അമ്മാളു അമ്മയും മരിച്ചു, ആരോരുമില്ലാതെ വിറക് ശേഖരിച്ചു വിറ്റു നടന്ന കൂനയുള്ള നിലം നോക്കി നടക്കുന്ന അമ്മാളുഅമ്മ. അവര്ക്ക് മക്കളില്ലായിരുന്നു. അവരുടെ ഭർത്താവ് എന്നോ മരിച്ചുപോയിരുന്നു. ബന്ധുക്കളായി ആരൊക്കെയോ ഉണ്ട് പക്ഷെ ആരും അവരെ അന്വേഷിക്കാറില്ലായിരുന്നു. ഒന്ന് രണ്ടു ദിവസമായി ആരും അമ്മാളു അമ്മയെ കണ്ടിരുന്നില്ല, ഇന്ന് രാവിലെ അമ്മാളുഅമ്മയുടെ വീടിനരികെ വഴിപോകുന്ന ആരോ വെറുതെ അമ്മാളു അമ്മയെ വിളിച്ചപ്പോ മറുപടി കേൾക്കാതെ വന്നപ്പോ വീട്ടിൽ കയറിനോക്കിയപ്പോഴാണ് അമ്മാളു അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടുവകത്തെ നിലത്ത് അമ്മാളു അമ്മയുടെ ജഡത്തിന്നരികെ മൂല്യം നഷ്ടപ്പെട്ട കുറച്ചു നോട്ടുകളുമുണ്ടായിരുന്നു. വിറകുവിറ്റു കിട്ടുന്നത് ഊറ്റിയുരുക്കി വെച്ച പൈസയാവാം. അയൽവാസികളായ ഞങ്ങളെല്ലാവരുംകൂടി അമ്മാളു അമ്മയുടെ കർമ്മങ്ങൾ കഴിച്ചു, ഇപ്പൊ മനുഷ്യന്റെ മാംസംകരിഞ്ഞ വാസന നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടോ, അത് അമ്മാളു'അമ്മ പ്രകൃതിയിൽ ലഴിച്ചു ചേരുന്നതിന്റെ മണമാണ്. പക്ഷെ എനിക്കെന്തോ ചില സംശയങ്ങൾ. അമ്മാളു അമ്മയെ രണ്ടു ദിവസം മുമ്പേ ഞാൻ ബാങ്കിലെ ക്യൂവിൽ നിൽക്കാൻ കഴിയാതെ വഴിയോരത്ത് ഇരിക്കുന്നത് കണ്ടിരുന്നു. അവരെന്നോട് ഒരു സഹായത്തിനും അവശ്യപ്പെട്ടില്ലേലും സഹായിക്കാൻ എന്റെ വിരൽത്തുമ്പിലെ മഷിയടയാളം അനുവദിക്കില്ലായിരുന്നു. അന്ന് പണം മാറാനുള്ള അവസാന ദിവസമായിരുന്നു, അന്നുതന്നെയാവും അമ്മാളു അമ്മയുടെ ജീവനറ്റുപോയ ദിവസവും. പണവും മനുഷ്യനും തമ്മിലെ ആത്മബന്ധം സൂചിപ്പിക്കുന്ന മറ്റൊരു മരണം എന്റെ ഓർമ്മയിൽ ഇപ്പോഴും മരിക്കാതെ കിടക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തണുത്തൊരു പ്രഭാതത്തിൽ എന്റെ കളിക്കൂട്ടുകാരി ജിഷയുടെ അച്ഛൻ മരിച്ചുപോയി, നിലവിളികേട്ട് ഞാനവിടെ ഓടിയെത്തുമ്പോൾ ജിഷ അച്ഛനെയും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ബാലനെന്നായിരുന്നു അയാളുടെ പേര്. മരിക്കാനുള്ള പ്രായമോ രോഗമോ അങ്ങനെ നാം മനസ്സിൽ മരണത്തിനു കാരണമായി പറയുന്ന ഒന്നും പ്രത്യക്ഷത്തിൽ കാണാനില്ലായിരുന്നു. മരണത്തിന്റെ പേര് ഹൃദയാഘാദമായിരുന്നു ജിഷയുടെ കണ്ണുനീര് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വെളുക്കുമ്പോഴേക്കും ബാലേട്ടന്റെ ഒരു ചിത്രം മാത്രമായിരുന്നു എന്റെ കണ്ണിൽ ഒരു നിഴൽപോലെ അവശേഷിച്ചിരുന്നത്. ബാലേട്ടന്റെ അടുത്ത സുഹൃത്തായിരുന്ന രാജനായിരുന്നു മരണം ഒട്ടും സഹിക്കാനാവാതെ തളർന്നു പോയത് കൂലിപ്പണിക്കാരനായ രണ്ടു പെണ്മക്കളുടെ അച്ഛനായിരുന്നു രാജേട്ടൻ, ബാലേട്ടൻ മരിച്ചതോടെ രാജേട്ടൻ മൗനിയായി, ആരോടും സംസാരിക്കുന്നില്ല വീട്ടിലും തമാശകളില്ല . ജോലിക്കുപോവുന്നതും കുറഞ്ഞു കുറഞ്ഞു വന്നു. സുഹൃത്തിന്റെ മരണമാണ് ബാലേട്ടനെ ഇങ്ങനെ നിരാശനാക്കിയതെന്ന ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷെ സത്യം മറ്റൊന്നായിരുന്നു. രാജേട്ടന്റെ പൈസ മുഴുവൻ സൂക്ഷിച്ച ബാലേട്ടൻ മരിച്ചപ്പോൾ ആ പണത്തിന്റെ കണക്കും മരിച്ചു, എഴുതിവെച്ചോരു രേഖയുംമില്ലാതെ രാജേട്ടൻ നഷ്ടപ്പെട്ട പണമോര്ത്ത് കരിഞ്ഞു പോയി. ശരീരം ക്ഷീണിച്ചു മനസ്സ് തകർന്നു മരിച്ചു. അമ്മാളു അമ്മയുടെ ശരീരം ദഹിപ്പിച്ചു ഇറങ്ങിവരുന്ന പച്ചയിറച്ചിയുടെ കരിഞ്ഞ മണം എന്നെ ഓര്മിപ്പിക്കുകയായിരുന്നു.
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക