Slider

അവസാനത്തെ സന്ധ്യക്കിളി

0

ദൂരെ ഒരു ഒറ്റമരം..അതിന്റെ ശിഖരത്തിലാണ് കിളിയിരിക്കുന്നത്.. അതിന്റെ ചുവട്ടില്‍ ചെന്നതും അത് ദൂരേക്ക് പറന്നു പോയി..
സ്വപ്നത്തില്‍ നിന്നും മാര്‍ത്ത ഞെട്ടിയുണര്‍ന്നു. .സമയം വെളുപ്പിന് മൂന്നു മണി കഴിഞ്ഞിരിക്കുന്നു.
ഹോസ്റല്‍ മുറിയുടെ ജനലിനു പുറത്തു കൂടി നോക്കി.നിലാവില്‍ തണുത്തു നില്ക്കുന്ന മരക്കൂട്ടങ്ങള്‍. ദൂരെ എവിടെ നിന്നോ ഒരു കോഴി കൂവുന്ന ശബ്ദം..
ലാപ്ടോപ് അപ്പോഴും തുറന്നിരിക്കുകയാണ്.അതിന്റെ സ്ക്രീനില്‍ ആ കിളിയുടെ ചിത്രം.
സന്ധ്യക്കിളി.
ഒരു പക്ഷെ അവസാനത്തെ സന്ധ്യക്കിളി.”നീല്‍ഗിരി ബ്ലൂ റോബിന്‍’ എന്ന് പക്ഷി നിരീക്ഷികര്‍ പേര് കൊടുത്ത അപൂര്‍വ ഇനം പക്ഷി.ചോലവനങ്ങളില്‍ മാത്രം കാണപെടുന്ന ഇനം.
വംശം അറ്റ് തീരാറായ പക്ഷികളുടെ വെബ് പേജിലേക്ക് അറിയാതെയാണ് മാര്‍ത്ത പരതി ചെന്നത്.കഴിഞ്ഞ വര്‍ഷം നടന്ന അന്താരാഷ്ട്ര പക്ഷി സര്‍വേ പ്രകാരം അന്ന് രണ്ടു പക്ഷികള്‍ മാത്രമേ ആ വംശത്തില്‍ ഉണ്ടായിരുന്നുള്ളൂ.
.ഏറ്റവും ഒടുവില്‍ മാര്‍ത്ത തിരഞ്ഞു ചെന്ന ഫെയ്സ്ബുക്കിലെ ഗ്രൂപ്പ് പേജിലെ വിവരം അനുസരിച്ച് ഇപ്പോള്‍ ഒരു പക്ഷി മാത്രമേ ഇനി കാണുകയുള്ളൂ.
ഉറപ്പൊന്നുമില്ല.ചിലപ്പോ ഒരു പക്ഷി കാണാം.അല്ലെങ്കില്‍ ഇതിനകം തന്നെ സന്ധ്യക്കിളികള്‍ ഭൂമുഖത്ത് നിന്നു മറഞ്ഞിരിക്കാം.
പിറ്റേന്ന് തന്നെ മാര്‍ത്ത ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ സമീറിനെ വിളിച്ചു.
“മാര്‍ത്തയുടെ മോഹം ഒരു ഭ്രാന്താണ് എന്ന് ഞാന്‍ പറയില്ല....ഒരു പക്ഷി സ്നേഹിയുടെ ആവേശം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.പക്ഷെ ഇതുമായി ബന്ധപ്പെട്ട് മാര്‍ത്തയെ സഹായിക്കാന്‍ ഉള്ള കഴിവ് ഇന്ന് കേരളത്തില്‍ ഒരാള്‍ക്കേ ഉള്ളു.’
“ജിനചന്ദ്രന്‍.കാരണം ബ്ലൂ റോബിനെ കുറിച്ച് ഏറ്റവും ഗവേഷണം നടത്തിയിട്ടുള്ളത് അയാളാണ്.അന്താരഷ്ട പക്ഷി സംഘടന I.U.C.N അയാളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.അവസാനത്തെ സര്വേ പ്രകാരം രണ്ടു പക്ഷികള്‍ എന്നാ ഡേറ്റ കൊടുത്തതും അയാളാണ്.”
‘എനിക്ക് പുള്ളിയെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റുമോ..”
“നമ്പര്‍ തരാം.പക്ഷെ ആള് സഹായിക്കാന്‍ സാധ്യത കുറവാണു.നന്നായി മദ്യപ്പിക്കും.പ്രത്യേക ടൈപ്പ്.തീരുമാനം മാര്‍ത്ത സ്വയമെടുക്കുക.”
പിറ്റേന്ന് വൈകുന്നേരം നഗരത്തിലെ ഒരു കഫെയില്‍ മാര്‍ത്ത ജിനച്ചന്ദ്രനെ കാത്തിരുന്നു.അയാള്‍ ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങി.വടിക്കാത്ത താടി,അലക്ഷ്യമായി വളര്‍ന്നിരിക്കുന്നു.... മദ്യപാനം മൂലം ചുവന്ന കണ്ണുകള്‍.മുഷിഞ്ഞ വരയന്‍ഷര്‍ട്ടും മുണ്ടും
.അയാളുടെ ആത്മാവ് കണ്ണുകളില്‍ മാത്രം ചുരുങ്ങിയിരിക്കുന്നു എന്ന് മാര്‍ത്തക്ക് തോന്നി.അത്ര തിളക്കമുണ്ട് കണ്ണുകള്‍ക്ക്‌.
.
അയാള്‍ എതിരെയുള്ള കസേരയില്‍ വന്നിരുന്നു.
“ചായയോ കാപ്പിയോ...” മാര്‍ത്ത ചോദിച്ചു.
“ഒന്നും വേണ്ട.” മുഴക്കമുള്ള സ്വരം.
അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ട്‌ എന്ന് മാര്ത്ത ക്ക് മനസ്സിലായി.
“മാര്‍ത്ത എന്നല്ലേ പേര്..”അയാള്‍ ചോദിച്ചു.
"അതെ." അവള്‍ പറഞ്ഞു.
അയാള്‍ അമര്ത്തി മൂളി.
“ഈ ദൌത്യത്തിന് മാര്‍ത്തയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്.ഒരു ലക്ഷം രൂപയാണ് എന്റെ് ഫീസ്‌.സമ്മതമാണെങ്കില്‍ ഞാന്‍ ബാക്കിയുള്ള കണ്ടീഷന്സ് പറയാം.”
മാര്‍ത്ത ഒരു നിമിഷം ഒന്നും മിണ്ടിയില്ല.അവള്‍ പുറത്തേക്ക് നോക്കി.
കഫെയുടെ ഗ്ലാസ് ജനാലയുടെ പുറത്തു ചിത്രത്തില്‍ വരച്ചത് പോലെ ഒരു മേഘം നഗരത്തിനു മേല്‍ കുട വിരിച്ചു നില്ക്കുന്നത് അവള്‍ കണ്ടു.
അവരുടെയിടയിലെ മൗനത്തിനിടയില്‍ ആ മേഘം അല്പം ചലിച്ചു.ആ നിമിഷത്തില്‍ നഗരത്തിനു ഒരു കപ്പലിന്റെ മേല്ത്തട്ട് പോലെയാണെന്ന് അവള്‍ക്ക് തോന്നി.
“സമ്മതമാണ്.”അവള്‍ പറഞ്ഞു.
“ശരി.അവസാനത്തെ ബ്ലൂ റോബിനെ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ആവശ്യം.അത് എന്തിനാണ് എന്ന് എനിക്കറിയില്ല.കണ്ടെത്താന്‍ ഉള്ള സാധ്യത കുറവാണു.ഒരു ഭ്രാന്തമായ ആഗ്രഹമാണ് ഇത്.ചുള്ളിയാര്‍ റിസര്‍വ്വ് വനം ആണ് സന്ധ്യക്കിളിയുടെ കേരളത്തിലെ ആവാസ വ്യവസ്ഥ. അവിടുത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് നിങ്ങളെ കൂട്ടി കൊണ്ട് പോകാം.തിരയാം.പക്ഷിയെ കണ്ടാലും കണ്ടില്ലെങ്കിലും പണം മുന്‍‌കൂര്‍ തരണം..ഇതു ഫസ്റ്റ് കണ്ടീഷന്‍..”
“സമ്മതം.എന്താ അടുത്ത കണ്ടീഷന്‍..”
“നന്നായി മദ്യപിക്കുന്ന ഒരു പുരുഷനാണ് ഞാന്‍.എന്നോടൊപ്പം ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ വനത്തില്‍ ഒന്നിച്ചു കഴിയേണ്ടി വരും.”
“നിങ്ങളുടെ ലേഖനങ്ങള്‍ എല്ലാം തന്നെ ഞാന്‍ വായിച്ചിട്ടുണ്ട്.കാടിനെ ശരിക്കും അറിയുന്നയാള്‍.അതിന്റെ നിയമങ്ങള്‍ അറിയാത്തയാളല്ല നിങ്ങള്‍.വനത്തില്‍ ഒറ്റയ്ക്കാവുമ്പോള്‍ നിങ്ങള്‍ എന്നെ ബലാല്ക്കാ്രം ചെയ്യാന്‍ മുതിരുമെന്ന് എനിക്ക് തോന്നുന്നില്ല.”.
അവളുടെ ശബ്ദം അല്പ്പം കൂര്‍ത്തിരുന്നു..
രണ്ടു പേരും ഒന്നും പറഞ്ഞില്ല.പുറത്തു സന്ധ്യ തുടങ്ങിയിരുന്നു.
രണ്ടു ദിവസങ്ങള്ക്ക് ശേഷം അയാള്‍ പറഞ്ഞത് അനുസരിച്ച് അവള്‍ റിസര്‍വ്വ് ഫോറസ്റ്റ് തുടങ്ങുന്ന ചെറുപട്ടണത്തില്‍ എത്തി.അവിടെ അയാളുടെ പരിചയത്തില്‍ ഉള്ള ഒരു വീട്ടില്‍ അവളുടെ താമസം ശരിയാക്കിയിരുന്നു.പിറ്റേന്ന് വെളുപ്പിനെ ബൈക്കില്‍ അയാള്‍ അവളെ കൊണ്ട് പോവാനെത്തി.
അയാളെ കണ്ടു അവള്‍ അത്ഭുതപ്പെട്ടു.ഷേവ് ചെയ്തു മുടി വെട്ടി ഒതുക്കിയിരിക്കുന്നു. ജീന്സും പല കള്ളികള്‍ ഉള്ള ജാക്കറ്റും..തോളില്‍ വലിയ ബാഗ്.ഒരു തികഞ്ഞ പ്രഫഷണല്‍ ലുക്ക്.
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെ ന്റില്‍ അയാള്ക്ക് ബന്ധങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ ജീപ്പില്‍ അവര്‍ വനത്തിലേക്ക് പോയി.സന്ധ്യക്കിളി ഉണ്ട് എന്ന് കരുതപെടുന്ന കിളിമലയുടെ അടിവാരത്ത് ജീപ്പ് ചെല്ലുന്ന വഴി തീരുന്നു.
“ഇവിടം മുതല്‍ നടക്കണം...താഴ്വരയില്‍ കണ്ടില്ലെങ്കില്‍.. നമ്മുക്ക് കിളി മല കയറേണ്ടി വരും.”
അവള്‍ നോക്കി.ഒരു വലിയ പാറ എന്ന് പറയുന്നതാവും ശരി.അതാണ് കിളിമല.ചില ചെറിയ കുറ്റിചെടികളും ചെറു മരങ്ങളും മാത്രം...അതിനു മുകളില്‍ എങ്ങെനെ കയറും...
അവര്‍ മുന്നോട്ടു നടന്നു.ഇടതൂര്‍ന്ന വൃക്ഷങ്ങളും വനത്തിന്റെ ഗന്ധങ്ങളും..
“ഓരോ മണവും ഓരോന്നിന്റെയാവും...വനത്തില്‍ പലതരം ജീവനുകള്‍ കുടികൊള്ളുന്നു..നമ്മള്‍ അവരുടെയിടയില്‍ എത്തുമ്പോ അവര്‍ അത് അറിയും...അത് പരസപരം അറിയിക്കുവാന്‍ കൂടിയാണ് ഈ ഗന്ധങ്ങള്‍.."
ജിനചന്ദ്രന്‍ പറഞ്ഞു.
“കരടി വരുന്ന പാതയാണ്..”ജിനചന്ദ്രന്‍ അവളോട്‌ പറഞ്ഞു.
ഇടക്ക് അയാള്‍ നിന്നു കാതോര്‍ത്തു.. .
വനമൗനത്തില്‍ ഒരു കിളിയുടെ പാട്ട് കേള്‍ക്കാം.. ദൂരെ നിന്ന്.
“അത് റോബിന്റെ ശബ്ദമാണ്.സന്ധ്യക്കിളിയുടെ...ഒരു പക്ഷെ താന്‍ പറയുന്നത് പോലെ അവസാനത്തെ സന്ധ്യക്കിളിയുടെ പാട്ട്..".

അവളും അത് കേട്ടു.
അവര്‍ പാട്ട് കേട്ട ദിശ നോക്കി നടന്നു.മുകളില്‍ ജ്വലിക്കുന്ന സൂര്യന്‍.വന്മരങ്ങള്‍ കുറഞ്ഞു കൊണ്ടിരുന്നു...പാതയില്‍ പാറക്കൂട്ടങ്ങള്‍..മുള്ചെടി പടര്പ്പു കള്‍....കാലുകള്‍ മുറിഞ്ഞു തുടങ്ങിയിരിക്കുന്നു
.
ഇടക്ക് അവര്‍ നില്ക്കും .പക്ഷിയുടെ കരച്ചില്‍ ശ്രദ്ധിക്കും.മുന്നോട്ട് നടക്കും.അപ്പോള്‍ മനസ്സിലായി.
കിളിമലയുടെ മുകളിലേക്കാണ് അത് തങ്ങളെ കൂട്ടി കൊണ്ട് പോവുന്നതെന്ന്.
ഇടക്ക് അവര്‍ തളര്‍ന്നിരുന്നു..അവളുടെ ടീ ഷര്ട്ട് വിയര്പ്പില്‍ കുതിര്ന്നുണ.ബാഗില്‍ കരുതിയിരുന്ന വെള്ളം തീരാറായി.
“ മാര്‍ത്തക്ക് മുകളിലേക്ക് പോകാന്‍ വയ്യെങ്കില്‍ പോകണ്ട..എന്റെ ഫീസ്‌ ഒന്നും വേണമെന്നില്ല.താന്‍ പറഞ്ഞത് പോലെ ഞാന്‍ ഒരു പക്ഷി സ്നേഹി മാത്രമല്ല.മനുഷ്യസ്നേഹി കൂടിയാണ്.”
അയാള്‍ ചിരിക്കുന്നത് അവള്‍ ആദ്യമായാണ് കണ്ടത്.സുന്ദരമായ ചിരി.
“സാരമില്ല.കയറാം.”അവളും ചിരിച്ചു കൊണ്ട് പറഞ്ഞു.
നേരം ഉച്ച ആയിരുന്നു.ബാഗില്‍ ഉണ്ടായിരുന്ന ബ്രെഡ്‌ ജാം കൂട്ടി കഴിച്ചു.അല്പം വിശ്രമിച്ചു..വനത്തിന്റെ കേട്ടാല്‍ മതിവരാത്ത നിശബ്ധത ആസ്വദിച്ചു. പിന്നെ കയറ്റം തുടങ്ങി.
കയറുംതോറും മല വലുതായി വരുന്നത് പോലെ.മലയുടെ ഉച്ചി നീലമേഘങ്ങളെ തൊടുന്നു.
“കയറുമ്പോ സൂക്ഷിക്കണം...”ജിനച്ചന്രന്‍ താഴെയുള്ള മാര്‍ത്തയോട് പറഞ്ഞു..
പാറയ്കിടയില്‍ പറ്റിപിടിച്ചിരിക്കുന്ന പുല്തടങ്ങളില്‍ അള്ളിപിടിച്ചാണ് കയറുന്നത്.
പെട്ടെന്ന് മാര്‍ത്തക്ക് തളരുന്നത് പോലെ തോന്നി.ഒരു കാല്‍ അടുത്തുള്ള പാറയില്‍ വച്ച ഉടനെ അള്ളിപിടിച്ച കൈകള്‍ പിടിവിട്ട് ഊര്‍ന്നു..ഇപ്പോള്‍ കൈവിരല്ലുകള്‍ അറ്റം പാറയുടെ ഒരു അരികില്‍ ഉടുമ്പി പോലെ അള്ളിപിടിച്ച് അവള്‍ തൂങ്ങി നില്ക്കുകയാണ്.മരണത്തെ മുന്നില്‍ കാണുകയാണ്.
“മാഷേ...”അവള്‍ ഉറക്കെ നിലവിളിച്ചു..
നിലവിളി കേട്ടു ജിനചന്ദ്രന്‍ തിരിച്ചിറങ്ങി.തിരികെ ഇറങ്ങാന്‍ അതിലേറെ പാടാണ്.ഒരു ചുവട് തെറ്റിയാല്‍ നൂറു കണക്കിന് അടി താഴെയുള്ള പാറക്കെട്ടിലെക്ക് നിപതിക്കും.
“ മാര്‍ത്ത..പിടി വിടരുത്..അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അയാള്‍ തലയില്‍ കെട്ടിയ ടവല്‍ ഊരി വടം പോലെ ചുരുട്ടി താഴേക്ക് ഇട്ടു.
“വലിയ ബലം കൊടുക്കാതെ പിടിച്ചു കയറ്.."
പെട്ടെന്ന് വീണ്ടും തൊട്ട് മുകളില്‍ നിന്ന് സന്ധ്യക്കിളിയുടെ ശബ്ദം ..പേടിക്കണ്ട എന്ന് പ്രിയപ്പെട്ടവര്‍ ആരോ പറയുന്നത് പോലെ..ഒരു ഊര്‍ജം വിരലുകളില്‍ വന്നു നിറയുന്നത് അവള്‍ അറിഞ്ഞു...അയാള്‍ എറിഞ്ഞു തന്ന തോര്‍ത്തില്‍ അള്ളി പിടിച്ചു അയാള്‍ മുകളില്‍ കയറി.
“താങ്ക്സ്...”അവള്‍ പറഞ്ഞു.
“നോ മെന്ഷന്‍...ഫീസ്‌ ഇതിനോക്കെയാണ്.....”അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
പാറയിടുക്കില്‍ നിന്ന് പനച്ചു വരുന്ന തണുത്ത ജലം അവര്‍ മൊത്തി കുടിച്ചു.അമൃത് പോലെ തോന്നി..
“ഇനി കുറച്ചേയുള്ളൂ...ഇരുന്നാല്‍ പിന്നെ കയറാന്‍ പറ്റില്ല...”ജിനചന്ദ്രന്‍ പറഞ്ഞു.
അവര്‍ കയറ്റം തുടര്‍ന്നു .മുകളില്‍ കയറി.പാറയുടെ മുകളില്‍ മലര്‍ന്നു കിടന്നു ആശ്വസിച്ചു. രണ്ടു പേരും തളര്‍ന്നിരുന്നു..കാട് കയറി വന്ന ഒരു ചെറുകാറ്റ്‌ വീശി.അതിനു മഞ്ഞിന്റെ തണുപ്പ് തോന്നി.
വീണ്ടും കിളിയുടെ ശബ്ദം..അവര്‍ വീണ്ടും അതിനു പുറകെ തിരഞ്ഞിറങ്ങി...അവരെ കബളിപ്പിച്ചു അത് വീണ്ടും മറഞ്ഞു.വലിയ മരങ്ങള്ക്കിടയിലൂടെ അവര്‍ വീണ്ടും നടന്നു.ഇടക്ക് അതിന്റെ സ്വരം കേള്ക്കാം ..
.പിന്നെ കേള്ക്കില്ല...നേരം സന്ധ്യോട് അടുക്കുന്നു..
“വനം ഇങ്ങനെയാണ്..നമ്മള്‍ ആഗ്രഹിക്കുന്നതു ആ സമയത്ത് നമ്മള്ക്ക് കാട്ടി തരില്ല...വെറുതെ ഒരു ദിവസം വന്നിരുന്നെങ്കില്‍ ആ കിളിയെ ഒരു പക്ഷെ നമ്മള്ക്ക് കാണാന്‍ പറ്റിയേനെ...”അയാള്‍ പറഞ്ഞു.
“ജീവിതം പോലെ..അല്ലെ...” മാര്‍ത്ത ചോദിച്ചു.
അയാള്‍ മറുപടി പറഞ്ഞില്ല.
“ഇനി നമ്മുക്ക് തിരികെ പോകാം...എന്തായാലും ഒരു സന്ധ്യക്കിളി ബാക്കിയുണ്ടല്ലോ അത് മതി.”അവള്‍ പറഞ്ഞു.
അവര്‍ തിരികെ നടന്നു.പാറയുടെ മുകളില്‍ എത്തി.താഴെ ഇരുണ്ട വനം.ദൂരെ ചുവന്ന ചക്രവാളം.ഒരു കിളിക്കൂട്ടം ആ ചുവപ്പിലൂടെ കൂട്ടിലേക്ക് തിരികെ പറക്കുകയാണ്.
“വീട്ടില്‍ ആരൊക്കെയുണ്ട്...”അയാള്‍ ചോദിച്ചു.
“അച്ഛനും അമ്മയും ചേച്ചിയും...മൂന്നു പേരും മരിച്ചു...കാന്സനര്‍ ...ഇനി ഞാന്‍ മാത്രമേ ഉള്ളു.”.അവള്‍ പറഞ്ഞു.
“ദൗത്യം പരാജയപ്പെട്ടതില്‍ സങ്കടമുണ്ട്. മാര്‍ത്ത എന്ന തന്റെ പേരാണ് തനിക്കു സമ്മതം തരാന്‍ എനിക്ക് പ്രേരണയായത്.സഞ്ചാരി മാടപ്രാവുകളിലെ അവസാനത്തെ പ്രാവിന്റെ പേര് മാര്‍ത്ത എന്നായിരുന്നു..”
“ഇനി ഒരിക്കലും അവ ഭൂമുഖത്ത് ഉണ്ടാവില്ല അല്ലെ...”അവള്‍ ചോദിച്ചു.
“ഇല്ല.പക്ഷെ...സന്ധ്യക്കിളി അങ്ങനെയല്ല...അതിനു രക്ഷപെടാന്‍ ഇനിയും സമയമുണ്ട്...പ്രതീക്ഷകളാണ് എല്ലാ ജീവജാലങ്ങളുടെയും ശക്തി...”
അവര്‍ തിരിച്ചിറങ്ങാന്‍ തുടങ്ങി.
അപ്പോള്‍ പാറയുടെ ഉച്ചിയിലെ ഉയര്‍ന്നു നില്‍ക്കുന്ന നെല്ലിമരത്തിന്റെ ഏറ്റവും ഉയര്‍ന്ന ശിഖരത്തിലേക്ക് ഒരു കിളി പറന്നു വന്നിരുന്നു.പാറയില്‍ അള്ളി പിടിച്ചു ഇറങ്ങുന്ന ജിനച്ചന്ദ്രനെയും മാര്‍ത്തയെയും അത് സാകൂതം നോക്കി.
അത് ബ്ലൂ റോബിന്‍ ഇനത്തില്‍ പെട്ട സന്ധ്യക്കിളി ആയിരുന്നു.അവസാനത്തെ സന്ധ്യക്കിളി.പക്ഷെ ഇത്തവണ അത് കരഞ്ഞില്ല.
(അവസാനിച്ചു)

By: Anish francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo