നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആഭരണങ്ങൾ

അയാൾക്ക് ആഭരണങ്ങളോട് അടക്കാനാവാത്ത ഭ്രമം ഉണ്ടായിരുന്നു.
കഴുത്തിൽ അഞ്ചു പവന്റെ മാല, കൈയ്യിൽ രണ്ടു പവന്റെ ബ്രേസ്ലെറ്റ്, ഇരു കൈകളിലെ ചൂണ്ടുവിരലിലും, നടുവിരലിലും മോതിരങ്ങൾ എന്നീ ആഭരണങ്ങൾ ആയിരുന്നു അയാൾക്കുണ്ടായിരുന്നത്.
ജീവിക്കാൻ വേണ്ടി പലതരം ജോലികൾ ചെയ്തു. വ്യത്യസ്ത സ്ഥാപനങ്ങളിൽ പ്യൂൺ ജോലി മുതൽ ഡ്രൈവർ ജോലി ഉൾപ്പടെ അയാൾ ചെയ്തു പോന്നു.
ഇടയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നപ്പോൾ തന്റെ ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ചിട്ടാണ് തല്ക്കാലം പരിഹരിച്ചത്. ഭാര്യയ്ക്കും, മക്കൾക്കും അയാളുടെ അമിതമായ ഈ ഭ്രമത്തെക്കുറിച്ചും, തന്റെ വളകൾ പണയം വയ്ക്കുന്നതിനെക്കുറിച്ചും കഠിനമായ എതിർപ്പുണ്ടായിരുന്നു. എങ്കിൽ പോലും തന്റെ ആഭരണങ്ങളിൽ തൊട്ടൊരു കളി അയാൾക്കില്ല.
തന്റെ രണ്ടു പെൺമക്കളെ നല്ല നിലയിൽ തന്നെ കല്യാണം കഴിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു.
അയാൾക്ക് മദ്യപാനവും, സിഗരറ്റു വലിയും ഉണ്ടായിരുന്നു. നല്ല തടിച്ച ശരീരപ്രകൃതമായിരുന്നു അയാളുടേത്. ആഭരണ കാര്യത്തിലെന്നപ്പോലെ, സൗന്ദര്യ കാര്യത്തിലും അയാൾക്ക് ശ്രദ്ധ ഉണ്ടായിരുന്നു. വിപണിയിൽ കിട്ടുന്ന എല്ലാതരം ഫേസ്പാക്കുകൾ, മുഖത്ത് തേച്ച് സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഒരിക്കൽ എഴുത്ത് കൊടുക്കാൻ വന്ന പോസ്റ്റുമാൻ, ഫേസ്പാക്ക് മുഖത്ത് ഇട്ടിരിക്കുന്ന, അയാളെ കണ്ടിട്ട് തിരിച്ചറിയാതെ, ഏതോ മാനസിക രോഗിയാണെന്ന് വിചാരിച്ച് പേടിച്ചോടിയ കാര്യം ആ നാട്ടിൽ പാട്ടാണ്.
പിന്നീട് സിഗരറ്റുവലി തന്റെ പല്ലിനു കേടും, കറയും ഉണ്ടാക്കുന്നു എന്നു കണ്ടതിനാൽ ,വിഷമത്തോടെയാണെങ്കിലും അത് പാടേ ഉപേക്ഷിച്ചു. കാലക്രമേണ മദ്യപാനത്തിന്റെ അളവ് കുറച്ചു കുറച്ചു പോന്നു.
അന്നൊരു ദിവസം അയാളുടെ നാല്പതാം വിവാഹ വാർഷികമായിരുന്നു. അയാളുടെ വീട്ടിൽ മക്കളും മരുമക്കളും പേരക്കിടാങ്ങളും വിവാഹ വാർഷികത്തിന് ഒത്തു കൂടി.
അന്നു രാത്രി അയാൾക്ക് പെട്ടെന്ന് ഒരു പരവേശം തോന്നി. അത് എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല .
നെഞ്ചുവേദനയാണോ, അതോ ഗ്യാസ് കേറിയതാണോ എന്ന് ഒരു സംശയം.
അയാൾ തന്റെ മകളോട് പറഞ്ഞു,
'' മോളേ... എനിക്ക് വല്ലാത്ത വേദന. '' എന്നു പറഞ്ഞു നെഞ്ചും വയറും പൊത്തിപ്പിടിച്ച് സെററിയുടെ കീഴെ ഇരുന്ന് സെറ്റിയേൽ ചാരി , കാലുകൾ നീട്ടിവച്ചു.
''ആ .. അപ്പാ .. അത് ഗ്യാസ് കേറിയതായിരിക്കും. കുറച്ചു കഴിയുമ്പോൾ മാറും."
കുറച്ചു നേരം കഴിഞ്ഞിട്ടും, മാറാതിരുന്നപ്പോൾ ഭാര്യയെ വിളിച്ചു.
"എടീ.. എനിക്കെന്തോ പ്പോലെ .. വയ്യാ ടീ.."
''നിങ്ങളൊന്നു മിണ്ടാതിരിക്കുന്നുണ്ടോ, ഗ്യാസിന്റെ ഉപദ്രവം ആകാനേ വഴിയുള്ളൂ. ഒരു പത്തു മിനിട്ട് നടക്ക്, മാറിക്കോളും.. എനിക്ക് അടുക്കളയിൽ തിരക്കുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബീഫ് കറി റെഡിയാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും നിങ്ങൾ വേഗം പത്തു മിനിറ്റു നടന്നിട്ടു വാ .. പിന്നെയ്..നമ്മുടെ ആനിവേഴ്സറിയ്ക്ക്, കേക്ക് മുറിക്കണ്ടേ... അതിനു വേണ്ടി പിള്ളേര് കേക്ക് മേടിച്ചു കൊണ്ടു വന്നിട്ടുണ്ട്." എന്നു പറഞ്ഞിട്ടു അവൾ ധൃതിപ്പെട്ടു അടക്കളയിലേയ്ക്ക് പോയി.
അയാൾക്ക് ഓരോ നിമിഷം കടക്കുന്തോറും വേദന കൂടിക്കൂടി വരുന്ന തല്ലാതെ, കുറയുന്നില്ലായിരുന്നു.
അയാൾ തന്റെ രണ്ടാമത്തെ മകളെ വിളിച്ചു. വിളി കേട്ട് വന്ന മകൾ നെഞ്ചും വയറും തിരുമ്മി കഠിനമായ വേദന സഹിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന അപ്പയെ കണ്ടപ്പോൾ പന്തിക്കേട് തോന്നി.
''എന്തു പറ്റി അപ്പാ...?"
"എടീ ...എനിക്ക് ഗ്യാസല്ല എന്നാണ് തോന്നുന്നത്. അപ്പയ്ക്ക് വയ്യാ ടീ.... നീയൊന്നു വിശ്വസിക്കെ ടീ.... ഞാനിപ്പം മരിച്ചു പോകും ന്നാണ് തോന്നുന്നത്. എടീ എന്നെ ഒന്നു ആശുപത്രിയിൽ കൊണ്ടു പോടീ.... "
അപ്പാ വിഷമിക്കാതെ.. ഞാനൊന്നു ഇച്ചായനോട് പറയട്ടെ വണ്ടിയെടുക്കാൻ .
അവൾ വേഗം ടിവി കാണുകയായിരുന്ന തന്റെ ഭർത്താവിന്റെ അടുത്തേക്ക് ചെന്ന് , അപ്പയ്ക്ക് സുഖമില്ലെന്നും, ആശുപത്രിയിൽ കൊണ്ടു പോകാൻ വണ്ടിയെടുക്കാനും ആവശ്യപ്പെട്ടു.
അത് കേട്ട് അയാൾ ടിവി ഓഫാക്കിയിട്ട്, അമ്മയോടും വേഗം വേഷം മാറി വരാൻ അവളോട് നിർദ്ദേശിച്ചിട്ട്, അയാൾ വേഗം റെഡിയായി , തളർന്നിരിക്കുന്ന അമ്മായിയപ്പനെ താങ്ങിപ്പിടിച്ച് തന്റെ കാറിലേയ്ക്ക് കേറ്റി യിരുത്തി.
മകൾ പറഞ്ഞ് , സംഭവത്തിന്റെ ഗൗരവം മനസ്സിലായ അവളുടെ അമ്മ വേഗം വേഷം മാറി കാറിൽ കയറി , തന്റെ ഭർത്താവിനെ തന്നിലേയ്ക്ക് ചാരിക്കിടത്തി.
പെട്ടെന്ന് തന്നെ അയാളേയും കൊണ്ട് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി വരാന്തയിൽ ഉണ്ടായിരുന്ന വീൽ ചെയറിൽ അയാളെ ഇരുത്തി വേഗം കാഷ്യലിറ്റിയിൽ കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചപ്പോൾ പെട്ടെന്ന് തന്നെ അയാളെ ഇ.സി.ജി.യ്ക്ക് വിധേയനാക്കാൻ നഴ്സുമാർക്ക് നിർദ്ദേശം കൊടുത്തു.
ഇ.സി.ജി യിൽ വേരിയേഷൻ കണ്ടതിനാൽ എത്രയും വേഗം അയാളെ ഐ.സി.യുവിലാക്കി.
ഡോക്ടർ രോഗിയുടെ ഭാര്യയേയും, കൂടെ വന്ന ബന്ധുക്കളേയും വിളിച്ച്,
അയാൾക്ക് ഹൃദയത്തിൽ മൂന്നു സ്ഥലത്തായി ബ്ലോക്കുണ്ടെന്നും, എത്രയും വേഗം ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെൻഡ് ഇടേണ്ടി വരുമെന്നും , തല്ക്കാലം ഒരു സ്റ്റെൻഡ് ഇട്ടാൽ മതിയെന്നും അറിയിച്ചു.
അപ്പോഴേക്കും, രോഗി കോമാവസ്ഥ യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാ യിരുന്നു.
ബന്ധുക്കൾ സമ്മതമറിയച്ചതു പ്രകാരം അയാളെ എത്രയും വേഗം ഓപ്പറേഷൻ തിയറ്ററിൽ എത്തിച്ച്, ആൻജിയോപ്ലാസ്റ്റി നടത്തി ഹൃദയവാൽവിന്റെ ബ്ലോക്ക് മാറ്റി.
രണ്ടു മൂന്നു ദിവസം ഐ.സി.യുവിൽ അബോധാവസ്ഥയിൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അയാൾ സഞ്ചരിക്കുകയായിരുന്നു .
നാലാം ദിവസം അയാൾ കണ്ണു ചിമ്മുന്നതു കണ്ടപ്പോൾ, ഡോക്ടർ നഴ്സിനോട് , അയാളെ കാണുന്നതിനായി ഐ.സി.യുവിലേയ്ക്ക് , അയാളുടെ ഭാര്യയെ കടത്തിവിടാൻ നിർദ്ദേശം കൊടുത്തു.
അകത്തേയ്ക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, ഭാര്യ കടന്നു വന്നു. അയാളെ നോക്കി , നാല്പതു വർഷം മുൻപ് തന്റെ ജീവിതത്തിലേക്ക് വന്ന അയാളെക്കുറിച്ചുള്ള ഓർമ്മകൾ തന്റെ മനോകുമുരത്തിൽ തെളിഞ്ഞു വന്നു. ഒരിക്കൽപ്പോലും ഭാര്യയെന്ന നിലയിൽ തന്നെ സ്നേഹത്തോടെ നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ആളാണ്. ഈ സംഭവത്തോടെയെങ്കിലും തന്നെ ഒന്നു സ്നേഹത്തോടെയൊന്നു നോക്കിയാൽ മതിയായിരുന്നു, എന്നിങ്ങനെ വിചാരിച്ചപ്പോഴേക്കും, അയാൾ കണ്ണുകൾ പതുക്കെ തുറന്നു.
അപ്പോൾ മുന്നിൽ നിറകണ്ണുകളുമായി നില്ക്കുന്ന ഭാര്യയെ കണ്ടു. എന്തോ ചോദിക്കുവാനാഞ്ഞ അയാളെ കണ്ട്, ഭാര്യ അയാളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു ,
'അതേയ് ഹോസ്പിറ്റലിലാണ് കിടക്കുന്നത് ട്ടോ... എന്റെ പ്രാർത്ഥന ദൈവം കേട്ടു . നിങ്ങളൊന്നു കണ്ണു തുറന്നു കണ്ടല്ലോ ..'
അതു കേട്ട് അയാൾ തന്റെ ഭാര്യയോട് അടുത്തേക്ക് വരാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.
ഭാര്യ അയാളുടെ മുഖത്തിനു നേരെ തന്റെ ചെവി അടുപ്പിച്ചു. വളരെയധികം പ്രയാസപ്പെട്ടുകൊണ്ട് അയാൾ ചോദിച്ചു,
"എടീ.... എന്റെ ആഭരണങ്ങൾ എന്തിയേ.,.?
അതു കേട്ട ഭാര്യയുടെ കണ്ണുകൾ എന്തോ ഓർത്തെന്നപ്പോലെ നിറഞ്ഞു പോയി.
ഒരിക്കൽപ്പോലും പണയം വയ്ക്കാത്ത അയാളുടെ ആഭരണങ്ങൾ, സർജറിയ്ക്കു വേണ്ടി പണയം വച്ചു എന്ന് എങ്ങനെ പറയും?
സുമി ആൽഫസ്
****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot