******************************
ആ പറക്കുന്ന ബസ്സില്‍ കയറുക എന്നത് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.ഞങ്ങളുടെ ബസ് സ്റ്റോപ്പ് ഒരു ചേരിയിലായിരുന്നു.ദുര്‍ഗന്ധം വമിക്കുന്ന ,തെരുവ്നായ്ക്കള്‍ സദാ ഓരിയിടുന്ന വൃത്തിക്കെട്ട ചേരി.ഞങ്ങളുടെ ചേരിയില്‍നിന്ന് ആരും ആ ബസ്സില്‍ ഇത് വരെകയറിയിട്ടുണ്ടായിരുന്നില്ല.അതൊരിക്കലും ഞങ്ങളുടെ സ്റ്റോപ്പില്‍ പറന്നിറങ്ങി യാത്രക്കാരെ കയറ്റിയിട്ടില്ല.
സ്വര്‍ണ്ണനിറമുള്ള ആ ബസ്സ് ഞങ്ങളുടെ ചേരിയുടെ മുകളിലൂടെ ഇടക്ക് പറന്നുപോകുന്നത് കാണാം.അപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിര്‍ത്തി ആകാശത്തേക്ക് നോക്കും.ചിലപ്പോഴൊക്കെ ബസ്സിലെ ജാലകങ്ങളില്‍ നിന്ന് യാത്രക്കാരുടെ മുഖങ്ങള്‍ എന്റെ നേര്‍ക്ക് നോക്കും.അവരുടെ മുഖത്തെ ഭാവങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.അതിനു മുന്‍പേ ബസ്സ് കാഴ്ചയില്‍ നിന്ന് മറയും.എങ്കിലും ആ യാത്രക്കാര്‍ അവര്‍ണ്ണനീയമായി ആനന്ദിക്കുകയാണ് എന്ന് ഞാന്‍ ഊഹിച്ചു.
ചേരിയിലെ മുതിര്‍ന്നവരില്‍ ചിലര്‍ യാത്രാമോഹം വിലക്കുവാന്‍ ശ്രമിച്ചു.
“ആ ബസ്സിലെ നിയമങ്ങള്‍ കര്‍ശനമാണ്.അത് പാലിക്കുവാന്‍ നാം ചേരിനിവാസികള്‍ക്ക് കഴിയില്ല.അല്പബുദ്ധികളായ നഗരവാസികളെ അതില്‍ കയറൂ.പറക്കുന്ന ബസ്സിലെ യാത്ര അപകടകരമായത് കൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ അതില്‍ കയറാന്‍ ശ്രമിക്കാഞ്ഞത്.”
മുതിര്‍ന്നവരുടെ മുന്നറിയിപ്പുകള്‍ ഞാന്‍ അവജ്ഞയോടെ തള്ളി.വിഡ്ഢികള്‍ .കിട്ടാത്ത മുന്തിരിങ്ങ പുളിക്കും.വൃത്തികെട്ട ചേരിനിവാസികളെ ആ പറക്കുന്ന സ്വര്‍ഗ്ഗത്തില്‍ ആരും കയറ്റില്ല എന്നതാണ് സത്യം.വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ച ,സുന്ദരന്‍മാരും സമ്പന്നരുമായ നഗരവാസികള്‍ക്ക് മാത്രമാണ് അത് അര്‍ഹതപെട്ടത്.
പറക്കുന്ന ബസ്സിലെ യാത്ര എന്റെ സ്വപ്നങ്ങളില്‍ കുടിയേറി.എന്റെ ജീവിതം തന്നെ അതിനു വേണ്ടിയായി.എന്റെ വൃത്തികെട്ട ചേരിയും അതിലെ അസൂയാലുക്കളായ മുതിര്‍ന്നവരെയും ഓരിയിടുന്ന നായ്കളെയും ഉപേക്ഷിച്ചു ഞാന്‍ കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ നഗരത്തിലേക്ക് കുടിയേറി.ഓരോ ദിവസവും ഞാന്‍ പറക്കും ബസ്സിലെ യാത്രയോട് അടുക്കുവാന്‍ അധ്വാനിച്ചു.കഠിനമായി അധ്വാനിച്ചു.തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചു.എന്റെ ദേഹം സുന്ദരമാക്കി.
പറക്കും ബസ്സ് കാണുമ്പോഴൊക്കെ ഞങ്ങള്‍ കൈവീശി കാണിക്കും.ചിലപ്പോള്‍ അത് പറന്നിറങ്ങി ചിലരെ കയറ്റും.അവരെ ഞങ്ങള്‍ അസൂയയോടെ നോക്കും.
എത്ര ആഗ്രഹിച്ചിട്ടും പറക്കുംബസ്സിലെ യാത്ര നടക്കാത്തതില്‍ നിരാശപ്പെട്ട് കഴിയവേ അപ്രതിക്ഷിതമായി ആ ബസ് എന്റെ അരികില്‍ പറന്നിറങ്ങി.സ്വര്‍ണ്ണത്തലപ്പാവും തിളങ്ങുന്ന വസ്ത്രങ്ങളും ധരിച്ച കണ്ടക്ടര്‍ എന്നെ അതിലേക്ക് ആനയിച്ചു.എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
എന്നെ കണ്ടക്ടര്‍ പതുപതുത്ത ഒരു സീറ്റില്‍ കൊണ്ട് ചെന്നിരുത്തി.ഞങ്ങള്‍ പുതിയതായി കയറിയ യാത്രക്കാര്‍ സന്തോഷം കൊണ്ട് ബസ്സില്‍ ആര്‍ത്തുവിളിച്ചു.എങ്കിലും കുറച്ചുപേര്‍ നിശബ്ദരായി നിര്‍വികാരതയോടെ ചില്ല് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരുപ്പുണ്ടായിരുന്നു.
“എന്താ അവര്‍ക്ക് സന്തോഷമില്ലാത്തത് ?”കണ്ടക്ടര്‍ തന്ന മധുരപാനീയം കുടിച്ചിട്ട് ഞാന്‍ അന്വേഷിച്ചു.
“അവര്‍ പഴയ യാത്രക്കാരാണ്.” കണ്ടക്ടര്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഞാന്‍ ആ മറുപടി കാര്യമാക്കിയില്ല.കാരണം എന്റെ ശ്രദ്ധ പുറത്തെ കാഴ്ചകളിലായിരുന്നു.ഒരിക്കലും കണ്ടിട്ടില്ലാത്ത ,സ്വര്‍ഗീയ കാഴ്ചകള്‍.മഞ്ഞുപര്‍വതങ്ങള്‍ ,അനന്തമായ പുല്‍മേടുകള്‍ ,കടല്‍പോലെ പരന്നു കിടക്കുന്ന മരുഭൂമികള്‍.ഞങ്ങള്‍ അവയ്ക്ക് മുകളിലൂടെ സഞ്ചരിച്ചു.അര്‍ദ്ധനഗ്നകളായ ദേവതകള്‍ ഞങ്ങളെ മേഘങ്ങള്‍ക്കിടയില്‍ നിന്ന് കൈവീശി കാണിച്ചു.കടല്‍പ്പരപ്പിലെ നിശബ്ദതയില്‍ സുന്ദരിമാരായ മത്സ്യകന്യകകള്‍ ഗാനങ്ങള്‍ ആലപിക്കുന്നത് ഞങ്ങള്‍ കേട്ടു.ഒരു അപ്പൂപ്പന്‍താടി പോലെ എന്റെ മനസ്സ് പാറിപ്പറന്നു.ആനന്ദം വീഞ്ഞ് പോലെ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു.
എങ്കിലും അല്പം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തളര്‍ന്നു.ബസ്സിന്റെയകം ഇപ്പോള്‍ നിശബ്ദമാണ്.
ഞാന്‍ താഴേക്ക് നോക്കി.അതാ എന്റെ പഴയ ചേരി !
ഞാന്‍ കണ്ടക്ടറെ വിളിച്ചു.
“എനിക്കിവിടെ ഇറങ്ങണം.” ഞാന്‍ ആവശ്യപ്പെട്ടു.
“പറക്കും ബസ്സിലെ യാത്രയില്‍ ഒരു നിയമമേയുള്ളൂ.” അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“കയറി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരിക്കലും ഇറങ്ങാന്‍ കഴിയില്ല.യാത്ര തുടരുക എന്നത് മാത്രമേയുള്ളൂ നിങ്ങളുടെ മുന്നിലുള്ള മാര്‍ഗം.” അയാള്‍ പറഞ്ഞു.
ഞാന്‍ മറ്റു യാത്രക്കാരെ നോക്കി. അവര്‍ നിശബ്ദരായി കരയുന്നത് ഞാന്‍ കണ്ടു.പഴയ യാത്രക്കാരുടെ ദു:ഖത്തിനു കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
“ഇല്ല,എനിക്കിറങ്ങണം.എനിക്കിറങ്ങണം.”ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് യാചിച്ചു.എന്റെ നിലവിളി ആരും കേട്ടില്ല.
ബസ് എന്റെ ചേരിയുടെ മുകളിലൂടെ പറന്നു.അതിനെനോക്കി നായ്ക്കള്‍ ഓരിയിട്ടു.കണ്ണീര്‍പ്പാടയിലൂടെ ബസ്സിന്റെ ചില്ലിലെക്ക് മുഖം ചേര്‍ത്ത് വച്ച് താഴെയുള്ള എന്റെ പ്രിയപ്പെട്ട ചേരിയിലേക്ക് ഞാന്‍ നോക്കി.അവിടെ ചളിക്കൂനയില്‍ പണിയെടുക്കുന്ന, പണ്ട് ഞാന്‍ എങ്ങനെയിരുന്നോ അത് പോലെ മെല്ലിച്ചു വൃത്തികെട്ട വസ്തങ്ങള്‍ അണിഞ്ഞ ഒരു ചേരിനിവാസി പറക്കുംബസ്സിലേക്ക് കൊതിയോടെ നോക്കിനില്‍ക്കുന്നത് ഞാന്‍ ദു:ഖത്തോടെ കണ്ടു.
(അവസാനിച്ചു)
Anish F
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക