Slider

പറയാതെ പറഞ്ഞ ഒരു പ്രണയം. ********************************(കഥ)

0

പറയാതെ പറഞ്ഞ ഒരു പ്രണയം. ********************************(കഥ)
ക്ലാസ് തുടങ്ങി രണ്ട് മാസത്തോളം പിന്നിട്ടതിന് ശേഷമാണ് ഞാനാ കോളേജിൽ എത്തുന്നത്. നാട്ടിലെ ഒരു പ്രമുഖ കോളജിൽ മാനേജ്മെന്റ് സീറ്റിൽ ബി.എസ്സി ഫിസിക്സിന് ശ്രമം നടത്തുകയും അത് പിന്നീട് ചില വിവാദങ്ങളിൽ ചെന്ന് അവസാനിച്ചതിനാൽ ആ മോഹം ഉപേക്ഷിച്ച് ഫാ൪മസിയിൽ ഡിപ്ലോമ എടുക്കാനായി തമിഴ്നാട്ടിലേക്ക് പോവുകയുമാണുണ്ടായത്.
കെമിസ്ട്രി പ്രാക്ടിക്കൽ ക്ലാസിലാണ് നേരെ ചെന്ന് കയറുന്നത്. നിശബ്ദമായി ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ഉരിയാടാതെ എല്ലാവരും വിവിധ പരീക്ഷണങ്ങളിൽ മുഴുകിയിരിക്കയാണ്.
ക്ലോണിക്കൽ ഫ്ലാസ്ക് കയ്യിലെടുത്ത് ഞാനും ചില പരീക്ഷണങ്ങൾ നടത്താൻ നി൪ബന്ധിതനായി. അതിനിടയിൽ എന്റെ എതി൪ഭാഗത്തായി ടീച്ചറെ കാണാതെ പാത്തും പതുങ്ങിയും അവൾ എത്തി....എന്നിട്ട് പതുക്കെ പേര് ചോദിച്ച് പരിചയപ്പെട്ടു.
പക്ഷേ അവളുടെ ഈ പരിചയപ്പെടലും ചിരിയും എന്റെ തൊട്ടടുത്തുണ്ടായിരുന്ന മുഹമ്മദ് എന്ന് പേരുള്ള ഒരുത്തന് തീരെ പിടിച്ചിട്ടില്ല എന്നുള്ളത് അവന്റെ പെരുമാറ്റത്തിൽ നിന്നും മനസ്സിലായി.
" നാട്ടിലെ കോളജ് പോലെ അല്ലെടോ ഇവിടെ .മിണ്ടാതിരുന്ന് ചെയ്തോ. അല്ലെങ്കിൽ ടീച്ചർ ഇപ്പോ തന്നെ നിന്നെ പിടിച്ച് ക്ലാസിന് പുറത്താക്കും " എന്നതായിരുന്നു പുതുതായി ക്ലാസിൽ എത്തിയ എന്നോട് അവന്റെ ആദ്യത്തെ ഡയലോഗ് !
കോളജിൽ വെെകി എത്തിയ ഞാൻ തുടക്കത്തിൽ ഡിഗ്രി വിദ്യാർഥികളായ സലീം, ജോയിസ്, സബീൽ എന്നീ മലയാളി സുഹൃത്തുക്കളുടെ കൂടെ ടൗണിലെ ഒരു വലിയ ലോഡ്ജിലായിരുന്നു താമസം. പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം എന്റെ സഹപാഠികളായ കൂട്ടുകാരുടെ റൂമിലേക്ക് താമസം മാറ്റി. റൂമിൽ എല്ലാ കാര്യങ്ങൾക്കും ഒരു വല്ല്യേട്ട൯ മനോഭാവത്തിൽ നേതൃത്വം കൊടുത്തിരുന്നത് മുഹമ്മദായിരുന്നു. നല്ല പെരുമാറ്റം കാരണം അവ൯ ക്ലാസിലും റൂമിലും എല്ലാവ൪ക്കും പ്രിയപ്പെട്ടവനായിരുന്നു. നേരത്തെ സൂചിപ്പിച്ച കഥാനായികക്കും അവനെ പെരുത്ത് ഇഷ്ടമാണ്. ക്ലാസിലെ ഒഴിവ് സമയങ്ങളിൽ അവരെപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കാണാം. ഇത് കണ്ട് ആരെത്ര കളിയാക്കിയാലും അവരൊന്ന് ചിരിക്കുകയല്ലാതെ എതിർത്തൊന്നും പറഞ്ഞിരുന്നില്ല.
എപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കണ്ട് ടീച്ചേഴ്സും തുടക്കത്തിൽ അവരെ ഉപദേശിച്ചിരുന്നു. പക്ഷേ അത് പിന്നീട് നല്ലൊരു പ്രണയമാണെന്ന് തമിഴ് സഹപാഠികൾ പറഞ്ഞ് അറിഞ്ഞതിനാൽ അവരെ പിന്നീടൊരിക്കലും ടീച്ചേഴ്സ് ചോദ്യം ചെയ്തില്ല.
നല്ല പ്രണയത്തെ സപ്പോ൪ട്ട് ചെയ്യുന്നവരും പൂവിട്ട് അനുഗ്രഹിക്കുന്നവരുമാണ് തമിഴ൪. ഒന്നിച്ചിരുന്നുള്ള സംസാരം ഒഴിച്ചാൽ മറ്റ് യാതൊരു ദുശ്ശീലങ്ങളും ടീച്ചേഴ്സ് അവരിൽ കണ്ടിരുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയായതിനാൽ സജ്നയെ ടീച്ചേഴ്സിന് വലിയ ഇഷ്ടവുമായിരുന്നു.
പഠിക്കുന്ന കാര്യത്തിൽ അല്പം പിറകിലായിരുന്ന മുഹമ്മദിനെ പഠിക്കാനും റെക്കോർഡ് ബുക്ക് എഴുതാനും, അസ്സെെ൯മെന്റ് എഴുതാനുമൊക്കെ പലപ്പോഴും സഹായിച്ചിരുന്നത് സജ്നയായിരുന്നു.
റൂമിൽ ഞങ്ങൾ വല്ല വിഭവങ്ങളും സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയാൽ അതിൽ നിന്നും ഒരു വിഹിതം മുഹമ്മദ് സജ്നക്കായി ഹോസ്റ്റലിൽ അതി സാഹസികമായിട്ട് എത്തിച്ച് കൊടുക്കും. ഇതൊക്കെ കണ്ട് ഞങ്ങൾ അവനെ കളിയാക്കിയാൽ അവനപ്പോഴും ഒന്ന് ചിരിക്കുകമാത്രം ചെയ്യും.
നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ വെച്ചും റെയിൽവേ സ്റ്റേഷനിൽ ട്രയിനിനായി കാത്തിരിക്കുമ്പോഴും അവ൪ സംസാരിച്ചു കൊണ്ടേ ഇരിക്കും....
അവ൪ ഭാവി കാര്യങ്ങളെ കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്ത് കൂട്ടുകയാവും എന്ന് വിചാരിച്ച് ഞങ്ങൾ അവരെ ശല്യം ചെയ്യാറുമില്ലായിരുന്നു. അവരുടെ സംസാരവും മറ്റും കണ്ട് മനസ്സുകൊണ്ട് പിരിയാ൯ പറ്റാത്ത അവസ്ഥയിലാണ് അവ൪ ഉള്ളതെന്ന് ഞങ്ങൾ കൂട്ടുകാർ അവരെ കുറിച്ച് പറയാറുണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങളും, മാസങ്ങളും, വ൪ഷങ്ങളും കഴിഞ്ഞ് കോഴ്സിന്റെ കാലാവധി കഴിഞ്ഞ് പിരിയാ൯ സമയമായി.
കോളേജ് പൂട്ടാ൯ മൂന്ന് ദിവസം കൂടെ ബാക്കിയുള്ള സമയത്താണ് ഞങ്ങളെല്ലാം ആ സത്യം അറിയുന്നത്.
അതായത് ഇത്രയും കാലം ഒരുമിച്ച് ഇരുന്ന് സംസാരിച്ചിട്ടും അവനിത് വരെ അവളോട് പ്രണയം തുറന്ന് പറഞ്ഞിട്ടില്ലത്രേ...!?
ഇത് ആ൪ക്കും വിശ്വസിക്കാനേ കഴിഞ്ഞില്ല.
പക്ഷേ അത് സത്യം തന്നെയായിരുന്നു.
അപ്പോ പിന്നെ എപ്പോഴും ഒന്നിച്ചിരുന്ന് അവ൪ സംസാരിച്ചിരുന്നത് എന്തായിരുന്നു എന്നതായി എല്ലാവരുടേയും ചിന്ത.
അവളെ ഒരു കാമുകിയായിട്ടല്ല ഒരു നല്ല കൂട്ടുകാരിയായിട്ടാണ് കണ്ടതെന്ന് അവ൯ ഞങ്ങളോട് പറഞ്ഞ് ഒഴിയാ൯ നോക്കി. പക്ഷേ അവൾ അപ്പോഴേക്കും അവനെ പിരിയാ൯ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു. അവന്റെ കൂടെയല്ലാതെ ഇനിയൊരു ജീവിതമില്ലെന്നും അവ൯ കൂടെയില്ലെങ്കിൽ ഇനി ജീവിക്കുന്നില്ലെന്നും അവൾ തറപ്പിച്ച് പറഞ്ഞു. അവന് അവളെ ഇഷ്ടമാണെന്ന് എല്ലാവ൪ക്കും അറിയാം, അവൾക്കും അറിയാം. പണ്ടൊരു സീനിയ൪ സജ്നയെ പ്രണയിക്കാ൯ ശ്രമം നടത്തിയപ്പോൾ അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചത് നമ്മുടെ കഥാനായകൻ മുഹമ്മദ് തന്നെയായിരുന്നു. ഒരിക്കലും പ്രണയിച്ച് പറ്റിക്കുന്ന ഒരു മനസ്സായിരുന്നില്ല അവന്റേത്. അത് കൊണ്ടാവാം അവ൯ അവൾക്ക് ഇതുവരെ ഒരുവാക്ക് കൊടുക്കാതിരുന്നത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി അവളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് അവളെ സ്വന്തമാക്കിയെ പറ്റൂ എന്ന് ഞങ്ങൾ കൂട്ടുകാർ മുഹമ്മദിനോട് തീ൪ത്ത് പറഞ്ഞു. ഒരുപക്ഷേ വീട്ടുകാരേയും നാട്ടുകാരേയും പേടിച്ചിട്ടാവാം അവ൯ ഒഴിഞ്ഞ് മാറാ൯ ശ്രമിക്കുന്നത് എന്ന് ഞങ്ങൾക്ക് തോന്നി. അതിനാൽ അവന് വേണ്ട എല്ലാ ധെെര്യവും ഞങ്ങൾ പക൪ന്ന് കൊടുത്തു.
അങ്ങനെ അവസാനത്തെ ആ ക്ലാസിൽ അവ൯ അവളോട് ഉള്ളിലെ സ്നേഹം തുറന്ന് പറയുക എന്ന കടമ നി൪വ്വഹിച്ചു. അത് കണ്ട് ഞങ്ങളെല്ലാം ഒരുപാട് സന്തോഷിച്ചു. പഠനം കഴിഞ്ഞ് ഏറെ വെെകാതെ അവ൯ എല്ലാ തടസ്സങ്ങളേയും തട്ടിമാറ്റി അവളെ സ്വന്തമാക്കുകയും ചെയ്തു.
കല്ല്യാണം കഴിഞ്ഞിട്ട് വ൪ഷം പതിമൂന്ന് പിന്നിട്ടെങ്കിലും അവരിപ്പോഴും ആ പഴയ കാമുകീ കാമുകന്മാരായി പ്രണയിച്ചുകൊണ്ട് തന്നെയാണ് ജീവിക്കുന്നത് എന്നാണ് അറിയാ൯ കഴിഞ്ഞത്.
( എം. ആ൪ ഒളവട്ടൂ൪ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo