നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വല്യപ്പൻ കഥകൾ.


---------------------------
എനിക്ക് ഇന്ന് എന്റെ വീടിന്റെ അടുത്തുള്ള ഒരു വല്യപ്പനെ ഓർമ്മ വന്നു.... അതൊന്നു നിങ്ങളോട് പങ്ക് വെക്കാം എന്നൊരു തോന്നൽ
അദ്ദേഹം മരിച്ചു പോയി ആ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഞാൻ തുടങ്ങട്ടെ
ഞാൻ കാണാൻ തുടങ്ങിയപ്പോൾ മുതൽ ആ വല്യപ്പൻ ഒരു ആറടി പൊക്കവും നല്ലവണ്ണം മെലിഞ്ഞതും നടക്കുമ്പോൾ മുതുക് കുറച്ചു വളഞ്ഞതുമായ ഒരു രൂപം ആയിരുന്നു ഒരു ചതുര കട്ടി കണ്ണടയും തലയിൽ ഒരു തോർത്ത് വട്ടം ചുറ്റി തല പൊതിഞ്ഞു എപ്പോഴും ഉണ്ടാകും....
പുള്ളിയുടെ കഥപറച്ചിലുകളുടെ കേന്ദ്ര സ്ഥാനം ജംഗ്ഷനിൽ ഉള്ള ഒരു പലചരക്കു കടയുടെ സൈഡിൽ ഉള്ള ഗോവണി ആയിരുന്നു... വൈകുന്നേരം ഒരു അഞ്ച് മണി ആകുമ്പോൾ പുള്ളി വരും ആ കടയിൽ നിന്ന് ഒരു സിസ്സർ വാങ്ങി മൂന്നായി ഒടിച്ചു രണ്ട് മുറി രണ്ടു ചെവിയിലുമായി തിരുകി വെച്ച് ഒരു മുറി കത്തിച്ചു വലിച്ചു പുള്ളിക്കാരൻ അങ്ങ് തുടങ്ങും... കേൾവിക്കാരായി കുറച്ചു സമപ്രായക്കാരും കടക്കാരനും പിന്നെ വേറെ കുറച്ചു ആൾക്കാരും കേൾവിക്കാരുടെ എണ്ണം കൂടിയാൽ പിന്നെ പുള്ളിക്ക് ഒരു പ്രത്യേക ഊർജ്ജമാണ് കഥ പറയാൻ.... അങ്ങിനെ പറഞ്ഞു കേട്ട കഥകളിൽ ചിലത് ഞാനിവിടെ പറയാം.... കുഞ്ഞു കുഞ്ഞു കഥകളാണ് കേട്ടോ....
വല്യപ്പൻ :- " ടാ വർക്കിയെ ഈ വിമാനത്തിന് തീ പിടിച്ചാൽ എങ്ങിനെയാ തീ അണക്കുക എന്ന് നിനക്കറിയോ... "
വർക്കി :- " അതെങ്ങിനെ അണക്കാനാണ് വല്ല മഴയും പെയ്താൽ അണയും.... അല്ലാതെ ആകാശത്ത് ഫയർ ഫോഴ്സ് ഒന്നും ഇല്ലല്ലോ "
വല്യപ്പൻ :- " ആർക്കെങ്കിലും അറിയോ "
കേൾവിക്കാർ :- " ഇല്ല നിങ്ങൾ തന്നെ പറയ്..."
അപ്പൊ വല്യപ്പൻ ഒന്നുഷാറാകും.... ഒന്ന് മുരടനക്കി സൗണ്ട് നേരെയാക്കി പറയും...
" വിമാനത്തിന് സാധാരണ തീ പിടിക്കുക വാലിലാണ്.... അപ്പൊ പൈലറ്റ് എന്താ ചെയ്യുകാന്നു വെച്ചാൽ നേരെ കടലിന്റെ മുകളിൽ കൊണ്ട് പോയി കപ്പലും ബോട്ടും ഒന്നും ഇല്ലാത്ത ഒരു സ്ഥലത്തു കൊണ്ട് പോയി ഇങ്ങിനെ വെള്ളത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിർത്തും എന്നിട്ട് പതുക്കെ വിമാനത്തിന്റെ മൂട് ഭാഗം മാത്രം മെല്ലെ കടലിൽ താഴ്ത്തും .... ശ്ശൂ.... എന്നിട്ട് തീ കെട്ട് കഴിയുമ്പോ മൂട് പൊക്കി നേരെയാക്കി ഒരു കുടച്ചിലാ... ( ആ കുടച്ചിൽ കാണിക്കുമ്പോൾ ഒരു ആക്ഷൻ ഉണ്ട് മക്കളേ.... അതിനാണ് കാശ്..... രണ്ടു കയ്യും പൊക്കി കക്ഷത്തിന്റെ അവിടേക്ക് കൊണ്ട് വന്ന് വിമാനത്തിന്റെ ചിറകിന്റെ ആകൃതിയിൽ മടക്കി ബാക്ക് ഭാഗം ഒരു കുലുക്കൽ ആണ്..) അതോടെ തീ കെടും പൈലറ്റ് വിമാനം പിന്നേം ഓടിച്ചോണ്ട് പോകും.."
ഇനിയൊരു സത്യം പറയട്ടെ ആദ്യം ഞാനും വിചാരിച്ചത് ഇത് സത്യമാണെന്നാ ഒരു മൂന്നാം ക്ലാസ്സ് നാലാം ക്ലാസ്സ് വരെ ഞാനും ഈ കഥ കുറെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് അവരും വിശ്വസിച്ചു ഒടുവിൽ ഏതോ ഒരുത്തൻ എന്റെ മുഖത്ത് നോക്കി ഒന്ന് പോടാ ചുമ്മാ തള്ളാതെ എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തിച്ചത് പിന്നെ ഞാൻ ആരോടും പറഞ്ഞിട്ടില്ല....
പുള്ളിക്കാരന് പണ്ട് കുറെ കൃഷി ഉണ്ടായിരുന്നു... അന്ന് കാലത്ത് ഈ ഏറുമാടങ്ങളിൽ രാത്രികാലങ്ങളിൽ ആളുകൾ കാവൽ കിടക്കും രാത്രി കാലങ്ങളിൽ കാട്ടു പന്നിയുടെ ശല്യം ഉണ്ടാകും അപ്പൊ പടക്കം പൊട്ടിച്ചു ഓടിക്കാനും ചെണ്ട കൊട്ടി ഓടിക്കാനും ഒക്കെ വേണ്ടിയാണ് ഈ രാത്രി കിടപ്പ്.... അന്ന് മുളങ്കൂട്ടത്തിൽ മുകളിൽ വെട്ടിയൊതുക്കി വീട് പോലെ ആക്കിയാണ് ഏറുമാടങ്ങൾ ഉണ്ടാക്കുക ... നമ്മുടെ വല്യപ്പനും അങ്ങിനെ ഒരു കാവൽക്കാരൻ ആയിരുന്നു.... അവിടുത്തെ ചില കഥകൾ
" അന്നൊരു ദിവസം വൈകിട്ട് വീട്ടിൽ നിന്ന് വന്ന് കവലയിൽ ഒരു ചായ ഒക്കെ കുടിച്ചു രാത്രി ഒരു പത്തു മണിയോട് കൂടി ഏറുമാടത്തിൽ വന്നു ചുമ്മാ കിടക്കാം എന്ന് വിചാരിച്ചു വിളക്ക് കത്തിച്ചു വെച്ച് കിടന്നു.... കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ പായുടെ അടിയിൽ ഒരു കിരുകിരിപ്പ്.... എന്തോ വല്ല പട്ടിലിന്റെ ( മുള) ഇലയോ മുള്ളോ ആണെന്ന് കരുതി ഞാൻ ഒന്നും കൂടെ തിരിഞ്ഞു മറിഞ്ഞു ഇളകി കിടന്നു അപ്പൊ ആണ്ടെടാ പിന്നേം എന്തോ അനങ്ങുന്നു... അപ്പോ എനിക്ക് തോന്നി ഇത് ശരിയല്ലല്ലോ..... ഞാൻ വിളക്ക് കയ്യിൽ പിടിച്ചു പായ ഒന്ന് പൊന്തിച്ചു നോക്കി.... നോക്കുമ്പോൾ ആണ്ടെടാ....
' ഒരു മൂർഖൻ പാമ്പും പതിനാറ് കുഞ്ഞുങ്ങളും '
( എണ്ണം കൃത്യമായി പറഞ്ഞു ട്ടോ ) ..... ഞാൻ പായ പൊക്കിയതും തള്ളേം പിള്ളേരും ജീവനും കൊണ്ട് ഒരോട്ടം....ഞാൻ പായ ഒന്ന് കുടഞ്ഞിട്ട് പിന്നേം അവിടെ കിടന്നു... "
ഇത്രേം ആകുമ്പോൾക്കും കടക്കാരൻ ഇറങ്ങി വന്നു പറയും" ഡോ മാപ്ലെ ഒന്ന് നിർത്തിയിട്ട് എഴുന്നേറ്റ് പോയെടോ.."
" പോടാ " വല്യപ്പന്റെ മറുപടി ഇങ്ങിനെയായിരിക്കും....
പിന്നെയും ഉണ്ട് ഏറുമാട കഥകൾ യക്ഷിയും പ്രേതവും പുലിയും സിംഹവും ഒക്കെ ഇങ്ങിനെ വല്യപ്പന്റെ വായിലൂടെ ആളുകളുടെ ചെവിയിലേക്ക് കയറി അവരുടെ വാ പൊളിപ്പിച്ചു അവിടെ കറങ്ങി നടക്കും.... ഓരോ ദിവസവും പറയാൻ പുള്ളിക്ക് ഒരു കഥയെങ്കിലും കാണും... അതെല്ലാമൊന്നും ഞാൻ കേട്ടിട്ടില്ല.... പറയാൻ നിന്നാൽ എല്ലാ കഥകളും ഇതിൽ ഒതുങ്ങുകയും ഇല്ല....
ഇനി എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യം കൂടി പറയാം....
പുള്ളിയുടെ മരണം കഴിഞ്ഞു നാല്പത്തി ഒന്നിന്റെ തലേ ദിവസം പള്ളി ഹാളിലാണ് പരിപാടി പിറ്റേ ദിവസത്തെക്കുള്ള പാചകത്തിനാവശ്യമായ സാധന സാമഗ്രികൾ ഒക്കെ റെഡിയാക്കി കൊണ്ടിരിക്കുന്നു ഞങ്ങളുടെ അവിടെ എന്ന് പറഞ്ഞാൽ എന്ത് വിശേഷം ആയാലും പാചകക്കാരനെ മാത്രം പുറമെ നിന്ന് വിളിച്ചാൽ മതി ബാക്കിയൊക്കെ നമ്മൾ പിള്ളേര് സെറ്റ് തന്നെ കൈകാര്യം ചെയ്തോളും.... അതൊരു പ്രത്യേകത തന്നെയാണ് പിറ്റേ ദിവസം സദ്യക്ക് വിളമ്പൽ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി പന്തൽ പൊളിച്ചു മേശയും കസേരയും കൊണ്ട് പോയി കൊടുത്തിട്ടെ പിള്ളേര് പോകൂ.... അതൊക്കെ പോട്ടെ ... അപ്പൊ അങ്ങിനെ കാര്യങ്ങൾ ഉഷാറായി നടക്കുന്നതിന്റെ ഇടയിൽ പുള്ളിയുടെ കഥകൾ പറയലും ചിരിയും ഒക്കെയുണ്ട്.... പെട്ടെന്ന് നിലവിളി
" ടാ പോളീ വണ്ടിയെടുക്കെടാ... ഹോസ്പിറ്റലിൽ പോകണം... "
ആരുടെയോ കൈ മുറിഞ്ഞു .... പോളി ഉടനെ തന്നെ ജീപ്പ് എടുത്തു തിരിച്ചു നിറുത്തി... അപ്പോഴല്ലേ രസം കേട്ടപാതി കേൾക്കാത്ത പാതി ഒക്കെക്കൂടി ഓടി വന്നു ജീപ്പിൽ കയറി... ഒരു കൈ മുറിഞ്ഞവനെ കൊണ്ട് പോകാൻ വേണ്ടി ജീപ്പിൽ തൂങ്ങി പിടിച്ചു വരെ ആൾക്കാർ ആയി ....
"ചേട്ടാ കത്തിച്ചു വിട്ടോ.... 6 കിലോമീറ്റർ അപ്പുറത്ത് ഡോക്ടറുടെ വീടുണ്ട് പുള്ളിയെ വിളിച്ചെഴുന്നേല്പിക്കാം...." പുറകിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു..... ഡ്രൈവർ കത്തിച്ചു വിട്ടു...
ഡോക്ടറുടെ വീട്ടിലെത്തി പുറകിൽ നിന്നവർ പോയി ബെല്ലടിച്ചു ഡോക്ടറെ എഴുന്നേൽപ്പിച്ചു കാര്യം പറഞ്ഞു ഡോക്ടർ വേഗം തന്നെ കൺസൾട്ടിങ്ങ് റൂമിലേക്ക് വന്നു....
അപ്പോഴേക്കും ജീപ്പ് റിവേഴ്‌സ് എടുത്ത് വന്നു ഓരോരുത്തർ ഓരോരുത്തരായി ഇറങ്ങി... ആളുകൾ എല്ലാം ഇറങ്ങിയിട്ടും കൈ മുറിഞ്ഞവൻ ഇറങ്ങിയില്ല... അപ്പോഴല്ലേ ആരും ശ്രദ്ധിക്കാതിരുന്ന ആ കാര്യം മനസ്സിലായത് ....
കൈ മുറിഞ്ഞവൻ കയറിയില്ല.....
" ടാ ദിലീപിനെ കയറ്റിയില്ലേ " എന്ന ചോദ്യത്തിനാ ആ മറുപടി വന്നത്
" അയ്യോ അവന്റെ കയ്യാണോ മുറിഞ്ഞത്....." എന്നായിരുന്നു.
ആ പുള്ളി കയറാൻ വന്നപ്പോൾ പുറകിൽ തൂങ്ങി പിടിച്ചു നിന്ന ഏതോ ഒരു മഹാൻ പറഞ്ഞത്രെ....
" നിക്ക് നിക്ക് എങ്ങോട്ടാ ഈ പൊത്തി പിടിച്ചു കയറുന്നത് അല്ലെങ്കിൽ തന്നെ ഇതിൽ സ്ഥലമില്ല അങ്ങോട്ട് മാറി നിൽക്ക് എന്ന്...."
അപ്പോഴും അയാൾ പറഞ്ഞു " ടാ എന്നെ കൊണ്ടു പോകാതിരുന്നാൽ ശരിയാവില്ല " ....
" പിന്നെ നീ വലിയ തമ്പുരാൻ അല്ലേ... പോയി അവിടെ വല്ല പണിയുമുണ്ടേൽ ചെയ്യ് ഞങ്ങൾ ഇപ്പൊ വരാം...."
എന്നിട്ട് ആ പുള്ളി തന്നെ ഡ്രൈവറോട് വിളിച്ചു പറഞ്ഞത് കത്തിച്ചു വിട്ടോ ചേട്ടാ എന്ന്.....
എന്തായാലും മുടിഞ്ഞ തമാശ ആയിപ്പോയി ... ഞങ്ങളെ ഒക്കെ ഇറക്കി ഡ്രൈവറും വേറൊരാളും കൂടി തിരിച്ചു ചെന്നപ്പോളും പുള്ളി അതെ സ്ഥലത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.... കാരണം പുള്ളിക്കറിയാം എന്തായാലും തിരിച്ചു വരുമെന്ന്..... പാവം...
ഡോക്ടറുടെ അടുത്ത് കയറി ചെന്നപ്പോൾ കയറി ചെന്നവരോട് ഏത് ബ്രാൻഡാ അടിച്ചേക്കുന്നത് എന്ന ചോദ്യം കേട്ടു എന്ന് പറയുന്നത് സത്യമാകാൻ സാധ്യതയുണ്ട്.... ആ വാശിക്കു പച്ചക്കാണ് ഡോക്ടർ സ്റ്റിച്ചു ഇട്ടതെന്നും പുള്ളി അലറി കരഞ്ഞു എന്നതും സത്യമാണ്.....
എന്തായാലും ജീവിതത്തിലും മരണത്തിലും ചിരിപ്പിച്ച ഒരു വ്യക്തിയാണ് വല്യപ്പൻ എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല......
ജയ്‌സൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot