നിശ്ചലം നിശ്ചലമാം മനസ്സുകൾ
അയയുന്ന ഹസ്തദാനങ്ങളെങ്ങും
ഫണമുയർത്തും വിഷാദ സർപ്പങ്ങൾ
മാറ്റൊലിയാരവം മറയുന്ന മലകൾ
അജ്ഞാത വാസങ്ങൾ കൂടിയെങ്ങും
പഴമയെ ഛിന്ന ഭിന്നമാക്കുന്നെങ്ങും
നദികൾ ,അടവികൾ ,ഗിരികളൊക്ക-
കൈകൾ കൂപ്പി കേഴുന്നുവല്ലോ
ദേഹദേഹികൾ ക്ഷിപ്രം ദ്രവിക്കുന്നു
ആളുകളൊഴിയും ഗ്രാമങ്ങളെങ്ങും
അകവും ,പുറവും നനയാ കരകൾ
ആനന്ദക്കണ്ണീരന്യമാം കാലമല്ലോയിത്
വർണചെപ്പിൽ കുങ്കുമം കാണ്മതില്ല
യുദ്ധതാളം മുറുകുന്ന കാലമിതല്ലോ
ഒപ്പമുള്ളോർ മെല്ലെ തെന്നി മാറുന്നു
ഇല്ലാ തിമിരം മൂടും യൗവ്വനമെങ്ങും
തലച്ചോറുകൾ നെരിപ്പോടിൽ വേവുന്നു
ചീയും കാലത്തിൻ ദുർഗന്ധ ധൂമമെങ്ങും
നടപ്പാതയിൽ ദൈന്യതമുറ്റും മുഖങ്ങൾ
നരഭോജികൾ സുന്ദര വേഷമിട്ടിറങ്ങുന്നു
പല വിധ മരണവും തനിയാവർത്തനം
സർവ്വ വിനാശത്തിൻ പെരുമ്പറയെങ്ങും
എവിടുന്നോയരജ്ഞാതൻ തുളയ്ക്കുന്നു -
എൻ തലയോട്,ചീറും വെടിയുണ്ടയാൽ
ഭയം വേണ്ട , മാറി നിൽക്കുക നിങ്ങൾ
.............................
സംഗീത .എസ് .ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക