേദന ഉണ്ടാവുകയും,മൂത്രാശയ രോഗങ്ങള്‍ തുടര്‍ച്ചയായി ബാധിക്കുകയും ചെയ്തു. പ്രസവ സമയം എനിക്ക് ചെറിയൊരു സര്‍ജറി വേണ്ടി വന്നിരുന്നു എന്ന് ഡോക്ടര്‍ ജേക്കബ് പറഞ്ഞിരുന്നു.അതിന്റെ വേദന കുറച്ചു നാള്‍ കാണുമെന്നും പറഞ്ഞു.പക്ഷെ എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടത് പോലെ തോന്നുന്നു.എന്റെ വികാരങ്ങളെ എന്നില്‍ നിന്നും ആരോ വെട്ടി മാറ്റിയത് പോലെ തോന്നുന്നു.എന്റെ ഇചായനെ ശാരീരികമായി തൃപ്തിപ്പെടുത്തുവാന്‍ കഴിയാതെ പോകുമോ എന്ന ഭയം എന്നില്‍ ജനിക്കുന്നു.കാറ്റിൽ പറന്നുയരുന്ന അപ്പൂപ്പന്‍ താടി പോലെ എന്റെ ചിന്തകൾ പാറി നടക്കുന്നു...
ചേർത്തു പിടിക്കലുകള്‍ക്കും ചുംബനങ്ങൾക്കും കുറവ് വന്നിരിക്കുന്നു. ചിലപ്പോള്‍ അതൊക്കെ ആസ്വദിക്കുവാനുള്ള മനസ്സ് എന്നില്‍ നിന്നും കൈ വിട്ടു പോയത് കൊണ്ടാകാം ...പക്ഷെ എനിക്കദ്ദേഹം ജീവനാണ് മരിക്കുവോളം അദ്ദേഹം കൂടെ വേണം എന്ന പ്രാർത്ഥനയിലാണ്....
2017 ജൂൺ 23
---------------------
" വിധിയുടെ കൈകളിൽ പിടയുന്നു ഞാനിന്നു, നീയെന്നെ സൂര്യന്റെ കനിവിനെ തേടുന്ന ഒരു കൊച്ചു സൂര്യകാന്തി പൂവായ്...."
2017 സെപ്റ്റംബർ 4
-------------------------------
ജീവനും ജീവിതവും നീ മാത്രമാണ് ....
തിരികെ വേണമെനിക്ക് എന്നിലെ നഷ്ടപ്പെട്ടു പോയ എന്നെ.സ്നേഹിക്കാൻ മാത്രമറിയുന്ന എന്റെ രണ്ടാം സൂര്യനിലേക്ക് പഴയ ആനിയായി പടര്‍ന്നു കയറണം. എന്റെ ശ്വാസത്തിന്റെ അന്ത്യ നിശ്വാസം വരെയും എനിക്ക് പ്രണയിച്ചു കൊണ്ടേയിരിക്കണം .....!!!
അതോടു കൂടി ബ്ലോഗ് അവസാനിച്ചു.പിന്നീട് അതിൽ ഒരു കുറിപ്പു പോലും ഉണ്ടായില്ല .ജോർജ് കുറച്ചു നേരം കൂടെ അതിൽ തന്നെ നോക്കിയിരുന്നു.അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ മേശ മേൽ വീണ് ചിതറി തെറിച്ചു ....
" ദൈവമേ എന്റെ ആനി എന്നെ ഇത്രത്തോളം സ്നേഹിച്ചിരുന്നോ...???
പക്ഷെ ഞാൻ ചെയ്തതോ..?
എന്തൊരു ക്രൂരനാണ് ഞാൻ...??
ലോകത്തിൽ ഒരു ഭർത്താവും ചെയ്യാത്ത മഹാപാപം ചെയ്ത തന്നോട് ദൈവം പൊറുക്കുമോ..?? വിശുദ്ധയായ ആനിയെ സംശയിച്ച ഞാനൊരു വൃത്തികെട്ട മനുഷ്യനാണ്..."
ജോര്‍ജ്ജ് സ്വയം പുലമ്പി കൊണ്ടിരുന്നു.അവനാ ശീതീകരിച്ച മുറിയിലിരുന്നു വിയർത്തു കുളിച്ചു.ആനിയുടെ സമീപം കട്ടിലില്‍ വന്നിരുന്ന ജോര്‍ജ്ജു അവളുടെ പാദങ്ങളില്‍ സ്പര്‍ശിച്ചു.കണ്ണുനീര്‍ ആ പാദങ്ങളില്‍ ഒഴുകിയിറങ്ങി.നീര്‍ത്തുള്ളികള്‍ പൊതിഞ്ഞ അവളുടെ കാലുകളില്‍ ജോര്‍ജ്ജു പതിയെ ചുംബിച്ചു...
"ആനീ ....എന്നോട് പൊറുക്കണം ....
ആരും ചെയ്യാത്ത മഹാപാപം ചെയ്ത ക്രൂരനാണ് ഞാന്‍. എന്നെക്കാൾ ചെറുപ്പവും സുന്ദരിയുമായ ആനി തന്നെ വിട്ടു പോകുമോ എന്ന ഭയം. അതിനു ആക്കം കൂട്ടിയത് വൈകുന്നേരങ്ങളിലെ മദ്യപാന സദസ്സിലെ സൗഹൃദങ്ങളും ചോദ്യങ്ങളും ...
"എടാ ജോര്‍ജ്ജെ....
നിന്റെ തലയിലൊക്കെ വെള്ളി വരകൾ വീണല്ലോ..??
ആനി എന്തൊരു സുന്ദരി. അവളും നീയും ഒരുമിച്ചു പോയാൽ ചിലപ്പോൾ അപ്പനും മോളും എന്നേ തോന്നുകയുള്ളൂ, പിന്നെ നീയൊന്നു സൂക്ഷിച്ചോ അവളുടെ അമ്മച്ചി കുട്ടി ആയതില്‍ പിന്നെയാ ഇട്ടിച്ചനെ കളഞ്ഞിട്ടു പോയത്.
'അമ്മ വേലി ചാടിയാൽ മോള് മതിലു ചാടും;.
നീ സൂക്ഷിച്ചോ ...."
സംശയങ്ങള്‍ തീക്കനല്‍ പോലെ മനസ്സിലേക്ക് കോരിയിട്ടപ്പോള്‍ പരിഹാരം തേടി ഞാന്‍ അലഞ്ഞു. അപ്പോഴാണ്‌ ആഫ്രിക്കയിലെ ആചാരമായ
നിര്‍ബന്ധിത ചേലാകര്‍മ്മം(FGM) പോലെ സ്ത്രീകളുടെ ലൈംഗിക വികാരങ്ങളെ കൊല്ലുന്ന ചേലാകര്‍മ്മം ചെയ്യുന്ന ഡോക്ടര്‍മാര്‍ നമ്മുടെ നാട്ടിലും ഉണ്ടെന്നു അറിഞ്ഞത്.എന്റെ സുഹൃത്ത് ജേക്കബ് ഡോക്ടര്‍ വഴി ഞാന്‍ ആ കര്‍മ്മം നിന്നിലും നിര്‍വഹിക്കുവാന്‍ തീരുമാനിച്ചു.പ്രസവ സമയം നിന്നില്‍ നിന്നും ഞാന്‍ നിന്റെ വികാരങ്ങളെ അറുത്തു മാറ്റി.പ്രസവശേഷം ചെയ്ത സര്‍ജറി ആണെന്ന് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചു .എന്നിലെ കഴിവു കേടുകളുടെ,അപകര്‍ഷതയുടെ ,സ്വാര്‍ഥതയുടെ,സംശയത്തിന്റെ ഒക്കെ ഭാരം ചുമക്കാന്‍ നിന്നെ ഞാന്‍ ഉപയോഗിച്ചു....
മാപ്പ് ...നീ ഒരിക്കലും എന്നെ വിട്ടു പോകരുത് എന്ന എന്റെ ആഗ്രഹമാണ് എന്നെ കൊണ്ട് ഈ മഹാപാപം ചെയ്യിപ്പിച്ചത്.ഇത്രയും മാനസിക ശാരീരിക വിഷമങ്ങള്‍ നീ അനുഭവിച്ചിട്ടും ഒരു വാക്ക് പോലും പരാതി പറയാതെ എന്നില്‍ പെയ്തൊഴിയാത്ത സ്നേഹമഴ പോലെ പെയ്തു കൊണ്ടിരുന്ന നിനക്ക് മുന്‍പില്‍ ഞാനും ഈ ലോകവും ചെറുതാകുന്നു..."
ഇരു കൈകള്‍ കൊണ്ട് ആനിയുടെ കാലുകളില്‍ പിടിച്ചു കൊണ്ട് മനസ്സില്‍ ഇത്രയും പറഞ്ഞു കൊണ്ട് ജോര്‍ജ്ജു അങ്ങനെ ഇരുന്നു.ആനി അപ്പോഴും തന്‍റെ ഇച്ചായനെ സ്വപ്നം കണ്ടു കൊണ്ട് നിദ്രയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു .......
ഇന്നും ആനിയെ ഒന്നും അറിയിക്കാതെ പാപഭാരത്തിന്റെ കുരിശും മനസ്സില്‍ പേറി ജോര്‍ജ്ജ് ജീവിക്കുന്നു .........

Vishnu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot