മഴ ചെറുതായൊന്നു തോർന്നപ്പോൾ അവൾ ബസിൻ്റെ ഷട്ടർ ഉയർത്തിവച്ചു.മുഖത്തേക്ക് പാറിവീഴുന്ന മഴത്തുള്ളികളെ വല്ലാത്തൊരു നിർവൃതിയോടെ ഏറ്റുവാങ്ങി അവൾ കണ്ണുകൾ അടച്ചിരുന്നു.
ആർ.സി.സിയിലെ പേവാർഡിൽ നിന്ന് അമ്മയുടെ കണ്ണുവെട്ടിച്ച് ഓട്ടോയിൽ കയറുമ്പോൾ എങ്ങോട്ടെങ്കിലും പോകണമെന്നേ അവൾക്കുണ്ടായിരുന്നുള്ളു.മരുന്നുകളുടെയും ഡെറ്റോളിൻ്റെയും മണം തങ്ങിനില്ക്കുന്ന ആ മുറിയിലേക്ക് മരണം തൻ്റെ തണുത്ത കെെവിരലുകളുമായി ഏതുനിമിഷവും കടന്നുവരുമെന്ന് അവൾക്ക് അറിയാമായിരുന്നു.ആ വരവു പേടിച്ചിട്ടെന്നോണം പാവം അമ്മ ഒരുപോള കണ്ണടയ്ക്കാതെ അവൾക്ക് കാവലിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.താനൊന്നുറങ്ങിയാൽ ഉണരുമ്പോഴേക്ക് മരണം തൻ്റെ മകളെ തട്ടിയെടുത്താലോ എന്നാവാം അമ്മയുടെ പേടി.മരണത്തിൻ്റെ ചിറകിൽ നിന്ന് അവളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ ആ പാവം വല്ലാതെ തളർന്നുപോയിരിക്കുന്നു.രോഗിയായ അവളെക്കാൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു അമ്മയിപ്പോൾ.അമ്മയുടെ ഭയംപോലെ മരണത്തെ പറ്റിക്കാൻ ഇറങ്ങിയോടിയതല്ല അവൾ.അവൾക്ക് നന്നായറിയാം മരണം തൻ്റെ കൂടെയുണ്ടെന്ന്,തൻ്റെ തൊട്ടടുത്ത്, മെല്ലെ കെെനീട്ടി തൊടാവുന്ന അകലത്തിൽ.മരണത്തിനിരിക്കാനെന്നപോലെ ബസിൽ അവളുടെ തൊട്ടടുത്ത സീറ്റുമാത്രം ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു അപ്പോഴും.
തമ്പാനൂർ ബസ്റ്റാൻ്റിൽ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ ഏതെങ്കിലുമൊരു ദീർഘദൂര ബസിൽ കയറണമെന്നേ കരുതിയുള്ളൂ.യാത്രകളെ ഒരുപാടു സ്നേഹിച്ച ,ഒരിക്കലും സ്വന്തം ഇഷ്ടത്തിനൊരു യാത്രപോലും ചെയ്യാൻ കഴിയാത്ത അവൾ അവസാനമായി ഒരു യാത്ര പോകണമെന്ന തോന്നലിൽ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു.ലക്ഷ്യം നിശ്ചയമില്ലാത്തൊരു യാത്ര.ആദ്യം കണ്ടത് കന്യാകുമാരി ബസായിരുന്നു.പുറപ്പെടാൻ തുടങ്ങിയ ബസിലേക്ക് ഓടിച്ചെന്ന് കയറുമ്പോൾ അവളറിഞ്ഞില്ല അവളുടെ യാത്രയ്ക്ക് ഇങ്ങനൊരു നിയോഗമുണ്ടെന്ന്.
യാത്രയുടെ ക്ഷീണവും മരുന്നുകളുടെ വീര്യവും എല്ലാം കൂടി അവളെ വല്ലാതെ തളർത്തിയിരുന്നു.പാതിമയക്കത്തിലായിരുന്നു ഹോട്ടൽ റൂമിൽ ചെന്നുകയറിയത്.ബെഡ്ഡിൽ ചെന്നു വീണതു മാത്രമേ ഓർമ്മയുള്ളൂ,വല്ലാത്തൊരുറക്കമായിരുന്നു അത്.മിനിട്ടുകളോ മണിക്കൂറുകളോ അതോ ദിവസങ്ങളാണോ ഉറങ്ങി തീർത്തതെന്ന് അറിയാതെയുള്ള ഉറക്കം.ഇത്ര ശാന്തമായി അവളൊന്നുറങ്ങിയിട്ട് നാളേറെയായി.കൃത്യമായി പറഞ്ഞാൽ ഒരു വർഷം കഴിഞ്ഞിരിക്കുന്നു.അന്നായിരുന്നു അവളുടെ സ്ഥിരമായുള്ള തലവേദനയ്ക്ക് ഡോക്ടറെ കാണാൻ പോയത്.അവൾ സാരമില്ലെന്നു പറഞ്ഞ് കളഞ്ഞിട്ടും ശ്രീയേട്ടനായിരുന്നു നിർബ്ബന്ധം.അത്രയ്ക്ക് സ്നേഹവും കരുതലുമായിരുന്നു അയാൾക്ക് അവളോട്.എന്നാൽ പിറ്റേ ആഴ്ച ടെസ്റ്റുകളുടെ റിസൾട്ടുമായി ഡോക്ടറെ കണ്ടപ്പോൾ,അവളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരയിൽ വാടകക്കാരായി കാൻസർ കൂടുകൂട്ടിയെന്നറിഞ്ഞപ്പോൾ ആ സ്നേഹവും കരുതലുമൊക്കെ വീണുടയുകയായിരുന്നു.അവൾ മനപൂർവ്വം അസുഖം മറച്ചുവച്ച് ചതിക്കയായിരുന്നു എന്നായി,കൂടെ ബന്ധുക്കളുടെ ഏഷണികൂടിയായപ്പോൾ തൻ്റെ സ്വപ്നങ്ങളോടൊപ്പം ശാന്തമായ ഉറക്കം കൂടി അവൾക്ക് നഷ്ടപ്പെടുകയായിരുന്നു.പിന്നീടങ്ങോട്ട് മാസങ്ങൾക്കകം എല്ലാം തീരുമാനിക്കപ്പെട്ടു.അവസാനശ്വാസം വരെയും കൂടെകാണുമെന്ന് ഒരായിരം വട്ടം പറഞ്ഞ മനുഷ്യൻ വെറുമൊരസുഖത്തിൻ്റെ പേരിൽ തന്നെയുപേക്ഷിച്ചപ്പോൾ അവൾ വല്ലാതെ തളർന്നുപോയി.മ്യൂച്ചൽ ഡിവോഴ്സ് എന്ന തീരുമാനവും ശ്രീയേട്ടൻ്റേതായിരുന്നു.സ്വത്തുക്കൾ കെെമാറിയപ്പോൾ രണ്ടുപേരുടെയും പേരിലുള്ള വീട് ആർക്കെങ്കിലും ഒരാൾക്കെഴുതി മറ്റേയാൾക്ക് വില നല്കാൻ വക്കീൽ പറഞ്ഞപ്പോൾ ശ്രീയേട്ടൻ വല്ലാത്തൊരാവേശത്തിൽ പറയണതുകേട്ടു"അവൾടെ കാശു ഞാൻ കൊടുത്തേക്കാം,മരിക്കാൻ പോകുന്ന ഇവൾക്കെന്തിനാ വീട്".ഒത്തിരി ആഗ്രഹിച്ച് സ്വപ്നംകണ്ടു ഞങ്ങൾ വച്ച വീടാ.ഒറ്റ നിമിഷത്തിൽ അതെല്ലാം കൂടി പൊളിഞ്ഞ് തലയിൽ വീഴുമ്പോലെ തോന്നി അവൾക്ക്.അന്ന് ഡോക്യുമെൻ്റ്സ് ഒപ്പിട്ടു പുറത്തിറങ്ങിയപ്പോൾ തളർന്നു വീണതാണവൾ.പിന്നീടങ്ങോട്ട് യാന്ത്രികമായിരുന്നു അവളുടെ ജീവിതം.ചികിൽസകൊണ്ട് ഫലമില്ലെന്ന് ഡോക്ടർമാർക്കുമുമ്പേ അവൾ തിരിച്ചറിഞ്ഞിരുന്നു.
നീണ്ട ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴേക്ക് നേരം സന്ധ്യകഴിഞ്ഞിരുന്നു.ശാന്തമായ ഉറക്കം അവളുടെ ക്ഷീണമെല്ലാം മാറ്റിയിരുന്നു.ബെഡ്ഡിൽ ഇളകി കിടന്ന വിഗ്ഗെടുത്ത് തലയിൽ വച്ചപ്പോൾ അവളുടെ ആത്മവിശ്വാസം കൂടുകയായിരുന്നു.ഇടതൂർന്ന തലമുടി എന്നും അവൾക്ക് ആത്മവിശ്വാസമായിരുന്നു.കീമോ ചെയ്യുമ്പോൾ മുടികൊഴിയുമെന്നറിയാവുന്നതുകൊണ്ട് അതിനുമുമ്പേ അവൾ തൻ്റെ മുടിമുറിച്ച് വിഗ്ഗുണ്ടാക്കിച്ചു വച്ചു.കാരണം അവൾക്കറിയാമായിരുന്നു ആ തലമുടി നഷ്ടപ്പെട്ടാൽ താൻ താനല്ലാതായിതീരുമെന്ന്.ഇപ്പോൾ ഈ വിഗ്ഗുവയ്ക്കുമ്പോൾ ആളുകളുടെ ചൂഴ്ന്നു നോട്ടത്തിൽ നിന്നുമാത്രമല്ല കണ്ണാടിയിൽ കാണേണ്ടിവരുമായിരുന്ന തൻ്റെതന്നെ താനല്ലാത്ത രൂപത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായി അവൾക്കത്.
ഉറക്കംപോലെ തന്നെ അവൾക്കെന്നോ നഷ്ടപ്പെട്ട ഒന്നായിരുന്നു വിശപ്പ്.മടുപ്പിക്കുന്ന മരുന്നുകളുടെ ചവർപ്പും ഞരമ്പുകൾ വലിഞ്ഞുമുറുകുന്ന വേദനയും എല്ലാംകൂടി അവളുടെ വിശപ്പിനെ കൊന്നുകളഞ്ഞിരുന്നു.എന്നാൽ ഇന്ന് ഉള്ളിൽ മരിച്ചുകിടന്ന വിശപ്പും ഉണരുകയായിരുന്നു.എന്തെങ്കിലും വാരിവലിച്ചുതിന്ന് ഉള്ളിലെ തീ കെടുത്താൻ തോന്നുന്നത്ര വിശപ്പ്.റൂം പൂട്ടി പുറത്തിറങ്ങി, വഴിയരികിൽ കടലിനഭിമുഖമായി കണ്ട ഒരു തട്ടുകടയിൽ കയറി.കടലിലേക്ക് നോക്കിയിരുന്ന് വയറുനിറയെ ദോശയും ചമ്മന്തിയും രസവടയും കഴിക്കുമ്പോൾ വയറിനൊപ്പം മനസ്സും നിറയുകയായിരുന്നു.ഇങ്ങനൊരു യാത്രയും ഒറ്റയ്ക്കൊരു ഹോട്ടൽ താമസവും തട്ടുകട ഭക്ഷണവുമൊക്കെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അവൾക്ക്.ഇത്രയും നാൾ എല്ലാരും പറഞ്ഞപോലെ ഒറ്റയ്ക്കൊരു പെണ്ണ് യാത്ര ചെയ്താലുണ്ടാകുന്ന ഒരപകടവും അവൾക്കുണ്ടായില്ല.വീട്ടുകാരോടും ശ്രീയേട്ടനോടുമൊക്കെ പോകുമ്പോൾ നേരിട്ടിട്ടുള്ള ചൂഴ്ന്നു നോട്ടങ്ങൾ പോലും എങ്ങും കണ്ടില്ല അവൾ.ആ നിയന്ത്രണങ്ങളൊക്കെയും ആരൊക്കെയോ ചേർന്ന് തൻ്റെമേൽ അടിച്ചേൽപ്പിച്ച അദൃശ്യങ്ങളായ ചങ്ങലകളായിരുന്നെന്ന് തിരിച്ചറിയാൻ അവൾക്ക് മരണത്തിൻ്റെ അടുത്തെത്തേണ്ടി വന്നു.ഇത്രയുംനാൾ താൻ നഷ്ടപ്പെടുത്തിയ സ്വാതന്ത്ര്യങ്ങൾ ,യാത്രകൾ ഒക്കെയും ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത നഷ്ടബോധം തോന്നി.ഈ അവസാന നിമിഷമെങ്കിലും ഇങ്ങനൊരു യാത്രയ്ക്ക് തോന്നിയതിൽ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.
രാവീലെ ഉണരുമ്പോഴേക്ക് കാലുകളിലാകെ നീരുപടർന്നിരുന്നു.യാത്രയും മരുന്നുകളുടെ അഭാവവുമെല്ലാം അവളുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു.എന്നാൽ അത് അംഗികരീക്കാൻ അവളുടെ മനസ് തയ്യാറല്ലായിരുന്നു.രാവിലെ എണീറ്റുകുളിച്ച് കന്യാകുമാരി ദേവിയെ തൊഴാൻപോകുമ്പോൾ മനസിൽ ഒരു പ്രാർത്ഥനയും ഇല്ലായിരുന്നു.പുരാണങ്ങളിൽ വായിച്ചിട്ടുള്ള ദേവിയുടെ സൗന്ദര്യം,പ്രത്യേകിച്ച് കപ്പലുകളെ വഴിതെറ്റിക്കാൻ മാത്രം തിളക്കമുണ്ടെന്ന് പറയപ്പെടുന്ന ദേവിയുടെ മൂക്കൂത്തി ഒന്നു കാണണം,അത്രയേ ഉള്ളൂ മനസിൽ.അതിനുമപ്പുറം മരണത്തെ നീട്ടിവാങ്ങാൻ പ്രാർത്ഥിക്കാനൊന്നും അവൾക്ക് തോന്നിയില്ല,കാരണം മനസിൻ്റെ ധെെര്യത്തിനുമപ്പുറമായിരുന്നു ശരീരത്തിൻ്റെ വേദന,അത് നിമിഷംതോറും ശരീരത്തിലെ ഓരോ അണുവിലും പടർന്നു കയറുകയാണ്.
കടൽ എന്നും അവൾക്ക് കൗതുകമായിരുന്നു.തിരയിൽ എത്ര നനഞ്ഞാലും മതിവരാത്ത അവൾക്കിന്ന് കടലുകളുടെയീ സംഗമഭൂമിയിൽ വെറുതേ നോക്കിയിരിക്കാനാണു തോന്നിയത്.എന്തൊക്കെയോ ഓർത്തങ്ങനെയിരുന്നപ്പോളാണ് പുറകിൽനിന്നാരോ മോളേ എന്നു വിളിച്ചത്.തിരിഞ്ഞപ്പോൾ ഒരു കെെനോട്ടക്കാരി."മോളു മലയാളി ആണല്ലേ,കണ്ടപ്പഴേ തോന്നി" അതുംപറഞ്ഞ് അവർ മണലിൽ അവളുടെ അടുത്തിരുന്നു.ആ കെെ ഇങ്ങോട്ടൊന്നു നീട്ടുമോളേ ഞാനൊന്നു നോക്കട്ടേ എന്നു പറഞ്ഞുകൊണ്ടവർ അവളുടെ ഇടതു കെെക്കായി കെെനീട്ടി.ഭാവിപോയിട്ട് വർത്തമാനംപോലും എത്രനേരമെന്ന് നിശ്ചയമില്ലാത്തവൾക്കെന്ത് കെെനോക്കാനെന്ന് മനസിലോർത്തെങ്കിലും അവർക്കുനേരെ കെെനീട്ടിക്കൊടുത്തവൾ.
"ഒത്തിരി പഠിച്ചിട്ടുണ്ടല്ലേ,വിദ്യാരേഖ നന്നായി തെളിഞ്ഞുകിടപ്പുണ്ടല്ലോ" അവർ പറഞ്ഞുതുടങ്ങി.റിസർച്ചിന് ചേരാനിരുന്ന നേരത്തായിരുന്നു വിവാഹം അല്ലെങ്കിലിപ്പോളൊരു പി.എച്ച്.ഡിക്കാരി ആയേനേ എന്ന് മനസിലോർത്തെങ്കിലും ഒന്നും പറഞ്ഞില്ല അവൾ വെറുതേയൊന്നു പുഞ്ചിരിച്ചതല്ലാതെ.
"സർക്കാർ ജോലി ഉറപ്പായും കിട്ടും,പക്ഷേ അതനുഭവിക്കാനുള്ള യോഗം കുറവാ കുഞ്ഞിന്.ദാ നോക്കിയേ,ഈ വരയുടെ കുറുകേയുള്ള ഈ വെട്ട് അതാ അതിനു കാരണം" അവർ വീണ്ടും പറഞ്ഞു.ദേവീ ഇതും സത്യമാണല്ലോ കോളേജിൽ പോസ്റ്റിങ്ങായി ഒരു വർഷമാകാറായപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്.ഈ രോഗത്തിൽ നിന്ന് ജീവിതം തിരികെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ താൻ സ്വയം ജോലി രാജിവയ്ക്കയായിരുന്നു.അവൾ മനസിലോർത്തു.
"മോളുടെ വിവാഹം കഴിഞ്ഞതാണോ?" അതേ എന്നോ അല്ല എന്നോ മനസിലാകാത്ത ഒരു തലകുലുക്കലായിരുന്നു അവളുടെ മറുപടി.
"അതിൽ കുറേ പ്രശ്നങ്ങൾ കാണുന്നുണ്ടല്ലോ,ഞാൻ പറയണതല്ല മോളുടെ കെെരേഖ പറയണതാ.ദേവിയോടു പ്രാർത്ഥിക്ക് ഓക്കെയും മംഗളമാക്കിത്തരാൻ, ആ ശക്തി വിചാരിച്ചാൽ മാറാത്ത തടസങ്ങളൊന്നുമില്ല മോളേ."ഇതും പറഞ്ഞ് അവർ ദക്ഷിണയ്ക്കായി കെെനീട്ടി.പഴ്സ് തുറന്ന് കാശു കൊടുത്തപ്പോൾ അവർ എണീക്കാൻ തുടങ്ങി.
"ഇത്രയും പറഞ്ഞതല്ലേ,എന്നാൽപ്പിന്നെ എൻ്റെ ആയുസുകൂടി ഒന്നു പറഞ്ഞിട്ടുപോ ചേച്ചീ" ഇതും പറഞ്ഞ് അവൾ കെെ വീണ്ടും അവർക്കുനേരേ നീട്ടി.
"ആരുടേം ആയുസ് കൃത്യമായി പറയാനൊക്കില്ല മോളേ.പക്ഷേ മോളുടെ ആയുർരേഖയ്ക്ക് ഒരു തടസവുമില്ല.എൻ്റെ മനസു പറയുന്നു വർഷങ്ങൾകഴിഞ്ഞും മോൾ ഇവിടെ വന്ന് ദേവിയെ കാണുമെന്ന്."
അതുകേട്ടപ്പോൾ അവൾ തെല്ലുറക്കെ പൊട്ടിച്ചിരിച്ചു.നാളെ ഉറക്കമുണരുമോ എന്ന് ഉറപ്പില്ലാത്ത താനാണു വർഷങ്ങൾ കഴിഞ്ഞ് വരണത്.ഓരോ പൊട്ടത്തരങ്ങൾ,വെറുതേ സമയം കളഞ്ഞു.
"അതിൽ കുറേ പ്രശ്നങ്ങൾ കാണുന്നുണ്ടല്ലോ,ഞാൻ പറയണതല്ല മോളുടെ കെെരേഖ പറയണതാ.ദേവിയോടു പ്രാർത്ഥിക്ക് ഓക്കെയും മംഗളമാക്കിത്തരാൻ, ആ ശക്തി വിചാരിച്ചാൽ മാറാത്ത തടസങ്ങളൊന്നുമില്ല മോളേ."ഇതും പറഞ്ഞ് അവർ ദക്ഷിണയ്ക്കായി കെെനീട്ടി.പഴ്സ് തുറന്ന് കാശു കൊടുത്തപ്പോൾ അവർ എണീക്കാൻ തുടങ്ങി.
"ഇത്രയും പറഞ്ഞതല്ലേ,എന്നാൽപ്പിന്നെ എൻ്റെ ആയുസുകൂടി ഒന്നു പറഞ്ഞിട്ടുപോ ചേച്ചീ" ഇതും പറഞ്ഞ് അവൾ കെെ വീണ്ടും അവർക്കുനേരേ നീട്ടി.
"ആരുടേം ആയുസ് കൃത്യമായി പറയാനൊക്കില്ല മോളേ.പക്ഷേ മോളുടെ ആയുർരേഖയ്ക്ക് ഒരു തടസവുമില്ല.എൻ്റെ മനസു പറയുന്നു വർഷങ്ങൾകഴിഞ്ഞും മോൾ ഇവിടെ വന്ന് ദേവിയെ കാണുമെന്ന്."
അതുകേട്ടപ്പോൾ അവൾ തെല്ലുറക്കെ പൊട്ടിച്ചിരിച്ചു.നാളെ ഉറക്കമുണരുമോ എന്ന് ഉറപ്പില്ലാത്ത താനാണു വർഷങ്ങൾ കഴിഞ്ഞ് വരണത്.ഓരോ പൊട്ടത്തരങ്ങൾ,വെറുതേ സമയം കളഞ്ഞു.
കുറേനേരം അവിടെയിരുന്നപ്പോൾ അവൾക്ക് അമ്മയെ ഓർമ്മവന്നു.പാവം തന്നെകാണാതെ വിഷമിക്കയാവും.അച്ഛൻ പോയശേഷം അമ്മയുടെ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ ഞാനായിരുന്നു.എൻ്റെ വേർപാട് ആ പാവത്തിന് സഹിക്കാൻ പറ്റില്ല.സ്നേഹിച്ചു വളർത്താൻ ഒരു പേരക്കുട്ടിയെ എങ്കിലും കൊടുത്തിട്ടുപോകാൻ തനിക്കാകാത്തതിൽ അവൾക്ക് സങ്കടം തോന്നി.
"മല്ലിപൂ മല്ലിപ്പൂ മല്ലിപ്പൂ വേണമാ" അ ശബ്ദം കേട്ടാണ് അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നത്.ആറേഴു വയസുതോന്നിക്കുന്ന ഒരു കുട്ടി,അവളുടെ കെെ നിറയെ മുല്ലപൂകെട്ടിയതും.
"ഏയ് മല്ലിപ്പൂ,ഇങ്കെ വായോ" അവൾ അറിയാവുന്ന തമിഴിൽ വിളിച്ചു."ഒരു മുഴം തായോ"അവൾ പറഞ്ഞു.കുട്ടി മുല്ലപ്പൂമാലപൊട്ടിക്കുന്നതു കണ്ടപ്പോഴാണ് ആ കുഞ്ഞിനു കണ്ണു കാണില്ലെന്ന സത്യം അവൾ മനസിലാക്കിയത്.അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
"എന്താ മോളുടെ പേര്?"
"മല്ലി"
"വീട്ടിലാരൊക്കെയുണ്ട്?"
"എനക്ക് യാരും ഇല്ലയമ്മ,വീടും ഇല്ലെെ,ഇന്ത തെരുവുതാനേ എനക്ക് ഉലകം"
"കാഴ്ചയില്ലാതെ മോളെങ്ങിനാ ഒറ്റയ്ക്ക്...."
അത് എനക്ക് പഴക്കമായാച്ച്.പച്ചേങ്കി ഡോക്ടറമ്മ സൊല്ലിയ്ച്ച് യാരാവത് കണ്ണെകൊടുത്താ എനക്ക് പാർവേ കെടച്ചിടും"
അവളുടെ മലയാളത്തിലുള്ള ചോദ്യത്തിനെല്ലാം ആ കുട്ടി മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.പിന്നെ പൂവിൻ്റെ കാശും വാങ്ങി നടന്നകന്നു
കുറച്ചുനേരം അവിടത്തന്നയിരുന്ന അവൾ പെട്ടെന്ന് എന്തോ ഓർത്തതുപോലെ അ കുട്ടി പോയ വഴിയേ ഓടി.
"മല്ലിപൂ മല്ലിപ്പൂ മല്ലിപ്പൂ വേണമാ" അ ശബ്ദം കേട്ടാണ് അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നത്.ആറേഴു വയസുതോന്നിക്കുന്ന ഒരു കുട്ടി,അവളുടെ കെെ നിറയെ മുല്ലപൂകെട്ടിയതും.
"ഏയ് മല്ലിപ്പൂ,ഇങ്കെ വായോ" അവൾ അറിയാവുന്ന തമിഴിൽ വിളിച്ചു."ഒരു മുഴം തായോ"അവൾ പറഞ്ഞു.കുട്ടി മുല്ലപ്പൂമാലപൊട്ടിക്കുന്നതു കണ്ടപ്പോഴാണ് ആ കുഞ്ഞിനു കണ്ണു കാണില്ലെന്ന സത്യം അവൾ മനസിലാക്കിയത്.അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
"എന്താ മോളുടെ പേര്?"
"മല്ലി"
"വീട്ടിലാരൊക്കെയുണ്ട്?"
"എനക്ക് യാരും ഇല്ലയമ്മ,വീടും ഇല്ലെെ,ഇന്ത തെരുവുതാനേ എനക്ക് ഉലകം"
"കാഴ്ചയില്ലാതെ മോളെങ്ങിനാ ഒറ്റയ്ക്ക്...."
അത് എനക്ക് പഴക്കമായാച്ച്.പച്ചേങ്കി ഡോക്ടറമ്മ സൊല്ലിയ്ച്ച് യാരാവത് കണ്ണെകൊടുത്താ എനക്ക് പാർവേ കെടച്ചിടും"
അവളുടെ മലയാളത്തിലുള്ള ചോദ്യത്തിനെല്ലാം ആ കുട്ടി മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.പിന്നെ പൂവിൻ്റെ കാശും വാങ്ങി നടന്നകന്നു
കുറച്ചുനേരം അവിടത്തന്നയിരുന്ന അവൾ പെട്ടെന്ന് എന്തോ ഓർത്തതുപോലെ അ കുട്ടി പോയ വഴിയേ ഓടി.
ബസിൽ കയറി രണ്ടു തിരുവനന്തപുരം ഒരു ഫുള്ളും ഒരു ഹാഫും എന്ന് കണ്ടക്ടറോടു പറയുമ്പോൾ ജീവിതത്തിൽ എന്തൊക്കെയോ നേടിയ ആഹ്ളാദമായിരുന്നു അവൾക്ക്.ആ മോളെയും ചേർത്തുപിടിച്ച് ബസിലിരിക്കുമ്പോൾ അവളുടെ മനസിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു,അമ്മയുടെ അടുത്തെത്തി ഇവളെ ഏൽപ്പിച്ച് തൻ്റെ മരണശേഷം ഇവൾ എൻ്റെ കണ്ണുകളിലൂടെ ലോകം കണ്ട് അമ്മയോടൊപ്പം എന്നുമുണ്ടാകുമെന്ന് പറയുംവരെ മരണം തന്നെ തേടി എത്തരുതേ എന്ന്.ആ ബസിനൊപ്പം ആവളുടെ മനസും മുന്നോട്ടു കുതിക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.
പിൻകുറിപ്പ്:ബ്ലഡ് കാൻസർ രോഗിയുടെ കണ്ണുകൾ ദാനം ചെയ്യാൻ കഴിയില്ലെന്ന സത്യം എനിക്കറിയാമെങ്കിലും അതറിയിച്ച് അവളുടെ ജീവിതത്തിലെ അവസാന പ്രതീക്ഷയും നശിപ്പിക്കാനുള്ള കരുത്തെനിക്ക് ഇല്ലാത്തതുകൊണ്ട് അവളോടൊപ്പമുള്ള യാത്ര ഞാനിവിടെ അവസാനിപ്പിക്കുന്നു.കെെനോട്ടക്കാരി പറഞ്ഞപോലെ ആയുർരേഖയുടെ കരുത്തിൽ അവൾ ഇനിയും ജീവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
വിജിത വിജയകുമാർ

Kollam
ReplyDelete