നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ മോൾ ചിരിക്കുന്നുണ്ടായിരുന്നു



സ്ക്കൂളിനടുത്ത് ബസിറക്കണമെന്ന് പറഞ്ഞിട്ട്, ആ ഡ്രൈവർ പിന്നേയും കുറേ മുൻപോട്ട് പോയി...ആളിറങ്ങാനുണ്ടെന്ന് ഞാൻ വിളിച്ച് പറഞ്ഞില്ലേൽ, ഇവിടേയും നിർത്തില്ലായിരുന്നു...ഉള്ളിൽ ദേഷ്യമുണ്ടായിരുന്നേലും അതൊരു നോട്ടത്തിൽ മാത്രം ഒതുക്കി , ഞാൻ മോളുടെ കൈയ്യും പിടിച്ച് ബസിറങ്ങി...
വർഷങ്ങൾക്ക് മുമ്പ്, ഏറെ പരിചിതമായിരുന്ന വഴിയിലൂടെ അപരിചിതത്തോടെ നടക്കുകയാണ്..പക്ഷേ ഈ വഴികൾ സമ്മാനിച്ച ഒാർമകൾക്കിപ്പോഴും ആദ്യ മഴ പെയ്ത് നനഞ്ഞ പൊടി മണ്ണിന്റെ ഗന്ധമാണ്...
എല്ലാം മാറിയിരിക്കുന്നു...സ്ക്കൂളും പരിസരങ്ങളും എല്ലാം...അപ്പോൾ, മാറ്റമില്ലാത്തത് എനിക്ക് മാത്രമാണോ? അല്ല, ഞാനും മാറിയല്ലോല്ലേ ...?
സ്കൂളിന്റെ ഗേറ്റിലത്തിയപ്പോൾ, പണ്ട് പതിവായി അവിടെ കപ്പലണ്ടി വിൽക്കാൻ ഇരിക്കാറുള്ള വാസൂട്ടനെ കാണാനില്ല..''കടല വാസു '' എന്നാണ് പിള്ളേരു വിളിച്ചിരുന്നത്...വാസൂട്ടന്റെ കാവലില്ലാത്ത സ്കൂളിൽക്ക് കയറുമ്പോൾ,ഉള്ളിൽ ഒരു ശൂന്യത പോലെ ..പഠിച്ചിറങ്ങിയ സ്ക്കൂളിലേക്ക്, ഒരു അധ്യാപികയായി കയറി ചെല്ലുമ്പോൾ തോന്നുന്ന അഭിമാനം...പക്ഷേ അങ്ങനെയൊരു വികാരം എനിക്കിന്നില്ല..
സ്ക്കൂളിന്റെ മുമ്പിലെ വടവൃക്ഷത്തിന്റെ ഒരില എന്റെ മുമ്പിൽ വന്ന് വീണു...തണൽ മരത്തിന്റെ ഇലകളില്ലാത്ത മുഖത്തേക്ക് നോക്കിയപ്പോൾ, അത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, മുമ്പെങ്ങോ കണ്ട പരിചിത ഭാവത്തോടെ...പൊടി മൈതാനം മലർന്ന് കിടക്കുകയാണ്...അതിലൂടെ കരഞ്ഞോടുന്ന ഒരു 13 വയസ്സ്ക്കാരിയുടെ മുഖം എന്റെ ഒാർമകളിൽ നിന്നുണർന്നു...ആ കരച്ചിലിന്റെ ശബ്ദം എന്റെ ചെവിയിലൂടെ തുളഞ്ഞ് കയറി, എന്റെ ഒാർമകളെ ഉണർത്തി...
ഒട്ടിയ കാലി വയറുമായ് , എത്രയോ ദിവസങ്ങളിൽ, ഇവിടെ വന്നിട്ടുണ്ട്....അന്നൊന്നും ആരും ഒന്നും ചോദിച്ചിട്ടില്ല....ആരോ ചെയ്ത തെറ്റിന്റെ ഫലം , ഒരു കുഞ്ഞ് ജീവനായ് ആ13 ക്കാരിക്ക് ചുമക്കേണ്ടി വന്നപ്പോൾ, വീർത്ത വയറിനെ ചോദ്യം ചെയ്യാൻ എത്രയോ പേരുണ്ടായിരുന്നു....പിഴച്ചവളെ ഇനി ഈ സ്ക്കൂളിൽ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടപ്പോൾ, പിഴച്ചവളെന്ന് വിളിച്ച് എല്ലാരും പരിഹസിച്ചപ്പോൾ നിഷ്കളങ്കതയോടെ അവൾ അമ്മയോട് ചോദിച്ചിട്ടുണ്ട് '' എന്താണമ്മേ പിഴച്ചവളെന്ന് പറഞ്ഞാൽ?എന്നിൽ എന്താണ് പിഴച്ചത്? എനിക്കിനി പഠിക്കാൻ പറ്റില്ലേ ??''' ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ കഴിയാതെ നിന്ന ആ അമ്മയുടെ നോട്ടം , അതാണിപ്പോൾ , ആ 13ക്കാരിയെ ഇന്നിവിടെ എത്തിച്ചത്...
അന്നെല്ലാരും പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ചപ്പോൾ, ആരും ചോദിക്കാതെ പോയൊരു കാര്യമുണ്ട്....പിഴപ്പിച്ചവനെ പറ്റി...ഈ മണ്ണിലേക്ക് വീണ്ടും തിരിച്ച് വന്നതും, ചോദിക്കാതെ പോയ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ്..
ഒാഫീസിലേക്ക് കയറി...കൂടെയുള്ള സഹപ്രവർത്തകരെയൊക്കെ പരിചയപ്പെട്ടു.. ഭിത്തിയിൽ മൺമറഞ്ഞ് പോയ മുൻ അധ്യാപകരുടെ ഫോട്ടോ നോക്കുന്നതിനിടയിൽന്നാണ്, ആ മുഖം ഞാൻ കണ്ടത്...നാരായണൻ മാഷ്...ആ വാക്ക് എന്നിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ, കൂടെയുള്ള ടീച്ചറാണ് പറഞ്ഞത് '' അതെ നാരായണൻ മാഷ്, മരിച്ചിട്ട്, 1വർഷം ആകുന്നു, അതിന്റെ പരിപാടിയാണ് അപ്പുറത്ത് നടക്കുന്നത്, മാതൃകാധ്യാപകനായിരുന്നു...അറിയ്യോ?''
ആ ചോദ്യം എന്നിേലക്ക് വന്ന് തറച്ചപ്പോൾ, ഉള്ളിൽ ഒാർമകളിൽ നിന്ന് പകയുടെ ചോര പൊടിയുന്നുണ്ടായിരുന്നു..,''കേട്ടിട്ടുണ്ട്''എന്ന മറുപടിയിൽ ഞാൻ ആ ഉത്തരത്തെ എന്നിൽ തന്നെ തളച്ചിട്ടു...
പരിപാടി നടക്കുന്നിടത്തേക്ക് ടീച്ചർ എന്നേയും കൂട്ടി കൊണ്ട് പോയി...കൂടെ എന്റെ മകളുമുണ്ട്...വേദിയിൽ എന്നെ കൊണ്ടിരുത്തി...കാണികളുടെ കൂട്ടത്തിൽ മോളേയും ഇരുത്തി...വേദിയിൽ അനുസ്മരണ പ്രഭാഷണം നടക്കുകയാണ്....നാരായണൻ മാഷിനെ പറ്റി , വാക്കുകൾ കൊണ്ട് അർച്ചന നടത്തുന്ന ഒാരോരുത്തരും...മാതൃകാധ്യാപകൻ, നാടിന്റെ ഭാഗ്യം, ....അതൊക്കെ കേൾക്കുമ്പോൾ, എന്റെ ഉള്ളിൽ എന്തോ ആർത്തിരമ്പുന്നുണ്ടായിരുന്നു, ഒരു കടൽ കണക്കെ...മൈക്ക് എന്നിലേക്കെത്തുന്ന നിമിഷത്തിനായ് ഞാൻ എന്നെ തന്നെ നിയന്ത്രിച്ചിരുന്നു...ഈ കടൽ എല്ലാവരിലേക്കും ഒഴുകണം..പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ച ഈ മണ്ണിൽ നിന്ന് കൊണ്ട് തന്നെ, ഉറക്കെ വിളിച്ച് പറയണം...ഞാൻ പിഴച്ചവളല്ല...എന്നെ പിഴപ്പിച്ചതാണ്, അറിവ് പകർന്ന് തരേണ്ടവൻ ,ശരീരം കൂടി പകർന്ന് തന്ന് എന്നെ ചതിച്ചതാണെന്ന്....എല്ലാം പറയണം...എല്ലാവരും അറിയട്ടെ മാതൃകാധ്യാപകന്റെ നന്മകൾ....
സംസാരിക്കാൻ ക്ഷണിച്ച് കൊണ്ട് മൈക്ക് തന്നപ്പോൾ, ഒാർമകളുടെ ഭാരം കൊണ്ട് ഞാൻ തളരുന്നത് പോലെ തോന്നി...എല്ലാ ഭാരവും ഇറക്കി വെക്കാൻ പോകുകയാണ്...
മൈക്ക് വാങ്ങിച്ച്, സംസാരിക്കാൻ തുടങ്ങുമ്പോഴാണ് .. കാണികളുടെ കൂട്ടത്തിൽ രണ്ട് കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടത്...എന്റെ മോളു...അവളുടെ നോട്ടം എന്നിലെ പകയെ ഉരുക്കുന്നത് പോലെ..വാക്കുകൾ പുറത്ത് വരാതെ , ഉള്ളിൽ കിടന്ന് അലിയുകയാണ്..താൻ പിഴച്ച് പെറ്റതാണെന്ന് അവളറിയുമ്പോൾ, ...കുന്തീദേവി പിഴച്ച് പെറ്റിട്ടും, അതിന്റെ ശാപവും ഭാരവും പേറേണ്ടി വന്നത് കർണ്ണനായിരുന്നല്ലോ എന്നോർത്തപ്പോൾ, നാളെ അവളും പിഴച്ചത് എന്നതിന്റെ അർത്ഥം ചോദിക്കുമല്ലോന്ന് ഒാർത്തപ്പോൾ, ഒന്നും വേണ്ടന്ന് തോന്നി.അവൾടെ ചിരിയോടൊപ്പം എന്നിലെ പകയും ഉരുകിയുരുകി ഒരു കണ്ണീരായ് ഒഴുകുകയാണ്...ആ ഇടറുന്ന ശബ്ദത്തിൽ ഞാൻ കുട്ടികൾക്ക് വേണ്ടി ഒരു കവിത ചൊല്ലി കൊടുത്തു...എല്ലാവരും അത് എന്നോടൊപ്പം ഏറ്റ് ചൊല്ലി....
'' കണ്ണ് വേണം ഇരുപ്പുറമെപ്പോഴും,
കണ്ണ് വേണം മുകളിലും താഴേയും
കണ്ണിനുള്ളിൽ കത്തി ജ്വലിക്കുന്ന
ഉൾകണ്ണ് വേണം , അണയാത്ത കണ്ണ് ''
ഈ വരികൾ എപ്പോഴും മനസിൽ ഉണ്ടാകണമെന്ന് പറഞ്ഞ് കൊണ്ട് ഞാൻ മൈക്ക് താഴെ വെച്ചു...അപ്പോഴും എന്റെ മോൾ ചിരിക്കുന്നുണ്ടായിരുന്നു....കാണികൾക്കിടയിൽ നിന്ന് ഉറക്കെ കൈ കൊട്ടുന്നുണ്ടായിരുന്നു....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot