Slider

പുനര്‍ജനി

0

1
ഒരു ഭ്രാന്തിന്റെ വക്കിലായിരുന്നു ഞാനപ്പോള്‍. വഴി മറന്നിരിക്കുന്നു. അല്പം. മുന്‍പാണ് അവിടെ നിന്ന് മടങ്ങിയെത്തിയത്. ഇരുട്ട്..... കനത്തു പെയ്യുന്ന ഈ ഇരുട്ടാണ്‌ വഴി തെറ്റിക്കുന്നത്. ആ പെണ്‍കുട്ടി അവിടെ തന്നെ കാണുമോ. തിരിഞ്ഞു നോക്കാതെയുള്ള എന്റെ നടത്തത്തിലെ ഒരേ ഒരു പ്രാര്‍ത്ഥന അവളവിടെ തന്നെ ഉണ്ടാകണേ എന്നു മാത്രമായിരുന്നു. അഭിയും, ദീപുവും... അവര്‍ക്കും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുമോ? അറിയില്ല.. അവരും ഇത് പോലെ തിരികെ വന്നു കാണുമോ ? തല പെരുക്കുകയാണ്..
ലൈറ്റര്‍ കത്തിച്ചു നോക്കിയപ്പോഴാണ് ആശ്വാസമായത്. അവള്‍ അവിടെ കിടപ്പുണ്ട്. അനങ്ങിയിട്ടില്ല.. ഞാന്‍ അടുത്ത് ചെന്നു... ഞരക്കമുണ്ട്.. ചോര ഒരുപാട് പോയിട്ടുണ്ട്. തുണിയില്ലാത്ത അവളുടെ ശരീരത്തിലേക്ക് ഞാന്‍ കൈയ്യില്‍ കരുതിയിരുന്ന മുണ്ട് പുതപ്പിച്ചു. അവളുടെ അരക്ക് താഴെ രക്തം കട്ട പിടിച്ചു തുടങ്ങിയിരിക്കുന്നു.അല്പ്പം മുന്പ് കാമം മാത്രം തോന്നിപ്പിച്ച അവളുടെ മാറിടങ്ങള്‍ കത്തുന്ന നീറ്റലാണ് മനസ്സില്‍ ഉണ്ടാക്കുന്നത്‌. വികൃതമായ അവളുടെ മുഖത്തേക്കൊരിക്കല്‍ കൂടി നോക്കിയപ്പോഴേക്കും എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.
2
“ഉറക്കം കിട്ടുന്നില്ല ഡോക്ടര്‍.. അവളാണ്.. അവളുടെ ചോര നിറഞ്ഞ മുഖമാണ്.. കണ്ണടക്കുമ്പോള്‍..”
“ഉം. നിങ്ങള്‍ ഏഴു പേരുണ്ടായിരുന്നു അല്ലെ..”
“അതെ. ആദ്യം അഞ്ചു പേര്‍. പിന്നീട് രണ്ടു പേരെ കൂടി വിളിച്ചു വരുത്തി.”
“ആരായിരുന്നു ഇത് പ്ലാന്‍ ചെയ്തത്.”.
“അഭി.. അവനാണ്. വെറുതെ ഇരുന്ന ഞങ്ങളുടെ ഉള്ളില്‍ ഈ വിഷം കുത്തി വെച്ചത്.. “
“ഓ. ബാക്കിയുള്ള നിങ്ങള്‍ ആറു പേരും മാന്യന്മാര്‍. അല്ലെ..”
“അല്ല.. ഞങ്ങളാണ്.. ആരെയും കുറ്റം പറയുന്നില്ല...”
“അവരോട് ചോദിച്ചോ... അവരും ഇപ്പൊ ഇത് പോലെയോക്കെതന്നെ ആണോ ?”
“നോ. അവര്‍ക്കൊന്നും ഒരു കുഴപ്പവും ഇല്ല ഡോക്ടര്‍. ഒന്നും സംഭവിക്കാത്ത രീതിയില്‍ അവര്‍ മുന്നോട്ടു പോകുന്നു. അവര്‍ക്കൊന്നും നഷ്ട്ടപ്പെടുന്നില്ല.. എനിക്ക് മാത്രം എന്താണ് ഡോക്ടര്‍.. എന്നെ മാത്രമെന്തിനാ ആ പെണ്‍കുട്ടി വേട്ടയാടുന്നത്..”
“ഉം..കുറച്ചു വ്യക്തതയ്ക്ക് വേണ്ടി മാത്രം ഞാനൊന്ന് ചോദിക്കട്ടെ ഷാനു.. നിങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്നവളെ കടത്തിക്കൊണ്ടു പോയി നിങ്ങളുടെ വര്‍ക്ക് ‌ ഷോപ്പില്‍ കെട്ടിയിട്ടു. രാത്രി നിങ്ങള്‍ അവളെ ഉപയോഗിച്ചു. ശരിയല്ലേ..”
“അതെ..”
“ക്രൂരമായിതന്നെ.. അല്ലെ.. “
“അതെ..”
“മടുത്തപ്പോള്‍ രണ്ടു പുതിയ സുഹൃത്തുക്കളെ വിളിച്ചു വരുത്തി.. അവര്‍ക്കും കാഴ്ച വെച്ചു.. “
“ഡോക്ടര്‍.. ഞാന്‍ പറഞ്ഞല്ലോ...”
“പിന്നെ...”
“പിന്നെയാണ് പ്രശ്നങ്ങള്‍.. പുഴ കഴിഞ്ഞുള്ള ആ പഴയ പോസ്റ്റ്‌ ഓഫീസിനു പുറകിലെ മടയില്‍ ഞങ്ങളവളെ ഉപേക്ഷിച്ചു.. പക്ഷെ.. വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ഈ നിലയിലായി.. അവള്‍ എന്നെ പിന്തുടരുന്ന പോലെ.. ആകെ ഒരു ഭ്രാന്തിന്റെ വക്കില്‍.. അത് കൊണ്ടാണ് ഞാന്‍ തിരികെ ചെന്നത്. അവളെയെടുത്തു ആശുപത്രിയുടെ മുന്പില്‍ കൊണ്ടിട്ടത്.”.
“ആ പെണ്‍കുട്ടിയെ പിന്നീടു കണ്ടിരുന്നോ ?”
“ഉം. ഒരു തവണ. അവള് തന്നെ എന്നെ ഇവിടേയ്ക്ക് എത്തിച്ചു.. ഞാന്‍ പറഞ്ഞില്ലേ ഡോക്ടര്‍. അവളുടെ ആ മുഖം.. അതെന്റെ ഉറക്കം കെടുതിയപ്പോ... ഞാന്‍ ചെന്നു. കണ്ടു.. അവളിപ്പോഴും ആശുപത്രിയിലാണ്.”.
“ഓ കെ. ഇനി ഞാന്‍ എന്താണ് വേണ്ടത് ഷാനു..”
“എന്തെങ്കിലും.. ആ ഓര്‍മ്മകള്‍ പോകണം. അവളെ മറക്കണം. എന്നെ കൊന്നു കളഞ്ഞാലും വേണ്ടില്ല... ഡോക്ടര്‍. എന്റെ ഊഴം എത്തുമ്പോഴേക്കും അവളുടെ ബോധം പാതിയോളം പോയിരുന്നു....ചോരയിലായിരുന്നു അവള്‍... ആ ശരീരം മുഴുവന്‍...”
“എന്നിട്ടും നിങ്ങളവളെ ഉപയോഗിച്ചു.. അല്ലെ.? ”
“അത്. ആ സമയത്ത്.. അങ്ങനെ.... ഡോക്ടര്‍ പ്ലീസ്‌...”
3
രണ്ടു മൂന്നു വട്ടം മുട്ടിയതിനു ശേഷമാണ് വാതില്‍ തുറന്നത്...
“ഇത് ഷാഹിദയുടെ വീടല്ലേ. “
വാതില്‍ തുറന്ന സ്ത്രീയോടാണ് ഞാന്‍ ചോദിച്ചത്.
“ഓള്ക്ക് വയ്യ. കെടക്കാണ് ”
“എനിക്കറിയാം.. എല്ലാം അറിയാം. എനിക്കവളെ ഒന്ന് കാണണം..”
എന്റെ രൂപം കണ്ടു ആദ്യം ഒന്ന് മടിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അകത്തേക്ക് വരാന്‍ പറഞ്ഞു.. ഇരുട്ട് നിറഞ്ഞൊരു മുറിയില്‍ കട്ടിലില്‍ അവള്‍ കിടന്നിരുന്നു..
“ഷാഹിദ... “
ആ സ്ത്രീയാണ് വിളിച്ചത്.. എനിക്കാ മുഖത്തേക്ക് നോക്കാന്‍ കഴിഞ്ഞില്ല.. ഒരലര്‍ച്ചയോടെ അവള്‍ എഴുന്നെല്‍ക്കുമെന്നും എന്റെ മുഖത്ത് തുപ്പുമെന്നും കരുതി തന്നെയാണ് നിന്നത്. വയ്യ.. ഈ മുഖം ഉറക്കം കെടുത്തി തുടങ്ങിയിട്ട് നാളുകളോരുപാടായിരിക്കുന്നു... അവളെന്നെ നോക്കി ചിരിച്ചു. അത്ര മാത്രം..
“ഓള്ക്ക് ഓര്‍മ്മ കൊറവാണിപ്പോ.. ഇങ്ങളെങ്ങനെ പരിചയം..”
“എനിക്കറിയാം.. എന്റെ പെങ്ങളുടെ കോളേജിലാണ് ശാഹിദ പഠിക്കുന്നെ..”
ആ സ്ത്രീ കരഞ്ഞു തുടങ്ങിയിരുന്നു. ശാഹിത എന്നെയും ആ സ്ത്രീയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു..
“മോന്‍. കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ.”
“ഉം.. നിങ്ങളെന്താ പരാതി ഇല്ലാന്ന് പറഞ്ഞെ. “
ജയിലിലെങ്കിലും കുറച്ചാശ്വാസമായിരുന്നു എനിക്കാവശ്യം.
“ഇനിം കൊറേ നായിന്റെ മക്കള് ഇന്റെ കുട്ടിനെ കോടതീലിട്ടു പിച്ചി ചീന്തും... അത് കണ്ടുക്കാന്‍ വയ്യ. ഓര്ക്കു പടച്ചോന്‍ കൊടുത്തോളും... മമ്പുറം തങ്ങളാനെ, മൊഹ്യദ്ധീന്‍ ശൈഖാണെ , പടച്ചവനാണെ... ഓര് പുഴുത്ത് ചാകും..”
എനിക്കാ നിമിഷം ഭൂമി താഴ്ന്നു പോകാന്‍ തോന്നി..
ശാഹിദ ഒന്നുമറിയാതെ എന്നെ നോക്കി വീണ്ടും ചിരിച്ചു. ഞാനെണീട്ടു.
“മോന്റെ പേര് പറഞ്ഞിലല്ലോ. എവ്ടെനെ വീട്..”
“ഞാന്‍... കുറച്ചകലെയാണ്.. ഞാന്‍.... വരാം.. “
നേര്ത്ത് വെളിച്ചമരിച്ചിറങ്ങുന്ന ജനല്പ്പാളികളുടെ വിടവിലേക്കു നോക്കി കിടക്കുകയായിരുന്നു അവള്‍....
4
കാത്തിരുന്നു മുഷിഞ്ഞു. അവളെ വിളിക്കാന്‍ എഴുന്നേല്ക്കാന്‍ തുടങ്ങുമ്പോഴേക്കും അവളെത്തി.. ഒരു പാല് ഗ്ലാസ്സിന്റെ അകമ്പടിയോടെ.
ഞാന്‍ എഴുന്നേറ്റു.
അവള്‍ മുഖത്ത് നോക്കി വീണ്ടും തല താഴ്ത്തി..
ഞാനവളുടെ മുഖം പിടിച്ചുയര്ത്തി. ആറു പേര്‍ക്കും എനിക്കും വേണ്ടി അവളുടെ കാലു പിടിച്ചു കരയണം എന്നുണ്ടായിരുന്ന്നു. ഞാന്‍ നെറ്റിയില്‍ ഉമ്മ വെച്ചു. അവള്‍ കരഞ്ഞു തുടങ്ങി..
പീഡിപ്പിക്കപ്പെട്ടവള്‍, ഭര്‍ത്താവിനു കാഴ്ച വെക്കാന്‍ പുതിയ ശരീരം ഇല്ലാതവള്‍ ഈ ചിന്തകളാകണം അവളെ കരയിക്കുന്നത്‌.. ഞാനവളുടെ കണ്ണിലുമ്മ വെച്ചു.
“ശാഹിദ... കരയരുത്. നിനക്കും എനിക്കും .. ഇന്ന്. മരിച്ചിട്ടൊരിക്കല്‍ കൂടി ജനിക്കാം. ഞാനും നീയും മാത്രമുള്ള,.. ഓര്‍മകളില്ലാത്ത ഒരു പുതിയ തീരത്തില്‍ ജീവിച്ചു തുടങ്ങാം.. ഈ രാത്രി പുലരുന്നതിനു മുന്പ് ഞാനും നീയും മരിച്ചിരിക്കുന്നു എന്നു നമുക്ക് പരസ്പ്പരം വിശ്വസിക്കാം”.
അവളെന്നെ വിടര്‍ന്ന മിഴികളോടെ നോക്കി കൊണ്ടിരുന്നു..
“ഇന്ന്. ഞാന്‍ നിനക്ക് മകനായും നീയെനിക്ക് മകളായും പിറന്നിരുക്കുന്നു...നമുക്കിടയില്‍ മരണം വരുന്നത് വരെ നമുക്ക് നമ്മളെ മാത്രം ഓര്മ്മ്കളാക്കാം..”
എനിക്ക് കാര്യമായി എന്തോ സംഭവിച്ചു എന്നു കരുതിയിട്ടാകണം അവളെന്നെ കെട്ടിപ്പിടിച്ചു..
“ഒന്ന് കൂടി.. ഇന്ന് ആദ്യത്തെ രാത്രിയാണ്. ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ ഈ ഒരു രാത്രി. നേരത്തെ കിടക്കാം. ഉറങ്ങാം. കുറെ..... കുറെ ഉറങ്ങാം..”
“എന്ത് പറ്റി.. എന്താ ഇങ്ങനൊക്കെ. “
“ഒന്നുമില്ല. ഉറങ്ങാനുണ്ട്. ഒരുപാട് നാളത്തെ ഉറക്കം ഉറങ്ങിതീര്‍ക്കാനുണ്ട്.. നീ എന്നെ ചേര്‍ന്ന് കിടക്കണം. ഉറക്കത്തിനിടയില്‍ ഞാന്‍ ഞെട്ടി എഴുന്നെട്ടാല്‍.. നിന്റെ പേര് വിളിച്ചാല്‍...നീ എന്നെ ഉമ്മ വെച്ചുറക്കണം.”
“കിടന്നോളൂ.. ഒന്നുമില്ല.. “
ഞാനവളെ ഒന്ന് കൂടി ഉമ്മ വെച്ച്. ചേര്ന്ന് കിടന്നു. ചോര കലര്‍ന്നൊരു മുഖം ഉറക്കം കളയുമെന്ന് കരുതി.. ചേര്‍ന്ന് കിടന്നു.... അവളെന്നെ പുണരും മുന്പേ ഞാന്‍ ഉറങ്ങിയിരുന്നു...

By: 
Naowfal Nowff
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo