Showing posts with label Mariatta Abraham Francis. Show all posts
Showing posts with label Mariatta Abraham Francis. Show all posts

അനുമോൾ

അനുമോൾ
° ° ° ° ° ° °
കാലുകൾ എത്ര ശക്തിയോടേ ആഞ്ഞ്‌ വലിച്ച്‌ വച്ചിട്ടും മുന്നോട്ട്‌ നീങ്ങാൻ കഴിയാത്ത വിധം ആരോ പിന്നിലേക്ക് വലിക്കുന്ന പോലെ. അനു റോഡിനരികു വശം ചേർന്ന് നിന്നു. താൻ വല്ലാതെ കിതക്കുന്നുണ്ട്‌. ഇല്ല പറ്റുന്നില്ല. ആകെ കുഴയുന്ന പോലെ. തിരിഞ്ഞ്‌ വീട്ടിലേക്ക് പാളി നോക്കി. അമ്മ അകത്തേക്ക്ക്ക്‌ കയറി പോയിരിക്കുന്നു. പതുക്കെ പിന്തിരിഞ്ഞു വീടിനോട്‌ ചേർന്നുള്ള മുത്തശ്ശി മാവിനെ ചാരിയിരുന്നു ആ പത്ത് വയസ്സുകാരി. അതാണവളുടെ പ്രിയ്യപ്പെട്ട ഇടം.
കുറച്ച്‌ സമയം മുൻപ് എന്തൊക്കെയാ നടന്നത്‌. ആരോടാ ഒന്നു പറയാ..... പറയണോ... അരി പൊടിപ്പിക്കാനായി താൻ എന്നും പോകാറുള്ള ലക്ഷ്മിയേച്ചിടെ വീട്ടിൽ നാളെ ക്രിസ്മസ്സിനു വട്ടേപ്പത്തിനുള്ള അരി പൊടിക്കാൻ പോയതല്ലേ . പിന്നെ എന്തൊക്കെയാ ഉണ്ടായത്. ഉച്ച സമയത്ത്‌ വന്നാൽ അധികം തിരക്ക്‌ കാണില്ലെന്ന് ലക്ഷമിയേച്ചി തന്നാ എപ്പോഴും പറയാറു. പക്ഷെ അമ്മ രാവിലേയാ എപ്പോഴും തന്നെ വിടുക. അധികം തിരക്കാണേൽ അവിടെ വച്ച്‌ പോയ്ക്കോളാൻ പറയും ലക്ഷ്മിയേച്ചി . ഉച്ചക്ക്‌ അപ്പ വരുമ്പോൾ എടുത്തിട്ട്‌ വരും. അതാണ്‌ പതിവ്.
ഇന്നും രാവിലെ തന്നാ പൊടിപ്പിക്കാൻ കൊണ്ടുപോയത് . അപ്പോഴാ പറഞ്ഞേ കറന്റ്‌ ഉണ്ടാവില്ലാന്നും ഒരുമണിക്ക്‌ ശേഷം കൊണ്ടീന്നാൽ മതിയെന്നും. അത്ര തിരക്കുണ്ട്‌. എല്ലാവരും വരി വരിയായി സഞ്ചികളിങ്ങനെ ക്യൂവിൽ വച്ചിരിക്കണ കാണാൻ എന്ത്‌ രസാ.. കറണ്ടില്ലാത്ത കാരണം ലക്ഷ്മിയേടത്തീനെ സഹായിക്കണ ആ തമിഴൻ ചെക്കൻ അവിടൊക്കെ തൂത്തു വാരുന്നുണ്ടാർന്നു.. സൈക്കിൾ ചവിട്ട്‌ പഠിക്കാൻ ക്രിസ്മസ്സ്‌ വെക്കേഷൻ പ്രമാണിച്ച് വാടകയ്ക്ക് ‌ എടുത്ത്‌ തന്ന സൈക്കിളിൽ കൈവിട്ടും എഴുന്നേറ്റു നിന്ന് ചവിട്ടിയും രണ്ടു നമ്പർ ചേച്ചി യെ കാണിച്ചു പിന്നെ വരാന്നു പറഞ്ഞ്‌ താൻ അപ്പോ തന്നെ സ്ഥലം വിട്ടു. അമ്പതമ്പസ്ഥാനി കളിക്കുന്നിടത്ത്‌ നിന്നാണു അരി പൊടിപ്പിക്കൽ ആക്രമണത്തിനു അമ്മ തന്നെ പറഞ്ഞ്‌ വിട്ടത്‌. സൈക്കിൾ ഉണ്ടായിരുന്ന കാരണം അത്ര വിഷമം തോന്നിയില്ല. ഇല്ലേൽ അപ്പയില്ലാതെ സൈക്കിൾ റോട്ടിലോട്ടെടുക്കാൻ അമ്മ സമ്മതിക്കൂലല്ലോ.
ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ മുൻപായി താനവിടെ ചെല്ലുമ്പോൾ ലക്ഷ്മിയേച്ചിയില്ല . പകരം ഈ ചെക്കനാണു. തന്റെ സഞ്ചി തൊട്ടിട്ടില്ലെന്ന് കണ്ടപ്പോൾ പിന്നെ വരാന്ന് പറഞ്ഞ്‌ തിരിഞ്ഞതാ. അടുത്തത്‌ അനൂന്റെ ആണെന്ന് പറഞ്ഞപ്പോൾ പിന്നെ 100 വട്ടം വായിച്ചതാണേലും അവിടെ കണ്ട ബാലരമയെടുത്ത്‌ വായിക്കാൻ തുടങ്ങി. ഇല്ലേൽ ചെക്കൻ ഓരോന്ന് ചോദിച്ചോണ്ടിരിക്കും.
തനിക്കെന്തോ ഈ ചെക്കനെയിഷ്ടല്ല. വിശേഷ ദിവസങ്ങളിൽ അപ്പ മണികണ്ഠനു കുറച്ച്‌ കാശ്‌ കൊടുക്കും. ഓ അവന്റെ പേര് അങ്ങനെയാ. അത്‌ കാരണം അപ്പയെ ഭയങ്കര കാര്യാ. പഠിക്കാൻ കഴിവില്ലാത്ത കാരണം എട്ടാം ക്ലാസ്സിൽ വച്ച്‌ പഠിപ്പ്‌ മുടങ്ങിത്രേ. ഇവിടത്തെ ബാലു അങ്കിൾ അരി ബിസിനസ്സ്‌ ആയി ഇടക്കിടെ തമിഴ്‌നാട്ടിൽ പോകും. ഒരിക്കൽ വരുമ്പോൾ കൂ ടെ കൂട്ടിയതാ... ലക്ഷ്മിയേച്ചിക്ക്‌ സഹായാവുമെന്ന് പറഞ്ഞിട്ട്‌. ഇപ്പോ രണ്ട്‌ കൊല്ലായി ഇവിടുണ്ട്‌.മണി മണിയായി ഇപ്പൊ മണികണ്ഠൻ മലയാളം പറയും.
"അത്‌ പഴേതാ.. പുതിയ ബാലരമ ഈ മേശവലിപ്പിലുണ്ട്‌."
"വേണ്ട...ഞാൻ വായിച്ചു."
ലക്ഷ്മിയേച്ചി ആയിരുന്നേൽ അരിപൊടിപ്പിക്കുന്ന കാഴ്ച ഞാൻ കണ്ട്‌ നിൽക്കുമായിരുന്നു . കാതടപ്പിക്കുന്ന ശബ്ദമാണേലും അതിങ്ങനെ മാറി മാറി വന്നു രണ്ട് അരിപ്പാത്രത്തിലും വന്നു വീഴുന്ന കാഴ്ച തനിക്ക് കൗതുകമുള്ളതാണ്‌.
"ഇതെന്തിനുള്ള പൊടിയാ.."
"വട്ടേപ്പത്തിനു...തരി വേണം.."
"തരിയിടാൻ കവർ കൊണ്ട്‌ വന്നിട്ടുണ്ടോ..?"
അപ്പോഴാ അനു അതോർത്തത്‌. കവർ വയ്ക്കാൻ അമ്മ മറന്നെന്ന് തോന്നുന്നു.
"..ഇല്ല.."
മടിച്ചാ താൻ അത്‌ പറഞ്ഞത്‌. ലക്ഷ്മിയേച്ചി എപ്പോഴും പറയും തരിയിടാൻ വേറെ കവറോ പേപ്പറോ കരുതണമെന്ന്.കളിയുടെ ഇടയിൽ നിന്നായ കാരണം താൻ അത്‌ അമ്മയോട്‌ ചോദിക്കാനും വിട്ടു. തിരക്കില്ല, നല്ല മൂഡ്‌ ആണേൽ ലക്ഷ്മിയേച്ചി തന്നെ തരും. ഇല്ലേൽ കിട്ടിയ സ്പീഡിൽ വീട്ടിലേക്ക് വച്ച്‌ പിടിക്കും കവറെടുക്കാൻ. ഇന്നിപ്പോ വയ്യ. ലക്ഷ്മിയേച്ചി തന്നെ ശരണം.
"ലക്ഷ്മിയേച്ചി എന്തേ..?"
"അക്കേനെ വിളിക്കണ്ടാ... തലവേദനാന്ന് പറഞ്ഞ്‌ മരുന്ന് കഴിച്ച്‌ കിടക്കാണു."
"ഞാൻ വീട്ടിൽ പോയെടുത്തിപ്പോ വരാം."
"വേണ്ടാ ഇവിടെ കാണും. ആ മേശേടെ ചോട്ടിലൊന്ന് നോക്ക്‌.."
വീട്ടിലേക്ക്‌ പോകേണ്ടാന്ന് പറഞ്ഞപ്പോ സന്തോഷായി. അനു മേശേടെ ചോട്‌ അരിച്ചു പെറുക്കി. ഒരു കഷ്ണം കടലാസ്സ്‌ പോലുമില്ല.
മില്ലിനോട്‌ ചേർന്ന് തന്നെ അരി പാക്കിംഗ്‌ ചെയ്യുന്ന ഒരു ഗോഡൗൺ ആണു. അവിടുന്ന് ഷട്ടറോട്‌ ക്കൂടി ഒരു ഡോർ മില്ലിലേക്ക്‌ ഉണ്ട്‌.അവിടെ അടുത്ത് ഇരുന്ന ചാക്കിലും നോക്കി. ഒരു കഷ്ണം കടലാസില്ല ഒന്നെടുക്കാൻ.
ങ് ഹാ... ഞാൻ മോർണിംഗ് എല്ലാം ക്ലീൻ പണ്ണിയാച്ച്. ആ ഷട്ടർ കടന്നാൽ അവിടെ കാണും. "
അനു ഒന്നങ്ങോട്ട് നോക്കി. ഇരുട്ട് മാത്രം.
"അതിനുള്ളിലേക്ക് ഒന്നും കാണാനില്ല. "
"പേടിക്കേണ്ട ഞാൻ ഇവിടിരിക്ക് . ക്രിസ്മസിന് 3 ദിവസം ഹോളിഡേയ് കാരണം ‌ അവിടാരുല്ലേയ്.. എനിയ്ക്കിവിടുന്നു മാറാൻ പറ്റില്ല." അരി ഇടിക്കുന്ന ആ ശബ്ദത്തിലും അവൻ വലിയ വായിൽ വിളിച്ചു പറഞ്ഞു.
ശരിയാ.... അവനവിടുന്നു മാറാൻ കഴിയില്ല. ഒന്ന് കടന്നു നോക്കിയാലോ. വീട് വരെ ഇനി വീണ്ടും പോയിവരാൻ വയ്യ. മില്ലിൽ നിന്നും പൊടി കേറാതിരിക്കാനായി ഡോറിനോട് ചേർന്ന് പലക അടിച്ചിട്ടു ണ്ട്. ചാടികടക്കണം. രണ്ടും കല്പ്പിച്ചു ചാടി . ഡോറിനടുത്തപ്രദേശത്തൊന്നും കുറച്ചു ചാക്കും വടിയോ അല്ലാതെ മറ്റൊന്നും കയ്യിൽ തടഞ്ഞില്ല. മുന്നോട്ടു നോക്കിയപ്പോൾ തന്നെ പേടിയായി. കുറ്റാകൂരിരുട്ട്. എന്തൊക്കെയോ രൂപങ്ങൾ.അനു തിരിച്ചു ചാടി. അവിടൊന്നുമില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
അവനവിടുന്നു വന്നു ഡോറിലു ടെ തലയിട്ട് ഇത്തിരി അകലെ ചൂണ്ടി അവിടെ കുറച്ചു നീങ്ങി മേശയുണ്ടെന്നും അതിന്മേൽ കാണുമെന്നും പറഞ് തിരിച്ച് അരി ഇടിക്കുന്നിടത്ത് പോയി. അനു ഒന്ന് തമ്പിട്ട് പിന്നെ വീണ്ടും ആ ഇരുട്ടി ലേക്ക്‌ ചാടി കടന്നു. പേടിയുണ്ടെങ്കിലും പതുക്കെ മുന്നോട്ട് നടന്നു . കാലിൽ എന്തോ ഉടക്കി...... പാട്ട പോലെന്തോ. തട്ടി മാറ്റി വീണ്ടും നടന്നു അരി അടി ശബ്ദം കുറയുന്ന പോലെ. വല്യേമെഷീൻ പോലെന്തൊക്കെയോ ചുറ്റും. ഒരിക്കൽ അപ്പയുടെ കൂടെ ബാലു അങ്കിളിനെ കാണാൻ ഇവിടെ കേറിയിട്ടു ണ്ട്. എന്തിലോ ചെന്നിടിച്ചു നിന്നു.... മേശ പോലെന്തോ....
കൈകൊണ്ട് തപ്പി. അതിൻമേൽ ഒന്നുമില്ല.
പെട്ടന്ന് പിന്നിലെന്തോ അനക്കം. അനു പേടിച്ചു തരിച്ചുപോയി....
അല്ല തോന്നലല്ല..
അത് അടുത്തേക്ക് വരുന്നു.... പെട്ടെന്നായിരുന്നു ഇരുട്ടിൽ രണ്ടു കൈ കൾ അവളെ കഴുത്തിൽ പിന്നിലുഉടെ വളഞ്ഞത്....
അനു സ്ഥലകാലബോധം വീണ്ടെടുത്തു . ഇത് സ്വപ്നമല്ല... ആരോ തന്നെ ഉപദ്രവിക്കാൻ... ഇല്ല... അനു കുതറി... വായ പൊത്തി പിടിച്ചിരിക്കാണ്. ഇരുട്ടായിരുന്ന കാരണം അയാൾക്കും ശരിക്കും പിടുത്തം കിട്ടിയില്ല. അനു സർവ്വശക്തിയുമെടുത്ത് കൈ മാറ്റാൻ ശ്രമിച്ചു. കാലെടുത്ത് പിന്നിലേക്ക്‌ ചവിട്ടി... ഒരുവേള വായിൽ നിന്ന് കൈ മാറിയപ്പോൾ മറ്റേ കൈയ്യിൽ ആവുന്നത്ര ശക്തിയിൽ കടിച്ചു. വേദനയാൽ അയാൾ കൈവിടുവിച്ച നിമിഷം അനു കുനിഞ്ഞു മുന്നോട്ടു നീങ്ങി. വാതിൽ എവിടെന്ന് നോക്കി. വെളിച്ചം കാണാനേയില്ല. ഷട്ടർ തുറന്നല്ലേ ഇരുന്നിരുന്നത്. വെറുതെയല്ല അരി ഇടിയുടെ ശബ്ദം കുറഞ്ഞു വന്നത്. അത് ആരോ താഴ്ത്തിയിരിക്കുന്നു. ബഹളം വെച്ചാലും ആരും കേള്ക്കാൻ പോണില്ല.മുന്നിൽ കണ്ട എന്തൊ പെട്ടി പോലെ കണ്ടതിലേക്കു കഷ്ടപ്പെട്ട് കേറി. പെട്ടന്ന് തല ചെന്നു എവിടെയോ ശക്തിയായ് ഇടിച്ചു. അനുവിന് തല കറങ്ങുന്ന പോലെ തോന്നി.
ദൈവമേ... എന്നെ കൈവിടല്ലേ... കാൽപ്പെരുമാറ്റം അടുത്ത് വരുന്നു. എന്തൊ മെഷിനിന്റെ ഉള്ളിലേക്ക് ആണ് താൻ കയറിയിരിക്കണേ. പെട്ടെന്ന് എന്തോ ദേഹത്ത് കുത്തുന്ന പോലെ. അയാളെന്തോ വടികൊണ്ട് കുത്തി പുറത്തു ചാടിക്കാൻ ശ്രമിക്കാണ്. അനു വീണ്ടും വാതിൽ എവിടെന്ന് തപ്പി. അതാ ദൂരെ പൊടി കടക്കാതിരിക്കാൻ അടിച്ചു വച്ചിരിക്കണ പലകയുടെ ഇടയിലുഉടെ ചെറിയ വെട്ടം. അയാൾ എതിർവശത്തേക്ക് മാറിയപ്പോൾ അനു നുഴഞ്ഞു പുറത്തു കടന്നു ശബ്ദമുണ്ടാക്കാതെ മുട്ടിലിഴഞ്ഞു. തിരിഞ്ഞ് നോക്കാൻ പോയില്ല. അരി ഇടിക്കുന്ന ശബ്ദം കൂടുതൽ വ്യക്തമായി കേള്ക്കാൻ തുടങ്ങി. വാതിലിനു അടുത്തേക്ക് തന്നെയാണ് താൻ നീങ്ങുന്നതെന്ന് അനുവിന് ഉറപ്പായി. കൂടുതൽ ശക്തിയോടെ മുന്നോട്ട് കാലു നീട്ടി വച്ചതിനിടയിൽ ബ്ലേഡ് പോലെ എന്തോ ഒന്നിൽ ഉരഞ്ഞു. വേദന സഹിക്കാതെ അറിയാതെ അനുവിന്റെ ശബ്ദം പുറത്ത വന്നു. പെട്ടെന്ന് പിന്നിൽ എന്തോ ഇരുമ്പ് വടി നിലത്തു വീഴുന്ന ശബ്ദം. അയാൾക്ക്‌ മനസ്സിലായിരിക്കണൂ താൻ ഇവിടെ എത്തിയെന്ന്. അനു പിന്നെ ഒന്നും നോക്കിയില്ല. എഴുന്നേറ്റു ഷട്ടറിനടുത്തേക്ക് ഓടി. സർവ ശക്തി യുമെടുത്ത്‌ പൊക്കാൻ ശ്രമിച്ചു. പറ്റുന്നില്ല... അയാളെടുത്തെത്താറായി....
ആ ചെക്കനെവിടെ....
വിയർപ്പിൽ കൈ വഴുതുന്നു...
ദൈവമേ....
സർവ്വ ശക്തിയുമെടുത്ത് പൊക്കി. പെട്ടെന്നായിരുന്നു ചൂണ്ടുവിരൽ എന്തിലോ കേറിപ്പോയതും ആ പിടിത്തത്തിൽ ഷട്ടർ മേലേക്ക്‌പൊങ്ങി. വിരൽ മുറിഞ്ഞു ചോര വരാൻ തുടങ്ങി. ആ വേദനയൊന്നും അനു അറിഞ്ഞില്ല. വിരല് മുറിഞ്ഞത് അറ്റ് പോയാലും സാരമില്ല.... എങ്ങനേലും ചാടി കടക്കും എന്നതായിരുന്നു മനസ്സിൽ. ഒരു കണക്കിന് പലകയിലേക്ക് ഏന്തി വലിഞ്ഞു കേറി ഊർന്നിറങ്ങി. എവിടൊക്കെയോ പൊട്ടി നീറുന്നത് അനു അറിഞ്ഞു.
ഒരു കണക്കിന് മില്ലിൽ നിന്ന് പുറത്തു കടന്നു. ജനലിലുഉടെ കിതച്ചു കൊണ്ട് ആ ചെക്കനെ തിരഞ്ഞു. അവനെ അവിടെ കാണാനില്ല. അവനെവിടെ.... ?
അനുവിന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അപ്പോ..... അവനായിരുന്നോ.... ?
അനുവിന് അത് വിശ്വസിക്കാൻ തോന്നിയില്ല. ഇനി അവൻ ലക്ഷ്മിയേച്ചിയെ വിളിക്കാൻ പോയതാവോ ? അതോ..... ?
അപ്പോ ആരാ ഷട്ടർ താഴ്ത്തിയത്.... ?
അനു ആ വാതിലിൽ തന്നെ ദൃ ഷ്ടി ഉറപ്പിച്ച് ആ ജനലിനടുത്ത് തന്നെ നിന്നു. അരി ഇടിയുടെ ശബ്ദത്തെത്തേക്കാൾ ഉച്ചത്തിൽ അനുവിന് തന്റെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു. ഇല്ല.... അവിടുന്നു ആരും വരുന്നില്ല....
അനു പിന്നെ അവിടെ നിന്നില്ല. സൈക്കിൾ എടുത്ത് ഗേറ്റ് കടന്നു ഓടി. ചവിട്ടാനുള്ള ശക്തിയില്ല. ചെറിയ സൈക്കിൾ ആണേലും ഇപ്പൊ അതിന്റെ ഭാരം തനിക്ക് താങ്ങാൻ പറ്റുന്നില്ല. ബാലൻസ് തെറ്റി സൈഡിലെ ഓടയിലേക്ക് ചെന്നു പതിച്ചു. എഴുന്നേൽക്കാൻ പറ്റുന്നില്ല. തലയ്ക്കു ഭയങ്കര ഭാരം. പെട്ടെന്ന് തന്നെ ആരോ പൊക്കിയെടുക്കുന്ന പോലെ. അനു ഭാരപ്പെട്ടു കണ്ണ് തുറന്ന് നോക്കി. പപ്പടം വാങ്ങാൻ പോകാറുള്ള വീട്ടിലെ അപ്പാപ്പൻ.
"എന്തിനാ മോളെ അപ്പയില്ലാതെ സൈക്കിൾ റോഡിലേക്ക് എടുത്തത് ? വീട്ടിലറിയോ ഇത് ?
മേലാകെ പൊട്ടിയല്ലോ... ? സാരല്ല്യ...വീട്ടിലേക്ക് വാ... കാലിലും നെറ്റി യിലും നിറയെ ബ്ലഡ്‌ ആണ്. "
അപ്പോഴേക്കും ആ വീട്ടിലെ ചേച്ചിയും ഇറങ്ങി വന്നു. മുന്നിലുള്ള പൈപ്പിൽ നിന്ന് മുഖവും കൈയും കാലും കഴുകി. ചേച്ചി കൊണ്ട് വന്ന വെള്ളം മണ.. മണാന്ന് കുടിച്ചു. ഒരു സമാധാനമായപ്പോൾ അനു സൈക്കിൾ ഇവിടിരിക്കട്ടേന്ന് പറഞ്ഞു വീട്ടിലിലേക്ക് ഒരോട്ടം വച്ചു കൊടുത്തു.
വീട്ടിലെത്തി വാതിൽ തുറന്നതും അമ്മ എവിടാർന്നു നീ എന്ന് ചോദിച്ചു അടി തുടങ്ങിയതും ഒരുമിച്ചാർന്നു.അടിയുടെ ഇടയിൽ അപ്പ വരട്ടെ, പറഞ്ഞു കൊടുത്തിട്ടുള്ള കാര്യമേയുള്ളൂ എന്നും അമ്മ പറയുന്നുണ്ടാർന്നു. അനു മതി വരുവോളം കരഞ്ഞു. പക്ഷെ അമ്മയുടെ അടി അനുവിനു വേദനിച്ചില്ല എന്നുള്ളതാണ് സത്യം. കുറച്ചു കഴിഞ്ഞപ്പോൾ തരിയിടാൻ കവർ വേണമെന്ന് പറഞ്ഞപ്പോഴാണ് അമ്മ പൊടിയെ കുറിച്ചോർക്കുന്നത് പോലുമെന്ന തോന്നുന്നു. വേഗം ഒരു കവർ എടുത്തിട്ടു പിന്നെയെന്തോ ഓർത്തിട്ട് 'അല്ലേൽ വേണ്ട ഇനി അപ്പ കൊണ്ട്‌ വന്നോളുമെന്നു' പറഞ്ഞു തിരിഞ്ഞു. എന്തൊ തനിക്ക് തന്നെ പോകണമെന്ന് തോന്നി അനുവിന്.
"വേണ്ട.. ഞാൻ ഓടി പോയി കൊണ്ട് വരാം. എനിക്ക് സൈക്കിളും എടുക്കണം. "
"അപ്പൊ നിനക്ക് കാലും കൈയും പൊട്ടിച്ചിട്ട് വേദനയൊക്കെ പോയോ.. "
പൊട്ടിയതൊക്കെ എന്ത് വേദന. തന്റെ മനസ്സിലെ വേദന അമ്മ അറിയുന്നില്ലല്ലോ. അനു മുത്തശ്ശി മാവിനെ കെട്ടി പിടിച്ചു. ഈ മാവിന്റെ തണൽ തന്റെ എന്തൊക്കെയോ ആണ്. വല്ലാത്ത ഒരു ആശ്വാസം തോന്നിയപ്പോൾ അനു പിന്നെ മില്ല് ലക്ഷ്യമാക്കി പതുക്കെ നടന്നു.
ചെക്കനെ അപ്പോഴും അവിടെ കണ്ടില്ല. പൊടി സഞ്ചിയിലാക്കിയിട്ടുണ്ട്. തരി വേറെ കവറിലാക്കി സഞ്ചിയിൽ തന്നെ ഉണ്ട്.
"അനുവിനെ കാണാതായപ്പോൾ ഇനി ഇപ്പൊ അപ്പ വരുമെന്നാ കരുതിയത്."
ലക്ഷ്മിയേച്ചി വീട്ടിൽ നിന്നിറങ്ങി വരുന്നു. ലക്ഷ്മിയേച്ചിക്ക് പൈസ കൊടുക്കുമ്പോഴും അനു ആ ചെക്കനെ പരതി. കാണാനില്ല. ലക്ഷ്മിയേച്ചിയോട് ചോദിച്ചാലോ.
"മോൾ കൊണ്ട് പോയാൽ ഇനി ഇത് അടച്ചിടാണൂട്ടോ. ഇനി കുറച്ചു ദിവസം കഴിഞ്ഞേ തുറക്കൂട്ടോ. ആ ചെക്കൻ പോയി."
അനു ഞെട്ടി പ്പോയി.
"പോകേ.... എപ്പോ... ?"
"ഇപ്പൊ തന്നെ....മോള് വരുന്നതിന് തൊട്ട് മുൻപ്. അവന്റെ അച്ഛൻ സുഖമില്ലാതെ കിടക്കായിരുന്നു. അസുഖം കൂടിയത്രേ. നാട്ടിൽ നിന്ന് ആളു വന്നൂന്നാ പറഞ്ഞേ. ഞാൻ വരുമ്പോ ഴേക്കും നാട്ടിൽ നിന്ന് വന്ന ആള് ബസ്‌ സ്റ്റോപ്പിലേക്ക് പോയി. ബാലു അങ്കിൾ വന്നിട്ട് പോകാന്നു പറഞ്ഞിട്ട് കേട്ടില്ല. ഇപ്പൊ ഒരു ബസ്‌ ഉണ്ടെന്നു പറഞ്ഞു ആള് ഓടി. അവന്റെ ഡ്രസ്സ് എല്ലാം കൊണ്ട് പോയിട്ടുണ്ട് . ഇനി വരോ ആവോ. എനിക്ക് നല്ല സഹായായിരുന്നു. ഞാൻ കുറച്ചു പൈസ തരാന്ന് പറഞ്ഞിട്ട്...... നിന്നാൽ വൈകുമെന്ന് പറഞ്ഞു ഓടി. പാവം..... "
ലക്ഷ്മിയേച്ചി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.
ഉവ്വ്... പാവം തന്നെ....
അപ്പോ.....
തിരിഞ്ഞു നടക്കുമ്പോൾ അനു മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു.
അവൾക്കു ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
കണ്ടാലും എന്ത് പാവം. പോകുന്ന വഴി കണ്ട കമ്യൂണിസ്റ് പച്ച പിഴുതെറിഞ്ഞു.
സൈക്കിളെടുത്ത് വീട്ടിലെത്തിപ്പോൾ കളിക്കാൻ പിള്ളേർ വന്നിരുന്നു. തല അപ്പോഴും നല്ല വേദന. മുത്തശ്ശി മാവിനടുത്ത് വന്നിരുന്നു അവർ കളിക്കുന്നതും നോക്കിയിരിക്കുമ്പോൾ, പെൺകുട്ടികളുടെ കൂടെ കൊത്താങ്കല്ല് കളിക്കുന്നതിനേക്കാൾ ആൺപിള്ളേരുടെ കൂടെ കള്ളനും പോലീസും കളിക്കാൻ ഇഷ്ടപ്പെടുന്ന, മരംകേറി പെണ്ണെന്നു അമ്മ വിളിക്കുന്ന അനു, ഒരു തീരുമാനമെടുത്തിരുന്നു.
"ഇനി ഈ വർഗത്തെ താൻ ഒരിക്കലും വിശ്വസിക്കില്ല. "
****** ****** ****** ****** *****
ഇതൊരു അനുഭവ കഥ ആണ്. പേര് യഥാർത്ഥമല്ല. വിവാഹം വേണ്ടെന്ന് ശഠിച്ചിരുന്ന എന്റെ ആ സുഹൃത്ത് പിന്നീട് കുറച്ചു വൈകിയാണേലും ദൈവാനുഗ്രഹത്താൽ മനസ്സിനിഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി വിവാഹം കഴിച്ചു മക്കളൊക്കെ ആയി സുഖമായിക്കഴിയുന്നു. വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങളായപ്പോൾ ജോലി ഉപേക്ഷിച്ച അവൾ ഇപ്പോൾ വീട്ടിൽ ഇരുന്നു സ്വന്തമായി ഒരു ചെറിയ ബിസിനസ്സുംആയി മക്കളെയും നോക്കി ആർക്കും അസൂയ തോന്നുന്ന, തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ജീവിതവുമായി മുന്നോട്ട് പോകുന്നു.

° ° ° ° ° ° ° ° °

ലിയയുടെ മനോവിചാരങ്ങൾ

ലിയയുടെ മനോവിചാരങ്ങൾ
* *************************** *
നേരം പുലരുന്നതിനുമുന്നേ അവളറിഞ്ഞു..... ഉറങ്ങിയിട്ടു വേണ്ടേ അറിയാതിരിക്കാൻ.... ഇന്നു ഈ വീട്ടിൽ ഇങ്ങനെ.... ഞാനായിട്ട്‌.... ഇനി വെറും കുറച്ച്‌ മണിക്കൂറുകൾ കൂടെ...
ആലോചിക്കും തോറും ലിയക്ക്‌ ഛർദ്ദിക്കാൻ വരും പോലെ തോന്നി...
വയറാകെ മറിഞ്ഞെടുക്കും പോലെ.
എന്തിനാണിങ്ങനെ വിവാഹത്തിന്റെ പേരിൽ ഒരു പറിച്ച്‌ നടീൽ....?
ഇതല്ലാതെ വേറേ മാർഗ്ഗം ഇല്ലേ....?
ആണ്മക്കൾ വിവാഹത്തോടെ വീടു വിട്ട്‌ പോകുന്നില്ലല്ലോ....?
പിന്നെന്താ പെണ്മക്കളോട്‌ മാത്രം ഈ ക്രൂരത...?
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതെന്റെ വീടല്ലാതാകും... ഒരു തരി പൊന്ന് എന്റെ കഴുത്തിൽ വീഴുന്നതോടെ ഞാൻ ഈ വീടിനും എന്റെ എല്ലാമായിരുന്ന എല്ലാവർക്കും ഞാൻ ഒരു അതിഥി മാത്രമായിത്തീരും.... കഴിഞ്ഞ 2ആഴ്ച മുഴുവൻ ഇത്‌ തന്നെയായിരുന്നു ഊണിലും ഉറക്കത്തിലും..... പെട്ടെന്നൊരു ദിവസം തികച്ചും അപരിചിതനായ ഒരാളുടെ കൈപിടിച്ച്‌ ഞാനീ വീടിന്റെ പടിയിറങ്ങും.... അയാളേപ്പോലെ തന്നെ അപരിചിതമായ ഒരു വീട്ടിലേക്ക്‌ ഒരു ആൾക്കൂട്ടത്തിലേക്ക്‌ എന്നെ ഇന്നു പറിച്ചു നടും. എന്തൊരു നിസ്സഹായാവസ്ഥയാണിത്‌. ഈ അവസാന മണിക്കൂറിൽ ഞാനിനി എന്ത്‌ ചെയ്യും. ലിയ പുതപ്പ്‌ തല വഴി മൂടി.
അല്ല ..... എന്താ എനിക്ക്‌ മാത്രം ഇങ്ങനെ തോന്നുന്നത്‌. കൂടെ പഠിക്കുന്നവർക്കും ഫ്രണ്ട്‌സ്‌നുമെല്ലാം വിവാഹം എന്ന് കേൾക്കുമ്പോൾ എന്ത്‌ സന്തോഷാണു. അവരവരുടെ വിവാഹസ്വപ്നങ്ങളെക്കുറിച്ച്‌ വാചാലരാകുമ്പോൾ താൻ അതിശയിച്ചിട്ടുണ്ട്‌. കൂടെ പഠിച്ച സുറുമി വിവാഹിതയായപ്പോൾ എന്തൊരു ത്രില്ലിൽ ആയിരുന്നു. കല്ല്യാണത്തിനു ശേഷവും അവൾ വളരെ ഹാപ്പിയായിരുന്നു. പക്ഷേ പിന്നീടൊരിക്കലും അവൾ ഞങ്ങളിൽ ഒരാളായിരുന്നില്ല. അവൾക്കെന്തോ സംഭവിച്ചിരുന്നു. She was not the same as she before.
എനിക്കിങ്ങനെയായിരുന്നാൽ മതി. സുറുമിയിലും തുഷാരയിലും ഉണ്ടായ മാറ്റം എനിക്ക്‌ വേണ്ട. പുറമേ സന്തോഷം പ്രകടമാകുന്നുണ്ടേലും അവരും എന്നേപ്പോലെ confused‌ ആയിട്ടുണ്ടാകുമോ.
ദൈവമേ ആരും കാണാതെ എവിടേക്കെങ്കിലും ഒളിച്ചോടിപ്പോയാലോ. ഞാനെന്തിനാ പേടിക്കുന്നേ.... ഇത്‌ പേടിയാണോ. വിവാഹം ഇപ്പോ എന്റെ മനസ്സിലില്ലെന്ന് എത്ര പറഞ്ഞിട്ടും എന്തിനു അമ്മ പോലും കേട്ടതായി ഭാവിച്ചില്ല. എന്നിട്ടൊരു ഉപദേശവും.
"അങ്ങനെയൊക്കെ ഇപ്പോ നിനക്ക്‌ തോന്നും... കല്ല്യാണമൊക്കെ കഴിഞ്ഞ്‌ ഭർത്താവും കുട്ടികളുമൊക്കെയായി ജീവിക്കുമ്പോൾ.... അപ്പോ നിനക്ക്‌ മനസ്സിലാവും നിന്റെ നന്മക്കായി ആണിതൊക്കെ ഞങ്ങൾ ചെയ്തതെന്ന്...."
എന്നെ convince ചെയ്യാതെ എനിക്ക്‌ എന്ത്‌ നന്മ ചെയ്തിട്ടും എന്താ കാര്യം. ലിയ പൊട്ടികരയാൻ തുടങ്ങി.
താഴെ അനക്കം കേൾക്കുന്നു. ഓരോരുത്തരായി എഴുന്നേറ്റ്‌ തുടങ്ങി. എല്ലാവരും എഴുന്നേറ്റാൽ പിന്നെ ഒളിച്ചോട്ടം നടക്കില്ല. പോകാണെങ്കിൽ തന്നെ ഞാൻ എവിടേക്ക്‌ പോകും. തന്റെ കഴുത്തിൽ മിന്നണിയിക്കാൻ പോകുന്ന ആളെ ലിയ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചി ട്ടും മുഖം മനസ്സിൽ തെളിയുന്നില്ല. ആ രണ്ടു കണ്ണുകൾ മാത്രമുണ്ട്‌ ഓർമ്മയിൽ. ഒരു അഞ്ചാറു തവണയായി കണ്ടിരുന്നെങ്കിലും മുഖം അത്രകണ്ട്‌ ഓർമ്മയിൽ വരുന്നില്ല. സംസാരിക്കാൻ ഒന്ന് രണ്ട്‌ തവണ വീട്ടിൽ വന്നപ്പോഴും താൻ അധികം ഒന്നും മിണ്ടിയതേയില്ല. പക്ഷേ ആ കണ്ണുകളിൽ താൻ എപ്പോഴെല്ലാം നോക്കിയോ അപ്പോഴെല്ലാം തന്റെ എതിർപ്പുകളെല്ലാം അലിഞ്ഞില്ലാതായി പോകുന്ന എന്തോ ഒരു മാന്ത്രികതയുണ്ടായിരുന്നില്ലേ.. പിന്നീട്‌ ഫോണിൽ വിളിച്ചപ്പോഴെല്ലാം ചുമ്മാ ഉപചാരം മാത്രം പറഞ്ഞ്‌ ഒഴിഞ്ഞു മാറുകയായിരുന്നു താൻ. ആ സ്വരം ...ആ കണ്ണുകൾ... തനിക്ക്‌ പണ്ടേ അറിയാമെന്നൊരു തോന്നൽ. ആദ്യമായി കാണുന്ന ഒരു പെൺകുട്ടിയോട്‌ പെരുമാറും വിധം അല്ലായിരുന്നു അയാളും. എന്നെ പണ്ടേ അറിയാമെന്ന വണ്ണം... അത്‌ തന്നിൽ ചെറിയ അതിശയം ഉണ്ടാക്കിയില്ലെന്ന് പറയാൻ വയ്യ. ഇതിനു മുൻപ്‌ കാണാൻ വന്നവരാരും തനിക്ക്‌ അങ്ങനൊരു തോന്നൽ ഉണ്ടാക്കിയില്ലായിരുന്നു എന്ന കാര്യവും ലിയ ഓർക്കാതിരുന്നില്ല. ഇനി ഇതാകുമോ എനിക്കു വേണ്ടി ദൈവം സൃഷ്ടി കർമ്മം ചെയ്തുവിട്ട ആൺകൊടി. ഇദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്നായിരിക്കുമോ എന്നേയും സൃഷ്ടിച്ച്‌ വിട്ടിരിക്കുന്നത്‌. ആണെങ്കിൽ തന്നെ ഇങ്ങനെയാണോ....? വന്ന് കണ്ട്‌ 3ആഴ്ച്ചക്കുള്ളിൽ എടിപിടീന്ന് പറഞ്ഞ്‌ ഒരു കല്ല്യാണം. ലീവില്ല പോലും. ഇല്ലെങ്കിൽ പിന്നെ മതി. ആർക്കാ ധൃതി. കുറച്ച്‌ സമയം തന്നുകൂടെ....
"നീ ഇതുവരെ എഴുന്നേറ്റില്ലേ കുട്ടി...."
അമ്മയുടെ പെട്ടെന്നുള്ള intro ലിയയെ ചിന്തയിൽ നിന്ന് ഞെട്ടിച്ച്‌ കളഞ്ഞു.
"....വേഗം വാ...അവിടെ എല്ലാവരും എഴുന്നേൽക്കും മുൻപ്‌ നിന്റെ കാര്യങ്ങളൊക്കെ എനിക്ക്‌ ചെയ്ത്‌ വക്കണം"
"അമ്മാ...."
തുണികളെടുത്ത്‌ പോകാൻ തുടങ്ങിയ തെരേസ തിരിഞ്ഞു നിന്നു.
"അമ്മാ എനിക്കീ കല്ല്യാണം വേണ്ട അമ്മാ... ഞാൻ നിങ്ങൾക്കൊക്കെ ഒരു ഭാരമായോ...?"
"ലിയാ.... എന്താ കുട്ടി.
നിനക്ക്‌ ദോഷം വരുന്ന എന്തെങ്കിലും ഞങ്ങൾ ചെയ്യോ.... എനിക്ക്‌ നിന്നെ നല്ല വിശ്വാസമാണു. എന്റെ മോൾ വല്ല്യേ പെണ്ണായിരിക്കണു. അമ്മേക്കാളും മിടുക്കിയാണു നീ. നിന്റെ പ്രായത്തിൽ എനിക്കും ഇങ്ങനൊക്കെ തോന്നിയിട്ടുണ്ട്‌. എല്ലാം ശരിയാവും. എത്ര സമയം തന്നാലും നീ ഇങ്ങനെ തന്നേ പറയൂ..."
"അതെങ്ങനെ അമ്മക്കറിയാം....."
മറുപടിയായി അമ്മ ഒന്ന് ചിരിക്ക മാത്രം ചെയ്ത്‌ ഡോർ കടന്നു പോയി.
അമ്മയുടെ ആ ചിരിയിൽ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിപ്പില്ലേ.....
"ലിയാ......"
ലിയാ പുതപ്പ്‌ മാറ്റി മുഖമുയർത്തി നോക്കി. അതാ വീണ്ടും അമ്മ.
"മോളെ എനിക്ക്‌ എന്നേക്കാൾ വിശ്വാസമാണു നിന്നെ . മോളു കല്ല്യാണം വേണ്ടാ...വേണ്ടാന്ന് പറഞ്ഞപ്പോഴെല്ലാം എനിക്കറിയാമായിരുന്നു നീ എന്ത്‌ കൊണ്ടാണിങ്ങനെ ഒഴിഞ്ഞ്‌ മാറുന്നതെന്ന്. അതുപോലെ മോൾക്കെന്നെ വിശ്വാസമുണ്ടോ...?"
"ങും...."
ലിയ ഒരു യന്ത്രം കണക്കെ തലയാട്ടി.
"എന്നാൽ ഞാനൊരു രഹസ്യം പറയാം."
ലിയ ബെഡിൽ നിന്ന് ചാടിയെണീറ്റു.
"എന്താ അമ്മാ...?"
"നീ തയ്യാറാണേലും ഇല്ലേലും ദൈവം നിനക്ക്‌ പറഞ്ഞു വച്ച നിന്റെ ഇണ തന്നെയാണവൻ. അത്‌ നിങ്ങടെ രണ്ടാളുടേയും കണ്ണുകളിൽ ഞാൻ കണ്ടു."
ലിയ തെല്ലൊരു അത്ഭുതത്തോടെ ആ വാക്കുകൾ കേട്ടു.
"ഇനി എന്താ വേണ്ടതെന്ന് നിനക്ക്‌ തീരുമാനിക്കാം. അവൻ നിനക്ക്‌ പറഞ്ഞു വച്ചവനെങ്കിൽ നീ ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന സമയം നിന്റെ കൈകളിൽ തന്നെ ഭദ്രമാണു."
അത്രയും പറഞ്ഞ്‌ കണ്ണിറുക്കി കാണിച്ച്‌ അമ്മ ഡോറിൽ നിന്നപ്രത്യക്ഷയായി. എന്തെന്നില്ലാത്ത ഒരുത്സാഹം ലിയയെ ചലിപ്പിച്ചു..... അവൾ തന്റെ confusion എല്ലാം പുതപ്പിൽ ചുരുട്ടി ഒരു മൂലക്ക്‌ എറിഞ്ഞു കളഞ്ഞു.ഉദയസൂര്യന്റെ കിരണങ്ങൾ പതിയെ ജനലിലൂടെ ലിയയെ തഴുകി അപ്പോഴേക്കും മുറിയാകെ നിറഞ്ഞിരുന്നു........
* ************* *

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo