നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹർത്താലിന്റെയന്ന്..


ഹർത്താലിന്റെയന്ന് വൈകുന്നേരം കട തുറന്നു. തുറന്നതെന്തേ എന്ന് ചോദിക്കരുത്.
വീട്ടിലിരുന്നാൽ ഭാര്യയെ കാണുമ്പോൾ കവിത വരും. കടയിലാണെങ്കിലോ കഥയും വരും. അപ്പൊ കഥ തന്നെ എഴുതാമെന്ന് കരുതിയാ കട തുറന്നത്.ഹർത്താലായതിനാൽ തിരക്കുണ്ടാവില്ല, സുഖമായി ഇരുന്ന് കഥയെഴുതാമല്ലൊ.
കഥയുടെ പേര് ആദ്യം തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്നു.
"പഴം തൊലിയിലെ ബംഗാളിപ്പെരുമ" എന്നതായിരുന്നു കഥയുടെ പേര്.
മുമ്പൊരു ബംഗാളികടയിൽ തർബൂച്ചി ചോദിച്ചു വന്നിരുന്നു. തർബൂച്ചി എന്താണെന്ന് മനസ്സിലാകാത്തോണ്ട് ഞാനൊന്ന് നട്ടം തിരിഞ്ഞു. തൽക്കാലം ബംഗാളിയെ ഒഴിവാക്കാൻ സർബത്തിൽ പാലൊഴിച്ചു കൊടുത്തു. അതിന് ബംഗാളി എനിക്കിട്ടൊരു താങ്ങല്.
തുജേ ദി മാക് നഹിയേന്ന്... ഭാഷ മനസ്സിലാകാത്തത് ഒരു പ്രശ്നമാണോ?.
അന്ന് ഞാൻ കരുതിയതാ.. ഈ ബംഗാളിക്കിട്ടൊന്നു കൊടുക്കണംന്ന്. അതിനൊരു അവസരം കാത്തിരിക്കായിരുന്നു ഞാന്. അപ്പോഴാണ് തർബൂച്ചിബംഗാളിയുടെ വരവ്. അവൻ ചോദിച്ചത് 'കേല '.
ഞാൻ തിരക്കിലായതോണ്ട് ബംഗാളി എന്നെ കാത്ത് നിന്നില്ല. അവൻ തന്നെ പൊട്ടിച്ചു കേല.. അതായത് വാഴപ്പഴം..
അതു കൊണ്ട് "ദി മാക് ''വിളിയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.
എന്നാലും ബംഗാളിക്കിട്ടൊന്നു കൊടുക്കണമല്ലൊ. അവസരം കാത്തിരിക്കുകയല്ലെ ഞാൻ.
ബംഗാളികൾക്കൊരു സ്വഭാവമുണ്ട്. അവർ എപ്പോഴും ഫോൺ വിളിയിലായിരിക്കും.
ഇത് തന്നെ തക്കം.ബംഗാളി തിന്ന പഴത്തിന്റെ തൊലി അവിടെ ഇരിക്കുന്നുണ്ട്. അതെടുത്ത് നടന്നു പോകുന്ന ബംഗാളിയുടെ മുന്നിലേക്കിട്ട് കൊടുത്തു.ലക്ഷ്യം തെറ്റിയില്ല. കൃത്യം പഴം തൊലി ബംഗാളിയുടെ കാലിന്റെ ചുവട്ടിൽ. ഫോൺ വിളിയിലായിരുന്ന ബംഗാളി അത് ശ്രദ്ധിച്ചതേയില്ല.
കാത്തിരിക്കൂ.. അവസരങ്ങൾ നിന്നെത്തേടി വരുമെന്ന്... പണ്ടാരോ പറഞ്ഞിട്ടില്ലേ..?
"പ്ധോം" എന്നൊരു ശബ്ദം കേട്ടു കടയിലുണ്ടായിരുന്ന മറ്റുള്ളവർ പഴം തൊലി വീണിടത്തേക്ക് നോക്കുന്നുണ്ട്. ഒന്നുമറിയാത്ത പോലെ ഞാൻ എന്റെ ജോലിയിലേക്ക് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഇതായിരുന്നു കഥയായി എഴുതാനുണ്ടായിരുന്നത്.
പക്ഷേകണക്കുകൂട്ടലുകളൊക്കെ എപ്പോഴും ശരിയാകണമെന്നില്ലല്ലോ.
കഥയെഴുതാൻ പോയിട്ട് കണക്ക് പോലും എഴുതാൻ വയ്യാത്ത അവസ്ഥ. കട തുറക്കാൻ കാത്തിരിക്കയായിരുന്നു ആളുകൾക്ക് ഇടിച്ചു കേരാൻ.
അത് വേണം ഇത് വേണം പിന്നെന്തെല്ലാമോ വേണമത്രെ.ഒരു സംഘം ബംഗാളികൾ ഒരു ഭാഗം മുഴുവൻ കയ്യടക്കിയിരിക്കുന്നു. അവരിൽ ചിലർക്ക് "ലൗപാനി' വേണമത്രെ..
അതെന്ത് പാനിയാണെന്ന് ഒന്നാലോചിക്കാനും സമയമില്ലല്ലോ.. ബംഗാളികളോട് തന്നെ ചോദിച്ചാൽ അവർ "ദി മാക്കി"ന് വിളിച്ചാലോ..
നാട്ടുകാരുടെ ഹർത്താലിന്റെ അവലോകനവും ബംഗാളികളുടെ കലപില ശബ്ദവും ഒക്കെക്കൂടി എന്റെ കഥയെഴുതാനുള്ള സകല മൂഡും ഇല്ലാതാക്കി.
ഇനി ഇവരെയൊക്കെ ഒന്ന് വെള്ളം കുടിപ്പിച്ച് പറഞ്ഞയക്കുമ്പോഴേക്കും എന്റെ കഥ പമ്പ കടക്കും.
എന്റെ പ്രയാസം കണ്ടിട്ടാകണം നാട്ടുകാരനായ ഒരു കാക്ക സഹായത്തിനെത്തി.അദ്ദേഹം പുറത്തെ യാത്രക്കാരെ വേഗം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു.
"ഇന്ത്യേ ഇങ്ങക്ക് മാ ണ്ടീ...?
കാക്കാന്റെ ആദ്യ ചോദ്യം കേട്ട് യാത്രക്കാരായ കസ്റ്റമേർസ് ഒന്നു നടുങ്ങി.. കാക്ക പഴയ നാടൻ കാക്കയായതിനാൽ സംസാരത്തിൽ അൽപം ലാളിത്യം കടന്ന് വരാറുണ്ട്. പക്ഷേ അത് പുറമേ നിന്നു വരുന്ന വർക്ക് മനസ്സിലാവണ്ടെ.
അങ്ങ് തെക്കുള്ള യാത്രക്കാരാണെന്ന് തോന്നുന്നു..
"ഇതിനെന്നതാവില?.ഓറഞ്ച് ചൂണ്ടിക്കൊണ്ടാ അവരുടെ ചോദ്യം.
" എമ്പുർപ്യ'
കാക്ക തോന്നിയ വിലയാ പറഞ്ഞത്..
എമ്പുർപ്യ എന്താണെന്ന് മനസ്സിലാകാഞ്ഞിട്ടാണാവോ, വില കൂടുതലാണെന്ന് തോന്നിയിട്ടാണാവോ യാത്രക്കാർ മിഴിച്ചു നിൽക്കയാണ്.
യാത്രക്കാരുടെ നിർത്തം കണ്ടിട്ടാവണം കാക്ക വീണ്ടും വായ തുറന്നു.
"കായി ണ്ടെങ്കി മാങ്ങ.."
കാക്കാന്റെ വർത്തമാനം കേട്ട് യാത്രക്കാർ വീണ്ടും ആശയക്കുഴപ്പത്തിലായി.
ഓറഞ്ച് എങ്ങനെയാണ് മാങ്ങയാകുന്നത്?.
കായി എന്താണെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു. അവർ ഇതിനു മുമ്പും കായി കേട്ടിട്ടുണ്ട്.. പക്ഷേ ഓറഞ്ച് കായിണ്ടെങ്കി മാങ്ങയാകുന്നതിന്റെ ഗുട്ടൻസ് അവർ ആലോചിക്കാതിരുന്നില്ല.
അതിനിടെ യാത്രക്കാരുടെ പുറകിൽ നിന്നുള്ളവർ ആവശ്യപ്പെട്ട ചില്ലറ സാധനങ്ങൾ കാക്ക എടുത്ത് കൊടുത്തു. കൊടുക്കാനുള്ള പ്രയാസം കൊണ്ടാവണം കാക്ക വീണ്ടും വായ തുറന്നു.
"മാങ്ങാത്തോല് മാറിനിക്കിം"..
അതു കേട്ട് യാത്രക്കാർ ആകെ അന്തം വിട്ടു..
മാങ്ങാത്തോലിനോട് മാറി നിക്കാൻ പറയുന്നു.
കാക്കാക്ക് വലിയ സുഖമില്ലാന്ന് യാത്രക്കാർ കരുതിക്കാണണം. അവരുണ്ട് വണ്ടിയുടെ അടുത്തേക്ക് ഒരു പോക്ക് പോയിട്ട്..
മേലാല് അവരീ നാട്ടിൽ വണ്ടി നിർത്താൻ സാദ്ധ്യതയേയില്ല സൂർത്തുക്കളേ..
ഇന്ത്യേ മാണ്ടി?= എന്താണ് വേണ്ടത്
കായിണ്ടെങ്കി മാങ്ങ =കാശുണ്ടെങ്കിൽ വാങ്ങാം.
മാങ്ങാത്തോല് മാറിനിക്കിം= വാങ്ങാത്തവർ മാറി നിൽക്കുക.
എന്താല്ലെ?.
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot