നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ പേർഷ്യൻ പെൺകുട്ടിയെ ഞാൻ പ്രണയിച്ചിരുന്നു (ഭാഗം - 4-5-6)

Follow the link to read completely in http://www.nallezhuth.com/search/label/JijoPuthanpurayil

===നാദിറയുടെ ഇറാനിലേക്കുള്ള ക്ഷണം ഒരു വശത്ത് അതിയായ സന്തോഷവും , മറു വശത്ത് ദുഃഖവും പകർന്നു തന്നു ....
ഞങ്ങൾ ഒന്നിക്കുവാൻ തീരുമാനിച്ച ആ സമയത്ത് തന്നെ , ഞാൻ എന്റെ എല്ലാ ജീവിത സാഹചര്യങ്ങളും അവളോട്‌ പറഞ്ഞിരുന്നു. എന്റെ വീട് , സാമ്പത്തികം , വിദ്യാഭ്യാസം..... തുടങ്ങിയ സകല കാര്യങ്ങളും ഒരു മറ കൂടാതെ വിവരിച്ചിരുന്നു. അന്നവൾ പറഞ്ഞ മറുപടി, വിലയുള്ളതായിരുന്നു.
"ഞാൻ നിന്നെ സ്നേഹിക്കുന്നത് നിന്റെ അവസ്ഥ നോക്കിയല്ല, നിന്നെയാണ് , നിന്റെ മനസ്സ് , നീയെന്ന വ്യക്തിയെയാണ് സ്നേഹിക്കുന്നതെന്നു പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി...
നിനക്കു നല്ല എഞ്ചിനീയറെയോ, പൈലറ്റിനെയോ , മറ്റു ഉന്നത കുലത്തിലുള്ളവരേയോ വിവാഹം കഴിച്ച് സുഖമായി കഴിയാനുള്ളതിനു , ഈ ദരിദ്രനായ എന്നെ എന്തിനു വിവാഹം കഴിച്ച് കഷ്ടതയനുഭവിക്കണം എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഇതായിരുന്നു.
"എന്നെ ചുമ്മാ ദുഃഖിപ്പിക്കരുത് , എന്തു വന്നാലും എനിക്കെന്റെ എയ്ഞ്ചൽനെ മതി , എന്റെ ജിജോയെ കൂടാതെ എനിക്കൊരു ജീവിതമില്ല , നീയില്ല എങ്കിൽ ഞാനില്ല"
ആഹാ , എന്റെ നാദിറ എത്ര മനോഹാരിയാണെന്നു നോക്കിക്കേ.... "
ഞാൻ അന്ന് താമസിച്ചിരുന്നത് ഒരു കൊച്ചു കുടിലിൽ ആയിരുന്നു , അടച്ചുറപ്പില്ലാത്ത ചാണകം മെഴുകിയ തറയുള്ള ചോരുന്ന കൊച്ചു ഷെഡ്. വീട് പണിയാൻ തറ കെട്ടിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കൂലിപ്പണിക്കാരനായ അപ്പന് ഒന്നും ചെയ്യുവാൻ പറ്റിയില്ല. ഞാൻ ചില സാമൂഹ്യ പ്രവർത്തനങ്ങളിൽ തല്പരനായത് കൊണ്ട് , എനിക്കൊട്ടു വരുമാനവും ഇല്ല,
അങ്ങനെയുള്ള വീട്ടിലേക്കു ഒരുത്തിയെ എങ്ങനെ കൈപിടിച്ച് കൊണ്ടുവരുവാൻ പറ്റും .... വരുമാനമില്ലാത്ത എങ്ങനെ എന്റെ നാദിറയെ ഞാൻ ഞാൻ പോറ്റും, പൈസ ഇല്ലാതെ ഞാൻ എങ്ങനെ വിമാനം കേറി ഇറാനിൽ പോകും ...ഇങ്ങനെയുള്ള കാര്യങ്ങളോർത്തതാണ് ,അവൾ ക്ഷണിച്ചപ്പോൾ എന്റെ മനസ്സു ദുഃഖിച്ചതു
അവൾ ഇറാനിലേക്ക് ചെല്ലുവാൻ പറയുമ്പോൾ , എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് വെറും 20 രൂപ , അതിൽ 15 രൂപ ഇന്റർനെറ്റിനു പോകും , ബാക്കി 5 രൂപ വണ്ടിക്കൂലിക്കും...
ഒഴിഞ്ഞ എന്റെ കീശയിലേക്കു നോക്കി എന്റെ പ്രണയം വാവിട്ടു കരഞ്ഞു.....
എന്റെ മനസ്സു തേങ്ങി കരഞ്ഞു....
എന്തു മറുപടി പറയുമെന്നറിയാതെ വിഷമിച്ചു പോയി .
എങ്കിലും ഞാൻ പറഞ്ഞു , എന്റെ പ്രിയപ്പെട്ട നാദിറ, നിന്റെ സ്നേഹത്തിനു മുന്നിൽ എനിക്കു തരുവാൻ ഒന്നുമില്ല , നിന്റെ ജിജോ അധികം താമസിയാതെ നിന്നെ കാണാൻ വരും , കാര്യങ്ങളൊക്കെ ശരിയാവും .
എങ്കിലും എന്റെ പാസ്‌പോർട്ടിന്റെ കോപ്പി അയച്ചു കൊടുക്കാൻ പറഞ്ഞപ്പോൾ ഞാനതു ചെയ്തു. അതു മാത്രവുമല്ല , എനിക്കു വേണ്ടി ഇറാനിൽ ഒരു ജോലി നോക്കാമെന്നു അവൾ അവളുടെ ബാബയോട് പറയാമെന്നും പറഞ്ഞു.
എന്റെ കയ്യിൽ പൈസ ഇല്ല എന്നും , ഞാൻ ദരിദ്രനാണെന്നും എന്റെ നാദിറക്ക് നന്നായറിയാമായിരുന്നു. അവൾ പറഞ്ഞു , ജിജോ എനിക്കൊരു ജോലി കിട്ടട്ടെ അന്നേരം എല്ലാതും നമുക്ക് ശരിയാക്കാം , അവളുടെ വാക്കുകൾ എനിക്കു വലിയ സ്വാന്തനമേകി.
എന്റെ നാദിറ പഠിക്കാൻ മിടുക്കി ആയിരുന്നു , BSc ക്കു അവൾക്ക് ഒന്നാം റാങ്ക് ഉണ്ടായിരുന്നു. MSc ജനറ്റിക് എഞ്ചിനീറിംഗിന് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ അവൾക്ക് അഡ്മിഷൻ ലഭിച്ചു. അങ്ങനെ സ്വപ്നങ്ങൾ പേറിക്കൊണ്ട് അവൾ അവളുടെ ഉപരി പഠനത്തിനായി തെഹ്‌റാനിലേക്കു തിരിച്ചു.....
അതേ സമയം ഞാൻ എന്റെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപ്യതനായി. അതിനിടക്ക് പല ജോലികൾക്കും ശ്രമിച്ചു എങ്കിലും ഒന്നും ശരിയായില്ല , എല്ലായിടത്തോടും എനിക്കു തോൽവിയായിരുന്നു.
എന്റെ നാദിറയെ കാണുവാൻ , അവൾക്കൊപ്പം ജീവിക്കുവാൻ പണം വേണം , ജീവിതത്തിന്റെ പ്രായോഗികതയെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി ... അല്ല പ്രണയിക്കുമ്പോൾ പ്രായോഗികതയെ കുറിച്ച് പലരും ചിന്തിക്കാറില്ലല്ലോ , അതാണല്ലോ പലരും ഇന്ന് വിരഹ വേദനയിൽ തേങ്ങിക്കരയുന്നത്.
ദിവങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി , ഞങ്ങളുടെ ആശകളും പ്രതീക്ഷകളും മുറുകി വന്നു ....
പ്രശ്ങ്ങൾ സങ്കടങ്ങൾ ഒക്കെ തത്കാലം ഇവിടെ നിൽക്കട്ടെ ,
ഞാൻ എന്റെ നാദിറ എങ്ങനെയിരിക്കുന്നു പറഞ്ഞില്ലാലോ ... എന്റെ നാദിറയെ ഞാൻ കണ്ടു കേട്ടോ .....എന്റെ പൊന്നുമോളെ ഞാൻ ഒരു നോക്കു കണ്ടു
എന്റെ നാദിറയെ ഞാൻ വിവരിക്കുന്നത് എങ്ങനെ....
മാതളപ്പഴത്തിന്റെ മനോഹാരിതയുള്ള പെൺകുട്ടികൾക്കുള്ള നാടെന്നു കവികൾ വർണ്ണിച്ചത് വെറുതെയല്ലാന്നു എന്റെ നാദിറയെ കണ്ടപ്പോഴാണ് എനിക്കു ബോധ്യമായത്....
ആഹാ , എന്റെ പേർഷ്യൻ സുന്ദരിയുടെ മനോഹാരിത , വർണ്ണമഴവില്ലിനു പോലും ഉണ്ടോ എന്നു സംശയിച്ച് പോയി ....വിടർന്ന കണ്ണുകളും , വിരിഞ്ഞ നെറ്റിത്തടവും , മനോഹരമായ കവിളുകളും , തിളങ്ങുന്ന കണ്ണുകളും, വശ്യതയാർന്ന മനോഹരമായ അധരങ്ങളുമുള്ള അവളെ ആദ്യമായി കണ്ടപ്പോൾ ഞെട്ടി പോയി .... സിനിമകളിലും ചിത്രങ്ങളിലും മറ്റും , കണ്ടു മോഹിക്കാൻ കഴിഞ്ഞിരുന്ന അതി സൗന്ദര്യം. എന്റെ കണ്ണിനു മുന്നിൽ അതും എന്റെ സ്വന്തം എന്നു ഞാൻ വിളിക്കുന്ന പാർസി പെൺകൊടി .....
ശരാശരി ഇറാനിയൻ പെൺകുട്ടികളെ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാവും ....അവർ എത്ര സുന്ദരികളാണെന്ന്
ഞാൻ എന്റെയും അവൾ അവളുടെയും ചിത്രങ്ങൾ കൈമാറിയിരുന്നു ...അതു മാത്രമല്ല നമുക്ക് ഏറെ പ്രിയമായിരുന്ന പ്രണയലേഖനം കൈമാറൽ ഞങ്ങൾ തുടങ്ങിയിരുന്നു. എഴുത്തുകൾ എഴുതി പോസ്റ്റുവാനും തുടങ്ങി ....ആഹാ എന്തു രസമുള്ള ഓർമകൾ ,
ഞാനവളുടെ വീട്ടിലേക്കാണ് എഴുത്തുകൾ അയച്ചു കൊണ്ടിരുന്നത്. ജിജോയുടെ എഴുത്തു വന്നിട്ടുണ്ടെന്ന് അവളുടെ ബാബാ അവളോട്‌ വിളിച്ചു പറയുമ്പോൾ , ഹോസ്റ്റലിൽ നിൽക്കുന്ന അവൾക്കത് അതു വായിക്കാതെ വിമ്മിഷ്ടപെട്ട് ഉറക്കം പോലും പോയിട്ടുണ്ടെന്നും ഒരിക്കൽ പറയുകയുണ്ടായി.
നിങ്ങൾക്കറിയണോ ഒരിക്കൽ അവൾ അയച്ച ഒരു മനോഹര എഴുത്തിന്റെ ഒപ്പം അവളുടെ നറുമണമുള്ള കുറച്ച് മുടിയിഴകളും എനിക്കു അയക്കുകയുണ്ടായി ... എന്റെ നാദിറയുടെ ശരീരത്തിന്റെ ഭാഗം ആദ്യമായി ഞാൻ സ്പർശിച്ചു ,
എന്റെ നെഞ്ചോട് ചേർത്ത് എത്രയോ പ്രാവശ്യം ഞാൻ കിടന്നിട്ടുണ്ടെന്നറിയാമോ , അതിനു ശേഷം വർഷങ്ങൾ പലത് കൊഴിഞ്ഞു പോയെങ്കിലും , ആ ആ മുടിയിഴകളുടെ ത്രസിപ്പിക്കുന്ന , വശ്യതയാർന്ന നറുമണം ഇതു വരെ പോയിട്ടില്ല എന്നുള്ളത് ഒരു അതിശയമായി എനിക്കു തോന്നുന്നു ......
അവൾ എഴുത്ത് എഴുതി പോസ്റ് ചെയ്തു എന്നു ഓരോ പ്രാവശ്യം പറയുമ്പോഴും , ചുരുങ്ങിയത് രണ്ടാഴ്ച എടുക്കും ഇറാനിൽ നിന്നും ഒരു എഴുത്ത് എത്താൻ , അതറിയാമെങ്കിലും പിറ്റേ ദിവസം മുതൽ , പോസ്റ്റുമാൻ കാണുമ്പോൾ ചോദിക്കും , എനിക്കു എഴുത്ത് വല്ലോം ഉണ്ടോയെന്നു.... ഒന്നു ചിരിച്ചു പോസ്റ്റുമാൻ പോകും ...അങ്ങനെ എഴുത്ഹ്റ് കയ്യിൽ കിട്ടുന്ന വരെ ഒരു സുഖവും ഉണ്ടായിരുന്നില്ല , അതേ കാത്തിരിപ്പിന്റെ സുഖമുള്ള ചെറിയ വട്ട്... അല്ലെ ....
പല പല ആവർത്തി അവളുടെ എഴുത്തുകൾ ഞാൻ വായിച്ചിട്ടുണ്ട് ... എത്ര പ്രാവശ്യം വായിച്ച്‌വെന്നു എനിക്കു തന്നെ ഓർമ്മയില്ല , ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതുമയായി തോന്നിയിരുന്നു .....
ആ സുഖമുള്ള പ്രണയ ഭാവങ്ങൾ ...ആഹാ ..കവിമനസ്സുകളെ നിങ്ങൾക്ക് പ്രണയത്തിന്റെ ഭാവങ്ങൾ അതു പോലെ വാക്കുകളായി കുറിക്കുവാൻ സാധിച്ചിട്ടുണ്ടോ ?
എങ്കിലും അതനുഭവിച്ചറുടെ മനസ്സിനെ വർണ്ണിക്കുവാൻ ബുദ്ധിമുട്ടാണെന്നും എനിക്കു തോന്നുന്നു..... അതു കൊണ്ട് തന്നെ എന്റെ നാദിറയെ , അവളുടെ ഭാവത്തെ , ഞങ്ങളുടെ പ്രണയത്തെ വാക്കുകളിൽ ഒതുക്കുവാൻ പറ്റുന്നില്ലലോ.....
അതിനിടക്ക് ഞങ്ങൾ ആദ്യമായി ഞങ്ങളുടെ ശബ്ദം പരസ്പരം കേട്ടു .... അവളുടെ ശബ്ദം ....ഹോ ......നാദിറയുടെ ശബ്ദം ....
പാഴ്സി ഭാഷയുടെ സ്വാധീനത്താൽ പെട്ടെന്ന് മനസ്സിലാവാത്ത കുഴഞ്ഞ ഒരു ഇംഗ്ലീഷ് ആക്‌സെന്റ് ആയിരുന്നു അവളുടേത് ... . എങ്കിലും , CNN- BBC ഇടക്കിടെ കാണുന്നത് കൊണ്ട് ആക്‌സെന്റ് ഒരു പ്രശ്‍നം ആയി എനിക്ക് തോന്നിയില്ല.
അല്ലെങ്കിലും പ്രണയിതാക്കളുടെ ഓരോ ശ്വാസവും സ്നേഹത്തിന്റെ വാക്കുകളായി വായിച്ചെടുന്നവർക്ക് , ഭാഷ ഒരു പ്രശ്നമേ അല്ലല്ലോ.
അന്ന് മൊബൈൽ ഫോൺ എനിക്ക് ഇല്ലാതിരുന്നതു കൊണ്ട് വീട്ടിലെ ലാന്റ് ഫോണിലേക്കാണ് അവൾ വിളിച്ചിരുന്നത് കുറച്ച് നേരം സംസാരിച്ചു. അതു വല്ലാത്തോരു പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു ....
ജിജോ....! എന്നു അവൾ നീട്ടി വിളിക്കുമ്പോൾ വളരെ വാത്സല്യം തോന്നിയിരുന്നു .... പതിഞ്ഞ മനോഹരമായ ശബ്ദം.... അന്ന് രാത്രി ഞാൻ വളരെ ഉന്മേഷവാനായിട്ടാണ് കിടന്നത്... മനസ്സിൽ ഇത്ര സുഖം അനുഭവിച്ച വളരെ കുറച്ച് നിമിഷങ്ങളിലൊന്ന് ....
പിന്നീട് ഇടക്കിടക്കു വിളിക്കും ...അവളായിരുന്നു കൂടുതലും ഇങ്ങോട്ട് വിളിച്ചിരുന്നത് ...മിക്കവാറും ദിവസങ്ങളിലുള്ള ചാറ്റിംഗ് ആയിരുന്നു ഞങ്ങളുടെ ആശയ വിനിമയം ..മണിക്കൂറുകൾ ഇരുന്നു ചാറ്റിയിട്ടുണ്ട്
വീണ്ടും ദിവസങ്ങൾ കടന്നു പോയി ...ഇപ്പോൾ 5 വർഷം പിന്നിട്ടിരിക്കുന്നു... എന്റെ സ്ഥിതിക്ക് ഒരു മാറ്റവും ഇല്ല .. ഞങ്ങൾക്ക് പ്രായം ഏറി വരുന്നു, അവൾ എന്നെക്കാൾ ഒരു വയസ്സു മാത്രം ഇളയത് , ഒരു വർഷവും കൂടി കഴിഞ്ഞാൽ അവളുടെ MSc കഴിയും
അപ്പോഴേക്കും കല്യാണം നടത്തണം ...
പിന്നെ അങ്ങോട്ടു മുൾ മുനയുടെ നാളുകളായിരുന്നു... എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്റെ നാദിറക്കും ഒരു സംശയം തോന്നി തുടങ്ങി , ഞങ്ങൾ ഒരുമിക്കുമോ , വിവാഹിതരാവാൻ പറ്റുമോ .... അതു അവളുടെ സങ്കടം നിറഞ്ഞ ചില വാക്കുകളിൽ വ്യകതമായിരുന്നു .....
എങ്കിലും എന്റെ നാദിറ പറഞ്ഞു ,
എന്റെ പ്രിയപ്പെട്ട ജിജോ.... നിന്നെ കൂടാതെ എനിക്കു ജീവിക്കുവാൻ സാധിക്കില്ല ..എന്റെ ഉപരി പഠനത്തിന് ശേഷം , ഞാൻ യൂറോപ്പിൽ PhD എടുക്കുവാൻ ആഗ്രഹിക്കുന്നു ....അവിടെ ചെന്നാൽ എനിക്കു വരുമാനമുണ്ടാകും , എന്റെ എയ്ഞ്ചലിനെ ഞാൻ അങ്ങോട്ടു കൊണ്ട് പോകും ... അതു കേട്ടപ്പോൾ തെല്ലൊരാശ്വാസം തോന്നിയെങ്കിളിലും , എന്തോ ഒരു സുഖമില്ലായ്മ എന്റെ മനസ്സിൽ വീർപ്പു മുട്ടി
വീണ്ടും പ്രണയത്തിന്റെ ആശകളുടെ , ആശങ്കകളുടെ ഒരു വർഷം കൂടി പിന്നിട്ടു ....
മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടിനെ നോക്കിയും , പണമില്ലാത്ത എന്റെ കീശയെയും നോക്കി ഞാൻ എന്നോട് തന്നെ വിളിച്ചു പറഞ്ഞു ....
"അല്ലയോ എന്റെ പ്രണയമേ , ചിതലരിച്ചു പോകുന്ന കടലാസു കഷണങ്ങളുടെ കുറവ് മൂലം കുത്തി നോവിക്കുന്ന നിന്റെ വിക്യതികൾ ഞാനെങ്ങനെ സഹിക്കും .... മനസ്സിന്റെ ഉള്ളിൽ ഞാൻ നിധി പോലെ കാത്തു സൂക്ഷിക്കുന്ന എന്റെ നാദിറയെ അവളുടെ പ്രണയത്തെ , ഞങ്ങളുടെ സ്വപ്നങ്ങളെ ഇല്ലായ്മയുടെ ചങ്ങലയാൽ ബന്ധിക്കരുതേ.........
........അല്ലയോ , എന്റെ പേർഷ്യൻ രാജകുമാരി , നിന്റെ നിഷ്കളങ്കമായ പ്രണയത്തെ ഞാൻ കവർന്നെടുത്തിട്ട് , നിന്റെ മനസ്സിൽ ആശയും ആഗ്രഹങ്ങളും നിന്റെ എയ്ഞ്ചൽ നിറച്ച് വെച്ചിട്ട് , അവസാനം എന്റെ ഇല്ലായ്മ അതിനെ നോക്കി കൈ മലർത്തുമ്പോൾ നിന്റെ ഹ്യദയം പിടഞ്ഞു മരിക്കുന്ന കാഴ്ച്ച എനിക്കു കാണുവാൻ സാധിക്കില്ലല്ലോ ........
......6 വർഷം എന്റെ കൂടെ പ്രത്യാശയോടെ, അതിലേറെ കൊതിയോടെ എന്റെ പ്രിയപ്പെട്ടവൻ ഇന്ന് വരും നാളെ വരും എന്നോർത്ത് നീ കാത്തിരുന്നിട്ട് , അവസാനം അതുണ്ടാവില്ല എന്നു നീയറിയുമ്പോൾ ...ആ അവസ്ഥ എനിക്കു സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല..."
ഇത്രയും വാക്കുകളല്ല..ഇതിലും കൂടുതൽ എന്തൊക്കെയോ ഞാൻ എന്നോട് തന്നെ പറഞ്ഞു ....
എന്റെ സങ്കടവും വിഷമവും കണ്ടിട്ടു എന്റെ അമ്മ എന്നോട് പറഞ്ഞു ..
"അതു നടക്കില്ലെങ്കിൽ എന്റെ മോൻ എന്തിനാ വിഷമിക്കുന്നെ .... സാഹചര്യങ്ങൾ അങ്ങനെയല്ലേ മോനെ ...അർഹിക്കുന്നതെ ആഗ്രഹിക്കാവൂ"
എങ്കിലും ഞാൻ അമ്മയോട് ചോദിച്ചു എന്റെ നാദിറയെ എനിക്കു കാണാൻ എന്റെ കൂടെ കൂട്ടാൻ പറ്റില്ലേ അമ്മേ ... ആ ചോദ്യത്തിന് മുന്നിൽ അമ്മ എന്തു പറയണമെന്നറിയാതെ കുഴങ്ങി , എന്റെ തലയിൽ തലോടി പറഞ്ഞു ,
"നമുക്ക് പ്രാർത്‌ഥിക്കാം മോനെ എന്നു മാത്രം പറഞ്ഞു .....ഒരമ്മക്ക് ഇതിൽ കൂടുതൽ എങ്ങനെ ആശ്വസിപ്പിക്കാനാകും?
ദുഃഖത്തിന്റെ നാളുകൾ, രാത്രിയിൽ ഉറക്കമില്ലയ്മയുടെ നാളുകൾ ,
അതിനിടക്ക് എനിക്കൊരു മൊബൈൽ എന്റെ ചങ്ങാതി സമ്മാനിച്ചിരുന്നു....ഇടക്ക് അവൾ തരുന്ന മിസ്സ്ഡ് കോൾ , SMS മാത്രമായിരുന്നു ഒരാശ്വാസം ..അവളെ ആഗ്രഹിക്കുമ്പോഴൊക്കെ എന്റെ ആത്മഗതമറിഞ്ഞവണ്ണം എനിക് അവളുടെ മിസ്സ്ഡ് കോൾ കിട്ടുമായിരുന്നു.
വീണ്ടും ദിവസങ്ങൾ മുന്നോട്ട് പോയി ...ഒരു പുരോഗമനവുമില്ലാതെ എന്റെ സാമ്പത്തികം കാട്‌ പിടിച്ചു.
ആയിടക്ക് ഞാൻ ഒരു മാറ്റം എന്റെ നാദിറയിൽ ശ്രദ്ധിച്ചു , എന്തോ ഒരു അകൽച്ച പോലെ...... ഞാനതു ചോദിച്ചപ്പോൾ , നിനക്കതു തോന്നുന്നതാണെന്നു അവൾ പറഞ്ഞു, അപ്പോൾ വർഷം 2008. പിന്നീടുള്ള ദിവസങ്ങളിൽ ആ മാറ്റം എനിക്കു വ്യക്തമായി.
ഒരു ദിവസം എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു,
പറയ് മോളെ.... ഞാൻ പറഞ്ഞു
അവൾ പറഞ്ഞു അവളെ "മറക്കണമെന്ന്."... ...........
നീയെന്താ നാദിറ പറയുന്നത് ...
അതേ ജിജോ എനിക്കു തോന്നുന്നു കാര്യങ്ങൾ ഒന്നും ശരിയാവില്ലാന്ന്, നിനക്കു മറ്റൊരു ജീവിതം നോക്കിക്കൂടെ ,
ഒന്നും മനസ്സിലാവാതെ ഞാൻ പിച്ചും പേയും പറയാൻ തുടങ്ങി .....
അതു കണ്ട്‌ അവൾ ആത്മദുഃഖിതയായി പറഞ്ഞു ...ജിജോ , എനിക്കു നിന്നെ ഇഷ്ടമാണ് , നിന്നെ പിരിയുവാൻ സാധിക്കില്ല ...നീ എന്റേതു മാത്രമാണ് ....
അതെന്നെ ആശ്വസിപ്പിക്കാൻ മാത്രമുള്ള വാക്കാണെന്നു മനസ്സിലായി എങ്കിലും അവളുടെ വാക്കുകൾ എന്നെ സ്വാന്തനിപ്പിച്ചിരുന്നു
'ദരിദ്രന്റെ പ്രണയത്തിനു സ്വപ്നങ്ങൾ മാത്രമേ ബാക്കിയുണ്ടാവൂ'...... എന്നു എന്നെ പഠിപ്പിച്ച ദിനങ്ങളായിരുന്നു ആ ദിവസങ്ങൾ... അവൾക്കും എനിക്കും എന്തു ചെയ്യണമെന്നറിയാതെ , എന്തു പറയണമെന്നറിയാതെ ആകെ തകർന്നിരുന്നു ദിനങ്ങൾ.....
പ്രായോഗികത കാണാതെ പ്രണയിക്കുന്നവന് ദുഃഖ സാഗരത്തിൽ മുങ്ങികുളിക്കാമെന്നും , ചിലരതിൽ ശ്വാസം മുട്ടി മരിച്ചു പോകുമെന്നും മനസ്സിലാക്കിയ ജീവിത നിമിഷങ്ങൾ ,
സ്വപ്നത്തെക്കാൾ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്ന നെരിപ്പോടിന്റെ പാഠങ്ങൾ
ആ ദിവസങ്ങളിൽ ഭക്ഷണം വേണ്ട , ഒന്നിനോടും ഒരു താല്പര്യവുമില്ല , എന്റെ നാദിറ മാത്രമായിരുന്നു അന്നേരം മനസ്സിൽ
അവളെ കൈവിട്ടു പോകുമോ എന്ന എന്റെ ഹ്യദയത്തിന്റെ പൊട്ടിക്കരച്ചിലുകൾ , ഹ്യദമിടിപ്പു പതിവിലും കൂടുതൽ മിടിച്ച രാത്രികൾ.....
പൈസ ഇല്ല വീട് ഇല്ല, ഇനി എങ്ങനെ എന്റെ നാദിറയെ കാണാൻ പറ്റും, അതു മാത്രമോ ..... കാര്യങ്ങൾ എല്ലാം ശരിയാവുമോ...?
ആകെ ഒരു ശൂന്യത മാത്രം മുന്നിൽ... ആദ്യം കണ്ട മാറ്റം ശരിയെന്നു തോന്നും വിധം നാദിറ എന്നിൽ നിന്നും അകലാൻ തുടങ്ങിയോ....?
അതോ എന്റെ വെറും തോന്നൽ മാത്രമോ ..... ചിന്തകൾ എന്നെ ഭ്രാന്തനാക്കുവാൻ തുടങ്ങി.....എന്റെ നാദിറ എന്നിൽ നിന്നും അകലുന്നോ എന്ന ചിന്ത എന്നെ ഒരു മാനസിക വിഭ്രാന്തിയിൽ കൊണ്ടെത്തിച്ചു. അതിനു കാരണങ്ങളുണ്ട്... 
അങ്ങനെ ചിന്തിക്കുന്നത്തിനു മുന്നേ, രണ്ട് മൂന്നു പ്രാവശ്യം എന്നോട് അവളെ മറക്കണമെന്നും ഇന്ത്യയിൽ വേറെ ജീവിതം തുടങ്ങണമെന്നും അവൾ പറഞ്ഞിരുന്നു...
എന്നാൽ ഞാൻ വിചാരിച്ചത് , എന്റെ ചുറ്റുപാടുകളും
എന്റെ ജോലിയില്ലാത്ത അവസ്ഥയും അവൾ പ്രായോഗികമായി കാണുന്നത് കൊണ്ട് എന്നെ മെല്ലെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരികയെന്നുള്ള മനഃശാസ്ത്രപരമായ നീക്കമാണെന്നാണ്.
ആയിടക്ക് അവൾ എന്നെ വിളിക്കുന്നത് ചുരുക്കി , ഓൺലൈനിൽ വരുവാൻ പറഞ്ഞാൽ സമയമില്ല എന്നും ഇടക്ക് പറഞ്ഞിരുന്നു , എന്റെ ആത്മാർത്ഥമായ മനസ്സിൽ പാവം എന്റെ നാദിറ , തിരക്കായിരിക്കും എന്നു വിചാരിച്ച് പോയി.
അവളെ വിളിക്കുവാൻ സംസാരിക്കുവാൻ പണമില്ലാതെ നന്നേ വിഷമിച്ചു, അവൾ ഓൺലൈനിൽ വരുന്നതിന്റെ എണ്ണം കുറച്ചു..... എന്തു പറ്റി എന്നു വിളിച്ചു ചോദിക്കുവാൻ പണമില്ലല്ലോ ....
എന്റെ അന്നേരത്തെ മാനസികാവസ്ഥ എനിക്കു വിവരിക്കുവാൻ സാധിക്കുകയില്ല . ആയിടക്ക് എനിക്ക് കുറച്ചു കാശു ഒരിടത്ത് നിന്നു കിട്ടി ( 500) രൂപ. വേഗം കുറച്ചു റീചാർജ് കൂപ്പണുകൾ വാങ്ങി അവളെ വിളിച്ചു... അവൾ ഫോൺ എടുക്കുന്നില്ല. ചുരുങ്ങിയത് ഒരു 50 തവണ എങ്കിലും വിളിച്ചു കാണും ...
അവൾ എന്നെ വിട്ടു പൊയ്ക്കോട്ടേ , ആ സ്വരം
ഒന്നു കേൾക്കാൻ ഞാൻ കൊതിച്ചു പോയി.... ഒന്നു പൊട്ടിക്കരയണമെന്നുണ്ട്, ദേഹം തളരുന്ന പോലെ , ഹ്യദയം വെള്ളം പമ്പ് ചെയ്യുന്ന വലിയ ഒരു യന്ത്രമാണോ എന്നും തോന്നിപ്പോയി ..അത്രയ്ക്ക് അധികമായിരുന്നു അതിന്റെ പൊങ്ങി താഴൽ.
കുറച്ച് കഴിഞ്ഞു ഒന്നൂടെ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു...
എന്റെ ജിജോ എന്നവൾ പറഞ്ഞു ....
ഞാൻ ചോദിച്ചു...............
നീയെവിടെയായിരുന്നു നാദിറ, എന്താ ഫോൺ എടുക്കാതിരുന്നത് , എത്ര തവണ വിളിച്ചു എന്നറിയാമോ... പറയൂ, നിനക്കെന്നാ പറ്റി നാദിറ ....
അവൾ പറഞ്ഞു "ഒന്നുമില്ല ജിജോ"
ഞാൻ ഫോൺ ചെയ്യുന്നത് നീ കണ്ടില്ലയോ
അവൾ പറഞ്ഞു "യെസ്'
പിന്നെ എന്താ എടുക്കാതിരുന്നേ
ഒന്നുമില്ല ....ജിജോ പ്ലീസ്.....
എനിക്കു സംസാരിക്കണം എന്റെ നാദിറ ..നീയില്ലാതെ പറ്റില്ല , നിന്റെ സ്വരമില്ലാതെ പറ്റില്ല .... എന്തു പറ്റി എന്നു എന്നോട് പറയൂ
രണ്ട് മണിക്കൂറിനു ശേഷം ഓൺലൈനിൽ വരാമെന്നും ഞാൻ കാത്തിരിക്കുമെന്നു പറഞ്ഞു ഫോൺ വച്ചു
അന്ന് കുറെ നേരം സംസാരിച്ചു ... അവൾ എന്നെ വിട്ടു പോകുമോ എന്ന എന്റെ ചിന്ത ഒരു നിമിഷം കൊണ്ടാണവൾ ഇല്ലാതാക്കിയത്
ഒറ്റ വാക്ക് ..."എന്റെ ജിജോ , എന്നോട് ക്ഷമിക്കൂ , നീയില്ലാതെ എനിക്കു പറ്റില്ല. നിനക്ക് കൂട്ടിനായി ഞാനില്ലേ ...എന്റെ അടുത്തിരിക്കു ...എന്റെ കയ്യിൽ പിടിച്ചു ഒരു ചുംബനം തരുമോ"
അത്രയും മതിയാരുന്നു എന്റെ സങ്കടമെല്ലാം പമ്പ കടക്കാൻ
അതേ ഇഷ്ടമുള്ളവരുടെ , ഞാൻ കൂടെയുണ്ട് എന്ന ഒറ്റ വാക്ക് മതി കുന്നോളമുള്ള പ്രശ്നങ്ങൾ അലിഞ്ഞില്ലാതാവാൻ എന്ന് ആദ്യമായി ഞാൻ മനസ്സിലാക്കി...
ഒരു വലിയ അഗ്നിപർവ്വത സ്‌ഫോടനത്തിനു ശേഷം കുളിർമഴ പെയ്ത പോലെ തോന്നി പോയി
അന്ന് സന്തോഷത്തോടെയാണ് വീട്ടിലേക്കു പോന്നത് .... ആഹാ എന്റെ നാദിറ എന്നെ മറന്നിട്ടില്ല ...അവൾക്കെന്നെ മറക്കാൻ പറ്റുമോ ..ഇല്ല അവൾക്കതിനു സാധിക്കില്ല.
പ്രണയത്തിൽ നിന്ന് ഇഷ്ടത്തിൽ നിന്ന് സ്നേഹത്തിൽ നിന്ന് അല്പം ഒന്നു വ്യതിചലിച്ചു എന്നു തോന്നിയപ്പോഴേക്കും ഇത്രക്ക് ദുഃഖം വന്നു എങ്കിൽ , ഇഷ്ടപെട്ടവർ പിരിഞ്ഞു പോയാലത്തെ അവസ്ഥയും , അതനുഭവിക്കുന്നവരുടെ മാനസികാവസ്ഥയും ഞാൻ ഓർത്തു പോയി
വീണ്ടും ഞങ്ങൾ സംസാരിച്ചു ..
അതിനിടക്ക് എന്റെ നാദിറയുടെ MSc കഴിഞ്ഞു യൂറോപ്പിലേക്ക് റിസേർച്ചിനു പോകാൻ കാര്യങ്ങൾ ശരിയായി.... വീണ്ടും ചില ചെറിയ ചെറിയ അകൽച്ചകൾ അവൾ കാണിച്ചുവെങ്കിലും ..പിന്നീട് സ്നേഹത്തോടെ വരുമായിരുന്നു .
യൂറോപ്പിൽ പോകുന്നതിനെക്കുറിച്ചും , അവിടെ എത്തിയാൽ എനിക്ക് ജോലി സഘടിപ്പിക്കുന്നതിനെ കുറിച്ചും അവൾ സംസാരിച്ചു....
എങ്കിലും സ്വപ്ന സാഫല്യ വൈകാരിതയും അതിന്റെ പൊരുളും മനസ്സിലാക്കുന്നതിൽ ഞാൻ അല്പം പക്വത പ്രാപിച്ചിരുന്നു.
യൂറോപ്പിൽ പോകുന്നതിനെ കുറിച്ച് ഞാൻ ഭ്രാന്തമായി ചിന്തിച്ചിരുന്നില്ല. അവൾ അങ്ങനെ പറഞ്ഞു എങ്കിലും , പ്രയോഗികമായി ചിന്തിക്കാൻ, കഴിഞ്ഞ അനുഭവങ്ങൾ എനിക്കു വേണ്ടുവോളം മതിയായിരുന്നു ....
എങ്കിലും , എന്റെ നാദിറയയോടൊപ്പം ജീവിക്കാനുള്ള കൊതി കൊണ്ട് ...ഏത് ദുനിയാവിലേക്കാണെലും പോകാൻ ഞാൻ തയ്യാറായിരുന്നു. അത്രമാത്രം ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു , അവളെ ഞാൻ സ്നേഹിച്ചിരുന്നു ...അതു പോലെ അവളും എന്നെ മതി മറന്നു സ്നേഹിച്ചിരുന്നു.....
ദൂരങ്ങളും , വാക്കുകളും പരിമിതമായിരിക്കുമ്പോഴും മനസ്സെന്ന മഹാ അത്ഭുതത്തെ കൂട്ടിച്ചെർക്കുവാനും , അകറ്റുവാനും അകലം ഒരു പ്രശ്നമല്ലായെന്ന് അന്ന് മനസ്സിലായി.
അങ്ങനെ 2009 സെപ്റ്റംബർ മാസം എന്റെ നാദിറ വിമാനം കയറി. യൂറോപ്പിലെ മനോഹരമായ ആ സ്ഥലത്ത് അവൾ വിമാനമിറങ്ങി ... അവിടെയെത്തി അവിടുത്തെ ചില ചിത്രങ്ങൾ അവൾ അയക്കുകയുണ്ടായി ...
എന്റെ നാദിറയുടെ അത്ര വരില്ല എങ്കിലും .,..യൂറോപ്പ് എത്ര മനോഹരമാണ് smile emoticon:) smile emoticon:)
....................................
ഇനിയാണ് നിങ്ങളുടെ ഹ്യദയമിടിപ്പു കൂട്ടുന്ന ഞങ്ങളുടെ പ്രണയത്തിന്റെ.... എന്നെ ഞാൻ ആക്കിയ ചില അനുഭങ്ങളുടെ കളിക്കളം ....
ഇനിയുള്ള കാര്യങ്ങൾ പൂർണ്ണമായെഴുതുവാൻ എനിക്കു സാധിക്കുകയില്ല .. അത്ര കഠിനമായ അനുഭവം ഓർക്കുവാൻ അതു വരികളാക്കുവാൻ എനിക്ക് ഭാഷാ ശാസ്ത്ര പരിധികളുണ്ട്‌ ... എങ്കിലും ചുരുക്കമായി ഞാൻ എന്റെ 7 വർഷം നീണ്ടു നിന്ന പ്രണയത്തിനു സമാപ്തി കുറിക്കുകയാണ്
യൂറോപ്പിന്റെ മനോഹാരിതയിൽ , സൗന്ദര്യത്തിന്റെ വശീകരണത്തിൽ വീണു പോകാത്ത മനുഷ്യർ കുറവാണ് .....
യൂറോപ്പിലെ ആ സ്ഥലം ഏതാണെന്നു പറയുവാൻ എനിക്ക് പറ്റുകയില്ല കാരണം അവൾ അവിടെ ഉണ്ട് ......
യൂറോപ്പിൽ ആ പ്രസിദ്ധമായ റിസേർച്ച് സെന്ററിൽ അവളുടെ ഡോക്ടറേറ്റ് നേടാനുള്ള പഠനം ആരംഭിച്ചിരിക്കുന്നു.... അവൾ അവിടുത്തെ അഡ്രസ് എനിക്ക് തരുകയും , അവൾക്കു വേണ്ടി ഒരു സമ്മാനം ഞാനൊരു സമ്മാനം അയക്കുകയും ചെയ്തിരുന്നു.
അതേ സമയം അവളുടെ ആങ്ങളയുമായി ഞാൻ നല്ല സൗഹ്യദം സ്ഥാപിച്ചിരുന്നു. നല്ല ഒരു മനസ്സുള്ള ചെറുപ്പക്കാരൻ. അവന് ഞങ്ങളുടെ തീവ്ര പ്രണയത്തെ കുറിച്ച് നന്നായറിയാമായിരുന്നു. ഞങ്ങൾ ഒന്നിക്കണമെന്ന് അവൻ നന്നായാഗ്രഹിച്ചിരുന്നു. അവളുടെ ബാബയ്ക്കും മമ്മയ്ക്കും ഇംഗ്ലീഷ് അറിയില്ലായെങ്കിലും വിളിക്കുമ്പോഴൊക്കെ ഞാൻ ഹെലോ പറയാറുണ്ടായിരുന്നു.
അതിനിടക്ക് എന്റെ ഒരു ചങ്ങാതി സഹായിച്ച് നല്ല ശമ്പളത്തിൽ ഒരു അമേരിക്കൻ കമ്പനിയിൽ.എനിക്കൊരു ജോലി കിട്ടി ....,
ആ ജോലി കിട്ടിയപ്പോൾ ഞാൻ ചിന്തിച്ചു കാര്യങ്ങൾ ശരിയാവുമെന്നു. സന്തോഷത്തോടു കൂടി അവളോട്‌ ഓടി ചെന്നു പറഞ്ഞു ...നാദിറ, നിന്റെ എയ്ഞ്ചലിന് ജോലി കിട്ടിയെന്ന്.... ഒരു 6 മാസം തന്നെ ജോലി ചെയ്താൽ കൈ നിറയെ കാശു കിട്ടും. ഒരു 6 മാസം കൂടി നീ എനിക്ക് വേണ്ടി കാത്തിരിനാൽ എനിക്ക് നിന്റെടുക്കൽ പറന്നെത്താൻ പറ്റും.
അതിന്റെ മറുപടിയെന്നവണ്ണം അവൾക്ക് എന്നോട് സംസാരിക്കണമെന്നും കുറച്ച് കാര്യങ്ങൾ എന്നോട് പറയാനുണ്ട് എന്ന മറുപടി മാത്രം എന്റെ നാദിറയിൽ നിന്ന് വന്നു
അവൾക്കെന്താണെന്നോട് പറയാനുള്ളതെന്നറിയാൻ ഓൺലൈൻ ചെന്നു....
അവൾ പറഞ്ഞു , "ജിജോ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു , ഇപ്പോഴും സ്നേഹിക്കുന്നു , എന്നാൽ ഞാൻ മനസ്സിലാക്കുന്നു, നിന്റെ സാഹചര്യവും എന്റെ സാഹചര്യവും വളരെ വിത്യാസമുള്ളതാണ്. നമ്മൾ വിവാഹം കഴിച്ചാലും ആ വിത്യാസം ഉണ്ടാകുമെന്നു ഞാൻ കരുതുന്നു. പിന്നെ നിന്റെ വിദ്യാഭ്യാസം , സംസ്ക്കാരം , സാമ്പത്തികം , ചുറ്റുപാടുകൾ എന്റേതുമായി യോജിച്ച് പോവുകയില്ല എന്നത് സത്യമാണ്. അതു കൊണ്ട് ...ഞാൻ അവസാനമായി പറയുന്നു .....ഇനി നമ്മൾ ഈ ബന്ധം പുലർത്തുന്നതിൽ അർത്ഥമില്ല , നീ വേറെ നല്ലൊരു വിവാഹം കഴിച്ച് മുന്നോട്ടു പോണം....
ജീവൻ പോയാലും നിന്നെ കൂടാതെ ജീവിക്കാൻ പറ്റില്ല എന്ന് എന്റെ നാദിറ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു പോയി
എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറില്ലായിരുന്നു , പൊട്ടിക്കരയണോ , പൊട്ടിച്ചിരിക്കണോ, പുഞ്ചിരിക്കണോ , വിതുമ്പിക്കരയണോ എന്നറിയാതെ സ്തംഭിച്ചു പോയ നിമിഷം ....
പൊട്ടിച്ചിരിക്കാലെ, അതാകും നല്ലത്..... അതേ ചിലർ അഗ്നിപർവ്വതം ഉള്ളിൽ പൊട്ടിയാലും പുറമെ പൊട്ടിച്ചിരിക്കുമല്ലോ
ഞാനൊന്നു ചിരിക്കട്ടെ ..പൊട്ടി പൊട്ടി ചിരിക്കട്ടെ ......... ഈ ചിരിയിൽ എന്റെ മറുപടി ഉണ്ട് എന്റെ ആത്മാവ് ഉണ്ട് , എന്റെ മനസ്സു ഉണ്ട് , എന്റെ സ്വപ്നമുണ്ട് , എന്റെ 7 വർഷമുണ്ട് , എന്റെ ഇല്ലായ്മയുടെ ദുഃഖമുണ്ട് , അവൾ എനിക്ക് തന്ന നല്ല കാലമുണ്ട് , എന്റെ നാദിറയുടെ ചിരിയുണ്ട് , എന്റെ നാദിറയുടെ മുഖമുണ്ട് , എന്റെ നാദിറയുടെ പ്രണയമുണ്ട് , അതേ സ്വപ്നങ്ങൾ മാത്രം ബാക്കിയായി ഞാൻ മടങ്ങുകയാണ് .....
എന്റെ നാദിറക്ക് എന്നെ ഇനി വേണ്ടാന്ന് .... ഇനി "എന്റെ നാദിറ" എന്ന് വിളിക്കാൻ പറ്റില്ലല്ലോ.
അവളെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല , അവൾ എന്നെ വഞ്ചിച്ചു, ചതിച്ചു എന്നു പറയുകയും ഇല്ല .... എന്റെ കുഴപ്പമല്ലേ, എനിക്ക് ഒന്നും ഇലാത്തതിന്റെ കുഴപ്പം ...ആരായാലും അങ്ങനെ ചിന്തിക്കൂ.
യൂറോപ്പിൽ പോയ ആ സമയത്ത് തന്നെ , ഞാനറിയാതെ , എന്നെ അറിയിക്കാതെ മറ്റൊരു പ്രൊപ്പോസൽ അവൾ ശരിയാക്കുകയായിരുന്നു. ഡോക്ടറേറ്റ് നേടിയ മറ്റൊരു ഇറാനിയൻ കോളേജ് പ്രൊഫസർ ആയിരുന്നു അവളുടെ പുതു മാരൻ . യൂറ്റോപ്പിലെ മറ്റൊരു ലൊക്കേഷനിൽ ജോലി ചെയ്യുന്ന ആ വ്യകതി ഇവളെ കാണാൻ വിമാനം കയറി വന്നു എന്നും ഒരുമിച്ച് ഫോട്ടോ എടുത്തു എന്നും പിന്നീട് അറിഞ്ഞു. ആ കല്യാണം ഉറപ്പിച്ചതിനു ശേഷമായാണ് അവൾ എന്നോട് അവളെ മറക്കണമെന്നും മറ്റും പറഞ്ഞതെന്ന് ആശ്ചര്യമാണ്
എന്റെ പ്രണയാനുഭവം ഞാൻ ഇവിടെ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് ... ഈ 7 വർഷത്തിനുള്ളിൽ സംഭവിച്ചതെല്ലാം വാക്കുകളാക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഉൾക്കൊള്ളുവാൻ സാധിച്ചെന്ന് വരികയില്ല, പ്രത്യേകിച്ച് അവസാന രണ്ട് വർഷത്തെ എന്റെ നീറുന്ന അനുഭവവം എഴുത്തുകയാണെങ്കിൽ.
ഇതു വെറുമൊരു പ്രണയ നൈരാശ്യ വിരഹമല്ല ...എന്റെ അനുഭവമാണ് ...എന്നെ ഞാനാക്കിയ ജീവിത നെരിപ്പോടുകളുടെ , അത്യുത്തമ പ്രണയ രസത്തിന്റെ ഭാവ ഭേദങ്ങൾ ... ഇത്തരം പ്രണയം അനുഭവിക്കുവാനും , അതു പോലെ തന്നെ അതിന്റെ പൊള്ളുന്ന നീറ്റലുകളും അനുഭവിക്കാൻ യോഗം വേണം .... അതേ രണ്ടും ഒരു പോലെ അനുഭവിച്ചു
ഇതെന്റെ ഭാഗ്യമാണ് ....
തീവ്ര പ്രണയത്തിന്റെ മനോഹാരിതയും , തീവ്ര വേദനയുടെ ഉന്നത ഭാവവും .....
2010 മെയ് മാസം അവൾ വിവാഹിതയായി .... എന്നറിഞ്ഞു.....
അതിനു ശേഷം എന്റെ ജോലി തുടർന്നു ...ഒരു വർഷത്തിനുള്ളിൽ മനോഹരമായ വീട് നിർമ്മിച്ചു. ആവശ്യത്തിന് പണം വന്നു ചേർന്നു ... എല്ലാ ബുദ്ധിമുട്ടുകളും ഈശ്വരാനുഗ്രഹത്താൽ മാറി. കാര്യങ്ങളെ അതിന്റെ രീതിയിൽ കാണാൻ പഠിച്ചതു കൊണ്ട്. ഹ്യദയം കലങ്ങിയിരിക്കുന്ന അവസ്ഥയിലും ഞാൻ എന്റെ ഭാവി കളയാതിരിക്കാൻ മനസ്സിനെ ഒരുക്കുകയായിരുന്നു ... അതേ ...... തീരുമാനങ്ങൾ എടുക്കാൻ എന്റെ മനസ്സിനെ ഞാൻ പഠിപ്പിച്ചു....
2011 ഓഗസ്റ് മാസം ഞാൻ വിവാഹിതനായി ..... ...എന്റെ സ്നേഹം .... ഇനി അവളാണെനിക്ക് ....അവൾ മാത്രം ....
ഒരു കാര്യം കൂടി പറയട്ടെ
ഒരു സിനിമാ കഥ പോലെ തോന്നുമെങ്കിലും .... കാലത്തിന്റെ വിക്യതി നോക്കണേ .....
എന്നാൽ ... എന്റെ ദുഃഖം കണ്ടിട്ടെന്നവണ്ണം കാലം ...നാദിറയെ വീണ്ടും എന്റെ മുന്നിൽ കൊണ്ടെത്തിച്ചു ....അവൾക്ക് വരേണ്ടി വന്നു
2014 വർഷം ...നിനച്ചിരിക്കാത്ത നേരം അവളുടെ ഇമെയിൽ .....അവൾക്ക് കാൻസർ പിടി പെട്ടിരിക്കുന്നു ....അധിക കാലം ജീവിച്ചിരിക്കില്ലാ എന്നും അവളോടും ക്ഷമിക്കണമെന്നും, അവൾക്കു തെറ്റു പറ്റി എന്നും .... സാഹചര്യങ്ങളാൽ ചില തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നുവെന്നും പറഞ്ഞുള്ള ഒരു ഇമെയിൽ ....
പിന്നീടുള്ള വിദഗ്ധ വൈദ്യ പരിശോധനയിൽ , ക്യാൻസർ പ്രാരംഭ ഘട്ടത്തിലാണെന്നും ..പേടിക്കേണ്ട എന്നും ഡോക്ടർ പറഞ്ഞാതായി പറഞ്ഞിരുന്നു. ഇപ്പോൾ പൂർണ്ണമായും ഭേദമായി ..ഒരു കുഞ്ഞിന്റെ അമ്മയായി യൂറോപ്പിൽ കഴിയുന്നു ...
എങ്കിലും സത്യ സ്നേഹത്തിന്റെ ആഴം മനസ്സിലാവാൻ അവൾക്ക് ഒരു കാൻസർ വരേണ്ടി വന്നു ..... ക്യാൻസർ വന്നതിൽ ഞാൻ ഒരിക്കലും സന്തോഷിക്കുന്നില്ല ..ആർക്കും അങ്ങനെ വരരുതേ എന്ന പ്രാർത്ഥനയെ ഉള്ളു.....
ഇനി........
എന്റെ പ്രണയം അവസാനിക്കുന്നില്ല ..... എന്റെ സഹധർമ്മിണിയിൽ ഞാൻ എന്റെ പ്രണയം കാണുന്നു .. നാദിറ എന്റെ മനസ്സിൽ ഇപ്പോൾ ഇല്ല.
എന്റെ മനസ്സിൽ എന്റെ സ്നേഹവും ഞങ്ങൾക്കുള്ള കുഞ്ഞുമാണ് ... ഈശ്വരാനുഗ്രഹത്താൽ ഞങ്ങൾ ജീവിക്കുന്നു....
ഇതു എന്റെ സഹധർമ്മിണി നിങ്ങൾ അറിയാതെ വായിക്കുന്നുണ്ട് കേട്ടോ ..... ഇന്നലെ പറഞ്ഞു ....നന്നായിരിക്കുന്നു എന്നു ...ഇപ്പോൾ മനസ്സിലായില്ലേ ... വിരഹത്തിൽ കഴിയാതെ ... ഇതു പോലെ ഒരു ജീവിതം കെട്ടിപ്പടുക്കുകയല്ലേ വിവേകം .....
എന്റെ എഴുത്തിനു പിന്താങ്ങൽ നൽകുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരോ വായനക്കാർക്കും നല്ലെഴുത്ത് ഗ്രൂപ് അഡ്മിനും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു....
( അവസാനിച്ചു )
..............................
ജിജോ പുത്തൻപുരയിൽ
ഭാഗം രണ്ട്
ഭാഗം മൂന്ന്
ഭാഗം നാല്
ഭാഗം അഞ്ച്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot