നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെറ്റി വന്ന സന്ദേശം


പുലർച്ചെ നാലു മണിക്ക് സുന്ദരേട്ടന്റെ ചായക്കടയിൽ നിന്നും പുക ഉയരാൻ തുടങ്ങും. ഇരുമ്പിന്റെ ഓടക്കുഴലിൽ കൂടി സുന്ദരേട്ടൻ അടുപ്പിൽ ഊതുന്നതിന്റെയുംൽ, ചുമക്കുന്നതിന്റെയും ശബ്ദം പശ്ചാത്തലത്തിൽ കരോക്കി തീർക്കും. ചായക്കുള്ള വെള്ളം വെച്ചിട്ടേയുള്ളൂ. തിളച്ച് വരുമ്പോഴേക്കും അര മണിക്കൂർ സമയമെടുക്കും.
കടയുടെ പല ഭാഗങ്ങളിലായി ഓരോരുത്തരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ഇവരൊക്കെ ഇവിടുത്തെ സ്ഥിരം പതിവുകാരാണ്. അതുകൊണ്ടു തന്നെ ഇവർക്കൊക്കെ സ്ഥിരം ഇരിപ്പിടവും ഉണ്ടിവിടെ. പതിവിനു വിപരീതമായി പുറത്തുനിന്നും ഒരു അപരിചിതൻ ഇവരുടെ സീറ്റിൽ ഇരുന്നുപോയാൽ ആ ഇരിപ്പിടത്തിന്റെ യഥാർത്ഥ അവകാശി ആ ഇരിപ്പിടം ഒഴിയുന്നതു വരെ കടയുടെ തൂണിൽ ചാരി അക്ഷമനായി നിൽക്കും. ഇതാണ് കാലങ്ങളായുള്ള ഇവിടുത്തെ ശീലം.
വെള്ളം തിളക്കാൻ എടുക്കുന്ന സമയം അലോസരമാവാതിരിക്കാൻ സുന്ദരേട്ടൻ ചർച്ചക്ക് വഴിമരുന്നിട്ടു.
="അല്ല രാജാ..ഇപ്രാവശ്യത്തെ ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളൊക്കെ എവിടം വരെയെത്തി ?..
രാജേട്ടൻ വാചാലനായി..
= *വെള്ളാരത്തിൽ കരുമകൻ ക്ഷേത്രോത്സവ കൂട്ടായ്മ* എന്നൊരു വാട്സ്ആപ് ഗ്രൂപ്പ് ഇണ്ടാക്കി ഇപ്രാവശ്യം. പേരിന് കുറച്ചു നീളം കൂടുതലാണെങ്കിലും ഇപ്പൊ ഗ്രൂപ്പിൽ നൂറു പേരിൽ കൂടുതൽ അംഗങ്ങളായിട്ടുണ്ട്. അതിരാവിലെ തന്നെ ഒരു ഭക്തിഗാനം നമ്മുടെ കൃഷ്ണൻ നായര് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് മുതൽ പിന്നെ എല്ലാവരും ചർച്ചകളിൽ സജീവമാവും. പിന്നെ ചർച്ചകളുടെ ഒരു മേളമല്ലേ..!
പോലീസുകാരുടെ വയർലെസ്സ് സെറ്റ് പോലെ വോയിസ് മെസ്സേജുകളുടെ ഒരു അങ്കം തന്നെയാണ് പിന്നെ സുന്ദരേട്ടന്റെ ഫോണിൽ. ഇതിനിടയിൽ ഓവർ..ഓവർ എന്ന് പറഞ്ഞു കണ്ട്രോൾ ചെയ്യാൻ അഡ്മിൻ ആയ മൂപ്പര് പാട് പെടുന്നുണ്ടാവും.
="ശിങ്കാരി മേളത്തിന് ഇക്കൊല്ലം പുറത്ത് ആരെയും തേടി അലയേണ്ട. മ്മളെ രണ്ടാം വാർഡിലെ കുടുംബശ്രീക്കാര് സ്വന്തം ട്രൂപ്പൊക്കെ ഉണ്ടാക്കി തകർത്താടല്ലേ ഇപ്പൊ..സുന്ദരേട്ടൻ ചർച്ചക്ക് തുടക്കമിട്ടു.
വെള്ളം തിളച്ചു. കൂടെ തിളച്ച പാലിൻ പാത്രത്തിന്റെ ചെവിക്കു പിടിച്ച് അതും അടുപ്പിൽ നിന്നും മാറ്റിവെച്ചു. ചായപ്പൊടി സഞ്ചിയിൽ ഒന്ന്..രണ്ട്..മൂന്ന്..എണ്ണി സുന്ദരേട്ടൻ ചായപ്പൊടി സഞ്ചിയിലേക്ക് കോരിയിട്ടു. അഞ്ചു ഗ്ലാസ്സുകൾ നിരന്നു.. വരി വരിയായി..
പാട്ടയിൽ തയ്യാറായ ചായ വലതു കൈകൊണ്ടു ആകാശത്തേക്കുയർന്നു. ചായ ധാര ധാരയായി ആഢ്യൻ പാറയിലെ വെള്ളച്ചാട്ടം പോലെ ഇടതു കയ്യിലെ പാട്ടയിലേക്കു ധാരയായി ഊർന്നു വീണു. ഞങ്ങളുടെ നാട്ടിൽ കിട്ടുന്ന ഏറ്റവും സ്വാദിഷ്ടമായ ചായ ഇവിടെ പിറവിയെടുക്കുകയാണ്. കൂടെ അത് കുടിക്കാൻ അക്ഷമരായി കുറെ സ്ഥിരം പതിവുകാരും.
പിന്നെ ലൈറ്റ്, സ്‌ട്രോങ്ങു ഇങ്ങനെ വൈവിധ്യമാർന്ന ചായയൊന്നും ഇവിടെ കിട്ടില്ല.
=" ഈ സഞ്ചിയിൽ കൂടി വരുന്ന ചായ തരും. വേണ്ടവർക്ക് മധുരം വേണേൽ ഒഴിവാക്കി തരാം.. ഇതാണ് സുന്ദരേട്ടന്റെ മാനിഫെസ്റ്റോ.."!!
അങ്ങനെ ആദ്യത്തെ ചായ എല്ലാവർക്കും കൊടുത്തു കഴിഞ്ഞാൽ പിന്നെ സുന്ദരേട്ടന്റെ ഭാര്യ സരസു ചേച്ചി തലേ ദിവസം ആട്ടുകല്ലിൽ നന്നായി ആട്ടിയെടുത്ത ദോശമാവ് ചൂടുള്ള ദോശച്ചട്ടിയിൽ വട്ടത്തിൽ കോരിയൊഴിക്കുന്നതോടെ "ഛീ" എന്ന ശബ്ദത്തിനു അകമ്പടിയായി മോയിൻ കാക്കാന്റെ സുബ്ഹി ബാങ്ക് അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തും. ഒരു പ്രത്യേക ഈണമാണ് ആ ബാങ്കൊലിക്ക്.
ഒരിക്കൽ ഉറങ്ങിപ്പോയ മൊയിൻകാക്ക ചാടി എണീറ്റ് കൊടുത്ത അന്നത്തെ ബാങ്കിൽ ഏതോ ഒരു വരി വിട്ടുപോയത് ആദ്യം കണ്ടു പിടിച്ചത് സുന്ദരേട്ടന്റെ പീടിക കോലായിലിരുന്നു ചായ കുടിച്ചുകൊണ്ടിരിക്കുന്ന രാമനായിരുന്നു.
="മാപ്പളക്കുട്ടി ഇന്ന് കൊടുത്ത ബാങ്കിൽ ഒരു വരി വിട്ടു പോയെല്ലോ ന്റെ മൈത്യാക്കാ..
=" അത് ഏതു വര്യാ വിട്ടത് എന്ന് മൈത്യാക്ക രാമനോട് ചോദിച്ചുവെങ്കിലും അതിനു ഉത്തരം രാമന് എങ്ങിനെ പറയാൻ കഴിയും?..
പക്ഷെ രാമന്റെ വാദം ശെരിയായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
ബാങ്ക് കൊടുത്ത് സുബഹി നമസ്കാരം കഴിഞ്ഞാൽ പിന്നെ അടുത്ത ബാച്ച് വരാൻ തുടങ്ങും. മകരമാസമായതു കൊണ്ട് ഞങ്ങളുടെ ഗ്രാമത്തെ, കരിമ്പടം പോലെ കോടമഞ്ഞു പുതപ്പിച്ചു കിടന്നു. വൃതമെടുത്ത സ്വാമിമാർ ഇരുട്ടിൽ റോഡിൻറെ അരികുപറ്റി അമ്പലക്കുളത്തെ ലക്ഷ്യമാക്കി നടന്നു.
നേരം വെളുക്കാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. മുണ്ടമല കാവൽ നിൽക്കുന്ന ഈ താഴ് വാരത്തിലേക്കു സൂര്യ കിരണങ്ങൾക്കു പോലും എത്തിപ്പെടാൻ അങ്ങ് ചാലിയാർ പുഴയും നീന്തിക്കടന്നു വന്നിട്ടു വേണം.
മൊയ്‌ദീൻക്കയും, അലവിക്കയും,
അബുക്കയും, ചേക്കുട്ടിക്കയും കൂടി കൂട്ടത്തോടെ ചായപ്പീടികയിൽ എത്തുന്നതോടെ തലേ ദിവസം രാത്രിയിലെ പുതിയ വാർത്തകളും മറ്റുമായിട്ടു സുന്ദരേട്ടന്റെ കട ഒന്നുകൂടെ സജീവമാകും.
=" ഇന്നലെ നിലമ്പുർ കാട്ടില് മാവിയിസ്റ്റുകളാന്നും പറഞ്ഞു രണ്ടെണ്ണത്തിനെയല്ലേ വെടിവെച്ചു കൊന്നത്.."
ആ വാർത്ത എടുത്തിട്ടത് അലവിക്കയായിരുന്നു.
കടയുടെ മൂലയ്ക്കൽ ഇരിക്കുന്ന രാമനിൽ
നിന്നും ഉടൻ വന്നു സംശയം.
=" ഓല് ശെരിക്കും മാവോയിസ്റുകളാ..?
കൃഷ്ണൻ നായരുടെ ഭക്തിഗാനത്തോടെ രാജേട്ടന്റെ മൊബൈൽ പോക്കറ്റിൽ കിടന്ന് കുണുങ്ങി ചിരിച്ചു. മെമ്പർമാരെല്ലാം സജീവമായി എന്നതിന് തെളിവായി രാജേട്ടന്റെ മൊബൈലിൽ വാട്സ്ആപ് മെസ്സേജുകൾ വന്നു നിറയാൻ തുടങ്ങി.
വയർലസ് പിടിക്കുന്നത് പോലെ തന്റെ മൊബൈൽ പിടിച്ച് രാജേട്ടൻ ഓരോ മെസ്സേജുകൾക്കും മറുപടി കൊടുത്തു കൊണ്ടിരുന്നു.
="രാജേട്ടാ.. പൂജക്കുള്ള സാധനങ്ങൾ *ദേവ വിലാസം പൂജാ സ്റ്റോർ* ഇൽ ഏൽപ്പിച്ചിട്ടുണ്ട്..
"ഒകെ ലാലേ"
രാജേട്ടൻ മറുപടി കൊടുത്ത് കർമ്മോൽസുകനായി.
"അല്ലാ ഇപ്രാവശ്യം *മരണക്കിണർ* ഉണ്ടാവില്ലേ?"
വേറൊരു ഭക്തന്റെ ആശങ്ക..
="ഉണ്ടാവും കഴിഞ്ഞ പ്രാവശ്യത്തെ അതെ ടീം തന്നെയാണ്."
="അപ്പൊ വെടി വഴിപാടോ?..
="അതിന് ഞമ്മളെ കണ്ടൻ മൂപ്പന്റെ മകൻ സുമേഷ് ഉള്ളപ്പോ എന്തിനാ ആശങ്കപ്പെടുന്നത്. മൂപ്പൻ ഇപ്പൊ സുഖല്ലാതെ കിടക്കല്ലേ. പകരം മകൻ ഏറ്റെടുത്തിരിക്കാ ഇക്കൊല്ലം."
*അളിയാ രാവിലെ പത്തു മണിക്ക് വണ്ടൂർ രജിസ്ട്രാർ ആപ്പീസിന്റെ മുമ്പിൽ അശ്വതിയെയും കൂട്ടി വരിക. ഞങ്ങൾ അവിടെയുണ്ടാകും. അവളുടെ അച്ഛൻ രാജേട്ടൻ ഒരിക്കലും അറിയരുത് *..!!
="ങേ..!! ആരാപ്പോ ഇതിനിടയിൽ ഓണത്തിനിടക്ക് പുട്ടു കച്ചവടം നടത്തുന്നത് !!??"
ഇതിപ്പോ പതിവായിരിക്കുന്നു. ഗ്രൂപ്പ് മാറിയുള്ള മെസ്സേജിന്റെ കുത്തൊഴുക്ക്. ഓരോരുത്തർക്കും എട്ടും പത്തും ഗ്രൂപ്പ് ഉള്ളത് കൊണ്ട്, ഭാര്യക്ക് അയക്കുന്ന മെസ്സേജ് കാമുകിക്കും, അമ്പലക്കമ്മറ്റിയുടെ ഗ്രൂപ്പിലേക്ക് അയക്കുന്ന മെസ്സേജ് പള്ളിക്കമ്മറ്റിയുടെ ഗ്രൂപ്പിലേക്കും വഴിമാറി പോകുന്നത് കാരണം കുടുംബകലഹങ്ങളും ചില്ലറ സാമൂഹിക പ്രശ്നങ്ങളും ഇയ്യിടെയായി നാട്ടിൽ കൂടി വരുന്നുണ്ട്.
="ക്ഷമിക്കണം ഗ്രൂപ്പ് മാറിപ്പോയി ചേട്ടാ..!!
=" ഇനി ആവർത്തിക്കരുത്.."
ശക്തമായ താക്കീത് കൊടുത്ത് രാജേട്ടൻ തിരിച്ച് ഒരു മെസ്സേജ് വിട്ടു.
ഒരു നിമിഷം ആലോചനയിൽ മുഴുകിയ രാജേട്ടന്റെ മനസ്സിൽ പെട്ടെന്നാണ് കൊള്ളിയാൻ മിന്നിയത്. മൂട്ടിൽ തീ പിടിച്ച അവസ്ഥയിൽ സുന്ദരേട്ടന്റെ കടയിൽ നിന്നും മൊബൈലുമായി ഓടുമ്പോൾ രാജേട്ടൻ ഭ്രാന്തനെ പോലെ പിറുപിറുക്കുണ്ടായിരുന്നു..
="കൊല്ലും ഞാനവളെ..
="ഇതിനായിരുന്നോ ഞാൻ അവളെ ഇത്രേടം വരെ പഠിപ്പിച്ചത്..?
="ഇല്ല.. ഇത് നടക്കാൻ പാടില്ല."
="എങ്ങിനെയും തടഞ്ഞേ പറ്റൂ.."
രാജേട്ടന്റെ നടത്തത്തിനൊപ്പം ദേഷ്യത്തിന്റെയും, സങ്കടത്തിന്റെയും നിഴൽ കൂടി അപ്പോൾ രാജേട്ടനെ പിന്തുടരുന്നുണ്ടായിരുന്നു.
സൂര്യ കിരണങ്ങൾ ചാലിയാറിനെ തലോടി മുണ്ടമലയുടെ നെറുകയിൽ പൊങ്ങിവന്നു. ഞങ്ങളുടെ ഗ്രാമത്തെ കരിമ്പടം പോലെ പുതച്ച മൂടൽമഞ്ഞു അതുകണ്ട് മാറിക്കൊടുത്ത് അലിഞ്ഞില്ലാതായി. പ്രഭാതം പൊട്ടി വിടർന്നു. കുളിയും പ്രാർത്ഥനയും കഴിഞ്ഞു സ്വാമിമാർ മടങ്ങി തുടങ്ങി.
രാജേട്ടൻ ഓടി..രജിസ്ട്രാർ ഓഫീസിലേക്ക്..
വാട്സ്ആപിനോട് മനസ്സിൽ നന്ദി പറഞ്ഞു
കൊണ്ട്..!!
******************
നാസർ പുതുശ്ശേരി
തിരുവാലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot