നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സീമ ദെഹൂരി


നാരാണേട്ടോ, ഇന്നെന്താ വൈകിട്ട് സ്പെഷ്യല്‍'.
'അതൊക്കെ നമുക്ക് ശരിയാക്കാമെടാ ഉവ്വേ, നീയിപ്പമാ പുട്ടും കടലേം കൂടൊന്ന് പിടിച്ചേ'..
'ഇതെന്താ പുട്ടിന്റെ വലിപ്പം കഴിഞ്ഞ പ്രാവശ്യത്തെക്കാളും കുറച്ച് കുറഞ്ഞോ ചേട്ടാ, നിങ്ങള്‍ പഴയ പുട്ടുകുറ്റി മാറ്റിയോ?'
'പോടാ ഉവ്വേ, മാറ്റീട്ടൊന്നുമില്ല..ഇനിയൊന്ന് മാറ്റണം' ഒരു ചെറുചിരിയോടെ നാരായണേട്ടന്‍.
'എന്നാ മാറ്റുന്ന കാര്യമാ മോനേ...' നാരായണേട്ടന്റ ഭാര്യയാണ്.
'പുള്ളിക്ക് പഴയതൊക്കെ ഒന്ന് മാറ്റണമെന്ന് '
'ഉവ്വാ, ... എന്നാ അന്നങ്ങോര്‍ടെ അവസാനമാ'...ചേച്ചിയാണ് .
'എടാ മതിയെടാ രാവിലെതന്നെ കുടുംബം കലക്കിയത്, ഇനി പോയിട്ട് വൈകിട്ട് വാ'..
'ഓ ആയിക്കോട്ടേ'.. അതും പറഞ്ഞവിടെ നിന്നിറങ്ങി .
ഡല്‍ഹിയില്‍ ടെംപററി പോസ്റ്റിംഗിനു വരുമ്പോഴെല്ലാം എന്റെ അന്നദാതാക്കള്‍ നാരായണേട്ടനും ചേച്ചിയുമാണ്. രുചികരമായ ഭക്ഷണം സ്നേഹത്തോടെ വിളമ്പുന്നവര്‍, സരസരായ കോട്ടയത്ത്കാര്‍.
ഞാന്‍ ഇപ്പോള്‍ ഡല്‍ഹിയിലെ മഹിപാല്‍പുര്‍ എന്ന സ്‌ഥലത്ത്, ദില്ലി-ഗുര്‍ഗാവ് ഹൈവെ മുറിച്ചുകടക്കാന്‍ നില്‍ക്കുന്നു, ഓഫീസിലേക്കുള്ള യാത്രയാണ്. ഇടമുറിയാതൊഴുകുന്ന വാഹനപ്രവാഹം. സിഗ്നല്‍ വീഴാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന കുറെയധികം ആളുകള്‍. അല്ലെങ്കില്‍ ഒരു ബ്ളോക്ക് ഉണ്ടാകണം, പിന്നെ നടന്നോ നിരങ്ങിയോ ക്രോസ്സ് ചെയ്യാം. കുരുക്ക് എപ്പോള്‍ അഴിയുമെന്നുള്ളത് പ്രവചനാതീതം.
വൈകിട്ട് തിരിച്ച് റൂമിലെത്തി, പെട്ടെന്നുതന്നെ കടയിലേക്കു എത്തി. ഇവിടെയെത്തിയാല്‍ നാരായണേട്ടന്റടുത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതാണ് പ്രധാന വിനോദം.
'ആഹാ നീ നേരത്തെ വന്നോ, ഇവിടൊന്നും റെഡി ആയില്ലെന്നേ'
'ധൃതിയില്ല, ഞാനിവിടിരുന്നോളാം'
'എന്നാ നമുക്കൊരു കട്ടനടിച്ചേക്കാം, നീയിരിക്ക്.'
കട്ടന്‍കാപ്പി ഊതിക്കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അത് ചോദിയ്ക്കാമെന്ന് വിചാരിച്ചത്. മുന്‍പും പലവട്ടം ആലോചിച്ചതാണ്.
'നാരാണേട്ടാ,.. നാരാണേട്ടോ....'
'എന്നതാ ഉവ്വേ...'
ഇപ്പോ കാപ്പി കൊണ്ടുത്തന്ന ആ പെണ്ണില്ലേ, അവളേതാ?, മനുഷ്യരുടെ മുഖത്ത് നോക്കത്തില്ലേ, തൊലിവെളുപ്പിന്റെ അഹങ്കാരമാരിക്കും, ഇതിനെയൊക്കെ എവിടുന്നു കിട്ടി നിങ്ങക്ക്?. അന്നു വന്നപ്പോഴേ ചോദിക്കണമെന്നു വിചാരിച്ചതാ...'
' ഉം', ചുണ്ടില്‍ പടര്‍ന്ന ഒരു പുഞ്ചിരിയോടെ നാരായണേട്ടന്‍ പറഞ്ഞു.
'അത് നിനക്കവളെ അറിയാന്‍ മേലാത്തോണ്ടാ, അതൊരു പാവം പെണ്ണാടാ,'
'ഓ.., അതാണോ ഇങ്ങനെയുള്ള പെരുമാറ്റം'
'പോടാ ഉവ്വേ, അവളുടെ കഥയറിഞ്ഞാല്‍പ്പിന്നെ നിനക്കിങ്ങനെയൊന്നും പറയാന്‍ കഴിയുകേലെടാ, ഉറപ്പാ..'
വളരെയേറെ നിര്‍ബന്ധത്തിനു ശേഷം നാരായണേട്ടന്‍ പറഞ്ഞ ആ കഥ ഇങ്ങനെ....
-- --
അവള്‍ സീമ, സീമ ദെഹൂരി. ഒരു ഒറിയക്കാരി പെണ്ണ്. ഇപ്പോള്‍ പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള സീമ, കഴിഞ്ഞ നാലുവര്‍ഷമായി നാരായണേട്ടന്റെ കടയിലെ സഹായിയാണ്. അങ്ങകലെ ഒറീസ്സയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ ഗ്രാമത്തിലെ സോംദേവ് ദെഹൂരിയുടെ ചേച്ചിയാണ്. ഇങ്ങു ഡെല്‍ഹിയിലെത്താന്‍ നിദാനമായ മാലിക ദെഹൂരി എന്ന സ്ത്രീയുടെ മകളാണ്.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍, തനിക്കുണ്ടായ ആണ്‍സന്തതിയെ, തന്റെ കുഞ്ഞനിയനെ, ദ്രോഹിക്കുന്ന മാലികയെക്കണ്ടാണവള്‍ വളര്‍ന്നത്. അവനു ശപിച്ചുകൊണ്ടല്ലാതെ ഭക്ഷണം കൊടുക്കുന്നതവള്‍ കണ്ടിട്ടില്ല. എന്നാല്‍ അവള്‍ക്ക് വേണ്ടെങ്കിലും നിര്‍ബന്ധിച്ചു കഴിപ്പിക്കുമായിരുന്നു. നിറകണ്ണുകളോടെ ആഹാരം കഴിക്കുന്ന അനിയനെയാണ് അവള്‍ എന്നും കണ്ടിട്ടുള്ളത്. അച്ഛനെക്കുറിച്ചൊരോര്‍മ്മ പോലുമില്ലാത്ത കുട്ടികള്‍.
അയല്‍പക്കക്കാരോടും നാട്ടുകാരോടും യാതൊരടുപ്പവും ഇല്ലാത്ത സ്ത്രീയായിരുന്നു മാലിക, എന്നാല്‍ ബഹനാഗയിലെ ഒരുപാട് പ്രമാണിമാരുടെ അടുപ്പക്കാരിയും. അതിനാല്‍ത്തന്നെ അവരുടെ ദുര്‍ന്നടപ്പിനെ എതിര്‍ക്കാനുള്ള ത്രാണി അന്നാട്ടുകാര്‍ക്കില്ലായിരുന്നു താനും. വര്‍ഷങ്ങള്‍ കടന്നു പോയി. സീമ വളരുന്നതിനൊപ്പം മാലികയ്ക്ക് അവളോടുള്ള സ്നേഹം വര്‍ദ്ധിച്ചുവന്നു, അവള്‍ക്ക് ആ സ്ത്രീയോടുള്ള വെറുപ്പും.
അങ്ങനെ ഒരു ശപിക്കപ്പെട്ട നാളില്‍ മാലിക എന്ന മനുഷ്യജന്‍മം പൂണ്ട പിശാച് സ്വന്തം ചോരയില്‍ പിറന്ന മകളെ, അന്ന് വെറും പതിമൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്ന സീമയെ, തെറ്റിന്റെ ഇരുള്‍ മൂടിയ ഗുഹാകവാടത്തിലേക്ക് തള്ളിയിട്ട് പിന്നില്‍ അവളുടെ നല്ലകാലത്തിന്റെ വാതില്‍ കൊട്ടിയടച്ചു.ആകെ മരവിച്ചുപോയ അവളെ സന്ദര്‍ശകന്‍ അവള്‍ക്ക് തീര്‍ത്തും അപരിചിതമായ വഴികളിലൂടെ നയിച്ചു. എന്നാല്‍ പെട്ടെന്നുയര്‍ന്ന അവളുടെ നിലവിളിയില്‍ അയാള്‍ ഒന്നു ഞെട്ടി, പകച്ചുനിന്നു. ഹൃദയഭേദകമായ കരച്ചില്‍. നന്‍മയുടെ കണിക മനസ്സിലുണ്ടായിരുന്ന അയാള്‍ അവളെ ആശ്വസിപ്പിച്ചു, കൂടെക്കൂട്ടാമെന്ന് വാക്ക് കൊടുത്തു. എന്നാല്‍ അവിടെയേതോ അനധികൃത ഉരുക്കുഖനിയില്‍ ജോലി ചെയ്തിരുന്ന അയാളെയും മറ്റു കുറേയാളുകളേയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അന്യസംസ്‌ഥാനക്കാരെല്ലാം നാടുകടത്തപ്പെട്ടു, കൂട്ടത്തില്‍ ദില്ലിക്കാരനായ അയാളും.
സീമയുടെ വീട്ടില്‍ അവള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതായിക്കൊണ്ടിരുന്നു. അയാളുടെ അറസ്റ്റും നാടുകടത്തലും ഒക്കെയറിഞ്ഞിരുന്ന അവള്‍ മറ്റൊന്നും ആലോചിക്കാതെ ഡല്‍ഹിയിലെത്തി, അതായിരുന്നു അവളുടെ മുന്നിലുണ്ടായിരുന്ന ഒരു വഴി, ദുര്‍ഘടമായിരുന്നെങ്കിലും. പ്രായത്തിന്റെ അപക്വതയോ, അല്ല അതിജീവനത്തിന്റെ ആവശ്യമോ.. അവസാനം ഏതോ നിയോഗം പോലെ നാരായണേട്ടന്റെ അടുത്തും. ഇപ്പോള്‍ മിക്കപ്പോഴും ജനലിലുടെ വെളിയിലേയ്ക്ക് നോക്കിനില്പാണ്.
നാരായണേട്ടന്‍ പറഞ്ഞുനിര്‍ത്തിയതിങ്ങനെയാണ്.
മനസ്സില്‍ വല്ലാത്ത ഒരു നൊമ്പരം. എല്ലാ ദ്യശ്യങ്ങളും കണ്‍മുന്നില്‍ തെളിയുന്നതുപോലെ. നാട്ടിലുള്ള കുഞ്ഞുപെങ്ങളുടെ മുഖം ഓര്‍മയില്‍ തെളിഞ്ഞു.
'ഞാനവനെ എങ്ങനെ കണ്ടുപിടിക്കാനാ, അതും ഈ മഹാനഗരത്തില്‍'..
നാരായണേട്ടന്റെ ശബ്ദമാണ് ഉണര്‍ത്തിയത്.
'സമയം കുറേയായി, നീ വല്ലതും കഴിക്കെന്നേ'.
നെഞ്ചില്‍ ഒരു വലിയ കരിങ്കല്ല് കയറ്റിവെച്ചിരിക്കുന്നു, ഒരു വലിയ ഭാരം. അതില്‍ വലിയ ഒരു കൂടം കൊണ്ടടിക്കുന്നതുപോലെ.. നെഞ്ചുതകരുന്ന വേദന.
വേണ്ട, വിശപ്പില്ല...എന്ന് പറഞ്ഞ് വെളിയിലേക്കിറങ്ങി. നാരായണേട്ടന്‍ പുറകില്‍നിന്നും വിളിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കിയില്ല, ജനലഴികള്‍പ്പുറത്ത് ഉണ്ടായേക്കാവുന്ന അവളുടെ മുഖം ഒന്നുകൂടി കാണാന്‍ ശക്തിയില്ലായിരുന്നു.
.... .... .... .... ....
ഉണ്ണിക്കൃഷ്ണന്‍ മുരുപ്പേല്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot