നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

°°°°മറ്റവൾ°°°°


===========
"ഇതാ മനുഷ്യാ.....നിങ്ങടെ മറ്റവൾക്ക് ഇഷ്ട്ടമുള്ള നിറം തന്നെ ആയിക്കോട്ടെ."
വെളുപ്പിനെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തിരിയുന്ന എന്നെ നോക്കി അലക്കി തേച്ച ഷർട്ട് എടുത്ത് പ്രിയതമ ഇത് പറഞ്ഞതും ഞാൻ ശരിക്കൊന്ന് അവളെ നോക്കി.
വലത് പുരികം ഉയർത്തി ചെറിയൊരു ചിരിയും ചിരിച്ച് നിൽക്കുന്നവൾക്ക് പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഇല്ല.
"ഈശ്വരാ....പോയി വന്നാൽ എന്റെ തല തല്ലി പൊളിക്കാനുള്ളതിന്റെ മുന്നോടിയായാണോ ഇവളീ ചിരിക്കുന്നത്."
പഠിച്ച സ്കൂളിൽ ഞങ്ങൾ എല്ലാവരും കൂടെ വീണ്ടും വർഷങ്ങൾക്ക് ശേഷം ഒത്തു കൂടുകയാണ്.നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതാണ്.പക്ഷേ, പലരുടെയും തിരക്ക് കാരണം അത് അങ്ങ് നീണ്ട് പോയി.
മുൻപൊരിക്കൽ അവളേയും കൂട്ടി കെട്ട് കഴിഞ്ഞ സമയത്ത് സ്കൂളിൽ പോയേർന്നു.അവിടുത്തെ വിശേഷങ്ങൾ പറഞ്ഞ് വന്നപ്പോൾ അറിയാതെ അന്നത്തെ പ്രണയവും പറഞ്ഞ് പോയി.
അന്ന് മുതൽ തുടങ്ങിയതാണ് അവൾ ഇടയ്ക്ക്,
എന്ത് വെച്ചുണ്ടാക്കിയാലും ചോദിക്കും.
"നിങ്ങടെ മറ്റവൾ ഉണ്ടാക്കി തരുന്ന അത്രേം രുചിയുണ്ടോ ചേട്ടാ...."
പുതിയൊരു സാരി വാങ്ങി കൊടുത്താലും പറയും.
"മറ്റവൾ ഇത് ഉടുത്തിരുന്നേൽ എന്നെക്കാൾ ഭംഗി ഉണ്ടാവുമല്ലേ ചേട്ടാ...."
ഇടയ്ക്ക് എന്തേലും പറയുമ്പോൾ വരെ പറയും.
"മറ്റവൾ കൂടെ വേണമായിരുന്നു ഇത് കേൾക്കാൻ അല്ലേ ചേട്ടാ....."
എന്തിനേറെ പറയുന്നു ബൈക്കിൽ പോവുമ്പോൾ പുറകിൽ ഇരുന്ന് അരക്കെട്ടിൽ കൈ ചുറ്റി പിടിക്കുമ്പോൾ വരെ ചോദിക്കും.
"മറ്റവൾ ഇങ്ങനെ ആണോ ചേട്ടാ....."
ആകെ മൊത്തം മറ്റവളെ തട്ടി തടഞ്ഞ് ജീവിതം മുന്നോട്ട് പോവ്വാതായി.ചിലപ്പോൾ തോന്നും,
"ഈശ്വരാ....ഏത് ഗതിക്കെട്ട നേരത്താണ് എനിക്ക് പ്രേമിക്കാൻ തോന്നിയത്."
എന്ന്.
മറ്റവൾക്ക് കെട്ടും കഴിഞ്ഞ് പിള്ളേര് രണ്ടായി.എന്നിട്ടും ഇവളിത് വിടുന്ന ലക്ഷണം ഇല്ല്യാ.ഈ വിളിയൊന്ന് നിർത്താൻ സാരികൾ പലതും മാറി മാറി വാങ്ങി കൊടുത്തെങ്കിലും അവൾ പഴയ പടി തന്നെ.
രണ്ട് വർഷത്തെ പൈങ്കിളി പ്രേമം മെഗാ സീരിയൽ പോലെ ഇവൾ ജീവിത കാലം മുഴുവൻ ഇട്ട് ഓടിക്കാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു.
"പോയി വരുമ്പോൾ ഉച്ചയ്ക്ക് ഉണ്ണാൻ മറ്റവളെ കൂടി കൂട്ടിക്കോ."
പിന്നിൽ നിന്ന് പൊടുന്നനെ അവളിത്‌ പറഞ്ഞതും ഞാനൊന്ന് ഞെട്ടി.
"എന്റെ കുട്ട്യേ.....നീ ഇത് എന്ത് ഭാവിച്ചാണ് കൊല്ലം ഇരുപത് ആവാറായി അത് കഴിഞ്ഞിട്ട്.നിനക്ക് ഇനിയും മതിയായില്ലെ?????"
തലയിൽ കൈ വെച്ച് ഞാനിത് പറഞ്ഞപ്പോഴും അവൾ അടുത്ത വെടി പൊട്ടിച്ചു.
"ശെടാ ഞാനിത് പറഞ്ഞതാണോ കുറ്റം,എന്നാ പിന്നെ ഇന്നത്തെ ഊണ് മറ്റവള്ടെ കൂടെ പുറത്ത് നിന്ന് ആയിക്കോട്ടെ ന്തേ....."
ഉള്ളിൽ ചിരിച്ചാണ് അവൾ പറയുന്നത് എങ്കിലും ഇടയ്ക്ക് എന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആണ്.ഞാനിവളെ വേണ്ട പോലെ പരിഗണിക്കാഞ്ഞിട്ടാണോ ഇവളീ പറയുന്നത് എന്നൊക്കെ തോന്നും.
പക്വത ഇല്ലാത്ത പ്രായത്തില് ഓരോന്ന് കാട്ടി കൂട്ടിയെങ്കിലും അതൊക്കെ അന്നേ ഞാൻ മറവിയുടെ ചവിട്ട് കൊട്ടയിലേക്ക് എറിഞ്ഞിരുന്നു.
വരണമാല്യം ചാർത്തി ഇവൾക്ക് ഒപ്പം കൂടിയതിൽ പിന്നെയാണ് പെണ്ണെന്ന സൃഷ്ടി ഒരു പുണ്യം കൂടിയാണെന്ന് ഞാൻ അറിയുന്നത്.
ഒരമ്മയെ പോലെ പരിചരിയ്ക്കാൻ,നല്ലൊരു സുഹൃത്തായി എന്തും പങ്കുവെക്കാൻ,അനിയത്തിക്കുട്ടിയായി ഇടയ്ക്ക് വഴക്ക് ഉണ്ടാക്കാൻ,ഒരു മകളായി എന്നിൽ ഒരു കരുതലവാൻ,നല്ലൊരു രക്ഷിതാവിനെ പോലെ നേർ വഴി കാണിക്കാൻ.
പെണ്ണൊരുത്തി ഭാര്യയായി തന്നെ വരണം.എന്നൊക്കെ പഠിച്ചത് ഇവളിലൂടെയാണ്.
ചട്ടിയും കലവും ആവുമ്പോൾ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും എന്ന് പറയുന്ന പോലെ ഇടയ്ക്ക് ഓരോ പിണക്കങ്ങളും,പരിഭവങ്ങളും ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അതിനൊന്നും അധികം ആയുസ്സ് ഉണ്ടാവാറില്ല.
"അല്ലെടോ.....ഇതാരെ സ്വപ്നം കണ്ടുള്ള നിൽപ്പാണ്,മറ്റവളെ ആവും ലെ."
കയ്യിലുള്ള ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചെടുത്ത് അവളെനിക്ക് നേരെ തന്നതും ഈ പറഞ്ഞതും ഒരുമിച്ചായിരുന്നു.
ക്ഷമ നശിച്ച ഞാനും തിരിച്ചടിച്ചു.
"ഞാനൊന്നും പോണില്ല എവിടേയും, മതിയായി എനിക്ക്."
സെന്റി പോലെ പറഞ്ഞത് ഏൽക്കുമെന്നാണ് കരുതിയത്. ഉടനെ അവളും പറഞ്ഞു.
"അയ്യോ അങ്ങനെ പറയല്ലേ,അവൾ കാത്തിരുന്ന് മുഷിയും.ചേട്ടൻ പോയി പഴയ ഓർമ്മകളൊക്കെ ഒപ്പം ഇരുന്ന് ഒന്നൂടെ പങ്കുവെക്കന്നേ."
നല്ലൊരു ദിവസം കുഴിവെട്ടി മൂടിയ ഇവളെ ഒരു വടി വെട്ടി നല്ല നാല് പൂശ് പൂശാൻ ആണ് തോന്നുന്നത്.
മനസ്സില്ലാ മനസ്സോടെ വീട്ടിൽ നിന്നിറങ്ങാൻ ഒരുങ്ങി. അവളോട് യാത്ര പറയാൻ വേണ്ടി തിരിഞ്ഞതും തൊട്ട് മുന്നിൽ എന്നെ ചേർന്ന് ഇതേ നിൽക്കുന്നു എന്റെ നല്ല പാതി.
"എടോ, നിന്നോളം എനിക്ക് ആരെയാ പ്രണയിക്കാൻ കഴിയുക.....എന്നിട്ടും നീ......"
എന്നെ പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.കൈ വിരലുകൾ കൊണ്ടെന്റെ വായ പൊത്തി പിടിച്ച് അവൾ പറഞ്ഞ് തുടങ്ങി.
"ന്റെ കുട്ട്യേ....നിങ്ങടെ ഈ ഇടനെഞ്ചിലെ തുടിപ്പ് തന്നെ ഞാൻ ആണെന്ന് എനിക്ക് അറിയാം.കടലോളം നിങ്ങളെന്ന സ്നേഹിക്കുമ്പോൾ നുരയോളം എങ്കിലും വെറുപ്പിക്കണ്ടേ ഞാൻ"
മുഖത്ത് നിന്നും അവൾ കയ്യെടുത്തതും ഞാൻ യാത്ര പറഞ്ഞ് പുറത്തിറങ്ങി. കാറിൽ കയറാൻ നേരത്താണ് അവൾ വിളിച്ച് പറഞ്ഞത്.
"നിങ്ങടെ മറ്റവളോട് ഈ ഉള്ളവളുടെ നിറഞ്ഞ സ്നേഹം ഒന്ന് പറഞ്ഞേക്ക്.നിങ്ങളെ പോലെ ഒന്നിനെ എനിക്ക് വിട്ട് തന്നതിന്."
അവളിത്‌ പറഞ്ഞതും ചെറുക്കൻ ഉമ്മറത്തേക്ക് കണ്ണും തിരുമ്മി എണീറ്റ് വന്നു.
"അമ്മേ, അച്ഛനെവിടെ പോവ്വാ....."
"അച്ഛൻ അച്ഛന്റെ മറ്റവളെ കാണാൻ പോവാണ് മക്കളേ.....
ഇത് കേട്ട് ചെക്കൻ ഞാൻ പടികടന്ന് പോവുമ്പോഴും അവളെ വാ പൊളിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
സ്നേഹത്തോടെ,
(ഒരു തൃശ്ശൂര്ക്കാരൻ ഗെഡി)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot