നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം..


പ്രണയം..
അതു കേക്കുമ്പൊ അറിയാത്തൊരു നൊമ്പരം മനസ്സിലേക്കോടി
വരും..
ആരും കാണാതെ മിഴികൾ തുടച്ചു ഞാൻ പിന്നേം പുഞ്ചിരിക്കും..
കാരണം ആദ്യ പ്രണയം അത്ര പെട്ടെന്നൊന്നും മറക്കാൻ ഒക്കില്ലാലോ..
നന്നായി തന്നെ പ്രണയിച്ചു ഞങ്ങൾ രണ്ടുപേരും..
വീട്ടിൽ അറിയിച്ചില്ല..
കാരണം രണ്ടാളും രണ്ടു മതങ്ങളിൽ പെട്ടവർ..
അറിഞ്ഞാൽ ഭൂകമ്പം ഉണ്ടാവുന്നു ഉറപ്പാരുന്നു...
പകഷെ മക്കളെ പ്രത്യേകിച്ചും പെണ്മക്കളെ ശ്രദ്ധാ പൂർവ്വം വീക്ഷിക്കുന്ന ഉമ്മമാർക്കു അവരുടെ ഭാവമാറ്റം പെട്ടെന്നു മനസ്സിലാവുമല്ലോ..
എന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു..
വേറെ വഴിയില്ലാത്തതു കൊണ്ടു ഉമ്മാനോടു കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നു..
എല്ലാം കേട്ടു കഴിഞ്ഞു ഉമ്മ ബഹളം വെക്കുമെന്നാരുന്നു ഞാൻ കരുതിയെ..
അങ്ങിനെ ഉണ്ടായാൽ അവനില്ലാതൊരു ജീവിതം എനിക്കും വേണ്ടാന്നു ഉമ്മാനോടു പറയണം എന്നു
മനസ്സിലുറപ്പിച്ചു..
പക്ഷേ ഉമ്മ ഒന്നും മിണ്ടിയില്ല..
പകരം എന്നെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു..
എന്തിനാരുന്നു അന്നുമ്മ കരഞ്ഞതെന്നു എനിക്കു ഇന്നുമറിയില്ല..
എനിക്കും കരച്ചിൽ
വന്നിരുന്നു..
പെട്ടെന്നുമ്മ എന്തോ ഓർത്തെന്ന പോലെ എന്റെ കണ്ണു തുടച്ചു എന്നെ നോക്കിയൊന്നു പുഞ്ചിരിചു..
പിന്നെ "മോള് ചെന്നു പഠിക്കു..
ഉമ്മ ഭക്ഷണം റെഡിയാക്കട്ടെ" എന്നും പറഞ്ഞു അടുക്കളയിലോട്ടു പോയി..
വാപ്പാക്കും അനിയത്തിമാർക്കും ഭകഷണം വിളംബിക്കൊടുത്തു ഉമ്മ എന്റരികിലെക്കു വന്നു..
കൂടുതൽ പഠിക്കാനുള്ള ദിവസങ്ങളിൽ അങ്ങിനെ ചെയ്യാറുള്ളത് കൊണ്ടു വാപ്പാക്കും ഉമ്മാന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നീട്ടുണ്ടാവില്ല..
എല്ലാരും ഉറങ്ങിയെന്നു ഉറപ്പായപ്പോ ഉമ്മ എന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി..
വർഷങ്ങൾക്കു ശേഷം അന്നാദ്യമായി എനിക്കു ഉമ്മാന്റെ കൈകൊണ്ടു ഭക്ഷണം വാരിത്തന്നു..
എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാരുന്നു..
ഞാൻ കഴിക്കുന്നതും നോക്കിയിരിക്കുന്ന ഉമ്മ കരയുന്നതു ഞാൻ കാണാതിരിക്കാൻ ആവണം ഇടക്കിടെ മുഖം തിരിച്ചു കണ്ണുകൾ തുടച്ചത്‌..
കൈകഴുകി തിരിച്ചു കിടപ്പു മുറിയിലേക്കു നടക്കാനൊരുങ്ങുമ്പോ ഉമ്മ എന്റെ കൈപിടിച്ചു..
എന്നിട്ടു പതിഞ്ഞ ശബ്ദത്തിൽ വാ എന്നും പറഞ്ഞു എന്നേം കൂട്ടി ഉമ്മാടെ മുറിയിലേക്കു നടന്നു..
പകൽ മുഴുവനും കൂലിപ്പണി ചെയ്ത ക്ഷീണം കൊണ്ടാവണം വാപ്പ നല്ല ഉറക്കമാരുന്നു..
"നോക്ക് മോളെ ...ഈ സമയം വരേം ഈ മനുഷ്യൻ ഒന്നും അറിഞ്ഞിട്ടില്ല..
സ്നേഹത്തിന്റെ വില ഉമ്മാക്കു മനസ്സിലാവും..
പകഷെ നമ്മളുടെ സമൂഹത്തിനു അതു തിരിച്ചറിയാൻ ഉളള കഴിവില്ല മോളെ!!
ഞങ്ങൾ എതിർത്താൽ നീയവന്റെ കൂടെ പോയി ജീവിക്കുമെന്ന് പറഞ്ഞില്ലേ...
അങ്ങിനെ പോയാൽ എന്താ ഉണ്ടാവാന്നു നിനക്കൂഹിക്കാൻ പറ്റുമോ..?
സ്വന്തം സമുദായത്തിൽ പെട്ടവർ ഈ മനുഷ്യനെ ഒറ്റപ്പെടുത്തും..
മക്കളെ നേരെചൊവ്വേ വളർത്താൻ അറിയാത്തവനെന്നു പറഞ്ഞു വാപ്പാന്റെ നേർക്ക്‌ കാർക്കിച്ചു തുപ്പും.."
അത്രയും പറഞ്ഞപ്പോഴെക്കും ഉമ്മ വിതുമ്പിത്തുടങ്ങിയിരുന്നു..
"നീ വെഷമിക്കാൻ വേണ്ടി പറയുന്നതല്ല മോളെ ഇതൊന്നും..
മോളെന്റൊപ്പം വാ.."
ഉമ്മ നേരെ പോയതു ഞാനും അനുജത്തിമാരും കിടക്കാറുണ്ടാരുന്ന മുറിയിലെക്കാരുന്നു..
ഞാനും ഒരു മരപ്പാവ കണക്കെ പിറകെ നടന്നു..
ലോകത്തിന്റെ കാപട്യങ്ങൾ ഒന്നുമറിയാതെ കിടന്നുറങ്ങുകയാണ്
രണ്ടുപേരും..
ഇത്താത്താന്നു പറഞ്ഞു പിറകീന്നു മാറത്തില്ല..
ചിലപ്പൊ തോന്നും ഉമ്മാനെക്കാൾ അവർക്കിഷ്ടം എന്നെയാന്നു..
"മോളെന്താ ആലോചിക്കുന്നെ.."?
ഉമ്മാന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്..
"ഒന്നുല്ലുമ്മാ"ന്നു പറഞ്ഞു ഞാൻ വെറുതെ ചിരിക്കാൻ ശ്രമിച്ചു..
ഉമ്മ നേരെ വന്നു എന്റരികിലെക്കിരുന്നു..
പിന്നെ പതിയെ എന്നെയാ നെഞ്ചോടു ചേർത്തു മുടിയിഴകളിൽ കൂടി വിരലോടിച്ചു..
അപ്പോഴൊക്കെ എന്തെന്നില്ലാത്ത ഒരനുഭൂതി
ഞാനനുഭവിച്ചറിയുകയാരുന്നു..
"മോളെ..."
"ന്താ ഉമ്മാ..."
"നിനക്കു ഞങ്ങളോടു വെറുപ്പു തോന്നുന്നുണ്ടൊ..
നിന്റിഷ്ടത്തിനു തടസ്സം നിക്കുന്നതു ഞങ്ങളാണെന്ന് തോന്നുന്നുണ്ടൊ.."
എനിക്കു മറുപടി പറയാൻ കഴിഞ്ഞില്ല...
മറുപടി ഇല്ലാരുന്നു..
അതാ സത്യം..
"നീ പോയ്ക്കഴിഞ്ഞാൽ നിന്റെ അനുജത്തിമാരുടെ ഭാവി എന്താവുന്നു നീ
ചിന്തിച്ചിട്ടുണ്ടോ..
അവരുടെ പഠിത്തം...
വിവാഹം.."
ഉമ്മ അത്രയും പറഞ്ഞു നിർത്തി എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി...
"മോളുടെ ഭാഗത്തൂന്ന് ചിന്തിക്കുമ്പോ ചെയ്യുന്നതെല്ലാം ശരിയായിട്ടു തോന്നും...
പക്ഷെ ഉമ്മാന്റെ മുന്നിൽ
നീ മാത്രല്ലാലോ...
അതോണ്ടാ മോളെ ഇങ്ങനൊക്കെ പറയേണ്ടി വരുന്നേ..
ഈ ഉമ്മാനേ വെറുക്കരുത്.."
അത്രയും കേട്ടപ്പോഴേക്കും എനിക്കു കരച്ചിൽ വന്നു..
ഞാനുമ്മാന്റെ വാപൊത്തിപ്പിടിച്ചു..
"ഇല്ലുമ്മാ..
മാപ്പു പറയേണ്ടതു ഞാനാ...
ഒരുനിമിഷത്തെക്ക് ഞാനെന്റെ സുഖവും സന്തോഷവും മാത്രേ ഓർത്തുള്ളൂ.."
"സാരോല്ല മോളെ..
ജീവിതം ഇതൊക്കെ തന്ന്യാ..
ചിലതു നേടുമ്പോ കിട്ടുന്ന സന്തോഷം..
അതു നമുക്കു മാത്രായിരിക്കും..
പക്ഷേ..
ചിലതു ത്യജിക്കുമ്പൊ കിട്ടുന്ന സന്തോഷം ഒരുപാടു മനസ്സുകളിലേക്ക് പകർന്നു നൽകപ്പെടും..
എന്റെ മോൾക്ക് നല്ലതേ വരൂ ..."
അതും പറഞ്ഞെന്നെ ഉമ്മ
ചേർത്തു പിടിച്ചു..
ലോകത്തേറ്റവും സുരക്ഷിതമായ ഇടം ഉമ്മാന്റെ കരവലയത്തിനുള്ളിൽ ആണെന്നെനിക്കു
തൊന്നിപ്പോയി..
എല്ലാം മറന്നു കണ്ണടച്ചു പിടിച്ചു ഞാനാ വാത്സല്യച്ചൂട് ഏറ്റു വാങ്ങുകയായിരുന്നു.
........ joy cee .......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot