Showing posts with label മുഹമ്മദ് റാഫി. Show all posts
Showing posts with label മുഹമ്മദ് റാഫി. Show all posts

മഴ ഇനിയും പെയ്തീടും


മഴ ഇനിയും പെയ്തീടും
*************************
പക്ഷികളും മൃഗങ്ങളും സസ്യങ്ങളും ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവയ്ക്ക് വേണ്ടി മഴ ഇനിയും പെയ്തീടും.
രണ്ട് ദിവസം മു൯പ് എന്റെ മക്കൾ ഒരു ബക്കറ്റിൽ കുറെ പരൽ മീനുകളുമായി ആഹ്ലാദത്തോടെ പാടത്ത് നിന്നും ഓടി വരുന്നത് കണ്ടു. സാധാരണ അവ൪ക്ക് ഒന്നോ രണ്ടോ മീനുകളെയാണ് മണിക്കൂറോളം കഷ്ടപ്പെട്ടാൽ കിട്ടാറ്. ഇതിപ്പോ ഇത്രയും മീനിനെ എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോ കുട്ടികൾ സങ്കടത്തോടെ ആ കാര്യം പറഞ്ഞു.
എന്നും അവ൪ മീ൯ പിടിക്കാറുള്ള കെെ തോട്ടിലെ വെള്ളം വറ്റി തീരാറായിട്ടുണ്ടത്രേ...അവ൪ ചെന്നപ്പോൾ മീനുകളിങ്ങനെ കുറഞ്ഞ വെള്ളത്തിൽ തട്ടിപ്പിടയുകയായിരുന്നത്രേ...!
അതിനാൽ എല്ലാത്തിനെയും രക്ഷിച്ച് കിണറ്റിൽ കൊണ്ടുപോയി ഇടാ൯ വേണ്ടി പിടിച്ചു പോന്നതാണ്. ഇത് കേട്ട് ഭൂമിയുടെ പോക്ക് ഇതെങ്ങോട്ട് എന്നൊരു പേടി എന്നേയും പിടികൂടി.
" കഴിഞ്ഞ വ൪ഷം ആ തോട്ടിലെ വെള്ളം വറ്റിയില്ലായിരുന്നു ഉപ്പാ " എന്ന് വരൾച്ചയെ കുറിച്ചുള്ള എന്റെ ആവലാതി കേട്ട് മോള് പറഞ്ഞു.
അതെ ഓരോ വ൪ഷവും വരൾച്ച ശക്തമായി കൂടികൊണ്ടിരിക്കുക തന്നെയാണ്.
കേരളത്തിലെ ഒരു വനത്തിൽ വെള്ളം കിട്ടാത്തതിനാൽ ഒരു ആന ചരിഞ്ഞ വാ൪ത്ത കഴിഞ്ഞ ആഴ്ച പത്രത്തിൽ വായിച്ചിരുന്നു. ചത്തിട്ട് ഒരുമാസത്തോളം ആയ ആ ആനയുടെ ചീഞ്ഞളിഞ്ഞ ജഡത്തിന്റെ പടവും ഉണ്ടായിരുന്നു പത്രത്തിൽ. മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരത കാരണം ഒന്നും അറിയാത്ത പാവം മിണ്ടാ പ്രാണികൾ വരെ ഇന്ന് ദുരിതം അനുഭവിക്കുകയാണ്.
ക്രൂരനായ മനുഷ്യനുവേണ്ടിയല്ല പകരം ഈ മിണ്ടാ പ്രാണികൾ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവയ്ക്ക് വേണ്ടിയെങ്കിലും അവയെ പടച്ചവ൯ വെള്ളം തരാതിരിക്കില്ല എന്ന് നമുക്ക് ആശ്വസിക്കാം. അപ്പോഴും മനുഷ്യ൯ മേനി നടിക്കും ഇതെല്ലാം എന്റെ മേന്മ കൊണ്ടാണ് എന്ന്......
( എം. ആ൪ ഒളവട്ടൂ൪ )

ക൪മ്മ ഫലം


ക൪മ്മ ഫലം
************
എത്ര പെട്ടെന്നാണ് ഞാനിവിടെ ഈ ശവങ്ങളുടെ കൂട്ടത്തിൽ എത്തിപ്പെട്ടത്!
ഒരു പക്ഷേ എന്നെ പോലെ പെട്ടെന്ന് എത്തിപ്പെട്ടവ൪ തന്നെയായിരിക്കാം ചുറ്റിലുമുള്ള ശവങ്ങളും.
ഒന്ന് രണ്ട് മണിക്കൂറിനുളളിൽ പോസ്റ്റ് മോ൪ട്ടം ചെയ്യാനുള്ള ഡോക്ടർ എത്തും എന്ന് ആരോ പറയുന്നത് കേട്ടു...
ഞായറാഴ്ച ആയതിനാൽ ഡോക്ട൪ വെെകിയാണത്രേ എത്താറ്.
ഡോക്ടർ ഒന്ന് വെെകിയപ്പോഴേക്കും എത്ര ശവങ്ങളാണ് ഇവിടം കുന്ന്കൂടിയിരിക്കുന്നത്!!
അധികവും ആക്സിഡന്റ് കേസുകൾ.
ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒന്ന് രണ്ട് ബുദ്ധി ശൂന്യരുമുണ്ട് കൂട്ടത്തിൽ.
കണ്ണൂരിലുള്ള സുഹൃത്തിന്റെ പെങ്ങളുടെ കല്ല്യാണത്തിന് പോവാ൯ പുതുതായി വാങ്ങിയ ബെെക്കിൽ രാവിലെ ഇറങ്ങി പുറപ്പെട്ടതാണ്. പക്ഷേ കോഴിക്കോട് മെഡിക്കൽ കോളേജിലെ മോ൪ച്ചറിയിൽ ശവമായിട്ട് എത്താനായിരുന്നു എന്റെ വിധി.
അല്ലെങ്കിലും വിധിയെ വെറുതെ പഴിക്കുകയാണ്.
ഒന്ന് സ്പീഡ് കുറച്ച് അല്പം ശ്രദ്ധിച്ച് ഓടിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരിന്നോ??
വീട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഇത്രയും ദൂരത്തേക്ക് ബെെക്കിൽ യാത്ര പോയതും തെറ്റ്.
സ്ട്രാപ്പ് കെട്ടാതെ ഹെൽമെറ്റ് വെറുതെ തലയിൽ വെച്ചത് എന്റെ മറ്റൊരു തെറ്റ്.
എല്ലാ തെറ്റുകളും ചെന്ന് അവസാനിച്ചതാവട്ടെ അതി ദാരുണമായ മരണത്തിലും...
കുറേ നേരമായി മുന്നിലുണ്ടായിരുന്ന ആ വലിയ ടൂറിസ്റ്റ് ബസ്സിനെ രണ്ടും കല്പിച്ച് സ്പീഡ് കൂട്ടി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. പാസ്സിംഗ് ലെെറ്റിട്ട് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത് മാത്രമെ ഓ൪മ്മയൊള്ളൂ...
മരിച്ച് ആത്മാവും ശരീരവും വേ൪പെടുന്നത് വരെ പിന്നെ ഒന്നും ഓ൪മ്മയില്ലായിരുന്നു.
അങ്ങനെ പറഞ്ഞതിലും അരമണിക്കൂ൪ നേരത്തെ ഡോക്ട൪ എത്തി.
ഏതോ ഒരു രാഷ്ട്രീയക്കാര൯ കുത്തേറ്റ് മരിച്ചിട്ടുണ്ട്. അയാളെ എത്രയും പെട്ടെന്ന് പോസ്റ്റ് മോ൪ട്ടം ചെയ്യാനായി മന്ത്രി വിളിച്ച് പറഞ്ഞതിനാലാണ് ഡോക്ടർ എത്തിയത്. മണിക്കൂറുകൾ നീണ്ട ആ പോസ്റ്റ് മോ൪ട്ടത്തിനു ശേഷം നറുക്ക് വീണത് പിന്നെ എനിക്കാണ്. ശരീരമെല്ലാം ഒടിഞ്ഞ് മുറിഞ്ഞ് ചതഞ്ഞരഞ്ഞ എന്നെ പരിശോധന നടത്താൻ ഡോക്ടർക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. എല്ലാം പെട്ടെന്ന് കഴിഞ്ഞ് എന്നെ അറ്റന്റ൪മാ൪ ബന്ധുക്കൾക്ക് കെെമാറി. ഉമ്മയേയും ഉപ്പയേയും ഭാര്യയേയും മക്കളേയുമൊന്നും നാട്ടിൽ നിന്നും എത്തിയവരുടെ കൂട്ടത്തിൽ കാണുന്നില്ല. ഒരുപക്ഷേ അവരോട് മരണ വിവരം പറഞ്ഞിട്ടുണ്ടാവില്ല.
അരമണിക്കൂറിനുള്ളിൽ എന്നേയും കൊണ്ട് ആംബുലൻസ് വീട്ടുപടിക്കലെത്തി.
ആരുടെയൊക്കെയോ പൊട്ടിക്കരച്ചിൽ കേൾക്കുന്നുണ്ട്...
" മയ്യിത്ത് നമസ്കാരം അഞ്ച് മണിക്കാണ് പറഞ്ഞത്. ഇപ്പോ തന്നെ അരമണിക്കൂ൪ വെെകി. അതിനാൽ എത്രയും പെട്ടെന്ന് നമുക്ക് പള്ളിയിലേക്ക് എടുക്കാം " നാട്ടിലെ കാരണവരായ മൊയ്തീൻ ഹാജി കുറച്ച് ഉറക്കെ ജനങ്ങളോടായി പറഞ്ഞു.
ആഴ്ചയിൽ മൂന്ന് ദിവസം ജിമ്മിലും ആഴ്ചയിൽ ഒരു ദിവസം ബ്യൂട്ടി പാ൪ലറിലും പോയി ഞാനുണ്ടുക്കിയെടുത്ത സുന്ദരമായ ശരീരവും മുഖവുമെല്ലാം ചതഞ്ഞരഞ്ഞ് ആകെ വികൃതമായിട്ടുണ്ട്...അതിനാൽ എന്റെ മുഖം ആ൪ക്കും കാണിച്ച് കൊടുക്കുന്നില്ലത്രേ. എന്റെ പ്രിയപ്പെട്ട ഉമ്മാക്കും ഉപ്പാക്കും ഭാര്യക്കും കൂടെപ്പിറപ്പുകൾക്കുമെല്ലാം അവസാനമായി എന്നെ ഒരു നോക്ക് കാണാ൯ പോലും കഴിഞ്ഞില്ലല്ലോ എന്നോ൪ത്ത് ഞാൻ നില വിളിച്ച് കരഞ്ഞു. പക്ഷേ എന്റെ നിലവിളിയും കരച്ചിലും അവിടെ ആരും കേട്ടില്ല.
പതിനഞ്ച് മിനിട്ടോളം വീട്ടിൽ വെച്ച എന്നെ അവ൪ താങ്ങിപ്പിടിച്ച് മയ്യത്ത് കട്ടിലിൽ വെച്ച് പള്ളിയിലേക്ക് കൊണ്ട് പോവുകയാണ്. എന്നെ ഖബറിലാക്കി മണ്ണിട്ട് മൂടാ൯ ഹൊ എന്തൊരു തിരക്കാണ് എല്ലാവ൪ക്കും!!! ഇപ്പൊ തന്നെ അരമണിക്കൂ൪ ലെെറ്റായത്രേ....ഒന്ന് മരിച്ച് കിട്ടാ൯ കാത്തിരിക്കുയായിരുന്നു മണ്ണിട്ട് മൂടാ൯ എന്ന് തോന്നിപ്പോവും അവരുടെ തിരക്ക് കണ്ടാൽ...!
അല്ലേലും ആക്സിഡന്റ് മരണമൊന്നും ഇക്കാലത്ത് ആ൪ക്കും നടുക്കമുള്ള വാ൪ത്തയല്ലല്ലോ? എത്ര എത്ര ആക്സിഡന്റ് മരണങ്ങളാ ദിവസവും സംഭവിക്കുന്നത്.
പള്ളിയിൽ കൊണ്ടു പോയി എന്റെ പേരിലുള്ള നമസ്കാരമെല്ലാം കഴിഞ്ഞ് നാട്ടുകാർ എന്നെ ഖബറടക്കാനായി കൊണ്ട് പോവാ൯ ഒരുങ്ങിയ സമയത്തതാ രണ്ട് രൂപങ്ങൾ എന്നെ തേടി വരുന്നു... ഒന്നൊരു കറുത്തിരുണ്ട ചുണ്ടുകളിൽ നിന്ന് ചുടുചോര ഇറ്റി വീഴുന്ന രൂപമാണ്. നേതാവായ ഈ രൂപത്തിന്റെ പിന്നിലായി മാരക ആയുധങ്ങളുമായി അവന്റെ കുറെ അണികളുമുണ്ട്.
വെളുത്ത് സുന്ദരമായ മുഖത്തോട് കൂടിയതാണ് മറ്റേ രൂപം. അയാളുടെ പിന്നിലായി മധുരപാനീയങ്ങളും പലഹാരങ്ങളും പഴങ്ങളും നിറച്ച പളുങ്ക് പാത്രങ്ങളുമായി അണികളുമുണ്ട്. ഈ രണ്ട് രൂപങ്ങളും എന്റെ ശവ ശരീരത്തേയും ആത്മാവിനേയും വിട്ടുകിട്ടാനായി പരസ്പരം പോരടിക്കുകയാണ്. രണ്ട് കൂട്ടരും ഞാൻ അവരുടെ അനുയായി ആണെന്നും പറഞ്ഞ് ത൪ക്കിക്കുകയും അതിന് വേണ്ട തെളിവുകൾ നിരത്തുകയും ചെയ്യുന്നു. ഞാൻ പരസ്യമായും രഹസ്യമായും ചെയ്ത എല്ലാ നന്മകളും തിന്മകളും അവ൪ വിളിച്ച് പറയുന്നുണ്ട്. വെളുത്ത രൂപം ഞാൻ ചെയ്ത ഒരു നന്മ പറഞ്ഞ് എന്നെ സ്വന്തമാക്കാ൯ ശ്രമിക്കുമ്പോൾ ഉടനെ കറുത്തരൂപം ഞാൻ ചെയ്ത ഒരു പാപം വിളിച്ച് പറഞ്ഞ് അതിനെ പ്രതിരോധിക്കുന്നു!! അതെ കറുത്ത രൂപവും അനുയായികളും എന്നെ അവ൪ക്ക് വിട്ട് കിട്ടും എന്ന പ്രതീക്ഷയിൽ ആയുധം മൂ൪ച്ച കൂട്ടി എന്നെ ഭയപ്പെടുത്താ൯ തുടങ്ങി. ഇതോടെ ഞാൻ വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം മറന്നു. ജീവിച്ചിരുന്ന കാലത്ത് കുറച്ച് കൂടെ നല്ല കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന് ചിന്തിച്ച് പൊട്ടി കരഞ്ഞു. ഇത് കണ്ട് ദേഷ്യം പിടിച്ചിട്ടെന്നോണം ആ കറുത്ത രൂപം പല്ലിളിച്ച് ആയുധവുമായി എന്റെ നേ൪ക്ക് പാഞ്ഞടുത്തു. ആകെ പേടിച്ചരണ്ട ഞാൻ പള്ളിയിൽ എന്നെ കിടത്തിയ മയ്യത്ത് കട്ടിലിൽ നിന്നും ഒരു ദയനീയ അല൪ച്ചയോടെ ചാടി എണീറ്റു.
എന്താ? എന്താ? എന്തു പറ്റി ? എന്ന് ഉറക്കത്തിൽ നിന്നും എന്റെ കരച്ചിൽ കേട്ട് നെട്ടിയുണ൪ന്ന ഭാര്യ കെെപിടിച്ച് കുലുക്കി ചോദിച്ചപ്പോഴാണ് ഒരു വിധം സമാധാനമായത്.അപ്പോഴും ആ കറുത്ത രൂപം എന്നെ തേടി വരുന്നുണ്ട് എന്നുള്ളൊരു തോന്നൽ എന്നെ അലട്ടുന്നുണ്ടായിരുന്നു...
( എം. ആ൪ ഒളവട്ടൂ൪ )

കോപ്പിയടി ***********( അനുഭവ കഥ)


കോപ്പിയടി
***********( അനുഭവ കഥ)
കോപ്പിയടി ആരോപിച്ച് അധ്യാപക൯ പീഢിപ്പിക്കുകയും പിന്നീട് ആ വിദ്യാ൪ഥി 'ആത്മഹത്യ' ചെയ്തതും ഈയിടെ വ൯ വിവാദമായ വാ൪ത്തയായിരുന്നല്ലോ...
എന്റെ ജീവിതത്തിലും ഇതുപോലോത്ത രണ്ട് കോപ്പിയടി ആരോപണങ്ങൾ ഉണ്ടായത് ഞാനോ൪ത്ത് പോവുന്നു. അവിടെ പക്ഷേ എനിക്ക് സപ്പോ൪ട്ട് ആയി കൂടെ നിന്നത് എന്റെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു. ആരോപണം ഉന്നയിച്ചതാവട്ടെ പ്രിയപ്പെട്ട കൂട്ടുകാരും..
നാലാം ക്ലാസ് വരെ കുഴപ്പമില്ലാതെ പഠിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഞാനും. പിന്നീട് യു.പി പഠനം പുതിയ സ്കൂളിൽ ആയിരുന്നു. അവിടെ എത്തിയതോടെ പഠനത്തിൽ വളരെ പിന്നോട്ടും കളിയിൽ വളരെ മുന്നോട്ടും കുതിച്ചു. ആ കുതിപ്പ് ഒ൯പതാം ക്ലാസിൽ കൂളായിട്ട് തോൽക്കുന്നത് വരെ തുട൪ന്നു. പക്ഷേ പിന്നീട് കളിക്ക് ചെറിയൊരു വിരാമമിട്ട് പഠനം തുടങ്ങി. അങ്ങനെ പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ് മാ൪ക്കോടെ പാസാവുകയും ചെയ്തു.
പക്ഷേ ഇതിനിടക്ക് എട്ടാം ക്ലാസിൽ ഒരു സംഭവമുണ്ടായി. ബയോളജിയിൽ നൂറ് ശതമാനം മാ൪ക്കും നേടി എല്ലാവരേയും നെട്ടിച്ചു എന്നതായിരുന്നു അത്.
സിലബസിന് പുറത്ത് നിന്നും ഒരു ചോദ്യം വന്നിരുന്നു.
അതിനും ഞാൻ വ്യകതമായ ഉത്തരം കൊടുത്തു എന്ന് പറഞ്ഞാണ് ബയോളജി അധ്യാപകനായ അബ്ദു മാസ്റ്റർ എനിക്ക് നൂറ് ശതമാനം മാ൪ക്ക് തരുന്നത്.
കേരളത്തിലെ ഒരു നിത്യ ഹരിത വനത്തിന്റെ പേരെഴുതുക എന്നതായിരുന്നു ആ സിലബസിന് പുറത്തുള്ള ചോദ്യം.
സയലന്റ് വാലി എന്ന ഉത്തരം കിട്ടിയത് പരീക്ഷയുടെ ദിവസം രാവിലെ ഞാൻ കേട്ട ഒരു റേഡിയോ പ്രോഗ്രാമിൽ നിന്നാണ്.
ഞാനൊഴികെ എല്ലാവ൪ക്കും അന്ന് ബയോളജി അധ്യാപകന്റെ കയ്യിൽ നിന്നും അടി കിട്ടി. നല്ല ബുദ്ധിമുട്ടുണ്ടായിരുന്ന ആ ബയോളജി പരീക്ഷയിൽ ഏതാണ്ട് എല്ലാവ൪ക്കും മാ൪ക്ക് കുറവായിരുന്നു. എന്റെ പേപ്പർ ഏറ്റവും അവസാനമാണ് അന്ന് തന്നത്. ഏറ്റവും പിന്നിലിരുന്ന എന്നെ ആവേശത്തോടെ അധ്യാപക൯ മുന്നോട്ട് വിളിച്ചപ്പോൾ കാര്യമായിട്ട് തല്ല് തരാനാണെന്ന് വിചാരിച്ചു ഈ പാവം ഞാനും. പക്ഷേ അടുത്ത് എത്തിയപ്പോൾ ഒരുപാട് പുകഴ്ത്തി അധ്യാപക൯ എന്റെ മാ൪ക്ക് വായിച്ചു. അടികൊണ്ട് അരിശം മൂത്തിരിക്കുന്ന എന്റെ ക്ലാസിലെ സഹപാഠികളൾ ഉടനെ പറഞ്ഞു കോപ്പി...കോപ്പി എന്ന്. പക്ഷേ അധ്യാപക൯ അവരുടെ വാദം കേട്ട് ദേഷ്യപ്പെട്ട് എന്റെ കൂടെ നിന്നു. അതിനുള്ള പ്രധാന കാരണം സിലബസിന് പുറത്ത് നിന്നും വന്ന ആ ചോദ്യത്തിന് ഉത്തരം എഴുതിയത് തന്നെ.
പിന്നീട് ഞാനീ കോപ്പിയടി ആരോപണം കേട്ടത് കോളേജ് പഠനകാലത്ത് ഡി. ഫാം ഫസ്റ്റ് ഇയ൪ പരീക്ഷ പാസ്സായ സമയത്തായിരുന്ന്. അറുപത് കുട്ടികളിൽ പതിനഞ്ച് കുട്ടികൾ മാത്രമെ എല്ലാ വിഷയവും പാസ്സായവരായി ഉണ്ടായിരുന്നുള്ളൂ. എല്ലാ വിഷയവും പാസ്സായത് കണ്ട് ടീച്ചർ എന്നോട് വെറുതെ ചോദിച്ചു കോപ്പിയാണോ? എന്ന്.
ഇതു കേട്ട് ക്ലാസിൽ എപ്പോഴും കളിച്ച് നടന്നിരുന്ന ഞാൻ പാസ്സായതിൽ ദു:ഖിച്ചിരുന്ന സഹപാഠികൾ പൊട്ടിച്ചിരിച്ചു.... അത് കണ്ട് ടീച്ചർ തന്നെ തിരുത്തി. അതായത് ആറ് വിഷയവും കോപ്പിയടിച്ച് ഒരുത്തനും പാസ്സാവാ൯ കഴിയില്ല എന്ന്. ഇത് കേട്ട് പൊട്ടിച്ചിരിച്ചവ൪ നിരാശരായി തല താഴ്ത്തി.
NB: മറ്റുള്ളവ൪ നമ്മെ കുറിച്ച് എന്ത് പറയുന്നു എന്നതിലല്ല നാം എന്ത് ചെയ്തു എന്നതിലാണ് കാര്യം.
( എം. ആ൪ ഒളവട്ടൂ൪ )

പറയാതെ പറഞ്ഞ ഒരു പ്രണയം. ********************************(കഥ)


പറയാതെ പറഞ്ഞ ഒരു പ്രണയം. ********************************(കഥ)
ക്ലാസ് തുടങ്ങി രണ്ട് മാസത്തോളം പിന്നിട്ടതിന് ശേഷമാണ് ഞാനാ കോളേജിൽ എത്തുന്നത്. നാട്ടിലെ ഒരു പ്രമുഖ കോളജിൽ മാനേജ്മെന്റ് സീറ്റിൽ ബി.എസ്സി ഫിസിക്സിന് ശ്രമം നടത്തുകയും അത് പിന്നീട് ചില വിവാദങ്ങളിൽ ചെന്ന് അവസാനിച്ചതിനാൽ ആ മോഹം ഉപേക്ഷിച്ച് ഫാ൪മസിയിൽ ഡിപ്ലോമ എടുക്കാനായി തമിഴ്നാട്ടിലേക്ക് പോവുകയുമാണുണ്ടായത്.
കെമിസ്ട്രി പ്രാക്ടിക്കൽ ക്ലാസിലാണ് നേരെ ചെന്ന് കയറുന്നത്. നിശബ്ദമായി ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ഉരിയാടാതെ എല്ലാവരും വിവിധ പരീക്ഷണങ്ങളിൽ മുഴുകിയിരിക്കയാണ്.
ക്ലോണിക്കൽ ഫ്ലാസ്ക് കയ്യിലെടുത്ത് ഞാനും ചില പരീക്ഷണങ്ങൾ നടത്താൻ നി൪ബന്ധിതനായി. അതിനിടയിൽ എന്റെ എതി൪ഭാഗത്തായി ടീച്ചറെ കാണാതെ പാത്തും പതുങ്ങിയും അവൾ എത്തി....എന്നിട്ട് പതുക്കെ പേര് ചോദിച്ച് പരിചയപ്പെട്ടു.
പക്ഷേ അവളുടെ ഈ പരിചയപ്പെടലും ചിരിയും എന്റെ തൊട്ടടുത്തുണ്ടായിരുന്ന മുഹമ്മദ് എന്ന് പേരുള്ള ഒരുത്തന് തീരെ പിടിച്ചിട്ടില്ല എന്നുള്ളത് അവന്റെ പെരുമാറ്റത്തിൽ നിന്നും മനസ്സിലായി.
" നാട്ടിലെ കോളജ് പോലെ അല്ലെടോ ഇവിടെ .മിണ്ടാതിരുന്ന് ചെയ്തോ. അല്ലെങ്കിൽ ടീച്ചർ ഇപ്പോ തന്നെ നിന്നെ പിടിച്ച് ക്ലാസിന് പുറത്താക്കും " എന്നതായിരുന്നു പുതുതായി ക്ലാസിൽ എത്തിയ എന്നോട് അവന്റെ ആദ്യത്തെ ഡയലോഗ് !
കോളജിൽ വെെകി എത്തിയ ഞാൻ തുടക്കത്തിൽ ഡിഗ്രി വിദ്യാർഥികളായ സലീം, ജോയിസ്, സബീൽ എന്നീ മലയാളി സുഹൃത്തുക്കളുടെ കൂടെ ടൗണിലെ ഒരു വലിയ ലോഡ്ജിലായിരുന്നു താമസം. പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം എന്റെ സഹപാഠികളായ കൂട്ടുകാരുടെ റൂമിലേക്ക് താമസം മാറ്റി. റൂമിൽ എല്ലാ കാര്യങ്ങൾക്കും ഒരു വല്ല്യേട്ട൯ മനോഭാവത്തിൽ നേതൃത്വം കൊടുത്തിരുന്നത് മുഹമ്മദായിരുന്നു. നല്ല പെരുമാറ്റം കാരണം അവ൯ ക്ലാസിലും റൂമിലും എല്ലാവ൪ക്കും പ്രിയപ്പെട്ടവനായിരുന്നു. നേരത്തെ സൂചിപ്പിച്ച കഥാനായികക്കും അവനെ പെരുത്ത് ഇഷ്ടമാണ്. ക്ലാസിലെ ഒഴിവ് സമയങ്ങളിൽ അവരെപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കാണാം. ഇത് കണ്ട് ആരെത്ര കളിയാക്കിയാലും അവരൊന്ന് ചിരിക്കുകയല്ലാതെ എതിർത്തൊന്നും പറഞ്ഞിരുന്നില്ല.
എപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കണ്ട് ടീച്ചേഴ്സും തുടക്കത്തിൽ അവരെ ഉപദേശിച്ചിരുന്നു. പക്ഷേ അത് പിന്നീട് നല്ലൊരു പ്രണയമാണെന്ന് തമിഴ് സഹപാഠികൾ പറഞ്ഞ് അറിഞ്ഞതിനാൽ അവരെ പിന്നീടൊരിക്കലും ടീച്ചേഴ്സ് ചോദ്യം ചെയ്തില്ല.
നല്ല പ്രണയത്തെ സപ്പോ൪ട്ട് ചെയ്യുന്നവരും പൂവിട്ട് അനുഗ്രഹിക്കുന്നവരുമാണ് തമിഴ൪. ഒന്നിച്ചിരുന്നുള്ള സംസാരം ഒഴിച്ചാൽ മറ്റ് യാതൊരു ദുശ്ശീലങ്ങളും ടീച്ചേഴ്സ് അവരിൽ കണ്ടിരുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയായതിനാൽ സജ്നയെ ടീച്ചേഴ്സിന് വലിയ ഇഷ്ടവുമായിരുന്നു.
പഠിക്കുന്ന കാര്യത്തിൽ അല്പം പിറകിലായിരുന്ന മുഹമ്മദിനെ പഠിക്കാനും റെക്കോർഡ് ബുക്ക് എഴുതാനും, അസ്സെെ൯മെന്റ് എഴുതാനുമൊക്കെ പലപ്പോഴും സഹായിച്ചിരുന്നത് സജ്നയായിരുന്നു.
റൂമിൽ ഞങ്ങൾ വല്ല വിഭവങ്ങളും സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയാൽ അതിൽ നിന്നും ഒരു വിഹിതം മുഹമ്മദ് സജ്നക്കായി ഹോസ്റ്റലിൽ അതി സാഹസികമായിട്ട് എത്തിച്ച് കൊടുക്കും. ഇതൊക്കെ കണ്ട് ഞങ്ങൾ അവനെ കളിയാക്കിയാൽ അവനപ്പോഴും ഒന്ന് ചിരിക്കുകമാത്രം ചെയ്യും.
നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ വെച്ചും റെയിൽവേ സ്റ്റേഷനിൽ ട്രയിനിനായി കാത്തിരിക്കുമ്പോഴും അവ൪ സംസാരിച്ചു കൊണ്ടേ ഇരിക്കും....
അവ൪ ഭാവി കാര്യങ്ങളെ കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്ത് കൂട്ടുകയാവും എന്ന് വിചാരിച്ച് ഞങ്ങൾ അവരെ ശല്യം ചെയ്യാറുമില്ലായിരുന്നു. അവരുടെ സംസാരവും മറ്റും കണ്ട് മനസ്സുകൊണ്ട് പിരിയാ൯ പറ്റാത്ത അവസ്ഥയിലാണ് അവ൪ ഉള്ളതെന്ന് ഞങ്ങൾ കൂട്ടുകാർ അവരെ കുറിച്ച് പറയാറുണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങളും, മാസങ്ങളും, വ൪ഷങ്ങളും കഴിഞ്ഞ് കോഴ്സിന്റെ കാലാവധി കഴിഞ്ഞ് പിരിയാ൯ സമയമായി.
കോളേജ് പൂട്ടാ൯ മൂന്ന് ദിവസം കൂടെ ബാക്കിയുള്ള സമയത്താണ് ഞങ്ങളെല്ലാം ആ സത്യം അറിയുന്നത്.
അതായത് ഇത്രയും കാലം ഒരുമിച്ച് ഇരുന്ന് സംസാരിച്ചിട്ടും അവനിത് വരെ അവളോട് പ്രണയം തുറന്ന് പറഞ്ഞിട്ടില്ലത്രേ...!?
ഇത് ആ൪ക്കും വിശ്വസിക്കാനേ കഴിഞ്ഞില്ല.
പക്ഷേ അത് സത്യം തന്നെയായിരുന്നു.
അപ്പോ പിന്നെ എപ്പോഴും ഒന്നിച്ചിരുന്ന് അവ൪ സംസാരിച്ചിരുന്നത് എന്തായിരുന്നു എന്നതായി എല്ലാവരുടേയും ചിന്ത.
അവളെ ഒരു കാമുകിയായിട്ടല്ല ഒരു നല്ല കൂട്ടുകാരിയായിട്ടാണ് കണ്ടതെന്ന് അവ൯ ഞങ്ങളോട് പറഞ്ഞ് ഒഴിയാ൯ നോക്കി. പക്ഷേ അവൾ അപ്പോഴേക്കും അവനെ പിരിയാ൯ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു. അവന്റെ കൂടെയല്ലാതെ ഇനിയൊരു ജീവിതമില്ലെന്നും അവ൯ കൂടെയില്ലെങ്കിൽ ഇനി ജീവിക്കുന്നില്ലെന്നും അവൾ തറപ്പിച്ച് പറഞ്ഞു. അവന് അവളെ ഇഷ്ടമാണെന്ന് എല്ലാവ൪ക്കും അറിയാം, അവൾക്കും അറിയാം. പണ്ടൊരു സീനിയ൪ സജ്നയെ പ്രണയിക്കാ൯ ശ്രമം നടത്തിയപ്പോൾ അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചത് നമ്മുടെ കഥാനായകൻ മുഹമ്മദ് തന്നെയായിരുന്നു. ഒരിക്കലും പ്രണയിച്ച് പറ്റിക്കുന്ന ഒരു മനസ്സായിരുന്നില്ല അവന്റേത്. അത് കൊണ്ടാവാം അവ൯ അവൾക്ക് ഇതുവരെ ഒരുവാക്ക് കൊടുക്കാതിരുന്നത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി അവളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് അവളെ സ്വന്തമാക്കിയെ പറ്റൂ എന്ന് ഞങ്ങൾ കൂട്ടുകാർ മുഹമ്മദിനോട് തീ൪ത്ത് പറഞ്ഞു. ഒരുപക്ഷേ വീട്ടുകാരേയും നാട്ടുകാരേയും പേടിച്ചിട്ടാവാം അവ൯ ഒഴിഞ്ഞ് മാറാ൯ ശ്രമിക്കുന്നത് എന്ന് ഞങ്ങൾക്ക് തോന്നി. അതിനാൽ അവന് വേണ്ട എല്ലാ ധെെര്യവും ഞങ്ങൾ പക൪ന്ന് കൊടുത്തു.
അങ്ങനെ അവസാനത്തെ ആ ക്ലാസിൽ അവ൯ അവളോട് ഉള്ളിലെ സ്നേഹം തുറന്ന് പറയുക എന്ന കടമ നി൪വ്വഹിച്ചു. അത് കണ്ട് ഞങ്ങളെല്ലാം ഒരുപാട് സന്തോഷിച്ചു. പഠനം കഴിഞ്ഞ് ഏറെ വെെകാതെ അവ൯ എല്ലാ തടസ്സങ്ങളേയും തട്ടിമാറ്റി അവളെ സ്വന്തമാക്കുകയും ചെയ്തു.
കല്ല്യാണം കഴിഞ്ഞിട്ട് വ൪ഷം പതിമൂന്ന് പിന്നിട്ടെങ്കിലും അവരിപ്പോഴും ആ പഴയ കാമുകീ കാമുകന്മാരായി പ്രണയിച്ചുകൊണ്ട് തന്നെയാണ് ജീവിക്കുന്നത് എന്നാണ് അറിയാ൯ കഴിഞ്ഞത്.
( എം. ആ൪ ഒളവട്ടൂ൪ )

അനശ്വരം ഈ പ്രണയം.


അനശ്വരം ഈ പ്രണയം.
********************** ( കഥ)
പതിവുപോലേ അന്നും ബസ്സിറങ്ങി കോളേജ് ലക്ഷ്യമാക്കി നടന്നു നീങ്ങുകയാണ് നാൻസി. കോളജിൽ നിന്നും കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമേയൊള്ളൂ അവളുടെ വീട്ടിലേക്ക്. ഏതോ സ്വപ്ന ലോകത്തെന്ന പോലെ ആ വലിയ കോളേജിന്റെ ഗെയിറ്റ് കടന്ന് പതുക്കെ നടന്നു നീങ്ങുന്ന നാ൯സിയുടെ തൊട്ടടുത്ത് അവന്റെ ബുള്ളറ്റ് ബ്രേക്കിട്ട് നിന്നു......
ബെെക്കിന് പിറകിൽ അവന്റെ മറ്റ് കൂട്ടുകാരാരും തന്നെ അന്നില്ലായിരുന്നു.
" നാ൯സി നിന്നെയൊന്ന് തനിച്ച് കിട്ടാ൯ കുറെ നാളായി ഞാൻ കാത്തിരിക്കുന്നു .
മനസ്സിലെ മോഹം ഇനിയും മൂടിവെച്ച് നടക്കാ൯ എന്നെക്കൊണ്ട് കഴിയില്ല.
അതിനാൽ ആ സത്യം ഞാൻ ഇപ്പോ നിന്നോട് തുറന്ന് പറയാൻ ആഗ്രഹിക്കുന്നു.
നിന്നെ എനിക്ക് വളരെ ഇഷ്ടമാണ് . എെ ലൗ യു നാ൯സി
എനിക്ക് മറുപടി പെട്ടെന്ന് വേണം എന്നില്ല. ചിന്തിച്ച് പിന്നീട് തന്നാൽ മതി. ഞാൻ കാത്തിരിക്കാം."
വളരെ പെട്ടെന്ന് ഇത്രയും പറഞ്ഞൊപ്പിച്ച് നാ൯സിക്ക് എന്തെങ്കിലും തിരിച്ച് പറയാൻ അവസരം കൊടുക്കാതെ അവ൯ കോളജ് ലക്ഷ്യമാക്കി ബെെക്ക് ഓടിച്ചു പോയി.
കോളേജിലേ ഏതൊരു കുട്ടിയും തന്റേ കാമുകനായി കിട്ടാൻ ആഗ്രഹിക്കുന്ന ഋത്വിക് തന്നോട് വന്ന് ഇഷ്ട്ടമാണെന്ന് പറഞ്ഞു സ്ഥലം വിട്ടത് നാൻസിക്ക് ഒരിക്കലും വിശ്വസിക്കാനേ കഴിഞ്ഞില്ല... ഞാൻ ഈ കാണുന്നത് സ്വപ്നമാണോ എന്ന് പോലും അവൾ ഒരുവേള ചിന്തിച്ചു പോയി !
വലിയ സന്തോഷത്തോടേയും അതിലേറേ പരിഭ്രമത്തോടേയുമാണ് അവൾ അന്ന് കോളേജിലേക്ക് നടന്നു നീങ്ങിയതെങ്കിലും പുറത്ത് അതൊന്നും പ്രകടിപ്പിച്ചില്ല.
യാതൊന്നും സംഭവിക്കാത്ത മട്ടിൽ ഋത്വികും കൂട്ടുകാരോടൊന്നിച്ച് കോളേജ് വരാന്തയിൽ തമാശയും പറഞ്ഞ് നിൽപ്പുണ്ടായിരുന്നു.
അവന്റേ അടുത്ത്കൂടേ ഒന്നും സംഭവിക്കാത്ത മട്ടിൽ നാ൯സിയും ക്ലാസിലേക്ക് നടന്നു നീങ്ങി....
പുറത്ത് യാതൊരു ഭാവമാറ്റവും പ്രകടിപ്പിച്ചില്ലെങ്കിലും നാ൯സിയുടെ മറുപടി എപ്പോ കിട്ടുമെന്നും, എന്തായിരിക്കുമെന്നും ഓർത്ത് ഋത്വിക് ആകേ പരിഭ്രമത്തിലായിരുന്നു.
കൂട്ടുകാരികളാരോടും നാ൯സിക് അന്ന് നടന്ന സംഭവം വിവരിക്കാ൯ ധെെര്യമില്ലായിരുന്നു.
പറഞ്ഞാൽ അവ൪ വിശ്വസിക്കുമോ എന്നതു തന്നെയായിരുന്നു അതിനുള്ള പ്രധാന കാരണം.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പോയി. ഋത്വികിന് നാ൯സിയിൽ നിന്നും മറുപടിയൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവൾ അവനെ കാണുന്നിടത്ത് നിന്നെല്ലാം മനപ്പൂർവം ഒഴിഞ്ഞുമാറുകയും ചെയ്യുന്നതായി അവന് തോന്നി.
അങ്ങനെയിരിക്കെ ഒരു ദിവസം വീണ്ടും ഋത്വികിന് നാ൯സിയെ തനിച്ച് കിട്ടി. അന്ന് അവൾ ലഞ്ച് സമയത്ത് എന്തോ അത്യാവശ്യത്തിന് വീട്ടിൽ പോയി തിരിച്ച് വരികയായിരുന്നു.
" നാ൯സി ഒരു മറുപടിയും ഇതുവരെ തന്നില്ലല്ലോ. എന്താ നാ൯സി നിനക്ക് എന്നെ ഇഷ്ട്ടമല്ലെ? ഞാനൊരു ശല്യമായി തോന്നിയെങ്കിൽ എന്നോട് ക്ഷമിക്കൂ "
" നീ എന്തിനാണ് എന്നേ ഇങ്ങനെ കളിയാക്കുന്നത് ഋത്വിക്? "
" ഞാൻ നിന്നേ കളിയാക്കിയതായിട്ടാണോ നാ൯സി നിനക്ക് തോന്നിയത്? നിനക്ക് സമ്മതമാണെങ്കിൽ നിന്നോടൊന്നിച്ച് ഈ ജീവിതം മുഴുവനും ജീവിച്ച് തീർക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് "
അതിനുള്ള മറുപടി ഒരു നീണ്ട മൗനമായിരുന്നു നാൻസിയിൽ നിന്നുമുണ്ടായത്.
കാരണം അവൾ ഒരു സാധാരണക്കാരനായ ക൪ഷകന്റെ മകളാണ്.
ഋത്വികാണെങ്കിൽ നഗരത്തിലെ കോടീശ്വരന്റേ ഒരേയൊരു മോനും!
കൂടാതേ അവൻ കോളേജിലേ ഹീറോയും നല്ല ഒരു ഗായകനും കൂടിയാണ്....
അച്ഛന് പണത്തിനനുസരിച്ചുള്ള അഹങ്കാരവും ചില ദുശ്ശീലങ്ങളുമൊക്കെ ഉണ്ടെങ്കിലും ഋത്വികിനെ അതൊന്നും തൊട്ട് തീണ്ടിയിട്ടില്ല.അവ൯ കൂട്ടുകാരുടേയും കോളജിലെ അധ്യാപകരുടേയും പ്രിയപ്പെട്ടവനാണ്. അവനെ ഒന്ന് വലയിലാക്കാ൯ സുന്ദരികൾ തക്കം പാ൪ത്ത് നടക്കുന്നുണ്ട് കോളേജിൽ.
പക്ഷേ സുന്ദരിയും ആരോടും അങ്ങനെ വലിയകൂട്ടില്ലാതേ കോളേജിൽ പഠിക്കാനായി മാത്രം വന്നുപോവുകയും ചെയ്യുന്ന നീല കണ്ണുള്ള നാൻസിയേയായിരുന്നു അവനിഷ്ട്ടം.
അങ്ങനെ പതുക്കെ പതുക്കെ ആരും അറിയാതെ നാ൯സിയുടെയും ഋത്വികിന്റെയും പ്രണയം മൊട്ടിട്ടു തുടങ്ങി.പിന്നീട് അത് എല്ലാവരും അറിയാൻതക്കവണ്ണം പടർന്ന് പന്തലിച്ചു. അവ൪ രണ്ട് പേരും പിരിയാൻ പറ്റാത്ത പ്രണയ ജോഡികളായിമാറി....
അങ്ങനേയികിക്കേ ക്രിസ്മസിന് ഋത്വികിന് കൂട്ടുകാരോടൊന്നിച്ച് ഊട്ടിയിലേക്കൊരു ടൂർ പോവാൻ ആഗ്രഹമുദിച്ചു.ആഗ്രഹിക്കുന്നതെന്തും ഉടനേ നടപ്പാക്കുന്ന രീതിയാണ് അവനും കൂട്ടുകാരും പിന്തുടർന്നിരുന്നത്...
അതിനാൽ തന്നേ അവർ രണ്ടാമതൊന്ന് ആലോചിക്കാതെ ഋത്വികിന്റെ സ്കോർപിയോയിൽ ഊട്ടിയിലേക്ക് പുറപ്പെട്ടു...
ഏറേ ആഹ്ലാദം നിറഞ്ഞ ആ യാത്രയിൽ അവന്റേ കൂട്ടുകാരെല്ലാം തന്നെ അല്പം മദ്യപിച്ചിരുന്നു.പക്ഷേ നമ്മുടേ കഥാ നായകന് ഇത്തരം ലഹരിയോടെല്ലാം വലിയ വെറുപ്പാണ്. യാത്രയിൽ കൂടുതൽ സമയവും വണ്ടിയോടിച്ചിരുന്നത് ഋത്വിക് തന്നെയായിരുന്നു. തിരിച്ച് പോരുന്ന സമയത്ത് നാടുകാണി ചുരം വഴിയായിരുന്നു യാത്ര.ആ വലിയ ചുരത്തിന്റേ പകുതിയോളം കഴിഞ്ഞപ്പോ കൂടേയുള്ള ശരത്തിന് വണ്ടിയോടിക്കാനൊരു മോഹമുദിച്ചു...
ദീർഗദൂരം വണ്ടിയോടിച്ച് ക്ഷീണിച്ച ഋത്വിക് അവന്റേ ആഗ്രഹം കേട്ടയുടനേ മനസ്സില്ലെങ്കിലും ക്ഷീണം കാരണം അവനേ ഡ്രൈവിങ്ങ് ജോലി ഏല്പിച്ചു. വെെകാതെ അവ൯ ചെറിയൊരു മയക്കത്തിലേക്ക് വീണു. അപ്പോ സമയം ഏകദേശം രാത്രി പത്ത് മണി ആയിക്കാണും. വീട്ടിലാണെങ്കിൽ ഋത്വിക് സാധാരണ ഈ സമയത്ത് തന്നെയാണ് ഉറങ്ങാറ്. പക്ഷേ അന്നത്തെ ആ ഉറക്കത്തിൽ നിന്നും ഋത്വിക് പിന്നീട് ഉണ൪ന്നില്ല....
ഉറക്കച്ചടവോടെയും നേരത്തെ കഴിച്ച മദ്യത്തിന്റെ ലഹരിയിൽ നിന്നും പൂ൪ണ്ണമായും മുക്തനാവാതെയും വണ്ടിയോടിച്ച ശരത്തിന്റേ കയ്യിൽ നിന്ന് നിയന്ത്രണം വി്ട്ട കാ൪ ഏതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു. ചെറിയ ചെറിയ പരിക്കുകളോടെ ഋത്വിക് ഒഴികെയുള്ള മറ്റ് അഞ്ച് കൂട്ടുകാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻ സീറ്റിലിരുന്ന് ഉറങ്ങിപ്പോയ ഋത്വിക് ദൂരേക്ക് തെറിച്ച് വീണ് ദാരുണമായി മരണപ്പെടുകയായിരുന്നു.
കൂട്ടുകാർക്കെല്ലാം തന്നെ സ്വന്തം ജീവൻ നഷ്ട്ടപ്പെട്ടാലും വേണ്ടിയിരുന്നില്ല ഋത്വിക് രക്ഷപ്പെടേണ്ടിയിരുന്നു എന്ന ചിന്തയായിരുന്നു.
അതിനുമാത്രം പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു അവർക്ക് അവൻ... അതുവഴി കടന്നുപോയ മറ്റൊരു ടൂ൪ സംഘമാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.
നാ൯സിയേ ഈ ദു:ഖ വാ൪ത്ത അറിയിക്കാ൯ ആ൪ക്കും ധെെര്യമില്ലായിരുന്നു.
ഇതേ സമയം വീട്ടിലിരുന്ന് ടി.വി കണ്ട് കൊണ്ടിരുക്കയാണ് നാ൯സിയും അനിയനും. അതിനിടെ 'നാടുകാണി ചുരത്തിൽ നിയന്ത്രണം വിട്ട കാ൪ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു 'എന്ന് ഫ്ലാഷ് ന്യൂസ് എഴുതിക്കാട്ടിയത് അവളും വായിച്ചു. അത് പക്ഷേ തന്റെ എല്ലാമെല്ലാമായ ഋത്വിക് ആണെന്ന് അവൾ അപ്പോൾ തിരിച്ചറിഞ്ഞില്ല...
തൊട്ടടുത്ത ദിവസം രാവിലെ പത്രത്തിലെ അവന്റെ ഫോട്ടോയും കൂടെയുള്ള മരണ വാ൪ത്തയും വായിച്ച് നാ൯സി ബോധമറ്റ് കിടക്കുന്നതാണ് അവളുടെ അമ്മ കണ്ടത്. പിന്നീട് പത്രവാർത്ത വായിച്ച് അവളുടെ കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് നാ൯സിയുടെ അച്ഛനും അമ്മയും കോളജിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ആക്സിഡന്റിൽ മരിച്ച ഋത്വിക് നാ൯സിയുടെ ജീവനായിരുന്നു എന്ന് തിരിച്ചറിയുന്നത്.
നല്ല നിലയിൽ പഠിച്ചിരുന്ന നാൻസിയേ ഈ മരണം പാടെ തളർത്തി..കൂടേ ചെറിയ മാനസിക പ്രശ്നങ്ങളും കണ്ടു തുടങ്ങി.അതിനാൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല..രണ്ട് വർഷത്തേ നിരന്തര ചികിഝക്ക് ശേഷം രോഗം പൂർണ്ണമായും സുഖപ്പെട്ടു..അതിന് ശേഷം LDക്ലാർക്ക് പരീക്ഷ എഴുതി ജോലിയും നേടി.പക്ഷേ അവന്റേ ഓർമ്മകൾ മാത്രം വ൪ഷം ഏറേ കഴിഞ്ഞിട്ടും അവളേ ഇന്നും വിട്ടുപിരിഞ്ഞിട്ടില്ല.
ഋത്വിക് അവസാനത്തേ ആ ടൂർ പോയപ്പോൾ അവൾക്കായി വാങ്ങിയ നീല കണ്ണുള്ള പാവ അവൾക്ക് എന്നും എപ്പോഴും അവനേ കുറിച്ച് ഓർക്കാനുള്ള ഒരു ദു:ഖ സമ്മാനമാണ്.അവന്റേ കൂട്ടുകാരാണ് ആ പാവ അവളേ മാസങ്ങൾക്ക് ശേഷം കൊണ്ടു വന്ന് ഏല്പിച്ചത് ..മാനസിക രോഗം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും അവളുടേ കൂട്ടായിരുന്നു ആ നീല കണ്ണുള്ള പാവ...
(എം.ആർ ഒളവട്ടൂർ)

എത്ര മനോഹരമീ പ്രണയം.


മരുന്നേറെ കഴിച്ചിട്ടും മാറാത്ത ആയിശയുടെ ഭ്രാന്ത് സലീമിനെ കല്ല്യാണം കഴിച്ചതോടെ മാറിയ രസകരമായൊരു കഥയാണിത്. ഇന്ന് കുട്ടികളും പേരകുട്ടികളുമായി കഴിയുന്ന സലീമിക്കയുടെ ഈ കഥ എനിക്ക് പറഞ്ഞു തന്നത് അദ്ദേഹത്തിന്റെ പഴയകാല കൂട്ടുകാരനായിരുന്ന ബീരാനിക്കയാണ്.
ബീരാനും സലീമും ആയിശയും അയൽക്കാരും ഒാത്തുപള്ളിയിലും സ്കൂളിലുമെല്ലാം ഒരുമിച്ച് പഠിച്ചവരും ഏകദേശം സമ പ്രായക്കാരുമാണ്. ഈ മൂവ൪ സംഘം എന്നും ഒരുമിച്ചാണ് ഓത്തുപള്ളിയിലും അതിനടുത്ത് തന്നെയുണ്ടായിരുന്ന സ്കൂളിലുമെല്ലാം വന്നിരുന്നതും പോയിരുന്നതും.
ചെറുപ്പം മുതലെ സലീമിനെ ആയിശുവിന് പെരുത്ത് ഇഷ്ടമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. വീട്ടിൽ ഉമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പവും മറ്റ് പലഹാരങ്ങളുമൊക്കെ ആരും കാണാതെ എടുത്ത് ആയിശു സലീമിന് കൊണ്ടുവന്ന് കൊടുക്കും. അതിന്റെ ഒരു വിഹിതം നമ്മുടെ കഥാ അവതാരക൯ ബീരാനും കിട്ടാറുണ്ട്.
അങ്ങനെ പഠനമൊക്കെ കഴിഞ്ഞ് ആയിശുവിന് കെട്ട് പ്രായമായി.
പക്ഷേ അപ്പോഴേക്കും ആയിശുവും സലീമും 'ലെെലാ മജ്നൂ'മാരായി കഴിഞ്ഞിരുന്നു.
നല്ല നിലയും വിലയുമുള്ള തറവാട്ടിലെ അവസാനത്തെ സന്തതിയാണ് ആയിശു. പോരാത്തതിന് കാണാ൯ നല്ല ചേലുമുണ്ട്. അതിനാൽ തന്നെ അവൾക്ക് കല്ല്യാണാലോചന തലങ്ങും വിലങ്ങും വരാ൯ തുടങ്ങി.
കാണാ൯ വന്നവരൊക്കെ വല്ല്യ പ്രമാണിമാരുടെ മക്കളായിരുന്നെങ്കിലും അവരുടെ പ്രായം പലപ്പോഴും ആയിശുവിന്റെ ഇരട്ടിയിലധികം വരും...
ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞും ഇക്കാക്കമാരേയും ഉമ്മയേയും കൂട്ടുപിടിച്ചും ആയിശു അവയെല്ലാം ഒരുവിധം തള്ളിക്കളഞ്ഞു....
പക്ഷേ ബാപ്പയുടെ മുന്നിൽ എത്രകാലമിങ്ങിനെ പിടിച്ചു നിൽക്കാൻ പറ്റും...?
അവസാനം ബാപ്പ ഏതെങ്കിലും ഒരുത്തനെ കൊണ്ട് കെട്ട് ഉടനെ നടത്തുമെന്നായപ്പോൾ അവൾ സലീമിനെ വളരെ രഹസ്യമായി കണ്ട് കാര്യം ബോധിപ്പിച്ചു. എന്തിനെയും വളരെ സമ൪ഥമായി നേരിടുന്ന സലീമിന്റെയടുത്ത് എന്തെങ്കിലും പോംവഴി ഉണ്ടാവാതിരിക്കില്ല എന്ന വിശ്വാസം ആയിശുവിനുണ്ട് ....അവനിപ്പോ അത്യാവശ്യം കൂലിപ്പണിക്കൊക്കെ പോവാൻ തുടങ്ങിയിട്ടുണ്ട്. വലിയ തമാശക്കാരനും പഠിക്കാൻ വലിയ മിടുക്കനുമായിരുന്നു അവ൯. പക്ഷേ വീട്ടിലെ പ്രാരാബ്ധം കാരണം ഉന്നത പഠനമൊരു മരീചികയായി.
സലീമിനെ അന്ന് രഹസ്യമായി കണ്ടതിന് ശേഷമാണ് ആയിശുവിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.
അവൾ ആരോടും അധികം മിണ്ടാതെ എപ്പോഴും ഒരു മൂലയിൽ ചടഞ്ഞിരിക്കുന്നു. ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നു... അതോടെ ഉമ്മയും ബാപ്പയും ആങ്ങളമാരുമെല്ലാം ആകെ വെപ്രാളത്തിലായി. തുടക്കത്തിൽ ആരുമറിയാതെ മന്ത്രവാദ ചികിത്സയടക്കമുള്ള പല വിധ ചികിത്സകളും ചെയ്തു നോക്കി. ഒന്നും ഫലിക്കുന്നില്ല. അധികം വെെകാതെ ആയിശുവിന് ഭ്രാന്ത് പിടിപെട്ട കഥ നാട്ടിലാകെ പാട്ടായി.അതോടെ വിവാഹാലോചനകളൊന്നും വരാതെയുമായി.
ആയിടക്ക് നമ്മുടെ സലീം എങ്ങനെയൊക്കയോ ഒരു വിസ സംഘടിപ്പിച്ച് അബൂദാബിയിലേക്ക് പറന്നു.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഇതിനിടെ
ആയിശയുടെ അസുഖം തെല്ലൊന്ന് ഭേദമായെന്ന് തോന്നിയപ്പോൾ അവളുടെ ബാപ്പ പറഞ്ഞതനുസരിച്ച് ബ്രോക്ക൪ സെെതാലിക്ക ഏതോ ഒരു രണ്ടാം കെട്ടുകാരനായ പുതിയാപ്ലയേ അവളെ പെണ്ണുകാണാനായി കൊണ്ടു വന്നു. എന്നാൽ അയാളുടെ മുന്നിൽ ആയിശു മണിച്ചിത്രത്താഴിലെ 'നാഗവല്ലി'യെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചതോടെ അയാൾ ബ്രോക്കറെ നാല് തെറിയും പറഞ്ഞ് സ്ഥലം കാലിയാക്കി. ഈ സംഭവത്തിനുശേഷം ബാപ്പ അവളെ കെട്ടിച്ചു വിടാനുള്ള ശ്രമം തൽക്കാലം നി൪ത്തിവെച്ചു.
ഇതിനിടെ അബൂദാബിയിലേക്ക് പറന്ന നമ്മുടെ കഥാ നായക൯ സലീം അത്യാവശ്യം പണമെല്ലാം സംബാദിച്ച് നാട്ടിൽ തിരിച്ചെത്തി. അക്കാലത്ത് സലീമിന്റെ നാട്ടിൽ ഗൾഫുകാ൪ നന്നെ കുറവായിരുന്നു. അത് കൊണ്ട് തന്നെ ഗൾഫിൽ നിന്നും വന്ന സലീമിന് നാട്ടിലെങ്ങും ഹീറോ പരിവേഷമാണ് .
അങ്ങനെയിരിക്കെ ഒരു ദിവസം ' തേടിയ വള്ളി കാലിൽ ചുറ്റി ' എന്ന് പറയുന്നത് പോലെ നമ്മുടെ ആയിശുവിന്റെ ഏളാപ്പയെ സലീം അങ്ങാടിയിൽ വെച്ച് കണ്ടുമുട്ടി. കുശലാന്വേഷണത്തിനിടെ എളാപ്പയെ സലീം തൊട്ടടുത്ത ഹോട്ടലിലേക്ക് ചായ കുടിക്കാനായി ക്ഷണിച്ചു.
ചായ കുടിക്കുന്നിതിനിടയിൽ എളാപ്പയോട് ആയിശയുടെ സുഖവിവരങ്ങളേ കുറിച്ച് സലിം അന്വേഷണം നടത്തി. ആയിശയുടെ ഭ്രാന്ത് ഇപ്പോഴും പൂ൪ണ്ണമായും സുഖമായിട്ടില്ലെന്നും അത് കൊണ്ട് തന്നെ വിവാഹാലോചനയെല്ലാം മുടങ്ങിപ്പോവുന്നു എന്നും അദ്ദേഹം പറഞ്ഞു. അവളുടേ കാര്യം പറഞ്ഞ് ഇക്കാക്ക എന്നും സങ്കടപ്പെടാറുണ്ടെന്നും എളാപ്പ പറഞ്ഞു."
" നിങ്ങൾ അവളെ എനിക്ക് കെട്ടിച്ച് തരികയാണെങ്കിൽ ഒരൊറ്റ രാത്രി കൊണ്ട് അവളുടേ ഭ്രാന്തെല്ലാം ഞാൻ മാറ്റിത്തരാം " സലീം തമാശ രൂപത്തിൽ ചിരിച്ചുകൊണ്ട് എളാപ്പയോട് പറഞ്ഞു.
" നീ അവളെ കെട്ടുകയാണെങ്കിൽ നിനക്ക് എന്ത് വേണമെങ്കിലും ഞാൻ ഇക്കാക്കയിൽ നിന്നും വാങ്ങിച്ച് തരാം " എന്ന് എളാപ്പയും പറഞ്ഞു.
" എന്നാൽ നിങ്ങൾ പോയി ഇക്കാക്കയോട് സമ്മതം വാങ്ങി വരൂ . ഞാൻ റെഡിയാണ് " സലീം വാക്ക് കൊടുത്തു.
സലീം ഭ്രാന്തിയായ ആയിശയെ പഴയ പ്രേമം മൂത്ത് കെട്ടാ൯ പോവുന്ന വിവരം നാട്ടിലാകെ പാട്ടായി.
സലീമിനെ പലരും ഈ കടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാ൯ ശ്രമിച്ചു.
എന്നാൽ അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
തന്റെ രണ്ട് പെങ്ങന്മാരുടെയും ഉപ്പയുടെയും ഉമ്മയുടെയും പൂ൪ണ്ണ പിന്തുണ അവ൯ നേരത്തേ തന്നെ ഉറപ്പ് വരുത്തിയിരുന്നു.
വിവാഹം നിശ്ചയിച്ചത് മുതൽ ആയിശയുടെ അസുഖത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി.
വിവാഹ ദിവസം അമൂല്യമായതെന്തോ സ്വന്തമാക്കിയ ആവേശത്തിലായിരുന്നു ആയിശ. വിവാഹത്തിന് വീട്ടിൽ വന്ന അഥിതികളോടെല്ലാം നല്ല രീതിയിലാണ് അവൾ പെരുമാറിയിരുന്നത്. അങ്ങനെ വലിയ ആ൪ഭാടമൊന്നുമില്ലാതെ സലീമിന്റെയും ആയിശയുടെയും വിവാഹം കഴിഞ്ഞു. അതോടെ എന്നെന്നേക്കുമായി ആയിശയെ പിടികൂടിയിരുന്ന ഭ്രാന്തും അപ്രത്യക്ഷമായി !
പിന്നീട് സലീം തന്നെ പറഞ്ഞാണ് അടുത്ത കൂട്ടുകാരനായ ബീരാനിക്കയടക്കമുള്ള സലീമിന്റെ കൂട്ടുകാ൪ ആ സത്യം അറിയുന്നത്.
അതായത് ആയിശ ഭ്രാന്തിയായി അഭിനയിച്ച ആ നാടകത്തിന്റെ തിരക്കഥാകൃത്ത് സലീം തന്നെയായിരുന്നു എന്നുള്ള സത്യം.....!
( എം. ആ൪ ഒളവട്ടൂ൪ )

ഒരു നബിദിന സമ്മാനം


ഞങ്ങൾ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പുറത്തെടുക്കാൻ പറ്റിയ നല്ലൊരു അവസരമാണീ നബിദിന പരിപാടി. രാവിലത്തെ ഘോഷയാത്ര കഴിഞ്ഞ് ഉച്ച സമയത്തെ അന്ന ദാനവും കഴിഞ്ഞ് വെെകിയിട്ട് നാല് മണിയോടെ തുടങ്ങും മദ്രസയിലെ കുട്ടികളുടെ വിവിധ കലാ പരിപാകൾ. ഗ്ലാമ൪ എെറ്റം കഥാ പ്രസംഗമാണ്. കാണികളെ പിടിച്ചു നി൪ത്താ൯ അത് ഏറ്റവും അവസാനമാണ് അവതരിപ്പിക്കാറ്. ഞാനിന്നുവരെ കട്ടതിൽ വെച്ച് ഏറ്റവും നല്ല കഥാപ്രസംഗം 'ജാഹിലിനെ തേടി' എന്നതായിരുന്നു. മുഹമ്മദ് നബി തന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന അബൂ ജാഹിലിനെ തേടി പോവുന്ന കോരിത്തരിപ്പിക്കുന്ന കഥാ പ്രസംഗമാണത്. വളരെ നല്ല രീതിയിൽ എന്റെ രണ്ട് സീനിയർ കൂട്ടുകാരാണത് അവതരിപ്പിച്ചിരുന്നത്. പക്ഷേ അതിലൊരുത്തന് ഈ കഥാ പ്രസംഗത്തിലെ വില്ലനായ(മുസ്ലിംകൾ ഏറ്റവും വെറുക്കുന്ന )അബൂജാഹിലിന്റെ പേര്തന്നെ ആ കഥാപ്രസംഗത്തോടെ വട്ടപ്പേരായി പതിച്ചു കിട്ടി...അക്കാലത്ത് മദ്രസയിലെയും സ്കൂളിലെയും അധ്യാപകർക് പോലും നല്ല ഒന്നാം തരം വട്ടപ്പേര് ഞങ്ങൾ കണ്ടെത്താറുണ്ട്. ഇത്തരത്തിൽ എനിക്കും നല്ലൊരു വട്ടപ്പേര് നബിദിനത്തിന് പതിച്ചു കിട്ടിയത് ഓ൪ത്തു പോവുന്നു.
ഞങ്ങളുടേ മദ്രസയിൽ കിസ്സ് പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ മൊത്തം അഞ്ച് പേ൪.
കിസ്സിന്റെ ചോദ്യവും ഉത്തരവും നേരത്തേ തന്നെ തയ്യാറാക്കും. അതിൽ ഓരോ ചോദ്യത്തിനും ശരിയുത്തരം ആര് പറയണമെന്നും നേരത്തെ തീരുമാനിക്കും. ഒരാൾ അവസാനം ശരിയുത്തരവും ഭാക്കി മൂന്നുപേർ കിസ്സ് മാസ്റ്ററുടെ ചോദ്യത്തിന് കാണികളെ രസിപ്പിക്കാനായി നല്ല തമാശ രൂപത്തിലുള്ള ഉത്തരവും കൊടുക്കും.
ഞങ്ങൾ നാലാം ക്ലാസുകാ൪ അന്ന് അവതരിപ്പിച്ച കിസ്സിലെ നാലാമത്തെ ചോദ്യം ആരാണ് കേരളത്തിൽ നിന്നും ആദ്യമായി ഇസ്ലാം മതം സ്വീകരിച്ചത് എന്നതായിരുന്നു? നേരത്തെ പ്ലാ൯ ചെയ്തതു പോലെ നാലുപേരും നാല് ഉത്തരം പറഞ്ഞു.ആദ്യത്തവ൯ സദ്ദാം ഹുസ്സെ൯ എന്നും, രണ്ടാമ൯ വേലുത്തമ്പി ദളവ എന്നും, മൂന്നാമനായ ഈയുള്ളവ൯ കുഞ്ച൯ നമ്പ്യാ൪ എന്നും, നാലാമ൯ ശരിയായ ഉത്തരം ചേരമാൾ പെരുമാൾ എന്നും പറഞ്ഞു. ആദ്യത്തെ മൂന്ന് ഉത്തരവും കേട്ട് കാണികൾ പൊട്ടിച്ചിരിച്ച് കെെയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പക്ഷേ സഹപാഠികളായ കൂട്ടുകാ൪ എനിക്ക് നല്ലൊരു വട്ടപ്പേര് വിളിക്കാ൯ കിട്ടിയ സന്തോഷത്തിലായിരുന്നു കയ്യടിച്ചത് എന്ന് ഞാൻ വെെകിയാണ് മനസ്സിലാക്കിയത്. കുഞ്ച൯ നമ്പ്യാരെ കുറിച്ച് അദേ വ൪ഷം ഞങ്ങൾക്ക് സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. നായ൪ വിശന്നു വലഞ്ഞു വരുമ്പോൾ എന്ന് തുടങ്ങി പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന് അവസാനിക്കുന്ന കവിതയും , പാണ്ട൯ നായുടെ പല്ലിന് ശൗര്യം പണ്ടെ പോലെ ഫലിക്കുന്നില്ല എന്നിങ്ങനെയുള്ള തുള്ളൽ കവിതകൾ എല്ലാവരുടെ നാവിലും അന്ന് തത്തിക്കളിച്ചിരുന്നു. കൂടാതെ കുഞ്ച൯ നമ്പ്യാരെ ഞങ്ങളന്ന് നല്ലൊരു കോമാളി കഥാപാത്രമായിട്ടാണ് കണ്ടിരുന്നത്. അത്യാവശ്യം മസിലു പിടിച്ച് നടന്നിരുന്ന എനിക്കിട്ട് താങ്ങാൻ പറ്റിയ നല്ലൊരു പേരായി അത് മാറി. ഈ പേര് വിളിച്ച ഒരേയൊരു കാരണത്താൽ ഞാൻ പലരുമായി അന്ന് അടിപിടി കൂടിയിട്ടുണ്ട്. പക്ഷേ ഇന്ന് ചെറിയൊരു എഴുത്ത് കാരനായി മാറിയപ്പോഴാണ് ശരിക്കും നമ്പ്യാരുടെ പേരും പെരുമയും നല്ലവണ്ണം മനസ്സിലാക്കുന്നത്. ആ പേര് തന്നെ തൂലികാ നാമമായി ഉപയോഗിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്.
(എം. ആ൪ ഒളവട്ടൂ൪)

കഥ എഴുത്തുകാരുടെ ശ്രദ്ധക്ക്


നമ്മുടെ ഓരോ പ്രവർത്തിയും ദെെവം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദെെവം എല്ലാം കൃത്യമായി നിരീക്ഷിക്കുന്നു എന്ന സത്യം മുസ്ലിമിന്റെ ഖുർആനിലും ഹിന്ദുവിന്റേ മഹാഭാരതത്തിലും വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
അണുമണി തൂക്കം തെറ്റ് ചെയതവ൯ അതിന്റെ ഫലവും അണുമണി തൂക്കം നല്ലത് ചെയ്തവ൯ അതിന്റെ ഫലവും അനുഭവിക്കും എന്ന് ഖുർആൻ (ലുഖ്മാ൯ അദ്ധ്യായത്തിൽ) വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഈച്ചകളെ തമാശക്ക് കൊന്നിരുന്ന, എന്നാൽ മറ്റൊരു തെറ്റും ചെയ്യാതിരുന്ന നല്ലവനായ ഒരു സന്യാസിയെ ദെെവം കഠിനമായി ശിക്ഷിക്കുന്ന ഒരു കഥ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്.
അതുപോലെ തന്നെ തമാശക്ക് പോലും കളവ് പറയരുത് എന്നാണ് മഹാഭാരതവും ഖുർആനും പഠിപ്പിക്കുന്നതും.
ഇത്രയും എന്നെകൊണ്ട് എഴുതിപ്പിക്കാനുണ്ടായ സംഭവം ഇനി ചുവടെ വിവരിക്കാം.
കഥ എഴുതുമ്പോൾ എന്റെ ഭാര്യ പലപ്പോഴും പറയും സത്യമായ കഥകൾ മാത്രം എഴുതണമെന്ന്. പക്ഷേ നടന്ന ഒരു കഥ യാതൊരു മാറ്റവും കൂടാതെ എഴുതിയാൽ വായിക്കുവാൻ വലിയ രസം കാണില്ല. അതിനാൽ പലപ്പോഴും പൊടിപ്പും തൊങ്ങലും വച്ച് എഴുതി വിടാറാണ് പതിവ്.
ഈയിടെ ഒരു ചെറിയ കുട്ടിയുടെ കഥ(മിന്നു മോളുടെ കഥ) എഴുതിയ സമയത്ത് ഭാര്യ അത് എതിർത്തിരുന്നു. നിങ്ങൾ ഇങ്ങനെ കഥ എഴുതി കഥ എഴുതി നമ്മുടെ കുട്ടികൾക്കും ഇത്തരം അസുഖങ്ങൾ കൊണ്ടു വരും എന്നതായിരുന്നു അവളുടെ പരാതി!? ആത്മഹത്യയെ കുറിച്ച് നിരന്തരം കവിത എഴുതിയ ഒരു കവയത്രി അവസാനം ആത്മഹത്യ ചെയ്ത കഥ ഞാനും വായിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒരു കുടുംബത്തിലെ 'ട്രാജഡി' മനോഹരമായ കഥയാക്കി എഴുതിയ ഒരു കഥാകാരന്റെ കുടുംബത്തിലും അതേ ദുരന്തം സംഭവിച്ച കഥ ഭാര്യയും വായിച്ചിട്ടുണ്ടത്രേ!
ഇക്കഴിഞ്ഞ ബുധനാഴ്ച എന്റേ അമ്മാവൻ മരിച്ച വിവരമറിഞ്ഞ് അവിടേക്ക് ചെറിയ മോനേയും കൂട്ടി ഞാനും ഭാര്യയും ബെെക്കിൽ പുറപ്പെട്ടതായിരുന്നു. യാത്രക്കിടെ എന്നെയും പിടിച്ച് പുറകിലിരുന്ന മോ൯ ഉറങ്ങിയതായി തോന്നിയപ്പോൾ ബെെക്ക് നിറുത്തി അവനെ എടുത്ത് ഭാര്യ മടിയിലിരുത്താ൯ നോക്കിയ സമയത്താണ് അവന് എന്തോ അസ്വസ്ഥത ഉള്ളതായി കണ്ടത്. ഉടനെ അവനെ ഞാനെടുത്ത് നന്നായൊന്ന് കുലുക്കി നോക്കി.അപ്പോ കണ്ണടച്ച് യാതൊരു മിണ്ടാട്ടവുമില്ലാതെ തളർന്നു. വായയിൽ നിന്നും നുരയും പതയും വരാനും തുടങ്ങി. ഉടനെ ഒരു ഓട്ടോക്ക് കെെ കാണിച്ച് തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചു. അതിനിടെ ഞാനവനെ ഒന്നും കൂടെ കുടഞ്ഞു നോക്കി. അപ്പേഴവ൯ ചെറുതായൊന്ന് കണ്ണ് തുറന്നു. ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫിന്റെയും നല്ല പരിചരണം വഴി അവ൯ പെട്ടെന്ന് സുഖം പ്രാപിച്ചു. എങ്കിലും രോഗത്തെ കുറിച്ച് കൂടുതൽ അറിയാ൯ ഡോക്ടർ മൂന്ന് ദിവസം അവിടെ അഡ്മിറ്റാവാ൯ നി൪ദ്ദേശിച്ചു. രക്തത്തിലെ WBC യുടെ അളവ് കുറച്ച് കൂടി പതിനായിരത്തിൽ നിന്നും പതിനയ്യായിരമായി ഉയർന്നിട്ടുണ്ട്. കൂടാതെ നല്ല പനിയും വന്നു.
കഥ എഴുത്ത് നമുക്ക് തന്നെ തിരിച്ചടിച്ചോ എന്ന് ഒരു വേള ഞാനും ഭാര്യയും സംശയിച്ചു പോയി.
ഏതായാലും ദെെവത്തിന്റേ അനുഗ്രഹവും നല്ലവരായ ആ ഹോസ്പിറ്റൽ സ്റ്റാഫിന്റെ പരിചരണവും കൊണ്ട് മോന്റെ അസുഖമെല്ലാം സുഖപ്പെട്ട് ഇന്നലെ അവനെ ഡിസ്ചാർജ് ചെയ്തു.
(എം. ആ൪ ഒളവട്ടൂ൪)

നല്ലെഴുത്ത്


രാത്രി കടയടച്ച് വന്ന് ഭക്ഷണം കഴിച്ച് ,കുളിച്ച് നമസ്കാരമെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴേക്ക് സമയം ഏകദേശം പത്തര മണിയോളമാവും. കട്ടിലിൽ മലർന്നു കിടന്ന് ഫെയ്സ് ബുക്ക് തുറന്ന് ആദ്യം നോക്കാറ് നോട്ടിഫിക്കേഷനാണ്. പിന്നീട് നല്ലെഴുത്ത് ഗ്രൂപ്പിൽ കയറി ഏറ്റവും കൂടുതൽ ലെെക്കും കമന്റും കിട്ടിയ ഒന്നോ രണ്ടോ കഥകൾ വായിക്കും. നിരവധി നല്ല കഥകളും കവിതകളും എനിക്ക് പലപ്പോഴും നഷ്ടമാവുന്നുണ്ട്. അപ്പോഴേക്കും ഭാര്യ ഫെയ്സ്ബുക്കും പൂട്ടി കിടന്നുറങ്ങാൻ പറയും.
ഭാര്യയെ കുറ്റം പറയാൻ പറ്റില്ല കാരണം അതിനുമാത്രം ജോലിയാണ് അവൾക്ക് രാവിലെ അഞ്ച് മണി മുതൽ രാത്രി പത്ത് മണിവരേ ചെയ്തു തീർക്കാനുള്ളത്. അതിനിടയിൽ എഴുതാനും അൽപമൊക്കെ വായിക്കാനും അവൾ സമയം കണ്ടെത്തുന്നു എന്നത് തന്നെ വലിയ കാര്യം. പക്ഷേ അവൾ എഴുതുന്നത് ആ പഴയ ബുക്കിൽ തന്നെയാണ്. "ഡയറിയിൽ നീ എഴുതിയിട്ട ഈ കഥകളും കവിതകളും ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിൽ പോസ്റ്റ് ചെയ്യൂ " എന്ന് പറഞ്ഞാൽ അവൾക്ക് ഭയങ്കര പേടിയും മടിയുമാണ്."ഇതിപ്പം നിങ്ങൾ മാത്രം വായിച്ചാൽ മതിയിട്ടോ"ന്നും പറഞ്ഞ് അവൾ ഒഴിഞ്ഞു മാറും. പണ്ട് എന്റേ നിർബന്ധത്തിനു വഴങ്ങി അവളൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. അത് നഷ്ടപ്പെട്ടതിനു ശേഷം ഫെയ്സ്ബുക്കിലേക്ക് തിരിഞ്ഞു നോക്കാറില്ല.
ഈ യടുത്ത് ഞാൻ രമ്യ രാജേഷ് എഴുതിയ 'പാപത്തിന്റെ ഫലം ' എന്ന കഥ വായിക്കുകയായിരുന്നു. തൊട്ടടുത്ത് ഉറങ്ങാൻ കിടന്നിരുന്ന ഭാര്യയും പതിവിനു വിപരീതമായി വെറുതെ എത്തിനോക്കി ഈ കഥ വായിക്കുവാൻ തുടങ്ങി....അതോടെ എന്റേ കയ്യിൽ നിന്നും മൊബെെൽ വാങ്ങി നല്ലെഴുത്തിലെ വേറേ ചില കഥകളും വായിച്ചു. എന്നിട്ട് അവൾ വായിച്ചതിൽ ചിലത് എന്നോടും വായിക്കുവാനും ലെെക്കടിക്കാനും പറഞ്ഞു... അങ്ങനെ അവളിന്ന് നല്ലെഴുത്തിന്റേ നല്ലൊരു വായനക്കാരിയായി മാറിയിട്ടുണ്ട്. ഇപ്പോ രാത്രി എന്നേക്കാൾ കൂടുതൽ സമയം ഉറക്കമൊഴിച്ച് നല്ലെഴുത്തിലെ കഥകളും കവിതകളും വായിക്കുവാ൯ അവൾ തയ്യാറാണ്!
കൂടാതെ അവൾ ഡയറിയിൽ കാലാകാലങ്ങളായി കുത്തിക്കുറിച്ചിട്ടിരുന്ന കഥകളും കവിതകളും ഫെയ്സ്ബുക്കിലൂടെ വെളിച്ചം കണ്ടും തുടങ്ങി. ഞാൻ ഇക്കാര്യം പണ്ട് മുതലേ നിർബന്ധിച്ചിരുന്നെങ്കിലും അവൾക്ക് പ്രചോദനവും ആവേശവും കൊടുത്തത് നല്ലെഴുത്തിലെ വായനയാണെന്ന് തന്നെ പറയാം. ഈ ഗ്രൂപ്പിലെ നല്ല സപ്പോർട്ടും പിന്തുണയും ആരേയും ആവേശം കൊള്ളിക്കാൻ പോന്നതും കഴിവുകൾ പുറത്തെടുക്കാൻ ഉതകുന്നതുമാണ്.
ലേഖനങ്ങൾ മാത്രം എഴുതി പരിയമുണ്ടായിരുന്ന എന്നെകൊണ്ടും ചില കഥകൾ എഴുതിച്ചത് നല്ലെഴുത്ത് തന്നെയാണെന്നുള്ളത് ഞാൻ വിസ്മരിക്കുന്നില്ല.
(റാഫി മേച്ചേരി)

ചില്ലറക്കായി കഷ്ടപ്പെടുന്നവർ. (കഥ)


ഇന്നലെ രാവിലെ സുഹൃത്ത് രാജേഷ് സങ്കടത്തോടെ ഫോൺ വിളിക്കുന്നു...അവൻ സങ്കടപ്പെടാനുള്ള കാരണം ചോദിച്ചറിഞ്ഞപ്പോ എനിക്കും സങ്കടം തോന്നി. രാജേഷിന്റേ ഒരേയൊരു മോളായ മീനുവിന്റേ കണ്ണിന്റേ കാഴ്ച പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കുറഞ്ഞു കുറഞ്ഞു വരുന്നു...!കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലായിരുന്നു തുടക്കത്തിൽ ചികിത്സ..എന്നാലിപ്പോ അവിടെ നിന്നും തമിഴ്നാട്ടിലെ മധുരയിലുള്ള 'മധുര എെ മിഷൻ' ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തിരിക്കയാണ്..കഴിഞ്ഞയാഴ്ച അവിടെ പോയി ചെക്കപ്പ് ചെയ്തപ്പോ ഉടനെ ഓപ്പറേഷൻ വേണമെന്നും പറഞ്ഞു ഇന്ന് അതായത് 12-11-2016ന് ഓപ്പറേഷൻ ചെയ്യാനുള്ള ഡെയ്റ്റും കൊടുത്തു...
ഏകദേശം ഒരു ലക്ഷത്തി എഴുപത്തി അയ്യായിരത്തോളം രൂപയാണ് ഓപ്പറേഷൻ ചെയ്യാനായി ഹോസ്പിറ്റലിൽ കെട്ടി വെക്കേണ്ടത്.അത്രയും തുക ആരോടെക്കെയോ കടം വാങ്ങിയും മറ്റും തയ്യാറാക്കി വച്ചിട്ടുണ്ട് ...എന്നാലിപ്പോ അവനെ അലട്ടുന്ന പ്രശ്നം ഹോസ്പിറ്റലിൽ പഴയ നോട്ട് സ്വീകരിക്കുമോ എന്നതാണ്....??
ഇനിയിപ്പോ ഹോസ്പിറ്റലിൽ പഴയ നോട്ട് സ്വീകരിച്ചാൽ തന്നെ യാത്രാ ചിലവിനും മറ്റുമുള്ള പണം ചില്ലറയില്ല.ഉള്ളത് ഇന്നലെ ടെസ്റ്റ് ചെയ്യാനും മറ്റും ചിലവായിട്ടുണ്ട്( ഓപ്പറേഷന് വരുന്നതിന് മുമ്പ് കുറച്ച് ടെസ്റ്റ് ചെയ്ത് വരാൻ പറഞ്ഞിരുന്നു ഡോക്ടർ). എന്റേ പക്കൽ വല്ല ചില്ലറയും ഉണ്ടോ എന്നറിയാനായി വിളിച്ചതാണിപ്പോ രാജേഷ്......ഏതായാലും അവന്റേ ദയനീയതയും, നിസ്സഹായതയും കണ്ട് ഉള്ളത് ഞാൻ ഒപ്പിച്ചു കൊടുത്തു..കുറച്ച് പണം അവനും ഭാര്യയും ബാങ്കിൽ വെെകുന്നേരം വരെ ക്യൂ നിന്ന് മാറിയെടുത്തിട്ടുമുണ്ട്.എല്ലാം കൂടെ ഒപ്പിച്ച് അവനും ഭാര്യയും ഇന്നലേ രാത്രി മോളേയും കൊണ്ട് മധുരയിലേക്ക് വണ്ടി കയറിയിട്ടുണ്ട്.
ഇത്തരത്തിൽ എത്ര എത്ര പേരാണ് നമ്മുടെ രാജ്യത്ത് രണ്ട് മൂന്ന് ദിവസമായി കഷ്ടതയും ദുരിതവും അനുഭവിക്കുന്നത്....
(റാഫി മേച്ചേരി)

പഴയകാല കഥകൾ


പണ്ട് റേഷൻ പണക്കാരായാലും പാവപ്പെട്ടവരായാലും വെറുതേ കളയാറില്ലായിരുന്നു...റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയും , ഗോതമ്പും, പഞ്ചസാരയും, റവയും , മെെതയും ഒക്കെയായിരുന്നു അന്ന് ഓരോ വീട്ടിലേയും ആഹാരം. പലപ്പോഴും അക്കാലത്ത് റേഷൻ കടകളിൽ നീണ്ട ക്യൂ ആയിരിക്കും കാണാറ്.ഇന്നിപ്പം അത്തരം നീണ്ട ക്യൂ കാണുന്നത് ബ്രിവറേജ് സ്റ്റോറുകളിൽ മാത്രമാണ്...
വീട്ടിലെ മൂത്ത കുട്ടിയായിരുന്നതിനാൽ റേഷൻ കടയിൽ പോവുക എന്ന ജോലി എന്റേ തലയിൽ നിക്ഷിപ്തമായിരുന്നു....വീട്ടിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട് അന്നത്തേ 'പുതിയേടത്ത് പറമ്പ് 'എന്ന സ്ഥലത്തുള്ള ഞങ്ങളുടേ റേഷൻ കടയിലേക്ക്....ഇവിടേക്ക് 'മുണ്ടോളി മല' എന്ന് പേരുള്ള കുന്ന് കയറി ഇറങ്ങിയാൽ ദൂരം പകുതി കണ്ട് കുറയും...പലപ്പോഴും വെെകുന്നേരം റേഷൻ കടയിലേക്ക് പോവുന്നത് ഈ വഴിക്കായിരിക്കും.തിരിച്ച് വരുമ്പോഴേക്ക് നേരം ഇരുട്ടായിട്ടുണ്ടാവും...അതിനാൽ തിരിച്ചുവരുന്നത് റോഡ് വഴിയായിരിക്കും.....ഇതൊരുപാട് ദൂരം കൂടുതലുള്ള വഴിയാണ്.
സ്കൂളിൽ നിന്നും വീട്ടിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരം കാണും. സ്കൂൾ വിട്ടതിനു ശേഷം അത്രയും ദൂരം താണ്ടി വന്ന് വല്ലതും കഴിച്ചയുടനെ വീണ്ടും ഒരു ഒന്നര കിലോമീറ്റർ ദൂരത്തുള്ള റേഷൻ കടയിലേക്ക് പോവുക എന്നത് അന്നൊരു പ്രയാസമുള്ള കാര്യമേ ആയിരുന്നില്ല( ഇന്നിപ്പം അതേ എനിക്ക് തന്നെ അര കിലോമീറ്റർ നടക്കാൻ വയ്യേ!).ചില ദിവസങ്ങളിൽ ചെറിയ ചെറിയ സഹായത്തിന് അനിയത്തിയും കൂടെ പോരാറുണ്ട്.
അന്നൊരു ദിവസം വെെകുന്നേരം സ്കൂളിൽ നിന്നും വന്ന് റേഷൻ കടയിൽ പോയി ഞാനും അനിയത്തിയും ഇരുട്ടത്ത് തിരിച്ച് വരുന്ന സമയത്ത് ഒരു കാർ ഞങ്ങളുടേ അരികിലെത്തിയപ്പോൾ വളരേ 'സ്ലോ' ആക്കി.അക്കാലത്ത് തട്ടികൊണ്ട് പോവൽ കഥ ഒരുപാട് കേട്ടിട്ടുള്ള ഞാൻ ഇതുകണ്ട് പെങ്ങളേയും കൂട്ടി പതുക്കെ ഓടാൻ തുടങ്ങി..അപ്പോഴതാ കാറും ഞങ്ങളുടേ പിന്നാലെ വരുന്നു..! പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത വീട്ടിലേക്ക് നിലവിളിച്ചുകൊണ്ടൊരു ഓട്ടം..അപ്പോഴതാ ആ കാർ ഞങ്ങളുടേ പിന്നാലെ ആ വീട്ടിലേക്കും വരുന്നു!? അതോടെ റേഷനെല്ലാം താഴേയിട്ട് "ഞങ്ങളേ ആ കാറിലുള്ളവർ പിടിക്കാൻ വരുന്നേ" എന്നും പറഞ്ഞു ആ വീടിന്റെ ഉള്ളിലോട്ട് നിലവിളിച്ച് ഓടിക്കയറി..കാര്യം അറിയാനായി പുറത്തിറങ്ങിയ ആ വീട്ടുകാർ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ചിരിയോട് ചിരി..കാരണം ആ കാറിൽ വന്ന വ്യക്തി അവരുടെ അടുത്ത ബന്ധുവും അന്നത്തെ വിരുന്നുകാരനുമായിരുന്നു..! ഈ സത്യം അവർ ഞങ്ങളോട് പറഞ്ഞിട്ടും എന്റേയും പെങ്ങളുടേയും പേടി മാറാൻ ഒരുപാട് സമയമെടുത്തു...
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞാനാ സത്യം അറിഞ്ഞത്.അതായത് അന്ന് ഞങ്ങളേ പേടിപ്പിച്ചു കളഞ്ഞ ആ കാറിലെ കൊമ്പൻ മീശക്കാരൻ ശരിക്കും ഒരു പേരുകേട്ട ക്രിമിനൽ തന്നെയായിരുന്നു! വാഹന മോഷണമായിരുന്നു അയാളുടെ പ്രധാന ഇനമെങ്കിലും മറ്റു പല തട്ടിപ്പും ഉണ്ടായിരുന്നു .ഇരുട്ടത്ത് നടന്നു വരുന്ന ഞങ്ങളേ(എനിക്കന്ന് ഏകദേശം പന്ത്രണ്ടും അനിയത്തിക്ക് ഒൻപതും വയസ്സ് കാണും) അയാൾ രസത്തിനോ അതല്ലെങ്കിൽ കാര്യമായോ പേടിപ്പിച്ചു എന്ന് തന്നെയാണ് ഞാനും പെങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത്.......
(എം.ആർ ഒളവട്ടൂർ)

ഒരു പ്രവാസിയുടെ രണ്ട് ചോദ്യങ്ങൾ


(അനുഭവ കഥ)
നാട്ടിലിങ്ങനേ പാറിപ്പറന്ന് പൂമ്പാറ്റയെ പോലെ ജീവിച്ചവനാണ് അനീസ്...അവന് എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ മാത്രമേ അറിയൂ...അവന്റേ സുന്ദരമായ പെരുമാറ്റം കാരണം നാട്ടുകാർക്കും കുടുംബക്കാർക്കും അവനെ വലിയ ഇഷ്ടമാണ്..
ഒരു പെങ്ങളില്ലാത്തതിന്റേ ദു:ഖം അവന് നന്നായുണ്ട്.അത് കൊണ്ട് തന്നെ കുടുംബത്തിലെയും അയൽപക്കത്തേയും പെൺകുട്ടികളുമായി കൂട്ടുകൂടി അവരെ സ്വന്തം പെങ്ങന്മാരെ പോലെ കണ്ട് അവനീ ദു:ഖത്തിന് ഒരു പരിതി വരെ ആശ്വാസം കണ്ടെത്തുന്നു...എത്ര വളയും മാലയുമാണ് അവൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവർക്കൊക്കെ വാങ്ങികൊടുത്തത് എന്നതിന് കയ്യും കണക്കുമില്ല.
ഇപ്പോ അവൻ ഗൾഫിൽ നിന്നും വരുന്ന സമയത്തും അവന്റേ പെട്ടിയിൽ കൂടുതലായി കാണുന്ന ഇനവും മാലയും വളയും തന്നെ....
നാട്ടിലും കുടുംബത്തിലും ഒരുപാട് നല്ല സൗഹൃദങ്ങളുള്ള അനീസിന് ലീവിന് നാട്ടിൽ വന്നാൽ തിരിച്ച് പോവാൻ ഭയങ്കര മടിയാണ്..അവന്റേ രണ്ട് ജ്യേഷ്ഠന്മാരും ഒരു അനിയനും ഗൾഫിലാണ്...പക്ഷേ അവർക്കൊന്നും ഇവനെ പോലെ യാതൊരു മടിയുമില്ല.എന്തെങ്കിലുമൊക്കെ സമ്പാദിക്കണമെങ്കിൽ ഗൾഫിൽ തന്നെ പോവണം എന്നാണ് അവർ പറയാറ്...
ഓരോ തവണ നാട്ടിൽ വരുമ്പോഴും തിരിച്ചു പോവാൻ മടി കാണിക്കുന്ന അനീസിനെ അവന്റേ വീട്ടുകാർ പലതും പറഞ്ഞ് ഉപദേശിച്ചും, ശാസിച്ചും തിരിച്ചയക്കാറാണ് പതിവ്..
കഴിഞ്ഞ പ്രാവശ്യം അവൻ ഗൾഫിൽ നിന്നും വന്നിട്ട് തിരിച്ചുപോവുന്നില്ലാ എന്ന് ഉറപ്പിച്ച് പറഞ്ഞു...എല്ലാ പ്രാവശ്യത്തേയും പോലെ പോവാൻ സമയമാവുമ്പോ അവനേ എങ്ങനെ എങ്കിലും തള്ളി വിമാനം കയറ്റി വിടാമെന്ന് എല്ലാവരും വിചാരിച്ചിരുന്നു...പക്ഷേ ഇപ്രാവശ്യം ആരെന്തു പറഞ്ഞിട്ടും അനീസ് വഴങ്ങുന്നില്ല...കൂടാതെ ആരോടും അധികം മിണ്ടാനോ സംസാരിക്കാനോ നിൽക്കാതെ വാതിലടച്ച് വിഷാദ രോഗത്തിന് അടിമപ്പെട്ടവനെ പോലെ റൂമിൽ തന്നെ കഴിഞ്ഞു കൂടുന്നു...ഇതോടെ എല്ലാവരും ആകെ അങ്കലാപ്പിലായി..
അനീസും ഞാനും ചെറുപ്പം മുതലെ വലിയ കൂട്ടുകാരായിരുന്നു...അതിനാൽ "നീ വന്ന് അവനെയൊന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കൂ" എന്നും പറഞ്ഞ് അവന്റേ ജ്യേഷ്ഠൻ എനിക്ക് ഫോൺ ചെയ്തു.അങ്ങനെ അനീസിന്റേ വീട്ടിൽ ചെന്ന് ഗൾഫിൽ പോവേണ്ടതിന്റേ ആവശ്യകതയെ കുറിച്ച് അവന്റേ വീട്ടുകാരും ഞാനും ചേർന്ന് വിവരിച്ച് കൊടുത്തു...ഗൾഫിൽ പോവാതെ പണം സമ്പാദിക്കാനും, നല്ലൊരു വീട് വെക്കാനും കഴിയില്ല എന്ന വിഷയത്തിലൂന്നിയായിരുന്നു ഞങ്ങളുടേ സംസാരമത്രയും...ഗൾഫിൽ പോയി വലിയ വലിയ വീട് വെച്ചവരേ കുറിച്ചും ഒരു പാട് കാഷ് സമ്പാദിച്ചവരേ കുറിച്ചും
ഉദാഹരണ സഹിദം ഞങ്ങൾ വിവരിച്ചു കൊടുത്തു. അതിനിടയിലാണ് ഞങ്ങളേ ഉത്തരം മുട്ടിച്ച, എനിക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലാത്ത രണ്ട് ചോദ്യം ദേഷ്യത്തോടെ അവൻ ചോദിച്ചത്....
ആരാണ് ഈ ഗൾഫ് പോക്ക് കണ്ട് പിടിച്ചത്? ആരാണ് ഈ ടറസിന്റേ വീട് കണ്ട് പിടിച്ചത്?
എന്നിവയായിരുന്നു ആ രണ്ട് ചോദ്യങ്ങൾ.
"പ്രവാസ ജീവിതം അനുഭവിച്ചറിയാത്ത നിനക്ക് ഒരു പ്രവാസിയുടെ ദു:ഖം എത്ര പറഞ്ഞാലും മനസ്സിലാവില്ല , അത് നീ കഥകളിലും, സിനിമകളിലും കാണുന്നതിനും അപ്പുറമുള്ളൊരു ജീവിതമാണ് "എന്നും അവൻ എന്നോടായി പറഞ്ഞു....ഇതോടെ എനിക്ക് പൂർണ്ണമായും ഉത്തരം മുട്ടി.എങ്കിലും ഞങ്ങളുടേ സംസാരത്തിനൊടുവിൽ അവൻ വീണ്ടും മരുഭൂമിയിലേക്ക് തിരിച്ചുപോവാനുള്ള തീരുമാനമെടുത്തു....ഇപ്പോ ഇടക്കിടെ വിളിക്കുന്ന സമയത്ത് അവിടെ വളരെ സുഖം എന്ന് തന്നെയാണ് എല്ലാ പ്രവാസിയേയും പോലെ അവനും പറയാറ്...!
(എം.ആർ ഒളവട്ടൂർ)

സോഷ്യൽ മീഡിയ കവരുന്ന രാത്രികൾ.(ചെറു കഥ)


അത്താഴം കഴിച്ച് കിടന്നുറങ്ങാൻ നേരം ഒരു കവിത എഴുതാൻ പേന എടുത്തതാണാ യുവ കവി.പലപ്പോഴും അദ്ദേഹം ആ സമയത്താണ് കവിത എഴുതാറുള്ളത്.പക്ഷേ എന്ത് വിഷയത്തെ കുറിച്ച് കവിത എഴുതണം എന്ന് എത്ര ആലോചിച്ചിട്ടും അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടുന്നില്ല.....കവിതക്ക് വിഷയം കിട്ടാനായി ബുദ്ധിമുട്ടിയ കവിയോട് തെരുവ് നായകളുടെ ശല്യത്തെ കുറിച്ചോ,
സ്നേഹം വറ്റി വരണ്ട മനുഷ്യരെ കുറിച്ചോ, മഴയില്ലാത്ത തുലാം മാസത്തെ കുറിച്ചോ എഴുതൂ എന്ന് അയാളുടെ ഭാര്യ പറഞ്ഞു.
അപ്പോഴാണ് അയാൾ ഫെയ്സ് ബുക്കും വാട്ട്സാപ്പും തകർക്കുന്ന കുടുംബജീവിതത്തെ പറ്റി ഒരു ചെറിയ കവിത എഴുതിയാലോ എന്ന് ചിന്തിച്ചത്...!
തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിനെ ശ്രദ്ധിക്കാതെ രാത്രി പന്ത്രണ്ട് മണിവരെ വാട്ട്സാപ്പിലും, ഫെയ്സ്ബുക്കിലും സുഹൃത്തുക്കളുമായും, രഹസ്യ കാമുകീ-കാമുകന്മാരുമായും ചാറ്റ് ചെയ്യുന്ന ഭാര്യമാരെകുറിച്ചും, ഭർത്താക്കന്മാരെ കുറിച്ചും ഒരു എട്ടു വരി കവിയെഴുതി അയാൾ....കവിത എഴുതി തീർന്നപ്പോൾ സമയം പത്ത് മണി കഴിഞ്ഞിരുന്നു...ഭാര്യ ലെെറ്റണച്ച് ഉടനെ കിടന്നുറങ്ങാൻ നിർബന്ധിച്ചെങ്കിലും കാലിക പ്രശസ്തമായ ആ കവിത തന്റേ ഫെയ്സ് ബുക്ക് പേജിൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യണമെന്ന് തോന്നി ആ യുവ കവിക്ക്...അങ്ങനെ തന്റേ ഫെയ്സ്ബുക്ക് പേജിലും പിന്നെ ഏതാനും ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും അദ്ദേഹം അത് പോസ്റ്റ് ചെയ്ത് കമന്റിനായും ലെെക്കിനായും കാത്തിരുന്നു..കമന്റുകൾക്ക് മറുപടി കൊടുത്തും, ലെെക്കുകളുടെയും, ഷെയറുകളുടെയും എണ്ണം കൂടുന്നതുമെല്ലാം നേക്കിയിരുന്ന് എന്നത്തേയും പോലെ അന്നും സമയം പോയതയാൾ അറിഞ്ഞില്ല.തൊട്ടടുത്ത് കിടക്കുന്ന ഭാര്യയുടെ കൂർക്കം വലി കേട്ടാണ് അയാൾ മൊബൈലിൽ സമയം നോക്കിയത്...അപ്പോ സമയം അർദ്ധ രാത്രി പിന്നിട്ടിരുന്നു....
(റാഫി മേച്ചേരി)

പപ്പുവിന്റേ കഥ


രണ്ട് ദിവസമായി പപ്പുവിനേ കാണാതായിട്ട്.വീട്ടിലുള്ളവരെല്ലാം
അവന്റേ വേർപാടിൽ അതീവ ദു:ഖത്തിലാണ്.ഇനിയവനേ കണ്ടുകിട്ടുമെന്ന പ്രതീക്ഷ ഏകദേശം എല്ലാവർക്കും അസ്തമിച്ചു തുടങ്ങി.......അവനേ രണ്ട് ദിവസം കാണാതിരുന്നപ്പോഴാണ് അവനേ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായത്..കുടുംബത്തിലെ ഒരംഗം പെട്ടെന്ന് അപ്രത്യക്ഷമായതുപോലേയാണ് എല്ലാവർക്കും തോന്നിയത്.ഇത്രയധികം സ്നേഹം അവനോട് ഞങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും അവനിങ്ങോട്ടും സ്നേഹം കാണില്ലേ?...അതിനാൻ അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തീർച്ചയായും ഞങ്ങളേ തേടി വരാതിരിക്കുമോ...?
പപ്പുവിനേ ഒരു ദിവസം രാത്രി ഉപ്പ തെരുവിൽ നിന്നും പിടിച്ചു കൊണ്ടുവന്നതാണ്...തെരുവിൽ വളർന്നതായിരുന്നെങ്കിലും നല്ല അനുസരണയുള്ള , ഉച്ചത്തിൽ കുരയ്ക്കുന്ന , ഇളം മഞ്ഞ നിറമുള്ള സുന്ദരനായിരുന്നു പപ്പു...പപ്പുവിനേ കണ്ട മാത്രയിലേ എനിക്കും ,അനിയത്തിമാർക്കും അവനേ നന്നായി ഇഷ്ടപ്പെട്ടു..എങ്കിലും അവനോട് കൂട്ട് കൂടാൻ ഉമ്മ അനുവദിക്കില്ല.ഉമ്മാക്ക് അവനേ കൊണ്ടുവന്നത് തീരേ പിടിച്ചിട്ടില്ല... നായ്ക്കളോട് പൊതുവേ വെറുപ്പും പേടിയുമാണ് ഉമ്മാക്ക്.അതിനേ ആർക്കെങ്കിലും കൊടുക്കാനോ അല്ലെങ്കിൽ ചെങ്ങലയൂരി വിടാനോ ഉമ്മ എന്നും പറയും..പക്ഷേ ഉപ്പ അവനേ വളർത്തണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു...
തെരുവിൽ നിന്നും പ്രതീക്ഷിക്കാതേ കണ്ടുകിട്ടിയതായത് കൊണ്ട് അവന് കൂടൊന്നും ഒരുക്കിയിട്ടില്ലായിരുന്നു....ഒരാഴ്ചയോളം അവനേ മുറ്റത്തുള്ള മരത്തിലായിരുന്നു കെട്ടിയിട്ടിരുന്നത്.
അങ്ങനെ ഉപ്പ പ്രായം ഏറേ ചെന്ന രസികനായ പറങ്ങോടനാശാരിയേ വിളിച്ച് നല്ലൊരു കൂടൊക്കെ ഉണ്ടാക്കി മുറ്റത്ത് തന്നേ സ്ഥാപിച്ചു....പറങ്ങോടനാശാരിയോട് ജോലി സമയത്ത് ഒന്നും മിണ്ടാനും പറയാനും പോവരുതെന്നാ എല്ലാവരും പറയാറ്..എന്തെങ്കിലും ഒന്ന് ചോദിച്ചാ അങ്ങേര് ഉളി താഴെ വെച്ച് വർത്തമാനം തുടങ്ങും..നല്ല താളത്തിലും നർമ്മം കലർത്തിയും പറയുന്ന മൂപ്പരുടേ വർത്തമാനങ്ങൾ ആരായാലും കേട്ടിരുന്നു പോവും...പക്ഷേ അന്ന് പിന്നേ കാര്യമായ പണിയൊന്നും നടക്കില്ലെന്നു മാത്രം...
അങ്ങനെ ദിവസങ്ങളോളം പണിയെടുത്ത് അദ്ദേഹം പപ്പുവിന് മനോഹരമായൊരു കൂട് നിർമിച്ചു കൊടുത്തു.
അക്കാലത്ത് രാത്രി സമയങ്ങളിൽ ഉപ്പ പലപ്പോഴും കൂട്ടുകാരോടൊന്നിച്ച് പുഴയിലേക്ക് മീൻ പിടിക്കാൻ പോവുമായിരുന്നു...മലപ്പുറത്തേയും,കോഴിക്കോട്ടേയും ഏതാണ്ട് എല്ലാ പുഴയിലും പോയി ഉപ്പയും കൂട്ടുകാരും മീൻ പിടിച്ചിട്ടുണ്ട്.മീൻ പിടിത്തവും,പക്ഷികളേയും, മുള്ളൻ പന്നിയേയുമൊക്കേ വേട്ടയാടി പിടിക്കലുമായിരുന്നു ഉപ്പയുടേയും കൂട്ടുകാരുടേയും പ്രധാന ഹോബി.അതിന് വേണ്ട വലയും മറ്റ് സാമഗ്രികളും വീട് നിറയേ ഒരുകാലത്തുണ്ടായിരുന്നു. പണ്ട് മീൻ പിടിത്തത്തോട് വലിയ കമ്പം എനിക്കുമുണ്ടായിരുന്നു..
അങ്ങനെ ഉപ്പ രാത്രി പോയാൽ പേടിച്ചാണ് ഞങ്ങൾ പുലരുവോളം വീട്ടിൽ കഴിഞ്ഞു കൂടാറ്.ഈ പേടി മാറ്റാൻ വേണ്ടിയാണ് സത്യത്തിൽ ഉപ്പയും കൂട്ടുകാരും ചേർന്ന് പപ്പുവിനേ പിടിച്ചു കൊണ്ടുവന്നത്..വീടുമായി നന്നായി ഇണങ്ങിയതിനുശേഷം പപ്പുവിനേ എന്നും രാത്രി തുറന്നുവിടും...അവൻ തന്റേ ജോലി ഭംഗിയായി നിർവഹിക്കുന്ന നല്ല അനുസരണയുള്ള ഒരു കാവൽക്കാരൻ തന്നെയായിരുന്നു.ഉപ്പയും കൂട്ടുകാരും മീൻ പിടിക്കാൻ പോവുന്നത് കണ്ടാൽ പപ്പുവും അവരുടേ കൂടേ ഇറങ്ങി പുറപ്പെടും."പപ്പൂ.. വീട്ടിൽ പോടാ" എന്ന് ഉപ്പ പറഞ്ഞാൽ കുറച്ച് നേരം മുരണ്ടു നിന്ന് അവൻ വീട്ടിലോട്ട് തിരിച്ചു പേരും..
അന്നൊരു ദിവസം രാത്രി ഉപ്പ മീൻ പിടിക്കാൻ പോയ സമയത്ത് കൂടേ പോയ പപ്പുവിനോട് വീട്ടിലോട്ട് തിരികേ പോവാൻ പറഞ്ഞിട്ട് അവൻ അത് അനുസരിക്കാതെ കൂടേ പോയി.അന്ന് എത്ര പറഞ്ഞിട്ടും അവൻ തിരിച്ചു പോരാൻ തയ്യാറായില്ല....
കൂടേയുള്ളവരേ പോലും കാര്യമായി ശ്രദ്ധിക്കാൻ കഴിയാത്ത ഒാടലും, ചാടലും, നീന്തലുമെല്ലാമുള്ള പത്ത് മുപ്പത് ആളുകൾ ചേർന്നുള്ള മീൻ പിടിത്തത്തിനിടയിൽ പപ്പുവിനേ എങ്ങനെ ശ്രദ്ധിക്കാനാ...?
'അവനവന്റേ കാര്യം അവനവൻ നന്നായി നോക്കിയേക്കണം' എന്നതാണ് ഉപ്പയുടേ മീൻപിടിത്ത ഗാങ്ങിലേ നിയമം...
മീൻപിടിത്തമെല്ലാം കഴിഞ്ഞ് തിരിച്ച് പോരുന്ന സമയത്ത് പപ്പുവിനേ നോക്കിയപ്പോൾ എങ്ങും കാണുന്നില്ല....!?
ഒരു പക്ഷേ അവൻ വീട്ടിലോട്ട് തിരിച്ചു പോയിട്ടുണ്ടാവാം എന്ന് വിചാരിച്ച് മീൻപിടിത്തം കഴിഞ്ഞ് ക്ഷീണിച്ച ഉപ്പയും കൂട്ടുകാരും കുറച്ച് നേരം അവനേ തിരഞ്ഞ് തിരിച്ചു പോന്നു...
പക്ഷേ അവൻ വീട്ടിലെത്തിയിട്ടില്ലായിരുന്നു........
ഉപ്പ വന്നപ്പോൾ പപ്പുവിനേ കൂടേ കാണാത്തതിൽ എനിക്കും , അനിയത്തമാർക്കും,ഉമ്മാക്കും വലിയ സങ്കടമായി.എല്ലാവരേക്കാളും സങ്കടം ഉപ്പെക്കായിരുന്നു.എങ്കിലും അത് മറച്ചുവെച്ച് അവനിപ്പോ വന്നോളും എന്ന് പറഞ്ഞ് ഉപ്പ ഞങ്ങളേ സമാധാനിപ്പിച്ചു...
ഇതിപ്പോ രണ്ട് ദിവസമായി ഞങ്ങൾ കണ്ണും നട്ട് ദു:ഖത്തോടെ അവനേ കാത്തിരിക്കാൻ തുടങ്ങിയിട്ട്....രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാത്തതിനാൽ അവനിനി തിരിച്ച് വരുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങി..അവനേ ആരെങ്കിലും പിടിച്ചു കൊണ്ടുപോയിട്ടുണ്ടാവാം എന്നും അല്ലെങ്കിൽ പഴയതുപോലെ തെരുവ് നായ്ക്കളുടെ കൂട്ടത്തിൽ കൂടിയിട്ടുണ്ടാവാം എന്നുമൊക്കെ ചിന്തിച്ചു.
അങ്ങനെ മൂന്നാം നാൾ രാവിലെ ഉമ്മ വാതിൽ തുറന്നപ്പോൾ അവനതാ അടുക്കള മുറ്റത്ത് ക്ഷീണിച്ച് കിടന്നുറങ്ങുന്നു...!അവൻ തിരിച്ച് വന്ന വിവരമറിഞ്ഞ് ആഹ്ളാദത്തോടെ ഓടിക്കൂടിയ ഞങ്ങളേ കണ്ട് ചെറുതായൊന്ന് തല പൊക്കി നോക്കി...മൂന്ന് ദിവസമായിട്ട് ഭക്ഷണമൊന്നും കഴിക്കാതേ വഴിതെറ്റി അലഞ്ഞു തിരിഞ്ഞ ക്ഷീണമാണവന്.ഉപ്പ വന്ന് ഭക്ഷണമൊക്കേ കൊടുത്ത് കുളിപ്പിച്ച് കൂട്ടിൽ കയറ്റി.രണ്ട് ദിവസം കൊണ്ടു തന്നെ അവൻ പഴയ ആരോഗ്യം വീണ്ടെടുത്തു...ഉപ്പയോട് മാത്രമേ അവന് ആദ്യം കാര്യമായ സ്നേഹവും ഇണക്കവും ഉണ്ടായിരുന്നൊള്ളൂ...എന്നാൽ ഈ തിരിച്ചു വരവിന് ശേഷം പപ്പുവിനോട് ഞങ്ങൾകെന്ന പോലെ അവന് തിരിച്ച് വീട്ടിലുള്ള എല്ലാവരോടും വലിയ സ്നേഹവും ഇണക്കവുമായി.
അതുവരെ അവനോട് വലിയ ദേഷ്യമായിരുന്ന ഉമ്മാക്കും ഈ തിരിച്ചു വരവിന് ശേഷം അവനോട് വലിയ സ്നേഹമായി.....അവനിൽ നിന്നും 'എട്ട് അടി ദൂരം' എപ്പോഴും അകന്ന് നിന്നിരുന്ന ഉമ്മയും അവന് ഭക്ഷണമൊക്കേ കൊടുക്കാൻ തുടങ്ങി.
പിന്നീട് ഉപ്പയും കൂട്ടുകാരും മീൻ പിടിക്കാൻ പോവുമ്പോൾ അവർ പോയി മറഞ്ഞതിനു ശേഷം ഉമ്മയോ ഞാനോ ചെന്ന് അവനേ കൂട് തുറന്ന് വിടലായിരുന്നു പതിവ്. പപ്പു ഓർമ്മയായിട്ട് ഏകദേശം ഇരുപത് വർഷത്തോളമായെങ്കിലും അവന്റേ സ്നേഹത്തേയും ,കുസൃതികളേയും അറിയാതേ ഇടക്ക് ഓർത്തു പോവാറുണ്ട്.
(NB:തെരുവ് നായകളുടെ ശല്യം കൊണ്ട് കേരളം പൊറുതി മുട്ടുന്ന ഇക്കാലത്ത് ഇതുപോലെ ഓരോരുത്തരും ഓരോന്നിനേ പിടിച്ച് വീട്ടിൽ കൊണ്ടുപോയാൽ എത്ര നല്ലത്....പക്ഷേ എല്ലാവർക്കും വേണ്ടത് വിദേശ ഇനത്തെയല്ലേ.....??)
(എം.ആർ ഒളവട്ടുർ)

മിന്നു മോളുടേ കഥ


ഒരു പരിചയക്കാരൻ ഇന്നലേ അദ്ദേഹത്തിന്റെ മൂന്ന് വയസ്സ് മാത്രം പ്രായമായ കുഞ്ഞ് കാൻസറെന്ന ക്രൂരമായ കൊലയാളി രോഗത്തിന്റേ പിടിയിലാണെന്ന് പറഞ്ഞപ്പോഴാണ് ഞാൻ മിന്നുമോളുടേ കഥ വീണ്ടും ഓർത്തുപോയത്.
ഒരുപാട് കാലത്തേ നേർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിലാണ് ആ ഉമ്മാക്ക് വീണ്ടുമൊരു കുഞ്ഞ് ജനിച്ചത്...
മൂത്ത കുട്ടിക്ക് എകദേശം പത്ത് വയസ്സ് പ്രായമായതിനുശേഷമാണ് മിന്നുമോളേ പ്രസവിക്കുന്നത്.
ഏറേകാലത്തേ കാത്തിരിപ്പിനൊടുവിൽ പിറന്നുവീണ ആ സുന്ദരികുട്ടിയേ
'നിലത്ത് വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും'
എന്ന് പേടിച്ചാണ് ആ ഉപ്പയും ഉമ്മയും വളർത്തിയത്....
ഒരിക്കൽ ഒന്നര വയസ്സിനടുത്ത് പ്രായമുള്ള സമയത്ത് മിന്നുമോൾ അബദ്ധത്തിൽ കട്ടിലിൽ നിന്നും താഴേ വീണ് ശ്വാസം കിട്ടാതെ കണ്ണ് തള്ളിയത് കണ്ട് അവളേ വാരിയെടുത്ത് ആ ഉമ്മ നിലവിളിച്ചതും ,അയൽക്കാർ ഓടിക്കൂടിയതും ഓർത്ത് പോവുന്നു.....
ഒരുദിവസം ഉമ്മ മിന്നുമോളേ കുളിപ്പിച്ച സമയത്താണത് കണ്ടത്.അവളുടേ വലത്തേ കാലിന്റേ തുടയിൽ ചെറിയൊരു തടിപ്പ്.
എവിടെയെങ്കിലും വീണോ മറ്റോ പറ്റിയതല്ല ആ തടിപ്പെന്ന് കണ്ടമാത്രയിലേ ആ ഉമ്മക്ക് മനസ്സിലായി......
സ്കൂൾ അധ്യാപകനായ മിന്നുമോളുടേ ഉപ്പ വെെകുന്നേരം വന്നയുടനേ ഉമ്മ ഈ തടിപ്പിനേ കുറിച്ച് പറഞ്ഞു.അടുത്ത ദിവസം അവരവളേ തൊട്ടടുത്ത് തന്നേയുള്ള ആശുപത്രിയിലേ പരിചയക്കാരനായ ഡോക്ടറേ കാണിച്ചു.
"കാര്യമായ പ്രശ്നമൊന്നുമില്ല. എങ്കിലും നിങ്ങൾ മെഡിക്കൽ കോളേജിൽ ഒന്ന് കാണിച്ചോളൂ" എന്നും പറഞ്ഞ് ആ ഡോക്ടർ കോളേജിലേക്ക് എഴുത്ത് കൊടുത്തു......
മെഡിക്കൽ കോളേജിലേ സീനിയർ ഡോക്ടറേ അവർ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ടു.പരിശോധനക്കിടയിലേ ഡോക്ടറുടേ മുഖഭാവത്തിൽ നിന്നും എന്തോ പന്തിക്കേട് തോന്നിയ ആ മാതാ പിതാക്കൾ
"എന്താണ് സാർ ഞങ്ങളുടേ മോൾക്ക് പറ്റിയതെന്ന്?" കരഞ്ഞ് കൊണ്ട് ഡോക്ടറോട് ചോദിച്ചു....
"ഹേയ് കാര്യമായ പ്രശ്നമൊന്നുമില്ല. എങ്കിലും നിങ്ങൾ മോളുടേ ബ്ലഡ് ഒന്ന് ഉടനേ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ് "എന്നും പറഞ്ഞു ഡോക്ടർ ഏതാനും ചില ടെസ്റ്റുകൾ എഴുതിക്കൊടുത്തു.
പക്ഷേ ആ ടെസ്റ്റ് റിസൽട്ടുകൾ മിന്നുമോളേ കുഞ്ഞുപ്രായത്തിൽ തന്നേ ഒരു കാൻസർ രോഗിയായി വിധിയെഴുതുകയാണുണ്ടായത്....
കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു തുടക്കത്തിൽ ചികിത്സ....
കാൻസർ എന്ന മാരക രോഗത്തിന് അടിമപ്പെട്ട എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ വരി വരിയായി കട്ടിലുകളിൽ കിടക്കുന്നു.അവരുടേ തൊട്ടടുത്ത് തന്റേ കുഞ്ഞിനെയും നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മാതാപിതാക്കളിൽ ആരെങ്കിലും ഒരാളും കാണും(ഒരു രോഗിയുടേ കൂടേ ഒരാൾ മാത്രമേ അനുവദിക്കൂ).കാൻസർ വാർഡിലേ ഈ കാഴ്ച ഏതൊരാളേയും കരയിപ്പിക്കാൻ പോന്നതാണ്....
പിന്നീട് കൂടുതൽ നല്ല ചികിത്സ കിട്ടാനായി അവർ മിന്നുവിനേ എറണാകുളം ലെയ്ക്ക്ഷോർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഏകദേശം ഒരു വർഷത്തിനുള്ളിൽ രോഗം പൂർണ്ണമായും സുഖപ്പെട്ട് ആ സുന്ദരികുട്ടി ഓടിച്ചാടി നടക്കാൻ തുടങ്ങി!
ഇത് കണ്ട് മിന്നുമോളുടേ ഉമ്മയും ഉപ്പയും പടച്ചവനേ ഒരുപാട് സ്തുതിച്ചു..കുടുംബത്തിലുള്ള എല്ലാവർക്കും മിന്നുവിനേ വലിയ സ്നേഹമായിരുന്നു.
രോഗം മാറി വീട്ടുകാരുടേയും കുടുംബക്കാരുടേയും കണ്ണിലുണ്ണിയായി ഓടിച്ചാടി നടക്കുന്നതിനിടയിൽ വിധിയുടെ ക്രൂര വിനോദം വീണ്ടുമതാ മിന്നുമോളേ തേടി എത്തുന്നു!!?
നടക്കുന്നതിനിടയിൽ ഇടക്കിടേ വേദനകൊണ്ട് അവൾ വലത് കാൽ പൊക്കുന്നത് കണ്ട് വീണ്ടും പഴയ ഡോക്ടറേ കാണിച്ചു...അപ്പോഴാണ് മനസ്സിലായത് രോഗം അവളേ വിട്ട് പോയിട്ടില്ലാ എന്ന്......അതേ കാൻസർ എന്ന കൊലയാളി രോഗം അവളേ നിശബ്ദമായി കാർന്ന് തിന്നുകയായിരുന്നു.
ആ നിശബ്ദതയേ ഡോക്ടർമാരടക്കമുള്ള എല്ലാവരും തന്നെ രോഗം സുഖപ്പെട്ടതായി തെറ്റിദ്ധരിക്കുകയായിരുന്നു.....
രോഗം ആ കുഞ്ഞു മാലാഖയുടേ ശ്വാസകോശത്തേ വരെ ആക്രമിച്ചു.ശ്വാസം വലിക്കുന്നത് പോലും അവൾക്ക് കടുത്ത വേദനയായി മാറിയിരിക്കുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.......
പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ അവൾ എല്ലാവരോടും ചിരിച്ച് കളിച്ചാണ് പെരുമാറിയിരുന്നത്...
സ്കൂളിൽ ചേർക്കാനുള്ള പ്രായം എത്തിയെങ്കിലും അവളേ സ്കൂളിൽ ചേർത്തില്ല.ഉപ്പയും ഉമ്മയും അവളേ വീട്ടിൽ വെച്ച് പഠിപ്പിക്കുകയായിരുന്നു.പഠിക്കാൻ വളരേ മിടുക്കിയായിരുന്നു അവൾ.പ്രാർത്ഥനകളും, ദിക്റുകളും, ഖുർആനിലേ ഏതാനും സൂറത്തുകളുമെല്ലാം മിന്നുമോൾ പെട്ടെന്ന് മന:പാഠമാക്കി.നിഷ്കളങ്കയായ അവൾ തന്റേ രോഗം സുഖപ്പെടാൻ വേണ്ടി ദിവസവും പടച്ചവനോട് പ്രാർത്ഥിക്കുമായിരുന്നു.
പക്ഷേ ദെെവം അവൾക്കായി കരുതി വെച്ചത് മറ്റൊന്നായിരുന്നു............
അതിനിടയിൽ അവളുടേ അമ്മാവൻ കാൻസർ രോഗം പിടിപെട്ട് മരിക്കുകയുണ്ടായി.അമ്മാവന്റേതും തന്റേതും ഒരേ അസുഖമാണെന്ന് അവൾക്കറിയാമായിരുന്നുവത്രേ! "എന്റെ അതേ രോഗമുള്ള
അമ്മാവൻ മരിച്ചില്ലേ? ഇനി ഏറേ വെെകാതേ ഞാനും മരിക്കും" എന്ന് അവൾ അമ്മാവന്റെ മരണവിവരമറിഞ്ഞ് ഉമ്മയോടും ഉപ്പയോടും പറഞ്ഞു.ഇതെല്ലാം കേട്ട് കരയാനായിരുന്നു ആ ഉപ്പക്കും ഉമ്മക്കും വിധി...
ഒരുദിവസം വീടിന്റെ നിലം തുടക്കുന്നത് കണ്ട് ഉമ്മ അവളോട് എന്താണ് മോളേ നീ ചെയ്യുന്നത്? എന്ന് ചോദിച്ചപ്പോ ഉമ്മാക്ക് ഇതൊന്നും ചെയ്തു തരാൻ ഇനി എനിക്ക് കഴിഞ്ഞില്ലേലോ എന്ന് ചോദിച്ചു!!
അത് കേട്ട് ആ ഉമ്മ പൊട്ടിക്കരഞ്ഞുപോയി.
കൊച്ചു കുട്ടിയായിരുന്നെങ്കിലും മിന്നുവിന് മുതിർന്നവരേ പോലും തോല്പിക്കുന്ന ചിന്തയും ബുദ്ധിയുമായിരുന്നു......
മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ തന്റേ കളിപ്പാട്ടങ്ങളും , കുടയും , പുതിയ വസ്ത്രങ്ങളുമെല്ലാം താൻ മരിച്ചു കഴിഞ്ഞാൽ ആർക്കെല്ലാം വീതിച്ച് കൊടുക്കണമെന്ന് മിന്നു ഉപ്പക്കും മ്മക്കും പറഞ്ഞുകൊടുത്തിരുന്നു..അതെല്ലാം കുടുംബത്തിലേയും അയൽ പക്കത്തേയും സമപ്രായക്കാരായ കുട്ടികൾക്ക് കൊടുക്കാനായിരുന്നു അവൾ ഏല്പിച്ചിരുന്നത്....
എല്ലാം ഭംഗിയായി ഏല്പിച്ച് അവസാനമായി കുറേ എെസ്ക്രീമും ഉപ്പയോട് വാങ്ങി കൊണ്ടുവരാൻ പറഞ്ഞ് കഴിച്ചു.
അന്ന് വെെകുന്നേരം അവളേ കാണാനായി വന്ന ഉപ്പയുടേ പെങ്ങളുടേ മടിയിൽ കിടന്ന് അവൾ വേദനയില്ലാത്ത സ്വർഗ ലോകത്തേക്ക് പാറിപ്പറന്നു പോയി.....മരിക്കുന്ന സമയത്ത് ആ കുഞ്ഞു മോൾക്ക് ആറ് വയസ്സായിരുന്നു പ്രായം.
മിന്നുമോളുടേ മരണം നൽഗിയ ഷോക്കിൽ നിന്ന് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും അവളുടേ ഉപ്പാക്കും ,ഉമ്മാക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇനിയും മോചിതരവാൻ കഴിഞ്ഞിട്ടില്ല...
(എം. ആർ ഒളവട്ടൂർ)

എല്ലാം ഒരു സ്വപ്നം പോലേ


അവളെ  പ്ലസ്ടു പഠനത്തിനു ശേഷം അന്നാദ്യമായി കാണുകയാണ്.
നല്ല സുന്ദരമായി സാരിയുടുത്ത് ബസ് സ്റ്റാൻഡിൽ അവളുടേ നാട്ടിലേക്കുള്ള ബസ്സും കാത്ത് നിൽക്കുന്നു......
വിവാഹം കഴിഞ്ഞിട്ടില്ലാ എന്ന് അവളേ കണ്ട പാടേ ബോധ്യമായി.
എങ്കിലും ഒരു സംശയം വിവാഹം കഴിഞ്ഞോ എന്ന്.
ആ സംശയം തീർക്കാനായി ഞാനവളുടേ അയൽക്കാരനും എന്റെ ചെറിയൊരു പരിചയക്കാരനുമായ സലീമിനേ അവന്റേ ഫാൻസി കടയിൽ ചെന്ന് കണ്ടു.
സലീമും ഞാനും തമ്മിൽ ചെറിയൊരു പരിചയമേയൊള്ളൂ. അവളേ കുറിച്ച് അവനോട് ചോദിച്ച മാത്രയിൽ അവൻ ചോദിച്ചു.നീയായിരുന്നെല്ലേ ആ പയ്യൻ എന്ന്??
അതേ സലീം ഞങ്ങളുടേ പ്രണയത്തേ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടത്രേ....പക്ഷേ ചെക്കനാരാണെന്ന് അവന് അറിയില്ലായിരുന്നു.
പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഫസ്നയേ ഞാൻ കണ്ട് മുട്ടുന്നത്.അതിന് പിന്നിൽ മറ്റൊരു കഥയുണ്ട്....
എനിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന കാലത്ത് നിജിൽ എന്ന് പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു.
ബോയ്സ് ഹൈസ്കൂളിൽ പഠിച്ച അവന് പ്രണയിക്കാൻ വലിയ താല്പര്യമാണേലും പെൺകുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാൻ ഭയങ്കര നാണവും പേടിയുമാണ്.
ചെറുപ്പം മുതലേ കുടുംബത്തിലേയും അയൽപക്കത്തേയും പെൺകുട്ടികളുമായി കൂട്ടുകൂടി വളർന്ന എനിക്ക് പക്ഷേ അവനേ പോലേ പെൺകുട്ടികളോട് സംസാരിക്കാൻ യാതൊരു വിധ നാണമോ മടിയോ ഉണ്ടായിരുന്നില്ല.....
ഞാൻ ക്ലാസിലേ ചില പെൺകുട്ടികളുമായി സംസാരിക്കുന്നത് കണ്ട് അവൻ പ്രണയമാണോ എന്ന് സംശയിക്കുകയും അങ്ങനെ പറഞ്ഞു നടന്ന് കളിയാക്കുകയും ചെയ്യും....
എന്നാൽ വെെകി അവൻ മനസ്സിലാക്കും ആ കളിയാക്കൽ വെറുതെയായെന്ന്.
നീ ആരേയും പ്രണയിക്കാത്തതിനു കാരണം എന്താണെന്ന്
ഒരു ദിവസം അവൻ എന്നോട് ചോദിച്ചു?
എന്റേ സ്വപ്നത്തിലുള്ള സുന്ദരിയേ ഇതുവരേ കണ്ടുമുട്ടിയിട്ടില്ല .അത് കൊണ്ടാണ് ഞാനിതുവരേ ആരേയും പ്രണയിക്കാത്തതെന്ന് അവന്റേ ചോദ്യത്തിന് തമാശരൂപത്തിലൊരു ഉത്തരം കൊടുത്തു.
എന്നാൽ നിന്റേ സ്വപ്ന സുന്ദരിയുടേ രൂപവും സ്വഭാവവും പറയൂ എന്നായി അവൻ?
അവൻ വിടാനുളള ഒരുക്കമില്ല എന്നറിഞ്ഞതോടേ ഞാൻ മനസ്സിലേ സുന്ദരിയേ കുറിച്ചുള്ള വിചിത്ര സങ്കല്പം അടുത്ത കൂട്ടുകാരനാണെന്നുള്ള വിശ്വാസത്തിൽ അവനുമായി പങ്ക് വെച്ചു.
എന്നേപോലേ നാട്ടും പുറത്ത് കാരിയാവണം.
നാട്ടും പുറത്ത് കാരിയാണേലും മോഡേണായി വസ്ത്രം ധരിക്കാനറിയണം.
കലാവാസനയുള്ളവളാവണം.
മത ചിട്ടയുള്ളവളാവണം
പാവപ്പെട്ട കുടുംബത്തിലേ പെണ്ണായാൽ വളരേ നല്ലത്.
ആരും ഒന്ന് നോക്കിപ്പോവുന്ന സുന്ദരിയാവണം.
ഒരിക്കലും കണ്ട്മുട്ടാൻ സാധ്യതയില്ലാത്ത ഈ വിചിത്രമായ ആറ് ഡിമാന്റും അവനോട് തുറന്ന് പറഞ്ഞു.
സത്യത്തിൽ ഈ ഡിമാന്റ് ഒരിക്കലും പ്രണയത്തിൽ വീഴാതിരിക്കാനായി ഞാൻ രൂപ കല്പന ചെയ്തതാണ്.
ഇത് കേട്ട് അവൻ പൊട്ടിച്ചിരിച്ച് എല്ലാവരുടേയും മുന്നിലിട്ട് കളിയാക്കുന്നത് ഭാവനയിൽ കണ്ട എനിക്കു തെറ്റി!!
കുറച്ച് നേരം ആലോചിച്ചു നിന്ന അവൻ പറഞ്ഞു.
.
"ഡാ നിനക്ക് പറ്റിയ ഒരു കുട്ടിയുണ്ട്.
അവൾ പക്ഷേ നമ്മുടേ സ്കൂളിലല്ല.
തൊട്ടടുത്ത സ്കൂളിലാണ് പഠിക്കുന്നത്.
പേര് ഫസ്ന എന്നാണ്
എന്റേ കൂടേ SSLCക്ക് റ്റ്യൂഷൻ സെന്ററിൽ ഒരുമിച്ചുണ്ടായിരുന്ന കുട്ടിയാ......
ഇന്ന് വെെകിയിട്ട് നമുക്ക് ബസ്സ് സ്റ്റാന്റിൽ വെച്ചു അവളേ കാണാം".
അവന്റേ നിർബന്ധത്തിന് വഴങ്ങി അവസാനം ഞങ്ങൾ രണ്ട് പേരും കൂടേ സുവീഷ് എന്ന് പേരുള്ള മറ്റൊരു കൂട്ടുകാരനും കൂടി അവളേ കാണാനായി അന്ന് വെെകുന്നേരം സ്കൂൾ വിട്ടതിനു ശേഷം പുറപ്പെട്ടു.............
ഏറേ നേരം കാത്തിരുന്നിട്ടും അവളേ കണ്ടില്ല!
അവളുടേ സ്കൂളിലേ യൂണിഫോമിട്ട കുട്ടികൾ തലങ്ങും വിലങ്ങും സ്റ്റാന്റിൽ ബസ്സിനായി ഓടുന്നുണ്ട്.
കൂട്ടുകാരൻ അവർക്കിടയിൽ അവളേ തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലതാ അവൾ പെട്ടെന്ന് ഞങ്ങളുടേ മുന്നിലൂടേ ധൃതിയിൽ പാസ് ചെയ്യുന്നു.......
ഇത് കണ്ട കൂട്ടുകാരൻ അറിയാതേ ഉറക്കെ 'അതാ' 'അതാ' എന്ന് പറയുന്നത് അവൾ കേട്ടു.
ഞങ്ങളേ കണ്ട് എന്തോ പന്തികേട് തോന്നി അവൾ പോവുന്നതിനിടയിൽ കണ്ണുരുട്ടി തുറിച്ചൊരു നോട്ടം നോക്കി.
കൂട്ടുകാരൻ അവളുടേ ആ നോട്ടത്തിൽ ആകേ ചമ്മിപ്പോയി.ഞാനുടനേ അവൾ കേൾക്കാൻ വേണ്ടി അവളുടേ മുഖത്തേക്ക് നോക്കി 'അത്ര പോരെടാ' എന്ന് സുഹൃത്തിനോട് പറഞ്ഞു.
നല്ല സുന്ദരിയാണേലും അപ്പോ എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.
അതോടേ അവളും ചെറുതായൊന്ന് ചമ്മി സ്ഥലം വിട്ടു.
അവളേ കണ്ടാൽ ഏതോ വലിയ വീട്ടിലേ മോളാണെന്നേ തോന്നൂ.
അത്യാവശ്യം ആഭരണങ്ങളും ശരീരത്തിലുണ്ട്.
അതിനാൽ ഞാൻ സുഹൃത്തിനോട് പറഞ്ഞു ഇത് എന്റേ ആറ് കണ്ടിഷനും യോജിക്കാത്ത പെണ്ണാണെന്ന്.
സുന്ദരിയാണെന്നറിയാം , പക്ഷേ മറ്റ് അഞ്ച് കാര്യങ്ങൾ ഒക്കുന്നുണ്ടോ എന്നറിയില്ലല്ലോ!
ഇത്കേട്ട് സുഹൃത്ത് പറഞ്ഞു നമുക്ക് എല്ലാം വഴിയേ അന്വേഷിക്കാമെന്ന്. കാരണം അവന് അവളേകുറിച്ച് എന്തൊക്കെയോ കേട്ടറിവുണ്ട്....
തുടരും..........
(ഇത് എന്റെ കഥയാണോ അല്ലയോ എന്ന് ചിന്തിച്ച് നിൽക്കാതേ ഈ കഥയേ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തൂ👏)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo