നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയൽനാട്ടു വിശേഷം !


"അവിടെ ആ കോർണർ റൂമിൽ പുതിയ സ്റ്റാഫ് വന്നീട്ടുണ്ട് . പേര് 'യാങ് ലീ'...ചൈനീസാ "
വെക്കേഷൻ കഴിഞ്ഞ് ഫ്‌ളാറ്റിൽ എത്തിയപ്പോൾ സ്വപ്ന പറഞ്ഞു .
ഇത്രനാളും ഞങ്ങൾ അഞ്ചു മലയാളികളുടെ സാമ്രാജ്യം ആയിരുന്നു ആ ഫ്‌ളാറ്റ് .
ആകെ ആറു റൂമുകൾ . അതിൽ ഒരു റൂം ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു .
ഞങ്ങൾ , അതായത് സൊപ്പി എന്ന സ്വപ്ന , പാപ്പി എന്ന ജിൻസി പാപ്പി , ജൂബി , ഷീജ പിന്നെ ഈ ഞാൻ എന്നിവർ ആയിരുന്നു ആ ഫ്‌ളാറ്റിലെ കഴിഞ്ഞ മൂന്നു വർഷമായുള്ള അന്തേവാസികൾ. സമപ്രായക്കാർ , ഒരുമിച്ച് ജോലിക്ക് ചേർന്നവർ , ഒരേ മനസ്സുള്ളവർ ..
സ്ത്രീകൾ ഒരുമിച്ചാൽ രണ്ടാം പക്കം അടി ഉറപ്പ് എന്നുള്ളതിന് അപവാദങ്ങൾ . ഒരിക്കൽ പോലും വഴക്കുണ്ടാക്കി തല്ലിപ്പിരിയൽ ഉണ്ടായിട്ടില്ല. അങ്ങനെ ഞങ്ങൾ പഞ്ചാങ്കനമാർ സസുഖം വാഴും മാളികയിലേക്കാണ് ഈ ചൈനീസ് കടന്നു കയറ്റം .
" ആളെങ്ങനെ ??" ഞാൻ തിരക്കി
"ആർക്കറിയാം ... ഇതിനോടൊക്കെ ഏത് ഭാഷയിൽ സംസാരിക്കും ?" പാപ്പി ചോദിച്ചു
" അതെന്താ ഇംഗ്ളീഷിൽ സംസാരിച്ചുകൂടെ ?"
"അതിന് ആ സംഭവത്തിന് ഇംഗ്ളീഷ് അറിഞ്ഞീട്ട്‌ വേണ്ടേ .. "
" അയ്യോ .. പിന്നെങ്ങനെ "
" കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ നാലും ഇവിടെ കഥകളി പഠിക്കുവാ. അവളുടെ നാട്ടിൽ നഴ്സിംഗ് പോലും ചൈനീസ് ഭാഷയിലാണത്രെ പഠിക്കുന്നത് " സ്വപ്ന തലക്ക് കൈ കൊടുത്തു
" അതിനെ കിച്ചൺ ഉപയോഗിച്ചതിന് ശേഷം വൃത്തിയാക്കിയിടണം എന്ന് പറഞ്ഞു മനസിലാക്കിക്കാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമറിയാം " പാപ്പി പറഞ്ഞു
അല്ലെങ്കിലും പണ്ടേ കിച്ചൺ പാപ്പിയുടെ ഡിപ്പാർട്മെന്റാ .. അവളാണ് ഞങ്ങളുടെ ഫുഡ് മിനിസ്റ്റർ .
ഇടക്കിടക്ക് കക്ഷി ഞങ്ങളോട് ചോദിക്കാറുണ്ട്
" എനിക്ക് അറിയാൻ പാടില്ലാത്തകൊണ്ട് ചോദിക്കുവാ .. നിങ്ങളെന്നെ ഹൗസ് മെയിഡിന്റെ വിസയിൽ കൊണ്ടുവന്നതാണോ " എന്ന് .
കിച്ചൺ വൃത്തിയില്ലാതെ കിടക്കുന്നത് പാപ്പിക്ക് സഹിക്കില്ല .
അതുപോലെ മഹാവൃത്തിക്കാരിയായ ജൂബി ചൈനീസിനെ ഒരാഴ്ച്ച ജീവനോടെ വിട്ടുവെച്ചത് തന്നെ ഭാഗ്യം !
കിച്ചണിൽ ചെന്നപ്പോൾ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി .
കിച്ചണിന്റെ ഒരു ഭാഗം ചൈനീസ് വത്കരിക്കപ്പെട്ടിരിക്കുന്നു .
ചോപ് സ്റ്റിക് , ഇലക്ട്രിക് റൈസ് കുക്കർ , ഫോർക്കുകൾ , സൂപ്പ്‌ ബൗളുകൾ ആദിയായവയൊക്കെ നിരന്നീട്ടുണ്ട് .
ഫ്രിഡ്ജ് തുറന്നപ്പോൾ ഏതോ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഗെയിറ്റ് തുറന്ന പോലെ തോന്നി . കോഴി , ആട് , പോത്ത്, ഒക്കെയുണ്ട് . മാസത്തിൽ കഷ്ടി ഒരു ദിവസം കോഴിയെ ഹിംസിക്കുന്ന സസ്യാഹാര പ്രിയരായിരുന്നു ഞങ്ങൾ .
വലിയ ഫ്രിഡ്ജിന്റെ താഴത്തെ രണ്ടു തട്ടുകളിൽ ചൈന തന്റെ വെന്നിക്കൊടി പാറിച്ചീട്ടുണ്ട് . മൂന്നാമത്തെ തട്ടിലോട്ട് നുഴഞ്ഞു കയറാനുള്ള ശ്രമത്തെ ഷീജ നല്ല പച്ച മലയാളത്തിൽ നാല് 'നല്ല' വാക്ക് പറഞ്ഞ് ഒതുക്കിയത്രേ .
ഹും .. മലയാളിയോടാ ചൈനാക്കാരിയുടെ കളി!!
കിച്ചണിൽ നടന്ന ചൈനീസ് വിപ്ലവം നോക്കി അന്തം വിട്ടു ഞാൻ നിൽക്കുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ലീ എത്തി .
" ഇപ്പം കണ്ടോണം ഇവിടുത്തെ അങ്കം " സ്വപ്ന പറഞ്ഞു
ലീ യൂണിഫോം മാറി കിച്ചണിലേക്ക് വന്നു . (വസ്ത്രം പാവത്തിന് അലർജി ആണെന്ന് തോന്നുന്നു ) ഫ്രിഡ്ജ് തുറന്നു . ഫ്രീസറിൽ നിന്നും ഒരു വലിയ മീനിനെ വലിച്ചെടുത്തു . നേരെ മൈക്രോവേവിലോട്ട് വെച്ച് ഡിഫ്രോസ്റ്റ് ഓൺ ചെയ്തു .
എന്തൊക്കെയോ പച്ചക്കറികൾ , മിക്കവയുടെയും പേര് എനിക്കറിയില്ല , എടുത്ത് കന്നാ പിന്നാന്ന് വെട്ടി ഒരു വലിയ പാത്രത്തിൽ ഇട്ടു . ( സ്കെയിൽ വെച്ച് പച്ചക്കറി അരിയുന്ന പാപ്പിയെ ഞാനൊന്ന് നോക്കി . )
അപ്പോഴേക്കും മൈക്രോവേവ് ശബ്ദിച്ചു . ലീ ആ മീനിനെ എടുത്ത് ടാപ്പിന് താഴെ പിടിച്ച് ഒന്ന് കഴുകി .. ഒരു കത്രിക കൊണ്ട് അതിന്റെ ഒരു വശം മുറിച്ച് ആന്തരിക അവയവങ്ങൾ എല്ലാം എടുത്തു കളഞ്ഞു . ശേഷം ഒരു പ്രത്യേകതരം കത്തി കൊണ്ട് അതിന്റെ ചെതുമ്പൽ കളഞ്ഞു എന്ന് വരുത്തി . ഒന്നുകൂടി ടാപ്പിന് താഴെ പിടിച്ച് കഴുകി . വെട്ടിക്കൂട്ടിയ പച്ചകറികളിൽ കുറച്ച് ആ മീനിന്റെ വയറിനുള്ളിൽ നിറച്ചു . ഒരു വലിയ പാത്രത്തിലോട്ട് ഈ മീനിനെ ഇറക്കി വെച്ചു . അതിന്റെ മുകളിൽ ബാക്കി വന്ന പച്ചക്കറികളും വാരിയിട്ടു . കബോർഡ് തുറന്ന് മൂന്നു നാല് കുപ്പികളിൽ നിന്നും പല തരത്തിലുള്ള സോസുകൾ ഓരോന്നായി ആ പച്ചക്കറിയുടെയും മീനിന്റെയും മുകളിൽ ഒഴിച്ചു . കുറച്ച് ഉപ്പിട്ടു . കുറച്ചു വെള്ളം ഒഴിച്ച് പാത്രം അടച്ച് ഗാസിൽ വെച്ചു . എന്നീട്ട് റൂമിൽ പോയി ...!!!
ഞാൻ അന്തം വിട്ട് കണ്ണും തള്ളി നിൽക്കുകയാണ് . ഇത്രയും കാര്യങ്ങൾ ചെയ്യാൻ ലീ ആകെ എടുത്തത് പത്തു മിനിറ്റിൽ താഴെയാണ്..!!!
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ലീ തിരികെ വന്നു . ആ പാത്രത്തിന്റെ മൂടി തുറന്നു . വല്ലാത്തൊരു മണം അവിടെയാകെ പടർന്നു . ഞാൻ ആ പാത്രത്തിലേക്ക് നോക്കി . അതിനുള്ളിൽ കിടക്കുന്ന ആദ്യാവതാരത്തിന് ഒരു സങ്കടവും ഉണ്ടാവാൻ താരമില്ല. കടലിൽ കിടന്നിരുന്നതിന് തുല്യമായ അവസ്ഥയിൽ തന്നെയാണ് അദ്ദേഹം ലീയുടെ പാത്രത്തിൽ കിടക്കുന്നത് .. അംഗവൈകല്യങ്ങൾ ഒന്നും സംഭവിച്ചീട്ടില്ല . കണ്ണും മൂക്കും വായും ഒക്കെ അതുപോലെ തന്നെ!!
ഒരു പ്ളേറ്റും ഫോർക്കും സ്പൂണും പിന്നെ മീൻ പാകം ചെയ്ത പാത്രത്തോടെയും എടുത്ത് ലീ റൂമിലേക്ക് പോയി .
" കഴിഞ്ഞ ദിവസം ഞാനും പാപ്പിയും കൂടി ഒരു ചിക്കൻ എടുത്ത് മുറിക്കാൻ തുടങ്ങിയപ്പൊഴാ ഇവൾ വന്നത് .. വന്നപാടെ ഇപ്പം ആ മീനിനെ ചെയ്തപോലെ തന്നെ ചിക്കനേയും ചെയ്തു . ഞങ്ങൾ ചിക്കൻ മുറിച്ച് സവാള അരിഞ്ഞ് കഴിഞ്ഞപ്പഴേക്ക് അവൾ ചിക്കൻ തീറ്റ കഴിഞ്ഞു "
സ്വപ്ന പറഞ്ഞു
ഞങ്ങൾ സംസാരിച്ചു നിൽക്കെ ലീ കഴിപ്പ്‌ കഴിഞ്ഞ് പാത്രം കഴുകാൻ വന്നു . അവളുടെ പ്ളേറ്റിൽ നോക്കിയപ്പോൾ പണ്ട്‌ കഥകളിൽ പറഞ്ഞു കേട്ടീട്ടുള്ള പല്ലും നഖവും മാത്രം മിച്ചം വെക്കുന്ന യക്ഷികളെ ഞാൻ വെറുതെ ഓർത്തുപോയി !! ഒരു വലിയ മീനിന്റ അസ്ഥികൂടം മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു!!!
പതിയെ പതിയെ ലീ ഞങ്ങളുമായി അടുത്തു.ഞങ്ങൾക്ക് കേട്ടറിവ് മാത്രമുള്ള അവളുടെ രാജ്യത്തെപ്പറ്റി വാതോരാതെ സംസാരിക്കും ലീ. അവൾക്കറിയാവുന്ന മുറി ഇംഗ്ളീഷിൽ . ഏതു നേരവും ലീയുടെ കാതിൽ ഒരു ഹെഡ്ഫോൺ ഉണ്ടാവും . അവൾ ആ ഹെഡ്‌ഫോണിൽ കൂടി ഇംഗ്ളീഷ് പാഠങ്ങൾ പഠിക്കുകയായിരുന്നു എന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസിലായത് .
ഏതാണ്ട് ആറു മാസം കൊണ്ട് സാമാന്യം നന്നായിതന്നെ ഇംഗ്ളീഷ് സംസാരിക്കുവാൻ ലീ പഠിച്ചു .
ഒരിക്കൽ അവളുടെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസിലായി ലീയുടെ ഭർത്താവ് ചൈനയിൽ നടന്ന ഒരു സായുധ വിപ്ലവത്തിൽ കൊല്ലപ്പെട്ടു. അവൾക്ക് ആറു വയസുള്ള ഒരു മകളുണ്ട് . ഭർത്താവിനെ തീവ്രവാദി എന്ന് മുദ്രകുത്തിയിരുന്നത് കൊണ്ട് അയാളുടെ മരണ ശേഷവും ലീക്ക് ചൈനയിൽ സമാധാനമായി ജീവിക്കാൻ പ്രയാസമായിരുന്നു. അങ്ങനെ മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് എങ്ങനെയോ നാട് വിട്ട് ഓടി വന്നതാണ് അവൾ. ഏതെങ്കിലും ഒരു യുറോപ്പിയൻ രാജ്യത്ത് പോയി സെറ്റിൽ ചെയ്ത ശേഷം മകളെ കൂടെ കൂട്ടാനാണ് അവളുടെ പരിശ്രമം . ഇനി സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ അവൾ വല്ലാതെ ഭയപ്പെടുന്നു .
രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ലീ അബുദാബി വിട്ട്‌ ലണ്ടനിലേക്ക് പോയി . പിന്നീട് അവളെപ്പറ്റി ഞങ്ങൾക്ക് ഒരു വിവരവും ഇല്ല . എങ്കിലും ഇടക്കൊക്കെ ഞങ്ങൾ ഓർക്കാറുണ്ട് ലീയെ.
അവളെ ഓർക്കുമ്പോൾ നമ്മുടെ നാട് പോലുള്ള ഒരു നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനവും ആശ്വാസവും തോന്നും .
മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയകൾ വഴിയും എത്രയൊക്കെ നമ്മുടെ നാടിനെ നമ്മൾ തന്നെ തരം താഴ്ത്തിയാലും , ഒന്ന് മാത്രം ഓർത്തു കൊള്ളുക . ഇത്രയും അഭിപ്രായ സ്വാതന്ത്ര്യമുള്ള , ചിന്തിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള , ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യമുള്ള വേറെ ഒരു നാട് ഈ ഭൂമിയിൽ വേറെയില്ല .
അഭിമാനിക്കാം നമുക്ക് .. നമ്മുടെ നാടിനെ ഓർത്ത് 🙏🏻
വന്ദന 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot