Slider

ലിയയുടെ മനോവിചാരങ്ങൾ

0
ലിയയുടെ മനോവിചാരങ്ങൾ
* *************************** *
നേരം പുലരുന്നതിനുമുന്നേ അവളറിഞ്ഞു..... ഉറങ്ങിയിട്ടു വേണ്ടേ അറിയാതിരിക്കാൻ.... ഇന്നു ഈ വീട്ടിൽ ഇങ്ങനെ.... ഞാനായിട്ട്‌.... ഇനി വെറും കുറച്ച്‌ മണിക്കൂറുകൾ കൂടെ...
ആലോചിക്കും തോറും ലിയക്ക്‌ ഛർദ്ദിക്കാൻ വരും പോലെ തോന്നി...
വയറാകെ മറിഞ്ഞെടുക്കും പോലെ.
എന്തിനാണിങ്ങനെ വിവാഹത്തിന്റെ പേരിൽ ഒരു പറിച്ച്‌ നടീൽ....?
ഇതല്ലാതെ വേറേ മാർഗ്ഗം ഇല്ലേ....?
ആണ്മക്കൾ വിവാഹത്തോടെ വീടു വിട്ട്‌ പോകുന്നില്ലല്ലോ....?
പിന്നെന്താ പെണ്മക്കളോട്‌ മാത്രം ഈ ക്രൂരത...?
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതെന്റെ വീടല്ലാതാകും... ഒരു തരി പൊന്ന് എന്റെ കഴുത്തിൽ വീഴുന്നതോടെ ഞാൻ ഈ വീടിനും എന്റെ എല്ലാമായിരുന്ന എല്ലാവർക്കും ഞാൻ ഒരു അതിഥി മാത്രമായിത്തീരും.... കഴിഞ്ഞ 2ആഴ്ച മുഴുവൻ ഇത്‌ തന്നെയായിരുന്നു ഊണിലും ഉറക്കത്തിലും..... പെട്ടെന്നൊരു ദിവസം തികച്ചും അപരിചിതനായ ഒരാളുടെ കൈപിടിച്ച്‌ ഞാനീ വീടിന്റെ പടിയിറങ്ങും.... അയാളേപ്പോലെ തന്നെ അപരിചിതമായ ഒരു വീട്ടിലേക്ക്‌ ഒരു ആൾക്കൂട്ടത്തിലേക്ക്‌ എന്നെ ഇന്നു പറിച്ചു നടും. എന്തൊരു നിസ്സഹായാവസ്ഥയാണിത്‌. ഈ അവസാന മണിക്കൂറിൽ ഞാനിനി എന്ത്‌ ചെയ്യും. ലിയ പുതപ്പ്‌ തല വഴി മൂടി.
അല്ല ..... എന്താ എനിക്ക്‌ മാത്രം ഇങ്ങനെ തോന്നുന്നത്‌. കൂടെ പഠിക്കുന്നവർക്കും ഫ്രണ്ട്‌സ്‌നുമെല്ലാം വിവാഹം എന്ന് കേൾക്കുമ്പോൾ എന്ത്‌ സന്തോഷാണു. അവരവരുടെ വിവാഹസ്വപ്നങ്ങളെക്കുറിച്ച്‌ വാചാലരാകുമ്പോൾ താൻ അതിശയിച്ചിട്ടുണ്ട്‌. കൂടെ പഠിച്ച സുറുമി വിവാഹിതയായപ്പോൾ എന്തൊരു ത്രില്ലിൽ ആയിരുന്നു. കല്ല്യാണത്തിനു ശേഷവും അവൾ വളരെ ഹാപ്പിയായിരുന്നു. പക്ഷേ പിന്നീടൊരിക്കലും അവൾ ഞങ്ങളിൽ ഒരാളായിരുന്നില്ല. അവൾക്കെന്തോ സംഭവിച്ചിരുന്നു. She was not the same as she before.
എനിക്കിങ്ങനെയായിരുന്നാൽ മതി. സുറുമിയിലും തുഷാരയിലും ഉണ്ടായ മാറ്റം എനിക്ക്‌ വേണ്ട. പുറമേ സന്തോഷം പ്രകടമാകുന്നുണ്ടേലും അവരും എന്നേപ്പോലെ confused‌ ആയിട്ടുണ്ടാകുമോ.
ദൈവമേ ആരും കാണാതെ എവിടേക്കെങ്കിലും ഒളിച്ചോടിപ്പോയാലോ. ഞാനെന്തിനാ പേടിക്കുന്നേ.... ഇത്‌ പേടിയാണോ. വിവാഹം ഇപ്പോ എന്റെ മനസ്സിലില്ലെന്ന് എത്ര പറഞ്ഞിട്ടും എന്തിനു അമ്മ പോലും കേട്ടതായി ഭാവിച്ചില്ല. എന്നിട്ടൊരു ഉപദേശവും.
"അങ്ങനെയൊക്കെ ഇപ്പോ നിനക്ക്‌ തോന്നും... കല്ല്യാണമൊക്കെ കഴിഞ്ഞ്‌ ഭർത്താവും കുട്ടികളുമൊക്കെയായി ജീവിക്കുമ്പോൾ.... അപ്പോ നിനക്ക്‌ മനസ്സിലാവും നിന്റെ നന്മക്കായി ആണിതൊക്കെ ഞങ്ങൾ ചെയ്തതെന്ന്...."
എന്നെ convince ചെയ്യാതെ എനിക്ക്‌ എന്ത്‌ നന്മ ചെയ്തിട്ടും എന്താ കാര്യം. ലിയ പൊട്ടികരയാൻ തുടങ്ങി.
താഴെ അനക്കം കേൾക്കുന്നു. ഓരോരുത്തരായി എഴുന്നേറ്റ്‌ തുടങ്ങി. എല്ലാവരും എഴുന്നേറ്റാൽ പിന്നെ ഒളിച്ചോട്ടം നടക്കില്ല. പോകാണെങ്കിൽ തന്നെ ഞാൻ എവിടേക്ക്‌ പോകും. തന്റെ കഴുത്തിൽ മിന്നണിയിക്കാൻ പോകുന്ന ആളെ ലിയ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചി ട്ടും മുഖം മനസ്സിൽ തെളിയുന്നില്ല. ആ രണ്ടു കണ്ണുകൾ മാത്രമുണ്ട്‌ ഓർമ്മയിൽ. ഒരു അഞ്ചാറു തവണയായി കണ്ടിരുന്നെങ്കിലും മുഖം അത്രകണ്ട്‌ ഓർമ്മയിൽ വരുന്നില്ല. സംസാരിക്കാൻ ഒന്ന് രണ്ട്‌ തവണ വീട്ടിൽ വന്നപ്പോഴും താൻ അധികം ഒന്നും മിണ്ടിയതേയില്ല. പക്ഷേ ആ കണ്ണുകളിൽ താൻ എപ്പോഴെല്ലാം നോക്കിയോ അപ്പോഴെല്ലാം തന്റെ എതിർപ്പുകളെല്ലാം അലിഞ്ഞില്ലാതായി പോകുന്ന എന്തോ ഒരു മാന്ത്രികതയുണ്ടായിരുന്നില്ലേ.. പിന്നീട്‌ ഫോണിൽ വിളിച്ചപ്പോഴെല്ലാം ചുമ്മാ ഉപചാരം മാത്രം പറഞ്ഞ്‌ ഒഴിഞ്ഞു മാറുകയായിരുന്നു താൻ. ആ സ്വരം ...ആ കണ്ണുകൾ... തനിക്ക്‌ പണ്ടേ അറിയാമെന്നൊരു തോന്നൽ. ആദ്യമായി കാണുന്ന ഒരു പെൺകുട്ടിയോട്‌ പെരുമാറും വിധം അല്ലായിരുന്നു അയാളും. എന്നെ പണ്ടേ അറിയാമെന്ന വണ്ണം... അത്‌ തന്നിൽ ചെറിയ അതിശയം ഉണ്ടാക്കിയില്ലെന്ന് പറയാൻ വയ്യ. ഇതിനു മുൻപ്‌ കാണാൻ വന്നവരാരും തനിക്ക്‌ അങ്ങനൊരു തോന്നൽ ഉണ്ടാക്കിയില്ലായിരുന്നു എന്ന കാര്യവും ലിയ ഓർക്കാതിരുന്നില്ല. ഇനി ഇതാകുമോ എനിക്കു വേണ്ടി ദൈവം സൃഷ്ടി കർമ്മം ചെയ്തുവിട്ട ആൺകൊടി. ഇദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്നായിരിക്കുമോ എന്നേയും സൃഷ്ടിച്ച്‌ വിട്ടിരിക്കുന്നത്‌. ആണെങ്കിൽ തന്നെ ഇങ്ങനെയാണോ....? വന്ന് കണ്ട്‌ 3ആഴ്ച്ചക്കുള്ളിൽ എടിപിടീന്ന് പറഞ്ഞ്‌ ഒരു കല്ല്യാണം. ലീവില്ല പോലും. ഇല്ലെങ്കിൽ പിന്നെ മതി. ആർക്കാ ധൃതി. കുറച്ച്‌ സമയം തന്നുകൂടെ....
"നീ ഇതുവരെ എഴുന്നേറ്റില്ലേ കുട്ടി...."
അമ്മയുടെ പെട്ടെന്നുള്ള intro ലിയയെ ചിന്തയിൽ നിന്ന് ഞെട്ടിച്ച്‌ കളഞ്ഞു.
"....വേഗം വാ...അവിടെ എല്ലാവരും എഴുന്നേൽക്കും മുൻപ്‌ നിന്റെ കാര്യങ്ങളൊക്കെ എനിക്ക്‌ ചെയ്ത്‌ വക്കണം"
"അമ്മാ...."
തുണികളെടുത്ത്‌ പോകാൻ തുടങ്ങിയ തെരേസ തിരിഞ്ഞു നിന്നു.
"അമ്മാ എനിക്കീ കല്ല്യാണം വേണ്ട അമ്മാ... ഞാൻ നിങ്ങൾക്കൊക്കെ ഒരു ഭാരമായോ...?"
"ലിയാ.... എന്താ കുട്ടി.
നിനക്ക്‌ ദോഷം വരുന്ന എന്തെങ്കിലും ഞങ്ങൾ ചെയ്യോ.... എനിക്ക്‌ നിന്നെ നല്ല വിശ്വാസമാണു. എന്റെ മോൾ വല്ല്യേ പെണ്ണായിരിക്കണു. അമ്മേക്കാളും മിടുക്കിയാണു നീ. നിന്റെ പ്രായത്തിൽ എനിക്കും ഇങ്ങനൊക്കെ തോന്നിയിട്ടുണ്ട്‌. എല്ലാം ശരിയാവും. എത്ര സമയം തന്നാലും നീ ഇങ്ങനെ തന്നേ പറയൂ..."
"അതെങ്ങനെ അമ്മക്കറിയാം....."
മറുപടിയായി അമ്മ ഒന്ന് ചിരിക്ക മാത്രം ചെയ്ത്‌ ഡോർ കടന്നു പോയി.
അമ്മയുടെ ആ ചിരിയിൽ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിപ്പില്ലേ.....
"ലിയാ......"
ലിയാ പുതപ്പ്‌ മാറ്റി മുഖമുയർത്തി നോക്കി. അതാ വീണ്ടും അമ്മ.
"മോളെ എനിക്ക്‌ എന്നേക്കാൾ വിശ്വാസമാണു നിന്നെ . മോളു കല്ല്യാണം വേണ്ടാ...വേണ്ടാന്ന് പറഞ്ഞപ്പോഴെല്ലാം എനിക്കറിയാമായിരുന്നു നീ എന്ത്‌ കൊണ്ടാണിങ്ങനെ ഒഴിഞ്ഞ്‌ മാറുന്നതെന്ന്. അതുപോലെ മോൾക്കെന്നെ വിശ്വാസമുണ്ടോ...?"
"ങും...."
ലിയ ഒരു യന്ത്രം കണക്കെ തലയാട്ടി.
"എന്നാൽ ഞാനൊരു രഹസ്യം പറയാം."
ലിയ ബെഡിൽ നിന്ന് ചാടിയെണീറ്റു.
"എന്താ അമ്മാ...?"
"നീ തയ്യാറാണേലും ഇല്ലേലും ദൈവം നിനക്ക്‌ പറഞ്ഞു വച്ച നിന്റെ ഇണ തന്നെയാണവൻ. അത്‌ നിങ്ങടെ രണ്ടാളുടേയും കണ്ണുകളിൽ ഞാൻ കണ്ടു."
ലിയ തെല്ലൊരു അത്ഭുതത്തോടെ ആ വാക്കുകൾ കേട്ടു.
"ഇനി എന്താ വേണ്ടതെന്ന് നിനക്ക്‌ തീരുമാനിക്കാം. അവൻ നിനക്ക്‌ പറഞ്ഞു വച്ചവനെങ്കിൽ നീ ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന സമയം നിന്റെ കൈകളിൽ തന്നെ ഭദ്രമാണു."
അത്രയും പറഞ്ഞ്‌ കണ്ണിറുക്കി കാണിച്ച്‌ അമ്മ ഡോറിൽ നിന്നപ്രത്യക്ഷയായി. എന്തെന്നില്ലാത്ത ഒരുത്സാഹം ലിയയെ ചലിപ്പിച്ചു..... അവൾ തന്റെ confusion എല്ലാം പുതപ്പിൽ ചുരുട്ടി ഒരു മൂലക്ക്‌ എറിഞ്ഞു കളഞ്ഞു.ഉദയസൂര്യന്റെ കിരണങ്ങൾ പതിയെ ജനലിലൂടെ ലിയയെ തഴുകി അപ്പോഴേക്കും മുറിയാകെ നിറഞ്ഞിരുന്നു........
* ************* *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo