Slider

അവൻ

0

ഇന്ന് കവലയിൽ സാധനങ്ങൾ വാങ്ങിക്കാൻ പോയപ്പോഴാണ് ഞാൻ ആ ശബ്ദം വീണ്ടും കേൾക്കുന്നത്‌. അതും എനിക്കേറ്റവും ഇഷ്ടമുള്ള മുഹമ്മദ് റഫിയുടെ ഗാനത്തിൽ, അതെ എനിക്ക് പെട്ടെന്ന് മനസ്സിലായി, ഇതവൻ തന്നെയാണ്. അന്നും അവൻ ഇതേ പാട്ട് പാടിയിട്ടുണ്ട്‌, ഞാൻ പറഞ്ഞിട്ട്‌, എനിക്ക് വേണ്ടി.....
കുറച്ച് മാസങ്ങൾക്ക് മുമ്പ് ബേപ്പൂർ പുലിമുട്ടിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്....
സംഗീത സാന്ദ്രമായ ഒരു സായാഹ്നത്തിലേക്കായിരുന്നു അന്നു ഞാൻ കാറിൽ നിന്നിറങ്ങിയത്. ബീച്ചിൽ റോഡരികിലായി ഒരു കസേരയിലിരുന്ന് അവൻ പാടുകയായിരുന്നു.....
എനിക്കറിയില്ല അവനാരാണെന്ന്. പേരോ ,വീടോ, നാടോ, ഒന്നുമറിയില്ല. ഒരു പക്ഷേ സംഗീതത്തോടുള്ള എന്റെ അമിതാവേശം മാത്രമായിരിക്കാം എന്റെ ശ്രദ്ധ അവനിലേക്ക് തിരിച്ചത്..
ഏറെയൊന്നും അന്വേഷിക്കാതെ തന്നെ റോഡരികിൽ കസേരയിൽ ഇരിക്കുന്ന അവനെ ഞാൻ കണ്ടു കഴിഞ്ഞിരുന്നൂ...
ഇരുപത് വയസ്സിൽ കൂടുതൽ പ്രായം തോന്നാത്ത ഒരു കൊച്ചു പയ്യൻ. കസേരയിൽ ഇരുന്ന് പാടുന്ന പയ്യന്റെ ഒരു കയ്യിൽ മൈക്കും, മറുകയ്യിൽ കൊച്ചു ബക്കറ്റുമുണ്ട്. അവന്റെ പുറകിലായി നിർത്തിയിട്ടിരിക്കുന്ന വാനിൽ കരോക്കെ പ്ലേ ചെയ്യാനുള്ള സൗകര്യവും ,മൈക്കിന് കണക്ഷൻ കൊടുത്ത് ഒരു ബോക്സും ഒരുക്കിയിരിക്കുന്നു. അവൻ പറയുന്ന പാട്ടിന്റെ കരോക്കെ പ്ലേ ചെയ്യാനും അവനെ സഹായിക്കാനും രണ്ടോ മൂന്നോ വ്യക്തികളും ആ വണ്ടിയിലുണ്ട്. ആ വഴി നടന്നു പോകുന്നവരിൽ ചിലർ ബക്കറ്റിൽ ചില്ലറകൾ ഇട്ടു കൊടുക്കുന്നുമുണ്ട്...
എല്ലാം കണ്ട് അവന്റെ അടുത്തുകൂടി നടന്ന ഞാൻ വേദനയോടെ ഒരു സത്യം കൂടി തിരിച്ചറിഞ്ഞു. അവന്റെ കണ്ണുകൾ പാതിയടഞ്ഞാണ് ഇരിക്കുന്നത്. അവന് കാഴ്ചയില്ല...
അന്ന് അവന്റെ പാട്ടുകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും. എത്ര നേരമെന്നറിയില്ല, എത്ര പാട്ടുകളാണെന്നറിയില്ല, മലയാളം, ഹിന്ദി, തമിഴ്, എല്ലാതരം പാട്ടുകളും അവൻ നന്നായി പാടുന്നുണ്ട്. ചിലപ്പോൾ ജന്മനാ കാഴ്ചശക്തിയില്ലാത്ത അവന് ദൈവം കൊടുത്ത അനുഗ്രഹമായിരിക്കാം അത് ...
തിരിച്ചുപോരുമ്പോൾ അവന്റെ പാട്ടുകളോടു തോന്നിയ ഇഷ്ടമാണോ അതോ എല്ലാവരേയും പോലെ അവനോട് തോന്നിയ അനുകമ്പയാണോ എന്നറിയില്ല, എനിക്ക് അവനെയൊന്ന് പരിചയപ്പെടണമെന്ന് തോന്നി......
ഒരു പാട്ട് കഴിഞ്ഞ ഇടവേളയിൽ ഞാൻ അവന്റെ അടുത്ത് ചെന്നു പേര് ചോദിച്ചു. മൈക്ക് സ്വൽപം മാറ്റിപ്പിടിച്ച്, എന്റെ ശബ്ദം കേട്ട ഭാഗത്തേക്കവൻ ചെവി കൂർപ്പിച്ചു വച്ച് പേര് പറഞ്ഞു തന്നു... സത്യത്തിൽ ഞാനത് കേട്ടില്ല, കാരണം എന്റെ മനസ്സുനിറയെ അടുത്തതായി അവനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ കുമിഞ്ഞ് കൂടിയിരിക്കുകയായിരുന്നു.....
ഒരു പക്ഷേ, എല്ലാവരോടും പറഞ്ഞ് പഴകിയ കഥയായത് കൊണ്ടാകണം ഞാൻ ചോദിക്കാതെതന്നെ അവന്റെ കഥ, അവൻ പറയാൻ തുടങ്ങി......
ഉമ്മയും പെങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഒരു പലചരക്ക് പീടികയിൽ സഹായിയായി തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുകയായിരുന്ന പയ്യന്റെ കണ്ണിൽ കാൻസറിന്റെ രൂപത്തിൽ ഇരുട്ട് മൂടപ്പെട്ട കഥ. തന്റെ ചികിത്സക്കും വീട്ടിലെ ചിലവുകൾക്കും വേണ്ടി ആരുടെ കാൽക്കലും വീഴാതെ അറിയാവുന്ന തൊഴില് തേടി നിരത്തിലിറങ്ങിയ കൊച്ചു പയ്യന്റെ കഥ. എനിക്കറിയില്ല അത് കേട്ടു നിന്നപ്പോ, ജീവിക്കാനിനി എത്ര നാൾ ബാക്കിയുണ്ടെന്നറിയാതെ, നിണംപൊടിഞ്ഞൊഴുകുന്ന അവന്റെ മനസ്സിനേക്കാൾ കൂടുതൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയോ എന്ന്....
ഞാൻ അവന്റെ കൈ തണ്ടയിൽ പിടിച്ചു... ശൂന്യമായ എന്റെ മനസ്സിൽ അവനെ ആശ്വസിപ്പിക്കുവാനുള്ള വാക്കുകൾക്ക്, നന്നേ ക്ഷാമമുണ്ടെന്നു തോന്നിയപ്പോൾ ഞാൻ അവനോട് ചോദിച്ചു. "എനിക്ക് വേണ്ടി റഫിയുടെ ഒരു പാട്ട് പാടിത്തരുമോ"...?
പാടേ ഇരുൾ മൂടിയ പാതിയടഞ്ഞ ആ കണ്ണുകൾ തുടച്ചു വൃത്തിയാക്കി, മൈക്ക ചുണ്ടോട് ചേർത്ത് പിടിച്ച് എനിക്ക് വേണ്ടി പാടുന്നു എന്ന് അവൻ ഉറക്കെ വിളിച്ച് പറഞ്ഞു. ചുറ്റും കൂടി നിൽക്കുന്ന ഒരു ജനസാഗരത്തെ സാക്ഷിയാക്കി,അവൻ പാടീ............
കയ്യിലുണ്ടായിരുന്ന കുറച്ച് പണം ബക്കറ്റിൽ ഇട്ട് കൊടുത്ത് അവനോട് നന്ദി പറഞ്ഞ് കൊണ്ട് ,ഞാൻ നടന്നു. മനസ്സിൽ എരിയുന്നൊരു കനലായി അവന്റെ ഗാനവും കൂടെ പോന്നു........
നാമെല്ലാവരും സ്വാർത്ഥരാണ്, അൽപൻമാർ..... പോരായ്മകളെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ... ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി തെരുവോരങ്ങളിലലയുന്നവരെ ഒന്നു ശ്രദ്ധിച്ചാൽ തീരുന്ന പ്രശ്നങ്ങളേ നമുക്കുള്ളൂ എന്ന് ,ഞാനാദ്യമായി ചിന്തിച്ചത് അന്നാണ്.......
ഇന്നാ പാട്ട് പാടുമ്പോൾ അവൻ എന്നെ ഓർത്തിരിക്കുമോ..? ഉണ്ടായിരിക്കില്ല.... അവന്റെ മുന്നിൽ എന്നെപ്പോലെ എത്രയോ ആളുകൾ വന്നിട്ടുണ്ടാകും... അവന്റെ കഥ കേട്ടിട്ടുണ്ടാകും... പിന്നെ എന്നെ മാത്രം എങ്ങനെ ഓർക്കാനാണ്....
അവന്റെ അടുത്തു പോയി ചികിത്സയെ കുറിച്ചും ,വീട്ടുകാരെ കുറിച്ചുമെല്ലാം ചോദിക്കാൻ വെമ്പിയ എന്റെ മനസ്സിനെ ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ അടക്കി നിർത്തി....
ചില ബന്ധങ്ങൾ അങ്ങനെയാണ്, നിനച്ചിരിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും, പിന്നീട്, മനസ്സിൽ നിന്നും എത്ര മായ്ചാലും മായാത്ത ഒരു നെരിപ്പോട് ബാക്കിയാക്കി, കടന്നു പോകുകയും ചെയ്യും...
ഞാനവന്റെ അടുത്ത് പോയില്ല... വിശേഷ ങ്ങളൊന്നും അറിഞ്ഞതുമില്ല....കൺമുന്നിൽ ഇരുട്ട് മൂടിക്കിടക്കുന്ന വലിയ ലോകമാണെന്നറിഞ്ഞിട്ടും, മനസ്സിലെ പുകയുന്ന കനലിൽ ഊതിയൂതി വെളിച്ചം തിരയുന്ന അവന്റെ മുന്നിൽ ,ഒരു തിരി വെട്ടം തെളിയിക്കണേ...... എന്ന പ്രാർത്ഥനയോടെ ഞാൻ കവലയിൽനിന്നും തിരിച്ച് നടന്നു....
( റഹീഷ ജനീബ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo