നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെരുവിൽ ഉറങ്ങാത്തവൾ


കനം പിടിച്ചു വരുന്ന ഇരുട്ടിന്റെ മറവിൽ ആ നഗരത്തിന് ഒരേ സമയം ഭീകരതയും സൗന്ദര്യവും ഉണ്ടായിരുന്നു .ഒരു ദിവസത്തെ ശേഷിപ്പെന്നോണം കിട്ടിയ തുക എണ്ണിത്തിട്ടപ്പെടുത്തി തൃപ്തി വരാതെ പലതവണ വീണ്ടും എണ്ണി നോക്കി ഇരിക്കുന്ന കടയുടമകളും നാളെയുടെ ആവർത്തനങ്ങളിലേക്ക് പുറത്തു വെച്ച വിൽപ്പന ചരക്കുകൾ പൊടി തട്ടി അകത്തേക്ക് വെക്കുന്ന പണിക്കാരും , ലാസ്റ്റ് ബസിൽ ഒരാളെങ്കിലും കരുണ കാണിച്ചൊരു കാരുണ്യ എടുത്തിരുന്നെങ്കിൽ എന്നോർത്തു കൊതുകിന് ചോര കൊടുത്തിരിക്കുന്ന ലോട്ടറിക്കാരനും , നാളത്തെ ആദ്യ ട്രിപ്പിന് സ്ഥലപ്പേരിന്റെ ബോർഡും വെച്ച് ടയറിലെ കാറ്റും നോക്കി പിറു പിറക്കുന്ന ബസ് തൊഴിലാളികളും , ആരെയൊക്കെയോ കാത്തും ആർക്കൊക്കെയോ കാണാൻ വേണ്ടിയും ആരുടെയൊക്കെയോ ഭ്രാന്തുകൾ കടിച്ചു പൊട്ടിച്ച ചുണ്ടുകളിൽ ചുമന്നൊലിച്ച ചായം പണി കഴിഞ്ഞു പൈസക്ക് വേണ്ടി തെറിവിളിച്ചു ശീലമുള്ള നാവുകൾ കൊണ്ട് വടിച്ചു വൃത്തിയാക്കി കണ്ണുകളിൽ കാമം നിറച്ചവരും , ബാക്കി വന്ന പലഹാരങ്ങൾ നാളെ വീണ്ടും നരക ശിക്ഷ പോലെ തിളച്ച എണ്ണയിൽ ഒരിക്കൽ കൂടെ മുക്കിയെടുക്കാൻ വേണ്ടി വൃത്തിയായി എടുത്തുവെക്കുന്ന ചായക്കടക്കാരനും തുടങ്ങി എല്ലാം എല്ലാം അന്നത്തെ പകലിനോട് യുദ്ധം ചെയ്തു രാത്രിയെ കൂട്ടുപിടിച്ചു വീട്ടിലേക്കുള്ള വഴി തിരയുകയാണ് ...
..
കുറച്ചു സിഗരറ്റ് പാക്കുകളും പാന്മസാലയും ഒരു ബക്കറ്റിൽ വെച്ച് കൊണ്ടൊരാൾ നീല ചിത്രം കളിക്കുന്ന ബസ്റ്റാണ്ടിനു പുറകിലെ സിനിമ കൊട്ടക ലക്ഷ്യമാക്കി നടക്കുന്നുണ്ട് .. തുണിക്കടകളുടെ പേരെഴുതിവെച്ച ബോഡുകളിൽ നിന്നുമുള്ള മഞ്ഞ വെളിച്ചവും രാത്രിയുടെ കറുപ്പും നഗരത്തെ പേരറിയാത്ത ഒരു വെളിച്ചത്തിൽ മുക്കിയെടുത്തിരിക്കുന്നു ..
സിനിമ കഴിഞ്ഞിറങ്ങിയ അയാൾ ചുറ്റും നോക്കി , കണ്ടത് മുഴുവൻ അയാളുടെ കണ്ണുകളിലും അവയവങ്ങളിലും വ്യക്തമായി ആ രാത്രിയിലും പ്രതിഫലിക്കുന്നുണ്ട് .. മൂത്രപ്പുരയുടെ മറവിൽ ശമിപ്പിക്കാൻ നോക്കിയ തന്റെ വികാരത്തിൽ തൃപ്തി വരാതെ അയാൾ ഭ്രാന്തനെ പോലെ നഗരത്തിലൂടെ അലഞ്ഞു .ആരെയെങ്കിലും കിട്ടണം ആരെയെങ്കിലും വേണം ,ആരും ആവാം ,.. കുറച്ചു നേരത്തെ തന്റെ ഭ്രാന്തിനു ഇരയാവുന്നത് ആരായാലും അയാളെ അത് ബാധിക്കില്ല . അത്രമേൽ ആ വികാരം അയാളുടെ കണ്ണുകളിൽ നിറഞ്ഞിരുന്നു . ..
.
ഷട്ടറുകൾ എല്ലാം അടഞ്ഞു തുടങ്ങിയ വഴിയോരങ്ങളിലൂടെ അയാൾ നടന്നു . ഓട്ടോ സ്‌റ്റാന്റിനടുത്തു നിക്കുന്ന ചുവന്ന ചുണ്ടുകൾ കണ്ടു ആർത്തി പൂണ്ടു അയാൾ നടന്നടുത്തു .
- വാ വേഗം വാ..
=അടങ്‌ സാറേ ...സാറിന്റെ ആർത്തി കണ്ടാൽ എന്നെയങ്ങു ഉടലോടെ സ്വർഗത്തിലേക്ക് കെട്ടിയെടുക്കുമല്ലോ ..
- നിങ്ങൾ വേഗം വരൂ എനിക്ക് തിരക്കുണ്ട് വീട്ടിലെത്തണം ..
= സാറെ 1000 രൂപ ഇപ്പൊ കയ്യിൽ തരണം , കാര്യം കഴിഞ്ഞു സാറിന് എന്നെ പുടിച്ചെങ്കിൽ ഒരു അഞ്ഞൂറ് കൂടെ തന്നേക്ക് ഇല്ലേൽ വേണ്ട .
- ആയിരമോ എന്റെ കയ്യിൽ അത്രയുമില്ല
= ആളെ വിടു സാറേ .. സാറല്ലേൽ വേറൊരാള് ആരായാലും എനിക്കൊന്നാണ് .
( പറഞ്ഞു തീരും മുൻപേ വന്നൊരു കാറിൽ നിന്ന് പരിചിതമായൊരു കൈ കണ്ടവൾ അതിലേക്ക് കയറി )
= സാറേ രണ്ടു മണിക്കൂർ കഴിഞ്ഞ ഇവിടെ ഉണ്ടേൽ ഞാൻ വരാം ..
.
(കാറ് നീങ്ങുന്നതും നോക്കി അയാള് നിന്നു )
തിയ്യറ്ററിന്റെ അടുത്തേക്ക് തന്നെ അയാൾ നടന്നു .
*ഇനി ഇന്ന് ഷോ ഇല്ല മാഷേ എന്തോന്ന് മനുഷ്യനാടോ താൻ ഇത്രക്ക് മൂപ്പോ ..
ഗേറ്റ് പൂട്ടുന്ന സെക്യൂരിറ്റിക്കാരന്റെ പരിഹാസം അയാളെ ബാധിച്ചില്ല .
.
കടയോരത്തു കിടക്കുന്ന ഓരോരുത്തരേം നോക്കി അയാൾ നടന്നു
അവസാനം ഒരുവൾ മാത്രം കുറച്ചു കുട്ടികൾ ഉറങ്ങുന്നതിന്റെ അടുത്ത്
ഉറങ്ങാതെ ഇരിക്കുന്നതു കണ്ടു അയാൾ ആർത്തിയോടെ അടുത്ത് ചെന്നു .
=പെട്ടെന്ന് വാ ... എനിക്ക് തിരക്കുണ്ട് വീട്ടിൽ എത്തണം . . .
അവളുടെ മുഖത്തെ നിസ്സംഗത മുതലെടുത്തു അവളുടെ കൈ പിടിച്ചു വലിച്ചയാൾ ചുമരിനു പുറകിലേക്ക് കൊണ്ട് പോയി ..
റേറ്റ് ചോദിക്കാൻ അയാൾ മനപ്പൂർവ്വം നിന്നില്ല കഴിഞ്ഞാൽ ഉള്ളത് കൊടുത്തു പോണം . ചോദിച്ചാൽ കൂടുതൽ പറഞ്ഞാലോ എന്ന് കരുതി .
ക്ഷണിക നേരത്തെ ഞരക്കങ്ങൾക്ക് ശേഷം അയാൾ പോക്കറ്റിലുള്ള നോട്ടുകൾ എടുത്തുഅവൾക്ക് നീട്ടി .
- എനിക്ക് വേണ്ട സാറേ ..
= പിന്നെ പൈസ വേണ്ടാതെ ..കുറച്ചേ ഉള്ളുവെങ്കിലും നിന്നെ പോലെ ഒരുത്തീടെ ഓശാരമൊന്നും എനിക്ക് വേണ്ട .
(അടങ്ങിയ വികാരത്തിൽ അയാളുടെ മാന്യതയുടെ മുഖം മഞ്ഞയും കറുപ്പും നിറഞ്ഞ വെളിച്ചത്തിൽ കൂടുതൽ വികൃതമായി ..)
(അല്ലെങ്കിലും കപടമാന്യതയുടെ മുഖം വികൃതം തന്നെയാണ് )
.
- നീ ഇത് വാങ്ങുന്നുണ്ടോടി ... എനിക്ക് വീട്ടിൽ പോണം .
=നിങ്ങളെ ആരാണ് കാത്തിരിക്കുന്നത്
- എന്റെ കുടുംബം
= സാറ് പൊക്കൊളു .. നാലു ചുവരുകൾക്കുള്ളിൽ അടച്ചിട്ട വാതിലിനു പുറകിൽ നിങ്ങളുടെ കുടുംബം സുരക്ഷിതമായി നിങ്ങളെ കാത്തിരിക്കുന്നുണ്ട് .
ഒരു തെരുവ് പെണ്ണിൻറെ ഭാഷയുടെ മൂർച്ച അയാളെ അമ്പരിപ്പിച്ചു .
-അപ്പൊ നിനക്ക് പൈസ വേണ്ടേ
= പൈസ എനിക്ക് വേണ്ട . നിങ്ങൾക്ക് വേണ്ടി ഉറങ്ങാതെ കുടുംബം വീട്ടിൽ കാത്തിരിക്കുന്നുണ്ടെങ്കിൽ ഇരുട്ട് കൂടും തോറും അവരുടെ സുരക്ഷ നിങ്ങളെ തിരക്ക് പിടിപ്പിക്കുണ്ടെങ്കിൽ -ഞാനും അതുപോലെ സുരക്ഷക്ക് വേണ്ടിയാണു ഉറങ്ങാതെ കാവലിരിക്കുന്നത് . ആ കിടന്നുറങ്ങുന്ന എന്റെ കുടുംബത്തിന് വേണ്ടി ,,,
- നീ ഈ പൈസ പിടിക്ക് .ഉപകാരപ്പെടും .
= ഈ പണത്തിന് ഞാൻ കൊടുക്കുന്ന വില കുറച്ചു മുൻപ് പോയ വിസർജ്യത്തിന്റെ അത്ര പോലും ഇല്ല . ഈ തിയറ്ററിൽ നിന്നും സിനിമ കണ്ടു ആർത്തി മൂത്തു വരുന്ന ഭ്രാന്തന്മാർ എനിക്ക് പരിചിതമാണ് . .. എന്റെ ബാക്കിയുള്ളവർക്ക് ഒന്നും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സ്വയം നഷ്ടപ്പെടുത്തിയവളാണ് ഞാൻ , അരുതെന്നു പറയാനും എതിർക്കാനും അവർക്ക് പ്രായം ആവും വരെ ഈ തെരുവിൽ ഞാൻ ഉറങ്ങാത്തവൾ ആയിരിക്കും ....
. അയാൾ തിരിഞ്ഞു നോക്കാതെ നടന്നു , നടക്കുന്നതിനിടയിൽ അടുത്ത് വന്നു നിർത്തിയ കാറിൽ നിന്നും നേരത്തെ പോയവൾ ഇറങ്ങി ...
- സാറ് കൊള്ളാലോ ഇത്രേം നേരം കാത്തിരിക്കാൻ എന്നെ അത്രക്കങ്ങു പിടിച്ചോ ..
ഉറങ്ങാത്തവൾക്ക് കൊടുക്കാൻ കയ്യിൽ ചുരുട്ടിയ നോട്ടുകൾ അവൾക്ക് മുൻപിൽ വലിച്ചെറിഞ്ഞു ഒരു ഭ്രാന്തനെ പോലെ അയാൾ ഇരുട്ടിലേക്ക് ഓടിയൊളിച്ചു .
ഒരുപക്ഷെ നേരം വെളുത്താൽ മാന്യതയുടെ മറ്റൊരു മുഖമായി നിങ്ങൾക്കും എനിക്കും ഇടയിൽ അയാളുണ്ടാവും അതുപോലെ എത്രയെത്ര മുഖങ്ങൾ ....
ഉറങ്ങാത്തവളെപ്പോലെയും .....
-അൻവർ മൂക്കുതല

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot