മരിച്ചവർ ഉയർത്തെഴുന്നേൽക്കുമ്പോൾ
പ്രേതസിനിമകളിൽ കാണും പോലെ
കരിമ്പൂച്ച സാന്നിധ്യമോ
ഭീതിദമായ കാറ്റൊ
നരിച്ചീറുകളുടെ ചൂളം വിളിയോ
ആർത്തട്ടഹാസങ്ങളോ
ഏങ്ങിക്കരച്ചിലുകളോ ഉണ്ടാകില്ല.
പകരം
ഒരു നനുത്തമഴ
ഭൂമിയിൽ നിന്നും ആകാശത്തേക്ക്
യാത്രപോകുന്നത് കാണാം.
തിങ്കൾക്കറയുടെ കരിനിഴൽ
മണ്ണിനെ ചുംബിച്ച് സ്തുതി ചൊല്ലും.
പ്രതികാരത്തിനായാണ്
മരിച്ചവർ ഉയിർത്തുവരുന്നതെങ്കിൽ
ആദ്യം
പത്രോസിനെപോലെ
വിശ്വാസമില്ലാത്തവർക്കിടയിൽ
പ്രത്യക്ഷപ്പെടും.
വഞ്ചനയുടെ മുറിവിൽ കുത്തി
ബോധ്യപ്പെടാൻ പറയും.
സ്നേഹത്തിനായാണെങ്കിൽ
ആദ്യം
കല്ലറയിൽ
പ്രിയ്യപ്പെട്ടവർ തെളിയിച്ച
മെഴുകുതിരികൾ
ഉൗതിക്കെടുത്തും.
ഇതു രണ്ടും മാത്രമേ
അവർക്ക് ചെയ്യാനാകുമായിരിക്കയുള്ളൂ
കാരണം
മരണപ്പെടുമ്പോൾ തന്നെ
അവന്റെ സ്ഥാനം
വേറൊരുത്തൻ കൈവശപ്പെടുത്തിയിരിക്കും.
മരിക്കുക മാത്രമേ പിന്നീട്
അവന് ചെയ്യാനുണ്ടാകയുള്ളൂ.
____________________________
രമേഷ് കേശവത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക