Showing posts with label SangeethaPramod. Show all posts
Showing posts with label SangeethaPramod. Show all posts

അയണിക്കാടിലെ പുണ്യം


പ്രഭാത സൂര്യൻ പുഞ്ചിരി തൂകി, മുല്ല മൊട്ടുകൾ വാരി വിതറി എങ്ങും .
രാവിലെ 6 .30 നു തന്നെ ഗോപിയേട്ടൻറെ പീടിക തുറന്നു, പതിവുകാർ ഉണ്ടേ , നാനാവിധത്തിൽ അടിച്ച ചായ കുടിക്കാൻ.എട്ടു മണിയാകുമ്പോളേക്കും നല്ല തിരക്കാവും .അമ്മിണിയുടെ കൈപ്പുണ്യം കൊണ്ടും, ദൈവം സഹായിച്ചും , പീടിക നല്ല രീതിയിൽ പോകുന്നു.
നാട്ടിലെ പല തരം അവതാരങ്ങൾ അവിടെ സമ്മേളിക്കും, ബാർബർ അയ്യപ്പൻ , ബുജി വൈശാഖൻ ,വട്ടപ്പള്ളിലെ ബിജു അങ്ങനെ നിര നീളും.അവരുടെ ചർച്ചയും മറ്റുമായി പൊടി പൂരം തന്നെ.നാട്ടിലെ മുക്കും മൂലയിലുമുള്ള വാർത്തകൾ പിടിച്ചെടുത്തു , അവയെ പോസ്റ്റ് മൊർറ്റം ചെയ്യൽ,രാഷ്ട്രീയാവലോകനം , സാങ്കേതികവിദ്യകൾ പറ്റിയുള്ള ചർച്ച , കല, സാഹിത്യം ഇത്യാദി അങ്ങനെയൊക്കെ.
ഇന്നു രാവിലെ അവളും വന്നു, പൊട്ടിക്കാളിന്നാ വിളിപ്പേര്. നാൽപതു വയസ്സ് പ്രായം, പക്ഷെ പേര് പോലെ തന്നെ അവൾ ഒരു പൊട്ടി പെണ്ണാണ്.വീട്ടുകാരൊക്കെ തഴഞ്ഞ മട്ടാ . നാലു നേരം തിന്നണം, നാട്ടിലെ വർത്തമാനങ്ങളൊക്കെ പിടിച്ചെടുത്തു, ഓരോ വീട്ടിലും കയറി ചെന്ന് ഏഷണി ഉണ്ടാക്കുകയാ അവളുടെ പണി .ഇന്നവൾക്കു പീടികേന്നു പുട്ടും, കടലയും വേണമത്രേ . അതിനായി തലേ ദിവസമേ അമ്മിണിയോട് ശുപാർശ ചെയ്തിരുന്നു .ഗോപിയേട്ടനാണെങ്കിൽ അവളെ കണ്ണെടുത്താൽ കണ്ടൂടാ .അവൾ വന്നാൽ തുടങ്ങും പ്രാക്ക്.അമ്മിണി പറയും.തിന്നേച്ചും പൊക്കോട്ടണ്ണ , പാവല്ലേ.
പൊട്ടിക്കാളിക്ക് വേറെ ഒരു ചരിത്രവുമുണ്ട് .അവളുടെ സ്വഭാവം അറിഞ്ഞു വച്ച് വരത്തനായ റാണി ബസ്സിലെ കണ്ടക്ടർ ബൈജു ,പെണ്ണിനെ വശീകരിച്ചു , സ്വന്തം വീട്ടിൽ കൊണ്ട് പോയി പാർപ്പിച്ചു, ഒരു മാസത്തോളം . പിന്നെയങ്ങു ഉപേക്ഷിച്ചു, അവൻ നാടും വിട്ടു .
ഇവരെല്ലാം ചേർന്നതാണ് അയണിക്കാട് ഗ്രാമത്തിന്റെ ഒരു ചെറിയ ചിത്രം.അങ്ങനെയിരിക്കെ ഒരു വാർത്ത.ഗോപിയേട്ടൻ "എടി അമ്മിണിയെ, നമ്മടെ ബിജുവേ അവൻ, പണിക്കിടെ രണ്ടു നില കെട്ടിടത്തിന് താഴെ വീണു, പോയി പെണ്ണെ അവൻ . എങ്ങനെ സഹിക്കും അവന്റെ കെട്ട്യോളും വീട്ടുകാരും.ഒരു വർഷമായിട്ടല്ലേ ഉള്ളു കെട്ടു കഴിഞ്ഞിട്ട്. ഇതാണ് ദൈവത്തിന്റെ കളി ചില നേരം.
ദിവസങ്ങൾ വീണ്ടും അതിവേഗം , ബഹു ദൂരം നീങ്ങി.
അമ്മിണിക്കു പനി വന്നു , പീടിക അടച്ചിടേണ്ടി വന്നു .കഠിനമായ പനി . ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ചുടു പനിയത്രേ .ജ്വരം മാതിരിന്നു വിചാരിച്ചു . ഗോപിയേട്ടന് ധൈര്യം ചോരുന്ന പോലെ തോന്നി. തന്റെ പാതി ജീവൻ തിളയ്ക്കുന്ന പോലെ.ഡോക്ടർ അറിയിച്ചു" ഗോപി , ധൈര്യം സംഭരിച്ചോളണം ,അമ്മിണിക്കു മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുകയാണ് . നിസ്സാര കാര്യമല്ല."ഗോപിയേട്ടന് ചുറ്റുമുളള ഭൂമി കറങ്ങുന്ന പോലെ തോന്നി.അങ്ങനെ നാലാം നാൾ, അത് സംഭവിച്ചു. ഗോപിയേട്ടന്റെ അമ്മിണി വിട പറഞ്ഞു ഈ ലോകത്തുന്നു .ഗോപിയേട്ടന് ബോധമില്ലാത്ത അവസ്‌ഥയിലാണ്‌ .കൂട്ടുകാരൊക്കെ വന്നു , വിളിച്ചിട്ടും അയാൾ അനങ്ങുന്നില്ല ,ഒന്നും ഉരിയാടുന്നില്ല. ഗ്രാമ വാസികൾക്കെല്ലാം തരിപ്പ്.തങ്ങളുടെ പ്രിയപ്പെട്ട ഗോപിയേട്ടനും , അമ്മിണിക്കും ഇങ്ങനെ വന്നല്ലോ ദൈവമേ , ചതിച്ചു കളഞ്ഞല്ലോ.അമ്മിണിക്കും , ഗോപിയേട്ടനും മക്കളില്ല.അമ്മിണിയുടെ കർമം ചെയ്യാൻ വേണ്ടി വിളിക്കാൻ, അയ്യപ്പൻ ചെന്ന്, ആ നെറ്റിയിൽ തലോടി " ഗോപിയേട്ടാ വരൂ, നിങ്ങടെ അമ്മിണിയെ ഒന്നുടെ കാണണ്ടേ ?".നെറ്റി മഞ്ഞു കട്ട പോലെ തണുത്തിരിക്കുന്നു.അയ്യപ്പൻ ഒന്ന് നടുങ്ങി ഉറക്കെ വിളിച്ചു , "ഡോക്ടറെ , ഗോപിയേട്ടന് അനക്കമില്ല". അങ്ങനെ ആ ഇണക്കുരുവികളായ രണ്ടു പേരും മരണത്തിലും ഒരുമിച്ചു .ഒരാളില്ലെങ്കിൽ മറ്റെയാൾ ഇല്ലെന്നതാണ് സത്യം, എല്ലാവരും അടക്കം പറഞ്ഞു .
അങ്ങനെ ഗോപിയേട്ടന്റെ പീടിക വിസ്മൃതിയിലായി. നാടാകെ ഒന്ന് മന്ദ ഗതിയിലായതു പോലെ .മരണത്തിന്റെ പതുങ്ങിയുള്ള കാലൊച്ച ഇനിയും പ്രിയപെട്ടവരെ തേടി വരുമോ എന്നോർത്തു ഗ്രാമവാസികൾ.ഏതു നേരത്തും അനുവാദമില്ലാതെ കാത്തു വരുന്ന മരണ ദൂതൻ.ഇപ്പോൾ പതിവ് പോലെ പ്രഭാത സൂര്യൻ വിതറുന്നത് വാടിയ മുല്ല മൊട്ടുകളാണ് ആ കൊച്ചു പ്രദേശത്ത് .
അങ്ങനെയിരിക്കെ പീടികയിലെ കൂട്ടുകാർ ആലിൻഛായയിൽ ഒത്തു കൂടി തുടങ്ങി.ജീവിതം നിശ്ചലമല്ലല്ലോ .ഒരു ദിവസം , രാവിലെ ഒരു ഏഴു മണി സമയമാകും. ആൽതറയിലെത്തിയപ്പോൾ, വൈശാഖനും,അയ്യപ്പനും കണ്ടത്,ഒരു പ്രായം ചെന്ന 'അമ്മ, അവിടെ ഉറങ്ങുന്നതാണ് .നല്ല ഐശ്വര്യമുള്ള മുഖം.അടുത്തു ഒരു ഊന്നു വടി കാണാം.ചേല വാരി ചുറ്റിയിട്ടുണ്ട് , ബ്ലൗസ് ഇല്ല .ഉണരുമ്പോൾ സംസാരിക്കാം, അവർ മാറി നിന്നു.
അൽപനേരം കഴിഞ്ഞപ്പോൾ അമ്മ ഉണർന്നു .മുടിയൊക്കെ മാടിയൊതുക്കി , അവിടെ നിന്നെണീറ്റ് നടന്നു നീങ്ങാൻ തുടങ്ങി. അപ്പോൾ അയ്യപ്പൻ, അമ്മയുടെ അരികിലെത്തി അന്വേഷിച്ചു,"'അമ്മ എവിടുന്നാ ".കരുണാമയമായ ഒരു നോട്ടത്തിലൂടെ 'അമ്മ പറഞ്ഞു " ഞാൻ അങ്ങ് ദൂരെ നിന്നാ ,സ്‌ഥലം ഒന്നും എനിക്കും ഓർമയില്ല,പ്രായം ഏറെ ആയില്ലേ കുട്ടി . അമ്പലത്തിന്നു കിട്ടുന്ന നൈവേദ്യ ചോറും ഭക്ഷിച്ചു , ആർക്കും ഒരു കുഴപ്പവും ചെയ്യാതെ കാലം കഴിക്കുന്നു "."അമ്മക്ക് എന്റെ വീട്ടിൽ വരാം , ഇഷ്ടമുണ്ടെങ്കിൽ അവിടെ താമസിക്കാം, എനിക്ക് അമ്മയില്ല , ഒത്തിരി സ്നേഹം തോന്നുന്നു അമ്മയെ കണ്ടിട്ട്", അയ്യപ്പൻ പറഞ്ഞു ."മക്കളെ, 'അമ്മ വരാം ഇടയ്ക്കു,അമ്മക്കങ്ങനെ സ്‌ഥിരമായി ഒരിടത്തു തങ്ങുന്നതിഷ്ടമല്ല ".
പിന്നീടങ്ങോട്ട് ഗ്രാമത്തിൽ അമ്മയെ കുറിച്ചുള്ള ചർച്ചകളായി .പലരും വീട്ടിലേക്കു അമ്മയെ കൂട്ടി കൊണ്ട് പോയി. അമ്മയെ കാണുന്നത് തന്നെ ഒരാശ്വാസം പോലെ .കുട്ടികൾക്കാകട്ടെ ഏറെയിഷ്ടം അമ്മയെ, അവർ കൗതുകത്തോടെ അമ്മയുടെ ചുളിവ് വീണ കയ്യിലും, മുഖത്തുമൊക്കെ പിടിച്ചു നോക്കും.'അമ്മയോട് വിഷമങ്ങൾ ഒക്കെ പറയും. എല്ലാവരും അത് കേട്ടിട്ട് , ഒന്ന് പുഞ്ചിരി തൂകി, 'അമ്മ ഓരോരുത്തരുടെയും മനസ്സറിഞ്ഞു ഉപദേശം നൽകും.അത് കേട്ടവരുടെ മനസ്സ് കുളിർക്കും, മുന്നോട്ടു നല്ല രീതിയിൽ ജീവിക്കാനുള്ള പ്രതീക്ഷ അതിൽ നിന്ന് കിട്ടും. അങ്ങനെ അയണിക്കാട് ഗ്രാമ വാസികളുടെ തണൽ മരമായി മാറി അമ്മ.വീണ്ടും പ്രഭാത സൂര്യൻ പൂത്തു തളിർത്തു അവിടെ.
ഗ്രാമത്തിലെ ഏതു പ്രധാനപ്പെട്ട സംഭവങ്ങളിലും അമ്മയുടെ സജീവ സാന്നിധ്യം ഉണ്ടാവും.നാട്ടുകാർ അമ്മക്ക് സ്നേഹത്തോടെ ഒരു പേരും ഇട്ടു, കല്യാണിക്കുട്ടി .അമ്മ ആ പേര് കേൾക്കുമ്പോൾ ഉറക്കെ ചിരിക്കും.ഗ്രാമ കുളത്തിൽ ഒരു കുട്ടി വീഴാൻ പോയപ്പോൾ , അമ്മയത്രേ രക്ഷിച്ചത്, അത് പോലെ പല സംഭവങ്ങൾ . 'അമ്മ ഒരു വിഷഹാരിയുമായിരുന്നു .ഇതെല്ലം കൊണ്ട് നാട്ടുകാർക്ക് ആശ്വാസം ആയി തുടങ്ങി .തന്റെ മനസ്സിലുള്ള അറിവുകൾ മറ്റൊരാൾക്ക് പകർന്നു നല്കാൻ അമ്മക്ക് നല്ല ഉത്സാഹമായിരുന്നു .'അമ്മ പറയും" മക്കളെ അമ്മയിനി എത്ര നാളാ ഇങ്ങനെ, ഞാൻ പോയാലും നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കണം. ജീവിതത്തിൽ ഒരിക്കലും തളരാൻ പാടില്ല.തളരുന്നവർ പടു മരങ്ങളായി മാറും. കാട്ടു മുരിക്കു പോലെ ആവേ ണം ചില നേരം, കല്പക വൃക്ഷം പോലെ വളരേണം ,തണൽ മരമായും മാറേണം ".'അമ്മ എല്ലാം ഉദാഹരിക്കുന്നതു വൃക്ഷം വച്ചിട്ടാണ്.
ആൽ മര ചോട്ടിൽ ഉറങ്ങുന്ന അമ്മയെ കാണാനും, വീട്ടിൽ കൂടി കൊണ്ട് പോകാനും, രാവിലെ ആകുമ്പോൾ അയ്യപ്പൻ എത്തും. അങ്ങനെ ഒരു നാൾ എത്തിയപ്പോൾ, പതിവ് സമയം കഴിഞ്ഞിട്ടും , 'അമ്മ എഴുന്നേൽക്കുന്നില്ല.എന്തോ പന്തികേട് തോന്നി , അയാൾ അടുത്തുള്ളൊരെ വിളിച്ചു വരുത്തി.അമ്മയുടെ ശ്വാസം നിലച്ചിരുന്നു. എത്ര സ്വച്ഛമായ മരണം.ഈ വാർത്ത കാട്ടു തീ പോലെ പടർന്നു .സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും കണ്ണീരൊഴുക്കി.കുട്ടികൾ ആർത്തു കരഞ്ഞു , അമ്മമ്മയെ കാണണം എന്ന് പറഞ്ഞിട്ട്.മുതിർന്നവർ കുട്ടികളെ ആശ്വസിപ്പിച്ചു, അമ്മമ്മ ഇ വിടെ എന്നും കാണും, തണൽ മരമായി. ഏതു തണൽ മരത്തിൽ നോക്കിയാലും,നമുക്ക് അമ്മമ്മയെ കാണാം.
അങ്ങനെ അയണിക്കാട് ഗ്രാമം ഒരു വിരഹത്തിനു കൂടെ സാക്ഷിയായി. പക്ഷെ 'അമ്മ എന്ന പുണ്യം ചുരുങ്ങിയ നാളുകൾക്കുള്ളിൽ നൽകിയ സ്നേഹാമൃതം ധാരാളമായിരുന്നു അവർക്കു പിന്നീടുള്ള ജീവിതം നയിക്കാൻ. എന്നും അമ്മയെ ഓർക്കാൻ, ആൽമര ചുവട്ടിൽ അവർ തിരി കൊളുത്തും.ആ പതിവ് തുടർന്ന് പോരുന്നു.
സംഗീത.എസ് .ജെ

എതിർ ഊർജം


നിലീന , എറണാകുളം നഗരത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്നു . അവളുടെ അച്ഛൻ , രാകേഷ് ഒരു വർഷം മുൻപ് കാർ ആക്‌സിഡന്റിൽ മരിച്ചു പോയതാണ് .'അമ്മ , സൗമ്യ സ്കൂളിലെ ജോലി ഉപേക്ഷിച്ചു, മകളുടെ കാര്യം ശ്രദ്ധിക്കുന്നതിനായ് മകൾക്കു സ്കൂളിൽ ഷിഫ്റ്റ് ആണ് .ഉച്ചക്ക് വീട്ടിൽ വരും . അമ്മയും മകളും കൂട്ടുകാരെ പോലെയാണ്, പരസ്പരം സാന്ത്വനമേകി അവർ കഴിഞ്ഞു പോന്നു .സൗമ്യയുടെ വീട്ടുകാരുടെ സാമ്പത്തിക സഹായവുമുണ്ട്.മകൾ സ്കൂളിൽ പോയി കഴിഞ്ഞാൽ , സൗമ്യക്ക് എന്തോ മാതിരിയാണ് . ജീവിതത്തിൽ എല്ലാവരും ഏറ്റവും വില വയ്ക്കുന്ന ഒന്നായ സമയം , അവരെ സംബന്ധിച്ചിടത്തോളം ഇഴഞ്ഞു നീങ്ങുന്ന , ഊർജമില്ലാത്ത ഒരു വസ്തുവിനെ പോലെയാണ് .അവർ ജനാലയ്ക്കൽ നിന്നും പുറത്തേക്കു നോക്കി നിൽക്കും, എന്തിനെന്നല്ലാതെ പായുന്ന നഗര ജീവിതത്തെയല്ല , മറ്റേതോ ലോകത്തേക്ക് ഉറ്റു നോക്കുന്നത് പോലെ.ആ ലോകവും തന്നെ തുറിച്ചു നോക്കുന്നത് പോലെ .നിലീന വരുമ്പോളേക്കും, സൗമ്യ ഉഷാറായിരിക്കും, സ്വന്തം ചിന്തകളുടെ പ്രഹരം മകളെ ഏൽപ്പിക്കരുതല്ലോ .
വേനലവധി കാലമായി. നിലീനക്ക് ഒരേ നിർബന്ധം. അമ്മയോടൊത്ത് കുടകിലേക്കു ടൂർ പോണമത്രേ . സൗമ്യ ഒടുവിൽ സമ്മതിച്ചു.മൈസൂർ വരെ വോൾവോ ബസിൽ പോയിട്ട് , അവിടെ നിന്ന് കുടകിലേക്ക് പോകാൻ തീരുമാനിച്ചു .അങ്ങനെ അവർ കുടകിലെത്തി, ഒരു കോട്ടേജിൽ റൂമെടുത്തു .പ്രകൃതി ദേവി സ്വയം അഭിരമിക്കുന്ന ഹരിത വർണ തോപ്പ് പോലെ കുടക്. അവിടുത്തെ ഓരോ പ്രത്യേകതയും മനസ്സിൽ ചാലിച്ചെടുത്തു, കാഴ്ചകൾ കൺ നിറയെ കണ്ടു, കോട മഞ്ഞിന്റെ കുളിരു ദേഹത്തു പടർത്തി ,അമ്മയും ,മകളും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാക്കി മാറ്റി കുടക് യാത്ര .
മൂന്നു ദിവസം അവിടെ തങ്ങി, തിരിച്ചു എറണാകുളത്തേക്ക് . അവധിയായത്‌ കൊണ്ട്, നിലീന ഇടക്കിടെ പുറത്തു കറങ്ങാൻ പോവാൻ അമ്മയോട് ആവശ്യപ്പെടും .അങ്ങനെ അവർ കൊച്ചിയിലെ കാഴ്ചകൾ കാണാനും, മാളുകളിൽ കറങ്ങി നടക്കാനും മറ്റും പോകുമായിരുന്നു .
രണ്ടു മാസം അവധി കഴിഞ്ഞു വീണ്ടും സ്കൂൾ ജീവിതത്തിലേക്ക്.ദിവസങ്ങൾ ത്വരിത ഗതിയിൽ നീങ്ങി കൊണ്ടിരുന്നു , നിലീനയുടെ പഠന തിരക്കും മറ്റുമായി .പക്ഷെ മകൾ ഇല്ലാത്ത സമയം, സൗമ്യക്ക് അനിർവചനീയമായ ഒരു പ്രതിഭാസം തന്നെ ഗ്രഹണം ചെയ്യുന്നതായി തോന്നിയിരുന്നു.ഒരു ദിവസം രാത്രി പതിവില്ലാതെ അമ്മ , മൂകയായി കാണപ്പെട്ടത് , നിലീന ശ്രദ്ധിച്ചു .'അമ്മ ഇങ്ങനെ തന്നെയാണോ ,താൻ, ഇല്ലാത്ത നേരത്ത് , അവൾ ചിന്തിച്ചു .പക്ഷെ വേണ്ട, അമ്മയെ ശല്യം ചെയ്യണ്ട ഇപ്പോൾ, കുറച്ചു ദിവസം അമ്മയെ നിരീക്ഷിക്കാം എന്നവൾ തീരുമാനിച്ചു .
ഒരു ദിവസം നിലീന പതിവിലും നേരത്തെ വീട്ടിലെത്തി, മനഃപൂർവമായി തന്നെ . അപ്പോൾ കണ്ടത്, ജനാലയ്ക്കൽ പുറത്തേക്കു കണ്ണും നട്ടു നിൽക്കുന്ന അമ്മയെയാണ് .മകളെ കണ്ടതും, അവർ പെട്ടെന്ന്, മുഖ ഭാവം ഒക്കെ മാറ്റി ,നിനക്കെന്തു പറ്റി സുഖമില്ലേ മോളെ? .ഇല്ലമ്മേ , ഒരു തല വേദന .നിലീനക്ക് ബോധ്യപ്പെട്ടു, അമ്മയെ എന്തോ കാര്യമായി അലട്ടുന്നുണ്ട് ,താൻ എന്നും സ്കൂളിൽ പോകുമ്പോൾ ഇങ്ങനെയാകും അമ്മ.അച്ഛന്റെ വേർപാട് ആകുമോ കാരണം ,പക്ഷെ അതുമായി 'അമ്മ പൊരുത്തപ്പെട്ടിട്ടുള്ളതായാണ് മനസ്സിലാക്കിയിട്ടുള്ളത് . ഇങ്ങനെ വിട്ടാൽ പറ്റില്ല.അമ്മയെ ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കണം , നിർബന്ധിച്ചു തന്നെ , ഒരാഴ്ച കൂടെ നോക്കാം അമ്മയിലെ മാറ്റങ്ങൾ .
തുടർന്നുള്ള ദിവസങ്ങളിൽ , പ്രസരിപ്പുള്ള അമ്മയെയല്ല നിലീന കണ്ടത് .കാരണം ചോദിച്ചപ്പോൾ, തലവേദന എന്ന് ഒഴിവു കഴിവ് പറയുകയാണുണ്ടായത് .നിലീന പിന്നെ അധികം ശല്യം ചെയ്തില്ല , കാരണം അവൾ ബുദ്ധിയുള്ള കുട്ടിയായിരുന്നു , കാര്യങ്ങൾ എന്നെ നേരിടണം എന്ന് ധാരണയുള്ള കുട്ടി .
അന്ന് അമ്മയെ ഡോക്ടറെ കാണുന്ന കാര്യം അവതരിപ്പിക്കുന്നതിനായി റിഹേർസൽ ചെയ്ത്, നിലീന വീട്ടിലെത്തി . അമ്മയെ ജനാലയ്ക്കൽ കാണുന്നില്ല . വാതിൽ സാധാരണ ഉള്ളിൽ നിന്നും പൂട്ടുന്നതാണ് .ഇന്ന് തുറന്നു കിടക്കുന്നു. അമ്മെ, എവിടെയാ . ഉള്ളിൽ കടന്നു നോക്കിയപ്പോൾ സൗമ്യയെ എങ്ങും കാണാനില്ല .നിലീന നടുങ്ങി, തന്റെ 'അമ്മയെ കാണാനില്ല. അവൾ സംയമനം പാലിച്ചു അടുത്ത വീടുകളിലും, കടകളിലുമൊക്കെ അന്വേഷിച്ചു , ഇല്ല 'അമ്മ അവിടൊന്നും എത്തിയിട്ടില്ല .താൻ വരുന്ന നേരം അമ്മക്ക് അറിയാവുന്നതാണല്ലോ . അവൾ ഉടൻ അപ്പൂപ്പനെ ഫോണിൽ വിളിച്ചു, കാര്യങ്ങൾ പറഞ്ഞു . അപ്പൂപ്പൻ അവിടെയെത്തി അവളെ കൂട്ടികൊണ്ടു പോവുകയും ചെയ്തു.
നിലീന വിഷമം സഹിക്കാനാവാതെ, അപ്പൂപ്പന്റെ തോളിൽ ചാഞ്ഞു , എന്റെ അമ്മ തിരിച്ചു വരുമോ അപ്പൂപ്പാ.ഞാൻ നേരത്തെ അമ്മയെ ഡോക്ടറെ കാണിക്കേണ്ടതായിരുന്നു .അപ്പൂപ്പൻ അവളെ, ആശ്വസിപ്പിച്ചു, നമുക്ക് തേടാം സൗമ്യയെ .
പോലീസ് അന്വേഷിച്ചു , ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയി.ഒരു വിവരവും ഇല്ല .പിന്നെയും മാസങ്ങൾ കൂടി, വർഷമായി , വർഷങ്ങൾ കൂടി..നിലീന ഇപ്പോൾ 18 വയസ്സുള്ള കുട്ടിയാണ് .അവളുടെ പഠനവും, എല്ലാം നല്ല രീതിയിൽ പോകുന്നു .പക്ഷെ ആ ഇളം മനസ്സിൽ , ഒരു നെരിപ്പോടുണ്ടായിരുന്നു , തന്റെ അമ്മയെ കുറിച്ചുള്ള ചിന്തകൾ, എവിടെയോ അപ്രത്യക്ഷമായ തന്റെ 'അമ്മ .ഇല്ല ഞാൻ, ഇനിയും അന്വേഷിക്കും, ഒരു നാൾ സത്യം എന്റെ മുന്നിൽ അനാവൃതമാകും .
നിലീന തന്റെ ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരം ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ തീരുമാനിച്ചു . അദ്ദേഹം ഈ രംഗത്തെ പ്രമുഖനാണ് .നിംഹാൻസിൽ റിസർച്ച് വിങ്ങിന്റെ വിദഗ്ധ ഉപദേഷ്ടാവാണ് .നിലീന ഡോക്ടറോട് സ്വന്തം കാര്യങ്ങൾ എല്ലാം വിവരിച്ചു .അദ്ദേഹം ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു .എന്ത് മാനസിക അവസ്‌ഥയായിരിക്കും ഡോക്ടർ അമ്മയെ അപ്രത്യക്ഷയാകാൻ പ്രേരിപ്പിച്ചത് .ഡോക്ടർ പറഞ്ഞു, അതിനു വ്യക്തമായ ഉത്തരം നൽകണമെങ്കിൽ നിലീനയുടെ മനസ്സും എനിക്ക് മാപ് ചെയ്യേണ്ടി വരും. സമ്മതമെങ്കിൽ അടുത്ത ദിവസം ഹിപ്നോട്ടിക് അനാലിസിസിനു തയ്യാറായി കൊള്ളൂ .പല സെഷൻസ് വേണ്ടി വരും.എല്ലാം കഴിയുമ്പോൾ, എന്തെങ്കിലും പഴുത് കിട്ടാതിരിക്കില്ല .
അങ്ങനെ എല്ലാ സെഷൻസും പൂർത്തിയായി. ഡോക്ടറും, നീലീനയായുമുള്ള കൂടിക്കാഴ്ച . അദ്ദേഹം,നിലീനയുടെ അമ്മയുടെ വിഷയം അപൂർവ്വത്തിൽ അപൂർവമാണ് .ഒരു പക്ഷെ നിലീനയുടെ മനസ്സിൽ നിന്നും കിട്ടിയ ഒരറിവ് , നമുക്ക് സഹായകമായേക്കാം .നിലീനയുടെ മനസ്സിൽ, രണ്ടു വയസ്സ് പ്രായത്തിൽ മിന്നി മാഞ്ഞു പോയ , ഒരു മുറിവേൽപ്പിച്ച സംഗതിയുണ്ട് . അതെന്താണെന്നു വച്ചാൽ ,ഒരു സ്ത്രീ രൂപം, കൈ കൂപ്പി അലമുറയിട്ടു കരയുന്നതാണ് .ഒരു പക്ഷെ അത് നിലീനയുടെ അമ്മയാവാം , ഇല്ലെങ്കിൽ മറ്റാരെങ്കിലുമാവാം.എന്തായാലും അത് നിലീന അടുത്ത് കണ്ട കാഴ്ചയാണ് .അവൾക്കു ആകാംഷ കൂടി.
ഡോക്ടർ പറഞ്ഞു , ഒരു ഡോക്ടർ , രോഗി ഇടപെടൽ എന്നതിനപ്പുറം, ഇതിനെ ഒരു പേർസണൽ മാറ്റർ ആയി ഞാൻ കാണുന്നു , ഈ വിഷയത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് .നിലീന , അമ്മ ജോലി നോക്കിയിരുന്ന സ്കൂളിലെ മറ്റു കാര്യങ്ങളും, അമ്മയുടെ ഡയറി കുറിപ്പോ അങ്ങനെ വല്ലതും ഉളളതായിട്ടോ എന്നുമൊക്കെ പരിശോധിച്ചു വിവരം അറിയിക്കൂ .അങ്ങനെ സ്കൂളിൽ അന്വേഷിച്ചപ്പോൾ, അവിടത്തെ പ്യൂൺ ആയ രാമേട്ടന്റെ അടുത്തു നിന്ന് ഒരു വിവരം ലഭിച്ചു.കുറച്ചു ദിവസം മുൻപ്, ഒരാൾ സൗമ്യ ടീച്ചറിന്റെ മകളുടെ വിവരം, താമസ സ്‌ഥലം ഒക്കെ അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു. നിലീന അന്വേഷിച്ചു , രാമേട്ടൻ ഓർത്തു നോക്ക്, ഇതേയാൾ , വർഷങ്ങൾക്കു മുൻപും ഇതേ പോലെ അന്വേഷിച്ചു വന്നിട്ടുണ്ടോ.അതോർമ്മയില്ല എന്നായിരുന്നു മറുപടി.
എന്തായാലും അന്വേഷിച്ചു വന്നത് യഥാർഥ ആളായിരിക്കില്ല , ദൂതനായിരിക്കും ,അവൾ ആലോചിച്ചു .ഉടൻ തന്നെ ഡോക്ടറെ അവൾ വിവരം അറിയിച്ചു .ഡോക്ടർ പറഞ്ഞു, ഞാൻ എന്റെയൊരു ഊഹം മാത്രമാണ് പറയുന്നത്.നിലീനയുടെ 'അമ്മ ഒരു റേപ്പ് വിക്‌ടിം ആയിരിക്കാം .അമ്മയുടെ രോദനമാവാം നിലീനയുടെ ചെറു മനസ്സിൽ അലയടിച്ചത് .ഒരു പക്ഷെ ആ സ്ത്രീ അതിനു ശേഷം ആ ഷോക്കിൽ നിന്നും മുക്തയായിട്ടുണ്ടാവില്ല .മനസ്സിൽ വിഷമം കുത്തി നിറച്ചു ജീവിതം മുന്നോട്ടു നീക്കി പോയിരിക്കാം അവർ .പിന്നെ ഇപ്പോൾ നിലീന പറയുന്ന കാര്യം കൂടി ചേർത്ത് വായിക്കുമ്പോൾ ഒരു സംശയം ബലപ്പെടുന്നു .ഒരു പക്ഷെ നിലീനയുടെ അമ്മയെ ഉപദ്രവിച്ച ആൾ തന്നെ ആയിരിക്കാം അവരുടെ തിരോധാനത്തിന് പിന്നിലും .അയാളാവും നിലീനയെ കുറിച്ച് അന്വേഷിച്ചത് . ഇതെല്ലാം കേട്ടവൾ തരിച്ചിരുന്നു .ഇനി നമുക്ക് പ്രതീക്ഷിക്കാനെ സാധിക്കു, എല്ലാം നല്ലതിന് വേണ്ടി, ഡോക്ടർ പറഞ്ഞു .
ബെംഗളൂരു സന്ദർശിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ചു നിലീന ,എത്തി, നിംഹാൻസ് സന്ദർശനം ഉദ്ദേശിച്ചായിരുന്നു അത് .അവിടെയുള്ള ഫാക്കൽറ്റിസ്‌നെയെല്ലാം നിലീനയെ ഡോക്ടർ പരിചയപ്പെടുത്തി .തുടർന്ന് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് അവളെ ക്ഷണിച്ചു .ഡോക്ടർ പറഞ്ഞു, നിലീനയെ പ്രത്യേകിച്ച് ബാംഗ്ലൂർ സന്ദർശിക്കണമെന്നു പറഞ്ഞതിന് ഒരു കാരണമുണ്ട് .അന്ന് സ്കൂളിലെ രാമേട്ടൻ ഒരു കാര്യം പറഞ്ഞില്ലേ. അതിനു തുടർച്ചയായി ഞാൻ ഒരു അന്വേഷണം നടത്തി. അപ്പോൾ ഒരു വിവരം കിട്ടി.അന്ന് കാര്യം അന്വേഷിച്ചു വന്നയാളുടെ കാർ ബാംഗ്ലൂർ രെജിസ്ട്രേഷൻ ഉള്ളതാണ്, അതിന്റെ കാർ നമ്പർ അവിടുത്തെ വർക്ഷോപ്പിലെ പയ്യന് ഓർമയുണ്ട് .അങ്ങനെ ഒരാൾ വർക്ഷോപ്പിൽ വണ്ടി പരിശോധിക്കാൻ എത്തിയിരുന്നുവത്രേ .
ഞാൻ ആ കാറിന്റെ ഉടമയെ കുറിച്ച് അന്വേഷിച്ചു, ബെംഗളൂരുവിലെ മല്ലേശ്വരത്താണ് അയാളുടെ സ്‌ഥലം.നേരിട്ട് പോയാൽ നമുക്ക് വിവരം കിട്ടില്ല .അവരെ പിൻതുടരാൻ മാത്രമേ സാധിക്കു. അതിനു പോലീസിന്റെ സഹായം തേടേണ്ടി വരും.ഇവിടുത്തെ ഉന്നത പോലീസ് മേധാവികൾ എന്റെ പരിചയത്തിലുണ്ട് .
നിലീനയോടു എന്തെങ്കിലും വിവരം കിട്ടുന്നത് വരെ അവിടെ തന്നെ തങ്ങാൻ ഡോക്ടർ ആവശ്യപ്പെട്ടു .അങ്ങനെ ഒരു നാൾ, ഡോക്ടറുടെ കാൾ വന്നു. നിലീന ആഗ്രഹിച്ചത് പോലെ , പ്രാർഥന പോലെ നിലീനയുടെ അമ്മയെ കണ്ടു കിട്ടിയിട്ടുണ്ട്, മല്ലേശ്വരത്തു നിന്ന് തന്നെ.പക്ഷെ സന്തോഷിക്കാറായിട്ടില്ല .അവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .നാളെ നിംഹാൻസിൽ എത്തിക്കും.എനിക്കവരെ ഒന്ന് പരിശോധിക്കേണ്ടതുണ്ട് . അതിനു ശേഷം എല്ലാ വിവരങ്ങളും ഞാൻ അറിയിക്കാം.അത് വരെ മനസ്സു ശാന്തമാക്കി ഇരിക്കൂ .
അവൾ നെഞ്ചിടിപ്പോടെ ഡോക്ടറുടെ ഫോൺ വിളിക്കു വേണ്ടി കാത്തിരുന്നു .വൈകുന്നേരമായപ്പോൾ , ഹോസ്പിറ്റലിൽ എത്താൻ ഡോക്ടർ ആവശ്യപ്പെട്ടു .നിലീന വന്നപ്പോൾ ഡോക്ടറുടെ മുഖത്ത് പഴയ പുഞ്ചിരിയില്ല.അദ്ദേഹം സീരിയസ് ആയിരുന്നു .ബുദ്ധിയുള്ള കുട്ടിയാണ് നിലീന,അത് കൊണ്ട് ഞാൻ പറയുന്ന കാര്യങ്ങൾ അതിന്റെ അർഥത്തിൽ ഉൾക്കൊള്ളണം .
"നമ്മൾ വിചാരിച്ച പോലെ അല്ല നിലീന യാഥാർഥ്യം.നിലീനയുടെ 'അമ്മ ഞാൻ പറഞ്ഞത് പോലെ റേപ്പ് വിക്‌ടിം ആണ്.ബെംഗളൂരുവിലുള്ള ശ്രീധർ എന്നയാളാണ് കാരണക്കാരൻ .അയാൾ നിലീനയുടെ അച്ഛൻ രാകേഷിന്റെ പരിചയക്കാരനായിരുന്നു.കാർ ബിസിനസ് ആണ് അയാൾക്ക്‌ .നിലീന കുഞ്ഞായിരുന്ന സമയത്ത് ഒരു ദിവസം, വീട്ടിലെത്തിയ ഇയാൾ സൗമ്യയെ ഉപദ്രവിക്കുകയായിരുന്നു .തുടർന്ന് അയാൾ നാട് വിട്ടു. സൗമ്യ രാകേഷിനോട് ഒന്നും പറയാതെ , വർഷങ്ങൾ തള്ളി നീക്കി. റേപ്പിനു ശേഷം സൗമ്യ മറ്റൊരു മാനസിക അവസ്‌ഥയിലേക്ക് പോയിരുന്നു, നിങ്ങളാരുമറിയാതെ .വർഷങ്ങൾ പഴകുമ്പോൾ വീഞ്ഞിനു വീര്യം കൂടും എന്ന് പറയും പോലെ, ഒടുവിൽ അത് സംഭവിച്ചു .സൗമ്യ എന്നും ഭയപ്പെട്ട പോലെ , ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്ന അവളെ , ശ്രീധർ ആയ എതിർ ഊർജം ഗ്രസിക്കുകയായിരുന്നു . അവളറിയാതെ അവളുടെ മനസ്സ് ആ എതിർ ഊർജ്ജത്തിന് വേണ്ടി കാത്തു .ഒടുവിൽ അവൾ ശ്രീധറിനെ അന്വേഷിച്ചു ബെംഗളുരുവിലേക്ക് പുറപ്പെട്ടു .അയാളുടെ സ്വദേശം അവൾക്കു അറിയാമായിരുന്നു .അയാൾ വിവാഹിതനായിരുന്നു . നിലീനയുടെ അമ്മയെ വേറെ വീടെടുത്ത് അയാൾ പാർപ്പിച്ചിരിക്കുന്നു
സൗമ്യ വർഷങ്ങളായി ."മാനസികമായി അടിമപ്പെടൽ " (Psychological Slavery ) എന്ന അവസ്‌ഥ ഉള്ളയാളാണ്. ഇത്തരത്തിൽ ഉള്ള അവസ്‌ഥ അപൂർവ്വത്തിൽ അപൂർവമാണ്. തന്നെ ആക്രമിച്ചയാളെ തന്നെ ഇര അഭയം പ്രാപിക്കുന്ന അവസ്‌ഥ. നിലീനയുടെ 'അമ്മ ഇനി അയാളെ വിട്ടു വരാൻ ആഗ്രഹിക്കുന്നില്ല . ഇനി കുട്ടി പറയു ഞാൻ എന്താണ് ചെയ്യേണ്ടത് .
ഒന്നും മിണ്ടാതെ, അമ്മയെ കാണണം എന്ന് പോലും അഭിപ്രായം പ്രകടിപ്പിക്കാതെ നിലീന തിരിഞ്ഞു നടന്നു . അവളുടെ മനസ്സിൽ , കുടകിലെ ഓർമ്മകൾ രണ്ടു കഷണമായി പിരിഞ്ഞിരുന്നു ......
**************************
സംഗീത .എസ് .ജെ

ചിത്തിര വേൽ


അതാണ് അയാളുടെ പേര് ...കന്യാകുമാരി ജില്ലയാണ് സ്വദേശം..ഒറ്റയാനായിരുന്നു അയാൾ .പത്താം തരം വരെയേ പഠിച്ചിട്ടുള്ളു എങ്കിലും സാമാന്യ ബുദ്ധിയുള്ള ,ഒരുവനായിരുന്നു അയാൾ .സ്ഥിരമായി ജോലിയൊന്നുമില്ല .പലതും ചെയ്യും, ചിലപ്പോൾ കാർപെന്റർ ആയി, ചിലപ്പോൾ വർക്ക് ഷോപ്പിൽ , ചെരുപ്പ് കുത്തിയായി . ചിലപ്പോൾ കുട്ടികൾക്കുള്ള കളിക്കോപ്പുകൾ തൂക്കി നടക്കുന്ന വില്പനക്കാരനായി ...അങ്ങനെ തൂണിലും തുരുമ്പിലും ചിത്തിര വേൽ ..ഇങ്ങനെയൊക്കെ സ്വരൂപിക്കുന്ന കാശ് കൊണ്ട് തെരുവോര ജന്മങ്ങളെ സ്വന്തം കയ്യാൽ അയാൾ ഊട്ടുമായിരുന്നു ..അവിടെയുള്ള ജനങ്ങളെല്ലാം ഈ കാഴ്ച പതിവായി കാണുന്നതാണ് .എന്ത് സംരംഭങ്ങൾ പുതുതായി തുടങ്ങുമ്പോഴും, വീട്ടിലെ പ്രധാനപ്പെട്ട ചടങ്ങുകൾക്കും ഒക്കെ ആൾക്കാർ അയാളെ ക്ഷണിക്കുമായിരുന്നു .
കന്യാകുമാരി ബീച്ചിൽ , സന്ധ്യ മറയുന്ന മനോഹര കാഴ്ച കാണാൻ അയാൾ നിത്യവും പോകുമായിരുന്നു .സന്ധ്യയാണ് കൂടുതൽ സുന്ദരി ..അയാൾ ചിന്തിച്ചു..സൂര്യൻ ഉദിച്ചതിനു ശേഷമുള്ള എല്ലാ ജൈവ വൈവിധ്യങ്ങളുടെയും ജീവിതം ഉൾക്കൊണ്ട് ,മെല്ലെ മെല്ലെ, യാഥാർഥ്യത്തിന്റെ പ്രതീകമായി മറയുന്ന സന്ധ്യ .അവിടെയുള്ള തെരുവോര കച്ചവടക്കാരോട് ,പൊരി കടലയും കൊറിച്ചു കൊണ്ട് ഒത്തിരി നേരം സൊള്ളി കൊണ്ടിരിക്കും അയാൾ .അവരുടെ പച്ചയായ ജീവിതത്തെ കുറിച്ചും മറ്റും കേട്ട് , തന്നെ കൊണ്ടാവും വിധം വേൽ അവരെ സമാശ്വസിപ്പിക്കും , എന്നിട്ടു പറയും, നിങ്ങൾ ഏറ്റവും ഭാഗ്യവാന്മാരാണ് , ഈ മനോഹരമായ കടലിനെ തഴുകി വരുന്ന കാറ്റിന്റെ ഗന്ധമാണ് നിങ്ങൾക്ക് , ഏറ്റവും ചൈതന്യവതിയായ കന്യാകുമാരി ദേവിയുടെ അനുഗ്രഹം എന്നും നിങ്ങളുടെ മേൽ ഉണ്ടാവും.വേലിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ അവരുടെ മനസ്സ് തണുക്കും .പിന്നെ മാരിയപ്പൻറെ കടയിൽ കയറി, തട്ട് ദോശയും, കഴിച്ചു സ്വന്തം കൂടണയും .
മരുത്വാമലയുടെ അടുത്തായിട്ടാണ് വേലിന്റെ സങ്കേതം .ഒരു ചെറിയ വീട് , എല്ലാ സാധന സാമഗ്രികളും വളരെ അടുക്കും , ചിട്ടയോടും കൂടെ സൂക്ഷിട്ടുണ്ട് .വേലിന്റെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു സങ്കേതമാണ് മരുത്വാമല .മലയുടെ മുകളിൽ എത്തി , മഹാ യോഗികളുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്നു കല്പിച്ചിരിക്കുന്ന ഗുഹകളിൽ, അയാൾ ഏകാന്തനായി ധ്യാനിച്ച് ഇരിക്കുമായിരുന്നു .അപൂർവമായ മരുന്ന് ചെടികളിൽ തട്ടി വരുന്ന പരിമള കാറ്റ് ഏതു , മുറിവിനേയും ഉണക്കാൻ സാധിക്കുന്ന ഒന്നാണ് . അതറിയണമെങ്കിൽ, മനസ്സിൽ ഏകാഗ്രത വേണം, നേര് വേണം ,ആത്മാർഥത വേണം ,വിശാലമാവണം മനസ്സ് , അതെല്ലാം അയാൾക്കുണ്ടായിരുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസംചിത്തിര വേൽ വൈകുന്നേരം, തന്റെ പ്രിയപ്പെട്ട മലയിൽ കയറുകയായിരുന്നു .വഴിമധ്യേ പല കാഴ്ചകളുമുണ്ട് .ഇടയ്ക്ക് ഓരോയിടത്തും അൽപ നേരം തങ്ങിയാണ് കയറ്റം കേറുന്നത് . ഓരോ തവണയും കേറുമ്പോൾ നവ്യാനുഭൂതി ലഭിക്കുന്നു .
ഒരു വൃക്ഷത്തിന്റെ തണലിന്റെ നിൽക്കുമ്പോൾ , പുറകിൽ നിന്നൊരു സ്ത്രീ സ്വരം ."Hello will you please guide me to the top ?" അതൊരു പാശ്ചാത്യ പെൺകുട്ടിയായിരുന്നു .പച്ച മിഴിയാൾ ,സ്വർഗീയ സൗന്ദര്യം , പുറത്തു ഒരു ഭാണ്ഡ കെട്ടുമുണ്ട് .അവൾ ഓടി കിതച്ചു വേലിന്റെ അടുത്തെത്തി .അയാൾക്കു ഇംഗ്ലീഷ് ഭാഷ കേട്ടാൽ മനസ്സിലാകുമായിരുന്നു . ഒപ്പിച്ചു സംസാരിക്കാനും അറിയാം .അങ്ങനെ അയാളുടെ സഹായത്തോടെ ആ പെൺകുട്ടി മല മുകളിലെത്തി .ആ പ്രദേശത്തെ കുറിച്ചും മറ്റും അവൾ ചോദിച്ചു . അവൾ അയർലണ്ടിൽ വിദ്യാർഥിനിയത്രെ. മരുത്വാമലയെ കുറിച്ച് കുറെ വിവരം ശേഖരിച്ചിട്ടാണത്രെ അവളുടെ വരവ് .അവളുടെ കൂട്ടുകാരി കേരളമാണത്രെ സന്ദർശിക്കുന്നത് . തിരികെ രണ്ടു പേരും ഒരുമിച്ചു പോകും.ഇത്രയൊക്കെ വേലിന് മനസ്സിലായി .
സന്ധ്യക്കു മുൻപ് അവർ തിരിച്ചു മലയിറങ്ങി."Heaven like",അതാണവൾ ആ പ്രദേശത്തെ വിശേഷിപ്പിച്ചത് .തുടർന്നുള്ള ദിവസങ്ങളിൽ കന്യാകുമാരി ജില്ലയിലുള്ള പല സ്ഥലങ്ങളിലും , വേൽ അവളെ കൂടി കൊണ്ട് പോയി , പല അറിവുകളും പകർന്നു കൊടുത്തു , സ്വന്തം സുഹൃത്തുക്കളെ പരിചയപ്പെടുത്തി കൊടുത്തു. .ബുട്ടയും കടിച്ചു കൊണ്ടവൾ പൂമ്പാറ്റയെ പോലെ തെരുവോരങ്ങളിൽ പാറി നടന്നു .അങ്ങനെ ആകെ സന്തോഷ ഭരിതമായ ദിവസങ്ങൾ. അവളുടെ പേര് ആഷ്ലിങ് എന്നാണ് .
അയാളുടെ ജോലിസ്ഥലങ്ങളും കാണാൻ കൗതുകത്തോടെ അവൾ പോകുമായിരുന്നു ."You are a wonderful man " അവൾ പറഞ്ഞു . അയാൾ എന്തോ ആലോചിച്ച പോലെ , ചിരിച്ചു .എന്നും വൈകുന്നേരം, സൂര്യൻ മറയുന്നതു കാണാൻ അവർ ബീച്ചിൽ പോകുമായിരുന്നു . അവൾ അവളുടെ ഭാഷയിൽ വാചാലയായി സംസാരിക്കും . അപ്പോൾ അവളുടെ വിടരുന്ന പച്ച മിഴികളും ,തുടുക്കുന്ന മുഖവും നോക്കി അയാൾ ഇരിക്കും, മൗനിയായി .ഒരു ദിവസം അവൾ വേലിനോട് ചോദിച്ചു."Shall i ask one thing .Dont you feel alone .Why dont you marry so far ''? വേൽ ഒന്നും മിണ്ടാതെ തിരികെ നടന്നു . അവൾ സോറി പറഞ്ഞിട്ട് , അയാളുടെ കരം ഗ്രഹിച്ചു .
"I am not staying at hotel today, Will you take me to your home ?".അയാൾ അതിനു സമ്മതിച്ചു .അങ്ങനെ ഒരു സന്ധ്യ നേരം, ആഷ്ലിങ് വേലിന്റെ വീട്ടിലെത്തി . അയാൾ അവൾക്കു കട്ടൻ കാപ്പിയിട്ടു കൊടുത്തു , അവൾ അത് കുടിച്ചിട്ട് "So nice " എന്ന് പറഞ്ഞു , ഒരു നവ്യാനുഭവമായിരുന്നു അവൾക്കത് .അധിക നേരം അവിടെ നിൽക്കണ്ട എന്ന് വേൽ അവളോട് പറഞ്ഞു .പക്ഷെ അവൾ അതിനു സമ്മതിച്ചില്ല, അന്നവിടെ തങ്ങണം എന്നവൾ വാശി പിടിച്ചു .കുറെ നേരം അയാൾ ശ്രമിച്ചു പിന്തിരിപ്പിക്കാൻ , പക്ഷെ നടന്നില്ല .
അവൾ വേലിനെ തന്നെ കുറെ നേരം നോക്കിയിരുന്നു, എന്നിട്ടു പറഞ്ഞു " You are a man of truth ,transparent ,with mind control , I admire you and to be frank i started loving you ".അയാൾക്കവൾ പറഞ്ഞത് മനസ്സിലായി .അപ്പോഴും, അതെല്ലാം പ്രതീക്ഷിച്ചത് പോലെ എന്ന മട്ടിൽ അയാൾ ചിരിച്ചു .അവൾ ഇത്തിരി പിണക്കത്തോടെ മുഖം കുനിച്ചിരുന്നു . വേൽ മുറിക്കകത്തേക്കു പോയി ഒരു ഫയലുമായി വന്നു, ആഷ്ലിങ്ങിനെ അത് ഏല്പിച്ചു . അവൾ നോക്കിയപ്പോൾ, അതൊരു മെഡിക്കൽ റിപ്പോർട്ട് ആയിരുന്നു .അവൾ ഒന്ന് നടുങ്ങി, ആ റിപ്പോർട്ട് പ്രകാരം ചിത്തിര വേൽ ഒരു എയ്ഡ്സ് രോഗിയാണ് . അത് സംഭവിച്ചത്, എയ്ഡ്സ് ഇൻഫെക്ടഡ് ആയ സിറിഞ്ച് കൊണ്ട് ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയതിലൂടെയായിരുന്നു .അവളുടെ പച്ച കണ്ണുകൾ നിറഞ്ഞൊഴുകി .
അവൾ അയാളുടെ മുഖം തന്റെ കയ്യിലെടുത്തു പിടിച്ചിട്ടു പറഞ്ഞു , ഞാൻ നിങ്ങളെ ഉപേക്ഷിക്കില്ല .അത്രക്കേറെ നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു . ഇനി തടസ്സം നിൽക്കരുത് . ഇനിയുള്ള എന്റെ ജീവിതം നിങ്ങളെ ശുശ്രുഷിക്കുന്നതിൽ ആണ്. ഏതു ചികിത്സയും നമുക്ക് നോക്കാം. എന്നെ ഉപേക്ഷിക്കരുത് . ജീവിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച്, മരിക്കുന്നെങ്കിലും ഒരുമിച്ച് .കന്യാകുമാരി ദേവിയെ വണങ്ങുമ്പോൾ , ആ വജ്ര മൂക്കുത്തിയുടെ മിന്നുന്ന പ്രകാശം എന്റെ കണ്ണിൽ തട്ടി ചിതറുന്നത് നോക്കിയപ്പോൾ എന്നെയും മൂക്കുത്തി അണിഞ്ഞു കാണാൻ വേൽ ആഗ്രഹിച്ചില്ലേ , ആഴ കടൽ നോക്കിയിരുന്നപ്പോൾ, നമ്മുടെ മിഴികൾ ഉടക്കിയിരുന്നില്ലേ, വേൽ എന്നെ തന്നെ നോക്കിയിരുന്നില്ലേ .മല കയറുമ്പോൾ, തട്ടി വീഴാതെ, എന്റെ കയ്യിൽ വേൽ മുറുക്കി പിടിച്ചിരുന്നില്ലേ , തെരുവോരങ്ങളിൽ നടക്കുമ്പോൾ, കൂട്ടുകാരെ എന്നെ പരിചയപ്പെടുത്തുമ്പോൾ എല്ലാം വേൽ ആഗ്രഹിച്ചിരുന്നില്ലേ, ഞാൻ എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.അതെ ഞാൻ ആ മനസ്സറിയുന്നു,വേൽ എന്റേതും. "
ഇത് വരെ അയാളുടെ സ്വന്തം മനസ്സിൽ കൊണ്ട് നടന്നിരുന്ന സങ്കട കടൽ അണ പൊട്ടിയൊഴുകാൻ തുടങ്ങി . അയാൾ അവളുടെ മടിയിൽ ഒരു കുട്ടിയെ പോലെ തല ചായ്ച്ചു കിടന്നു....അപ്പോൾ സന്ധ്യ മയങ്ങിയിരുന്നു .അയാൾ എന്നും ഇഷ്ടപ്പെട്ടിരുന്ന സുന്ദരിയായ,"നിത്യ സങ്കടത്തിലാഴുന്ന സത്യമായ " തന്റെ സന്ധ്യ , അങ്ങ് ദൂരെ കടലിനപ്പുറത്തു നിന്നും വന്ന ആഷ്ലിങ് ആയിരുന്നുവോ .....ഇനിയുള്ള ജീവിതത്തിലെ തന്റെ സന്ധ്യകൾ സുന്ദരമായിരിക്കും, ഒപ്പം ദൈർഘ്യമേറിയതും……
*******
സംഗീത.എസ് .ജെ

മന്ദാരമാല (കവിത )


ശുഭ്ര സുന്ദര ചേല പുതച്ചൊരു
ചേതോഹാരിയാം ദുഃഖ പുഷ്പമേ 
കൃഷ്ണ വർണ്ണത്തിൻ ചേലെഴും ഗാത്രവും
മുല്ലമൊട്ടുകൾ പോലുള്ള ദന്തവും
തെറ്റിപ്പഴം പോലുള്ളോരധരവും
നന്ത്യാർ വട്ട പൂവിൻ തീക്ഷ്ണ ഗന്ധവും
തിങ്ങി നിൽപ്പൂ ഗത കാല സ്മരണകൾ
ഇന്നുണരുന്നൂ മാനസം നിനക്കായ്
***********************************************************
അരയോളം നീളും കാർകൂന്തലും
നിലം തൊടാത്ത നിൻ പാദങ്ങളും
നിത്യവും ദർശിക്കും ഞാൻ നിന്നെയോമലേ
ചോരനെ പോൽ, കൈതക്കാട്ടിൻ പിന്നിൽ
***********************************************************
ഇന്നുനിന്നാഗ്രഹം സാഫല്യമായിടും
മന്ദാര പൂക്കളാൽ കോർത്ത മാല്യം
നിൻ ഗളത്തിൽ ചാർത്തിടും ഞാൻ
മറയല്ലേ , കാനന മധ്യത്തിൽ ,നിർദ്ദയം
സ്നേഹാമൃതേകാം , നിൻ കാമുകൻ ഞാൻ
പോയ ജന്മത്തിലെ നിന്നുടെ നഷ്ട -
മോഹങ്ങളൊക്കെയും സാഫല്യമാക്കുവാൻ
വിണ്ണിൽ നിന്നെത്തിയ ഗന്ധർവ്വൻ ഞാൻ ..
******************
സംഗീത .എസ് .ജെ

എന്നിലൂടെ അറിയാൻ


ഞാൻ(അങ്കിത ) ..ഒറ്റപ്പാലമാണ് സ്ഥലം ..ഒറ്റ മകൾ..അച്ഛൻ കർഷകൻ..അമ്മ ഒരു പാവം വീട്ടമ്മ ...ഞാൻ ഒരു പ്ലസ് ടു വിദ്യാർഥിനി ..ഹ്യൂമാനിറ്റീസ് ആണ് വിഷയം..എനിക്ക് വല്യ മോഹങ്ങൾ ഒന്നും ഇല്ല..എന്തെങ്കിലും , എന്നാലാവും വിധം സമൂഹത്തിനു നന്മ ചെയ്തു ജീവിക്കണം എന്ന ചിന്ത ചെറുപ്പത്തിലേ എന്റെ സിരകളിൽ രൂഢമൂലമായുണ്ടായിരുന്നു .അച്ഛൻ അതിനു നല്ല പ്രോത്സാഹനവും നൽകിയിരുന്നു . ചെറുപ്പത്തിൽ , അച്ഛന്റെ കൂടെ തോട്ടത്തിൽ പോകുമ്പോൾ, പാവൽ പടർപ്പിൽ നിന്നും കായ്കൾ അടർത്തുമ്പോൾ അച്ഛൻ പറയുമായിരുന്നു ,"ഏതു പ്രവൃത്തിയും ഒരു പറിച്ചു നടലാണ് , നമ്മൾ ഒരു കാര്യം ചെയ്താൽ , അത് നമ്മുടെ ചിന്തയെ പറിച്ചു നടൽ ആണ് .അത് കൊണ്ട് എന്റെ മകൾ മുതിരുമ്പോൾ , ഓർത്തു കൊള്ളുക ,മുൻപിൻ പല ആവർത്തി ആലോചിച്ചിട്ടേ എന്തും ചെയ്യാവൂ , അത് എപ്രകാരം മറ്റുള്ളവർക്ക് ഗുണകരമാവും എന്നും ആലോചിക്കണം . നിനക്ക് അത് കൊണ്ട് ഗുരുത്വമേ ലഭിക്കു ."
ഞാൻ പ്ലസ് ടു നല്ല മാർക്കോടെ ജയിച്ചു , അച്ഛനമ്മയോടും, കൂട്ടുകാരോടും , നാട്ടുകാരോടുമൊപ്പം സന്തോഷം പങ്കിട്ടു . തോട്ടത്തിലെ പച്ചക്കറികൾ ഒക്കെ കാറ്റിന്റെ കൂട്ടോടെ എന്റെ കാതിൽ കഥകൾ പറഞ്ഞു .പക്ഷെ എന്നും ഞാൻ ചിന്തിച്ചു പോന്ന ഒരു കാര്യമുണ്ട് ,അത്യാഹ്ലാദം വേണ്ട , അത് നമ്മുടെ മാനസിക സന്തുലനാവസ്ഥയെ ബാധിക്കും , അത് കൊണ്ട് തന്നെ ശരിയായ തീരുമാനം എടുക്കാൻ സാധ്യമാവില്ല , എല്ലാം മിതമായ രീതിയിൽ മതി . സർവേശ്വരൻ എന്ന പേരിൽ വിളിക്കുന്ന ശക്തിയുടെ വെളിച്ചം പകർത്താൻ എനിക്ക് സാധിക്കട്ടെ .
ഇനി യഥാർഥമായ കർമ്മ പഥത്തിലേക്ക് , ഞാൻ അതിനെ കുറിച്ച് ഒരു മുൻധാരണ മെനഞ്ഞു .രാത്രി മാത്രമേ അച്ഛനെ കിട്ടു, സംസാരിക്കാൻ . മണ്ണിന്റെ മണമുള്ള അച്ഛൻ , രാത്രിയാകുമ്പോൾ , സന്തൂർ സോപ്പിന്റെ മണമുള്ള അച്ഛനാവും . പണ്ടേ അതാ ബ്രാൻഡ് .ഒപ്പം കുട്ടി ക്കൂറ പൗഡറും .ഞാൻ എത്ര ഭാഗ്യവതി ആണ് , ഇങ്ങനെ നേരുള്ള, ഉൾകാഴ്ചയുള്ള അച്ഛനെ ലഭിക്കാൻ .മെല്ലെ മെല്ലെ പൂച്ചകുട്ടിയെ പോലെ ഞാൻ അച്ഛന്റെ പുറകിൽ ചുറ്റി കറങ്ങി നടന്നു .അച്ഛനറിയാം , എന്തോ കാര്യം സാധിക്കാനുണ്ടെന്നു . എന്താ മോളെ, അച്ഛനോട് പറയൂ , മുഖവുര വേണ്ട .അച്ഛാ , എനിക്കിനി മുന്നോട്ടു പല ലക്ഷ്യങ്ങളുണ്ട് . ജീവിതത്തിലെ ഒരു നിമിഷവും വ്യർഥമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല .ചിലപ്പോൾ തട്ടി തടഞ്ഞു വീണെന്ന് വരും.പക്ഷെ അച്ഛന്റെ മകളല്ലേ, അച്ഛന്റെ മനസ്സല്ലേ .എല്ലാം ശരിയാകും . ഞാൻ എന്റെ തുടർ പഠനത്തോടൊപ്പം എൻ .എസ്.എ സ്..ന്റെ (നാഷണൽ സർവീസ് സ്കീം ) പ്രവർത്തകയാകാൻ ആഗ്രഹിക്കുന്നു . തിരുവന്തപുരത്തു രാജൻ അങ്കിൾ ഉണ്ടല്ലോ. കാര്യങ്ങൾ ഒക്കെ അന്വേഷിക്കാൻ .
സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ അതെന്നെ സഹായിക്കും .എന്റെ സ്വഭാവത്തിന് ഒരു നല്ല അടിത്തറ അതിലൂടെ കിട്ടും അച്ഛാ .എന്റെ മോൾ , സധൈര്യം മുന്നോട്ടു പൊക്കൊളു , അച്ഛനും അമ്മയും എന്നും കൂടെയുണ്ട് .
ഞാനങ്ങനെ തിരുവന്തപുരത്തേക്കു.അച്ഛനും ഒപ്പമുണ്ട് ..ഞങ്ങൾ തലസ്ഥാനത്തു ആദ്യമായിട്ടാണ് ..നഗര തിരക്കുകൾ , ഓഫീസിലേക്ക് പായുന്നവർ ,റോഡിൽ പലയിടത്തു അമ്പലങ്ങൾ, ചീറിപ്പായുന്ന ബസ്സുകൾ ,ആംബുലൻസ്, തെരുവോരങ്ങളിലെ ഭിക്ഷാടകർ,കച്ചവടക്കാർ ,ഒപ്പം ആശ്വാസത്തിനു തണൽ മരങ്ങളും . ഞങ്ങൾ രാജൻ അങ്കിളിന്റെ വീട്ടിലേക്കു തിരിച്ചു , ഒരാഴ്ചയൊക്കെ അവിടെ തങ്ങേണ്ടി വരും, യൂണിവേഴ്സിറ്റി കോളേജിൽ , ഹ്യൂമാനിറ്റീസ് ഐച്ഛിക വിഷമായി ബിരുദത്തിനു ചേരാൻ ഞാൻ തീരുമാനിച്ചു .അമ്മ അച്ഛന്റെ സഹോദരിയോപ്പം തങ്ങിക്കോളും എന്ന ആശ്വാസമുണ്ട് .
അഡ്മിഷന്റെ കാര്യം എല്ലാം ശരിയായി .അച്ഛൻ രണ്ടു നാൾ കൂടെ തങ്ങി , എന്നെ ലേഡീസ് ഹോസ്റ്റലിൽ ആക്കിയിട്ടു നാട്ടിലേക്കു യാത്രയായി . പോകാൻ നേരം, സങ്കടം കാട്ടാതിരിക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചു .എന്നിൽ മൗനത്തിനു പകരം വാചാലത നിറഞ്ഞതു അച്ഛനെ സന്തോഷിപ്പിച്ചു കാണണം , അതായിരുന്നു അച്ഛന് വേണ്ടത് , എനിക്കറിയാം .അച്ഛൻ മാസത്തിലൊരിക്കൽ വരും, എന്നും ഫോൺ ചെയ്യും വീട്ടിലേക്ക് , അങ്ങനെ നാളുകൾ കടന്നു പോയി .അങ്ങനെ ഇരിക്കെയാണ് കോളേജിൽ എൻ .എസ് .എസ് -ന്റെ സെൽ വിദ്യാർഥികളെ ക്ഷണിക്കുന്നു എന്ന അറിയിപ്പു ലഭിച്ചത് .ഞാൻ ആഗ്രഹിച്ച നിമിഷം .
ഞങ്ങൾ കുറെ കൂട്ടുകാർ അതിൽ ഒരു യൂണിറ്റിൽ വോളന്റീർസ് ആയി . ഓരോ യൂണിറ്റിനും ഓരോ ടാസ്ക് നിശ്ചയിച്ചിട്ടുണ്ട് .അതിൽ എന്റെ ടീമിന്റെ കർത്തവ്യം, മെന്റലി ചലഞ്ചേഡ് ആയിട്ടുള്ളവരെ , അവരെ പാർപ്പിച്ചിരിക്കുന്ന ആതുരാലയത്തിൽ പോയി കാണുകയും.ശുശ്രൂഷിക്കുകയും എന്നതാണ് .എനിക്കും കൂട്ടുകാർക്കും, വളരെ അപരിചിതമായ മേഖല , പക്ഷെ ആകാംക്ഷ ഉണ്ടാക്കുന്നതും. ടീമിലെ ചില പെൺകുട്ടികൾക്ക് ഭയവും ഉണ്ടായിരുന്നു .പക്ഷെ ഞങ്ങളുടെ ലീഡർ ധൈര്യം തന്നു കൊണ്ടേയിരുന്നു .അങ്ങനെ ഞങ്ങൾ ആതുരാലയത്തിൽ നിശ്ചയിച്ച പ്രകാരമെത്തി .അതി തീവ്രമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നവരെ പ്രത്യേകം സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഓരോ രോഗിയും എന്ന് പറയുവാൻ, മനസ്സ് അനുവദിച്ചില്ല , ഞങ്ങളിൽ നിന്നുമൊക്കെ നക്ഷത്ര യുഗങ്ങൾക്കപ്പുറമാണെന്നു തോന്നി പോകും.അവരുടെ കണ്ണുകളിലെ കാഴ്ച മറഞ്ഞു പോയ ഓർമകളുടെ ജഡമാം പാട മറച്ചിരുന്നു .ചെവി തുളക്കും വിധത്തിൽ അലർച്ചയും കേൾക്കാം .എനിക്കറിയില്ല , അവർ എന്ത് കണ്ടു ഭയപ്പെട്ടിട്ടാണെന്നു , പാവങ്ങൾ . എന്തായാലും ,ഇവരെല്ലാം "മനസ്സുള്ളവർ " ആണ് , അത് കൊണ്ടാണ് അവർ ചില സാഹചര്യങ്ങളിൽ അടിപ്പെട്ട് ഇങ്ങനെ ആയത് . പക്ഷെ ഒരു രോഗവും ഇല്ലാത്ത അഴിക്കു പുറത്തെ ചിലർ കാട്ടി കൂട്ടുന്നത് കാണുമ്പോൾ , യഥാർത്ഥ അഴിക്കുള്ളിൽ ഉള്ള പാവങ്ങളായ ഇവർ ആണ് അവരുടേതായ ലോകത്തു ശരിക്കുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നു തോന്നി പോകും .
ഗ്രൂപ്പ് ആയി തിരിഞ്ഞു ഓരോ വ്യക്തിയുമായി ഇടപെടാൻ തുടങ്ങി .വളരെ ശ്രമകരമായിരുന്നു ആദ്യമൊക്കെ.പിന്നീട് അവർക്കു ഞങ്ങൾ അപരിചിതർ അല്ലാതായി മാറി .സ്നേഹത്തോടെ ഞാൻ എന്റെ കർമം നിർവഹിച്ചു . സ്വന്തം സഹോദരൻ/സഹോദരി/'അമ്മ/അച്ഛൻ അങ്ങനെയുള്ള തലത്തിൽ അവരെ സങ്കല്പിച്ചു .ഒരു തലോടൽ, ഒരു ഗാനം , ഓരോരുത്തരുടെയും താത്പര്യം കണ്ടു പിടിച്ചു അവരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു.ഇതൊക്കെ സ്ഥിരമായി നടന്നെങ്കിൽ, എത്ര പുരോഗതി ഉണ്ടാവുമായിരുന്നു എന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു .ഏറ്റവും നിസ്സഹായരാണവർ , കുഞ്ഞുങ്ങളെ പോലെ, സ്വയം ജീവിക്കുന്നുണ്ടോ എന്ന് പോലും അറിയാത്തവർ . അങ്ങനെയിരിക്കെ ലീഡർ പറഞ്ഞതനുസരിച്ചു , സെല്ലിൽ പാർപ്പിച്ചിരിക്കുന്നവരെ സന്ദർശിക്കേണ്ട സന്ദർഭം വന്നു .അതിൽ ആദ്യത്തെ സെൽ സന്ദർശിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ നിയുക്തപ്പെട്ടത് ഞാനായിരുന്നു .അങ്ങനെ ഞാൻ , സെല്ലിലുള്ളയാളുടെ പേരും മറ്റു വിവരവും ഒക്കെ ശേഖരിച്ചു , അവിടേക്കു യാത്രയായി .പവിത്രൻ എന്നാണ് അയാളുടെ പേര് .കവിതകളൊക്കെ എഴുതുന്ന ആളായിരുന്നത്രെ . എന്ത് കൊണ്ട് ഇങ്ങനെ ആയി, അതിന്റെ
വിശദ വിവരങ്ങൾ ഡോക്ടർക്ക് മാത്രം അറിയാം .ഞാൻ ആ സെല്ലിന്റെ മുന്നിൽ എത്തിയപ്പോൾ കണ്ട കാഴ്ച അതി ഭീകരമായിരുന്നു , അയാൾ സ്വന്തം കൈ കടിച്ചു പറിക്കുന്നു .ഏതു കണ്ടിട്ടും മനസ്സ് പതറാതെ ഞാൻ , പവിത്രാ എന്നൊന്ന് വിളിച്ചു നോക്കി .കലങ്ങിയ കണ്ണോടെ, രൗദ്ര ഭാവത്തോടെ , അലറി കൊണ്ടയാൾ സെല്ലിന്റെ അഴികളിലൂടെ കൈ നീട്ടി കൊണ്ട് വന്നു .ഇല്ല, എനിക്ക് പവിത്രന്റെ താഴിട്ടു പൂട്ടിയ മനസ്സിലേക്ക് പ്രവേശിക്കാനാവില്ല ,ഈ സംഭവം എന്നെ വല്ലാതെ ഉലച്ചു
.എന്ത് റിപ്പോർട്ട് ആണ് തയ്യാറാക്കുക , ഞാൻ ലീഡറോട് ചോദിച്ചു . അദ്ദേഹം പറഞ്ഞു , പവിത്രനോട് മനസിന്റെ ഭാഷയിൽ സംസാരിക്കുന്ന നമ്മുടെ സെല്ലിലെ സീനിയർ പ്രവർത്തകനായ ബാലു മാസ്റ്റർ ഉണ്ട്.അദ്ദേഹത്തെ സമീപിച്ചു , കാര്യങ്ങൾ ആരായുക.അങ്ങനെ ഞാൻ മാസ്റ്ററെ സന്ദർശിച്ചു .അദ്ദേഹം ഒരു ബുജിയാണ് , നീണ്ട നരച്ച താടിയും, കണ്ണിൽ അനുതാപവും ഒക്കെ ഉള്ള നല്ല ഒരു മനുഷ്യൻ . അദ്ദേഹം സൗമ്യമായി എന്നെ സ്വീകരിച്ചു,കാര്യങ്ങൾ ആരാഞ്ഞു .പൊതുവെ സെല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, അതിലേക്കു എന്താണ് ആകൃഷ്ടയാക്കിയത് എന്താണെന്നും മറ്റും .ഞാൻ ചെറുപ്പത്തിലേ മുതലുള്ള എന്റെ വീക്ഷണമൊക്കെ മാസ്റ്ററോട് പറഞ്ഞു .അദ്ദേഹം പറഞ്ഞു സബാഷ് , ഇങ്ങനെ തന്നെ മുന്നോട്ടു പൊക്കൊളു , കൂടെ പഠിത്തവും കൊണ്ട് പോകണം , എന്നാൽ കഴിയുന്ന എല്ലാ സഹായവും ഞാൻ ചെയ്തു തരാം .
തുടർന്ന് പവിത്രനെ കുറിച്ച് ഞാൻ ആരാഞ്ഞു . പവിത്രൻ ,എരുമേലി സ്വദേശി , സാഹിത്യകാരനായിരുന്നു , ഇതൊക്കെ ചരിത്രം .അയാൾക്ക്‌ ഭാര്യയും , രണ്ടു കുട്ടികളുമുണ്ട് .ഇവിടെ എത്തിയിട്ട് പത്തു വർഷമായി .വളരെ ദയനീയമായ , ചിത്ത ഭ്രമത്തിന്റെ കൊടുമുടിയിലെത്തിയ അവസ്‌ഥയിലായിരുന്നു ഇവിടെ കൊണ്ട് വന്നത് .തുടർന്ന് കാല ക്രമേണ, ചികിത്സാ കൊണ്ട് , ചെറിയ രീതിയിൽ മാറ്റം വന്നിട്ടുണ്ട് , പക്ഷെ ഇപ്പോഴും അയാൾ രക്ഷപെടും എന്ന് പ്രതീക്ഷയില്ല , ഏതു നിമിഷവും നിരീക്ഷണം ആവശ്യമുള്ളയാൾ .പവിത്രൻ ഇങ്ങനെ ആവാനുള്ള സാഹചര്യം എന്താണ് മാസ്റ്റർ ?.അത്, പവിത്രന് ഭാര്യ അറിയാതെ ഒരു അടുത്ത സൗഹൃദമുണ്ടായിരുന്നു , ഒരു സ്ത്രീയുമായി .അവർ വിവാഹിതയാണ് , പവിത്രന്റെ രചനകളെ സ്നേഹിച്ച സ്ത്രീ . അവർ തമ്മിലുള്ള സൗഹൃദം വളരെ സുതാര്യമായ ഒന്നായിരുന്നു . പക്ഷെ ആ സ്ത്രീയുടെ ഭർത്താവു , പവിത്രനുമായുള്ള അവരുടെ സൗഹൃദം അറിഞ്ഞു .അയാൾ ചെയ്തത്- മുൻപിൻ ഒന്നും ആലോചിക്കാതെ , ഒന്ന് തുറന്നു സംസാരിക്കാതെ , അയാൾ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി , അതി ഭീകരമായി തന്നെ .ഒടുവിൽ പോലീസിന് കീഴടങ്ങിയയാൾ .സ്വന്തം സുഹൃത്തിനു വന്ന ദുര്യോഗം, അതും താൻ കാരണം എന്ന ചിന്തയാണ് പവിത്രനെ ഈ വിധമാക്കിയത് .
ഞാൻ മാസ്റ്ററോട് , താൻ സെല്ലഴികൾക്കുളിൽ കണ്ട കാഴ്ച യെ കുറിച്ച് പറഞ്ഞു . അതെ , അയാൾ അങ്ങനത്തെ മാനസിക അവസ്‌ഥയിലാണ്‌ , സ്വന്തമായി മുറിവേല്പിക്കുക .മാസ്റ്റർ പറഞ്ഞു, അദ്ദേഹം ചെല്ലുമ്പോൾ, പവിത്രൻ ദയനീയമായൊരു നോട്ടമെറിയുമത്രെ .മാസ്റ്ററിന്റെ അടുത്ത് പവിത്രൻ അനുസരണയുള്ള കുട്ടിയാണ് .ഇതെല്ലം കേട്ട് എന്റെ മനസ്സ് തേങ്ങി .
മാസ്റ്റർ ഇങ്ങനെ പല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന ആളാണ് .അഗതികളായ ചേരിയിൽ താമസിക്കുന്നവർക്ക്‌ സഹായം എത്തിക്കുക , ആത്മഹത്യ പ്രവണതയുള്ള ആൾക്കാരെ ബോധവൽക്കരിക്കുക , പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ/പെൺകുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുക ,പിന്നാക്ക സമുദായക്കാരെ സെല്ലിന്റെ പ്രവർത്തകരാക്കുക ,വൃദ്ധ ജനങ്ങൾക്ക് സ്വാന്തനമേകുക ,രോഗികൾക്ക് പ്രതീക്ഷ നൽകുക തുടങ്ങിയ സേവനങ്ങൾ .ഞാനും , അങ്ങനെ മാഷിന്റെ പ്രവർത്തനങ്ങളിൽ സജീവ ഭാഗമായി മാറി .ഓരോ മേഖലകളിലും മറക്കാൻ സാധിക്കാത്ത , ഒട്ടനവധി മുഖങ്ങൾ , എന്റെ മനസ്സിൽ സ്നേഹം ,കരുണ എന്നീ വികാരങ്ങൾ അതി ശക്തമായി പ്രവഹിക്കാൻ തുടങ്ങി .പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിച്ചു .മാസ്റ്റർ എന്നെ അഭിനന്ദിച്ചു .
ഒരു സന്തോഷ വാർത്ത കൂടെയുണ്ട് . തുടർച്ചയായ ഞങ്ങളുടെ (മാസ്റ്ററിന്റെ നേതൃത്വത്തിൽ )കൗൺസിലിങ്ങിൽ കൂടെയും , വിദഗ്ധ ചികിത്സ ലഭ്യമാക്കിയും , പവിത്രനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിച്ചു.പവിത്രന്റെ കുടുംബത്തിന്റെ നന്ദി വാക്കുകൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . പവിത്രൻ ഇനി അഴികൾക്കപ്പുറത്തെ ലോകത്തേക്ക്, നന്മയുടെ വെളിച്ചമായി , അക്ഷരങ്ങളുടെ ലോകത്തിലേക്ക് .
.2015 -ലെ മികച്ച എൻ.എസ് .എസ് കോളേജ് വിഭാഗം പ്രവർത്തകക്കുള്ള അവാർഡ് എനിക്ക് ലഭിച്ചു ഇതു കാണുവാൻ അച്ഛനും , അമ്മയും എത്തി .മാസ്റ്ററും അഭിമാനത്തോടെ , ചടങ്ങിൽ സന്നിഹിതനായിരുന്നു .അച്ഛന്റെ കണ്ണിലെ , തിളക്കം, എനിക്ക് കാണാമായിരുന്നു , സ്റ്റേജിൽ നിന്ന് തന്നെ .അതെ എന്റെ ചിന്തകൾ പറിച്ചു നട്ടത് അച്ഛന്റെ നേരുള്ള മനസ്സിൽ നിന്നാണ് .
ഇനിയും ഞാൻ മുന്നോട്ടു തന്നെ...എന്നിലൂടെ നിങ്ങളെ അറിയിക്കാൻ ...
PS- :- പ്രസ്തുത രചനയിലെ കഥാപാത്രങ്ങളും , കഥാ സന്ദർഭവും സാങ്കല്പികം മാത്രം എന്ന് അറിയിച്ചു കൊള്ളട്ടെ .
സംഗീത .എസ് .ജെ

നാട്ടിലെ നാണു


നഷ്ട ബാല്യത്തിൻ ഗത കാല സ്മരണകൾ
നാട്ടിലെ ത്തറവാട്ടിൽ പാറി പറക്കും-
കുന്നിൻ മുകളിലെ പാറ പുറത്ത്
എന്നും തിമിർത്താടും കൂട്ടരോടൊപ്പം
ഹരിത വർണ്ണ പട്ടണിഞ്ഞൊരു പാടവും
ചാര വർണ്ണാങ്കികൾ ചാർത്തും മലകളും
കാട്ടു നെല്ലിയും , പേരറിയാ കനികളും
കാട്ടു കുയിലിന്റെ വിരഹ ഗാനങ്ങളും
മുറ്റത്തെ മാങ്കോസ്റ്റിൻ വൃക്ഷ തലപ്പിലെ
കാറ്റത്തു ചാഞ്ചാടും കുഞ്ഞി കിളികളും
ചിന്താ സരണിയിലെത്താറുണ്ടപ്പോൾ
ചന്തക്കു പോകുന്ന നാണുവിൻ രൂപവും
കാലിൽ മുടന്തും,ബീഡികറയുള്ള കോന്ത്രപ്പല്ലും
കോലൻ മുടിയും , ശോണാഭമാം മിഴികളും
നാടൻ മദ്യ ഗന്ധവുമായെന്നുമെത്തിടും
പേടിപ്പെടുത്തുന്ന നാണുവിൻ രൂപം
ചട്ടു കാലേന്തി , നിത്യവുമെത്തിടും നാണു
വീട്ടിലെന്തെങ്കിലും പുറം ജോലികൾക്കായി
......................................................................................
നാട്ടിൽ നിന്നെത്തിയാ വാർത്ത , മുത്തശ്ശി ചൊല്ലി ഫോണിൽ -
" കേട്ടോ മക്കളെ വാർത്താ ,നമ്മുടെ നാണു മരക്കൊമ്പിൽ ...."
<><><><>
സംഗീത .എസ്.ജെ

ഉന്നം


മൂന്നാറിലായിരുന്നു അവർ താമസം , **അഗ്നിദേവും , **അബ്ജയും . അഗ്നി എന്നിനി വിശേഷിപ്പിക്കാം . അഗ്നി തേയില തോട്ടത്തിലെ മാനേജർ ആണ് , അബ്ജ വീട്ടമ്മയും .മക്കളില്ല .രണ്ടു പേരും അവിടെ താമസമായിട്ടു വർഷം എട്ടായി . അതിനു മുൻപ് പാലക്കാട് ,നെല്ലിയാമ്പതിയിലായിരുന്നു അവരുടെ വാസം . പകലൊക്കെ വെറുതെ ഇരുപ്പായതു കൊണ്ട്, അബ്ജ തേയില തോട്ടങ്ങളുടെ നടുവിലൂടെ സഞ്ചരിക്കും, തേയില നുള്ളുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി, അവരുടെ വിശേഷം പങ്കിട്ടും, അങ്ങനെയൊക്കെ .അഗ്നി വരുമ്പോൾ രാത്രിയാകും,പിന്നെ അയാൾ ടെലിവിഷൻ കാണലും ഒക്കെയായി അങ്ങ് ദിവസം തീർക്കും. ആകെ വിരസ ജീവിതം . എട്ടു വർഷമായി ഇങ്ങനെയാണ് ജീവിതത്തിന്റെ ദിശ .അവർ തമ്മിൽ ഒന്നിലും പൊരുത്തമില്ല.ഇണക്കവുമില്ല , പിണക്കവുമില്ല .ദിവസങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ച് കൊണ്ടേയിരുന്നു .എവിടെങ്കിലും വച്ച് തട്ടി തകരുമിത് , അബ്ജ കണക്കു കൂട്ടി .
അങ്ങനെയിരിക്കെ അവരുടെ ക്വാർട്ടേഴ്സ്നു അടുത്തുള്ള ഒരു വീട്ടിൽ ഒരു ചെറുപ്പക്കാരൻ താമസത്തിനു വന്നു , സുഭഗനായ ഒരാൾ, പേര് ആരോ പറഞ്ഞു **വിജ്വൽ . അയാളുടെ ജോലി എന്താണെന്നോ ഒന്നുമറിവില്ല .അഗ്നി ഈ വക കാര്യത്തിൽ ഒന്നും ശ്രദ്ധ പതിപ്പിക്കുന്ന ആളുമല്ല . അവളുടെ ഒരു പരിചയക്കാരി വഴി അറിഞ്ഞു, വിജ്വൽ മനുഷ്യരുടെ മനസ്സ് വായിക്കാൻ കഴിവുള്ള ആളാണത്രെ.(Mind Reader ).ഏതോ ഒരു ഉയർന്ന ജോലിയിൽ ഇരിക്കുന്ന ആൾ വഴി കേട്ടറിഞ്ഞ വാർത്തയാണ് .ഇതൊക്കെ കേട്ടപ്പോൾ അവൾക്കു കൗതുകം തോന്നി .പക്ഷെ, തന്റെ ഉണങ്ങി വരണ്ട മനസ്സ് വായിച്ചിട്ടു അയാൾ എന്ത് പരിഹാരം പറയാനാണ് .ഒരു നാൾ അവൾ പതിവ് നടത്തക്കു ഇറങ്ങിയപ്പോൾ, തോട്ടത്തിനു നടുവിൽ വിജ്വൽ . അയാൾ അവളെ നോക്കി മന്ദഹസിച്ചു .അവർ തമ്മിൽ പരിചയപ്പെടുകയും ചെയ്തു . പക്ഷെ അവൾ മറ്റു കാര്യമൊന്നും അയാളോട് ചോദിച്ചില്ല , മനഃപൂർവ്വമായി തന്നെ .പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു .
ഒരു ദിവസം , അവൾ പതിവ് നടത്തക്കൊന്നും പോകാതെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു .വീട്ടിലെ കാളിങ് ബെൽ അടിക്കുന്നു . വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു സ്ത്രീ.സാരി തലപ്പ് കൊണ്ട് മുഖം മറച്ചിരിക്കുന്നു .ആരാണ് എന്ന് ചോദിക്കേണ്ട താമസം, ആ സ്ത്രീ ഉള്ളിൽ കടന്നു, കതകു കുറ്റിയിട്ടു . സാരി തലപ്പ് മാറ്റി , ഒരു നിമിഷത്തേക്ക് തൻറെ ഹൃദയം സ്തംഭിച്ച പോലെ അവൾക്കു തോന്നി .അത് വിജ്വൽ ആയിരുന്നു .അവൾ കതക് തുറക്കാനോടി, പക്ഷെ വിഫലം .തുടർന്ന് വിജ്വൽ , തന്റെ ചാര കണ്ണുകളുമായി അവളെ തറപ്പിച്ചു നോക്കി . ആ നോട്ടത്തിൽ അവളുടെ മനസ്സ് ആവാഹിക്കുന്ന പോലെ . അവൾ സ്തബ്ധയായി നിന്നു .നാക്ക് താഴ്ന്ന പോലെ .പെട്ടെന്ന് പുറകിൽ നിന്ന് അഗ്നി ഓടി വന്നു ,പുറകിലെ വാതിൽ തുറന്നു . അയാൾ ക്രൗര്യത്തോടെ വിജ്വലിനെ കീഴടക്കി , നീ എന്റെ ഭാര്യയെ കൊലപ്പെടുത്താൻ വന്നതാണല്ലേ , നിന്നെ ചുറ്റിപറ്റി എന്തോ ദുരൂഹത ഉള്ളതായി എനിക്ക് തോന്നിയിരുന്നു . തുടർന്ന് അയാൾ വിജ്വലിനെ പോലീസിൽ ഏല്പിച്ചു .തിരികെ വീട്ടിൽ വന്ന അഗ്നി, യാതൊരു വിധ ഭാവ ഭേദവുമില്ലാതെ , സൗമ്യനായി അവളോട് ഇടപെട്ടു , ഭയക്കേണ്ട എന്ന് പറഞ്ഞു .പക്ഷെ അന്നത്തെ ആ നടുങ്ങൽ , അതിൽ നിന്നും അവൾ മോചിതയായിട്ടുണ്ടായിരുന്നില്ല .എന്തിനാണ് വിജ്വൽ സ്ത്രീ വേഷം അണിഞ്ഞു വന്നത് .പകൽ വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ അവൾ ആധിപ്പെട്ടു .
ഒരാഴ്ച അങ്ങനെ പിന്നിട്ടു .ഉച്ച മയക്കത്തിനായി ചായുമ്പോൾ, ഒരു ഫോൺ കാൾ . അങ്ങേ തലയ്ക്കൽ , വിജ്വൽ ആണ് . പിന്നെയും , അവളുടെ നാക്കു താണു , ദേഹമൊട്ടാകെ വിയർത്തൊഴുകി .വിജ്വൽ അറിയിച്ചു, “അബ്ജ ഭയക്കരുത് , അന്നത്തെ സംഭവം ഓർക്കരുത് , അത് തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു , അതാണ് ഞാൻ സ്ത്രീ വേഷത്തിൽ വന്നത് .ഇനി എന്നെ വിശ്വസിക്കുകയാണ് വേണ്ടത് , ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കു .അബ്ജ ശ്രദ്ധിച്ചില്ലേ ഞാൻ അവിടെ എത്തിയ നേരം തന്നെ കൃത്യമായി ,അഗ്നി എത്തിയത് , അതെങ്ങനെയെന്നു ഞാൻ പറയാം.ഞാൻ ഒരു സയന്റിസ്റ് ആണ് , സൈക്യാട്രി വിഭാഗവുമായി ബന്ധപെട്ടു ഒരു വിദേശ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്നു . മനസ്സ് വായിക്കുക , അതിന്റെ സാദ്ധ്യതകൾ എന്നതാണ് വിഷയം .എന്റെ ഒരു സുഹൃത്ത് , ഇവിടെ മൂന്നാറിലുണ്ട് , സൈക്കിയാട്രിസ്റ് .അയാളുടെ കേസ് ഹിസ്റ്ററി പലതും ഞാൻ ഓടിച്ചു നോക്കിയപ്പോൾ , അതിൽ ഒന്ന് അഗ്നിയുടേതായിരുന്നു . ഭയക്കേണ്ട, .അയാൾ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അസുഖ ബാധിതനാണ് , ഇത്തരക്കാർ എപ്പോഴും തന്ത്രപരമായി ചിന്തിക്കുന്നവർ ആവും, ഇവരുടെ ജീവിതത്തതിൽ ബന്ധങ്ങൾക്ക് സ്ഥാനമില്ല .പക്ഷെ ഇതൊന്നുമല്ല വിഷയം . ഇയാളുടെ കാര്യത്തിൽ ഒരു കൗതുകം തോന്നിയത് , ഞാൻ അബ്ജയെ അന്ന് പരിചയപെട്ടതിനു ശേഷമാണ് . ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ആളാണ് അബ്ജ എന്നെനിക്ക് ബോധ്യപ്പെട്ടു , ഒറ്റ നോട്ടത്തിൽ തന്നെ .തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്തോടെ അഗ്നിയുടെ വേരുകൾ തേടി പുറപ്പെട്ടു .അയാൾ അനാഥനാണ് എന്നാണ് അറിയാൻ സാധിച്ചത് . എന്താ സത്യമല്ലേ “.അബ്ജയ്ക്കു അപ്പോഴേക്കും ശ്വാസം വീണിരുന്നു . അവൾ പറഞ്ഞു, അതെ .ഇങ്ങോട്ടേക്കു എന്റെ വീട്ടിൽ കല്യാണം ആലോചിച്ചു വന്നതാണ് .എന്തുകൊണ്ടോ വീട്ടുകാർ എതിർത്തില്ല .എനിക്ക് അബ്ജയിൽ നിന്ന് കുറച്ചു വിവരം ശേഖരിക്കാനുണ്ട് . അബ്ജയുടെ മാതാ പിതാക്കൾ എന്ത് ചെയ്യുന്നു .അമ്മയുണ്ട്, അച്ഛൻ തിരോധാനപ്പെട്ടതാണ് , എട്ടു വർഷങ്ങൾക്കു മുൻപ്,അതായത് ഞങ്ങളുടെ കല്യാണത്തിന് ശേഷം . ഞാൻ അന്ന് വീട്ടിൽ വന്നപ്പോൾ അബ്ജയുടെ കണ്ണിൽ സൂക്ഷിച്ചു നോക്കിയത് ഓർമയില്ലേ .അബ്ജയുടെ മനസ്സ് എനിക്ക് വായിക്കാൻ പറ്റിയിരുന്നു .മനസ്സിൽ ആഴത്തിൽ മുറിവേറ്റ ആളാണെന്നു മനസ്സിലാക്കി .ഇനി അത് നിഷേധിക്കാൻ അബ്ജയ്ക്കു സാധിക്കില്ല , അത് ഉറപ്പിച്ചു പറയു എന്നോട് .അവൾ വിറച്ചു കൊണ്ടറിയിച്ചു , എന്റെ ബാല്യം സന്തോഷപ്രദമായിരുന്നില്ല .പിതാവ് സ്ത്രീ ലമ്പടനായ ഒരാളായിരുന്നു .എന്റെ മാതാവ് ഹൃദയം നീറ്റിയാണ് ജീവിതം തള്ളി നീക്കിയത് ., ഇതു പറഞ്ഞു അവൾ വിലപിച്ചു . ഇപ്പോൾ വികാരം കൊള്ളേണ്ട സമയമല്ല , ഇതെല്ലാം കഴിഞ്ഞ കാര്യമാണ് , ഇനി വേണ്ടത് എങ്ങനെ രക്ഷപെടാം എന്നുള്ളതാണ് . ഞാൻ അതിനു അബ്ജയെ സഹായിക്കാം . അന്ന് സ്ത്രീ വേഷം ധരിച്ചു വന്നതെന്തിനാണ് .വിജ്വൽ, അതിനു കാരണം , അഗ്നിയുടെ മനസ്സിൽ ഒരു വിഹ്വലത സൃഷ്ടിക്കാനാണ് . അതിനെ തുടർന്ന് കാര്യങ്ങൾ നമുക്ക് വ്യക്തമാവുകയും ചെയ്യും . എത്രയും പെട്ടെന്ന് നമ്മൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്. അബ്ജയും ഒരു തിരോധാനത്തിന്റെ വക്കിലാണ് . ഏതു നിമിഷവും അഗ്നി അബ്ജയെ ഇവിടെ നിന്ന് മാറ്റിയേക്കാം .പക്ഷെ ഞാൻ പുറകിലുണ്ട് .ധൈര്യമായി ഇരുന്നു കൊള്ളുക . അബ്ജയുടെ സഞ്ചാര പാത റെക്കോർഡ് ചെയ്യാനുള്ള ഡിവൈസ് ഞാൻ എത്തിച്ചു തരാം.
.അന്ന് രാത്രി , മൂടൽ മഞ്ഞു പതിവിലും അധികമായിരുന്നു .അഗ്നി നേരത്തെ വീട്ടിലെത്തി . അയാളെ കുറിച്ച് അറിഞ്ഞത് കൊണ്ടാവണം അവളുടെ മനസ്സിൽ കൊടുംകാറ്റ് വീശി കൊണ്ടിരുന്നു , പക്ഷെ പുറമെ പ്രകടമാക്കിയില്ല അവൾ. "ഇന്ന് നമുക്കൊരു യാത്രയുണ്ട്.നീ വേഗം തയ്യാറാവു", അഗ്നി പറഞ്ഞു . , അങ്ങനെ മലയുടെ ഹൃദയത്തിലെ തണുപ്പറിഞ്ഞു ജീപ്പ് ചുരം കയറി ചീറി പാഞ്ഞു . ഓർഗാനിക് തേയില തോട്ടത്തിന്റെ അടുത്തായിട്ട് ഒരു വളവിൽ ജീപ്പ് നിർത്തി, അവർ ഇറങ്ങി . അവളോട് അവിടെ കാത്തു നിൽക്കാൻ പറഞ്ഞിട്ട് , അഗ്നി ഒരു സിഗരറ്റും പുകച്ചു നടന്നു നീങ്ങി . അവളുടെ മനസ്സിലെ ഭയം മാറിയിരുന്നു . രാത്രിയുടെ യാമങ്ങളിൽ താഴ്വരയുടെ അപൂർവമായ നിശബ്ദത അവളിലും ഉറഞ്ഞു കൂടി . , തോളിൽ ആരോ തട്ടി., നോക്കിയപ്പോൾ, അഗ്നി, കൂടെ ജടാധാരിയായ മതി ഭ്രമം ബാധിച്ച പോലെ തോന്നിക്കുന്ന ഒരാൾ .അതെ അയാളെ തനിക്കറിയാം, അവൾ ഞെട്ടി . അത് തിരോധാനപെട്ട തന്റെ പിതാവാണ് .എങ്ങനെ ഇത് സംഭവിച്ചു, അവൾ അഗ്നിയോട്ചോദിച്ചു. എല്ലാം ഞാൻ നിന്നെ മനസ്സിലാക്കി തരാം, അഗ്നി പറഞ്ഞു. “ഇതു നിന്റെ പിതാവ് .എട്ടു വർഷമായി എന്റെ അടിമയായി നെല്ലിയാമ്പതിയിൽ കഴിയുന്നു .ഇയാൾക്കൊരു ചരിത്രമുണ്ട് . എന്റെ വയസ്സോളം പിന്നോട്ട് പോകണം .എന്റെ പാവപെട്ട അമ്മയെ അതായത്, സുഗന്ധി എന്ന സ്ത്രീയെ ഇയാൾ കളങ്കപ്പെടുത്തി . അങ്ങനെ ഉണ്ടായതാണ് ഞാൻ .അതായത് നീയും ഞാനും ഒരേ പിതാവിന്റെ മക്കൾ, ഒരേ രക്തം . ഇതെല്ലം അന്വേഷിച്ചു, കണക്കു കൂട്ടി ഇയാളെ ഉന്നം വച്ച് തന്നെയാണ് ഞാൻ നിന്നെ കല്യാണം ആലോചിച്ചു വന്നത് . എന്റെ നഷ്ടപെട്ട ബാല്യം, എന്റെ അമ്മയുടെ വേദന ഇതിനൊക്കെ ആര് പരിഹാരം ചെയ്യും” , അഗ്നി അട്ടഹസിച്ചു .അബ്ജ വിറച്ചു കൊണ്ട് , അഗ്നിയുടെ തോളിൽ കൈ വച്ച് പറഞ്ഞു , ഞാൻ പറയുന്നത് കേൾക്കണം അഗ്നി, ഇയാൾ അപരാധിയാണെന്നു എനിക്കും , അമ്മയ്ക്കും അറിയാം .പക്ഷെ ചിത്ത ഭ്രമം ബാധിച്ച പോലെ അഗ്നി അലറി കൊണ്ടിരുന്നു .
ഉടനെ അവിടെ ,വിജ്വൽ പോലീസ് സംഘവുമായെത്തി .പോലീസ് അഗ്നിയേയും, പിതാവിനെയും കസ്റ്റഡിയിലെടുത്തു . വിജ്വൽ അബ്ജയോട് ,” ഇതെല്ലാം മറന്നേക്കൂ , നാളെ പുലരുമ്പോൾ അബ്ജ ഒരു പുതിയ സ്ത്രീ ആയിരിക്കും .അഗ്നിക്ക് ചികിത്സ നൽകി യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ട് വരണം .എല്ലാം നല്ലതിന് എന്ന് പ്രതീക്ഷിക്കു . അബ്ജ എന്റെ കൂടെ പോരൂ” . എല്ലാം ഒരു സ്വപ്നം പോലെ അബ്ജക്ക് അനുഭവപ്പെട്ടു , കാർ ചുരമിറങ്ങിയപ്പോൾ .
ശേഷം ചിന്ത്യം ....
**അഗ്നിദേവ് (അഗ്നി) ,അബ്ജ(ജലം), വിജ്വൽ(ബുദ്ധിശാലി )
PS - ഈ കഥയിലെ കഥാപാത്രങ്ങളും , കഥാ സന്ദർഭവും എന്റെ സങ്കൽപം മാത്രം .ഇതു വേറെ ഒരു മാധ്യമത്തിലും എന്റെ അറിവ് കൂടാതെ പ്രസിദ്ധീകരിക്കുവാൻ പാടുള്ളതല്ല .
സംഗീത .എ സ് .ജെ

തീവ്രം


നേരൊളിയാണു നീ ,പരിശുദ്ധയാണു നീ
എൻ ഹൃത്മാണിക്യം നീ ,മോഹം നീ 
ഉടുമ്പിൻ കരുത്തോടെ പൂട്ടിട്ടെന്നെ
തന്നോടണച്ചൊരെൻ പുണ്യം നീ
നീയറിയുന്നുവോ എന്നുടെ കാതിൽ
മുഴങ്ങുന്നു മാരണ ദുർ ചിന്തകൾ
മരണ കരിമ്പടം മൂടിയോരെന്നെ
നിന്നിൽ നിന്നെന്നും മറച്ചില്ലേ ഞാൻ
സഹിക്കില്ലിതൊരിക്കലും സ്വപ്നത്തിലും
ഒരു ദിനം നീയറിഞ്ഞീടുമീ സത്യം
എൻ മിഴിയിണകളടഞ്ഞീടുമ്പോൾ
തെന്നി മാറീടും പകൽ സൂര്യനും
ഹരിത ശോഭംഗിതമാം ധരണിയും
മെല്ലെയകലുന്ന സ്മൃതി ശലഭങ്ങളും
നഖ മുനയാൽ കോറിയ ശുഷ്ക ദേഹവും
എത്ര തീവ്രമീ ശരശയ്യാ ശയനം !
ഒടുവിലെൻ കണ്ണിലെ ദീപങ്ങളണയും
കർണ പുടങ്ങളിൽ സ്വന വീചികളുടയും
വരികെൻ പ്രിയതോഴിയെന്നരികിൽ
നിൻ മടി തട്ടിൽ ശയിക്കട്ടെ ഞാൻ
തീവ്രമാം സ്നേഹത്തിൻ നാക ലോകത്തിൽ
നിത്യാനന്ദം പൂകിടട്ടെ ഞാൻ .
സംഗീത. എസ് .ജെ

ഭയമരുത്


നിശ്ചലം നിശ്ചലമാം മനസ്സുകൾ 
അയയുന്ന ഹസ്തദാനങ്ങളെങ്ങും 
ഫണമുയർത്തും വിഷാദ സർപ്പങ്ങൾ
മാറ്റൊലിയാരവം മറയുന്ന മലകൾ
അജ്ഞാത വാസങ്ങൾ കൂടിയെങ്ങും
പഴമയെ ഛിന്ന ഭിന്നമാക്കുന്നെങ്ങും
നദികൾ ,അടവികൾ ,ഗിരികളൊക്ക-
കൈകൾ കൂപ്പി കേഴുന്നുവല്ലോ
ദേഹദേഹികൾ ക്ഷിപ്രം ദ്രവിക്കുന്നു
ആളുകളൊഴിയും ഗ്രാമങ്ങളെങ്ങും
അകവും ,പുറവും നനയാ കരകൾ
ആനന്ദക്കണ്ണീരന്യമാം കാലമല്ലോയിത്
വർണചെപ്പിൽ കുങ്കുമം കാണ്മതില്ല
യുദ്ധതാളം മുറുകുന്ന കാലമിതല്ലോ
ഒപ്പമുള്ളോർ മെല്ലെ തെന്നി മാറുന്നു
ഇല്ലാ തിമിരം മൂടും യൗവ്വനമെങ്ങും
തലച്ചോറുകൾ നെരിപ്പോടിൽ വേവുന്നു
ചീയും കാലത്തിൻ ദുർഗന്ധ ധൂമമെങ്ങും
നടപ്പാതയിൽ ദൈന്യതമുറ്റും മുഖങ്ങൾ
നരഭോജികൾ സുന്ദര വേഷമിട്ടിറങ്ങുന്നു
പല വിധ മരണവും തനിയാവർത്തനം
സർവ്വ വിനാശത്തിൻ പെരുമ്പറയെങ്ങും
എവിടുന്നോയരജ്ഞാതൻ തുളയ്ക്കുന്നു -
എൻ തലയോട്,ചീറും വെടിയുണ്ടയാൽ
ഭയം വേണ്ട , മാറി നിൽക്കുക നിങ്ങൾ
.............................
സംഗീത .എസ് .ജെ

ഇന്ദ്രീയചിന്ത


നെഞ്ചിടിക്കുന്നു , പരവേശമാകുന്നു
ഉതിർക്കുന്നു ഞാൻ കാമ മന്ത്രങ്ങൾ
സുവർണ്ണ കാന്തിക വലയത്താൽ ചുറ്റിയ
അവളെന്നെ കൗതുകത്തെപൂകിടുവാൻ
ഇതിനായി ദൂരെ വന്മതിൽ ചാടികടക്കേണം -
ഈ കാളകുറ്റനാമെനിക്കൊരു മാത്ര
മുരുക്കിൻ പൂ നിറമുള്ള അധരത്തിൽ-
ചെറുകെ മുത്തി തുടിപ്പിക്കണം
കദളി വാഴത്തട പോൽ കണങ്കാലുകൾ -
ഇടതൂർന്നിറങ്ങും കേശ പൂങ്കുലകൾ
ഉണർത്തുന്നുയെൻ ഇന്ദ്രീയ മാനങ്ങൾ
തളർത്തീടും പ്രജ്ഞ തൻ ശാസനകൾ
നീർമിഴിയാളറിയുന്നില്ല എൻ വഞ്ചന-
അവളാകട്ടെ സ്വപ്നാടകയെ പോൽ
അതിരില്ലാത്തൊഴുകാൻ കൊതിക്കും -
സ്നേഹ കടലവൾ , മത്സ്യ കന്യകയവൾ
തേൻ മൊഴിയാൽ എന്നെയുറക്കുന്നവൾ
വേർപെടാൻ അനുവദിക്കുന്നില്ലവൾ
ആ കന്യതൻ വൈഡൂര്യനാസാഭരണം -
എന്നിൽ നിറയ്ക്കുന്നു ശക്തമാം ഭീരുത്വം
ഇല്ല കളങ്കിതമാക്കില്ലയാ നിത്യ ശോഭയെ-
രാത്രി നേരംഅകലേക്കെത്തിടും ഞാൻ
.......................................
സംഗീത .എസ് .ജെ

ഇനി ഞാൻ


കൈകോർത്തു ഞങ്ങൾ നടക്കവേ
നടപ്പാത കൂടെ വന്ന കാലം
സ്നേഹമഞ്ചലിൽ അവളെയേറ്റി-
മരുപ്പച്ചകൾ താണ്ടിയ കാലം
അന്തി താനുൾകാമ്പറിഞ്ഞു
അവളിലുറഞ്ഞു കൂടിയ ഞാൻ
വീടില്ലാതെയലഞ്ഞയെന്നെ ക്ഷണിച്ചവൾ
സ്വന്തം സുവർണ മനോഗൃഹത്തിൽ
എന്നഹംഭാവമുടലെടുത്തുവോ
അന്നപായ മണി നീണ്ടു മുഴങ്ങി
എന്നിലെ നന്മയും , അവളിലെ സ്നേഹവും
ഇന്നലെകൾ മാത്രമായ് മാറി
ഇരുട്ടിൻ മുനമ്പത്ത് ഏകനായ് നിൽക്കവേ
അസ്തമിക്കുന്നു ഒടുവിലെ ആശാകിരണവും
അവളും ,ഞാനും തമ്മിൽ -
നൂറ്റാണ്ടുകളുടെ ദൂരമിപ്പോൾ
സ്നേഹ നീലിമ തൻ പിൻകാല ഓർമ്മകൾ
ഇവിടെ അണയ്ക്കുന്നു ഞാൻ
പെയ്യുന്നിതാ മഴ എൻ മനോമൈതാനത്തിൽ
നിണമണിയുന്നു വിണ്ടു കീറലുകൾ
പുതു മണ്ണിൻ മണമുള്ള മനസ്സോടെ
കാൽവെച്ചു നിങ്ങട്ടെ ഇനി ഞാൻ
.......................
സംഗീത .എസ് .ജെ

ഗുരുത്വാകർഷണം - പുതു വർഷ രചനാ മത്സരം -2017 ( കഥ വിഭാഗം )


ഡാർജീലിങ് - വിവേക്, ക്രീയേറ്റീവ് കോൺടെന്റ് റൈറ്റർ (creative content writer ) ആയി ഒരു മീഡിയ കമ്പനിയിൽ ജോലി ചെയ്തു വരുന്നു .വിവേകിന്റെ ജന്മ നാട് കേരളമാണ്(ആലപ്പുഴ ജില്ല), ഒറ്റമകനാണ്, അച്ഛൻ ആർമി റിട്ടയേർഡ് , 'അമ്മ ഗൃഹഭരണം .2003 , ജനുവരിയിലാണ് ജോലിക്കു ചേർന്നത് .
ജേർണലിസം ബിരുദം കരസ്‌ഥമാക്കിയ വിവേകിന് ക്രീയേറ്റീവ് കോൺടെന്റ് റൈറ്റിംഗ് വളരെ താത്പര്യമുള്ള മേഖലയായിരുന്നു .ജോലിക്കു വേണ്ട എല്ലാ റിസേർച്ചും , നടത്തുന്നതിനായി വാരാന്ത്യത്തിൽ സമയം കണ്ടെത്തിയിരുന്നു .വെസ്റ്റ് ബംഗാളിലെ മുക്കും മൂലയും അരിച്ചു പെറുക്കി, അവിടുത്തെ നേർക്കാഴ്ചകൾ തന്റെ തൂലികയിൽ ഒപ്പിയെടുത്തു പ്രിന്റ് ചെയ്തു കൊടുക്കുമ്പോൾ , എഡിറ്റർ അവിനാശ് മുഖോപാധ്യായ ഫ്ലാറ്റ് .അദ്ദേഹം , പറയും ഉത്കൃസ്ഥ , ഉത്കൃസ്‌ഥ .ഇതു കേൾക്കുമ്പോളേക്കും, അടുത്ത പ്രൊമോഷന്റെ തുടി താളം വിവേകിന്റെ ചെവിയിൽ കേട്ട് തുടങ്ങും. പക്ഷെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ദാസാ എന്നാലോചിച്ചു അങ്ങടങ്ങും .
അങ്ങനെ രണ്ടു മാസം കടന്നു പോയി,ഒക്ടോബർ 19 .വിവേക് സ്‌ഥല സന്ദർശനത്തിനായി പുറപ്പെട്ടു. അങ്ങനെ ഡാർജീലിങ് രൺഗീത് വാലി റോപ്പ്‌വേ റൈഡിങ് നു പോകാൻ തീരുമാനിച്ചു , കയറി .വളരെ മനോഹരമായ കാഴ്ചകളാണ്, താഴേക്ക് നോക്കിയാൽ,നിബിഡ വനം, പച്ച മലയടിവാരം, പർവത ശിഖരങ്ങൾ,വെള്ളച്ചാട്ടങ്ങൾ , ഒഴുകുന്ന നദികൾ , തേയില തോട്ടങ്ങൾ, ഹാ എത്ര മനോഹരം.കൂടെ ഒരാൾ ഉണ്ടായിരുന്നു. ബംഗാളി ഭാഷ അറിയാവുന്നതു കൊണ്ട് അയാളിൽ നിന്നും കുറച്ചു വിവരം ശേഖരിച്ചു .
പൊടുന്നനെ , എന്തോ ഒന്ന് . അതി ഭീകരമായ ഒന്ന്..ഗുരുത്വാകർഷണം അതിന്റെ തീവ്രത ..റോപ്പ് വേ ക്യാരിയേജ് കേബിൾ-ലൂടെ സ്ലിപ് ചെയ്തതാണ് ..ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല വിവേകും..മറ്റെയാളും .അഗാധതയിലേക്കു , പ്രകൃതിയുടെ കരങ്ങളിലേക്ക് കുതിക്കുകയായിരുന്നു അവർ.100 അടി താഴ്ചയിൽ ചെങ്കുത്തായ മലയിൽ വീണുരുണ്ടു , തേയില തോട്ടത്തിലേക്ക് അവർ തെറിച്ചു വീണു .
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ 3 ക്യാരിയേജ് മറിഞ്ഞു , ആൾക്കാർ മരണപെട്ടതായി സ്‌ഥീരീകരിച്ചു .വിവേക് രക്ഷപെട്ടു എന്ന് ഒരു തരത്തിൽ പറയാം . പക്ഷെ , അയാൾ കോമ(Coma ) സ്റ്റേജിൽ ആയി പോയിരുന്നു .വിവേകിന്റെ മാതാപിതാക്കൾ എത്തി , തുടർ ചികിത്സക്കായി എയിംസ്-ലേക്ക് കൊണ്ട് പോയി .ഡോക്ടർമാർ ഒരു വാഗ്ദാനവും നൽകിയില്ല അവർക്ക്.ഒരു പക്ഷെ ജീവിതകാലം മുഴുവൻ ഇങ്ങനെ കിടന്നേക്കാം / അല്ലെങ്കിൽ പെട്ടെന്ന് മരണപ്പെട്ടേക്കാം എന്നവർ തുറന്നു പറഞ്ഞു .വേദന ഉള്ളിലമർത്തി അച്ഛനും, സാധിക്കാതെ അമ്മയും , കാവലിരുന്നു മകന്റെ ഒരു നോട്ടത്തിനായി .
.ദിവസങ്ങൾ, മാസങ്ങൾ, അങ്ങനെ ഒരു വർഷം കടന്നു പോയി . വിവേക് അതെ കിടപ്പാണ് , ഒന്നുമറിയാതെ .കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ അമ്മ അവനെ പരിചരിച്ചു .അങ്ങനെയിരിക്കെ വിവേകിന്റെ അച്ഛൻ ഒരു സുഹൃത്തിൽ നിന്നും ഒരു പുതിയ ചികിത്സാ രീതിയെ കുറിച്ച് അറിയാൻ ഇടയായി , ടെലിപ്പതിയിലൂടെ നിസ്സഹായാവസ്‌ഥയിൽ കിടക്കുന്ന രോഗിയുമായി സംവദിക്കുക .ഈ ചികിത്സാ രീതിക്കു പ്രചാരം സിദ്ധിച്ചു വരുന്നതേ ഉള്ളു .നോർമൽ ആയിട്ടുള്ള ആൾക്കാർ തമ്മിൽ മൈലുകൾക്കപ്പുറം ടെലിപ്പതി സാധ്യമായതിന്റെ രേഖകൾ ഉണ്ട്.ഇത്തരത്തിൽ റിസർച്ച് ചെയ്യുന്ന ഒരു ഫ്രഞ്ച് ഡോക്ടറെ കുറിച്ച് സുഹൃത്ത് പറഞ്ഞതറിഞ്ഞ വിവേകിന്റെ അച്ഛൻ , അദ്ദേഹത്തെ ബന്ധപെട്ടു .അദ്ദേഹം എല്ലാം കേട്ടതിനു ശേഷം അറിയിച്ചു, ഉറപ്പില്ല ,ഈ സാധ്യത തെളിഞ്ഞു വരുന്നതേ ഉള്ളു .വിവേകിന്റെ കാര്യത്തിൽ ശ്രമിക്കാം .അതിനായി അയാളുടെ ഒരു ഹ്രസ്വ ചരിത്രം എനിക്ക് തരണം , തുടർന്ന് ചികിത്‌സ ക്രമീകരിക്കാം .
ഡോക്ടർ വിവേകിന്റെ അച്ഛനോട് ; താങ്കളുടെ അറിവിലേക്ക് ഒരു കാര്യം .കോമ സ്റ്റേറ്റിൽ തന്നെ വിഭാഗങ്ങളുണ്ട് .അതിൽ മാനസികമായി നിഷ്ക്രിയനായി കിടക്കുന്ന ഒരു രോഗി ആണെങ്കിൽ പോലും , ചുറ്റുപാടിനെ കുറിച്ച് ഉള്ളിന്റെ ഉള്ളിൽ അയാൾക്ക്‌ ബോധമുണ്ടായിരിക്കും, പ്രകടിപ്പിക്കാൻ സാധിക്കില്ലെന്നെ ഉള്ളു . വിവേക് ഈ വിഭാഗത്തിൽ പെട്ട ആളാണെങ്കിൽ , നമുക്ക് ശ്രമിക്കാം പരമാവധി .ഇ.ഇ.ജി (E .E .G ), ബ്രെയിൻ മാപ്പിംഗ് (Brain Mapping ) ഇവയുടെ നൂതന സാങ്കേതിക വിദ്യകളിലൂടെ , വിവേകിന്റെ നിലവിലത്തെ അവസ്‌ഥ അറിയാൻ സാധിക്കും.അതിനു ശേഷം നമുക്ക് ഞാൻ റിസർച്ച് ചെയ്യുന്ന ടെലിപ്പതിക് മേഖല , വിവേകിന്റെ ചികിത്സയുമായി യോജിപ്പിക്കാം .
തുടർന്ന് ഡോക്ടർ , മുൻകൈ എടുത്തു , ഒരു ടീമിനെ സജ്ജമാക്കി വിവേകിനെ പരിശോധിച്ചു .വിവേകിന്റെ ബ്രെയിൻ നിഷ്ക്രിയം ആണെങ്കിലും, തലച്ചോറിലെ പരസ്പര ബന്ധിത ശൃംഖല (Networks ), സാധാരണ ആരോഗ്യമുള്ള ഒരാളുടെ തലച്ചോറിനോട് സാമ്യമുള്ളതായി കണ്ടെത്തി .ഇതു ഒരു ശുഭ സൂചനയാണ് .ഇനി മറ്റു ചികിത്സക്കൊപ്പം ടെലിപ്പതിക് ചികിത്സയും തുടങ്ങാം, ഡോക്ടർ ടീമിനെ അറിയിച്ചു .
ഡോക്ടർ , വിവേകിന്റെ കാര്യം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു .അങ്ങനെ അതിന്റെ പ്രാരംഭ തയ്യാറെടുപ്പുകൾ മറ്റും നടത്തി . ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ ഡാർജീലിങ്ങിലേക്കു തന്നെ മാറ്റി . ഹ്രസ്വ ദൂര ടെലിപ്പതി എന്നതാണ് ഡോക്ടർ സ്വീകരിച്ച മാർഗം .വാക്കുകളാൽ ഒന്നും ഉച്ചരിക്കാതെ മനസ്സാൽ , സംവദിക്കുക, തലച്ചോറിലേക്ക് അത് വഴി സൂചന നൽകുക .അതിനു ആദ്യം വേണ്ടത് രോഗിയുമായി ഒരു വൈകാരിക ബന്ധം ചികിത്സാ കാലയളവിൽ ഡോക്ടർ നില നിർത്തുക എന്നതാണ് .അതിനു വേണ്ടി അദ്ദേഹം ആത്മാർഥമായി ശ്രമിച്ചു. വിവേക് താമസിച്ചിരുന്ന ചുറ്റുപാട്, എല്ലാം അതെ രീതിയിൽ തന്നെ ചിട്ടപ്പെടുത്തി .
തുടർന്ന് പടി പടിയായി വിവേകിന്റെ ബാല്യം മുതലുള്ള കാര്യങ്ങൾ അവനുമായി സംവദിക്കാൻ ശ്രമിച്ചു .അതിന്റെ ഫലത്തെ കുറിച്ച് ഡോക്ടർ അപ്പോൾ ചിന്തിച്ചില്ല.മുന്നോട്ടു പോകുക തന്നെ. ഇടക്ക് ഒരു ഘട്ടം വന്നപ്പോൾ,ജേർണലിസം പഠിക്കുന്ന സമയം , അതിനെ കുറിച്ച് വിശദമായി തന്നെ ഡോക്ടർ സംവദിച്ചു . വിവേകിന്റെ കൂട്ടുകാരിൽ നിന്നും ശേഖരിച്ച അറിവുകൾ , വിശദമായി പറയാൻ തന്നെ അദ്ദേഹം ശ്രമിച്ചു .ഇനി വേണ്ടത് , ബ്രെയിൻ മാപ്പിംഗ് ചെയ്തു നോക്കുകയാണ് , എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയുന്നതിനായി .അതിനുള്ള സംവിധാനം എല്ലാം ഘടിപ്പിച്ചതിന് ശേഷം ,അദ്ദേഹം ടെലിപ്പതി ചികിത്സ തുടർന്നു .വിവേകിന് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളിനെ കുറിച്ച് , അത് കളിയ്ക്കാൻ ശ്രമിക്കു എന്നൊക്കെ തീവ്രമായി സന്ദേശം കൈമാറി .ബ്രെയിൻ മാപ്പിംഗ്-ൽ രേഖപ്പെടുത്തിയത് , തലച്ചോറിന്റെ ഏതു ഭാഗമാണോ ഇത്തരത്തിലുള്ള പ്രവർത്തനത്തിന് നിർദേശം നൽകുന്നതു ആ ഭാഗം പ്രകാശിതമാവുന്നതാണ് . ഇത് നല്ല സൂചനയാണ് . അവൻ ഫുട്ബോൾ കളിയ്ക്കാൻ ശ്രമിക്കുകയാണ് , കൊതിക്കുകയാണ് . അതെ ആ ശ്രമം നിലനിർത്തണം, അതിനു പിന്തുണ നൽകി കൊണ്ടേയിരിക്കണം , തളരാൻ പാടില്ല .
പിന്നെയും പല സന്ദർഭങ്ങളിലേക്കു , അവന്റെ സ്വപ്നങ്ങളിലേക്ക് , ക്രീയേറ്റീവ് കോൺടെന്റ് റൈറ്റിംഗ് എന്ന മേഖലയിൽ അവൻ എത്തിപ്പെടേണ്ട ഉയരങ്ങളെ കുറിച്ചെല്ലാം,വാശി കയറ്റും വിധം, ഒരു ഗൈഡിനെ പോലെ , തന്റെ എല്ലാ കഴിവും എടുത്തു ഡോക്ടർ സംവദിച്ചു .ഇനി വേണ്ടത് ,യാഥാർഥ്യത്തിലേക്ക്, എവിടെ വച്ചാണോ വിവേകിന്റെ ഓർമ്മ നഷ്ടപെട്ടത് ,അവിടേക്കു അവനെ തിരിച്ചു കൊണ്ട് വരണം .ഏറ്റവും നിർണ്ണായകമായ മുഹൂർത്തം .
ഡോക്ടർ വിവേകിന്റെ മനസ്സിലേക്ക് അതി തീക്ഷണമായ വികാരത്തോടെ, ഊർജത്തോടെ ഒരു സന്ദേശം കൈ മാറി . " നീ ഇപ്പോൾ തേയില തോട്ടങ്ങൾക്കു നടുവിലാണ് , സിംഗമൊരിയിൽ വച്ച് . നിന്റെ ഒപ്പം ഒരു ബംഗാളി സഹയാത്രികനുമുണ്ട് .100 അടി താഴ്ചയിൽ പതിച്ചിരിക്കുകയാണ് നിങ്ങൾ.എന്ത് കൊണ്ട് വിവേകിന്റെ ബോധം മറഞ്ഞു .ഫുട് ബോൾ കളിക്കുന്ന , ധൈര്യ ശാലിയായ വിവേക് ഇങ്ങനെ ആവാമോ. നമുക്ക് വീണ്ടും റോപ്പ് വേ ബേസ് -ൽ എത്തണ്ടേ. തിരിച്ചു വന്നേ പറ്റു വിവേക് ,നിങ്ങള്ക്ക് അതിനു സാധിക്കും .ഞാൻ നിങ്ങളുടെ ഉള്ളിലേക്ക് അതിനുള്ള ഊർജത്തെ കടത്തി വിടുകയാണ് . വിശ്വസിക്കു , നിങ്ങളെ വഞ്ചിച്ച ഗുരുത്വാകർഷ ണ ത്തിനെതിരെ നിങ്ങൾ ചെങ്കുത്തായ , മല കയറുകയാണ് .നിങ്ങൾക്ക് സാധിക്കും. ആരുടെയും കൂട്ട് വേണ്ട .അതെ ഏകദേശം മുകളിൽ എത്താറായിരിക്കുന്നു . മുറുകെ പിടിച്ചോളൂ . നിങ്ങളെ സഹായിക്കാൻ ഞാൻ മലയേയും , റോപ്പ് വേ ബേസ് -നെയും ബന്ധിപ്പിച്ചു ഒരു താത്കാലിക പാലം നിർമിച്ചിരിക്കുന്നു . അത് കൂടെ താണ്ടിയാൽ ,വിവേക് , നിങ്ങൾ എവിടെ തുടങ്ങിയോ അവിടെ തിരിച്ചെത്തും. തിരിച്ചെത്തു വിവേക്, അവസാനമായി ഡോക്ടർ തീക്ഷ്ണമായി ഊർജം പ്രസരിപ്പിച്ചു .
തനിക്കു തോന്നിയതാണോ , ഡോക്ടർ അദ്‌ഭുതപെട്ടു , അല്ല വാസ്തവമാണ് . വിവേകിന്റെ വിരൽ അനങ്ങുന്നു . യുറേക്ക , ഡോക്ടർ നിലവിളിച്ചു .തന്റെ മുന്നിലെ വെല്ലുവിളി വിജയിച്ചതിനെക്കാളും , ഒരു കോമ രോഗിയെ ജീവിതത്തിലേക്ക് , അവന്റെ മാതാപിതാക്കളുടെ കയ്യിലേക്ക് ഏൽപ്പിച്ചു കൊടുത്തതിലുള്ള ചാരിതാർഥ്യമായിരുന്നു ഡോക്ടർക്ക് .
തുടർന്ന് ടെലിപതി ഒക്കെ അവസാനിപ്പിച്ച് , ഡോക്ടർ ഒരു തമാശ ഉറക്കെ പറഞ്ഞു.വിവേക് റോപ്പ് വേ അത്യാഹിതത്തിന്റെ ഞെട്ടൽ , അതിജീവിച്ചിരിക്കുന്ന വേളയിൽ, രസഗുള കഴിക്കാമോ . വിവേക്,നീ റോപ്പ് വേ കയറുന്നതിനു മുൻപ് രസഗുള കഴിച്ചിരുന്നു......
......................................
സംഗീത .എസ് .ജെ
PS - ഈ ചെറു കഥയിൽ പറഞ്ഞിരിക്കുന്ന റോപ്പ് വേ ആക്സിഡന്റ് ഡാർജീലിങ്-ൽ വച്ച് നടന്നിട്ടുള്ളതാണ് . ബാക്കിയെല്ലാം എന്റെ സങ്കല്പം ആണ് .

വിടവുകൾ-അണുക്കളുടെ സംക്രമണ കേന്ദ്രം



തുടക്കത്തിൽ തന്നെ പറയട്ടെ , ഇത് ഒരു കഥയല്ല . ഒരു ചർച്ചയാണ് .
ചില പരസ്യങ്ങളിൽ കേൾക്കാറില്ലെ , ഡെന്റിസ്റ് പറയുന്നത് , പോടുകൾ എവിടെയോ ,അവിടെ , ബാക്ടീരിയ ആക്രമിക്കുന്നു . അതെ അത് , ജീവിതത്തിലും ബാധകമായ ഒരു വസ്തുതയാണ് . എവിടെ വിള്ളൽ വീഴുന്നുവോ , അവിടെ അന്യദ്രവ്യം (Foreign Body ) കടന്നു കയറാൻ ശ്രമിക്കുന്നു .മിക്കവാറും അത് ഒരു രോഗസംക്രമണത്തിന്റെ ദൂഷ്യഫലമാണ് ഉണ്ടാക്കുന്നത് .
ആണുങ്ങൾ / പെണ്ണുങ്ങൾ , ഒരു വിഭാഗം., ഇത്തരം അപകടകരമായ അണു വാഹകരായി , ചില കുടുംബങ്ങളുടെ അടിത്തറ വരെ ഇളക്കാൻ പോന്നവരായി മാറുന്ന കാഴ്ചയാണ് സമകാലീന ലോകത്തു കാണപ്പെടുന്നത് . വരും തലമുറയെ ദുഷിപ്പിക്കുന്ന വിധത്തിലാണ് ചിലരുടെ അഴിഞ്ഞാട്ടം .ചില വാർത്തകൾ കേൾക്കുമ്പോൾ മനസ്സ് തകർന്നു പോകുന്നു .ചെറു പ്രായത്തിൽ നിഷ്കളങ്കരായ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് തങ്ങളുടെ നുഴഞ്ഞു കയറ്റ പ്രവണത അവരിലും അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ ഒരു വശം .
എന്ത് വിശ്വസിച്ചാണ് കുട്ടികളെ വളർത്തുന്നത് , ഇക്കാലത്ത് .മുഖം മൂടികൾ അണിഞ്ഞു സ്വന്തം കുറ്റങ്ങളെ മറച്ചു പിടിച്ചു, വെളുക്കെ ചിരിച്ചു , വിശുദ്ധ സ്നേഹം പ്രകടിപ്പിക്കുന്ന മനുഷ്യരുടെ ഇടയിലേക്കാണല്ലോ ഈ കുട്ടികൾ ഇറങ്ങി ചെല്ലേണ്ടത് . ഇതിനിടയ്ക്കുള്ള ത്രിശങ്കു സ്വർഗത്തിൽ ആണ് യുവതലമുറ . അപ്പോൾ കണ്ടത് പോലെ ജീവിക്കുന്നവർ .ചിലർ പഴയ കാലത്തെ പോലെ സ്വർഗീയ പ്രണയവും തേടി , അലയുന്നവർ .അതു പക്ഷെ സ്വപ്ന ചാരികളായി അവരെ മാറ്റുന്നു , യഥാർഥ ലോകത്തു നിന്നും അവരെ വേർപ്പെടുത്തുന്നു . ഏതു സ്വപ്നത്തിന്റെയും ലക്‌ഷ്യം ആത്യന്തികമായി ഒരു കൈ താങ്ങു, കരുതൽ , സ്വന്തം താത്പര്യങ്ങൾ നിറവേറുക എന്നതാണെന്ന് വഴിയേ മനസിലാക്കുന്നു .അപ്പോഴും വെളുക്കെ ചിരിച്ചു കൊണ്ട് അണുവാഹകർ നിഴലായി കാത്തിരിപ്പുണ്ടാവാം, വിടവുകൾ വരാൻ കാത്തു കൊണ്ട് .
ജീവിതത്തിൽ ചെറുപ്പത്തിലേ ശീലം തന്നെയാണ് , മുതിരുമ്പോഴും അടിസ്‌ഥാനപരമായി നിലനിൽക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് . പക്ഷെ എന്തോ കൊണ്ട് ചിലർ ദുഷിച്ചു പോകുന്നു , മറ്റുള്ളവരെയും ദുഷിപ്പിക്കുന്നു .അതെ സാഹചര്യങ്ങൾ എന്നൊക്കെ കുറ്റം പറയാം .പക്ഷെ , അതിനേക്കാളുപരി ,മാനസിക വൈകൃതങ്ങളാണ് ഇതിലെ പ്രേരക ഘടകങ്ങൾ എന്ന് തന്നെ വേണം ചിന്തിക്കാൻ.അതൊരിക്കലും ഒരുവന്റെ /ഒരുവളുടെ ബുദ്ധിയുമായി കൂട്ടികുഴക്കാൻ പറ്റില്ല .അത് സ്വാർഥതയാണ് /അത് മദാന്ധതയിലേക്കു വഴി വക്കുന്നു
.നിഷ്കപടമായ വ്യക്തിത്വമുള്ള ഒരാൾക്ക് ഒരിക്കലും, ജീവിതത്തിൽ മുഖം മൂടി അണിയാൻ സാധിക്കില്ല. സത്യം ഏതെങ്കിലും പഴുതിലൂടെ പുറത്തു വരുക തന്നെ ചെയ്യും .അതെ സമയം മുഖമൂടികൾ നെട്ടോട്ടമോടി കൊണ്ടേയിരിക്കുന്നു , ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു , സ്വന്തം ജുഗുപ്സാവഹമായ ചെയ്തികൾ മറച്ചു പിടിച്ചു,ചിലരെ രക്ത സാക്ഷികളാക്കി.ഒരിക്കലും യഥാർഥ ആനന്ദം അറിയാത്ത , സ്നേഹം അറിയാത്ത വികാരം മാത്രമുള്ള ക്ഷുദ്ര ജീവികൾ ആണിവർ.
ഞാൻ വായിച്ച ഒരു പുസ്തകത്തിന്റെ ഇതിവൃത്തം ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നു . പ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗണിന്റെ ഇൻഫെർണോ എന്ന നോവൽ,ഇതിൽ മനുഷ്യരുടെ അതിപ്രസരം മൂലം ലോകത്തിനേൽക്കുന്ന പ്രഹരങ്ങൾ കണക്കിലെടുത്തു , ഒരു ശാസ്ത്രജ്ഞൻ , ഒരു വൈറസ്നെ സൃഷ്ടിക്കുന്നു, മനുഷ്യരുടെ ജനിതക ഘടന മാറ്റുന്ന വിധത്തിൽ . അത് പോലെ , ഇത്തരം അണു വാഹകരെ നിർമാർജനം ചെയ്യുവാനുള്ള കൗണ്ടർ വൈറസ് ആരെങ്കിലും കണ്ടു പിടിച്ചിരുന്നെങ്കിൽ !!

By: sangeetha Pramod

കൊടും കുറ്റവാളി



ഈ ലേഖനം ആരംഭിക്കുന്നതിനു മുൻപ് തന്നെ പറയട്ടെ . ഇത് ഒരു വിദേശ രാജ്യത്തു നടന്ന അതി ഭയാനകമായ ഒരു സംഭവമാണ് . ഒരു പക്ഷെ നിങ്ങളിൽ പലരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവാം / ഉണ്ടാവില്ല . പക്ഷെ എല്ലാവരും അറിയേണ്ട എന്തൊക്കെയോ ഇതിൽ ഉണ്ടെന്നു ഞാൻ കരുതുന്നു .(കുറച്ചു ഭാവനയും ചേർത്തിരിക്കുന്നു)
അമേരിക്ക, ജൂൺ 12 ,2003 . ന്യൂസ്‌പേപ്പർ -ൽ വാർത്ത , നഗരത്തിലെ അയല്പക്കകാരായ നാലു പെൺകുട്ടികളെ കാണ്മാതായിരിക്കുന്നു .പലരും, ഇത് ഒരു നിസ്സാര കാര്യം എന്ന മട്ടിൽ അവഗണിച്ചു . പക്ഷെ അവരുടെ വീട്ടുകാരുടെ നെഞ്ചിലെ നെരിപ്പോട് ആരണയ്ക്കും .സില്വിന ,സ്വെറ്റ്ലാന ,കാതറിൻ , ഏഞ്ചൽ ,ഏകദേശം സമപ്രായക്കാരായിരുന്നു ഇവർ . പല സമയത്തായിട്ടാണ് ഇവരെ കാണാതായത് .19 വയസ്സ് പ്രായമുള്ള സില്വിന ആയിരുന്നു പ്രായത്തിൽ ചെറുപ്പം.കേസ് പോലീസ് ഏറ്റെടുത്തു അന്വേഷണം തുടങ്ങി . പക്ഷെ ഒരു തെളിവും സമാഹരിക്കാനായില്ല .ഇതിൽ ഒരു പെൺകുട്ടി ഒരു കാറിൽ കയറി പോകുന്നത് കണ്ടതായി ചിലർ മൊഴി കൊടുത്തു . പക്ഷെ കാർ നമ്പർ ഒന്നും കണ്ടില്ല, ഡ്രൈവറെയും .ടാക്സി അല്ല എന്നത് കാര്യത്തെ ഒന്ന് കൂടെ കുഴച്ചു .ചുരുക്കത്തിൽ കുറെ നാൾ കഴിഞ്ഞപ്പോൾ കേസ് വഴി മുട്ടി .
കേസ് എഫ്‌ .ബി .ഐ ഏറ്റെടുത്തു , നീണ്ട പന്ത്രണ്ടു വർഷത്തിന് ശേഷം പൊലീസിന് , ഒരു വിവരം കിട്ടി . ക്രിസ്ത്യാനോ എന്നയാളെ കുറിച്ച് .അയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും അയല്പക്കകാർക്കു അറിയില്ല . പക്ഷെ അയാളെ ചുറ്റിപറ്റി എന്തൊക്കെയോ ദൂരുഹത ഉള്ളതായി അറിയാം .അയാൾക്ക്‌ ഒരു മകനുണ്ട്, ആന്റണി . അയാളുടെ മൊഴി പ്രകാരം , വീടിന്റെ അടുത്തായി, വേറെ ഒരു ഭവനം ഇയാൾക്കുണ്ടത്രെ . പക്ഷെ ആ ഭവനത്തിലെ പല മുറികളും, ബേസ്‌മെന്റ് -ഉം , ഗാരേജ് -ഉം ഒക്കെ അടയ്ക്കപ്പെട്ട നിലയിലാണ് .ആർക്കും അയാളെ ചോദ്യം ചെയ്യാൻ ധൈര്യമില്ല . കാരണം ചില നേരം വന്യ മൃഗങ്ങളെ പോലെയാണ് അയാളുടെ പെരുമാറ്റം .
ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു . നാലു പെൺകുട്ടികളെയും താനാണ് തട്ടി കൊണ്ട് വന്നതെന്നും മറ്റും.
എപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് നോക്കാം . പല സമയങ്ങളിലായി ഈ നാലു പെൺകുട്ടികൾക്കും കാറിൽ ലിഫ്റ്റ് കൊടുത്തു ക്രിസ്തിയാനോ , അവരെ കടത്തുകയായിരുന്നു . ഒടുവിൽ നാലു പേരെയും രഹസ്യമായി തന്റെ വീടിനടുത്തുള്ള ഭവനത്തിന്റെ ബേസ്‌മെന്റിൽ എത്തിച്ചു , പൂട്ടിയിട്ടു . വെളിച്ചം കാണാത്ത തടവറയിൽ നാലു പെൺകുട്ടികൾ,ഒന്ന് അലമുറ പോലും ഇടാൻ പറ്റാത്ത അവസ്‌ഥയിൽ .മണിക്കൂറുകൾ ഇടവിട്ട് അയാൾ ഓരോ പെൺകുട്ടിയെയും പീഡിപ്പിച്ചു .ഒരു നേരം ഭക്ഷണം, ആഴ്ചയിൽ രണ്ടു തവണ കുളി , ഇത് മാത്രമാണ് അയാൾ അവർക്കു അനുവദിച്ചിരുന്നത് .മനസ്സ് മരവിച്ച ആ പെൺകുട്ടികൾ , അങ്ങനെ വർഷങ്ങൾ ഒരു റൂമിനുള്ളിൽ കഴിച്ചു കൂട്ടി .ഇതിനിടക്ക് സില്വിന അയാളിൽ നിന്ന് ഗർഭിണിയായി .അയാളുടെ നിർദേശ പ്രകാരം അവിടെ വച്ച് തന്നെ ആ കുഞ്ഞിനെ അവൾ പ്രസവിച്ചു .ഇടക്കെപ്പോഴോ പെൺകുട്ടികളെ പരീക്ഷിക്കുന്നതിനു വേണ്ടി വാതിൽ പാതി ചാരി അയാൾ പുറത്തു പോകുന്നത് പോലെ ഭാവിച്ചു . കഴുത്തറുക്കാൻ തയ്യാറാക്കപ്പെട്ട നാല്കാലികൾ എപ്രകാരമാണോ , ജീവന് വേണ്ടി പിടഞ്ഞു ,രക്ഷപെടാൻ ശ്രമിക്കുക, അത് പോലെ , ഇവരും അതിനു വേണ്ടി ശ്രമിച്ചു . അപ്പോഴേക്കും അയാൾ തിരികെ വന്നു അതി പൈശാചികമായി പെൺകുട്ടികളെ മർദിച്ചു .ഇടയ്ക്കിടയ്ക്ക് സില്വിനയിലുള്ള തന്റെ കുഞ്ഞിനെ മാത്രം അയാൾ പുറത്തേക്കു കൊണ്ട് പോയിരുന്നു.അങ്ങനെ നീണ്ട പന്ത്രണ്ടു വർഷങ്ങൾ ആ .മനുഷ്യ മൃഗത്തിന്റെ (predator )അടിമകളായി ആ പെൺകുട്ടികൾ ജീവിച്ചു .
ഇതിനിടയിൽ ഒരു ദിവസം അയാൾ പുറത്തു പോയപ്പോൾ അകത്തുള്ള കതക് പൂട്ടാൻ വിട്ടു പോയി . പുറമെ നിന്നുള്ള മെയിൻ കതക് പൂട്ടുകയും ചെയ്തിരുന്നു .സില്വിന അയാൾ തിരികെ വരുമോയെന്ന പേടിയോടെ , ഹൃദയമിടിപ്പേറിയിട്ടും , രക്ഷപെടാനുള്ള ത്വരയിൽ റൂമിനു പുറത്തിറങ്ങി , ഹാളിലെ ഗ്ലാസ് ജനാല പൊക്കി വച്ച് ഉച്ചത്തിൽ അലറി . അവൾക്കു അവിടെ നിന്ന് കുറച്ചു ആൾക്കാരെ കാണാമായിരുന്നു .അങ്ങനെ ആൾക്കാർ ആ ഭവനത്തിന്റെ മുൻ വശത്തെത്തി , പുറത്തുള്ള വാതിലിന്റെ അടിഭാഗം തല്ലി തകർത്തു . അതിലൂടെ നുഴഞ്ഞിറങ്ങി സില്വിനയും ,കുഞ്ഞും രക്ഷപെട്ടു . തുടർന്ന് പോലീസ് എത്തി മറ്റു മൂന്നു പേരെയും മോചിപ്പിച്ചു . എല്ലാവരും വളരെ ക്ഷീണിതരും , വികാര ഭരിതരുമായിരുന്നു .പന്ത്രണ്ടു വർഷത്തിന് ശേഷമാണു തങ്ങൾ മനുഷ്യരെ കാണുന്നത് , ലോകം കാണുന്നത് .അവർ നാട്ടുകാരോടും , പോലീസിനോടും , അതി ദയനീയമായി , നന്ദി അറിയിച്ചു .
ക്രിസ്ത്യാനോ നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായി . പല തരം കേസുകൾ .സ്വന്തം ഭാര്യയെ അതി ക്രൂരമായി മർദിച്ചു അവശയാക്കിയതടക്കം .അവർ തുടർന്ന് 2013 -ൽ ബ്രെയിൻ ട്യൂമർ ബാധിച്ചു മരണപെട്ടു .
ക്രിസ്ത്യാനോക്ക് കോടതി ജീവപര്യന്തം +1000 വര്ഷം തടവ് (ഓരോ കുറ്റ കൃത്യത്തിലും ചുമത്തി ) ശിക്ഷിച്ചു .തനിക്കു പോർണോഗ്രാഫിയിലും , അത് പോലെയുള്ള വൈകൃതങ്ങളിലും അതീവ താത്പര്യമുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു .തുടർന്ന് കുറച്ചു മാസങ്ങൾക്കു ശേഷം ക്രിസ്ത്യാനോ ജയിൽ മുറിയിൽ ബെഡ്ഷീറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു .ആ മരണത്തെ പറ്റിയും വിവാദങ്ങൾ ഉണ്ടായി . ഒടുവിൽ അത് ആത്മഹത്യ തന്നെയാണെന്ന് സ്‌ഥീരീകരിച്ചു .
അതെ, അയാൾ ഒരു കൊടും കുറ്റവാളി ആയിരുന്നു .ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ മനസ്സിന്റെ ഉടമ .ഈ ലോകത്തു നാലു തരം അപടകരമായ മനസ്സിന്റെ ഉടമകളായ കുറ്റവാളികൾ ഉണ്ടെന്നു പറയപ്പെടുന്നു (ആണായാലും /പെണ്ണായാലും ).ഇവരാണ് , ആത്മരതിപരമായ ചെയ്തികൾ നടത്തുന്നവർ(narcissistic ) , മാനസികമായി അസ്‌ഥിരമായ ചിന്തകൾ ഉള്ളവർ(emotionally unstable) ,ചിത്ത ഭ്രമം ബാധിച്ചവർ (paranoid ),മൃഗതുല്യമായ മനസ്സുള്ളവർ (predator ).
പന്ത്രണ്ടു വർഷം ആ കൊടും കുറ്റവാളിയെ സഹിക്കേണ്ടി വന്ന ആ പെൺകുട്ടികളുടെ മനസ്സ് , ഹോ പറഞ്ഞറിയിക്കാൻ വയ്യ .അവർ പരസ്പരം തുണയായി ഇരുന്നിരിക്കണം .
ഇപ്പോൾ നാലു പേരും സ്വന്തം കുടുംബവുമായി ചേർന്ന് , നല്ല രീതിയിൽ ജീവിക്കുന്നു . വഴി മുടങ്ങി പോയ പഠനവും എല്ലാം പുനർ ആരംഭിച്ചു കൊണ്ട് , വളരെ പോസിറ്റീവ് ആയി തന്നെ അവർ ജീവിക്കുന്നു .

By: Sangeetha Pramod

പതിതൻസ്‌ ഇൻ ലൈം ലൈറ്റ്


അരെ വാഹ് ! 
സ്വയമ്പൻ ചരക്കുകൾ തന്നെ...ഫ്രീക്കൻ സാമി55 വയസ്സ് പ്രായം ) പരികർമിയോട് ..ഡേയ് ഓരോ ദിവസോം അപ്ഡേറ്റ് ചെയ്യണമല്ലോടെയ് ..ഇല്ലെങ്കിൽ ലവളുമാർ എന്നെ ഉപേക്ഷിക്കും ..
ഇനി നമുക്ക് ചീമുട്ടയിൽ നിന്ന് ഉദ്ഭവിക്കുന്ന പതിതൻമാരുടെ (ഫ്രീക്കൻ സാമിമാരുടെ ) രോഗ ലക്ഷണങ്ങളിലേക്കു ഒന്ന് എത്തി നോക്കാം .
സ്ത്രീ സദസ്യർ കൂടുന്നു ..ബലേ ഭേഷ് ..സാമി സ്വന്തം ട്രേഡ് മാർക്ക് ആയ വൃത്തികെട്ട , ചീഞ്ഞു നാറിയ ചിരി ആദ്യം അങ്ങട് അലക്കുന്നു ..അടുത്ത നിമിഷം സ്വന്തം ഇരയിൽ കൊത്തിയെന്നറിഞ്ഞാൽ, വാക് വയറിളക്കം ആരംഭിക്കുന്നു ..ഇടക്കൊക്കെ തുപ്പലാമൃതം തെറിപ്പിച്ചില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളു .testosteron ,adrenalin എന്നിവയുടെ അളവ് അനുവദനീയമായതിന്റെയും മുകളിൽ പോകുന്നു ..
കുറെ പെണ്ണുങ്ങളെ കയ്യിലെടുക്കുക , സ്വന്തം അതിർത്തി വരച്ചു, മേൽക്കോയ്മ സ്‌ഥാപിച്ചു , തള്ളക്കോഴി, കുഞ്ഞുങ്ങളെ ചിറകിനടിയിൽ സൂക്ഷിക്കുന്ന പോലെ പെണ്ണുങ്ങളെ ചേർത്ത് നിർത്തുക .
ഫ്രീക്കൻ സാമിമാരുടെ ഉത്ഭവം
ചെറുപ്പക്കാർ പയ്യന്മാരാണെൽ ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണെന്നു പറയാം ..പക്ഷെ ന്യൂ ജെൻ സാമിടെ (പ്രായം കൊണ്ടല്ല ) കാര്യത്തിൽ ജീവശാസ്ത്രവും , മാനസിക വളർച്ചയും തമ്മിലുള്ള യോജിപ്പില്ലായ്മ ,ഒരു റിസ്ക് ഫാക്ടർ ആണ് . സാമിയെ പോലെ ചിലർ പെണ്ണുങ്ങളെ കയ്യിലെടുക്കാൻ teen age acrobatics വരെ സ്വായത്തമാക്കുന്നു .
കുറെ നാൾ കഴിയുമ്പോൾ ഇവന്മാരെ എല്ലാം ജനങ്ങൾ തല്ലിക്കൊന്നു, വംശ നാശം നേരിടുന്ന വിഭാഗത്തിലേക്ക് മാറ്റപ്പെടാൻ സാധ്യതയുണ്ട് .
കലിയുഗത്തിലെ കൃഷ്ണൻ -രാധമാരുടെ ചിറകിനടിയിൽ കൃഷ്ണൻ .സ്വന്തം കുസൃതിയും,തമാശയും ,ആവോളം സമയവും കൊടുത്തു കൊണ്ട് പെണ്ണുങ്ങളുടെ darling ആയി മാറുന്നു വിദ്വാൻ .
creative സാമി - രാത്രിയാവുമ്പോൾ ഇവന്മാർ കവികളാകുന്നു ..എങ്ങനെ ..കിടക്കപ്പായിൽ മൂത്രമൊഴിക്കും പോലെ..അടച്ചമർത്തപ്പെട്ട വികാരങ്ങളുടെ തുറന്നു വിടൽ .
ക്യാച്ച് ദിസ് ...ചില പെണ്ണുങ്ങൾക്ക് ആദ്യമായിട്ട് gift കിട്ടുന്നത് ഇത് പോലുള്ളവന്മാരുടെ അടുത്ത് നിന്നായിരിക്കും . അതോടെ എന്ത് ആവലാതി പറഞ്ഞു തോളിൽ ചെയ്യാൻ നിന്നുകൊടുക്കുന്ന പെണ്ണുങ്ങളുടെ godfather ആയി മാറുന്നവൻ .
Waiting for you - ചില പെണ്ണുങ്ങളുണ്ട് ഈ മെലോഡ്രാമ കൊണ്ടൊന്നും വീഴില്ല ..അവർക്കു സ്പെഷ്യൽ gift കൊടുക്കും .അത് കൊണ്ടും നടന്നില്ലെങ്കിൽ ...miss you ഒരു 10 ,000 തവണ അങ്ങടയക്കും.
തന്മയി ഭാവം പ്രകടമാക്കുന്ന സാമി -ഇവർ വളരെ സൂക്ഷിച്ചെ കരുക്കൾ നീക്കു .എന്തെങ്കിലും സംഭവ വികാസങ്ങൾ ഉണ്ടായാൽ ഇവന്മാർ tissue paper ആയെത്തും കണ്ണീരൊപ്പാൻ . ചില പെണ്ണുങ്ങളെയും, ആണുങ്ങളെയും ഒരേപോലെ കയ്യിലെടുക്കാൻ .
സൂക്ഷ്മ നിരീക്ഷകന്മാരയായ ഫ്രീക്കന്മാർ - ഇവർ കൂട്ടത്തിൽ ഒരാളെ പോലെ കറങ്ങി നടക്കും .പിന്നെ പതുക്കെ സ്വന്തം മൊബൈൽ നമ്പർ share ചെയ്യും, live chat-ൽ വരും . സ്വന്തം വിശ്വ രൂപം അങ്ങ് ദർശിപ്പിക്കും . ഇത് കണ്ടു വീഴാൻ കുറെ മന്ദബുദ്ധി പെണ്ണുങ്ങളും .
ഫ്രീക്കന്മാരുടെ ഫ്രീക്കൻ- ഇവന്മാർക്ക് കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയാണ് .ഇവന്മാരെ ജീവിതത്തതിൽ നിന്ന് പറിച്ചെറിയാൻ ചിലർക്ക് വല്യ പ്രയാസമാണ് .ഇവരാണ് Hutch Doggies .കുട വയറും, ചീഞ്ഞ ചിരിയും ,പുഴു കുത്തേറ്റ മുഖവുമുണ്ടേലും ഇവന്മാർക്ക് വല്യ കോൺഫിഡൻസ് ആണ് .കുറെ നാൾ കഴിയുമ്പോൾ ഇവന്മാർ പ്രേമ പൂജാരികളായി .മാറും
".phrendship request " ന്റെ ഒക്കെ കാലം പോയി .ഇപ്പൊ ഇവന്മാരുടെ കാലമാണ് .Intelligent Womanizers ..
സ്വന്തം "വിശുദ്ധ ആഗ്രഹങ്ങൾ" തുരുമ്പെടുത്തു പോവാതിരിക്കണമെങ്കിയിൽ, സമയമായി മാളോരേ , skill upgradation -നു .
ps - ഫ്രീക്കൻമാരുടെ കാര്യം പറഞ്ഞ കൂട്ടത്തിൽ ഫ്രീകിമാരെ മറന്നു .male population ആണല്ലോ കൂടുതൽ സാധ്യത സമൂഹത്തിലെ കുപ്പയിലേക്കു വലിച്ചെറിയപ്പെടാൻ ..Jokes Apart 

ബാബയും , പെൺകുട്ടിയും



പെൺകുട്ടി ബനാറസിൽ അലഞ്ഞു
നടക്കുകയാണ് . അവളുടെ കയ്യിൽ ഉണ്ടായിരുന്ന പേഴ്സ് ആരോ തട്ടിപ്പറിച്ചിരുന്നു .വിഷമം തോന്നിയില്ല അവൾക്കു . കാരണം സ്‌ഥലം ബനാറസ് അല്ലെ . എന്തെങ്കിലും ഒരു നേരം ഭക്ഷിക്കാനുള്ള വക ഇവിടെ കിട്ടും .എല്ലാം ജീവിതത്തിൽ നിന്നും വിട്ടെറിഞ്ഞു വന്നതല്ലേ .
ഭക്തി സാന്ദ്രമായ അന്തരീക്ഷം .എങ്ങും മണി നാദങ്ങളും, കടുപ്പത്തിലുള്ള ചായങ്ങളും , അകെ ഒരു തീക്ഷ്ണ ഭാവം .ചുട്ടു പാടും ബാബമാർ , പിതൃ തർപ്പണത്തിനു വരുന്ന കുടുംബങ്ങൾ , വിദേശീയർ, അങ്ങനെ ഇന്ത്യയുടെ ഒരു ഭാഗം തന്നെ അവിടെ കാണാം . അഘോരി ബാബാമാരെ കുറിച്ചോർക്കുമ്പോൾ ഭയം .ചെങ്കനൽ കണ്ണുകളും, കഴുത്തിൽ തലയോട്ടി മാലയുമായുള്ള , ഹാഷിഷ് വലിക്കുന്ന അഘോരി ബാബാമാർ .സങ്കട് മോചൻ ഹനുമാൻ സ്വാമി അമ്പലത്തിൽ നിന്നും കിട്ടിയ പ്രസാദം ഭക്ഷിച്ചു , വഴിയരികിലെ പൊതു ബാത്‌റൂമിൽ കയറി കുളിച്ചു ശുദ്ധമായി വീണ്ടും യാത്ര തുടർന്നു , ബനാറസിലേക്കു ആഴ്ന്നിറങ്ങാൻ . അങ്ങനെ ശൈവ ക്ഷേത്രം എല്ലാം ദർശിച്ചു , രാത്രിയായി . അമ്പല നടക്കൽ തന്നെ രണ്ടും കല്പിച്ചു കിടക്കാൻ തീരുമാനിച്ചു .അരിച്ചു കയറുന്ന തണുപ്പിനെ ഒക്കെ പ്രതിരോധിക്കാനുള്ള ശേഷി അവൾക്കു കൈ വന്നിരുന്നു .
ഹിന്ദി ഭാഷ അവൾക്കു വശമായിരുന്നു . പഠനത്തിന്റെ ഭാഗമായിട്ട് പല ഇന്ത്യൻ ഗ്രാമങ്ങളിലേക്കും അവൾ സഞ്ചരിച്ചിട്ടുണ്ട് .ജീവിതം അങ്ങനെ ഒഴുകി പോയപ്പോൾ, പല സത്യങ്ങളും മനസ്സിലായി .പലതും ഇനിയും അറിയാനുണ്ട് എന്നും മനസ്സിലായി .എന്ത് കൊണ്ടോ ബനാറസിൽ വരാനാണ് അവൾക്കു തോന്നിയത് . .താൻ ശരിക്കും ഇപ്പോൾ നാടോടി പെൺകുട്ടി ആയിരിക്കുന്നു , അവൾ മനസ്സിൽ ചിരിച്ചു .
അല്പ നേരം കഴിഞ്ഞപ്പോൾ വടി കുത്തി നടക്കുന്നതിന്റെ ശബ്ദം തന്റെ അടുത്തേക്കെത്തുന്നതായി അവൾക്കു തോന്നി, പെട്ടെന്ന് കണ്ണ് തുറന്നു . ഒരു ബാബ , നരച്ച താടിയും ഒക്കെ ആയി, മസ്‌ലിൻ തുണി മാത്രമാണ് ഉടുത്തിരിക്കുന്നത് , കഴുത്തിൽ പലവർണ്ണ മുത്തുകൾ കോർത്ത നീണ്ട മലകൾ. അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു ബാബയും , അമ്പല നടയിൽ കിടപ്പായി ഒരു വശത്തു .അവൾക്കു തോന്നി, രാവിലെയാകട്ടെ ഈ ബാബയെ ഒന്ന് പരിചയപ്പെടാം .
അങ്ങനെ പകൽ വെളിച്ചം ആകാശം കീറിഎത്തി .അമ്പലത്തിൽ തിരക്കായി തുടങ്ങി . അവൾ പാടെ നോക്കിയപ്പോൾ ബാബയെ കാണാനില്ല . ആഹ് , ഇനിയിപ്പോ ബാബയെ രാത്രിയിലെ കാണാൻ കിട്ടു .ആ പകൽ കഴിഞ്ഞു .അവൾ പ്രതീക്ഷിച്ച പോലെ , ബാബ എത്തി, അതെ നിസ്സംഗ ഭാവത്തോടെ .അവൾ സമീപമെത്തി , അഭിവാദ്യം ചെയ്തു . ബാബ ചിരിച്ചു . എന്തെല്ലാമോ അർഥങ്ങൾ അതിൽ ഉള്ളത് പോലെ അവൾക്കു അനുഭവപെട്ടു .സംസാരിക്കാൻ താത്പര്യമുണ്ടെന്ന് ബാബയെ അവൾ അറിയിച്ചു .ബാബ തലയാട്ടി .
ബാബ എവിടുന്നാ
ഉത്തരാഖണ്ഡിൽ നിന്നും .
ബാബ , എനിക്ക് ഏറെ സംശയങ്ങൾ ഉണ്ട് , അത് ഞാൻ അങ്ങയോടു ചോദിച്ചോട്ടെ .
പാടില്ല എന്ന അർഥത്തിൽ ബാബ തലയാട്ടി .
കുറെ സാഹചര്യങ്ങളിലൂടെ കടന്നു പോയത് കൊണ്ട് , അവൾക്കു മനസ്സിലായി , ബാബ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം താണ്ടി , സ്വതന്ത്ര , വിരക്ത ജീവിതം നയിക്കുന്നത് കൊണ്ടാവും അങ്ങനെ പ്രതികരിച്ചത് .
ഒടുവിൽ അദ്‌ഭുതമെന്നോണം , ബാബ ഉരുവിട്ടു , അനുഭവിച്ചു തന്നെ സംശയം തീർക്കുക .അതാണ് സത്യം .ഒഴുകുക ജീവിതത്തിൽ . അറിയാൻ ശ്രമിച്ചാലേ , അറിവിന്റെ പാതയിലെങ്കിലും എത്തിപ്പെടാൻ സാധിക്കു .
അവൾ കൗതുകത്തോടെ, ഒരു കൊച്ചു കുട്ടിയെ പോലെ കേട്ടിരുന്നു .ഉടൻ തന്നെ ബാബ വീണ്ടും മൗനത്തിലേക്കു .
അവൾ തിരികെ തന്റെ അഭയ സ്‌ഥലത്തേക്ക്‌ .ബാബ പറഞ്ഞതിനെ കുറിച്ച് അവൾ ചിന്തിച്ചു . അതെ എത്ര സത്യം .കുറെ കൂടി ഗഹനമായി ചിന്തിച്ചു നോക്കാം .രാത്രിയിലെ താരകങ്ങളെ നോക്കി കിടന്നപ്പോൾ, പലതും ഓർമ്മപ്പെടുത്തലിന്റെ ധ്വനി തരംഗമായി അവളുടെ കാതുകളിൽ പതിച്ചു . തന്റെ പഠനകാലം , വിവാഹം , വേർപിരിയൽ , പ്രിയപ്പെട്ടവരുടെ വേർപാടുകൾ അങ്ങനെ അനിവാര്യമായ പലതും .ചുവന്ന പരവതാനിയിലൂടെ ആയിരുന്നില്ല അവളുടെ ജീവിത യാത്ര ഒരിക്കലും . വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്, പഠന കാലത്തിൽ സഹപാഠിയായിരുന്ന ചെറുപ്പക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു . തുടർന്ന് അഭിപ്രായ ഭിന്നത കാരണം , വേർപിരിയൽ .ഇതെല്ലാം കണ്ടു വിഷമിച്ചു പിതാവിന്റെയും , മാതാവിന്റെയും വിയോഗം.കത്തി രാകി മൂർച്ച കൂട്ടിയാൽ എങ്ങനെയോ, അത് പോലെയും , മിന്നൽ പിണരുകൾ നിരന്തരം കുത്തി മുറിച്ചു പാകത വരുത്തിയ ആകാശം പോലെയും അവളുടെ മനസ്സ് പാകപെട്ടു .എവിടെയാണ് പിഴച്ചത് തന്റെ തീരുമാനങ്ങൾ . ഒരു പക്ഷെ വിവാഹം വേർപിരിഞ്ഞില്ലെങ്കിൽ , താൻ ഇപ്പോൾ ഒരു നല്ല കുടുംബിനിയായി കഴിഞ്ഞേനെ . പക്ഷെ ആത്യന്തികമായി , താൻ ആരാണ് , മനസ്സിന്റെ ഉറവിടം എവിടെയാണ് ,ഈ പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങളുടെയെല്ലാം സാധൂകരണം എവിടെയാണ് നിലകൊള്ളുന്നത് ,ആർക്കു വേണ്ടിയാണു നമ്മൾ ജീവിച്ചു മരിക്കുന്നതു , ജീവിതത്തിനു ലക്‌ഷ്യം ഉണ്ടോ , ജ്ഞാനം നേടുകഎന്നത് ചിലർ ജീവിത ലക്ഷ്യമാക്കിയിരിക്കുന്നതു എന്ത് കൊണ്ട് , ചിലർ ജീവിതം ആഘോഷിച്ചു തീർത്തു മരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് , ദൈവം എന്ന ഊർജം നില നിൽക്കുന്നുണ്ടോ , മരണാനന്തര ജീവിതം എന്നൊന്നുണ്ടോ , എന്താണ് സ്നേഹം, തലച്ചോറിൽ നടക്കുന്ന രാസ പ്രക്രിയയുടെ പരിണിത ഫലമോ , എന്താണ് മനസ്സ് എന്ന സത്ത . ഇതു പോലെ അനന്തമായി നീളുന്ന ചോദ്യങ്ങൾ . അതെ , ഇപ്പോൾ മനസ്സിലാകുന്നു , ഏതാണ് തന്റെ പാത . ജീവിതം അവസാനിപ്പിക്കാനുള്ളതല്ല .ഒഴുകി നീങ്ങുക എന്നതാണ് .ഓരോ വ്യക്തിയും വ്യത്യസ്തനാണ് /വ്യത്യസ്തയാണ് .ജീവിക്കുമ്പോൾ അവർ തീർക്കുന്ന പാദമുദ്രകൾ , മരണമെന്ന കടലിൽ ലയിച്ചു ചേരുന്നു .ഒരു തരത്തിൽ നോക്കിയാൽ യുക്തി പൂർവം പ്രതികരിക്കുക എന്നതും ജീവിതം തന്നെയാണ് .ഒരു ചോദ്യങ്ങൾക്കും ജീവിതത്തിൽ പ്രസക്തിയില്ല . കാരണം ഓരോരുത്തരും ആഗ്രഹിക്കുന്ന ഉത്തരം ഓരോന്നായിരിക്കും . അവർ ഉദ്ദേശിച്ച ഉത്തരം കിട്ടിയില്ലെങ്കിൽ , നിരാശയെന്ന വന്യ മൃഗം അവരെ വേട്ടയാടി നശിപ്പിക്കുന്നു, അല്ലെങ്കിൽ അവരെ മറ്റൊരു ക്രൂര മൃഗമാക്കി മാറ്റുന്നു .അതെ ബാബ പറഞ്ഞ പോലെ , അനുഭവിക്കുക , പ്രതികരിക്കുക , ജീവിച്ചു ,മരിക്കുക . നല്ലതും ചീത്തയും ആപേക്ഷികം മാത്രമാണ് നിലവിലുള്ള ലോകത്തിൽ , ആധികാരികമായി അതിനെ കുറിച്ചുള്ള ധാരണ ഉണ്ടാകുന്നതു വരെ .ലോകം വിശാലമാണ് .ഒഴുകുന്ന ജലം മലിനമാകുന്നില്ല ,അതെ പോലെ ഒഴുകുന്ന മനസ്സും .ജീവിതത്തിൽ ചിട്ട പുലർത്തുക, അസ്തിത്വവാദത്തെ മുറുകെ പിടിക്കുക ,മുന്നോട്ടു നയിക്കാൻ ആ ശക്തി മാത്രം പ്രേരകമാകട്ടെ . ഒന്നിലും മനസ്സിനെ തളച്ചിടാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണ് സ്വതന്ത്ര ചിന്തകൾ മനസ്സിൽ വരുന്നത് , അല്ലെങ്കിൽ ഏച്ചു കെട്ടിയതു മുഴച്ചിരിക്കും പോലെയാകുമത് .
അതെ പെൺകുട്ടി ഒഴുകി നീങ്ങുന്നു , ബാബയും, തങ്ങൾ ഒഴുകുകയാണെന്നറിയാതെ ഒഴുകുന്നു മറ്റു ചിലരും ....
നോട്ട്: Existentialism(primary virtue is authenticity ) എന്ന തത്വ ചിന്തയെ ബഹുമാനിക്കുന്ന ഞാൻ , philosopher Jean Paul Sartre ന്റെ 3 quotes ഉദ്ധരിച്ചു കൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ് .
1 ."The actual life of the individuals is what constitutes what could be called their "true essence" instead of there being an arbitrarily attributed essence others use to define them. Thus, human beings, through their own consciousness, create their own values and determine a meaning to their life."
"ഓരോരുത്തരുടെയും യഥാർഥമായ ജീവിതം എന്നത്, അവരുടെ "സത്യമായ കാതൽ" ആണ് , അല്ലാതെ എങ്ങനെ മറ്റുള്ളവർ സ്വേച്ഛയാ കല്പിക്കുന്ന നിർവചനം പോലെയല്ല . അതിനാൽ മനുഷ്യർ , അവരുടെ പ്രജ്ഞയോടെ , സ്വന്തം മൂല്യങ്ങൾ സൃഷ്ടിച്ചു , സ്വന്തം ജീവിതത്തിനു സാരം കൊടുക്കുന്നു" .
2 . "man first of all exists, encounters himself, surges up in the world—and defines himself afterwards."
"മനുഷ്യൻ നില നിൽക്കുന്നു , എതിരിടുന്നു ,തുടർന്ന് ലോകത്തു കുതിച്ചുയരുന്നു - പിന്നീട് സ്വയം വിവരിക്കുന്നു ."
3 .Man is condemned to be free ;because once thrown into the world ,he is responsible for everything he does ".
"ഒരു മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപെട്ടവനാണ് ;കാരണം ഒരിക്കൽ ഈ ലോകത്തിലേക്ക് എറിയപെട്ടാൽ , അവൻ ചെയ്തു കൂട്ടുന്ന എല്ലാത്തിനും അവൻ മാത്രമാകും ഉത്തരവാദി ."

By: sangeetha Pramod

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo