Slider

ആദ്യരാത്രി

0

"അകാലത്തിൽ പൊലിഞ്ഞു് പോയ പ്രിയ സുഹൃത്തിന്‌ ആത്മശാന്തി നേർന്ന് കൊണ്ട് പ്രാർത്ഥനയോടെ "
രാത്രി നമസ്കാരം കഴിഞ്ഞ് സുഹൈൽ രക്ഷിതാവിനോട് കൈകളുയർത്തി പ്രാർത്ഥിച്ചു..
ഇന്ന് തന്റെ ആദ്യ രാത്രിയാണ്.. ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ മറക്കാനാകാത്ത രാത്രി.. എന്നാൽ തനിക്കിതു് നൊമ്പരത്തിനെറയും കണ്ണീരിന്റെയും രാത്രിയാണ്..
തനിക്ക് മാത്രമല്ല താൻ മിന്ന് കെട്ടിയ പെണ്ണിനും..
നാഥാ ... ഞങ്ങൾക്ക് സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യണേ...
പുറത്ത് ശക്തിയായ മഴയും ഇടിമിന്നലും.. സുഹൈലിന്റെ ഹൃദയത്തിൽ അതിനെക്കാൾ ശക്തിയായ കാറ്റും കോളുമാണ്.. വരാനിരിക്കുന്ന നിമിഷങ്ങളെ എങ്ങിനെ അഭിമുഖീകരിക്കുമെന്നറിയാതെ സുഹൈൽ നീറുകയാണ്..
അവന്റെ ഓർമകൾ ഒരു വർഷം പിന്നിലേക്ക് ഊളിയിട്ടു..
ജേഷ്oൻ ഫാസിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതു്, തന്നെ വിവാഹം കഴിപ്പിക്കാൻ കൂടിയായിരുന്നു..
ഉമ്മയും ജേഷ്ഠന്മാരും ജേഷ്ഠത്തിയും സഹോദരിയും അളിയനുമൊക്കെ തനിക്ക് വേണ്ടി പെണ്ണന്വേഷിക്കുന്നതിനിടക്കാണ് അപ്രതീക്ഷിതമായി ആ ദുരന്തം തന്റെ കുടുംബത്തിൽ ഒരു ഇടിത്തിയായി വന്ന് ഭവിച്ചതു്.
അന്ന് വീട്ടിൽ എല്ലാവരുമുണ്ടായിരുന്നു.. ഫാസിൽ വന്നതിന് ശേഷം എല്ലാവരും കൂടി കൂടിയതാണ്.. കളിയും തമാശയുമൊക്കെയായി മറക്കാനാകാത്ത ഒരു ദിവസം.. ഫാസിലിന്റെ പൊന്നുമോൻ റയ്യാനായിരുന്നു അന്ന് താരം.. വാപ്പ കൊണ്ടുവന്ന പുത്തനുടുപ്പും കളിക്കോപ്പുമൊക്കെയായി അവൻ എല്ലാവരുടെയും ഹൃദയം കവർന്നു.. വാപ്പ ഗൾഫിലായിരുന്നപ്പോൾ താനായിരുന്നു അവനെല്ലാം.. ചാച്ച യെന്ന് വിളിച്ച് എപ്പോഴും തന്റെ പിന്നാലെയുണ്ടാകും.. വാപ്പയുടെ കുറവ് അവനെ താൻ അറിയിച്ചിരുന്നില്ല..
ചെറുപ്പത്തിലെ വാപ്പ മരിച്ച തന്റെ കുടുംബത്തെ ഒരു കരക്കെത്തിച്ചതു് ഫാസിലിന്റെ കഠിന പ്രയത്നമാണ്.. എന്നും കുടുംബത്തിന് ഒരു ഭാരമായിരുന്ന മൂത്ത ജ്യേഷ്ഠൻമാരെ പോലെ ആയിരുന്നില്ല ഫാസിൽ..
അത് കൊണ്ടു് തന്നെ അവൻ ഉമ്മാക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു... സഹോദരിയെ വിവാഹം ചെയ്തയച്ചതും തന്നെ പഠിപ്പിച്ച് ഒരു നിലയിലാക്കിയതുമെല്ലാം തന്റെ പ്രിയ സഹോദരനാണ്..
ഇപ്പോഴിതാ , അനുജന് നല്ലൊരു വധുവിനെ കണ്ട് പിടിച്ച് വിവാഹം നടത്താൻ കൂടിയാണ് ഈ വരവു്..
ഫാസിലിന്റെ ഭാര്യ ഹസീന ക്ക് താൻ, ഒരു കൂടപ്പിറപ്പിനെ പോലെയാണ്..
തനിക്ക് നല്ലൊരു കുട്ടിയെ തേടിപ്പിടിക്കാൻ ഇത്തയാണ് മുൻകയ്യെടുക്കുന്നത് ..
എല്ലാവരും കൂടി ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് ഫാസിലിന് ഒരു സുഹൃത്തിന്റെ ഫോൺ കോൾ... വന്നിട്ട് കൂട്ടുകാരെയൊന്നും കണ്ടിട്ടില്ല.. അനുജന്റെ ബൈക്കിന്റെ ചാവിയും വാങ്ങി അവൻ പുറത്തേക്കിറങ്ങി..
ബിരിയാണി കഴിച്ച ക്ഷീണം കൊണ്ട് താൻ ഒന്ന് മയങ്ങിപ്പോയി..
ഉമ്മറത്ത് നിന്ന് കൂട്ട നിലവിളി കേട്ടാണ് സുഹൈൽ പുറത്തേക്ക് ഓടിവന്നതു്..
ഒന്നും മനസ്സിലായില്ല.. ഉമ്മ ബോധംകെട്ട് തറയിൽ വീണ് കിടക്കുന്നു.. ഇത്ത ഒരു പ്രതിമ കണക്കെ നിശ്ചലയായി നിൽക്കുന്നുണ്ട്.. വേഗം ഓടി വന്ന് ഉമ്മാനെ എടുത്ത് അകത്തു് കിടത്തി.. ഉമ്മാക്ക് എന്തോ സംഭവിച്ചെന്നാണ് ആദ്യം കരുതിയതു്.. ജ്യേഷ്ഠത്തിമാരും സഹോദരിയും അലമുറയിട്ട് കരയുന്നു..
അളിയനാണ് കാര്യം പറഞ്ഞത്.. ഇട റോഡിൽ നിന്ന് ശ്രദ്ധിക്കാതെ മെയിൻ റോഡിലേക്കിറങ്ങിയ ഫാസിലിനെ ഒരു ലോറി ഇടിച്ച് തെറിപ്പിച്ചു.. നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയത്രെ..
സുഹൈലിന്റെ തലച്ചോറിൽ ഒരു സ്ഫോടനം നടന്നു.. വേഗം ഷർട്ട് എടുത്തിട്ട് അളിയനും കുടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
അക്ഷമയുടെ നിമിഷങ്ങൾ..
അവന്റെ നാവും ഹൃദയവും പ്രാർത്ഥനാ നിരതമായി...
സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായി വലിയൊരു ജനക്കൂട്ടം.. എല്ലാവരുടെയും മുഖങ്ങളിൽ മ്ലാനത.. സുഹൃത്ത് പ്രകാശ് തന്നെക്കണ്ട് ഓടി വന്നു.. എടാ ഫാസിലിക്ക പോയെടാ.. ഹോസ്പിറ്റലിലെത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.. താൻ ആകെ തളർന്ന് പോയി.. ഈ ഭൂമിയിൽ ഒറ്റപ്പെട്ട് പോയ പോലെ ..കണ്ണിൽ ഇരുട്ട് നിറയുന്നു..
നാട്ടിലും ഗൾഫിലും വലിയ സുഹൃത് വലയമുണ്ടായിരുന്നു, ഫാസിലിന്.. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത പ്രകൃതം .. സദാ പുഞ്ചിരിക്കുന്ന മുഖം..
എല്ലാവർക്കും നൊമ്പരം സമ്മാനിച്ച് അവൻ പറന്നകന്നു...
ഉമ്മ ആ വീഴ്ചയോടെ സമനില തെറ്റിയ പോലെയായി.. വാപ്പയുടെ സ്ഥാനത്ത് നിന്ന് ഒരു കുടുംബം കൈ പിടിച്ചുയർത്തിയ പൊന്നുമോൻ നഷ്ഠപ്പെട്ടത് ഉൾകൊള്ളാൻ ആ മാതൃഹൃദയത്തിനായില്ല.. ആറു് മാസത്തിനുള്ളിൽ ഞങ്ങൾക്ക് തീരാനൊമ്പരമായി മറ്റൊരു വേർപാടും.. പ്രിയപ്പെട്ട ഉമ്മ..
ഇത്തായുടെയും റയാൻ മോന്റെയും വേദന തന്റെയും വേദനയായി..
ഒരു ദിവസം അളിയൻ അത്യാവശ്യമായി നേരിൽ കാണണമെന്ന് പറഞ്ഞു വിളിച്ചു..
ആകാംക്ഷയോടെയാണ് സഹോദരിയുടെ വീട്ടിലെത്തിയതു്..
കുറച്ച് മൗനം പാലിച്ചതിന് ശേഷം മുഖവുരയില്ലാതെ അളിയൻ പറഞ്ഞു... സുഹൈൽ നിനക്ക് എന്തു് കൊണ്ടു് ഹസീനയെ വിവാഹം കഴിച്ച് കൂടാ?
അങ്ങിനെയെങ്കിൽ ഫാസിലിനോടും അവന്റെ മോനോടും നിനക്ക് ചെയ്യാവുന്ന ഏറ്റവും പുണ്യകരമായ പ്രവർത്തിയായിരിക്കും അത്..
ആ വാക്കുകൾ കേട്ട് ഞെട്ടി തരിച്ചിരിക്കുമ്പോൾ സഹോദരി അടുത്ത് വന്ന് പറഞ്ഞു. നീ നല്ലോണം ആലോചിച്ച് സാവധാനം തീരുമാനിച്ചാൽ മതി. ഹസീന നല്ല കുട്ടിയല്ലെ മോനെ. റയാനും അനാഥനാവില്ല.. നിന്നെ റയാൻ മോന് ജീവനാ..
വീട്ടിലേക്കുള്ള യാത്രയിൽ തന്റെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു.. അളിയനും പെങ്ങളും പറഞ്ഞത് ശരിയാണ്. ജ്യേഷ്ഠന് വേണ്ടി എന്തു് ത്യാഗം സഹിക്കാനും താൻ തയ്യാറാണ്.. എന്നാലും ഇത്തയെ ഒരു ഭാര്യയുടെ സ്ഥാനത്ത് സങ്കൽപിക്കാനേ കഴിയുന്നില്ല.. അവസാനം അവൻ ഒരു തീരുമാനത്തിലെത്തി.. ഇത്താക്ക് നൂറ് ശതമാനം സമ്മതമാണെങ്കിൽ മാത്രം..
ആദ്യമൊന്നും ഇത്ത വഴങ്ങിയില്ല.. സഹോദരിയുടെ മാസങ്ങൾ നീണ്ട ശ്രമഫലമായാണ് അവസാനം അവർ സമ്മതം മൂളിയതു് .. കഴിഞ്ഞ ഏതാനും മാസങ്ങൾ തീർത്തും അന്യരെ പോലെയായിരുന്നു ഞങ്ങളുടെ ജീവിതം. ഇത്ത തന്നിൽ നിന്നും ഒരു പാട് അകലം പാലിച്ചു.. അവസാനം ഇതായിരിക്കും റബ്ബിന്റെ വിധി...
അങ്ങിനെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇന്നായിരുന്നു, ഞങ്ങളുടെ നിക്കാഹ് ..
സമയം പത്ത് മണി കഴിഞ്ഞു. മുസല്ല മടക്കി വെച്ച് സുഹൈൽ എഴുന്നേറ്റു. മനസ്സിന് അൽപം കരുത്ത് ലഭിച്ച പോലെ .. തന്റെ അതേ മാനസികാവസ്ഥയിലായിരിക്കും ഇത്തയും..
അല്ല , അവൻ സ്വയം തിരുത്തി.. ഹസീന .....
ഇന്ന് മുതൽ അവൾ തനിക്ക് ഇത്തയല്ല , ഭാര്യയാണ്...
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo