Slider

ഒരു ആത്മഹത്യാക്കുറിപ്പിൽ ഒളിപ്പിച്ചുവെച്ചത് പ്രിയപ്പെട്ട ഏട്ടന്

0

പ്രിയപ്പെട്ട ഏട്ടന്,
പറയാതെ പോകാനാണ് ആദ്യം കരുതിയത് .പക്ഷെ, എന്റെ വിയോഗം വരുത്തുന്ന നഷ്ടങ്ങളെ ഓർത്ത് ജീവിതം ഹോമിക്കാൻ തയാറാകുന്ന ഏട്ടന് ചില തിരിച്ചറിവുകൾ ഞാൻ നൽകട്ടെ,
ഓർമ്മയുണ്ടോ....മൂന്ന് വർഷങ്ങൾക് മുൻപ് ഞാൻ നമ്മുടെ വീട്ടിലേക്ക് വലത് കാൽ വെച്ച് കയറിയ ആ നിമിഷത്തെ കുറിച്ച്...നിറഞ്ഞ മനസ്സോടെ എന്നെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിച്ച നമ്മുടെ അമ്മയെ കുറിച്ച് ,ഒടുവിൽ നമ്മുടെ വികാരങ്ങൾ സംഗമിച്ച ആ നീല രാത്രയെ കുറിച്ച് ,എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അല്ലെ....
അമ്മയില്ലാതെ വളർന്നത് കൊണ്ടാവണം ചേട്ടന്റെ അമ്മ എനിക്ക് നേരെ നീട്ടിയ മാതൃത്വത്തെ ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചത്.എന്റെ തലയിലും ശരീരത്തിലും എണ്ണ തേച്ചു തരുമ്പോഴും എന്റെ ആരോഗ്യത്തെ കുറിച്ച് വേവലാതിപ്പെടുമ്പോഴും എന്റെ കാര്യങ്ങളിൽ സ്വാർത്ഥതയോടെ ഇടപെടുമ്പോഴുമെല്ലാം ഒരായുസ്സിന്റെ സുകൃതം ഞാൻ അനുഭവിക്കുകയായിരുന്നു. ഒടുവിൽ രണ്ട് മാസത്തെ വെക്കേഷൻ ആഘോഷിച്ച് തീർത്ത്‌ ചേട്ടൻ ഗൾഫിലേക്ക് മടങ്ങുമ്പോഴും ആ അമ്മത്തണലിൽ ഞാൻ സുരക്ഷിതയായിരുന്നു.
അങ്ങനെയിരിക്കയാണ് ഞാൻ അവിചാരിതമായി അനീഷിനെ കാണുന്നത്.സ്വാഭാവികതയോടെ എല്ലാ സീമകൾക്കുള്ളിൽ വെച്ച് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.മിസ് കോളിൽ തുടങ്ങിയ ആ ബന്ധം പിന്നീട് മെസ്സേജുകളിലേക്ക് വഴിമാറി.ഒടുവിൽ ദീർഘ നേരം ചിലവഴിച്ച ഫോൺ കോളുകളിലേക്ക് ആ ബന്ധം സൗഹൃദവും കടന്ന് മുന്നേറിയെപ്പോൾ ഞാൻ അപകടം മണത്തു തുടങ്ങിയിരുന്നു.
പക്ഷെ അവനൊരു തന്ത്രശാലിയായ വേട്ടക്കാരനായിരുന്നു.ഇരയുടെ ദൗർബല്യത്തെ കുറിച്ച് നന്നായി പഠിച്ചു വേട്ടക്കിറങ്ങിയ കൗശലക്കാരൻ.അവന്റെ കെണിയിൽ വീണ ആ നിമിഷത്തിൽ തന്നെ ഞാനറിഞ്ഞു ചേട്ടനോടുള്ള എന്റെ സ്നേഹം വെറും കാപട്യമായിരുന്നെന്ന്.ഒടുവിൽ അരുതാത്തത് തന്നെ സംഭവിച്ചു.അവൻ എന്റെ ബെഡ് റൂമിലും....അതെ ഏട്ടാ..എന്റെ പാതിവൃത്യത്തെ ഒരു നിമിഷം ഉണർന്ന എന്നിലെ കാമാഗ്നിയിൽ ഞാൻ കത്തിച്ചുകളഞ്ഞപ്പോൾ അവിടെ ഞാൻ അപമാനിച്ചത് ചേട്ടന്റെ എന്നിലുള്ള വിശ്വാസം കൂടി ആയിരുന്നു.എന്നിലേക്കുള്ള ചേട്ടന്റെ തിരിച്ചറിവുകളുടെ ആദ്യപാഠം....
കാലചക്രം വീണ്ടും കറങ്ങിക്കൊണ്ടിരുന്നു.ഞങ്ങളുടെ ബന്ധവും ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു.എന്നാൽ,ഒരിക്കൽ ഒരു രതിയുടെ സുഖാസ്വാദനത്തിന് ശേഷം എന്റെ മുറിവിട്ട് പുറത്തേക്കിറങ്ങുന്ന അവനെ അമ്മ കണ്ടു.
ആ കാഴ്ചയെ ഉൾക്കൊള്ളാനാവാതെ പൊട്ടിക്കരഞ്ഞ നമ്മുടെ അമ്മയെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ,ഈ നയവഞ്ചകിയുടെ മുഖത്തേക്ക് അവർ കാർക്കിച്ചുതുപ്പുകയാണ് ചെയ്തത്.ഒടുവിൽ അഭിമാനക്ഷതം ഭയന്ന് അവൻ അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ ഞാൻ അവനെ സഹായിക്കാനാണ് ശ്രമിച്ചത്. അതെ,ഏട്ടാ നമ്മുടെ അമ്മയുടെ മരണം സ്വാഭാവികമായിരുന്നില്ല.അത് ഈ നന്ദികെട്ടവൾ ചെയ്ത മഹാപാതകത്തിൽ ഒന്നായിരുന്നു.സ്വന്തം തെറ്റുകളെ മൂടിവെക്കാൻ മാതൃത്വത്തെ കഴുത്ത് ഞെരിച്ചു കൊന്നപ്പോൾ അവിടെ എനിക്ക് നഷ്ടപെട്ടത് എന്നിലെ മനുഷ്യത്വം കൂടിയായിരുന്നു. എന്നിലേക്കുള്ള ചേട്ടന്റെ തിരിച്ചറിവുകളുടെ രണ്ടാം പാഠം....
രണ്ട് വർഷത്തെ നമ്മുടെ കാത്തിരിപ്പിന് വിരാമമായി.നമുക്ക് ഒരു മോള് ജനിച്ചു.തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വീണുകൊണ്ടിരുന്നു എനിക്ക് തിരിച്ചുകയറാനുള്ള അവസാന അവസരം കൂടിയായിരുന്നല്ലോ അത്..
പക്ഷെ ഒരു രതിക്ക് ശേഷമുള്ള കൊച്ചു വർത്തമാനത്തിൽ നിറയെ അവസരങ്ങൾ തുറന്നുവെച്ച ഒരു ഭാവിയെ കുറിച്ച് പറഞ്ഞു അവൻ എന്നെ മോഹിപ്പിച്ചപ്പിച്ചു.ഏട്ടനും മോളുമില്ലാതെ ഞങ്ങൾ രണ്ട് പേരും മാത്രമുള്ള ഒരു ലോകം.അവൻ കുത്തിവെച്ച ഉന്മാദ ലഹരിയിൽ മലീമസമായ എന്റെ മനസ്സിന് അപ്പോൾ ശെരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷിയില്ലായിരുന്നു.
അതെ ഏട്ടാ,നിഷ്കളങ്കമായി എന്നെ നോക്കിച്ചിരിക്കുകയായിരുന്ന നമ്മുടെ മോളെ ഞാൻ കോരിയെടുത്തു.അവൾക്ക് കൊടുക്കാറുള്ള പാലിൽ വിഷം ചേർത്ത് അവളെ അവസാനമായി ഊട്ടുമ്പോഴും അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു.ഒടുവിൽ എന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ച് ഞാനവളെ എന്നെന്നേക്കുമായി ഉറക്കി.മണിക്കൂറുകൾക്ക് ശേഷം അവളുടെ തണുത്ത് മരവിച്ച ശരീരം എനിക്ക് അനുഭവിക്കാനായി.സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തന്റെ കുഞ്ഞുമോളെ പാലിൽ വിഷം ചേർത്ത് കൊന്ന എന്നിലെ മാതൃത്വം ലോകത്തിന് തന്നെ അപമാനമാണ്.എന്നിലേക്കുള്ള ചേട്ടന്റെ തിരിച്ചറിവുകളുടെ മൂന്നാം പാഠം....
ഇന്ന് എന്റെ മരണത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ചേട്ടനായിരുക്കുമെന്ന് എനിക്കറിയാം.ചെകുത്താൻ പോലും ശപിച്ച ഈ ജന്മത്തിന് ഒരു ഈശ്വരനും മാപ്പ് തരില്ല.എന്നാലും ഞാൻ പോകുന്നത് സന്തോഷത്തോടെയാണ്.ഇതെല്ലാം ഏട്ടനെ അറിയിക്കാനായല്ലോ എന്ന സന്തോഷത്തിൽ.
അവസാനമായി ഒന്ന് കൂടെ ഓർമിപ്പിക്കട്ടെ.അനീഷ് മണിക്കൂറുകൾക്ക് മുൻപ് എന്നെ കാണാൻ വന്നിരുന്നു.അവൻ വേറെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞു.ഒരിക്കൽ കൂടി ഞാൻ അവനെ എന്നിലേക്ക് ക്ഷണിച്ചു.ഒടുവിലത്തെ അത്താഴത്തിന് ആർത്തിയോടെ വന്ന ആ വഞ്ചകനെ മദ്യത്തിൽ വിഷം കലർത്തി ഞാൻ കുടിപ്പിച്ചു.അവനും എന്റെ കൂടെ ഈ യാത്രയിലുണ്ട്.അതെ ഏട്ടാ...ഏട്ടന് ഇനി ചെയ്യാൻ ഒന്നുമില്ല .എന്റെ സ്മൃതിമണ്ഡപത്തിൽ കാർക്കിച്ചു തുപ്പുകയെന്നല്ലാതെ...
(അസംഭവ്യം എന്ന വാക്ക് കൊണ്ട് ഇതിനെ നിർവ്വചിക്കാൻ കഴിയില്ല.ഇത്തരം വാർത്തകൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ)
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo